ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമിച്ച ശിൽപി; 95ന്റെ നിറവിൽ റാം വി. സുതർ

sutar ram
റാം വി.‌സുതർ ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
SHARE

സർക്കാർ ജോലി വലിച്ചെറിഞ്ഞ്, ഇഷ്ടങ്ങൾക്കു പിന്നാലെ പോയൊരാൾ സൃഷ്ടിച്ച  ഉയരങ്ങളുടെയും വലുപ്പത്തിന്റെയും കഥയാണിത്.  ചരിത്രം സൃഷ്ടിച്ച മഹാമനുഷ്യരുടെ  ഓർമകൾ നിറയുന്ന, കല്ലും വെങ്കലവും കൊണ്ട് അവർക്കു ജീവൻ നൽകിയ, റാം വി.‌സുതർ എന്ന ശിൽപിയുടെ ജീവിതം...

മനസ്സിലൊരിഷ്ടം വച്ചു മറ്റൊരു ജോലി ചെയ്താൽ എന്താകും അവസ്ഥ? ഈ ചോദ്യത്തിനു മുന്നിൽ പ്രതിമയെപ്പോലെ നിൽക്കാതെ, സർക്കാർ ജോലി വിട്ടെറിഞ്ഞ് തന്റെ ഇഷ്ടങ്ങൾക്കു പിറകേ പോയൊരാളെ പരിചയപ്പെടുത്താം.

അതിനു മുൻപ് ഒരു ചോദ്യം. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമിച്ച ശിൽപി ആരാണ്? ഒരുപക്ഷേ, ഏറ്റവുമധികം ഗാന്ധിപ്രതിമകൾ നിർമിച്ച അതേ ആൾ തന്നെയാണത് – റാം വി.സുതർ. 95–ാം വയസ്സിലെത്തിയ റാം, ‘ഞായറാഴ്ച’യോ‌ടു പങ്കുവയ്ക്കുന്നത് പ്രതിമകളുടെ ജീവനുള്ള കഥ.

റാം സുതർ ഇപ്പോഴുള്ളത് ഡൽഹിയിലെ നോയിഡയിലാണ്. ജനിച്ചതും ജീവിതം തുടങ്ങിയതും മഹാരാഷ്ട്രയിൽ. 1925ൽ, ദുലെ പട്ടണത്തിലെ ഗോന്ദൂർ എന്ന കർഷക ഗ്രാമത്തിലായിരുന്നു ജനനം. പേരിനൊപ്പമുള്ള സുതർ അച്ഛനപ്പൂപ്പന്മാരായി കൂടെയുള്ളതാണ്; സുതർ എന്നാൽ വിശ്വകർമജൻ. 

മരപ്പണിയും കാർഷികോപകരണ നിർമാണവുമായി കുടുംബം നോക്കിയിരുന്ന വഞ്ചി ഹൻസ്‍രാജ് സുതറിന്റെ 8 മക്കളിൽ രണ്ടാമൻ. കൃഷിക്കാർക്കു പണിയായുധങ്ങൾ നിർമിച്ചു കൊടുക്കുമ്പോൾ പ്രതിഫലമായി കിട്ടിയിരുന്ന കാർഷികോൽപന്നങ്ങളായിരുന്നു വരുമാനം. അച്ഛന്റെ ആലയിലിരുന്നു ചെറിയ തടിക്കഷണങ്ങളിലും പിന്നീടു കളിമണ്ണിലും ഗണേശവിഗ്രഹങ്ങളുണ്ടാക്കിത്തുടങ്ങിയ ബാല്യമായിരുന്നു റാം സുതറിന്റേത്. വരയോടും ശിൽപനിർമാണത്തോടുമുള്ള കമ്പം സ്കൂൾ കാലത്തു തുടർന്നതോടെ നാട്ടുകാർക്കിടയിൽ റാം പേരെടുത്തു.

statue of unity 1200
ഗുജറാത്തിൽ നർമദ നദിക്കരയിലെ ഏകതാ പ്രതിമ.

റാമിന്റെ ഗാന്ധി

ശിൽപിയാകുന്നതു മുൻപ് റാം സുതർ ഗാന്ധിയനായി. അതിനു പിന്നിലൊരു കാരണമുണ്ട്. റാമിന്റെ സ്കൂൾ കാലത്തു ഗാന്ധിജി, ദുലെയിലേക്കു വന്നു. മഹാത്മാ ഗാന്ധിയുടെ ആത്മീയ പിൻഗാമിയായി അറിയപ്പെടുന്ന ആചാര്യ വിനോബ ഭാവെയുടെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു. കേൾവിക്കാരനായി റാം എന്ന വിദ്യാർഥിയുമുണ്ട്. ഗാന്ധിജി പറഞ്ഞു, ‘നമുക്കു വേണ്ട വസ്ത്രം നമ്മൾ നൂൽനൂറ്റുണ്ടാക്കണം.

വിദേശവസ്ത്രം ബഹിഷ്കരിക്കണം’. കേട്ടിരുന്ന പലരും പത്തു വയസ്സുകാരൻ റാമിന്റെ തലയിലെ ചുവന്നുതുടുത്ത വെൽവെറ്റ് തൊപ്പിയിലേക്കു നോക്കി. മുത്തച്ഛൻ എവിടെനിന്നോ സമ്മാനമായി വാങ്ങി നൽകിയതാണ്. അടുത്തിരുന്നവർ അതു വിദേശിയാണെന്നു പറഞ്ഞുതീരുമ്പോഴേക്കും റാം അതു തീയിലേക്ക് എറിഞ്ഞിരുന്നു. 

സ്കൂളിൽ തങ്ങി, അധ്യാപകരെ ശുശ്രൂഷിച്ച് അവരുടെ വസ്ത്രങ്ങൾ കഴുകി നൽകി, സ്കൂളിന്റെ തറയും ചുമരും ചാണകം കൊണ്ടു മെഴുകി ഗാന്ധിവഴിയിലൂടെ നടന്നൊരു തലമുറയുടെ പ്രതിനിധിയാണ് റാം. ചെറുശിൽപങ്ങളുണ്ടാക്കുമായിരുന്നെങ്കിലും ആദ്യം നിർമിച്ച പൂ ർണകായ പ്രതിമ ഒരു ബോഡി ബിൽഡറുടേതായിരുന്നു. അന്നു ഗ്രാമങ്ങളിൽ അഖാഡകൾക്കു വലിയ പ്രാധാന്യമുണ്ട്. അഖാഡകളെന്നാൽ, പരമ്പരാഗത കായികമുറകൾ അഭ്യസിക്കാനും താമസിക്കാനുമെല്ലാം സൗകര്യമുള്ള ഇടങ്ങളാണ്. ശാരീരികാരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനാണ് അവർ ആവശ്യപ്പെട്ടതു പ്രകാരം പ്രതിമ നിർമിച്ചത്.

‍അതിനിടെ മഹാത്മജി കൊല്ലപ്പെടുന്നു. രാജ്യം ആ ആഘാതത്തിൽ നിൽക്കുമ്പോൾ ഗോന്ദൂർ ഗ്രാമത്തിൽ ഗാന്ധിജിയുടെ അർധകായ പ്രതിമ നിർമിക്കാൻ കല്ലു ചീകി മിനുക്കുകയായിരുന്നു റാം സുതർ!

ഗാന്ധിജിയുടെ രക്തസാക്ഷിത്വ വർഷമായ 1948ൽ മഹാരാഷ്ട്രയിലെ പല സ്കൂളുകൾക്കു മുൻപിലും ഇരുപത്തിമൂന്നുകാരനായ റാം ഉണ്ടാക്കിയ ഗാന്ധിപ്രതിമകൾ തലയുയർത്തി നിന്നു. അപ്പോഴേക്ക് വീടൊരു പ്രതിസന്ധിക്കയത്തിലേക്കു വീണു. അച്ഛൻ മരിച്ചു. കുടുംബം ബുദ്ധിമുട്ടിലായി. റാമിനൊരു ജോലി വേണം. വരയും ശിൽപനിർമാണവുമാണ് ഇഷ്ടം. ചിത്രകലാ അധ്യാപകനാകാൻ പഠിപ്പിക്കുന്നൊരു സ്കൂളുണ്ട്. അവിടെ ചേർന്ന്, ശ്രീറാംകൃഷ്ണ ജോഷിയെന്ന ഗുരുവിനു കീഴിൽ ആദ്യമായി പ്രഫഷനൽ വരയുടെ പാഠങ്ങൾ പഠിക്കുന്നു, അധ്യാപകന്റെ പ്രിയപ്പെട്ടവനാകുന്നു. അവിടെ ചില്ലറ വര ജോലികളിൽനിന്നു കിട്ടിയ നാണയത്തുട്ടുകൾ ചേർത്തു വീട്ടുചെലവു നടത്തി.

gandhi
പാർലമെന്റിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ. റാം വി. സുതർ നിർമിച്ച ഈ പ്രതിമ ഇപ്പോൾ പുതിയ പാർലമെന്റ് മന്ദിര നിർമാണ പ്രവർത്തനങ്ങൾ കാരണം താൽക്കാലികമായി മറ്റൊരിടത്തേക്കു മാറ്റിയിരിക്കുകയാണ്.

വരയിലെ മികവു കണ്ട് ശ്രീറാം കൃഷ്ണ ജോഷി തന്നെ പറഞ്ഞു, മുംബൈ നഗരത്തിലേക്കു പോകണം. അവിടെ ജെജെ കോളജ് ഓഫ് ആർ‌‌‌ട്ടിൽ ഡിപ്ലോമ കോഴ്സിനു ചേരണം. ഇനിയും പഠനം തുടരാനുള്ള സാമ്പത്തിക പ്രയാസം പറഞ്ഞപ്പോൾ അദ്ദേഹം തന്നെ അഡ്മിഷൻ ഉറപ്പാക്കി, ഫീസുമടച്ച് കോളജിലേക്കു വിട്ടു. വരയിലെയും ശിൽപനിർമാണത്തിലെയും മുന്നറിവുകൾ പഠനം എളുപ്പമാക്കി. അവിടെയും അധ്യാപകരുടെ പ്രിയപ്പെട്ടവനായി. സ്വർണമെഡലോടെ കോഴ്സ് വിജയിച്ചു. അപ്പോഴേക്കും വീട്ടിൽ കല്യാണാലോചനകൾ വന്നിരുന്നു. റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ചിംദാങ്കർ, മകൾ പ്രമീളയ്ക്കു വേണ്ടി റാമിനെ ആലോചിച്ചു. റാമിനോ‌‌ടു പോലും ആലോചിക്കാതെ മൂത്ത സഹോദരൻ വിവാഹമുറപ്പിച്ചു. 1952ൽ പ്രമീള റാമിന്റെ ജീവിതത്തിന്റെ ഭാഗമായി.

സർക്കാർ ശിൽപി

അക്കാലത്താണു ജീവിതത്തിലെ ആദ്യ സർക്കാർ ജോലി ലഭിക്കുന്നത്. ആർക്കിയോളജിക്കൽ വകുപ്പിലാണ്. ഇന്ത്യൻ ഗുഹാശിൽപ കലയുടെ വിസ്മയം പതിഞ്ഞ എല്ലോറ ഗുഹകളിൽ 4 വർഷത്തോളം തുടർന്നു. ശിൽപങ്ങളുടെ കേടുപാടുകൾ പരിഹരിക്കുകയായിരുന്നു ദൗത്യം. കേടുപറ്റിയ ഭാഗങ്ങളേതെന്ന് ഇനിയൊരാൾക്കും തിരിച്ചറിയാനാവാത്ത വിധം നിറവും രൂപവും തിരിച്ചുനൽകി.

എല്ലോറയിലെ ശിൽപങ്ങളിലെ പ്രത്യേക ഭാഷ കണ്ടെടുക്കാനും പഠിക്കാനും പുനരാവിഷ്കരിക്കാനും ശ്രമം നടത്തി. ഇതിനു പിന്നാലെയാണ്, 1958ൽ മുംബൈയിൽ നിന്നു ഡൽഹിയിലേക്കുള്ള കൂടുമാറ്റം. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ ഡയറക്ടറേറ്റ്  ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി ഡിവിഷനിൽ മോഡലറായി ജോലി കിട്ടി. 

ഗുഡ് ബൈ, സർക്കാർ

നല്ല ശമ്പളമുണ്ടെങ്കിലും വല്ലപ്പോഴും സർക്കാർ നടത്തുന്ന പ്രദർശന പരിപാടികളിൽ മാത്രമായിരുന്നു കാര്യമായ ജോലി. ആ വിരസതകൾക്കിടയിലേക്കു റാം സുതറിന് ഒരു ഓഫർ ലഭിച്ചു. ഡൽഹി പ്രഗതി മൈതാനത്തു സംഘടിപ്പിക്കുന്ന സ്വകാര്യ കാർഷിക പ്രദർശന മേളയ്ക്കായി പ്രതിമ നിർമിക്കണം – കലപ്പയേന്തിയ കർഷകനും നെൽക്കതിരുമായി കർഷകദമ്പതികളും. 13 അടി ഉയരമുള്ള 2 പ്രതിമകൾ.

റാം തയാറാക്കിയ മാതൃക സംഘാടകർക്ക് ഇഷ്ടപ്പെട്ടു. സർക്കാരിൽ തന്റെ മേലുദ്യോഗസ്ഥനെ സമീപിച്ചപ്പോൾ, ഒന്നുകിൽ ഈ ജോലി വിടുക, അല്ലെങ്കിൽ പ്രഗതി മൈതാനത്തെ പ്രതിമനിർമാണം മറന്നേക്കുക എന്നായിരുന്നു മറുപടി. പ്രതിമാസം ഉറപ്പായി കിട്ടുന്ന, മൂന്നക്ക ശമ്പളമെന്ന വലിയ ആകർഷണം മറന്ന് അദ്ദേഹം ശിൽപനിർമാണം എന്ന ഇഷ്ടത്തിനു വേണ്ടിയിറങ്ങി.

statues
1. നോയിഡയിലെ റാം സുതർ ആൻഡ് അനിൽ സുതർ സ്കൾപ്ചേഴ്സ് സ്റ്റുഡിയോയ്ക്കു പുറത്തു നിന്നുള്ള ദൃശ്യം. 2. റാം വി.സുതർ ആദ്യമായി നിർമിച്ച പൂർണകായ പ്രതിമ

കാണാതാകുന്ന ശിൽപങ്ങൾ

പ്രഗതി മൈതാനത്തിന്റെ കവാടത്തിനു വേണ്ടി റാം നിർമിച്ച 2 ശിൽപങ്ങളും ഒരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. പ്രഗതി മൈതാനത്തുനിന്നു പിന്നീട് ഇളക്കി മാറ്റപ്പെട്ട ആ പ്രതിമകൾ എവിടെയുണ്ടെന്നു പിന്നീടൊരിക്കലും ശിൽപിക്കു മനസ്സിലായിട്ടില്ല. അതിനു വേണ്ടി റാം ഒരുപാട് അന്വേഷിച്ചു. മകൻ അനിൽ റാം സുതർ ഇപ്പോഴും അന്വേഷിക്കുന്നു.

അവയുടെ ചിത്രം മാത്രമാണ് ഇപ്പോൾ ഇവരുടെ പക്കലുള്ളത്. പ്രഗതി മൈതാനത്തെ റാമിന്റെ ശിൽപങ്ങൾ ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ അന്നത്തെ പൊതുമരാമത്ത് ചീഫ് ആർക്കിടെക്ട് എസ്.കെ. ജോഗ്‍ലേക്കറുമുണ്ടായിരുന്നു. അദ്ദേഹം, റാമിന് ഒരു ഓഫർ വച്ചു. ബ്രിട്ടിഷ് സർക്കാർ ബാക്കിവച്ചു പോയ അടയാളങ്ങൾ മാറ്റുന്ന തിരക്കിലായിരുന്നു അന്നു സർക്കാർ.

സുപ്രധാന കേന്ദ്ര മന്ത്രാലയങ്ങൾ സ്ഥിതി ചെയ്യുന്ന നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ അന്നുണ്ടായിരുന്ന ബ്രിട്ടിഷ് കോട്ട് ഓഫ് ആംസിനു പകരം, അശോകസ്തംഭം സ്ഥാപിക്കുക. ഒരുപാട് അധ്വാനിച്ച് റാം അന്ന് റെഡ് സാൻഡ്സ്റ്റോണിൽ രണ്ടു സ്തംഭങ്ങൾ തീർത്തു. ഒന്ന്, നോർത്ത് ബ്ലോക്കിൽ സ്ഥാപിച്ചു. രണ്ടാമത്തേതിന് ഇന്നും പണം നൽകിയിട്ടില്ലെന്നതു പോട്ടെ, അതു സൗത്ത് ബ്ലോക്കിൽ സ്ഥാപിക്കാതെ ഉദ്യോഗസ്ഥർ ഗോഡൗണിലേക്കു തള്ളി. പിന്നീടത് എവിടേക്കാണു മറഞ്ഞതെന്ന് ഇന്നും അറിയില്ലെന്നു വേദനയോടെ റാം പറയുന്നു.

നെഹ്റുവിന്റെ ഇടപെടൽ

ഇഷ്ടത്തിനു വേണ്ടി ജോലി രാജിവച്ചുവെന്നതു ശരി. പക്ഷേ, ഡൽഹിയിലേക്കു കൊണ്ടുവന്ന ഭാര്യ പ്രമീളയെയും മകൻ അനിലിനെയും ബുദ്ധിമുട്ടു കൂടാതെ നോക്കണം. വീണ്ടും എസ്.കെ.ജോഗ്‍ലേക്കർ സഹായിച്ചു. ഭോപാലിൽ പുതുതായി തുടങ്ങുന്ന മ്യൂസിയത്തിലെ അവസരത്തെക്കുറിച്ചു പറഞ്ഞതും ഡയറക്ടറുടെ അടുത്തേക്കു വിട്ടതും അദ്ദേഹമാണ്. ഡയറക്ടർ കരൺ ഗോക്കർ, റാമുമായി സംസാരിച്ചിരിക്കെ നിമിത്തം പോലൊരു ഫോൺ കോൾ. മധ്യപ്രദേശ് സർക്കാരിലെ തൊഴിൽ മന്ത്രിയായിരുന്ന വി.വി. ദ്രാവിഡാണ്. ഗാന്ധിസാഗർ അണക്കെട്ടിനു സമീപത്തൊരു ശിൽപം നിർമിക്കാൻ ആളെ വേണം. മുന്നിലിരുന്ന റാം സുതറിനെക്കുറിച്ചു പറഞ്ഞു. എല്ലോറയിൽ ജോലി ചെയ്തിട്ടുള്ള ആളാണെന്നു കേട്ടതോടെ മന്ത്രി വിളിപ്പിച്ചു. 

anil suthar
റാം വി.സുതറിന്റെ മകൻ അനിൽ വി.സുതർ

‍‘അണക്കെട്ടു നിർമാണത്തിന്റെ പേരിൽ രാജസ്ഥാനും മധ്യപ്രദേശും കലഹിച്ച ഗാന്ധിസാഗറിൽ ചമ്പൽ ദേവിയുടെ ശിൽപമാണു വേണ്ടത്. അവകാശത്തർക്കം പരിഹരിക്കാൻ അണക്കെട്ടിന്റെ നേട്ടം ഇരുസംസ്ഥാനങ്ങളും പങ്കിടട്ടെയെന്ന ധാരണയുണ്ട്’ – മന്ത്രി പറഞ്ഞു. നിമിഷവേഗത്തിൽ റാം സുതർ ആശയം പറഞ്ഞു: കുടം നിറയെ വെള്ളവുമായി നിൽക്കുന്ന ചമ്പൽ ദേവി, അരികിൽ രണ്ടു കുട്ടികൾ. ഒരാൾക്കു രാജസ്ഥാനിയുടെയും മറ്റേയാൾക്കു മധ്യപ്രദേശുകാരന്റെയും വേഷം. സർക്കാരിനു ബോധിച്ചു. 

ദിവസവും 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തുണ്ടാക്കിയ മനോഹര ശിൽപം, ഉദ്ഘാടകനായി എത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ ആകർഷിച്ചു. അക്കാലത്ത്, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ ഭക്രനംഗലിലും (ഇപ്പോൾ ഉയരത്തിൽ രണ്ടാമത്) ഇതുപോലെ ശിൽപം വേണമെന്നു നിർദേശിച്ചതു നെഹ്റുവാണ്. എന്നാൽ, ഡൽഹിയിലെ പല പ്രമുഖർക്കും അതിഷ്ടമായില്ല. റാമിനെ പരിഗണിക്കുക പോലും ചെയ്യാതെ അവർ മടക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് ജീവനക്കാരനായിരുന്ന അയൽവാസി വഴി റാം നെഹ്റുവിനെ സമീപിച്ചു. ശിൽപം ഏതെന്നു നിശ്ചയിക്കാനുള്ള മത്സരത്തിൽ റാം സുതറിനും അവസരം നൽകണമെന്നു നെഹ്റു നിർദേശിച്ചതോടെ പ്രമുഖർക്കു വഴങ്ങേണ്ടി വന്നു. മത്സരത്തിൽ ഒന്നാമതെത്തിയത് റാമിന്റെ മാതൃക. പക്ഷേ, അതു പൂർത്തിയാക്കാൻ പിന്നെയും ചിലർ തടസ്സം നിന്നതോടെ നടന്നില്ല; അതേ സ്ഥലത്തു പിന്നീ‌ടു നെഹ്റുവിന്റെ തന്നെ ശിൽപം നിർമിച്ചതു റാമാണ് എന്നതു ചരിത്രം.

മൊറാർജി മോഹിച്ചത്

ഇന്ത്യൻ പാർലമെന്റിനു മുന്നിൽ ധ്യാനത്തിലാണ്ടിരിക്കുന്ന ഗാന്ധിപ്രതിമ ചിത്രമായെങ്കിലും കാണാത്തവരുണ്ടാകില്ല. ഈ പ്രതിമ ഇന്ത്യാ ഗേറ്റിനു മുന്നിൽ സ്ഥാപിക്കാനായിരുന്നു ആദ്യ പദ്ധതി. ഇതിനായി സർക്കാർ മാതൃക ക്ഷണിച്ചിരുന്നു. ഒരുപാടു പേരിൽനിന്ന് അന്തിമപട്ടികയിലേക്ക് 5 ചെറുമാതൃകകൾ തിരഞ്ഞെടുക്കപ്പെട്ടു. അതിൽനിന്ന് ശിൽപത്തെയും ശിൽപിയെയും തിരഞ്ഞെടുക്കാനുള്ള അന്തിമ ചുമതല അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിക്കായിരുന്നു. റാം സുതർ നിർമിച്ച ഗാന്ധിജിയുടെ രൂപവും അതിസൂക്ഷ്മ ഭാവവും മൊറാർജിയെ ആകർഷിച്ചു. അതു തിരഞ്ഞെടുക്കുക മാത്രമല്ല, ആ ചെറു ശിൽപം വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തു മൊറാർജി!

ഇന്ദിരയുടെ ഇഷ്്ടം

മൊറാർജിക്കു ശേഷം 6 മാസം ചരൺസിങ് പ്രധാനമന്ത്രിയായെങ്കിലും 1980ൽ രാജ്യഭരണം വീണ്ടും ഇന്ദിരാ ഗാന്ധിയുടെ കൈകളിലെത്തി. സത്യത്തിൽ ഇന്ത്യാ ഗേറ്റ് പരിസരത്തു സ്ഥാപിക്കാൻ രണ്ടു മാതൃക പരിഗണിച്ചിരുന്നു. ഒന്ന്, നിൽക്കുന്ന ഗാന്ധിയും മറ്റൊന്നു ധ്യാനത്തിലിരിക്കുന്ന ഗാന്ധിയും. രണ്ടാമത്തേതു നിർമിക്കാമെന്ന മൊറാർജി സർക്കാരിന്റെ തീരുമാനം തന്നെയായിരുന്നു ഇന്ദിരയ്ക്കും. പക്ഷേ, വിവാദങ്ങൾ പലതും വന്നു മൂടിയതോടെ പദ്ധതി മുന്നോട്ടു നീങ്ങിയില്ല. 

ഇന്ത്യാ ഗേറ്റ് പരിസരമാണെങ്കിലും ഗാന്ധിജിയെ വഴിയിലിരുത്തുന്നതു ശരിയല്ലെന്ന വിമർശനമുയർന്നു. വിവാദങ്ങളുടെ കാർമേഘം മാറി ആകാശം തെളിഞ്ഞ തൊണ്ണൂറുകളുടെ തുടക്കത്തിൽ അന്നത്തെ സ്പീക്കർ ശിവരാജ് പാട്ടീലാണ് ഗാന്ധിപ്രതിമ പാർലമെന്റിനു മുന്നിലെത്തിക്കുന്നത്. ഇപ്പോഴിതാ, പുതിയ പാർലമെന്റ് മന്ദിരത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കെ ‘ഗാന്ധി’ പാർലമെന്റിനഭിമുഖമായിരുന്ന പതിവു സ്ഥലത്തുനിന്നു നിന്നു പോയി. താൽക്കാലികമാണ് മാറ്റമെന്നും പുതിയ മന്ദിരത്തിനു മുന്നിൽത്തന്നെ തിരിച്ചെത്തുമെന്നുമാണ് നഗര വികസനകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. 

രാജീവിന്റെ മൈക്കലാഞ്ചലോ

പിന്നീടു വന്ന പ്രധാനമന്ത്രിമാർക്കെല്ലാം റാം സുതറിനെ ഇഷ്ടമായിരുന്നു. ‘ഇന്ത്യയുടെ മൈക്കലാഞ്ചലോ’ എന്നു സ്നേഹത്തോടെ വിശേഷിപ്പിച്ചതു രാജീവ് ഗാന്ധിയാണ്. അതിദാരുണമായി കൊല്ലപ്പെട്ടതോടെ രാജ്യമെങ്ങും രാജീവിന്റെ പൂർണകായ പ്രതിമകൾ ഉയർന്നു. സോണിയ നേരിട്ടെത്തി അനാഛാദനം ചെയ്ത ലത്തൂരിലേത് ഉൾപ്പെടെ രാജീവ് പ്രതിമകൾ റാം സുതർ നിർമിച്ചതാണ്. ശ്രീപെരുംപുത്തൂരിൽ രാജീവിന്റെ ജീവിതവീക്ഷണങ്ങൾ ചേർത്തു നിർമിച്ച ഏഴു സ്തൂപങ്ങളുടെ സ്മാരകത്തിലും റാമിന്റെ കയ്യൊപ്പു പതിഞ്ഞുകിടപ്പുണ്ട്.

മോദിയുടെ ‘ഇന്ത്യൻ’

പാർലമെന്റ് സ്ട്രീറ്റിന്റെ ഒരുഭാഗത്ത് സർദാർ പട്ടേലിന്റെ പ്രതിമ നിർമിച്ചതോടെയാണ് അവിടം പട്ടേൽ ചൗക്ക് എന്നറിയപ്പെട്ടു തുടങ്ങിയത്. 1961വരെ ആഭ്യന്തര മന്ത്രിയായിരുന്ന ജി.ബി.പന്തിനായിരുന്നു അവിടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ചുമതല.

അന്ന് അവസരം തേടിച്ചെന്ന റാമിന്റെ മുൻകാല ശിൽപങ്ങൾ ജി.ബി.പന്തിന് ഇഷ്ടമായെങ്കിലും മുംബൈയിൽ നിന്നുള്ള മറ്റൊരു ശിൽപിക്കു കരാർ കൊടുത്തു കഴിഞ്ഞിരുന്നു. അന്ന് അവസരം നഷ്ടമായെങ്കിലും 2013ൽ റാമിനെ തേടിയെത്തിയ പട്ടേൽ പ്രതിമ ലോക ചരിത്രത്തിൽ ഇടംപിടിച്ചു; ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതിയോടെ. ഗുജറാത്തിലെ നർമദ നദിയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് പട്ടേൽ പ്രതിമ എന്ന ആശയം രൂപപ്പെടുന്നത്. 2011ൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ സ്ഥാപിച്ച പട്ടേൽ പ്രതിമയുടെ നിർമാതാവ് എന്ന നിലയിലാണ് റാം സുതറിനെ ആദ്യം ഗുജറാത്ത് സർക്കാർ ബന്ധപ്പെട്ടത്. പദ്ധതിയുടെ രൂപകൽപന ചുമതലയുണ്ടായിരുന്ന മൈക്കൽ ഗ്രേവ്സ് കമ്പനി പട്ടേൽ മാതൃകയ്ക്കായി വിശദ പഠനം നടത്തിയിരുന്നു.

യുഎസിൽ നിന്നുള്ള ചരിത്രകാരൻ ഇന്ത്യയിലെ പട്ടേൽ പ്രതിമകളിൽ നടത്തിയ പഠനങ്ങൾക്കൊടുവിൽ റാം സുതർ വിമാനത്താവളത്തിൽ നിർമിച്ച പ്രതിമ തന്നെയാണ് ഏറ്റവും മികച്ചതെന്നു കണ്ടെത്തി. ഇത്രയും വലിയ ശിൽപം ഒരുക്കാനുള്ള കാസ്റ്റിങ് ഫൗണ്ടറിയില്ലാത്തത് ഇതു പൂർണമായും ഇന്ത്യയിൽ നിർമിക്കുന്നതിനു തടസ്സമായി. കൂറ്റൻ ബുദ്ധപ്രതിമകൾ നിർമിക്കുന്ന ചൈനയായിരുന്നു ആശ്രയം. ചൈനയിൽനിന്നു പട്ടേൽ പ്രതിമ നിർമിച്ചു കൊണ്ടുവരാമെന്നു തീരുമാനിച്ചു. ചൈനയിൽ നിർമിച്ച പട്ടേൽ പ്രതിമയുടെ ചെറു പതിപ്പ് പക്ഷേ, ഇന്ത്യയിലെത്തിയപ്പോൾ മറ്റാരെയോ പോലെയായി. ഒട‌ുവിൽ റാം സുതർ തന്നെയാകണം ശിൽപിയെന്നു മോദി നിർദേശിച്ചു. 

ഇതോടെ നിർമാണച്ചുമതലയുണ്ടായിരുന്ന എൽ ആൻഡ് ടി, റാമിനെയും മകൻ അനിലിനെയും ചൈനയിൽ കൊണ്ടുപോയി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ ശിൽപ വൈദഗ്ധ്യവും യുഎസിൽനിന്നു പഠിച്ച ആർക്കിടെക്ചർ വിദ്യകളുമായി 1994 മുതൽ മകൻ അനിൽ വി.സുതർ അച്ഛനൊപ്പമുണ്ട്. അനിൽ ഇടയ്ക്കിടെ ചൈനയിലേക്കു പറന്നു, പട്ടേൽ പ്രതിമയുടെ കാസ്റ്റിങ് ജോലികൾ അവിടെ നടത്തി, ഇന്ത്യയിൽ ശിൽപം   പൂർത്തിയാക്കി.

എന്നാൽ, ചൈനീസ്  ബന്ധം വാർത്തയായതോടെ വിവാദങ്ങളും കത്തി. ‘മെയ്ക് ഇൻ ഇന്ത്യ’ വാദിക്കുന്ന മോദി, ഗുജറാത്തിലെ പട്ടേൽ പ്രതിമ ചൈനയിൽനിന്നു കൊണ്ടു വന്നുവെന്നായിരുന്നു ആരോപണം. 2018ൽ പട്ടേൽ പ്രതിമ രാജ്യത്തിനു സമർപ്പിച്ച വേദിയിൽ റാമിനെയും മകൻ അനിലിനെയും വേദിയിൽ വിളിപ്പിച്ച് മോദി പ്രഖ്യാപിച്ചു: ‘നോക്കൂ, ഇവർ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരൻ നി‍ർമിച്ചതാണ് സർദാർ പട്ടേൽ പ്രതിമ’.

അയോധ്യയിലെ ‘റാം’

രാമക്ഷേത്ര നിർമാണത്തിനാണ് അയോധ്യയിലെ ആദ്യ അജൻഡയെങ്കിലും ലോകത്തെ ഏറ്റവും ഉയരമുള്ള ശിൽപം സരയൂ നദിക്കരയിൽ നിർമിക്കുമെന്ന് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാമശിൽപം നിർമിക്കാൻ നിശ്ചയിച്ചിരിക്കുന്നതും റാം സുതറിനെയാണ്. 2019ലായിരുന്നു പ്രഖ്യാപനം. ശിൽപത്തിനു താഴെ ക്ഷേത്രവും മ്യൂസിയവും ഗോശാലയുമെല്ലാമുള്ള സമുച്ചയമാണ് സർക്കാരിന്റെ മനസ്സിൽ. തുടർ നടപടികളായിട്ടില്ലെന്നു റാം പറയുന്നു.

ഗാന്ധിജിയുടെ റാം 

ഇന്ത്യയിൽ മാത്രമല്ല, ഒട്ടേറെ വിദേശരാജ്യങ്ങളിൽ തലയുയർത്തി നിൽക്കുന്ന ഗാന്ധിപ്രതിമകളും റാം നിർമിച്ചവയാണ്. ഇതുവരെ 350ൽ പരം ഗാന്ധിപ്രതിമകൾ റാം നിർമിച്ചു. 

ഒരേയൊരു മലയാളി 

ഗാന്ധിജിയും നെഹ്റും പട്ടേലും മാത്രമല്ല, അംബേദ്കറും ഭഗത് സിങ്ങും ഉൾപ്പെടെ ഇന്ത്യയെന്ന വികാരത്തെ ജീവനോടെ നിലനിർത്തുന്ന ആയിരത്തിയഞ്ഞൂറിൽപരം മഹാമനുഷ്യർ സുതറിന്റെ കൈകളിൽ പുനർജന്മമെടുത്തു. ഇന്ത്യയ്ക്കകത്തും പുറത്തും അവ ഉയർന്ന ശിരസ്സുമായി തലമുറകൾക്കു വെളിച്ചം നൽകുന്നു. 

കേരളത്തെക്കുറിച്ചു കൂടി ചോദിച്ചു. ഇന്നുവരെ വന്നിട്ടില്ലെന്ന് റാം പറഞ്ഞു. കേരളത്തിൽ എന്നാകും ഒരു ശിൽപം നിർമിക്കുകയെന്നു ചോദിച്ചപ്പോൾ, ഈ നൂറ്റാണ്ടു കണ്ട ഏറ്റവും തേജസ്സുറ്റ മലയാളികളിൽ‍ ഒരാളുടെ പേര് അദ്ദേഹം പറഞ്ഞു: ശ്രീനാരായണ ഗുരു. ലക്നൗവിൽ മായാവതി സ്ഥാപിച്ച പ്രേരണാകേന്ദ്രത്തിൽ ഗുരുവിന്റെ 9 അടി ഉയരമുള്ളൊരു പ്രതിമയുണ്ട്. 2008ൽ റാം സുതർ നിർമിച്ചത്. 

95–ാം വയസ്സിലും തനിക്കേറ്റവും പ്രിയമുള്ള ജോലി തുടരുകയാണ് അദ്ദേഹം. ആ സമർപ്പണത്തിനാണ് രാജ്യം പത്മഭൂഷണും പത്മശ്രീയും നൽകി ആദരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA