ADVERTISEMENT

1997ൽ ഷംസുദീനിലൂടെ ഹൃദയംതൊട്ട എന്റെ യാത്രകൾ ഇപ്പോൾ ഇരുപതിനായിരത്തോളം ഹൃദയശസ്ത്രക്രിയകളിൽ എത്തിനിൽക്കുന്നു. എന്നെയും എന്റെ സഹപ്രവർത്തകരെയും വിശ്വസിച്ച് സ്വന്തം ഹൃദയം ഏൽപിച്ച ഏവരും ഞങ്ങളുടെ ഹൃദയം തൊട്ടവരാണ്, ഞങ്ങൾ അവരുടെ ഹൃദയം തൊട്ടതുപോലെ തന്നെ. 

ഞങ്ങൾക്കു കുറവുകളും പരിമിതികളുമുണ്ട്. വിജയങ്ങളോടൊപ്പം പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങളോടൊപ്പം ഞങ്ങളും കണ്ണീർ പൊഴിച്ചിട്ടുണ്ട്. 

മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ഹൃദയശസ്ത്രക്രിയ ജീവിതത്തിൽ ആദ്യമായി ഞാൻ കണ്ടു പഠിച്ച  കോട്ടയം മെഡിക്കൽ കോളജിൽ എന്റെ പ്രഫസറായിരുന്ന ചന്ദ്രമോഹൻ സാർ സ്വന്തം ഹൃദയം എന്നെ നിരുപാധികം ഏൽപിച്ചപ്പോൾ, ഒരു കലാകാരന്റെ കരവിരുതോടെ തലച്ചോറിലെ അതിസങ്കീർണ ശസ്ത്രക്രിയകൾ എന്നെ കാണിച്ചു പഠിപ്പിച്ച എന്റെ ഗുരുനാഥൻ  പ്രശസ്ത ന്യൂറോ സർജൻ ഡോ. ജയകുമാറിന്റെ ഹൃദയശസ്ത്രക്രിയ  നടത്തിയപ്പോൾ, ഹൃദയശസ്ത്രക്രിയയിൽ കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന ഡോ. ടി.കെ. ജയകുമാർ അദ്ദേഹത്തിന്റെ പിതാവിന്റെ ഹൃദയത്തിലെ സങ്കീർണമായ ബ്ലോക്കുകൾ മാറ്റാൻ എന്റെ കൈകളിൽ ഏൽപിച്ചപ്പോൾ... അതുപോലെ ആയിരക്കണക്കിനു കുടുംബങ്ങൾ അവരുടെ വിശ്വാസം ഞങ്ങളിൽ അർപ്പിച്ചപ്പോൾ... ഞാനും എന്റെ സഹപ്രവർത്തകരും ആ ഹൃദയസ്പന്ദനങ്ങളുമായി അലിയുകയായിരുന്നു.

കർമപഥത്തിൽ എന്നെ നിരന്തരം താങ്ങിനിർത്തുന്നത് എന്റെ കുടുംബമാണ്. എന്നെ കൈപിടിച്ചു നടത്തിയ മാതാപിതാക്കൾ, സഹോദരീസഹോദരന്മാർ. പരാതികളില്ലാതെ എനിക്കൊപ്പം നിന്ന എന്റെ പ്രിയ ഭാര്യ ജെയ്മി.  ചെറുപ്പകാലത്ത് അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പല ചടങ്ങുകളിലും എന്റെ അസാന്നിധ്യം സ്നേഹപൂർവം അനുവദിച്ച എന്റെ മക്കൾ ജേക്കബും ജോസഫും ജോണും. ഇവരെല്ലാം പകർന്നുതന്ന ഊർജമാണ് എന്റെ ഏറ്റവും വലിയ ശക്തി. 

ഒരു പതിറ്റാണ്ടിലധികമായി ഞാൻ പ്രവർത്തിക്കുന്ന എറണാകുളം ലിസി ആശുപത്രിയുടെ ഡയറക്ടർമാർ, സിസ്റ്റർമാർ, സഹപ്രവർത്തകർ എന്നിവർക്കു പുറമേ, ഞങ്ങളിൽ വിശ്വാസമർപ്പിച്ച് ഞങ്ങളുടെ സേവനം ഹൃദയപൂർവം ഉൾക്കൊണ്ടവരും എന്നെ ഇക്കാലമത്രയും നയിച്ചവരാണ്. 

ഏവരോടും നന്ദി പറയുന്നു; ഞങ്ങളെ നിങ്ങളുടെ ഹൃദയത്തോടു ചേർത്തതിന്.

joseperiyappuram
ഡോ. പി.ചന്ദ്രമോഹൻ, ഡോ. കെ.ജയകുമാർ, ഡോ. ടി.കെ.ജയകുമാർ

ദൈവം തൊട്ട ശിഷ്യവിരലുകൾ 

എന്റെ ശിഷ്യന്മാരിൽ ഏറ്റവും പ്രശസ്തരായവർ പ്രധാനമായും രണ്ടുപേരാണ്, ഡോ.ജോസ് ചാക്കോ പെരിയപ്പുറവും ഡോ. ടി.കെ.ജയകുമാറും. രണ്ടുപേരും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയാരംഗത്ത് ലോകം മുഴുവൻ അറിയപ്പെടുന്നവർ. 

മംഗളൂരു യേനപ്പോയ മെഡിക്കൽ സർവകലാശാലയുടെ വൈസ് ചാൻസലറായി പ്രവർത്തിക്കുമ്പോൾ 2013ൽ എനിക്കു കഴുത്തിന്റെ പിറകിലായി ചെറിയ വേദന അനുഭവപ്പെട്ടുകൊണ്ടിരുന്നു. വേദനയുടെ സ്വഭാവം വസ്തുനിഷ്ഠമായി പഠിച്ച ഡോ. ടി.കെ.ജയകുമാറും ഡോ.ജയപ്രകാശും കൂടി എന്നെ സിടി ആൻജിയോഗ്രാമിനു വിധേയനാക്കി. അപ്പോഴാണ് ഞാൻ ഹൃദയാഘാതത്തിലേക്കു നീങ്ങുകയാണെന്നു ബോധ്യമായത്. ഞാൻ ദീർഘകാലം ശസ്ത്രക്രിയ ചെയ്ത കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ഓപ്പറേഷൻ നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഹൃദയശസ്ത്രക്രിയ ചെയ്യുന്നവരിൽ കൂടുതൽ പേരും എന്നോടൊപ്പം ഓപ്പറേഷൻ അസിസ്റ്റ് ചെയ്തിട്ടുള്ളവരായതുകൊണ്ട് താങ്ങാനാവാത്ത മാനസികസമ്മർദമുണ്ടാകുമെന്നൊരു വാദമുണ്ടായി. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തെ സമീപിക്കാനാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.

ലിസി ആശുപത്രിയിലെത്തി ഡോ.ജോസിനെ കണ്ടപ്പോൾത്തന്നെ എന്റെ മാനസികസമ്മർദം അലിഞ്ഞലിഞ്ഞില്ലാതായി.  പരിശോധനയ്ക്കായി ആശുപത്രിയിൽ കഴിഞ്ഞ ഒരു ദിവസംകൊണ്ട് ലിസി ആശുപത്രിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 

ശസ്ത്രക്രിയയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ഡോ. ജോസ് എനിക്കുവേണ്ടി അവലംബിച്ചത്. ബൈപാസ് ശസ്ത്രക്രിയയ്ക്കു വേണ്ടി കാലിലെ വെയ്നുകളാണു സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ, വെയ്ൻ ഗ്രാഫ്റ്റുകളിൽ പെട്ടെന്നു വീണ്ടും രക്തം കട്ടപിടിക്കുമെന്ന് അതിനകം കണ്ടെത്തിയിരുന്നു. ഇതൊഴിവാക്കാൻ ധമനികൾ ഉപയോഗിക്കുകയാണു പ്രതിവിധി. ഡോ.ജോസ് എനിക്കു വേണ്ടി കാലിലെ വെയ്നുകൾ എടുക്കാതെ നെഞ്ചിനകത്തുള്ള മഹാധമനിയുടെ രണ്ടു കൈവഴികൾ (Right and Left Internal Mammary artery) നേരിട്ടു ഹൃദയധമനികളിലേക്കു (LAD & Circumflex artery) ബന്ധിപ്പിച്ചു രക്തയോട്ടം സുഗമമാക്കി.

ബോധം തിരിച്ചുവന്നപ്പോൾ ചിരിച്ച മുഖവുമായി ഡോ.ജോസ് മുന്നിലുണ്ട്. എങ്ങനെയാണ് ബൈപാസ് ചെയ്തിരിക്കുന്നതെന്ന് ഡോ.ജോസ് വിവരിച്ചു.

ഓപ്പറേഷൻ കഴിഞ്ഞു രണ്ടാം ദിവസം വൃക്കകൾക്കു പ്രവർത്തനമാന്ദ്യം സംഭവിച്ചതുകൊണ്ട് മുഖത്തും കാലുകളിലും നീരുണ്ടാകുകയും മൂത്രം പോകുന്നതു ഗണ്യമായി കുറയുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ് ഡോ. ജോസ് എന്റെ മുന്നിലെത്തി. സിടി ആൻജിയോ ചെയ്യുമ്പോൾ ചിലപ്പോൾ ഇങ്ങനെ കാണാറുണ്ടെന്നും വൃക്കകൾ അടുത്ത ദിവസങ്ങളിൽ സാധാരണ നിലയിൽ എത്തുമെന്നും ഉറപ്പിച്ചു പറഞ്ഞു. മൂന്നാം ദിവസമായപ്പോൾ എല്ലാം ശരിയായി. അഞ്ചാം ദിവസം വീട്ടിൽ തിരിച്ചെത്തി. ഒരു മാസത്തെ വിശ്രമത്തിനു ശേഷം വീണ്ടും സർവകലാശാലയിൽ എത്തുകയും ചെയ്തു. 

എട്ടു വർഷത്തിനു ശേഷം ഇപ്പോഴും എന്റെ ഹൃദയം താളം തെറ്റാതെ തുടിച്ചു കൊണ്ടിരിക്കുന്നതിനു കാരണം പ്രിയ ശിഷ്യന്റെ ഈശ്വരാനുഗ്രഹമുള്ള കരവിരുതാണെന്നു നിസ്സംശയം പറയാം.

ഡോ. പി.ചന്ദ്രമോഹൻ, കോട്ടയം മെഡിക്കൽ കോളജ്  ഹൃദയശസ്ത്രക്രിയാ വിഭാഗം മുൻ മേധാവി.

. 1981ൽ കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോസർജറി വിഭാഗം അസി.പ്രഫസറായി നിയമിതനായ ഞാൻ ഹൗസ് സർജൻമാർ താമസിക്കുന്ന ഹോസ്റ്റലിൽ അസിസ്റ്റന്റ് വാർഡനായും നിയമിക്കപ്പെട്ടു. അവിടെ വച്ചാണ് ഞാൻ ജോസിനെയും ജ്യേഷ്ഠൻ ഡോ. മാത്യു പെരിയപ്പുറത്തെയുമൊക്കെ പരിചയപ്പെടുന്നത്. അക്കാലത്തുതന്നെ ജോസ് ഒരു സർജനാകുമെന്ന ഉത്തമവിശ്വാസം എനിക്കുണ്ടായിരുന്നു. 

കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ ഞാൻ പ്രവർത്തിച്ചുകൊണ്ടിക്കുമ്പോഴാണ് എനിക്കു ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് എന്റെ മകൻ രവികൃഷ്ണൻ മനസ്സിലാക്കുന്നത്. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയാ വിഭാഗം അസി. പ്രഫസറാണ് മകൻ. 

ഭാര്യ ഡോ.ശോഭനാദേവിയുടെ സഹപാഠിയും എന്റെ ഉറ്റസുഹൃത്തും കേരളത്തിലെ പ്രമുഖ കാർഡിയോളജിസ്റ്റുകളിൽ ഒരാളുമായ ഡോ.സുദയകുമാറാണ് എന്റെ ഹൃദയവാൽവുകളുടെ തകരാർ കണ്ടുപിടിക്കുന്നത്. മകൻ രവികൃഷ്ണനും ഡോ. ടി.കെ.ജയകുമാറും പറഞ്ഞതനുസരിച്ചാണ് ഞാൻ ലിസി ആശുപത്രിയിലെത്തി ഡോ. ജോസിനെ കാണുന്നത്. ആ ജോസ് തന്നെ എന്റെ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ വിജയകരമായി നിർവഹിക്കുകയും ചെയ്തു. അതിനു മുൻപ് ഡോ.റോണി മാത്യു ആൻജിയോഗ്രാം പരിശോധന നടത്തി, എന്റെ ഹൃദയത്തിലെ രക്തധമനികൾക്കു ചുരുക്കങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.

ഡോ. കെ.ജയകുമാർ കോട്ടയം മെഡിക്കൽ കോളജ്  ന്യൂറോസർജറി വിഭാഗം മുൻ മേധാവി. 

അച്ഛന്റെ ഹൃദയം ഏൽപിച്ചപ്പോൾ...

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് 2008 ഓഗസ്റ്റ് 8. സ്നേഹനിധിയായ എന്റെ അച്ഛനെ നെഞ്ചുവേദന വന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ. ജയപ്രകാശ് സാർ വിശദമായി പരിശോധിച്ച് ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചു. 80 വയസ്സിനോടടുത്ത, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന അച്ഛന് ആൻജിയോഗ്രാം ചെയ്യാൻ മനസ്സിൽ ഭയമുണ്ടായിരുന്നെങ്കിലും ആ സാഹചര്യത്തിൽ അത് അനിവാര്യമായിരുന്നു. അച്ഛനു വളരെ ഗുരുതരമായ ബ്ലോക്ക് ഉണ്ടെന്നും ഉടനെ ശസ്ത്രക്രിയ ആവശ്യമാണെന്നും മനസ്സിലായി. അപ്പോൾത്തന്നെ എറണാകുളം ലിസി ആശുപത്രിയിൽ ജോസ് സാറിനെ വിളിച്ച് അങ്ങോട്ടു പോകാൻ തീരുമാനിച്ചു. ആംബുലൻസ് എത്തിയപ്പോഴേക്കും അച്ഛന്റെ നില വഷളായി.

ഹൃദയപരാജയത്തിന്റെ ഭാഗമായി ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അക്യൂട്ട് പൾമണറി എഡിമ എന്ന അവസ്ഥയായിരുന്നു അച്ഛന്റേത്. ആ അവസ്ഥയിൽ അച്ഛനെ എറണാകുളത്ത് എത്തിക്കുക അസാധ്യമായിരുന്നു. കോട്ടയത്തു ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ഞാൻ തന്നെ ചെയ്യേണ്ടിവരും. സ്വന്തം അച്ഛനെ ഇത്രയും ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയ നടത്തുന്നത് ഒരു ഞെട്ടലോടെ ഞാൻ ഓർത്തു. അപ്പോൾത്തന്നെ ജോസ് സാറിനെ വീണ്ടും വിളിച്ചു. ആ സമയത്ത് ജോസ് സാർ ശസ്ത്രക്രിയ നടത്തുകയായിരുന്നതിനാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ഡോ. ജേക്കബ്‌ ഏബ്രഹാം എന്റെ ഫോൺ അറ്റൻഡ് ചെയ്യുകയും ഞാൻ പറഞ്ഞ കാര്യങ്ങൾ ജോസ് സാറിനെ ധരിപ്പിക്കുകയും ചെയ്തു.

വിവരങ്ങൾ പറഞ്ഞപ്പോൾ ഈ അവസ്ഥയിൽ അച്ഛനെ കൊണ്ടുവരേണ്ടെന്നും അദ്ദേഹവും ടീമും കോട്ടയത്തു വന്ന് ശസ്ത്രക്രിയ ചെയ്യാമെന്നും അറിയിച്ചു. അന്നേദിവസം 4 വലിയ ശസ്ത്രക്രിയകൾ കഴിഞ്ഞ് കോട്ടയം വരെ യാത്ര ചെയ്ത് ഞാൻ ആവശ്യപ്പെടുക പോലും ചെയ്യാതെ ഒരു മേജർ ഓപ്പറേഷന് തയാറായ ആ വലിയ മനസ്സിനു മുൻപിൽ എന്തു പറയണമെന്നറിയാതെ നിന്നു.രാത്രി എട്ടു മണിയോടെ അദ്ദേഹവും ടീമും കോട്ടയത്തെത്തി. അച്ഛന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി. 

ആശുപത്രിയിലെ ജോലിത്തിരക്കിനിടയിൽനിന്ന് കിടങ്ങൂരുള്ള എന്റെ വീട്ടിൽ എത്തുമ്പോഴൊക്കെയും അച്ഛനോടു ചേർന്ന് കെട്ടിപ്പിടിച്ചു കിടക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. ഓരോ പ്രാവശ്യവും അങ്ങനെ കിടക്കുമ്പോൾ അതിനു വീണ്ടും വർഷങ്ങളോളം ഭാഗ്യം തന്ന ജോസ് സാറിനെ ഓർത്ത് മനസ്സും കണ്ണും നിറഞ്ഞിട്ടുണ്ട്.

ഡോ. ജോസ് നേതൃത്വം കൊടുക്കുന്ന ഹാർട്ട് കെയർ ഫൗണ്ടേഷൻ വഴി ആയിരത്തിലധികം പേർക്കു കോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുകയുണ്ടായി. കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തെ ബൈപാസ് ശസ്ത്രക്രിയ ചെയ്തപ്പോഴും ഹൃദയം മാറ്റിവയ്ക്കൽ നിർവഹിച്ചപ്പോഴും അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയും മാർഗനിർദേശങ്ങളും എനിക്കുണ്ടായിരുന്നു.

ഡോ. ടി.കെ.ജയകുമാർ, മെഡിക്കൽ സൂപ്രണ്ട് & കാർഡിയാക് സർജൻ, കോട്ടയം മെഡിക്കൽ കോളജ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com