പ്രളയം പേടിച്ച് റേനിക്കാർ ഓടിയത് കാട്ടിലേക്ക്; ഗൗരദേവിയുടെ ഗ്രാമത്തിന് മരങ്ങൾ കാവൽ

Reni village 3
റേനി ഗ്രാമം ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
SHARE

ഉത്തരാഖണ്ഡിലെ ഹിമാലയൻ താഴ്‌വരയിൽ  നാശം വിതച്ച മിന്നൽപ്രളയത്തിൽ നിന്നു രക്ഷതേടി  കാടു കയറിയ റേനി ഗ്രാമത്തിന്റെ കഥയാണിത്.  റേനിയെ നമ്മൾ അറിയും; മരങ്ങളെ കെട്ടിപ്പിടിച്ചുള്ള  ചിപ്കോ മുന്നേറ്റം പിറന്ന നാട്......

ശ്വാസമടക്കിപ്പിടിച്ചാണ് അവർ ഓടിയത്. കുട്ടികളെ ചുമലിലേറ്റിയും ഉറ്റവരെ നെഞ്ചോടു ചേർത്തും ഗ്രാമം വിട്ട് അവർ ഓടി; കാട്ടിലേക്ക്! പ്രളയം നാശംവിതച്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റേനി ഗ്രാമത്തിലെ നിവാസികൾ ഇന്നു താമസിക്കുന്നത് കാട്ടിലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആഞ്ഞടിച്ച പ്രളയം ഹിമാലയത്തിന്റെ താഴ്‍വരയിലുള്ള ഈ ഗ്രാമത്തിൽ വ്യാപക നാശം വിതച്ചു. പ്രളയം വീണ്ടും വന്നേക്കാമെന്ന ഭീതിയിൽ മലയിൽ 3 കിലോമീറ്ററോളം ഉയരത്തിലുള്ള കാട്ടിലേക്ക് അവർ പലായനം ചെയ്തു. 

കാട്ടിൽ അവർക്കു കാവലായി മരങ്ങളുണ്ട്. 1974ൽ ഗ്രാമത്തിലെ മരങ്ങൾ മുറിക്കാനെത്തിയ അധികാരികളെ വെല്ലുവിളിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന്, ചിപ്കോ മുന്നേറ്റത്തിനു തുടക്കമിട്ട മണ്ണാണിത്. തന്നെ വെടിവച്ചു കൊന്നശേഷമേ മരങ്ങളെ തൊടാനാവൂ എന്ന് ഉറക്കെവിളിച്ചു പറഞ്ഞ് ചിപ്കോ പ്രസ്ഥാനം നയിച്ച തന്റേടിയായ ഗൗരദേവിയുടെ ഗ്രാമം. മരങ്ങൾ മുറിക്കുന്നതിനെതിരെ ഒരുകാലത്തു  നെഞ്ചുവിരിച്ചു നിന്നവർ, ഹിമാലയൻ മലനിരകളിലെ വനനശീകരണം കൂടി കാരണമായ പ്രളയത്തിന് ഇന്ന് ഇരകളാകുമ്പോൾ, ഓടിപ്പോകാൻ മരങ്ങൾ നിറഞ്ഞ കാടല്ലാതെ മറ്റൊരഭയം അവർക്കില്ല.

Reni village rescue
റേനി ഗ്രാമത്തിലെ പ്രളയ രക്ഷാപ്രവർത്തനം.

ചിപ്കോ പിറന്ന മണ്ണ്

രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി പ്രക്ഷോഭങ്ങളിലൊന്നായ ചിപ്കോ മുന്നേറ്റത്തിന് 1974 മാർച്ചിലാണു റേനി ഗ്രാമം സാക്ഷിയാകുന്നത്. ചിപ്കോ എന്ന വാക്കിനർഥം ആലിംഗനം എന്നാണ്. 

അന്ന് അവിഭക്ത യുപിയുടെ ഭാഗമായിരുന്ന റേനിയിലെ മരങ്ങൾ മുറിക്കാൻ   സ്വകാര്യ കമ്പനിക്കു പ്രാദേശിക ഭരണകൂടം അനുമതി നൽകി. ഗ്രാമവാസികളിൽ നിന്നു പ്രതിഷേധമുണ്ടാകുന്നതു തടയാൻ അവിടത്തെ പുരുഷന്മാരെ അധികൃതർ തന്ത്രപരമായി നീക്കി. ഗ്രാമവാസികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചുവെന്നും അതു കൈപ്പറ്റാൻ പുരുഷന്മാർ ചമോലി ജില്ലാ ആസ്ഥാനത്തെത്തണമെന്നും ഭരണകൂടം അറിയിച്ചു. 

പുരുഷന്മാർ ചമോലിയിലേക്കു പോയ ദിവസം മരംവെട്ടുകാർ റേനിയിലെത്തി. തോക്കുകളേന്തി കമ്പനിയുടെ സുരക്ഷാജീവനക്കാരും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ ഗൗരദേവി  27 സ്ത്രീകളെ സംഘടിച്ച് കമ്പനി അധികൃതരെ സമീപിച്ചു. ഒരുകാരണവശാലും മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. സ്ത്രീകളെ വെടിവച്ചു വീഴ്ത്തിയ ശേഷമാണെങ്കിലും മരങ്ങൾ മുറിക്കുമെന്ന് അധികൃതർ ഭീഷണി മുഴക്കി. 

കെട്ടിപ്പിടിച്ച്, കൈകൾ കോർത്ത്

കരുത്തുറ്റതും സുന്ദരവുമായ പ്രതിഷേധം പിന്നാലെ, അവിടെ അരങ്ങേറി. സ്ത്രീകൾ കൈകൾ കോർത്തുപിടിച്ച്, മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നു. അധികൃതർ വേരറുക്കാനെത്തിയ ഓരോ മരത്തിനു ചുറ്റും അവർ സ്നേഹവലയമൊരുക്കി. അന്നു രാത്രി മുഴുവൻ ഉറക്കമിളച്ച് മരങ്ങളെ കെട്ടിപ്പിടിച്ചു. മരങ്ങളെ തൊടാൻ ഞങ്ങളുടെ ജീവനെടുക്കണമെന്നു ഗൗര ആക്രോശിച്ചു. ഇതു ഞങ്ങളുടെ ഝാൻസി റാണിയെന്ന് ഗൗരയെ നോക്കി ഒപ്പമുള്ള സ്ത്രീകൾ വിളിച്ചു.

അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കമ്പനി ഒടുവിൽ മുട്ടുമടക്കി. ഗ്രാമത്തിലെ 2500 മരങ്ങൾ മുറിക്കാൻ ഭരണകൂടത്തിൽ നിന്ന് അനുമതി നേടിയ കമ്പനി, അതിലൊന്നു പോലും തൊടാതെ മടങ്ങി. റേനിയിലെ പ്രതിഷേധം ആഗോളശ്രദ്ധ നേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി സർക്കാർ സമിതിയെ നിയോഗിച്ചു. 

Reni village 2
ജൂതാദേവി

റേനി പരിസ്ഥിതിദുർബല പ്രദേശമാണെന്നും അവിടത്തെ ഒരു മരം പോലും മുറിക്കരുതെന്നും സമിതി റിപ്പോർട്ട് നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി ഹിമാലയത്തിന്റെ കരയിലുള്ള ചെറു ഗ്രാമത്തിൽനിന്ന് ഗൗര ലോകത്തോടു വിളിച്ചു പറഞ്ഞു. അതേ ഗ്രാമം ഇന്നു പ്രകൃതിക്ഷോഭത്തിൽ കണ്ണീരൊഴുക്കുമ്പോൾ, അതു തുടയ്ക്കാൻ ഗൗരയില്ല. 1991ൽ അറുപത്തിയാറാം വയസ്സിൽ അവർ വിടപറഞ്ഞു. 

വേണം, മറ്റൊരു ചിപ്കോ

അധികാരികൾ പ്രകൃതിയെ ഇനിയും' നോവിക്കാതിരിക്കാൻ മറ്റൊരു ചിപ്കോ മുന്നേറ്റത്തിനു സമയമായിരിക്കുന്നു - ഗൗര ദേവിയുടെ മരുമകൾ ജൂതാദേവി ഉറച്ച ശബ്ദത്തിൽ ‘മനോരമ’യോടു പറഞ്ഞു. ‘പ്രകൃതിയെ എക്കാലവും സ്നേഹിച്ചവരാണ് ഞങ്ങൾ. പക്ഷേ, മറ്റിടങ്ങളിൽ വനനശീകരണം വ്യാപകമായി നടന്നു. ഇവിടെ ജലവൈദ്യുത പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ഞങ്ങൾ ഗ്രാമീണർ പ്രതിഷേധിച്ചിരുന്നു. പക്ഷേ, അധികാരികൾ കേട്ടില്ല. അവർ ഋഷിഗംഗയ്ക്കു കുറുകെ ഡാം കെട്ടി. നദിയുടെ ഒഴുക്കു തടസ്സപ്പെടുത്തി. ഡാം പൂർണമായി തകർത്ത് നദി അതിന്റെ ഒഴുക്ക് ഇപ്പോൾ വീണ്ടെടുത്തു. മറ്റുള്ളവർ ചെയ്ത കുറ്റത്തിന്റെ ഫലം അനുഭവിക്കുന്നതു ഞങ്ങളാണ്’ – ജൂതാദേവിയുടെ വാക്കുകളിൽ വേദനയും രോഷവും നിറഞ്ഞു. 

നാശം വിതച്ച് പ്രളയം

ഗ്രാമത്തിലെ രണ്ടു പേരെയാണു പ്രളയം മരണത്തിന്റെ ആഴങ്ങളിൽ മുക്കിയത്; അവിടെയുണ്ടായിരുന്ന വൈദ്യുത പ്ലാന്റിലെ അൻപതോളം തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒട്ടേറെ പശുക്കളെയും ആടുകളെയും ഗ്രാമവാസികളിൽ പലർക്കും നഷ്ടമായി; അവരുടെ ഉപജീവന മാർഗം നിലച്ചു. ഇത്രയും രൗദ്രഭാവത്തിലുള്ള പ്രളയം ഇവിടെ ഇതിനു മുൻപുണ്ടായിട്ടില്ലെന്നു ഗ്രാമവാസികൾ പറയുന്നു. 

ഏതാനും വർഷങ്ങൾ മുൻപുണ്ടായ പ്രളയത്തിൽ ഋഷിഗംഗയ്ക്കു കുറുകെയുള്ള പാലം തകർന്നിരുന്നു. അതിനു പിന്നാലെ വൈദ്യുത പ്ലാന്റ് സ്ഥാപിക്കാനെത്തിയവർക്കെതിരെ ഗ്രാമവാസികൾ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. പ്ലാന്റിനു പുറമേ, നദീതീരത്ത് മൂന്നുനില കെട്ടിടവും അവർ നിർമിച്ചു. ആ കെട്ടിടവും പ്ലാന്റും ഡാമും പൂർണമായി തച്ചുടച്ചാണു പ്രളയം കടന്നുപോയത്. അവിടെയുണ്ടായിരുന്ന കോൺക്രീറ്റ് പാലവും ഒലിച്ചുപോയി. റേനിയുടെ മറുകരയിലെ ഗ്രാമങ്ങൾ ഇതോടെ ഒറ്റപ്പെട്ടു. ചൈനീസ് അതിർത്തിയിലേക്കുള്ള പാതയുടെ ഭാഗമായിരുന്നു ഇത്. 

Reni statue
റേനി ഗ്രാമത്തിലെ ഗൗരദേവിയുടെ പ്രതിമ

വാ പിളർന്നെത്തിയ പ്രളയം കണ്ടു വിറങ്ങലിച്ച ഹിമാലയൻ താഴ്‍വരയിലെ ഗ്രാമവാസികൾ അതെക്കുറിച്ച് സമീപ ഗ്രാമവാസികളെ അറിയിക്കാൻ വീടിനു പുറത്തിറങ്ങി അലറിവിളിച്ചിരുന്നു; പാത്രങ്ങളെടുത്ത് ശക്തമായി കൊട്ടി. മുന്നറിയിപ്പിന്റെ ശബ്ദത്തെക്കാൾ വേഗത്തിൽ കുതിച്ച പ്രളയം സർവതും തകർത്ത് ആർത്തലച്ചു പാഞ്ഞു. ഇവിടം തകർത്ത ശേഷമാണ് 6 കിലോമീറ്റർ താഴെ, തപോവനിലെ എൻടിപിസി വൈദ്യുത പ്ലാന്റിൽ പ്രളയം സർവനാശം വിതച്ചത്. 

ഗൗര എല്ലാം കാണുന്നുണ്ട്

മുന്നിലുള്ളതെല്ലാം തച്ചുടച്ചു കടന്നുപോയ മിന്നൽ പ്രളയത്തിന്റെ ഇരമ്പൽ ഹിമാലയൻ മലനിരകളിലെ ഗ്രാമവാസികളുടെ മനസ്സിൽനിന്നു വിട്ടുപോയിട്ടില്ല. റേനിയിലെ പാലം തകർന്നതോടെ അക്കരെയുള്ള 13 ഗ്രാമങ്ങൾക്കു പുറംലോകവുമായുള്ള ബന്ധമറ്റു. പുറമേ നിന്നെത്തിയവർ പ്രകൃതിയെ നോവിച്ചതിന്റെ വില നൽകുന്നത് ഇവരാണ്. പ്രകൃതിയെ കെട്ടിപ്പുണർന്നു ജീവിച്ചവർ ഇന്നു കാടുകളിലേക്കു പലായനം ചെയ്യുന്നു.

ചിപ്കോ മുന്നേറ്റത്തിന്റെ മുൻനിര പോരാളികളായ ഗൗരദേവിയുടെയും മറ്റു സ്ത്രീകളുടെയും പേരുകൾ റേനി ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിൽ കൊത്തിവച്ചിട്ടുണ്ട്. ഗ്രാമം ഇന്നു വിജനമാണ്. അവിടെയുള്ള സ്മാരകത്തിൽ ഹിമാലയൻ മലനിരകളെയും ഋഷിഗംഗയെയും നോക്കി ഗൗരദേവിയുടെ പ്രതിമ തലയുയർത്തി നിൽക്കുന്നു. ഗൗര എല്ലാം കാണുന്നുണ്ട്. 

Reni village 4
ഗീതാദേവി

അമ്മയായിരുന്നു ഗംഗ

കണ്ണിമചിമ്മും വേഗത്തിലാണ് കൺമുന്നിൽനിന്നു ഗീതാദേവിക്ക് അമ്മയെ നഷ്ടപ്പെട്ടത്. പ്രളയം നാശംവിതച്ച റേനി ഗ്രാമത്തിലെ വീടിനു മുന്നിലിരുന്ന്, താഴെ ആർത്തലച്ചു പായുന്ന ഋഷി ഗംഗയിലേക്കു കൈചൂണ്ടി അവർ പറഞ്ഞു: ‘എന്റെ അമ്മയെ പ്രളയം കവർന്നത് അവിടെയാണ്...ഞായറാഴ്ച രാവിലെ നദീതീരത്തുള്ള ചെറു കൃഷിഭൂമിയിൽ പോയതായിരുന്നു ഗീതയും അമ്മയും. ‘മലയുടെ മറവിൽ നദി വളഞ്ഞൊഴുകി വരുന്ന ഭാഗത്തായിരുന്നു ഞങ്ങൾ. ദൂരെ വലിയൊരു ഇരമ്പൽ ശബ്ദം കേട്ടു.

വിമാനത്തിന്റേതാണെന്നാണു കരുതിയത്. പിന്നാലെ ഇരമ്പൽ അടുത്തേക്കു വരുന്ന പോലെ തോന്നി. അടുത്ത നിമിഷം തിരിഞ്ഞുനോക്കിയ ഞാൻ കണ്ടത് മലയുടെ വളവു തിരിഞ്ഞ് കുതിച്ചെത്തുന്ന ജലപ്രവാഹം. പത്താൾ പൊക്കത്തിൽ വെള്ളം!

അമ്മേ എന്ന വിളി എനിക്കു മുഴുമിപ്പിക്കാനായില്ല. ജലപ്രവാഹം ഞങ്ങളെ ചുഴറ്റിയെറിഞ്ഞു. ഞാൻ കരയിലേക്കു തെറിച്ചു വീണു; ജലപ്രവാഹത്തിൽ അമ്മ മാഞ്ഞു. സംഹാരതാണ്ഡവമാടിയ ഗംഗയ്ക്കൊപ്പം അമ്മ പോയി. അമ്മയായിരുന്നു ഞങ്ങൾക്ക് ഗംഗ’ – ഗീതയുടെ വാക്കുകൾ മുറിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA