അ+ ആ= സൈലന്റ് വാലി

silent valley
ആശാലതയും അജയ്ഘോഷും
SHARE

‘അ’ എന്നാൽ മലയാളികൾക്ക് അമ്മയാണ്. ‘ആ’ എന്നാൽ ആനയും. എന്നാൽ, സൈലന്റ് വാലിയിൽ എത്തുമ്പോൾ ‘അ’ അജയ്ഘോഷും ‘ആ’ ആശാലതയുമായി മാറും. രാജ്യാന്തര പ്രശസ്തിയാർജിച്ച സൈലന്റ് വാലി നാഷനൽ പാർക്കിലെ രണ്ടു റേഞ്ചുകൾ പരിപാലിക്കുന്ന റേഞ്ച് ഓഫിസർമാരാണ് അജയ്ഘോഷ് – ആശാലത ദമ്പതിമാർ. നാഷനൽ പാർക്കിൽ 2 റേഞ്ചുകളാണുള്ളത് – സൈലന്റ് വാലിയും ഭവാനിയും. ഇതിൽ സൈലന്റ് വാലി റേഞ്ച് ഓഫിസറാണ് അജയ്ഘോഷ്. ഭവാനിയിൽ ആശാലതയും.

റേഞ്ചിന്റെ വിസ്തൃതി നോക്കിയാൽ അജയ് ആണു വൻ പുള്ളി. സൈലന്റ് ‌വാലി 143.52 ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ ഭവാനിക്ക് 94 കിലോമീറ്ററേ ഉള്ളൂ. ഇതിനു മുൻപും ഇവർ ഒന്നിച്ച് ഒരേ വനം ഡിവിഷനിൽ ജോലി ചെയ്തിട്ടുണ്ട് – വയനാട് വൈൽഡ്‌ലൈഫ് ഡിവിഷനിൽ. അജയൻ കുറിച്യാട് റേഞ്ചിലും ആശാലത മുത്തങ്ങ റേഞ്ചിലും. എന്നാൽ, അവിടെ ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകൾ കൂടി ഉണ്ടായിരുന്നതിനാൽ വനഭരണം തീർത്തും ‘കുടുംബകാര്യ’മായിരുന്നില്ല.

അജയ് തൃശൂർ ആമ്പല്ലൂരുകാരനാണ്. ആശാലത കുന്നംകുളത്തുകാരിയും. റിട്ട. തഹസിൽദാർ വി.എ. മോഹനന്റെയും റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ എം.വി.നളിനിയുടെയും മകനാണ് അജയ്ഘോഷ്. ആശാലതയുടെ അച്ഛൻ ഡോ. കെ.ആറുമുഖം മൃഗസംരക്ഷണ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്നു. അമ്മ  കെ. കെ.ശാന്ത കാർഷിക സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറും. അജയും ആശയും പഠിച്ചത് വെള്ളാനിക്കര ഫോറസ്ട്രി കോളജിൽ. കോഴ്സ് കഴിഞ്ഞു 2012ൽ റേഞ്ച് ഓഫിസർമാരായി. പിന്നെ പലയിടങ്ങളിൽ ജോലി ചെയ്തു. ഒടുവിൽ സൈലന്റ് വാലിയിലും. അതോടെയാണ് ഒരു നാഷനൽ പാർക്ക് അപ്പാടെ ‘കുടുംബാധിപത്യ’ത്തിനു കീഴിലായത്.

കാട്ടുകാര്യത്തിനിടയിൽ വീട്ടുകാര്യം നോക്കാൻ അൽപം പ്രയാസപ്പെടുന്നുണ്ടെങ്കിലും ഇരുവർക്കും വീട്ടുകാര്യം പാടേ അവഗണിക്കാനാവില്ല. കാരണം പാർക്കിനകത്ത് മുക്കാലിയിലെ ക്വാർട്ടേഴ്സിൽ നാലര വയസ്സുകാരി അവന്തികയും ഉണ്ട് എന്നതു തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA