ADVERTISEMENT

രോഗത്തെയും വേദനയെയും തോൽപിച്ച്, മരണത്തിൽനിന്നു കുതറിയോടിയ കഥ... 

ഓർമകളാണിത്. 2009ൽ സംഭവിച്ചത്. അന്നു ഷൊർണൂർ പ്രദേശം പട്ടാമ്പി നിയോജകമണ്ഡലത്തിലായിരുന്നു. കഷ്ടതകൾ മാത്രം കുമിയുന്ന ജീവിതാവസ്ഥയിലേക്ക് ഒരു അജ്ഞാതരോഗം ഷൊർണൂരിലെ മൂന്നുപേരെ കുടഞ്ഞെറിഞ്ഞുവെന്നു പ്രവർത്തകരിലാരോ പറഞ്ഞപ്പോഴാണ് സി.പി.മുഹമ്മദ് എംഎൽഎ അവരെ കാണാനിറങ്ങിയത്. രോഗബാധിതർ അവശരാണ്. ശക്തിചോർന്നു ശരീരം ക്ഷയിച്ചവരാണ്.അവരിലൊരു അധ്യാപികയെ മരണംകൊണ്ടുപോയി.

രോഗകാരണം അറിയാതെ മരണത്തെ മുഖംനോക്കി നിൽക്കുന്ന മറ്റൊരാളെ കുളപ്പുള്ളിയിൽവച്ചു കണ്ടപ്പോൾ ഉള്ളു പൊള്ളി. നടക്കാൻ വയ്യ. കാലുകൾ തളർന്നു ചിറകറ്റ നിലയിലാണ്. എത്രയോ നാളായി ഇരുളിന്റെ കയത്തിൽപെട്ടു വെയിലിലേക്കു കയറിവന്നവനെപ്പോലെ വിളറിയിരിക്കുന്നു. രോഗവിവരം തിരക്കിയപ്പോൾ അയാൾ പൊട്ടിക്കരഞ്ഞു.

‘ചികിത്സയ്ക്ക് ഒരു വഴിയുമില്ല സാർ, ജീവിക്കാനും. എംഎൽഎ സഹായിക്കണം’ – അയാൾ പറഞ്ഞു.

ദുഃഖത്തിന്റെ വർത്തമാനങ്ങൾ ചുറ്റിലും നിറഞ്ഞു. ലക്ഷത്തിലൊരാൾക്കു മാത്രം വരുന്ന ഗില്ലൻബാരി സിൻഡ്രോം എന്ന രോഗം. പത്രവാർത്തകളിൽ നിന്നാണു രോഗം ഗില്ലൻബാരി സിൻഡ്രോം ആണെന്നു സിപി അറിഞ്ഞത്.

cpmuhaandwife
സി.പി.മുഹമ്മദും ഭാര്യ ഖദീജയും

ഒരാഴ്ചയ്ക്കകം, നിയമസഭ ചേർന്നപ്പോൾ ഗില്ലൻബാരി സിൻഡ്രോം (Guillain-Barre  syndrome) എന്ന അപൂർവ രോഗത്താൽ കഷ്ടപ്പെടുന്നവരുടെ കനലെരിയുന്ന കഥ നിയമസഭയിൽ സബ്മിഷനായി സി.പി.മുഹമ്മദ് അവതരിപ്പിച്ചു. ചികിത്സയ്ക്കായി ചെലവാകുന്ന ലക്ഷങ്ങളെക്കുറിച്ചും രോഗത്തിന്റെ തീവ്രതയെക്കുറിച്ചുമൊക്കെ അന്നു സഭയിൽ വിശദീകരിച്ചു. രോഗം വന്നാൽ ഉണങ്ങിയ കമ്പുപോലെ ശോഷിച്ചുപോകുന്ന ദുരവസ്ഥയും മരുന്നിന്റെ ഭീമമായ വിലയും വിശദീകരിച്ചു. പി.കെ.ശ്രീമതിയായിരുന്നു ആരോഗ്യമന്ത്രി. സഹായിക്കാമെന്ന മന്ത്രിയുടെ വാക്കുകൾ സിപിക്കും രോഗബാധിതർക്കും ആശ്വാസത്തിന്റെ ബലമായി. 

നിയമസഭാ ഹോസ്റ്റലിൽ താമസിക്കുകയാണന്ന് സി. പി.മുഹമ്മദ്. സബ്മിഷൻ അവതരിപ്പിച്ച് ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും. 2009 ജൂലൈ മാസത്തിലാണത്. സിപിയുടെ ഇടുപ്പിന്റെ വലതുഭാഗത്തും വലതു കാൽമുട്ടിനും അതികഠിനമായ വേദന. നിയമസഭാ ഹോസ്റ്റലിലെ ഡോക്ടറെ കണ്ടപ്പോൾ നൽകിയ വേദനസംഹാരിയിൽ താൽക്കാലികമായി നോവടങ്ങിയെങ്കിലും ഇടയ്ക്കിടെ വേദന കലശലാകാൻ തുടങ്ങി. സെക്രട്ടറി ബി.വേണുഗോപാലാണു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെത്തിച്ചത്. വിശദപരിശോധനയിൽ ഗുരുതരമായി ഒന്നുമില്ലെന്നു കണ്ടെത്തൽ. എഴുതിയ മരുന്നുകളൊക്കെ കഴിച്ച് വീണ്ടും പ്രവർത്തനസജ്ജമാകുന്ന ദിവസങ്ങൾ. തുടർന്നുള്ള കാര്യങ്ങൾ സി.പി.മുഹമ്മദ് തന്നെ പറയുന്നു:

കുറച്ചു ദിവസങ്ങൾക്കു ശേഷം തിരുവനന്തപുരത്തുനിന്നു ട്രെയിനിൽ തൃശൂരിലേക്കു പോകുകയാണ്. കൂടെ സെക്രട്ടറി വേണുഗോപാലുമുണ്ട്. ചാലക്കുടിയെത്തിക്കാണും. വീണ്ടും കഠിനവേദന കാൽമുട്ടിലൂടെ ഇടുപ്പിലേക്ക് ഇരച്ചുകയറി. ഇടുപ്പിനു ചുറ്റിലും കാൽമുട്ടുകളിലും നോവിന്റെ മുന ആഴ്ന്നിറങ്ങി. വണ്ടിയിൽനിന്നു ചാടുമെന്നുപോലും വേണുഗോപാലിനോടു പറയുന്നുണ്ട്. എങ്ങനെയോ തൃശൂരിലെത്തി ദയ ആശുപത്രിയിലേക്കു പോയി. 

അവിടെ കുടുംബസുഹൃത്തായ ഡോ. വേണുഗോപാലിന്റെ നിരീക്ഷണത്തിൽ അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ മൂത്രാശയത്തിൽ കല്ല്. അതു നീക്കിയെങ്കിലും വേദന മാത്രം അവസാനിച്ചില്ല. പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അന്നു തൃശൂരിലുണ്ടായിരുന്നു. വിവരമറിഞ്ഞ് അവരും ആശുപത്രിയിലെത്തി. വേദന താങ്ങാനാവാതെ കിടക്കയിൽ തല കുമ്പിട്ടിരിക്കുന്ന എന്നെക്കണ്ടവരെല്ലാം ഞെട്ടി. കിടക്കയിൽ പിടയുന്നതു കണ്ട് പെത്തഡിൻ പോലും കുത്തിവച്ചതായി കേട്ടു. 

ന്യൂറോ സ്കാൻ അടക്കം പലവിധ ടെസ്റ്റുകൾ നടത്തിയിട്ടും വേദനയുടെ കാരണമെന്തെന്നതു മാത്രം അജ്ഞാതമായി അവശേഷിച്ചു. കിഡ്നി സ്റ്റോൺ ആണെന്നായിരുന്നു എന്റെയും വിചാരം. മുൻപും മൂത്രക്കല്ല് ഉണ്ടായിരുന്നു. മൂന്നു ദിവസം ദയ ആശുപത്രിയിൽ കിടന്ന് പട്ടാമ്പിയിലെ വീട്ടിലേക്കു തിരിക്കുമ്പോഴും വേദന വിടാതെ ഉറക്കംകെടുത്തി. ജൂലൈ 19നു പട്ടാമ്പിയിൽ ഒരു കോൺഗ്രസ് കൺവൻഷനുണ്ടായിരുന്നു. തനിച്ചാണിറങ്ങിയത്. യോഗത്തിനായി കെട്ടിടത്തിന്റെ പടികൾ കയറിയപ്പോൾ പിന്നിൽ നിന്ന് ആരോ പിടിച്ചുവലിച്ചതുപോലൊരു തോന്നൽ. വീണ്ടും പടികൾ കയറിയപ്പോൾ ഒരിക്കൽകൂടി അതേ അനുഭവം. യോഗത്തിൽ 15 മിനിറ്റ് മാത്രം പങ്കെടുത്ത് ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും വല്ലാതെ തളർന്നിരുന്നു. 

വിഷാദം അത്രയെളുപ്പത്തിൽ സ്പർശിക്കാത്ത എന്റെ മനസ്സിലും ശരീരത്തിലും വേദന വേരാഴ്ത്തിക്കഴിഞ്ഞിരുന്നു. പട്ടാമ്പി സേവന ആശുപത്രിയിൽ എത്തിച്ച ശേഷം പല മരുന്നുകളും മാറിമാറി കുത്തിവച്ചെങ്കിലും വേദന മാത്രം കുറഞ്ഞില്ല. അപ്പോഴേക്കും ഭയം വന്നു പൊതിയാൻ തുടങ്ങിയിരുന്നു. പട്ടാമ്പിയും ചുറ്റുപാടും ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ഉള്ളിലിങ്ങനെ പൊള്ളലാവുന്നുണ്ട്. 

സേവന ആശുപത്രിയിലെ ഡോ. ബിജു ജോസാണു മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഡോ.ആശിഷ് മേത്തയെക്കുറിച്ചു പറയുന്നത്. ലോകപ്രശസ്ത ന്യൂറോ വിദഗ്ധനായ അദ്ദേഹത്തിനായി ഒരു കത്തു തന്നതോടെ കോയമ്പത്തൂർ വഴിയുള്ള വിമാനത്തിൽ അപ്പോൾത്തന്നെ മുംബൈക്കു ടിക്കറ്റെടുത്തു. പിറ്റേന്നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ടു. വീട്ടിലും വിമാനത്താവളത്തിലുമെല്ലാം നടന്നിറങ്ങുകയും കയറുകയും ചെയ്തതാണ്. പക്ഷേ, മുംബൈയിലെത്തിയപ്പോഴേക്കും വലതുകാൽ അനക്കാനാവുന്നില്ല. 

കൂടെ വന്ന പിഎ പ്രേംകുമാർ വീൽചെയർ വരുത്തിച്ചു. എയർപോർട്ടിനടുത്തുള്ള ബന്ധു അബൂബക്കറിന്റെ വീട്ടിലേക്കാണു പോയത്. മുംബൈയിലെത്തിയപ്പോഴാണു ബ്രീച്ച് കാൻഡിയിലെ ഡോക്ടർ വിദേശത്താണെന്നറിഞ്ഞത്. അന്നു രാത്രിയും വേദന കടുത്തതോടെ തൊട്ടടുത്തുള്ള നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാനാവതിയിൽ കാർഡിയോളജിസ്റ്റായ ഡോ. എൻ.ജി.പിള്ള എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കി. 

അഡ്മിറ്റ് ചെയ്ത അന്നുതന്നെ നാനാവതിയിലെ ന്യൂറോ വിഭാഗം പലതരം ടെസ്റ്റുകൾ തുടങ്ങിയിരുന്നു. പിറ്റേന്നു പട്ടാമ്പിയിൽ നിന്നു ഭാര്യ ഖദീജയും കുടുംബാംഗങ്ങളും മുംബൈയിലെത്തി. നാനാവതിയിൽ അഡ്മിറ്റ് ചെയ്തതിന്റെ പിറ്റേന്നു പുലർച്ചയോടെ കാൽവിരൽ മുതൽ കഴുത്തുവരെ പൂർണമായും ചലനമറ്റു. മരവിപ്പുണ്ടെങ്കിലും ബോധം മറഞ്ഞിരുന്നില്ല. ഛർദി കലശലായതോടെ വൈദ്യശാസ്ത്രത്തിൽ ഏതൊക്കെ രോഗമെന്നു സംശയം തോന്നുന്നുവോ അതിലെല്ലാം പരിശോധനകളായി. എന്നിട്ടും രോഗകാരണം മാത്രം കണ്ടെത്താനാവുന്നില്ല.

വിവരമറിഞ്ഞ് വയലാർ രവി, ഇ.അഹമ്മദ്, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.രാധാകൃഷ്ണൻ, ജി.കാർത്തികേയൻ, എം.എ.ബേബി, ബെന്നി ബഹനാൻ, ശരദ്പവാറിന്റെ പുത്രിയും മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുമായിരുന്ന സുപ്രിയ സുളെ, വി.ഡി. സതീശൻ തുടങ്ങി ഒട്ടേറെപ്പേർ മുംബൈയിലെ ആശുപത്രിയിലെത്തി. എ.കെ.ആന്റണിയും കെ.ശങ്കരനാരായണനുമെല്ലാം നിരന്തരം ഫോണിൽ ആശുപത്രിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പട്ടാമ്പിയിലെ സുഹൃത്തുക്കൾ രാഷ്ട്രീയ ഭേദമെന്യേ നാനാവതിയിലെത്തി. വയലാർ രവിയൊക്കെ വന്നു കൈവീശിക്കാണിച്ചതൊക്കെയൊരു നിഴലോർമയാണ്. നാലഞ്ചുദിവസം ഓർമയറ്റു നിശ്ചലമായ അവസ്ഥ.

‘നിങ്ങൾ നാട്ടിലേക്കു മടങ്ങിക്കൊള്ളൂ’ എന്ന് നാനാവതിയിലെ ഡോക്ടർമാർ നിസ്സഹായരായി പറഞ്ഞതോടെ കേരളത്തിലെ പത്രമാധ്യമങ്ങളിലൊക്കെ വാർത്ത വന്നു. മരിച്ചെന്നു കരുതി പട്ടാമ്പിയിൽ ചില കടകൾപോലും അടച്ചു. നാട്ടിലേക്കു കൊണ്ടുവരാൻ തീരുമാനമായി. മകൻ ഷബീർ ബാബുവും മരുമകൾ സനിതയും കാബൂളിൽ നിന്നും ഇളയമകൻ അഖിൽ മുഹമ്മദ് ബെംഗളൂരുവിൽ നിന്നും മുംബൈയിലെത്തി. പ്രതീക്ഷകളുടെ ചിറകറ്റ് പട്ടാമ്പിയിലെ വീട്ടിലേക്ക് ഒരു പൊതിക്കെട്ടു പോലെ കൊണ്ടുവരാനുള്ള തയാറെടുപ്പുകൾ തകൃതിയായി.

അന്നു രാത്രി അനുജൻ അൻവർ അലി എ.കെ.ആന്റണിയെ വിളിച്ചു പൊട്ടിക്കരഞ്ഞു. ആന്റണി അപ്പോൾത്തന്നെ മഹാരാഷ്ട്രാ സർവീസിലുള്ള മലയാളിയായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം വിളിച്ചറിയിച്ചു. രാത്രി ഒരുമണിയോടെ അദ്ദേഹം ഡോ. അരുൺ ഷായെയും കൂട്ടിയാണ് നാനാവതി ആശുപത്രിയിലെത്തിയത്. ലോക പ്രശസ്തനാണു ഡോ. അരുൺ ഷാ. അദ്ദേഹത്തെ ഒന്നു കാണാൻപോലും മാസങ്ങൾ കാത്തിരിക്കണം. അദ്ദേഹം വന്നു ഫയലുകളെല്ലാം പരിശോധിച്ചു. എന്നെയും പരിശോധിച്ചു.

‘ഇതു ഗില്ലൻബാരി സിൻഡ്രോം ആണ്. ഉടൻ വെന്റിലേറ്ററിലാക്കണം.’

മിനിറ്റുകൾക്കുള്ളിൽ വെന്റിലേറ്ററിലാക്കിയ ശേഷം മരുന്നുകൾ കുത്തിവയ്ക്കാൻ തുടങ്ങി. ഡയാലിസിസും പ്ലാസ്മ വേർതിരിച്ചുള്ള ചികിത്സയുമൊക്കെ ഞൊടിയിടയിൽ തുടർന്നു. മരുന്നുകൾ പ്രവർത്തിച്ചു തുടങ്ങി. അതോടെ നാലു ദിവസങ്ങൾക്കു ശേഷം ബോധം തിരികെയെത്തി. ‘ആള് രക്ഷപ്പെട്ടു. പക്ഷേ, ജീവിതത്തിൽ എഴുന്നേറ്റു നടക്കാനിനി കഴിയില്ല’ എന്നൊക്കെ ഡോക്ടർമാർ സംസാരിക്കുന്നത് ആശുപത്രിക്കിടക്കയിൽ ഞാൻ കേട്ടിട്ടുണ്ട്.

ദേഹമാസകലം പടർന്നുകയറിയ കുഴലുകൾ. ശരീരം വിറകുകൊള്ളിപോലെ ചുരുങ്ങിയിരിക്കുന്നു. കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കേരളത്തിലെ ഒരു എംഎൽഎ കിടപ്പുണ്ടെന്നറിഞ്ഞ് ഡോ. അലി ഇറാനിയെന്ന ലോകപ്രശസ്ത ഫിസിയോ തെറപ്പിസ്റ്റ് കാണാൻ വന്നതു ഭാഗ്യമായി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഫിസിയോ ആയ അദ്ദേഹം എന്റെ ചികിത്സ ഏറ്റെടുത്തതും അനുഗ്രഹമായി. ചെറിയ തുണിസഞ്ചികളിൽ മണൽനിറച്ചു കാലുകളിൽ കെട്ടിത്തൂക്കിയും പലതരം വ്യായാമമുറകൾ ചെയ്തും എന്റെ തളർന്ന പേശികളിൽ ബലംനിറച്ചു. കാലുകൾ ചലിച്ചുതുടങ്ങി. വിരലുകളിൽ അനക്കം വന്നു. 

എഴുന്നേറ്റു നടക്കില്ലെന്നു വിധിയെഴുതിയ ഞാൻ ഇന്നിങ്ങനെ  ഊർജസ്വലനായി നടക്കുന്നത് അലി ഇറാനിയുടെ ഫിസിയോതെറപ്പിയുടെ മാന്ത്രികത കൊണ്ടുമാത്രമാണ്. വൈറസിൽനിന്നു മുക്തി നേടിയെന്നും രോഗം പൂർണമായും ഭേദമായെന്നും വീട്ടിൽ ഫിസിയോതെറപ്പി മതിയെന്നും പറഞ്ഞതോടെ നാനാവതിയിൽനിന്നു മടങ്ങണമെന്നായി. പക്ഷേ, ഈ രൂപവുമായി പട്ടാമ്പിയിലേക്കു പോകാൻ മനസ്സു സമ്മതിച്ചില്ല. വിവരമറിഞ്ഞെത്തുന്നവരുടെ ദീനാനുകമ്പയും ദുഃഖവും കാണാൻ എനിക്കു കരുത്തില്ലെന്നു തറപ്പിച്ചു പറഞ്ഞു. 

അങ്ങനെയാണ് ബെംഗളൂരു നിംഹാൻസിൽ പോകാമെന്നു തീരുമാനമായത്. ആധുനിക സംവിധാനങ്ങളെല്ലാമുള്ള സെന്ററാണത്. അവിടെ പോകണമെന്നത് എന്റെ ശാഠ്യവുമായിരുന്നു. ഓഗസ്റ്റ് അവസാനത്തോടെയാണു നിംഹാൻസിൽ അഡ്മിറ്റായത്. ദിവസവും രണ്ടു മണിക്കൂറോളം വ്യായാമമുറകൾ. ഇരിക്കാനും നടക്കാനുമെല്ലാമുള്ള പുതിയ പഠനങ്ങൾ. എഴുന്നേറ്റു നിന്നാൽ, കൂടെയുള്ളവർ കൈവിട്ടാൽ ഊർന്നു താഴെ വീഴുന്നത്ര ദുർബലമായിരുന്നു ശരീരം. നിംഹാൻസിൽ പലവട്ടം ഇങ്ങനെ വീണിട്ടുമുണ്ട്. ഒക്ടോബർ ആദ്യവാരത്തിൽ നിംഹാൻസ് വിടുമ്പോൾ വോക്കറിൽ മെല്ലെ അനങ്ങി നീങ്ങാനേ കഴിയുമായിരുന്നുള്ളൂ. 

പട്ടാമ്പിയിലെ വീട്ടിലെത്തിയ ശേഷം കൊപ്പത്തുള്ള പ്രസാദിന്റെ കീഴിലായി ഫിസിയോതെറപ്പി. വോക്കർ ഒഴിവാക്കി വടികുത്തി നടക്കാനും ചുമരിൽ കൈചേർത്തു തൊട്ടുതൊട്ടു നടക്കാനുമെല്ലാം പ്രസാദിന്റെ കീഴിലാണു പരിശീലിച്ചത്. 

ഇതൊരു പുനർജന്മമാണ്. സ്വന്തം ശ്വാസത്തിൽപോലും വിശ്വാസം നഷ്ടപ്പെടുന്ന ചില നിമിഷങ്ങളുണ്ടാവും ജീവിതത്തിൽ. അങ്ങനെ വ്യഥ വന്ന് വീഴ്ത്തിയപ്പോഴും എഴുന്നേറ്റു നടക്കുമെന്നും പട്ടാമ്പിയിൽ തിരികെയെത്തുമെന്നും മനസ്സു പറയുന്നുണ്ടായിരുന്നു. കൈവിട്ടുപോയി എന്നു കരുതിയ ആൾ തിരിച്ചെത്തിയപ്പോൾ പട്ടാമ്പിയിലെ ‘കേരളകല’യിൽ ആയിരങ്ങളെത്തി. 

അന്നു രാത്രി ഡോ.അരുൺ ഷാ വന്നില്ലായിരുന്നുവെങ്കിൽ ഇന്നു ഞാനുണ്ടാകില്ലായിരുന്നു. കാലത്തിന്റെ കൈകൾ എന്നെ അത്രമേൽ ചേർത്തുപിടിച്ചിട്ടുണ്ട്. തിരിച്ചുവരവുകൾ എത്രയെത്ര തിരിച്ചറിവുകളാണു നമുക്കു നൽകുന്നത്...’’

ജനങ്ങളോട് ഇടപഴകി മതിയാകാതെ, മരണത്തിൽനിന്നു കുതറിയോടിയ സി.പി.മുഹമ്മദ് മെല്ലെമെല്ലെ ചുവടുകളുറപ്പിക്കുന്നതും നടന്നു വളരുന്നതുമാണു പിന്നീടു നമ്മൾ കണ്ടത്. 2011ൽ വീണ്ടും പട്ടാമ്പിയുടെ എംഎൽഎയായി. ഒറ്റപ്പാലത്തെ ഡോ. കെ.ജി.രവീന്ദ്രന്റെ ആയുർവേദ മരുന്നുകൾ കൊണ്ട് കൂടുതൽ കരുത്തനായി മാറുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com