എങ്ങാനുമുണ്ടോ കണ്ടൂ...

madhavan-kutty
ചിറക്കര മാധവൻകുട്ടി, കഥകളിവേഷത്തിൽ ചിറക്കര മാധവൻകുട്ടി
SHARE

കഥകളിയിൽ സ്ത്രീവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ചിറക്കര മാധവൻകുട്ടി എവിടെ? മടങ്ങിവരാമെന്നു വാക്കുനൽകി പുഞ്ചിരിയോടെ നടന്നകന്നിട്ടു10 വർഷം കഴിഞ്ഞു. ഒട്ടേറെ അന്വേഷണങ്ങൾ നടത്തിയിട്ടും ആ മുഖം രംഗത്തു വന്നിട്ടില്ല. എന്നിട്ടും കഥകളി ആസ്വാദകർ കാത്തിരിക്കുന്നു: എവിടെയെങ്കിലും ഉണ്ടാകും; ഏതു നിമിഷവും വന്നേക്കാം. കൊല്ലം ചിറക്കരയിലെ  ജനങ്ങൾക്കുമുണ്ട് ആ വിശ്വാസം.

ആട്ടവിളക്കിനു മുന്നിൽനിന്ന് അജ്ഞാതവാസത്തിലേക്കു പോയതു ചിറക്കര മാധവൻകുട്ടി മാത്രമല്ല, കുന്തിയും ദമയന്തിയും മോഹിനിയും ദേവയാനിയും ചന്ദ്രമതിയുമൊക്കെയുണ്ട് ആ യാത്രയിൽ. എങ്ങോട്ടെന്നില്ലാതെ നടന്നകന്ന വിഖ്യാത കഥകളി നടൻ മാധവൻകുട്ടി മടങ്ങിവരുമോ? കാത്തിരിപ്പിന്റെ 10 വർഷങ്ങൾ... 

കൊല്ലം ചിറക്കര സ്വദേശിയായ നടനെ കാണാതായത് 72–ാം വയസ്സിൽ, 2011 ജനുവരിയിൽ. ഇടയ്ക്കിടെ ഒറ്റയാനായി മാറിനിന്നും പിന്നെ ഓടിവന്നും വിസ്മയിപ്പിക്കുന്നതിൽ ആശാനു വഴക്കമുള്ളതിനാൽ വൈകാതെ വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ, 6 മാസമായിട്ടും ആ മുഖം കാണാതായപ്പോൾ ജൂലൈ 31നു ബന്ധുക്കൾ പരവൂർ പൊലീസിനു പരാതി നൽകി. പൊലീസും ക്രൈംബ്രാഞ്ചും പല നാടുകൾ സഞ്ചരിച്ചെങ്കിലും കഥയാത്രികനെ ഇനിയും കണ്ടെത്താനായിട്ടില്ല. 

11 വയസ്സു മുതൽ അരങ്ങത്ത് ആടിത്തുടങ്ങിയ ആശാനെ അനുമോദിച്ചവരിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മുതൽ എത്രയോ പേർ! സ്ത്രീവേഷങ്ങളിൽ അഭിരമിച്ച, ഒട്ടേറെ ശിഷ്യരെ സൃഷ്ടിച്ച സൗമ്യൻ. കൊല്ലം ചിറക്കര കുന്നത്തുവീട്ടിൽ രാമൻപിള്ളയുടെയും ചെല്ലമ്മയുടെയും 5 മക്കളിൽ മൂന്നാമൻ. 1939 ജൂൺ 13നു ജനനം. പള്ളിക്കൂടത്തെക്കാൾ മാധവൻകുട്ടിയെ മോഹിപ്പിച്ചതു കഥകളിനടൻ ചിറക്കര നാണുവാശാന്റെ ഭാവങ്ങൾ. കളരിക്കു പുറത്തുനിന്നു കളിയൊരുക്കം കാണുന്ന കുട്ടിയിൽ കഥയാട്ടത്തിന്റെ തിളക്കം കണ്ടെത്തുകയായിരുന്നു നാണുവാശാൻ. മെയ്‌വഴക്കം ആർജിച്ച മാധവൻകുട്ടി വൈകാതെ അരങ്ങേറ്റം നടത്തി. രുക്മിണീസ്വയംവരത്തിലെ കൃഷ്ണനായിരുന്നു വേഷം. അവിടെ നിന്നു കായംകുളത്തെ മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കളരിയിലേക്ക്. മാങ്കുളം ആദ്യകാലത്തു സ്ത്രീവേഷക്കാരനായിരുന്നു; പിന്നീടു നായകവേഷത്തിലേക്കു മാറി. അക്കാലത്തു കുടമാളൂർ കരുണാകരൻ നായരായിരുന്നു പ്രധാന സ്ത്രീവേഷക്കാരൻ. തന്റെ പുരുഷവേഷത്തിന് ഇണങ്ങുന്ന സ്ത്രീവേഷക്കാരനായി മാധവൻകുട്ടിയെ മാങ്കുളം അണിയിച്ചെടുത്തു. ഭാഷയിലും പുരാണങ്ങളിലും പണ്ഡിതനായിരുന്ന മാങ്കുളം, ആട്ടക്കാരും അങ്ങനെയാകണമെന്നു ശഠിച്ചിരുന്നു. കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ ആട്ടക്കാരുടെ ഭാവങ്ങൾക്കു പൂർണതയുണ്ടാകില്ല. 

chirakkara
ചിറക്കര മാധവൻകുട്ടി കഥകളിവേഷത്തിൽ

1952ൽ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ കളിയണിയറയിൽ സങ്കടത്തോടെയിരിക്കുന്ന മാധവൻകുട്ടിയെ മാങ്കുളം ശ്രദ്ധിച്ചു. ‘എന്താടാ വിഷമിച്ചിരിക്കുന്നത്? വേഷമൊന്നും കിട്ടിയില്ലേ?’ മാധവൻകുട്ടി മിണ്ടിയില്ല. കളിയുടെ ചുമതലക്കാ രനായ ഉണ്ണിത്താൻ ഭാഗവരോടു മാങ്കുളം ചോദിച്ചു, ‘ഇവനു വേഷമൊന്നുമില്ലേ?’ കളിക്കാരുടെ പട്ടിക പരിശോധിച്ച മാങ്കുളം നിർദേശിച്ചു, ‘മുഖശ്രീയുള്ള ഇവൻ ഭീമന്റെ കൂടെ പാഞ്ചാലിയാകട്ടെ.’ ഭീമവേഷത്തിനൊത്തു അരങ്ങിൽ തകർത്താടിയ പാഞ്ചാലിയെ അന്വേഷിച്ചുള്ള തിരക്കായിരുന്നു പിന്നീട്. 

കുട്ടിക്കാലത്തു സ്ത്രീവേഷം അഭ്യസിക്കുന്നവർ ചെറുപ്പത്തിനൊപ്പം ഉയരവും കൂടുമ്പോൾ താടിവേഷത്തിലേക്കു ചേക്കേറും. മാധവൻകുട്ടിയുടെ ശരീരം ഉയർന്നെങ്കിലും മനസ്സ് സ്ത്രീവേഷങ്ങളിൽ ലയിച്ചുല്ലസിച്ചു. ഒപ്പം പുരുഷവേഷങ്ങളും പഠിച്ചു. മനയോലയും ചായില്യവും മുഖത്തു ചാലിച്ച്, ചുണ്ടു ചുവപ്പിച്ച്, കണ്ണിൽ ചുണ്ടപ്പൂവിട്ട്, തലയിൽ കൊണ്ടകെട്ടി, പട്ടുവസ്ത്രം അണിഞ്ഞ് മിനുക്കുവേഷം പൂ ർത്തിയാകുമ്പോൾ യൗവനയുക്തയായി മാറിക്കഴിയും മാധവൻകുട്ടി. 

ദേവയാനീസ്വയംവരത്തിൽ മാങ്കുളത്തിന്റെ കചനൊപ്പം വേഷമിട്ട മാധവൻകുട്ടിയുടെ ദേവയാനിയെ കണ്ടപ്പോൾ സദസ്സിൽ നിന്നു മുതിർ‍ന്നവരുടെ ആശ്ചര്യം കലർന്ന ചോദ്യമുയർന്നു, ‘ആരാണിത്? മിഴികളിലും ചലനങ്ങളിലും തികഞ്ഞ പെണ്ണായവൻ!’. മൃതസഞ്ജീവനീമന്ത്രം പഠിക്കാനെത്തുന്ന കചനോടു ശുക്രാചാര്യരുടെ മകൾ ദേവയാനിയുടെ പ്രണയമാണു കഥ. ദേവയാനി സ്പർശിക്കാൻ ശ്രമിച്ചാലും അകന്നുമാറുന്ന, പഠനകാലമാണെന്ന് ഉപദേശിക്കുന്ന കചൻ. ഗുരുവും ശിഷ്യനും പ്രണയത്തിന്റെ ഉയർച്ചതാഴ്ചകൾ അവതരിപ്പിച്ച് ആസ്വാദകരെ അഭിരമിപ്പിച്ച കാലം. 

ചുവടിലും ഭാവത്തിലും ശിഷ്യർക്കു ചെറിയൊരു പിഴവു സംഭവിച്ചാൽപോലും മാങ്കുളം പൊറുക്കില്ല. അരങ്ങിൽവച്ച് അതു തിരുത്തും. പ്രേക്ഷകരറിയാത്ത വിധം ഭുജത്തിനുള്ളിൽ നുള്ളിയാണു തിരുത്തൽ. വേദനകൊണ്ടു ഹൃദയത്തിൽനിന്നു കരുണം ഉയരുമെങ്കിലും മുഖത്തെ ശൃംഗാര രസത്തിൽ അതു കലരാൻ പാടില്ല. എങ്കിൽ ഗുരുവിന്റെ വിരൽ വീണ്ടും മുറുകും.

1955ലാണു മാങ്കുളത്തിന്റെ സംഘത്തിനു ഡൽഹിയിൽ കേരള ക്ലബ്ബിന്റെ ക്ഷണം ലഭിക്കുന്നത്. പിന്നീടു കലാമണ്ഡലം ചെയർമാനായ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം.കെ.കെ. നായരായിരുന്നു സംഘാടകൻ. കഥ: രുക്മാംഗദചരിതം. സദസ്സിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, മന്ത്രി വി.കെ.കൃഷ്ണമേനോൻ, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവർ. ഇവർക്കരികെ ദാവണിയുടുത്ത് ഇന്ദിരാഗാന്ധിയും. 

രുക്മാംഗദ രാജാവിന് ഏകാദശീവ്രതം അനുഷ്ഠിക്കണമെങ്കിൽ ഭാര്യയുടെ മടിയിൽ കിടത്തി മകൻ ധർമാംഗദന്റെ കഴുത്തു വെട്ടണം. അപ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണീർ വീഴുകയുമരുത്! നിബന്ധനകൾ മുന്നോട്ടുവയ്ക്കുമ്പോൾ മോഹിനിയുടെ കണ്ണുകൾ കത്തുകയായിരുന്നു. ക്രമമായ ഭാവവികാസത്തോടെ മോഹിനി അരങ്ങാകെ നിറഞ്ഞുനിൽക്കവെ എം.കെ.കെ. നായരോടു നെഹ്റു സ്വരം താഴ്ത്തി ചോദിച്ചു, ‘ഈ പെൺകുട്ടി മിടുക്കിയാണല്ലോ!’ നായർ പുഞ്ചിരിച്ചുകൊണ്ടു മറുപടി കൊടുത്തു, ‘അല്ല, ഇത് ആൺകുട്ടിയാണ്’. കഥകളിക്കുശേഷം പിന്നണിയിൽ എത്തിയ എം.കെ.കെ.നായരാണ് നെഹ്റുവിന്റെ അദ്ഭുതം അവതരിപ്പിച്ചത്. മാധവൻകുട്ടി 16–ാം വയസ്സിൽ സ്ത്രീവേഷത്തിൽ ചിരപ്രതിഷ്ഠനായ നിമിഷമായിരുന്നു അത്. തന്നെ വിസ്മയിപ്പിച്ച യുവാവിന് നെഹ്റു സ്വർണപ്പതക്കം സമ്മാനിച്ചു. നാട്ടിൽ മടങ്ങിയെത്തിയപ്പോൾ ചേച്ചിയും ഏക സഹോദരിയുമായ കമലമ്മയമ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അച്ഛന്റെ കയ്യിൽ കാശില്ല. നെഹ്റു നൽകിയ പതക്കം മാധവൻകുട്ടി അച്ഛനെ ഏൽപിച്ചു. സഹോദരിയുടെ താലിമാലയായി പരിണമിച്ചു ആ ശ്രേഷ്ഠ സമ്മാനം.

chirakkara- kathakali
ചിറക്കര മാധവൻകുട്ടി അവസാനമായി അരങ്ങിലെത്തിയപ്പോൾ. വേഷം: സുന്ദരബ്രാഹ്മണൻ.

പിന്നീടുള്ള വർഷങ്ങളിൽ മാധവൻകുട്ടിയുടെ ആട്ടം അന്വേഷിച്ച് ആസ്വാദകരുടെ ഓട്ടമായിരുന്നു. അദ്ദേഹം വേഷമിടുന്ന അരങ്ങുകളിൽ കാഴ്ചക്കാരുടെ തിരക്കൊഴിയാത്ത ദിനങ്ങൾ. കർണശപഥത്തിലെ കുന്തി, ഹരിശ്ചന്ദ്രചരിതത്തിലെ ചന്ദ്രമതി, നിഴൽക്കുത്തിലെ മലയത്തി....വർഷം കുറഞ്ഞത് 250 വേദികൾ. മാങ്കുളം കളരിയിൽ 16 വർഷം തുടർന്ന മാധവൻകുട്ടി അപ്പോൾ കഥകളിലോകത്തെ തികഞ്ഞ ആശാനായി മാറിക്കഴിഞ്ഞു. കലാമണ്ഡലം ഗോപി, ഹരിപ്പാട് രാമകൃഷ്ണപിള്ള, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, മടവൂർ വാസുദേവൻ നായർ... മാധവൻകുട്ടിയുമായി കൂട്ടുവേഷം ചെയ്യാത്തവരാരുമില്ല അക്കാലത്ത്. 

അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല. പ്രായമേറി വന്നപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തിരക്കൊഴിയട്ടെ എന്ന മറുപടി മാത്രം. സ്ത്രീവേഷത്തിൽ നിന്നിറങ്ങാത്ത മാധവൻകുട്ടിയിൽ പുരുഷാംശം നശിച്ചോയെന്നു സഹ ആട്ടക്കാർ കളിയാക്കിയപ്പോൾ പൊട്ടിച്ചിരിച്ച അദ്ദേഹം പൊടുന്നനെ ഭീമന്റെ ഭാവമണിഞ്ഞു പ്രതികരിച്ചു; ‘വേഷത്തിലേ സ്ത്രീയുള്ളൂ, ശരീരം സർവംതികഞ്ഞ പുരുഷൻ തന്നെ.’

മാധവൻകുട്ടി അരങ്ങത്തു വരുന്നയിടങ്ങളിലെല്ലാം സദസ്സിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. മാധവൻകുട്ടി അവരെ ശ്രദ്ധിച്ചിട്ടുണ്ട്. അവരെ മാധവൻകുട്ടിക്കു പരിചയമുണ്ടോ, തമ്മിൽ സംസാരിച്ചിട്ടുണ്ടോ എന്നൊന്നും ആർക്കുമറിയില്ല. പ്രസിദ്ധ കഥകളി നടി ചവറ പാറുക്കുട്ടിക്കു സഹോദരതുല്യനായിരുന്നു ആശാൻ. പാറുക്കുട്ടി ഒരുദിവസം ആശാനെ കാണാൻ ചെന്നു. ‘അരങ്ങത്തെത്തുന്ന സ്ഥലങ്ങളിലെല്ലാം ഒരു സ്ത്രീ വരുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ ആശാൻ?’ മാധവൻകുട്ടി ചിരിച്ചതേയുള്ളൂ. പാറുക്കുട്ടി പറഞ്ഞു, ‘ഞാൻ അവരോടു സംസാരിച്ചു. ആശാനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട്. ആ ബന്ധം ഉറപ്പിക്കട്ടെ?’ പിന്നീടു പറയാമെന്നു മറുപടി നൽകി മടങ്ങിയ ആശാൻ ഒരിക്കലും പ്രതികരിച്ചിട്ടില്ല. പാറുക്കുട്ടി 2019 ഫെബ്രുവരി 7നു മരിച്ചു. ആ സ്ത്രീ ആരാണെന്നു പാറുക്കുട്ടി വെളിപ്പെടുത്തിയിട്ടുമില്ല.  

1987ൽ ആശാൻ സ്വദേശത്തേക്കു മടങ്ങിയെത്തി. പക്ഷേ, അദ്ദേഹത്തിലെ നടൻ അടങ്ങിയൊതുങ്ങിയിരുന്നില്ല. പൂതക്കുളം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഗുരു മാങ്കുളത്തിന്റെ സ്മരണയിൽ കഥകളി വിദ്യാലയം ആരംഭിച്ചു – കേരള കലാരംഗം. സദ്യാലയത്തിൽ തുടങ്ങിയ കളരിക്കു സ്വന്തമായി ഭൂമിയും കെട്ടിടവും ഒരുക്കിയാണു ഗുരുദക്ഷിണ പൂർത്തിയാക്കിയത്. ശിഷ്യൻ കലാരംഗം ബിജുലാൽ അപ്പോൾ അധ്യാപകനായിക്കഴിഞ്ഞു. ബിജുലാലിന്റെ ശിഷ്യൻ യു.ജി.ഹരികൃഷ്ണന്റെ അരങ്ങേറ്റം നടന്നത് 2010ലെ വിജയദശമി ദിനത്തിൽ. രുക്മിണീസ്വയംവരത്തിലെ കൃഷ്ണനായ ഹരികൃഷ്ണനൊപ്പം സുന്ദരബ്രാഹ്മണന്റെ വേഷമിട്ടത് ആശാൻ. അവസാനത്തെ ആട്ടം. കുട്ടികളെയെല്ലാം ആശീർവദിച്ച ശേഷം അദ്ദേഹം കളരിയിൽനിന്നു മടങ്ങി, വരാമെന്ന വാക്കോടെ. 

മടങ്ങിയെത്താത്ത മാധവൻകുട്ടിയുടെ ജീവിതരേഖ പകർത്തി കാത്തിരിക്കുകയാണു പൂതക്കുളം പബ്ലിക് ലൈബ്രറി പ്രവർത്തകർ. ജി.എസ്.ഗോപീകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ‘മായാമുദ്ര’ കാണാൻ ആശാനും വരുമോ? ആശാന്റെ അനുജൻ രാമചന്ദ്രൻ പിള്ളയുടെ കൊച്ചുമകൻ എ.ജി.അക്ഷയ്‌യും കഥകളിസംഗീത രംഗത്താണിപ്പോൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടു തവണ ഒന്നാമതെത്തിയ അക്ഷയ്‌യും അപ്പൂപ്പനെ കാത്തിരിക്കുന്നു. 

കഥകളിയുടെ ലഹരിക്കൊപ്പം സുരപാനവും ആശാനിൽ നുരഞ്ഞുപൊന്തിയിരുന്നെന്നു സുഹൃത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. കളിയിലെ ചിട്ടകൾ ജീവിതത്തിൽ പാലിക്കാൻ സാധിക്കാതെ എവിടേക്കോ നടന്നകന്നു, മഹാനടൻ.

Content Highlights: Kathakali artist Chirakkara Madhavan Kutty missing case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA