കേരളം മറക്കാത്ത മാത്യു അച്ചാടൻ

achadan family
മാത്യു അച്ചാടനും കുടുംബവും ഇപ്പോൾ.
SHARE

പിന്നീടുള്ള നാലഞ്ചു മണിക്കൂറുകൾ  ഉദ്വേഗജനകങ്ങളായിരുന്നു. അർധരാത്രിയോടെ അച്ചാടന്റെ ഉള്ളിൽ പുതിയ ഹൃദയം  സ്പന്ദിക്കാൻ തുടങ്ങി.  അതെ, കേരളത്തിലാദ്യമായി ‘പറന്നുവന്ന’ ഹൃദയം! 

നാടാകെ ഒന്നിച്ചായിരുന്നു പ്രാർഥനയും പ്രവർത്തനവും. ഹൃദയത്തിന്റെ പ്രവർത്തനം അവസാനഘട്ടത്തിലാണെന്നും ഹൃദയം മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നും ഡോക്ടർമാർ വിധിയെഴുതിയ ഒരാൾ. ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പുലർത്തിയിരുന്ന കഠിനാധ്വാനി. ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്ന സാധാരണ കുടുംബത്തിന്റെ നാഥൻ. അവരുടെ ഏറ്റവും വലിയ ധനം, അവർക്കു നന്മ വരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ബന്ധുക്കളും നാട്ടുകാരുമായിരുന്നു.

മാത്യു അച്ചാടൻ അന്നും ഇന്നും കേരള ജനതയുടെ മനസ്സിലുണ്ട്; എളിമയുടെയും സ്നേഹത്തിന്റെയും പര്യായമായ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദുവും. 2015 പകുതിയോടെയാണ് അച്ചാടനെ എറണാകുളം ലിസി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. രണ്ടാഴ്ചത്തെ ചികിത്സകൾക്കും പരിശോധനകൾക്കും ശേഷം, ഹൃദയം മാറ്റിവയ്ക്കലല്ലാതെ മറ്റൊരു ചികിത്സയോടും അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കില്ലെന്നു ഞങ്ങൾക്കു മനസ്സിലായി.

neelakandan
നീലകണ്ഠ ശർമ

കേരള നെറ്റ്‌വർക് ഫോർ ഓർഗൻ ഷെയറിങ്ങിൽ (KNOS) പേരു നൽകിയുള്ള കാത്തിരിപ്പായി പിന്നീട്. ആ സമയത്ത് അച്ചാടനും ബിന്ദുവിനും പിന്തുണ നൽകിയത് ചാലക്കുടിക്കടുത്ത പരിയാരം പഞ്ചായത്തംഗമായിരുന്ന ഡാളി വർഗീസിന്റെയും അധ്യാപകനായ പി.വി.ഷിബുവിന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട ചികിത്സാസഹായ സമിതിയായിരുന്നു.

ഹൃദയത്തിനായി കാത്തിരുന്ന മാസങ്ങളിൽ ശ്വാസകോശതടസ്സവുമായി പലവട്ടം അച്ചാടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് അദ്ദേഹത്തിനും ഞങ്ങൾ ഡോക്ടർമാർക്കും വലിയ ആശങ്കയുണ്ടാക്കി. സമയത്തു ശസ്ത്രക്രിയ നടത്താനാകുമോ എന്ന സന്ദേഹം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയെന്നപോലെ ഞങ്ങളുടെ ഹൃദ്രോഗവിഭാഗത്തിലെ ടീം അംഗങ്ങളെയും അലട്ടി.

ആ നാളുകളിലാണ് ദീർഘദൂര ആംബുലൻസ് യാത്രയുടെ അപകടസാധ്യതയെപ്പറ്റിയും എയർ ആംബുലൻസിന്റെ ആവശ്യകതയെപ്പറ്റിയുമൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ വന്നുകൊണ്ടിരുന്നത്. കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെപ്പറ്റിയും അതുമൂലം രോഗികൾക്കു സമയത്തു ചികിത്സ ലഭിക്കാത്ത അവസ്ഥയെപ്പറ്റിയും, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെയുമൊക്കെ പ്രസ്താവനകളും പത്രമാധ്യമങ്ങളിൽ വന്നിരുന്നു. എന്റെ സഹോദരീപുത്രനും നേവൽ ഓഫിസറുമായ ജേക്കബ് ടോമിനോട് ഇതുപോലുള്ള സാഹചര്യങ്ങളിൽ നേവിയുടെ സഹായം ലഭിക്കുന്നതിനെപ്പറ്റി സംസാരിക്കാനിടയായി. നേവിയുടെ ഹെലികോപ്റ്ററുകളെപ്പറ്റിയും അതിന്റെ ലഭ്യതയെപ്പറ്റിയുമെല്ലാം സംസാരമുണ്ടായി.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ്കമരണം സംഭവിച്ച നീലകണ്ഠ ശർമയെന്ന യുവ അഭിഭാഷകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ സമ്മതപത്രം ഒപ്പുവച്ചു എന്ന സന്ദേശം ‘മൃതസഞ്ജീവനി’ വഴിയാണു ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് റോഡിലൂടെ ആംബുലൻസിൽ ഹൃദയം എറണാകുളത്ത് എത്തിക്കാനുള്ള സമയപരിമിതി ഞങ്ങളെ അലട്ടി. നാലു മണിക്കൂറോളം യാത്രയുണ്ട്. പിന്നെ ഹൃദയം വിഘടിപ്പിക്കാനും തുന്നിച്ചേർക്കാനും എടുക്കുന്ന സമയം... എല്ലാം കൂടി ആറേഴു മണിക്കൂർ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ, ശസ്ത്രക്രിയ വിജയിക്കാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയുയർന്നു. അപ്പോഴാണ് നേവിയുടെ സഹായം തേടാനുള്ള ആലോചനയുണ്ടായത്.

അന്നത്തെ എംഎൽഎ ഹൈബി ഈഡൻ വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടുകയും കലക്ടർ രാജമാണിക്യവും നേവൽ കമാൻഡറും തുടർനടപടികൾക്കു മുന്നിട്ടിറങ്ങുകയും ചെയ്തു. രാത്രി എത്ര വൈകിയാലും തീരുമാനം അറിയിച്ചിരിക്കണം എന്നു മുഖ്യമന്ത്രി ശക്തമായ നിർദേശവും നൽകി. ഒരു എൻജിൻ മാത്രമുള്ള ഹെലികോപ്റ്ററേ ലഭ്യമാകുകയുള്ളൂ എന്നാണ് നേവിയിൽനിന്നു ലഭിച്ച വിവരം. അതിൽ രണ്ടുപേർക്കു മാത്രമേ സഞ്ചരിക്കാനാവൂ. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ, ഹൃദയം സൂക്ഷിക്കാനുള്ള പ്രത്യേക പെട്ടികൾ എന്നിവയുടെ ഭാരം വേറെ. പാതിരാത്രി കഴിഞ്ഞിട്ടും നീണ്ടുപോയ ഫോൺവിളികൾ... എങ്ങുമെത്താത്ത ചർച്ചകളുടെ അവസാനം തീരുമാനം പിറ്റേ ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഹൃദയദാതാവിന്റെ ജീവൻ അവയവദാനം വരെ പിടിച്ചു നിർത്താനാകുമോ എന്ന സന്ദേഹം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു.

പിറ്റേന്നു രാവിലെ 11 മണിയോടെ ആശ്വാസസന്ദേശം നേവിയിൽനിന്നു ലഭിച്ചു. ആറു പേർക്കു യാത്ര ചെയ്യാവുന്നതും ഞങ്ങളുടെ ഉപകരണങ്ങളും പെട്ടിയുമെല്ലാം ഉൾക്കൊള്ളാവുന്നതുമായ ‘ഡോണിയർ’ വിമാനം നൽകാൻ നേവി തീരുമാനമെടുത്ത സന്തോഷവാർത്തയായിരുന്നു അത്.

പിന്നീടുള്ള മണിക്കൂറുകൾ തിരക്കിട്ട ഒരുക്കത്തിന്റേതായിരുന്നു. അച്ചാടനെയും കുടുംബത്തെയും ശസ്ത്രക്രിയയ്ക്കായി മാനസികമായി ഒരുക്കുന്ന ഒരുവിഭാഗം ഡോക്ടർമാർ, തിയറ്റർ സിസ്റ്റർ സൗമ്യ സുനീഷിന്റെയും അസിസ്റ്റന്റ് സർജൻ രാജി രമേഷിന്റെയും നേതൃത്വത്തിൽ ഉപകരണങ്ങളും മറ്റു സാമഗ്രികളും ഒരുക്കുന്ന നഴ്സുമാരും ടെക്നിഷ്യന്മാരും. മറ്റൊരു സംഘം ഉടനടി ആംബുലൻസിൽ തിരുവനന്തപുരത്തേക്കു പോകാനുള്ള തയാറെടുപ്പുകൾ... ജില്ലാ ഭരണകൂടവുമായും പൊലീസുമായും നിരന്തരം ബന്ധപ്പെടാനുള്ള ഉത്തരവാദിത്തവുമായി ആശുപത്രിയുടെ അന്നത്തെ ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിലും പിആർഒ രാജേഷും.

നേവി പിആർഒ കമാൻഡർ ശ്രീധർ വാരിയരുടെ നിർദേശപ്രകാരം ഏകദേശം പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാവികസേനാ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് കമാൻഡർ സഞ്ജയ് ഗോപിനാഥന്റെയും ലഫ്റ്റനന്റ് ആർ.കപൂറിന്റെയും ലഫ്റ്റനന്റ് കമാൻഡർ ടിറ്റു ജോസഫിന്റെയും നേതൃത്വത്തിൽ ഞങ്ങൾക്കാവശ്യമായ സഹായങ്ങൾ നേവി ഒരുക്കി. ഡോണിയർ വിമാനത്തിൽ എന്നോടൊപ്പം അനസ്തീസിയ വിഭാഗം മേധാവി ഡോ.ജേക്കബ് ഏബ്രഹാം, കാർഡിയോളജിസ്റ്റ് ഡോ.ജോ ജോസഫ്, കാർഡിയാക് സർജൻ ജീവേഷ് തോമസ് എന്നിവരും യാത്രയായി. 35 മിനിറ്റു കൊണ്ട് ഡോണിയർ തിരുവനന്തപുരം വിമാനത്താവളത്തിൽ നേവിക്കായി മാറ്റിവച്ചിരുന്ന റൺവേയിൽ എത്തിച്ചേർന്നു.

കേരളത്തിൽ അതുവരെ ആരും വ്യോമമാർഗം അവയവം എത്തിച്ചു ശസ്ത്രക്രിയ നടത്തിയിട്ടില്ലാത്തതിനാൽ അതു വിജയകരമായി പൂർത്തിയാക്കുന്നതുവരെ അധികമാരും അറിയരുതെന്ന് ആഗ്രഹിച്ച ഞങ്ങളെ ശ്രീചിത്ര ആശുപത്രിയുടെ കവാടത്തിൽ സ്വീകരിച്ചത് തിങ്ങിനിറഞ്ഞ മാധ്യമപ്രതിനിധികളായിരുന്നു. അച്ചാടന് അനുയോജ്യമായ ഹൃദയമാണോ എന്നു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെടാത്തതിനാൽ ആ സമയത്തു മാധ്യമങ്ങളെ കാണാൻ വിസമ്മതിച്ച ഞങ്ങളെ, കെഎൻഒഎസിലെ ഡോ. നോബിൾ ഗ്രേഷ്യസും ശ്രീചിത്രയിലെ ന്യൂറോസർജൻ ഡോ. മാത്യു ഏബ്രഹാമും സ്നേഹപൂർവം തടഞ്ഞുനിർത്തി. അവയവങ്ങൾ എടുത്താലും ഇല്ലെങ്കിലും അതു ദാനം ചെയ്യാൻ തയാറായ ആളുടെ ബന്ധുക്കൾ ഏറെപ്പേർ പുറത്തു കാത്തുനിൽക്കുന്നുണ്ട്, അവരെ കാണണം എന്ന നിർബന്ധത്തിനു വഴങ്ങി മാധ്യമങ്ങളെ സാക്ഷിനിർത്തി അവരോടു നന്ദി പറഞ്ഞു.

ശസ്ത്രക്രിയാ മുറിയിൽ ഹൃദയധമനികളിൽ കണ്ട കാത്സ്യത്തിന്റെ അമിതമായ അളവ് ഹൃദയം എടുക്കുന്നതിനെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്താൻ ഞങ്ങളെ പ്രേരിപ്പിച്ചു. എന്നാൽ, ഡോ. മാത്യു ഏബ്രഹാമിന്റെ നിർദേശമനുസരിച്ച് പുതുതായി വാങ്ങിയ ഒരു ഫ്ലൂറോസ്കോപ്പി മെഷീൻ സൂപ്രണ്ടിന്റെ അനുവാദത്തോടെ ഓപ്പറേഷൻ തിയറ്ററിൽ എത്തിക്കുകയും അവിടെ വച്ചുതന്നെ ആൻജിയോഗ്രാം പരിശോധന നടത്തുകയും ചെയ്തു. അങ്ങനെ ധമനികളിൽ തടസ്സമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആ ഹൃദയം അച്ചാടനായി സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഡോ. മാത്യുവിന്റെ സമയോചിത ഇടപെടലായിരിക്കാം, ഈ ചരിത്രസംഭവത്തിൽ നിർണായകമായത് എന്നു ഞാൻ വിശ്വസിക്കുന്നു.

ശ്രീചിത്രയിൽനിന്നു 13 മിനിറ്റിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഞങ്ങളെ 35 മിനിറ്റു കൊണ്ട് ഡോണിയർ വിമാനം കൊച്ചി നേവൽ എയർപോർട്ടിലെത്തിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അവിടെ വലിയ രീതിയിലുള്ള വെളിച്ചവും ഫ്ലാഷുകളും ഞങ്ങൾക്കു കാണാനായി. മാധ്യമപ്രവർത്തകരുടെ ഒരു നീണ്ടനിര അവിടെയുണ്ടായിരുന്നു. സന്തോഷത്തോടൊപ്പം ഞങ്ങൾക്കു വളരെയധികം മാനസിക സമ്മർദവും ഉണ്ടായി. കേരളത്തിലെ ജനങ്ങൾ പ്രാർഥിച്ചു കണ്ടുകൊണ്ടിരുന്ന ഒരു ദൗത്യത്തിന്റെ അവസാനഭാഗം എങ്ങനെയാകുമെന്ന ചിന്ത ഞങ്ങളുടെയെല്ലാം മനസ്സിൽ കത്തിക്കാളി. നേവൽ എയർപോർട്ടിൽനിന്ന് ഞങ്ങളെ, ലിസി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരായ ബാലചന്ദ്രനും ഹാൻസനും പൊലീസിന്റെ സഹായത്തോടെ, കേരളത്തിലെ ഏറ്റവും തിരക്കേറിയ എംജി റോഡ് ഒരു ഗ്രീൻ കോറിഡോർ ആക്കി മാറ്റി 8 മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തിച്ചു. കടന്നുപോകുമ്പോൾ ആളുകൾ റോഡിന്റെ വശങ്ങളിൽ നിന്നു കൈവീശുകയും കൈകൂപ്പുകയും ചെയ്തത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്നേഹനിർഭരമായ വരവേൽപായി. കേരളജനത മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാർഥനകൊണ്ടും ഞങ്ങളെ നെ‍ഞ്ചിലേറ്റിയ മണിക്കൂറുകൾ.

പിന്നീടുള്ള നാലഞ്ചു മണിക്കൂറുകൾ ഉദ്വേഗജനകങ്ങളായിരുന്നു. എല്ലാവരും കാത്തിരുന്ന ആ മണിക്കൂറുകൾ. അർധരാത്രിയോടെ അച്ചാടന്റെ ഉള്ളിൽ പുതിയ ഹൃദയം സ്പന്ദിക്കാൻ തുടങ്ങി. ജീവന്റെ പുതുനാമ്പുകൾ രക്തചംക്രമണത്തിലൂടെ അദ്ദേഹത്തിന്റെ ശരീരമാകെ വ്യാപിച്ചു. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പൂർണ ആരോഗ്യവാനായി അച്ചാടൻ വീട്ടിലേക്കു മടങ്ങി.

ഡോണിയർ വിമാനം ഉപയോഗിച്ചതിനു വേണ്ടിവന്ന ആറുലക്ഷം രൂപ സർക്കാർ നൽകിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തീരുമാനപ്രകാരമായിരുന്നു. ഇറാം ഗ്രൂപ്പ് ഉടമ സിദ്ദിഖ് അഹമ്മദ് ഡോണിയറിന്റെ ചെലവു വഹിക്കാൻ സന്മനസ്സു കാട്ടിയതു വലിയ സഹായമായി. സർക്കാർ പണം നൽകിയതിനാൽ ആ തുക അച്ചാടന്റെ കുടുംബത്തിനു നൽകാൻ സിദ്ദിഖ് പിന്നീടു തീരുമാനിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾ കൂടി മാത്രം ശേഷിക്കുമായിരുന്ന അച്ചാടന്റെ ജീവസ്പന്ദനങ്ങൾ ഒരു ത്യാഗത്തിന്റെ പച്ചപ്പിൽ‌ ഇപ്പോൾ ആറാം വർഷത്തിലേക്കു കടന്നിരിക്കുന്നു. ഓട്ടോ ടാക്സി ഓടിച്ചാണ് ഇപ്പോൾ അദ്ദേഹം കുടുംബം പുലർത്തുന്നത്.

അവയവദാനം ഇവിടെ സൗഹാർദത്തിന്റെ വലിയൊരു ഉദാഹരണം കൂടിയായി മാറുകയായിരുന്നു. ശരണംവിളിയോടെയാണ് നീലകണ്ഠ ശർമയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ ഹൃദയത്തെ ശ്രീചിത്രയിൽനിന്നു യാത്രയാക്കിയത്. ലിസി ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ ആ ഹൃദയത്തെ വരവേറ്റത് ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥനയും. സാമ്പത്തിക സഹായവുമായി മുന്നോട്ടുവന്നതാകട്ടെ, ഒരു മുസ്‌ലിം സഹോദരൻ. ഇതിനെക്കാൾ വലിയ മതസൗഹാർദ മാതൃക മറ്റെവിടെ കാണാനാകും?

pv-shibu
പി.വി.ഷിബു, ഡാളി വർഗീസ്

അച്ചാടന്റെ ഹൃദയത്തിൽ മിടിക്കുന്ന നന്മ

എയർ ആംബുലൻസിൽ വിമാനത്താവളം വഴി എത്തിച്ച ഹൃദയവുമായി ലിസി ആശുപത്രിയിലേക്ക് ഓടിക്കയറുന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറം! ആ കാഴ്ച ഇപ്പോഴും കണ്ണിൽനിന്നു മാഞ്ഞിട്ടില്ല. ആ നിമിഷത്തിനു വേണ്ടി അതിനു മുൻപേ ഞങ്ങളെല്ലാം കുറെ ഓടിയിരുന്നു. നെഞ്ചിടിപ്പോടെയാണ് ആശുപത്രിക്കു മുന്നിൽ കാത്തുനിന്നത്. ആ ഘട്ടം വരെ എത്തുന്നതിനു പിന്നിൽ ഒട്ടേറെ സഹനമുണ്ട് – മാത്യുവിന്റെയും ഡോക്ടറുടെയും ഞങ്ങളുടെയും... 

25 ലക്ഷം രൂപ സമാഹരിക്കുക അത്ര എളുപ്പമായിരുന്നില്ല. രാവിലെ മുതൽ രാത്രി 10 വരെ ഞങ്ങൾ അതിനായി ഓടിയ ദിവസങ്ങളുണ്ട്. ഹൃദയം മാറ്റിവയ്ക്കൽ വിജയിക്കാൻ പോകുന്നില്ല എന്നു വിചാരിച്ചു ചിലർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, ഭൂരിപക്ഷം പേരും സഹായത്തിനൊരുമിച്ചു. തിരുവനന്തപുരത്തു മരിച്ച ഒരാളുടെ ഹൃദയം മാത്യുവിനു ചേരുന്നതാണെന്നറിഞ്ഞപ്പോൾ ഞങ്ങളുടെ കയ്യിൽ 10–15 ലക്ഷം രൂപ മാത്രമേയുള്ളൂ.  ചികിത്സയ്ക്കുവേണ്ട 25 ലക്ഷത്തിനു പുറമേ, എയർ ആംബുലൻസിൽ ഹൃദയം കൊണ്ടുവരാൻ ആറു ലക്ഷത്തിലേറെ രൂപ ചെലവു വരും. എല്ലാം ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടു ചെയ്യണം. ഇറാം ഗ്രൂപ്പിന്റെ  ഡോ.സിദ്ദിഖ് അഹമ്മദിനെ നേരിട്ടു വിളിച്ചു. അദ്ദേഹം ആ തുക തരാൻ സന്നദ്ധനായി. 

പിറ്റേന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വന്നു. എയർ ആംബുലൻസ് ചെലവു സർക്കാർ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞതു വലിയ ആശ്വാസമായി. ഇറാമിൽനിന്നു കിട്ടിയ തുക കൂടി ചികിത്സയ്ക്ക് ഉപയോഗിക്കാൻ പറ്റി. ശസ്ത്രക്രിയ കഴിഞ്ഞിട്ടും സമ്മർദനിമിഷങ്ങൾ കഴിഞ്ഞില്ല. ആ ദിവസങ്ങളിലൊക്കെ ഞാനും ഭാര്യയുമൊക്കെ മാത്യുവിന്റെ  വീട്ടിൽപോയി സംസാരിച്ചു ധൈര്യം കൊടുക്കുമായിരുന്നു. പരിയാരത്തെ മുപ്പതോളം നല്ല മനുഷ്യരുടെ നെട്ടോട്ടവും ഡോക്ടറുടെ നന്മയുമെല്ലാമാണ് മാത്യു അച്ചാടന്റെ ഹൃദയത്തിലിരുന്നു മിടിക്കുന്നത്.

-പി.വി.ഷിബു, ചാലക്കുടി പരിയാരത്ത് 

∙ മാത്യു അച്ചാടന്റെ അയൽവാസി. ചികിത്സാസഹായ സമിതി ചെയർമാൻ,കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ. 

കൂടെ നിന്ന നാട്

∙ ഡാളി വർഗീസ്, പരിയാരം പഞ്ചായത്ത് 15–ാം വാർഡ് മുൻ അംഗം

പരിയാരം എന്ന നാടിന്റെ നന്മയുടെ ഫലം കൂടിയാണ് അച്ചാടൻ മാത്യുവിന്റെ ഹൃദയശസ്ത്രക്രിയ. അദ്ദേഹത്തിന്റെ ചികിത്സയ്ക്കു വൻ തുക വേണ്ടിവരുമെന്നറിഞ്ഞതോടെ എന്റെ വീട്ടിലാണ് ആദ്യത്തെ സഹായസമിതി യോഗം വിളിച്ചുചേർത്തത്. മുപ്പതോളം പേർ പങ്കെടുത്തു.

ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള വിഷയമായിട്ടു പോലും ആ ഒറ്റ മീറ്റിങ്ങിൽ പിരിഞ്ഞത് 50,000 രൂപയാണ്. ജോസ് ചാക്കോ പെരിയപ്പുറം ഡോക്ടറുടെ അടുത്ത് ഞങ്ങളെത്തിയപ്പോൾ നാട്ടുകാരുടെ ഈ കരുതലിനെ അദ്ദേഹം അദ്ഭുതത്തോടെയാണു കേട്ടത്.

എയർ ആംബുലൻസിൽ ഹൃദയം കൊണ്ടുവരാൻ 6 ലക്ഷം രൂപ ചെലവു വരുമെന്നും ശസ്ത്രക്രിയ വിജയിച്ചില്ലെങ്കിൽ ആ തുക നഷ്ടമാകുമെന്നും ഒരു മുന്നറിയിപ്പു പോലെ ഡോക്ടർ ഞങ്ങളോടു പറഞ്ഞു. ഞങ്ങളെല്ലാവരും ഒറ്റവാക്കിൽ ധൈര്യമായി മുന്നോട്ടുപോകണമെന്നു തന്നെ ഡോക്ടറോടു പറഞ്ഞു. ഒരു നല്ല കാര്യത്തിനിറങ്ങിയാൽ ജനം കൂടെ നിൽക്കുമെന്നതിന്റെ   സാക്ഷ്യമായിരുന്നു അത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA