ADVERTISEMENT

അനശ്വര സംഗീതജ്ഞൻ ബീഥോവന്റെ  250–ാം ജന്മവാർഷികം ഡിസംബർ 16ന്...

കേൾവി നഷ്ടപ്പെട്ട ഒരാൾ മനസ്സിലെ അനുപമസുന്ദര സംഗീതം മാനവരാശിക്കു നൽകുന്നതിന് ഭൂമിയിൽ അവതരിച്ചതിന്റെ 250–ാം വാർഷികമാണ് ഈ മാസം 16ന്. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലെ മഹാപർവതമായ ലൂഡ്‌വിക് വാൻ ബീഥോവന്റെ ജന്മദിനം. സ്നേഹവും ആഹ്ലാദവും ആവേശവും വിശ്വമാനവികതയും ആത്മീയതയും സംഗീതത്തിലൂടെ പ്രചരിപ്പിച്ച് അനശ്വരനായി മാറി ആ മഹാസംഗീതജ്ഞൻ. 

പാരമ്പര്യവഴിയിലെ  ബാലപ്രതിഭ

ജർമനിയിലെ ബോണിൽ സംഗീതകുടുംബത്തിലായിരുന്നു ബീഥോവന്റെ ജനനം; 1770 ഡിസംബർ 16ന്. കൃത്യമായ രേഖകളുടെ പിൻബലം ജനനത്തീയതിക്കില്ല. യോഹാൻ വാൻ ബീഥോവന്റെയും മരിയ മഗദലീന കെവിറിച്ചിന്റെയും രണ്ടാമത്തെ മകൻ ലൂഡ്‌വിക്കിന് 1770 ഡിസംബർ 17ന് സെന്റ് റെമീജിയൂസ് കത്തോലിക്കാ പള്ളിയിൽ മാമോദീസ നൽകിയതിന്റെ രേഖകളുണ്ട്.

കുഞ്ഞു പിറന്നാൽ 24 മണിക്കൂറിനകം മാമോദീസ എന്നതായിരുന്നു അക്കാലത്തെ രീതി. അതിനാൽ ഡിസംബർ 16 ആണ് തന്റെ ജനനത്തീയതി എന്ന് ബീഥോവനും വിശ്വസിച്ചിരുന്നു. ബീഥോവന്റെ ആറു സഹോദരങ്ങളിൽ നാലുപേർ ബാലാരിഷ്ടകളെ അതിജീവിച്ചില്ല. കാസ്പർ ആന്റൺ കാൾ, നിക്കളോസ് യോഹാൻ എന്നിവരായിരുന്നു സഹോദരന്മാർ. 

മുത്തശ്ശനും പിതാവും സംഗീതജ്ഞരായിരുന്നു. ബീഥോവനും കുഞ്ഞുപ്രായത്തിൽത്തന്നെ സംഗീതവൈഭവം പ്രകടിപ്പിച്ചതോടെ പിതാവ് മകന്റെ സംഗീത പഠനച്ചുമതല ഏറ്റെടുത്തു. ഓർഗനിസ്റ്റ് ക്രിസ്റ്റ്യൻ ഗോട്ട്‌ലോബ് നീഫെയുടെ ശിക്ഷണത്തിൽ പത്താം വയസ്സിൽ പഠനം തുടങ്ങിയതോടെയാണ് ബീഥോവന്റെ സംഗീതജീവിതം വികാസം പ്രാപിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് നീഫെയുടെ അസിസ്റ്റന്റായി മാറിയ ബാലപ്രതിഭയുടെ ആദ്യ സംഗീതരചന പ്രസിദ്ധീകരിക്കപ്പെട്ടതും സംഗീതത്തിൽനിന്നു വരുമാനം ലഭിച്ചുതുടങ്ങിയതും ഇക്കാലത്താണ്.

Beethoven2
ബീഥോവന്റെ 1804ലെ ഛായാചിത്രം (സുഹൃത്ത് വില്ലിബ്രോഡ് ജോസഫ് മാലർ വരച്ചത്).

വിയന്ന, മൊസാർട്ട്, ഹയ്ഡ്ൻ

ബീഥോവൻ ആദ്യമായി വിയന്നയിൽ എത്തിയത് 1787ൽ വിഖ്യാത സംഗീതജ്ഞൻ മൊസാർട്ടിനെ സന്ദർശിക്കാനാണ്. തൊട്ടടുത്ത വർഷം മറ്റൊരു പ്രശസ്ത സംഗീതജ്ഞൻ ജോസഫ് ഹയ്ഡ്നെ പരിചയപ്പെട്ടു. സംഗീതത്തിലെ ഉന്നതപഠനത്തിനു വിയന്നയിലേക്കു ഹയ്ഡ്ൻ ക്ഷണിച്ചു. 1792ൽ ബീഥോവൻ വീണ്ടും വിയന്നയിലെത്തി. മൊസാർ‍ട്ട് അതിന്റെ തലേവർഷം അകാലചരമമടഞ്ഞു. ഹയ്ഡ്ന്റെ ശിക്ഷണത്തിൽ സംഗീതപഠനം പുനരാരംഭിച്ച ബീഥോവനെ വൈകാതെ വിയന്നയിലെ സംഗീതസമൂഹം ഏറ്റെടുത്തു. 1794ൽ ഹയ്ഡ്ൻ ലണ്ടനിലേക്കു പോയതോടെ വിയന്നയുടെ സംഗീതലോകത്ത് ബീഥോവൻ താരമായി. 

ചേംബർ സംഗീതം, കമ്മിഷൻഡ് വർക്കുകൾ, കംപോസർ എന്നും പിയാനിസ്റ്റ് എന്നുമുള്ള യശസ്സ്, വലിയ ശിഷ്യഗണം, സ്കോർബുക്കുകളുടെ പ്രസിദ്ധീകരണം വഴി കനത്ത വരുമാനം, കൊണ്ടുനടക്കാനും ആഘോഷത്തിനും ആരാധകവൃന്ദം... ബീഥോവന്റെ നല്ലകാലം തുടങ്ങുകയായിരുന്നു. ഓസ്ട്രിയൻ, ബൊഹീമിയൻ, ഹംഗേറിയൻ വംശജരായ പ്രഭുക്കന്മാരുടെയും ഭരണകർത്താക്കളുടെയും സഭാപ്രമുഖരുടെയും സൗഹൃദവും പിന്തുണയും ആവോളം. ബീഥോവന്റെ സംഗീതം ഡാന്യൂബ് നദിപോലെ ഒഴുകിത്തുടങ്ങി. 

സംഗീതസംഭാവനകളുടെ എണ്ണമെടുത്താൽ മുൻഗാമികളായ ഹയ്ഡ്ന്റെയും മൊസാർട്ടിന്റെയും അടുത്തൊന്നും എത്തില്ല ബീഥോവൻ. ഉദാഹരണമായി സിംഫണികൾ. ബീഥോവന് അവ 9 എണ്ണം മാത്രം. മൊസാർട്ടിന് 47ഉം ഹയ്ഡ്ന് 106ഉം സിംഫണികളുണ്ട്. മെൻഡൽസൺ (17), ആന്റൺ ബ്രൂക്നർ (11), ഫ്രാൻസ് ഷൂബർട്ട് (10) എന്നിവരും എണ്ണത്തിൽ മുന്നിലുണ്ട്. പക്ഷേ, സിംഫണികളുടെ ജനപ്രീതിയിലും റിക്കോർഡുകളുടെ എണ്ണത്തിലും ഇന്നും ബീഥോവന്റെ സ്ഥാനം അതുല്യം. പാശ്ചാത്യ സംഗീതലോകത്തെ നാഴികക്കല്ലുകളാണ് അദ്ദേഹത്തിന്റെ സിംഫണികൾ. 

കേൾക്കാത്ത ശബ്ദം

26–ാം വയസ്സിലാണ് തന്റെ കേൾവിശക്തി കുറയുന്നതു ബീഥോവനു മനസ്സിലായത്. ഏതാനും വർഷംകൊണ്ടു ബീഥോവൻ പൂ ർണ ബധിരതയിലെത്തി. ഒപ്പം കടുത്ത വിഷാദവും പിടിമുറുക്കി. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നതായി അദ്ദേഹം 1802ൽ സഹോദരങ്ങൾക്ക് എഴുതി; സംഗീതം ഒന്നുമാത്രമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നും. 

കേൾവി നഷ്ടപ്പെട്ടതോടെ ബീഥോവന്റെ സംഗീതം മറ്റൊരു തലത്തിലേക്ക് ഉയരുന്നതാണു ലോകം കണ്ടത്. സിംഫണികളടക്കം അദ്ദേഹത്തിന്റെ പ്രധാന സംഗീതശിൽപങ്ങൾ ഏറെയും പിറവികൊണ്ടത് 1800നു ശേഷമാണ്. പക്ഷേ, കേൾവിപരിമിതി ബീഥോവന്റെ സ്വഭാവത്തെ മാറ്റിമറിച്ചു. അവസരങ്ങൾ നഷ്ടമായി താൻ ദരിദ്രനാകുമോ എന്ന ഭീതിയും നിയന്ത്രിക്കാനാകാത്ത കോപവും അടുത്ത സുഹൃത്തുക്കളെപ്പോലും സംശയവും ഒക്കെയായി. മദ്യപാനം അനിയന്ത്രിതമായി.

1816നു ശേഷം പൊതുവേദികളിൽനിന്ന് അകന്നു. അവനവനിലേക്കും ആത്മീയതയിലേക്കും ബീഥോവൻ ഒതുങ്ങിക്കൂടിയപ്പോൾ അദ്ദേഹത്തിന്റെ സംഗീതം കൂടുതൽ സാന്ദ്രവും ഗഹനവുമായി. മിസാ സോളംനിസ് എന്ന ആരാധനാഗീതവും ഒൻപതാം സിംഫണിയുമൊക്കെ അവസാനകാലത്തെ സൃഷ്ടികളാണ്. 

ഏകാകിയായ കാമുകൻ

അവിവാഹിതനായിരുന്നു ബീഥോവൻ. പ്രഭുകുടുംബങ്ങളിലെ സംഗീതാധ്യാപകൻ, പേരുകേട്ട സംഗീതജ്ഞൻ എന്നീ നിലകളിൽ ആരാധികമാരുടെ പ്രിയങ്കരൻ. ഒട്ടേറെ പ്രണയബന്ധങ്ങളും. പക്ഷേ, സാധാരണ പശ്ചാത്തലത്തിൽനിന്നു വന്ന ബീഥോവന് പ്രഭുകുടുംബങ്ങളിലെ പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള യോഗ്യത അക്കാലത്തെ യൂറോപ്യൻ സമൂഹം അനുവദിച്ചു കൊടുത്തില്ല. വിവാഹിതരായ ഏതാനും കാമുകിമാരും ഉണ്ടായിരുന്നു. അനിവാര്യമായ തകർച്ചകളിലൂടെ ആ ബന്ധങ്ങളും അദ്ദേഹത്തെ കൂടുതൽ വിഷാദവാനാക്കി. 

Beethovenwife
ബീഥോവന്റെ പ്രണയിനിയായിരുന്ന ആന്റൗൻ ബ്രെന്റാനോ, ജർമനിയിലെ ബോണിൽ ബീഥോവൻ ജനിച്ച വീട്. ഇപ്പോൾ മ്യൂസിയം.

അനശ്വര പ്രണയിനിക്ക് എന്ന പേരിൽ 1812ൽ ബീഥോവൻ എഴുതിയ ഹൃദയസ്പർശിയായ ഒരു കത്തുണ്ട്. ആർക്കാണെന്നു വ്യക്തമായിരുന്നില്ലെങ്കിലും ബീഥോവൻ മരിച്ച് 150 വർഷത്തിനു ശേഷം പ്രസിദ്ധീകരിച്ച ജീവചരിത്രത്തിൽ എഴുത്തുകാരൻ മെയ്നാർഡ് സോളമൻ ആ വനിതയെക്കുറിച്ചെഴുതി. വിയന്നയിലെ ബിസിനസുകാരനായ ഫ്രാൻസ് ബ്രെന്റാനോയുടെ ഭാര്യയും നാലു കുട്ടികളുടെ അമ്മയുമായ ആന്റൗൻ ബ്രെന്റാനോ ആയിരുന്നു അത്. ആനക്കൊമ്പിൽ വരച്ച അവരുടെ ചെറുചിത്രം ബീഥോവന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽനിന്നു കണ്ടെടുത്തിരുന്നു. 

തകരുന്ന ജീവിതം

സഹോദരങ്ങളോടുള്ള സ്നേഹംമൂലം ദുരനുഭവങ്ങളും ഏറെയായിരുന്നു. അനുജൻ നിക്കളോസ് യോഹാന്റെ ജീവിതത്തിലെ താളപ്പിഴകളും മറ്റൊരു അനുജൻ കാസ്പറിന്റെ അകാലമരണവും തുടർന്ന് സഹോദരപുത്രൻ കാളിന്റെ രക്ഷാകർതൃത്വം നേടാൻ സഹോദരന്റെ ഭാര്യയുമായി നടത്തിയ നീണ്ട നിയമയുദ്ധവുമെല്ലാം ബീഥോവനെ തളർത്തി. ഒടുവിൽ വിയന്നയിലെ സംഗീതലോകത്തു നിന്നുള്ള ക്രൂരമായ അവഗണന കൂടിയായപ്പോൾ തകർച്ച പൂർണമായി. 

കേൾവിപരിമിതി വകവയ്ക്കാതെ ബീഥോവൻ നടത്തിയ അവസാന സോളോ പെർഫോമൻസ് വലിയ പരാജയമായിരുന്നു. കൃത്യമായി ട്യൂൺ ചെയ്യാത്ത പിയാനോയിൽനിന്ന് തന്റെ ലോകോത്തര രചനകൾ അപശബ്ദങ്ങളായി വരുന്നത് അദ്ദേഹം കേട്ടതേയില്ല. 

ഏതാനും മാസങ്ങൾ രോഗശയ്യയിൽ കഴിഞ്ഞശേഷം 1827 മാർച്ച് 27ന് ബീഥോവൻ അന്തരിച്ചു. അമിത മദ്യപാനം കാരണമുള്ള കരൾരോഗമായിരുന്നു മരണകാരണം. മരണക്കിടക്കയിൽ തന്നെ കാണാനെത്തിയ അടുപ്പക്കാരോട് അദ്ദേഹം പറഞ്ഞു ‘‘ഈ കോമഡി അവസാനിക്കുകയാണ്.’’

മുൻപേ പറന്ന സംഗീതപ്പക്ഷി‌

സ്വന്തം സംഗീതത്തെക്കുറിച്ച് സുദൃഢമായ ആത്മവിശ്വാസമായിരുന്നു ബീഥോവന്. പാരമ്പര്യ രീതികളിൽനിന്നു മാറിനടന്നതിനടക്കം തന്നെ ചോദ്യം ചെയ്ത വിമർശകരോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘‘ഇതു നിങ്ങൾക്കു വേണ്ടിയുള്ളതല്ല, വരുന്ന കാലങ്ങൾക്കായാണ്.’’ ആ വാക്കുകൾ അക്ഷരംപ്രതി ശരിയായി. രണ്ടു നൂറ്റാണ്ടു കഴിഞ്ഞിട്ടും ലോകമെമ്പാടും ബീഥോവന്റെ സംഗീതം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. സ്വർഗത്തിലിരുന്ന് അദ്ദേഹം അതൊക്കെ കേൾക്കുന്നുണ്ടായിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com