വന്യമൃഗങ്ങളുടെ ഏറ്റവും ദൈർഘ്യമേറിയ ‘സ്ഥലം മാറ്റം’; കാട്ടുപോത്തിന്റെ ആദ്യത്തേതും

buffalos
പിടിയിലായ ഉരുക്കൾ
SHARE

മാനസും മാനസിയും ചരിത്രനിയോഗത്തിലാണ്. ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ അഭിമാനം കാക്കാനുള്ള നിയോഗവുമായി അസമിൽനിന്നാണിവരുടെ വരവ്. മാനസ് കാട്ടുപോത്തും മാനസി ഇണയെരുമയുമാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ കാട്ടുപോത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ഛത്തീസ്ഗഡ് സർക്കാർ കണ്ടെത്തിയ ആശയം. അസമിൽനിന്നു കാട്ടുപോത്തുകളെ എത്തിക്കാനുള്ള ചരിത്രപരമായ തീരുമാനം. അങ്ങനെ ലോക്ഡൗൺ കാലത്തു നടത്തിയ ഈ ‘മാനസ് മിഷന്റെ’ നോഡൽ ഓഫിസറായിരുന്നത് കൊച്ചി ചെറായി സ്വദേശിയായ യുവ മലയാളി ഐഎഫ്എസ് ഓഫിസർ വിഷ്ണുരാജ് നായർ.

ഈ വർഷം ഫെബ്രുവരി 4നു തുടങ്ങിയ ദൗത്യം പൂർത്തിയായത് ഏപ്രിൽ 18ന്. അസമിലെ മാനസ് നാഷനൽ പാർക്കിൽനിന്നു നടത്തിയതിനാലാണു ദൗത്യത്തിനും ഉരുക്കൾക്കും ആ പേരുകൾ വന്നത്. ഇന്നുവരെ ഇന്ത്യയിൽ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടന്നിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ‘സ്ഥലംമാറ്റ’മാണ് ഇതെന്നു വിഷ്ണുരാജ് പറയുന്നു. കാട്ടുപോത്തിന്റെ കാര്യത്തിൽ നടന്ന ആദ്യ സ്ഥലംമാറ്റവും.

buffalo
പിടിയിലായ ഉരുക്കൾ ബർനാവപാറയിലെ കുളത്തിൽ

ഛത്തീസ്ഗഡിന്റെ സംസ്ഥാന മൃഗം

സംസ്ഥാന മൃഗമായി കാട്ടുപോത്തിനെ തീരുമാനിക്കുന്ന കാലത്ത് ഛത്തീസ്ഗഡിൽ അവ ധാരാളമുണ്ടായിരുന്നു. എന്നാൽ, സമീപകാലത്ത് എണ്ണം നന്നേ കുറഞ്ഞു. ഛത്തീസ്ഗഡിൽതന്നെ രണ്ടു വന്യജീവിസങ്കേതങ്ങളിലാണ് ഇവയുള്ളത്. ഉദന്തി – സിതാനദി കടുവസംരക്ഷണ കേന്ദ്രത്തിലും ദന്തേവാഡയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിലും.

ഇതിൽ ഇന്ദ്രാവതി വനമേഖലയിൽ എത്ര കാട്ടുപോത്തുകളുണ്ടെന്നു കൃത്യമായ കണക്കുകളില്ല. മാവോയിസ്റ്റ് മേഖലയായതിനാൽ അവിടെ കണക്കെടുപ്പ് ഇനിയും സാധ്യമായിട്ടില്ല. ഉദന്തി–സിതാനദി മേഖലയിൽ ആകെ 9 എണ്ണമേ ഉള്ളൂ. അതിൽത്തന്നെ എട്ടും പോത്തുകളാണ്. സ്ത്രീഗണത്തിൽപെട്ടത് ഒന്നു മാത്രം. എണ്ണം കുറയുന്ന ഭീഷണി നേരിടാൻ ഒരു മാർഗം ഇന്ദ്രാവതി പാർക്കിൽനിന്നു കാട്ടുപോത്തുകളെ മറ്റു വനങ്ങളിലേക്ക് എത്തിക്കലാണ്.

എന്നാൽ, മാവോയിസ്റ്റ് മേഖലയായതിനാൽ ഇതു പ്രായോഗികമല്ല. ഈ പ്രശ്നം എങ്ങനെ നേരിടാമെന്ന വെല്ലുവിളിക്ക് ഉത്തരമായി ഛത്തീസ്ഗഡ് വനം പ്രിൻസിപ്പൽ സിസിഎഫ് അതുൽ ശുക്ലയും അഡീ.പ്രിൻസിപ്പൽ സിസിഎഫ് എസ്.കെ.സിങ്ങും കണ്ടെത്തിയ ആശയമാണ് അസമിലെ മാനസ് നാഷനൽ പാർക്കിൽനിന്നു കാട്ടുപോത്തുകളെ എത്തിക്കുക എന്നത്. 5 വർഷം മുൻപ് ഉരുത്തിരിഞ്ഞ ആശയത്തിനു രണ്ടു വർഷം മുൻപാണു സംസ്ഥാന സർക്കാരിന്റെ അനുമതിയായത്. ഇപ്പോൾ അഡീ.പ്രിൻസിപ്പൽ സിസിഎഫ് ആയ അരുൺ പാണ്ഡേയുടെ നേതൃത്വത്തിലാണു പദ്ധതി മുന്നോട്ടുപോകുന്നത്.

5 എരുമകളെയും ഒരു പോത്തിനെയും കൊണ്ടുവരാനുള്ള അനുമതിയാണ് അസം സർക്കാരിൽനിന്നു ലഭിച്ചത്. അതോടെ 2019 ഡിസംബറിൽ പദ്ധതിക്ക് അന്തിമരൂപമായി. പിടികൂടുന്ന ഉരുക്കളെ ഇണക്കാനും താൽക്കാലികമായി സംരക്ഷിക്കാനും മാനസ് വന്യജീവിസങ്കേതത്തിൽ ഒരു ചെറിയ ഭാഗം വേലികെട്ടിയൊരുക്കാൻ അസം സർക്കാർ അനുമതി നൽകി. ഛത്തീസ്ഗഡിലേക്കു കൊണ്ടുപോകും മുൻപു സംരക്ഷിക്കാനുള്ള താൽക്കാലിക സംവിധാനമായിരുന്നു അത്. വെള്ളം കൊടുക്കാൻ ചെറിയ കുളവും സജ്ജമാക്കി.

elephant
ദൗത്യസംഘം.

പ്രത്യേക ട്രക്കിൽ ദൗത്യസംഘം

12 അംഗ സംഘമാണ് ആദ്യം പോയത്. പുറപ്പെട്ടത് ഫെബ്രുവരി 4ന്. കെയർടേക്കർമാരും ഫോറസ്റ്റ് ഗാർഡുമാരും വെറ്ററിനറി ഡോക്ടറുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. മൃഗങ്ങളെ കൊണ്ടുവരാനായി പ്രത്യേക ട്രക്കുകൾ സജ്ജമായി. രണ്ടു മൃഗങ്ങളെ കൊണ്ടുവരാൻ ഒരു ട്രക്ക് എന്ന നിലയിലായിരുന്നു സജ്ജീകരണം. ഒരു ട്രക്കിൽ രണ്ടു ചേംബറുകൾ. കുടിവെള്ള സൗകര്യം, തണുപ്പിക്കാൻ സ്പ്രിംഗ്ലർ സംവിധാനം, ആവശ്യമെങ്കിൽ ഉപയോഗിക്കാൻ എസി, മുകളിൽ വാട്ടർ ടാങ്ക് എന്നിവയെല്ലാം ഈ ട്രക്കിൽ ഒരുക്കിയിരുന്നു. 8നു സംഘം മാനസിലെത്തി. വിഷ്ണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥസംഘം വിമാനമാർഗം പിന്നാലെയെത്തി.

അസം, ഛത്തീസ്ഗഡ് സർക്കാരുകൾക്കു പുറമേ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും പദ്ധതിയിൽ പങ്കാളികളായിരുന്നു. ട്രസ്റ്റിലെ ഡോക്ടർമാരും അസം വനംവകുപ്പിലെ വിദഗ്ധരും സജീവമായി രംഗത്തുണ്ടായിരുന്നു.

ദൗത്യം ശ്രമകരം

മാനസ് വന്യജീവിസങ്കേതം പുല്ലുനിറഞ്ഞ പ്രദേശമാണ്. ഛത്തീസ്ഗഡിലേതിൽനിന്നു വ്യത്യസ്തം. കാട്ടാനകളും കാണ്ടാമൃഗങ്ങളുമെല്ലാം ഏറെയുണ്ട്. താപ്പാനകൾക്കു മുകളിലിരുന്നു കാട്ടുപോത്തുകളുള്ള പ്രദേശം തേടി പോകലായിരുന്നു ആദ്യം. ഏറെ ശ്രമകരമായിരുന്നു അത്. മനുഷ്യസാമീപ്യം പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവുണ്ട് പോത്തുകൾക്ക്. നൂറു മീറ്റർ അകലെ കാണുമ്പോഴേക്കും ഓടിക്കളയും. ആദ്യ 4 ദിവസം അവയുടെ ഭയമകറ്റലായിരുന്നു ദൗത്യം. അടുത്തെത്തിയാലും ഓടാത്ത തരത്തിലേക്ക് അവയെ ഇണക്കാനുള്ള ശ്രമം.

അങ്ങനെ ഫെബ്രുവരി 12ന് ആദ്യത്തെ പോത്തിനെ പിടികൂടി. മരത്തിനു മുകളിൽ പതുങ്ങിയിരുന്നും ചാടിവീണും മറ്റുമാണ് ഇതു സാധ്യമായത്. പിന്നിൽനിന്നെത്തി മുഖത്തു ചാക്കിട്ടും മറ്റുമാണു പിടികൂടിയത്. എല്ലാ ഭാഗത്തുനിന്നും താപ്പാനകളെ ഉപയോഗിച്ചു വളഞ്ഞും മറ്റും പരീക്ഷണങ്ങൾ നടത്തിയെങ്കിലും വിഫലമായി. ആദ്യ ഉരുവിനെ പിടികൂടി മൂന്നാം ദിവസമാണ് രണ്ടാമത്തേതിനെ പിടികൂടാനായത്. പിടികൂടിയതിൽ ഒന്ന് പോത്തും രണ്ടാമത്തേത് എരുമയുമായിരുന്നു.

ഭാഗ്യവും തന്ത്രവും കൂടിച്ചേർന്നപ്പോഴാണ് രണ്ടെണ്ണത്തെയെങ്കിലും പിടികൂടാനായതെന്നു വിഷ്ണുരാജ് പറയുന്നു. പിടികൂടിയ രണ്ടെണ്ണത്തെയും താൽക്കാലിക താവളത്തിലിട്ടു.

വിഷ്ണുരാജ് ഫെബ്രുവരി 16നു ഛത്തീസ്ഗഡിലേക്കു തിരിച്ചു. 24നു തിരിച്ചുചെന്ന് പിടികൂടിയ ഉരുക്കളെ കൊണ്ടുവരികയെന്നതായിരുന്നു പദ്ധതി.

bison-truck
ഉരുക്കൾക്കായി തയാറാക്കിയ സ്ഥലവും വാഹനവും

തടയിട്ട് ലോക്ഡൗൺ

വിഷ്ണുരാജ് തിരികെ ചെല്ലുമ്പോഴേക്കും 22ന് അസമിൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ, 24നു ദേശീയ ലോക്ഡൗണും എത്തി. മാർച്ച് മാസം മുഴുവൻ കാത്തിരുന്നു. ഏപ്രിലായി. ആറെണ്ണത്തെ ലക്ഷ്യമിട്ടെങ്കിലും പിടികൂടിയതു രണ്ടെണ്ണത്തെ മാത്രം. അവയെ താൽക്കാലിക സംവിധാനത്തിൽ വിട്ടു സംഘത്തിലെ ശേഷിക്കുന്നവർ നാട്ടിലേക്കു തിരിച്ചാലോ എന്നാലോചിച്ചു. എന്നാൽ, എന്തുവന്നാലും ഇവയുമായേ പുറപ്പെടൂ എന്നായി സംഘാംഗങ്ങൾ. അങ്ങനെ സംഘം ഉരുക്കളുമായി ട്രക്കുകളിൽ നാട്ടിലേക്കു തിരിക്കാൻ തീരുമാനിച്ചു. അസമിൽനിന്നു ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലൂടെയാണു സഞ്ചരിക്കേണ്ടത്. അതതു സർക്കാരുകളിൽനിന്നു പ്രത്യേക അനുമതി വാങ്ങി.

അങ്ങനെ ഏപ്രിൽ 15ന് ഓരോ എരുമയെയും പോത്തിനെയും ട്രക്കിൽ കയറ്റി സംഘം യാത്ര തിരിച്ചു. ഭക്ഷണമുണ്ടാക്കി കഴിക്കാനുള്ള സംവിധാനമെല്ലാം കരുതിയിരുന്നു.

ആദ്യ ദിവസം രാത്രി 12 മണിയോടെ ബംഗാളിലെ സിലിഗുഡിയിൽ സംഘമെത്തി. പിറ്റേന്നു രാത്രി ബംഗാളിൽത്തന്നെയുള്ള പാനാഗഢിലാണു താമസിച്ചത്. അടുത്ത ദിവസത്തെ യാത്രയിൽ ഒഡീഷയിലെത്തി. എന്നാൽ, അവിടെ സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ രാത്രി തങ്ങാനായില്ല. അതിനാൽ പാനാഗഢ് വിട്ട സംഘത്തിനു 38 മണിക്കൂർ തുടർച്ചയായി യാത്ര ചെയ്യേണ്ടിവന്നു ഛത്തീസ്ഗഡിലെത്താൻ. ഇടയ്ക്കു ഭക്ഷണമുണ്ടാക്കി കഴിക്കാൻ വഴിയോരത്തു നിർത്തിയതൊഴിച്ചാൽ തുടർച്ചയായ യാത്ര.

തിരികെ നാട്ടിൽ

ഏപ്രിൽ 18നാണു സംഘം ഛത്തീസ്ഗഡിൽ എത്തിയത്. വനംവകുപ്പിന്റെ വലിയ ആഘോഷദിനമായിരുന്നു അത്. സംഘമെത്തിയതു ബലോദ ബസാർ ജില്ലയിലെ ബർനാവപാറ വന്യജീവിസങ്കേതത്തിലേക്ക്. അവിടെ ഈ രണ്ട് ഉരുക്കൾക്കായി 10 ഹെക്ടറിൽ ഒരു പ്രദേശം പ്രത്യേകമായി തിരിച്ചിരിക്കുകയാണ്. ഇവിടെവച്ചു മാനസിനും മാനസിക്കും കുഞ്ഞുങ്ങൾ പിറക്കുമെന്നും അങ്ങനെ സംസ്ഥാന മൃഗത്തിന്റെ എണ്ണം വർധിക്കുമെന്നുമാണ് പ്രതീക്ഷ.

ഉദന്തി – സിതാനദി കടുവസങ്കേതത്തിൽനിന്നുള്ള പോത്തുകളിലൊന്നിനെ പിന്നീട് ഇവിടെ എത്തിക്കും. ഛത്തീസ്ഗഡിലെ കാട്ടുപോത്തുകളുടെയും അസമിലെ കാട്ടുപോത്തുകളുടെയും ജനിതകഘടന സാമ്യമുള്ളതാണെന്നു ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലർ ബയോളജിയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

vishnuraj
വിഷ്ണുരാജ് നായർ

പ്രശസ്തി നേടിയ ആശയം

പദ്ധതിയുടെ നോഡൽ ഓഫിസർ സ്ഥാനത്തിനൊപ്പം ഉദന്തി–സിതാനദി കടുവസംരക്ഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു വിഷ്ണുരാജ്. ഇപ്പോൾ ബിലാസ്പുർ ജില്ലയിൽ അച്ചനാക്മർ ബയോസ്ഫിയർ റിസർവ് ഡയറക്ടറാണ്.

എറണാകുളം ചെറായി ഗീതാ ഭവനിൽ കെ. വി.സീമയുടെയും പരേതനായ നരേന്ദ്രൻ നായരുടെയും മകനാണ് 2015 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിഷ്ണുരാജ്. ജനിച്ചതു കേരളത്തിലാണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം നാഗ്പുരിലായിരുന്നു. ഗുജറാത്തിലെ സൂറത്ത് എൻഐടിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷമാണു സിവിൽ സർവീസ് പരീക്ഷയെഴുതി ജയിച്ചത്. ‘മാനസ് മിഷൻ’ കഴിഞ്ഞയുടനാണു വിഷ്ണുരാജിനു വിവാഹദൗത്യം വന്നത്. ജൂലൈയിലായിരുന്നു വിവാഹം. വധു ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പാലക്കാടൻ കുടുംബാംഗം സിതാര.

നമ്മുടെ കാട്ടുപോത്തല്ല അവരുടെ കാട്ടുപോത്ത്

കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ കാണുന്ന ഇന്ത്യൻ ബൈസണിനെ നാം കാട്ടുപോത്തെന്നാണു വിളിക്കാറ്. മനുഷ്യരുടെ ശല്യമില്ലാത്ത ഹരിതവനങ്ങളിലാണ് ഇവയുടെ വാസം. വയനാട്, നാഗർഹൊള, മുതുമല, ബന്ദിപ്പൂർ വനമേഖലകളിൽ ഇവ ധാരാളമായി കാണാം. കാളക്കൂറ്റന്മാരുടെ മുതുകത്തു കാണുന്ന മുഴ ഇവയ്ക്കുമുണ്ട്. അതിനാൽത്തന്നെ ഇവ കാളകളുടെ വിഭാഗത്തിലാണു പെടുന്നത്. 

എന്നാൽ, ഛത്തീസ്ഗഡിന്റെ ഔദ്യോഗിക മൃഗമായ കാട്ടുപോത്തിനു വ്യത്യാസങ്ങളുണ്ട്. വൈൽഡ് വാട്ടർ ബഫലോ അഥവാ ഏഷ്യാറ്റിക് ബഫലോ എന്നറിയപ്പെടുന്ന ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഇന്ത്യയിലുള്ള കാട്ടുപോത്തുകളിൽ 90 ശതമാനവും അസമിലാണ്. ഇവയ്ക്കു കേരളത്തിലെ നാടൻ പോത്തുകളുമായി കാഴ്ചയിൽ സാമ്യമുണ്ട്.

English summary: Manas mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA