പേപ്പർ കൈപ്പറ്റി പുറത്തിറങ്ങി മൂന്നു നാളായി. മനസ്സിന്റെ പിടിവിട്ടുപോകുന്നുണ്ട് പലപ്പോഴും. പ്രവാസസമ്പാദ്യത്തിൽ ആകെ ബാക്കിയുള്ളത് ആശിച്ചു വാങ്ങിയ ജീപ്പ്. കാൻസൽ ചെയ്ത റജിസ്ട്രേഷനും ലൈസൻസുമായി വണ്ടിയെടുക്കാൻ ധൈര്യം പോരായിരുന്നു. ഇനി സമയമില്ല. അധികം ആലോചിക്കാൻ നിൽക്കാതെ, ആരോടും ഒന്നും മിണ്ടാതെ കെ.കെ. പോയി.
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽ. അങ്ങിങ്ങായി മണൽക്കൂനകൾ അടുത്ത കാറ്റിനൊപ്പം യാത്രചെയ്തു നീങ്ങാൻ ഒരുങ്ങിനിൽക്കുന്നു. അതിനുള്ളിൽ ഒരു മണൽത്തരിയായി ചേർന്ന് അവനുറങ്ങുന്നുണ്ട്.
കെ.കെ. ഒരുനിമിഷം കണ്ണുകളടച്ചു നിന്നു. രണ്ടു പതിറ്റാണ്ടിനും മായ്ക്കാനാവാത്ത ഓർമ. ആ കുഞ്ഞുമുഖം കൺമുന്നിൽ തെളിഞ്ഞു. അനിതയ്ക്കും കാണിച്ചുകൊടുത്തിട്ടില്ല ആ സ്ഥലം. പേറ്റുനോവ് അമ്മയ്ക്കു മാത്രമുള്ളതെങ്കിൽ, ഒരിക്കലും പെയ്തുതീരാത്ത ഈ നോവിനെ താൻ ഗർഭം പേറിയിരുന്നു.
അഹങ്കരിക്കാതിരിക്കാൻ കഴിയുന്നതും താഴ്മയോടെ, ശാന്തമായേ പ്രതികരിച്ചിട്ടുള്ളൂ, എല്ലാറ്റിനോടും – ഓഫിസിലും വീട്ടിലും; ചതിയിൽപെട്ട് എല്ലാം കൈവിട്ടുപോയ അവസ്ഥയിൽ പോലും. ഇന്നു പക്ഷേ, അഭൂതപൂർവമായ ചങ്കിടിപ്പ്... എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്ന നിമിഷങ്ങളുടെ പിടച്ചിൽ...
മണലാരണ്യത്തിൽ ചാപിള്ളയ്ക്കു കുഴിയെടുക്കേണ്ടത് പലപ്പോഴും ജന്മഹേതു തന്നെ. പ്രവാസിയുടെ ശാപം. ചരക്കുവിമാനത്തിൽ പോലും സ്ഥാനം ലഭിക്കാത്ത പൊതിക്കെട്ട് മണലിൽ താഴ്ത്തുമ്പോൾ അത്രതന്നെയുള്ള ഒരു ഗർത്തം അയാളുടെ മനസ്സിലും ഉടലെടുക്കുന്നു. എന്തു കോരിയൊഴിച്ചാലും നികത്താൻ കഴിയാത്ത ഗർത്തം!
കാത്തിരുന്നു സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ എന്നെന്നേക്കുമൊരു മുറിപ്പാടു വരച്ച്, പാസ്പോർട്ടും വീസയുമില്ലാതെ ഭൂമിയിൽ വന്നു മറയുന്ന കുഞ്ഞതിഥി.
ഇരുപതു വർഷങ്ങൾക്കു മുൻപ് മെഡിക്കൽ പൊലീസിനൊപ്പം, അസ്തമയസൂര്യനെ സാക്ഷിനിർത്തി ആദ്യജാതനെ യാത്രയാക്കിയ സ്ഥാനം. എല്ലാ വർഷവും ഈ ദിവസം കെ.കെ. ഇവിടെ വരാറുണ്ട്. ഓഫ് റോഡ് ഡ്രൈവിന് ഉതകുന്ന വണ്ടി സ്വന്തമാക്കിയത് ഡ്രൈവിങ്ങിനോടുള്ള ഭ്രാന്തു കൊണ്ടാണെന്ന് എല്ലാവരും കരുതി. മക്ക റോഡിൽ നൂറ്റിരണ്ടാം പെട്രോൾ പമ്പ് കഴിഞ്ഞ് കൃത്യം ഒരു കിലോമീറ്റർ. പിന്നെ, മണിക്കൂറുനേരം മണലിലൂടെ പടിഞ്ഞാറേക്ക്. ചുറ്റുവട്ടത്ത് ആകെയുള്ള ജീവാംശം, പ്രായം ചെന്ന ഒരു മരമാണ്. ആ മരം നശിക്കാതെ നിലകൊള്ളുന്നത് തനിക്കുവേണ്ടിയാണെന്നതിൽ സംശയമില്ല. ഇരുട്ടിൽ കര കാണിക്കുന്ന ലൈറ്റ്ഹൗസ് പോലെ, തലയുയർത്തി നിൽക്കുന്ന അടയാളമായി...
ആദ്യ കൊല്ലങ്ങളിൽ റോഡിൽ വണ്ടി പാർക്ക് ചെയ്ത് മണലിലൂടെ നടന്നുപോകും. ദിക്കറിയുന്നിടം വരെ. അവിടെനിന്ന് ഒരുനിമിഷം ആകാശം നോക്കി പരിഭവമെത്തിച്ച് തിരികെ. കേൾക്കുന്നവർക്കു ഭ്രാന്ത്. അതുകൊണ്ടു പറയാറില്ല.
കഴിഞ്ഞ കുറെ വർഷങ്ങളായി വണ്ടിയുടെ ജിപിഎസ് സഹായിക്കുന്നതുകൊണ്ട് ഉള്ളിലേക്കു പോകും. മൺകൂനകളുടെ മുകളിൽനിന്നു കാണാനാകുന്ന ആ ചെറിയ തടാകം ഒരിക്കലും വറ്റിക്കണ്ടിട്ടില്ല. അടയാളവൃക്ഷത്തെ നിലനിർത്തുന്ന ജലസ്രോതസ്സ്. ഓരോ തവണ ചെല്ലുമ്പോഴും മനസ്സിലൊരു ആശങ്കയുണ്ടാവും – ആ മരവും തടാകവും അവിടെയുണ്ടാവുമോയെന്ന്.
ഇലകളൊഴിഞ്ഞാണ് കെ.കെ. ഇതുവരെയും ആ ജീവവൃക്ഷത്തെ കണ്ടിട്ടുള്ളത്. ഇനി തന്നെപ്പോലെ അനേകരുടെ സങ്കടങ്ങൾ ഏറ്റുവാങ്ങി വിഷാദം സ്ഥായീഭാവമായി സ്വീകരിച്ചതാവാം. കളങ്കമേശാത്ത മനവും മെയ്യുമായി ഉറങ്ങുന്ന കുഞ്ഞുദേഹങ്ങളുടെ പരിശുദ്ധ രക്തമൂറി ജീവൻ നിലനിർത്തുന്ന വൃക്ഷം. കെ.കെ. കുറെനേരം ആ നിൽപു നിന്നു.
ഒഴിഞ്ഞ ശിഖരങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ പതിവില്ലാത്തൊരു കാഴ്ച കണ്ടു. ഒരു ചെറിയ മൂങ്ങ. ഇത്രയടുത്ത് മൂങ്ങയെ ഒരിക്കലും കണ്ടിട്ടില്ല. വീശിയടിക്കുന്ന തണുത്ത കാറ്റത്തും ഒരു തൂവൽപോലും അനക്കാതെ ഒതുങ്ങിക്കൂടിയിരിക്കുന്നു, കണ്ണുകളടച്ച്. കണ്ണു തുറക്കാത്ത തന്റെ മകൻ യാത്ര പറയാൻ വന്നതോയെന്ന് ചിന്തകൾ ഭ്രാന്തമായി അലറി.
കെ.കെ. അസ്വസ്ഥനായി. ഇന്നുവരെയും ദൂരെ നിന്നേ തടാകം കണ്ടിട്ടുള്ളൂ. അക്കേഷ്യ താഴ്‌വര ഇവിടെ അടുത്താണെന്നു കേട്ടിട്ടുണ്ട്. ഇത് അവസാനത്തെ വരവ്, എക്സിറ്റ് പേപ്പർ കോട്ടിന്റെ പോക്കറ്റിൽ ഭദ്രമായുണ്ട്. ഇനിയൊരു കാഴ്ചയ്ക്ക് അവസരമില്ലാത്തതുകൊണ്ട് കെ.കെ. തടാകത്തിന്റെ അടുത്തേക്കു നടന്നു.
കാണുമ്പോൾ അടുത്തെന്നു തോന്നുമെങ്കിലും ദൂരം കുറെയുണ്ട്. ജലത്തോട് അടുക്കുമ്പോൾ മണ്ണിന് അരണ്ട പച്ചനിറം. മരുഭൂമിയിൽ കാണപ്പെടുന്ന ഒരുതരം ലൈക്കെൻ. ആൽഗയുടെയും ഫംഗസിന്റെയും സങ്കരപുത്രി. മറ്റൊരു ജീവസാന്നിധ്യം ഈ അവസാനത്തെ വരവിൽ കണ്ടെത്തിയിരിക്കുന്നു! ലൈക്കെൻസ് മാത്രമല്ല, തടാകത്തോടു ചേർന്ന് അങ്ങിങ്ങായി കൂട്ടംകൂടി നിൽക്കുന്ന കുറച്ചു മുൾച്ചെടികൾ. അതിന്റെ ഇടയിലൂടെ ചാടിനടക്കുന്ന കുരുവിയോളം വലുപ്പം വരുന്ന, തവിട്ടുനിറത്തിലുള്ള വെട്ടുക്കിളികൾ.
അടുക്കുന്തോറും കെ.കെ. ശ്രദ്ധിച്ചുനോക്കി. മണ്ണു ചുവന്നുവരുന്നു. തടാകത്തിലുള്ളത് ഇഷ്ടികച്ചുവപ്പുള്ള ഒരു ദ്രാവകം. എന്നാൽ, നിലം കാണുന്നതരത്തിൽ തെളിഞ്ഞത്. വെള്ളമെന്നു പറയാനാവില്ല. ഒരുനിമിഷം കെ.കെ. ഭയന്നു. വിജാതീയരെ അടക്കം ചെയ്തിരുന്ന അക്കൽദാമ താഴ്‌വരയെക്കുറിച്ചു വായിച്ചത് മനസ്സിൽ മിന്നിമാഞ്ഞു. നീതിമാന്റെ ചോര ഒറ്റുകൊടുത്തു വാങ്ങിയ ചുവന്ന രക്തനിലം. ഇവിടെ അക്കേഷ്യ താഴ്‌വര, ചതിക്കപ്പെട്ട തന്നെ സ്വീകരിക്കാനൊരുങ്ങിയിരിക്കുന്നതു പോലെ.
മണ്ണ് പഞ്ഞിപോലെ പതുപതുത്തത്. ഷൂസ് നന്നേ പുതഞ്ഞു. മറ്റൊരു ലോകത്ത് എത്തിപ്പെട്ടതുപോലെ. സ്പർശിച്ചറിയാൻ, മടിച്ചു മടിച്ചെങ്കിലും വിരലറ്റം തൊട്ടു. ആസിഡിലെന്നപോലെ പൊള്ളിപ്പോയി. കെ.കെ കൈവലിച്ചു. വലതു ചൂണ്ടുവിരലും നടുവിരലും ചുവന്നു കൂടുന്നു. വേദന കൊണ്ട് അയാൾ ധൃതിയിൽ പിന്നിലേക്കു ചുവടുകളെടുത്തു.
ആകാംക്ഷ അടക്കാനാവാതെ കയ്യിലെ വേദന കടിച്ചുപിടിച്ച് കെ.കെ. വീണ്ടും നടന്നു. നടക്കുന്തോറും പൂഴിമണൽ മാറി ഉറച്ചനിലമായി.
അവിടവിടെ കറുപ്പിലും രക്തച്ചുവപ്പിച്ചും കൊത്തിവച്ചതുപോലെ പുറ്റുകൾ. പണ്ടെങ്ങോ കടന്നുപോയ ജീവകാലത്തിന്റെ ശിഷ്ടശിൽപങ്ങൾ. അവയിൽ ചവിട്ടാതെ കെ.കെ. സൂക്ഷിച്ചു ചുവടുകൾവച്ചു. അസ്തമനം അടുക്കുന്തോറും മഞ്ഞിറങ്ങുന്നു. പുകപോലെ കാഴ്ച മറയുന്നുണ്ട്. എന്നിട്ടും തിരികെപ്പോകാൻ മനസ്സുവരുന്നില്ല.
കുറച്ചു നിമിഷങ്ങൾക്കുള്ളിൽത്തന്നെ മഞ്ഞുമൂടി രണ്ടടി ദൂരംപോലും കൺമുന്നിലില്ലാതായി. സൂര്യൻ മറഞ്ഞു. ദിക്കു തെറ്റി. കെ.കെ. നടന്നു. സർവശക്തിയുമെടുത്ത്. മകനെ നെഞ്ചോടു ചേർത്ത ഭൂമിയുടെ അറ്റത്തേക്ക്... മഞ്ഞുമൂടിയ ഇരുട്ടിൽ വച്ച ഒരു ചുവട് മണ്ണെത്തിയില്ല. അതായിരുന്നു ലോകത്തിന്റെ, ഭൂമിയുടെ അഗ്രം.
പതിമൂന്നു ദിവസങ്ങൾ കഴിഞ്ഞ് മിഡിൽ ഈസ്റ്റ് വാർത്തയിൽ കെ.കെ.യുടെ ഭാര്യ നാട്ടിലിരുന്ന് ഇങ്ങനെ കേട്ടു: ‘സൗദി അറേബ്യയിൽ സാമ്പത്തിക ക്രമക്കേടുകളിൽപെട്ട് ഹുറൂബാക്കി നാടുകടത്താനിരുന്ന മലയാളി വ്യവസായ പ്രമുഖൻ കൊട്ടുവള്ളിൽ കൃഷ്ണൻനായരെ കാൺമാനില്ല. കഴിഞ്ഞ ദിവസം മെഡിക്കൽ പൊലീസാണ് എഡ്ജ് ഓഫ് ദ് വേൾഡിനടുത്തു നിന്ന് അദ്ദേഹത്തിന്റെ വാഹനം കണ്ടെടുത്തത്. പഴ്സ് വാഹനത്തിൽനിന്നു ലഭിച്ചതുകൊണ്ട് മോഷണശ്രമം തള്ളിക്കളയുന്നു. സ്പോൺസർ അദ്ദേഹത്തിനെതിരെ കേസു കൊടുത്ത നാളുകളിൽത്തന്നെ കുടുംബത്തെ നാട്ടിലയച്ചിരുന്നു. കഴിഞ്ഞ ഒൻപതു മാസങ്ങളായി തടവിലായിരുന്ന ഇദ്ദേഹം, മഞ്ഞുകാലത്ത് നന്നേ പരിചിതർക്കു പോലും എത്താൻ ബുദ്ധിമുട്ടുള്ള, ജീവന്റെ കണിക പോലുമില്ലാത്ത എഡ്ജ് ഓഫ് ദ് വേൾഡിൽ എത്തിപ്പെട്ടത് ദുരൂഹതയുണർത്തുന്നു. ഹുറൂബായതുകൊണ്ട് അന്വേഷണം മന്ദഗതിയിലാകുമെന്നതിനാൽ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വിവിധ സാംസ്കാരിക നേതാക്കൾ ശ്രമിക്കുന്നുണ്ട്.’
മാസങ്ങളായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ, ഹുറൂബായി മുദ്രകുത്തപ്പെട്ട് മേൽവിലാസമില്ലാത്തവനായി, പ്രവാസദുരിതത്തിന്റെ ഉദാഹരണമായി എവിടെയോ ഒടുങ്ങിയ ഭർത്താവിനെയോർത്ത് അനിത കരഞ്ഞില്ല. തന്നോട് ഇന്നുവരെ പറയാതിരുന്ന ആ സ്ഥാനം വെളിപ്പെട്ടുകിട്ടിയതിൽ അവർ സമാധാനിച്ചു.
Content Highlights: Malayalam short story Akkaldama