അക്ഷരങ്ങളാൽ ആത്മാവു തൊട്ട അച്ഛനെയും മകളെയും കുറിച്ച് .....
കഴിഞ്ഞ വർഷം പ്രളയമായി പെരുകിയ മഴ തുടങ്ങിയ ദിവസമാണ് പ്രഫ. സി.ആർ.ലക്ഷ്മണൻ മരിച്ചത്. അർധരാത്രി തുടങ്ങിയ മഴ ഒന്നും പത്തും നൂറും ആയിരവും തുള്ളികളായി പെരുകി നിലയ്ക്കാതെ നാടിനെ മുഴുവൻ മുക്കിത്തുടങ്ങിയ ദിവസം. മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് അദ്ദേഹം ഐസിയുവിൽ വച്ചു പോക്കറ്റിൽനിന്നൊരു കുറിപ്പെടുത്തു ഭാര്യ ഉമാദേവിയെ കാണിച്ചു. ഐസിയുവിലെ മരുന്നിന്റെ കുറിപ്പടിക്കടലാസിന്റെ അറ്റത്ത് ഏക മകൾ അമ്മു എന്നു വിളിക്കുന്ന ഫരിസ്ത മിരി എഴുതിക്കൊടുത്തൊരു കുറിപ്പായിരുന്നു അത്; ഒറ്റ വരി മാത്രം: ‘അച്ഛനെ എനിക്കു വലിയ വലിയ ഇഷ്ടമാണ്’.
ഐസിയുവിൽ നഴ്സുമാർ അദ്ദേഹത്തിന്റെ ഷർട്ടുകൾ മാറ്റുമ്പോൾ ഈ കുറിപ്പ് അദ്ദേഹം പുതിയ ഷർട്ടിന്റെ പോക്കറ്റിലിട്ടുകൊണ്ടിരുന്നു. മിക്കപ്പോഴും ആ പോക്കറ്റിൽ കൈവച്ചാണ് ഉറങ്ങിയിരുന്നതെന്നു നഴ്സുമാർ ഉമയോടു പറഞ്ഞിരുന്നു. മടിച്ചു മടിച്ചു സംസാരിക്കുന്ന മകളും വാക്കുകൾ തൂക്കി ഉപയോഗിക്കുന്ന അച്ഛനും തമ്മിൽ പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത വരികൾ. ആ കുറിപ്പു വായിച്ച ഉമയോട് അദ്ദേഹം പറഞ്ഞു, ‘വലുതാകുന്തോറും അവൾ ദൂരെപ്പോകുകയാണെന്നു ഞാൻ കരുതി. പക്ഷേ, അവൾ അടുത്തുതന്നെയുണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ്. എനിക്കു തെറ്റി.’ രണ്ടു ദിവസം കഴിഞ്ഞായിരുന്നു മരണം.
തൃശൂർ കേരളവർമ കോളജിലെ പ്രിയപ്പെട്ട ആ മുൻ ഇംഗ്ലിഷ് അധ്യാപകനെ അവസാനമായി കാണാൻ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ പെരുമഴയും കടന്നെത്തി. അവർക്ക് അദ്ദേഹം അധ്യാപകൻ മാത്രമായിരുന്നില്ല, വാത്സല്യമായിരുന്നു. ആയിരക്കണക്കിന് ഇംഗ്ലിഷ് കവിതകളും ഷെയ്ക്സ്പിയർ നാടകങ്ങളും പുസ്തകം മറിച്ചു നോക്കാതെ പറയാൻ പ്രഫ.ലക്ഷ്മണനു കഴിയുമായിരുന്നു. അതിന്റെ സൗന്ദര്യത്തിലേക്കു കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാൻ കഴിയുമായിരുന്നു. കുട്ടികൾക്കൊപ്പം അദ്ദേഹം മലയും പുൽമേടുകളും ഗ്രാമപാതകളും ഹിമാലയ സാനുക്കളും താണ്ടി. വഴിയിലുറങ്ങിയും കിട്ടുന്നതു കഴിച്ചുമുള്ള യാത്രകൾ. കവിതയും സാഹിത്യവും നന്മയും ലഹരിയാക്കി ജീവിച്ച ദിവസങ്ങൾ. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. പറയാതെ ഇറങ്ങിപ്പോയൊരു യാത്ര.

മരണശേഷം അദ്ദേഹത്തിന്റെ കംപ്യൂട്ടർ തുറന്നപ്പോൾ പാസ്‌വേഡ് വച്ചു ലോക്ക് ചെയ്തിട്ടൊരു ഫയൽ കണ്ടു. പാസ്‌വേഡ് തന്റെ അടുത്ത സുഹൃത്തിനറിയാമെന്നൊരു കുറിപ്പും. ആ ഫയലിൽ തന്റെ മരണശേഷം മകൾക്കു വായിക്കാനൊരു കത്ത് അദ്ദേഹം സൂക്ഷിച്ചിരുന്നു.
കത്തിലെ ചില ഭാഗങ്ങൾ മാത്രം ചുവടെ:
പ്രിയപ്പെട്ട മകളേ, ചില കാര്യങ്ങൾ നിന്നെ ഓർമിപ്പിക്കാനാണ് ഈ കത്ത്.
മോശമായി പെരുമാറുന്ന ആരോടും നീ തിരിച്ച് അതുപോലെ പെരുമാറരുത്. നിന്റെ അച്ഛനും അമ്മയ്ക്കുമല്ലാതെ മറ്റാർക്കും നിന്നോടു നന്നായി പെരുമാറാനുള്ള ഉത്തരവാദിത്തമില്ലെന്ന് ഓർക്കുക. ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതായി ആരുമില്ല, ഒരു സ്വത്തുമില്ല. ഇതു മനസ്സിലാക്കിയാൽ പിന്നെ എല്ലാം എളുപ്പമായി.

ഇന്നും നാളെയുമായി ഓരോ ദിവസം നഷ്ടമാകുമ്പോഴും നീ ഓർക്കണം, ജീവിതം നിന്നെ വിട്ടുപോകുകയാണെന്ന്. ജീവിതത്തെ എത്രയും പെട്ടെന്നു ചേർത്തുനിർത്തുന്നുവോ അത്രയും ആസ്വദിക്കാനാകും. വിദ്യാഭ്യാസമില്ലാതെ വിജയിച്ചവരുണ്ടാകാം... പക്ഷേ, വിജയത്തിലേക്കുള്ള പഠിക്കാതിരിക്കലല്ല. പഠിക്കുന്നത് വിജയത്തിലേക്കുള്ള ആയുധമുണ്ടാക്കലാണ്. നിനക്ക് എല്ലാവരോടും നന്നായി പെരുമാറാം. എന്നാൽ, അതു തിരിച്ചു പ്രതീക്ഷിക്കരുത്. നാം ഒരുമിച്ച് എത്രകാലമുണ്ട് എന്നതിലല്ല കാര്യം. അതിലെത്ര സമയം നാം ഹൃദയത്തിൽ സ്വന്തമാക്കുന്നു എന്നതാണു കാര്യം.
സ്നേഹപൂർവം,
അച്ഛൻ.
അച്ഛൻ മരിച്ചു മാസങ്ങൾക്കു ശേഷമാണു മകൾ അമ്മു ഈ കത്തു കാണുന്നത്. ഏതോ ഒരു ദിവസം മകൾ അച്ഛനു മറുപടിയെഴുതി. മറുപടിക്കത്തിൽ പോസ്റ്റ് എന്നു കാണിച്ചിരിക്കുന്നതു മണ്ണൂർ എന്നാണ്. മരിച്ചാൽ എന്റെ ഊര് മണ്ണാണ്. അതായതു മണ്ണൂർ എന്നദ്ദേഹം എപ്പോഴും മകളോടു പറയുമായിരുന്നു.
നമ്മുടെ പ്രിയപ്പെട്ട താന്നിയ (ചത്തുപോയ പ്രിയപ്പെട്ട പട്ടിക്കുട്ടി) അച്ഛനോടൊപ്പമില്ലേ എന്നു മകൾ മറുപടിക്കത്തിൽ ചോദിക്കുന്നുണ്ട്. ഭൂമിയിലെപ്പോലെ അവിടെയും എല്ലാവരെയും വിശ്വസിക്കരുതെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കൾക്കു വായ്പ കിട്ടാനായി പലതവണ ജാമ്യംനിന്ന ലക്ഷ്മണൻ കോളജിൽനിന്നു വിരമിക്കുമ്പോൾ വെറും കയ്യുമായാണു പോന്നത്. പെൻഷൻപോലും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കൊണ്ടുപോയി. മരണംവരെയും അവരിൽ പലരെയും ലക്ഷ്മണൻ വീണ്ടും വീണ്ടും സഹായിച്ചു. ലക്ഷ്മണന് ഇതൊന്നും ഓർമയില്ലെന്നാണ് അവർ കരുതിയത്.

തൃശൂർ പൂങ്കുന്നം ശിവക്ഷേത്രത്തിനു തൊട്ടടുത്താണ് ഇവരുടെ വീട്. ലക്ഷ്മണൻ വീട്ടുകാരോടു പറയുമായിരുന്നു രാത്രി നടയടച്ചാൽ ഭഗവാൻ ശിവൻ പൂമുഖത്തു വന്നിരുന്നു തന്നോടു സംസാരിക്കാറുണ്ടെന്ന്. ഏറ്റവുമടുത്ത സുഹൃത്ത് ആരെന്നു ചോദിച്ചാലും പറയും ശിവനാണെന്ന്.
മലകയറ്റം ഹോബിയാക്കിയ, ബിരുദാനന്തരബിരുദധാരിയായ മകൾ അമ്മു ഒരുദിവസം അമ്മയോടു പറഞ്ഞു, ഞാൻ അച്ഛന്റെ അടുത്ത സുഹൃത്തിനെ കണ്ടിട്ടുവരാമെന്ന്. ആ യാത്ര അവസാനിച്ചതു മൗണ്ട് ശിവലിംഗ് എന്ന ഹിമാലയൻ പർവതനിരയിലാണ്. ഹിമാലയത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ ഗംഗ ഗ്ലേഷ്യറും കടന്നുപോയുള്ള തപോവൻ എന്ന മലനിരയുടെ മടക്കിൽ!
6 ദിവസം കഠിനമായ മലകയറ്റത്തിനു ശേഷമാണ് അവിടെ എത്തുന്നത്. ഉത്തരാഖണ്ഡിലെ പ്രശസ്ത പുണ്യകേന്ദ്രമായ ഗോമുഖിൽനിന്ന് 6 കിലോമീറ്റർ അകലെ. ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനത്തിനടുത്ത്. സമുദ്രനിരപ്പിൽനിന്ന് 6543 മീറ്റർ ഉയരമുള്ള ഈ മഞ്ഞു കൊടുമുടി തേടിവരുന്നവർ അപൂർവമാണ്. ശിവഭഗവാന്റെ േപരിലുള്ള ഈ കൊടുമുടിയിലേക്കു യാത്ര പോകുന്നതെന്തിനാണെന്ന് അമ്മയോടുപോലും അവൾ പറഞ്ഞിരുന്നില്ല. അവിടെ എത്തിയ ദിവസം മഞ്ഞിൽ അമ്മു എഴുതി, ‘അച്ഛൻ.’
ഏറ്റവും അടുത്ത സുഹൃത്തെന്ന് അച്ഛൻ പറഞ്ഞിരുന്ന ശിവന്റെ പേരുള്ള മഞ്ഞുകൊടുമുടിയിൽ മകളുടെ സ്നേഹ സമ്മാനം.

കനത്ത മഞ്ഞുണ്ടായിരുന്നുവെങ്കിലും അതു മഞ്ഞുപെയ്യുന്ന കാലമായിരുന്നില്ല. പക്ഷേ, അമ്മു അവിടെ എത്തിയ ദിവസം ചെറിയ മഞ്ഞുവീഴ്ചയുണ്ടായി. പിന്നീടതു പെരുകിപ്പെരുകി വലിയ മഞ്ഞുപെയ്ത്തായി. ലക്ഷ്മണൻ മരിച്ച ദിവസം പെരുകിവന്നു പ്രളയമായ മഴ പോലെ. പെയ്തുവീഴുന്ന മഞ്ഞ് പതുക്കെപ്പതുക്കെ അമ്മു എഴുതിയ അക്ഷരങ്ങളെ മായ്ച്ചു. മകളുടെ സമ്മാനം അച്ഛൻ മഞ്ഞിന്റെ തിരകളിലൂടെ വാരിയെടുക്കുന്നതുപോലെ... പിന്നെ ചുറ്റും മഞ്ഞു മാത്രമായി. അമ്മു മലയിറങ്ങി.