ക്രിസ്മസ് ബത്‌ലഹമിലും ജറുസലമിലും; വിശുദ്ധനാടുകളിലെ തിരുപ്പിറവി വിശേഷങ്ങൾ

Christmas-Nativity-Scene
ബത്‌‌ലഹം മെയ്ഞ്ചർ സ്‌ക്വയറിലെ തിരുപ്പിറവി ചിത്രീകരണം (2019)
SHARE

കത്തോലിക്കരും  പ്രൊട്ടസ്റ്റന്റുകാരുംഓർത്തഡോക്‌സ് സഭാവിഭാഗങ്ങളിൽ ചിലതും ഡിസംബർ 25നു ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുമ്പോൾ അർമീനിയൻ സഭക്കാർ ജനുവരി ആറിനും ഓർത്തഡോക്‌സ് സഭയിലെ മറ്റൊരു വിഭാഗം ജനുവരി ഏഴിനുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അതുകൊണ്ട് ഒന്നര മാസം ജറുസലമിലും പരിസരങ്ങളിലും ക്രിസ്മസ് കാലമാണ്.

യേശുവിന്റെ ജനനവും ബാല്യകാല ജീവിതവും പീഡാനുഭവങ്ങളുമെല്ലാം ജറുസലം നഗരത്തിലും പരിസരങ്ങളിലുമായാണു നടന്നത്. അതുകൊണ്ട് ക്രിസ്‌തുമതത്തിലെ മിക്ക വിഭാഗങ്ങൾക്കും ജറുസലമിൽ ആരാധനാലയങ്ങളുണ്ട്. യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട 10 കിലോമീറ്ററിനുള്ളിലാണ് മിക്ക ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്. 

യേശു ജനിച്ചത് ബത്‌ലഹമിലെ കാലിത്തൊഴുത്തിൽ; ക്രൂശിതനായ യേശുവിനെ അടക്കം ചെയ്‌തത് ജറുസലമിലെ ഉയിർപ്പിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നിടത്തും. രണ്ടു നഗരങ്ങളും ഇന്ന് രണ്ടു രാജ്യങ്ങളിലാണ്. ബത്‌ലഹം പലസ്‌തീനിലാണെങ്കിൽ ജറുസലം ഇസ്രയേലിൽ. രണ്ടു ദേവാലയങ്ങളും തമ്മിലുള്ള ദൂരവ്യത്യാസം 9.8 കിലോമീറ്റർ മാത്രം. ലോകത്തിലെ ഏക ജൂതരാജ്യമായ ഇസ്രയേലിൽ ക്രിസ്‌മസ് ഔദ്യോഗിക അവധിയുള്ള ആഘോഷമല്ല. ക്രിസ്മസിന്റെ വിപുലമായ ആഘോഷങ്ങൾ ജറുസലമിൽ കാണാനാകില്ല. പകരം, ജൂതരുടെ പ്രകാശത്തിന്റെ ഉത്സവമായ ‘ഹനുക്ക’ ആഘോഷത്തിനായി നഗരവീഥികൾ അലങ്കരിച്ചിരിക്കുന്നതിനാൽ വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ക്രിസ്‌മസ് പ്രതീതി അനുഭവപ്പെടും.

holy-sepulcher-church-jerusalem
ജറുസലമിലെ ഉയിർപ്പിന്റെ ദേവാലയം

 ക്രിസ്മസ് തലേന്ന്, ലോക ക്രൈസ്‌തവരുടെ പ്രധാന ആരാധനാലയമായ ഉയിർപ്പിന്റെ പള്ളിയിൽ തിരുപ്പിറവിയുടെ ചടങ്ങുകളോ പാതിരാക്കുർബാനയോ ഇല്ല. ഉയിർപ്പിന്റെ ദേവാലയം ലത്തീൻ, കോപ്‌റ്റിക്, അർമീനിയൻ, സിറിയൻ, ഇത്യോപ്യൻ കത്തോലിക്കാ വിഭാഗങ്ങൾക്കും ഗ്രീക്ക് ഓർത്തഡോക്‌സ് സഭയ്ക്കുമായി വീതിക്കപ്പെട്ടതാണ്. ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ പാരമ്പര്യമായി സൂക്ഷിക്കാനുള്ള അവകാശം നുസെബഹ്, ജുദാഹ് എന്നീ രണ്ടു മുസ്‌ലിം കുടുംബങ്ങൾക്കാണ്. ഇപ്പോഴത്തെ ചുമതലക്കാരനായ വാജിഹ് നുസെബഹ് തീർഥാടകർക്കും ക്രൈസ്‌തവർക്കും അകത്തു പ്രവേശിക്കുന്നതിനും കർമങ്ങൾ ചെയ്യുന്നതിനുമായി ദിവസവും മുറതെറ്റാതെ തുറന്നു കൊടുക്കുന്നു. പള്ളിക്കകത്ത് ഫ്രാൻസിസ്‌കൻ കത്തോലിക്കാ പുരോഹിതർ താമസിക്കുന്നുമുണ്ട്.

Christmas-Tree-at-Manger-square-last-year
മെയ്ഞ്ചർ സ്ക്വയറിൽ ക്രിസ്‌മസ് ട്രീ പ്രകാശനത്തിനു ശേഷം നടന്ന വർണക്കാഴ്‌ച (2019)

ക്രിസ്മസ് തലേന്നു സന്ധ്യയ്ക്ക് 7ന് അടച്ചു കഴിഞ്ഞാൽ പുലർച്ചെ നാലിനാണ് പള്ളിയുടെ മുൻ കവാടം തുറക്കുക. ക്രിസ്മസ് തലേന്ന് ഉച്ചയ്ക്കു ശേഷം ഉയിർപ്പിന്റെ ദേവാലയത്തിൽനിന്നു ബത്‌ലഹമിലെ തിരുപ്പിറവി ദേവാലയത്തിലേക്ക് കത്തോലിക്കാ പാത്രിയർക്കീസ് പുറപ്പെടുന്നതോടെ ജറുസലമിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ തലേന്നത്തെ ആഘോഷങ്ങൾ അവസാനിക്കുന്നു. 

Nativity-Church-Betlehem
ബത്‌ലഹമിലെ തിരുപ്പിറവി ദേവാലയം

പാത്രിയർക്കീസിന്റെ യാത്ര ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയായിരിക്കും. ജറുസലമിലെ കത്തോലിക്കരുടെ പുരോഹിത മുഖ്യനാണ് പാത്രിയർക്കീസ്. നവംബറിൽ പാത്രിയർക്കീസ് സ്ഥാനമേൽക്കുന്നതു വരെ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ചുമതല വഹിച്ച ആർച്ച്ബിഷപ് പിയർബാറ്റിസ്റ്റ പിസബെല്ലയാണ് ഇത്തവണയും യാത്ര നയിക്കുന്നത്. ജറുസലമിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ പിറവിയുടെ ചടങ്ങുകളോ പാതിരാക്കുർബാനയോ ഇല്ല. ക്രിസ്മസ് ദിനത്തിൽ രാവിലെ നാലു മുതൽ നഗരത്തിലെ ഇരുപതോളം ദേവാലയങ്ങളിൽ ദിവ്യബലികളുണ്ട്. മിക്കയിടങ്ങളിലും രാവിലെ പത്തു മണിക്കാണ് ആഘോഷമായ ക്രിസ്മസ് കുർബാന. 

പലസ്‌തീനിന്റെ ഭാഗമായ ബത്‌ലഹമിലാണ് ഏറ്റവും ഊഷ്‌മളമായ ക്രിസ്മസ് ആഘോഷങ്ങൾ. യേശു ജനിച്ചുവീണ സ്ഥലത്തു നിർമിച്ച ദേവാലയത്തിൽ പിറവിയുടെ ചടങ്ങുകൾ കാണാൻ അനേകം അക്രൈസ്‌തവരും എത്താറുണ്ട്. 

ബത്‌ലഹമിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രിസ്‌ത്യൻ ദേവാലയങ്ങളിൽനിന്നു ക്രിസ്മസ് തലേന്ന് ഉച്ച കഴിഞ്ഞാൽ ഘോഷയാത്രകളുണ്ട്. 

christmas-tree-in-Bethlehem
ബത്‌ലഹമിൽ ക്രിസ്മസ് ട്രീ ഒരുക്കുന്നു (2019)

ജറുസലമിൽനിന്നു 140 കിലോമീറ്റർ അകലെയുള്ള നസ്രത്തിലും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രയുണ്ട്. ഘോഷയാത്ര മംഗളവാർത്താ ബസിലിക്കയ്ക്കടുത്ത പ്ലാസ മൈതാനിയിലെത്തുമ്പോൾ കരിമരുന്നു പ്രയോഗം. ആയിരക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്ന കാഴ്‌ചയാണത്. തിരുപ്പിറവിയുടെ ദേവാലയത്തിൽ അർധരാത്രി നടക്കുന്ന ചടങ്ങുകൾക്കായി ആയിരക്കണക്കിനു ക്രൈസ്‌തവർ ദേശാന്തരങ്ങളിൽനിന്നു വന്നുചേരുന്നു. 

ഡിസംബർ ഒന്നിന് ബത്‌‌ലഹമിലെ പ്രസിദ്ധമായ മെയ്ഞ്ചർ ചത്വരത്തിൽ പടുകൂറ്റൻ ക്രിസ്‌മസ് ട്രീ പ്രകാശിപ്പിച്ച് ഇക്കൊല്ലത്തെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടു. പലസ്‌തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയും ആർച്ച്ബിഷപ് പിയർബാറ്റിസ്റ്റ പിസബെല്ലയും ബത്‌‌ലഹം മേയർ ആന്റൻ സൽമാനുമൊക്കെ ചടങ്ങുകളിൽ പങ്കെടുത്തു. സാധാരണ ആയിരക്കണക്കിനാളുകൾ പങ്കെടുക്കാറുള്ള ചടങ്ങ് കോവിഡ് മൂലം ഇത്തവണ നാമമാത്രമായിരുന്നെങ്കിലും ലക്ഷക്കണക്കിനാളുകൾ ഓൺലൈനിലൂടെയും ടിവിയിലൂടെയും അതു കണ്ടു. 

സായാഹ്നങ്ങളിൽ സംഗീതവിരുന്നും കരിമരുന്നു പ്രയോഗവും സാധാരണയാണെങ്കിലും ഇത്തവണ എല്ലാ അലങ്കാരങ്ങൾക്കും മങ്ങലേറ്റു. 

ക്രിസ്മസ് തലേന്ന് ഉച്ചയ്ക്കു ശേഷം ജറുസലമിലെ ഉയിർപ്പിന്റെ ദേവാലയത്തിൽനിന്നു പുറപ്പെടുന്ന ആർച്ച്ബിഷപ് പിയർബാറ്റിസ്റ്റ പിസബെല്ല ഒന്നരയോടെ തിരുപ്പിറവി ബസിലിക്കയിൽ പ്രവേശിക്കും. തുടർന്നു തിരുക്കർമങ്ങൾ തുടങ്ങുകയായി. നാലിനു മെയ്ഞ്ചർ ചത്വരത്തിലുള്ള തിരുപ്പിറവി ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. അർധരാത്രി തുടങ്ങുന്ന ക്രിസ്മസ് ശുശ്രൂഷകൾ 1.45 വരെ നീളുന്നു. ചടങ്ങുകൾക്കു ശേഷം ഉണ്ണിയേശുവിന്റെ രൂപം മെയ്ഞ്ചർ സ്‌ക്വയറിൽ മനോഹരമായി അലങ്കരിച്ച പുൽക്കൂട്ടിൽ പ്രതിഷ്‌ഠിക്കുന്നതോടെ ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്കു കടക്കുകയായി. 

ക്രിസ്മസ് രാത്രി മെയ്ഞ്ചർ സ്‌ക്വയറും അതിനോടു ചേർന്നുള്ള തിരുപ്പിറവി ദേവാലയവും സാധാരണ ജനങ്ങളാൽ നിറഞ്ഞിരിക്കും. 2500 പേരെ ഉൾക്കൊള്ളാവുന്ന പള്ളിക്കകത്തേക്കുള്ള പ്രവേശനം ഇത്തവണ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്.

English Summary: christmas at bethlehem, jerusalem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA