ADVERTISEMENT

അതുവരെ കണ്ട കടലായിരുന്നില്ല അത്. ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്തുനിന്ന് ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മത്സരം തുടങ്ങിയിട്ട് 83 ദിവസമായിരുന്നു. 

2018 സെപ്റ്റംബർ 21.

ഇന്ത്യൻ മഹാസമുദ്രം. ഏറ്റവും അടുത്തുള്ള കര ഓസ്ട്രേലിയയിലെ പെർത്താണ് – ദൂരം ഏകദേശം 3700 കിലോമീറ്റർ. മീൻപിടിത്തക്കാരുടെ കപ്പലുകളോ വഞ്ചികളോ ഒന്നുമില്ല അരികിലെങ്ങും. അത്രമേൽ ഏകാന്തമായ കടൽ. അവിടെ ഏകാന്തനായൊരു സമുദ്രസഞ്ചാരിയും അയാളുടെ പ്രിയപ്പെട്ട പായ്‌വഞ്ചി ‘തുരീയ’യും.

100 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്നും തിരമാലകൾ 10 മീറ്റർ വരെ ഉയർന്നേക്കുമെന്നും കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. സാധാരണഗതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. കാറ്റും തിരയും ഇതിനു മുൻപും പലതവണ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. അവയെയൊക്കെ നേരിട്ട ആത്മവിശ്വാസം എനിക്കു കരുത്തു പകർന്നതേയുള്ളൂ.

പക്ഷേ, കാലാവസ്ഥാ പ്രവചനം പോലെയായിരുന്നില്ല കടലിന്റെ സ്വഭാവം. തിരകൾക്കു ഭ്രാന്തു പിടിച്ചതുപോലെ. അവ ‘തുരീയ’യുടെ രണ്ടുവശത്തും ആഞ്ഞടിക്കുന്നപോലെയാണ് എനിക്കു തോന്നിയത്. 100 കിലോമീറ്റർ വേഗം പ്രവചിക്കപ്പെട്ട കാറ്റിന് യഥാർഥ വേഗം 150 കിലോമീറ്റർ. അപ്രതീക്ഷിതമായതെന്തും വരാമെന്നു മനസ്സു പറഞ്ഞു.

എന്തു സംഭവിച്ചാലും നേരിടാൻ തയാറായി ഞാൻ വഞ്ചിയുടെ മുകളിലേക്കു ചാടിക്കയറി. പായ്മരം ഒടിയാതെ നോക്കുകയാണ് ആദ്യം വേണ്ടത്. തുരീയയുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം തുടങ്ങി. 10 മീറ്റർ ഉയരുമെന്ന കാലാവസ്ഥാ പ്രവചനത്തെ വെല്ലുവിളിച്ച് തിരകൾ വഞ്ചിക്കു മുന്നിൽ 14 മീറ്ററോളം ഉയർന്നുപൊങ്ങി. മുന്നിലും പിന്നിലും വഞ്ചിയുടെ വശങ്ങളിലുമെല്ലാം വെളുത്ത നുരയും പതയും മാത്രം. ഒരു വാഷിങ് മെഷീനിൽ എടുത്തിട്ട പോലെ!

ഓർക്കാപ്പുറത്താണ് ഒരു വലിയ തിര വന്നത്. അതിഭയങ്കരമായ ശബ്ദം മാത്രം ഓർമയുണ്ട്. വഞ്ചിയുടെ ഒരുവശം ആകാശത്തേക്കുയർന്നു. ഏതാണ്ടു 110 ഡിഗ്രി! തെറിച്ചു കടലിൽ വീഴാതിരിക്കാൻ ഞാൻ പിന്നിലെ പായ്മരത്തിൽ മുറുക്കെപ്പിടിച്ചു. ആ സമയത്ത് ഞാനിരിക്കുന്ന ഭാഗം കടലിലേക്കു താഴ്ത്തിക്കൊണ്ട് അടുത്ത തിര. അപ്രതീക്ഷിതമായിരുന്നു. വായ് നിറച്ചും ഉപ്പുവെള്ളം. കുറച്ചു കുടിച്ചു, ബാക്കി പുറത്തേക്കു തുപ്പിക്കളയുമ്പോൾ അടുത്ത തിര. കടലിൽ കുത്തിനിർത്തിയതു പോലെയായി വഞ്ചി.

ഒരു സെക്കൻഡ് പോലും സമയം തരാതെ അടുത്ത തിരയിൽ വഞ്ചി നേരെയായി. തിരയാക്രമണത്തിൽ ഞാൻ പായ്മരത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലുമായി. താഴെ വഞ്ചിത്തട്ടിലേക്കു തിരിച്ചെത്താൻ പതിയെ താഴേക്കൂർന്നു. താഴെയെത്തും മുൻപേ അടുത്ത തിരയുടെ വകയൊരു ഉഗ്രൻ തല്ല്. അതിൽ രണ്ടും കയ്യും വിട്ടു ഞാൻ കടലിൽ വീണെന്നുറപ്പിച്ചതാണ്.

പക്ഷേ, എന്റെ വഞ്ചി, തുരീയ, അവൾ എന്നെ കൈവിട്ടില്ല. ഞങ്ങൾ നാവികർ പാരമ്പര്യമനുസരിച്ച് കടൽയാനങ്ങളെ ഭാര്യയും കാമുകിയുമൊക്കെയായാണു വിശേഷിപ്പിക്കുക. കപ്പലുകളെയും ബോട്ടുകളെയുമെല്ലാം അവൾ (She) എന്നാണു വിളിക്കുക. പായ്മരത്തിൽ എന്റെ വാച്ചുടക്കി ഞാൻ തൂങ്ങിക്കിടന്നു. അടുത്ത കൈയുയർത്തി ആ കുടുക്ക് ഊരാൻ എനിക്കു കഴിയുമായിരുന്നില്ല. ഏതാനും സെക്കൻഡ‍ുകൾ അങ്ങനെ തൂങ്ങിക്കിടന്നു. ഇനി കൈ ഒടിഞ്ഞെങ്കിൽ മാത്രമേ ആ കുടുക്കു വിടുവിച്ച് എനിക്കു താഴെയെത്താൻ പറ്റൂ എന്നാണു കരുതിയത്. പക്ഷേ, അവിടെയും അദ്ഭുതം സംഭവിച്ചു. വാച്ചിന്റെ സ്ട്രാപ് അടർന്ന് നടുവിടിച്ചു ഞാൻ താഴേക്കു വീണു. പായ്മരത്തിന്റെ ഭാഗമായ ബൂമിലാണ് ആദ്യം നടുവിടിച്ചത്. അവിടെനിന്നു വഞ്ചിത്തട്ടിലേക്കു വീണു. ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ചാടിയെഴുന്നേറ്റ് വഞ്ചിക്കുള്ളിലേക്കു നടന്നു. അകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം തിരയടിയിൽ അലങ്കോലമായിരുന്നു. അവ അടുക്കിവയ്ക്കാനും വൃത്തിയാക്കാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു നിലത്തുനിന്ന് എഴുന്നേൽക്കാൻ പറ്റാതായി. കാലുകൾക്കു ബലമില്ലാത്ത അവസ്ഥ. നടുവിനു ക്ഷതം സംഭവിച്ചെന്നു മനസ്സിലായി. കരയിലേക്ക് അപായസന്ദേശമയച്ചു. പുറത്ത് കടൽക്കലി തുടരുന്നു. ഞാൻ കണ്ണുകടളച്ച് മനസ്സു ശാന്തമാക്കാൻ ശ്രമിച്ച് ആ കിടപ്പു തുടർന്നു.

മനോരമ കണ്ട് അമ്മ വിളിച്ചു! 

1968ലായിരുന്നു ചരിത്രത്തിലെ ആദ്യ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണം. ബ്രിട്ടിഷുകാരനായ സർ റോബിൻ നോക്സ് ജോൺസ്റ്റണായിരുന്നു ജേതാവ്. ആ യാത്രയുടെ 50–ാം വാർഷികം പ്രമാണിച്ചാണ് ഈ മത്സരം. 2013ൽ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയുടെ ‘സാഗർ പരിക്രമ–2’ ഏകാന്ത പായ്‌വഞ്ചി പ്രയാണത്തിൽ എന്റെ മാർഗനിർദേശകനായിരുന്നു സർ റോബിൻ. സാഗർ പരിക്രമയ്ക്കു ശേഷം എന്തെന്ന് ആലോചിക്കുന്ന കാലത്താണ് ഗോൾഡൻ ഗ്ലോബിന്റെ അറിയിപ്പു വന്നത്. 50 വർഷം മുൻപത്തെ സമുദ്രപര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രമാണ് ഇതിൽ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്. വടക്കുനോക്കിയന്ത്രവും മാപ്പുകളും മാത്രമാണ് ദിശ കണ്ടുപിടിക്കാൻ അനുവദിക്കുക. ആധുനിക കാലത്തെ കണ്ടുപിടിത്തങ്ങളായ ഡിജിറ്റൽ ക്യാമറ, ഫോൺ തുടങ്ങിയവ ഉൾപ്പെടെ ഒന്നും കൈവശം വയ്ക്കാൻ അനുവാദമില്ല. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ വേണം പ്രയാണം പൂർത്തിയാക്കാൻ.

50 വർഷം മുൻപത്തെ ഡിസൈനിലുള്ള ഒരു പായ്‌വഞ്ചിയും നിർബന്ധം. സർ റോബിനുമായുള്ള പരിചയം എന്റെ ചിന്തകൾ ആ വഴിയിലേക്കു നയിച്ചു. ‘സുഹൈലി’ എന്ന വഞ്ചിയിലായിരുന്നു റോബിന്റെ വിജയയാത്ര. ഇന്ത്യയിലാണു ‘സുഹൈലി’ നിർമിച്ചത്. അതേ മാതൃകയിൽ ഒരു വഞ്ചി നിർമിക്കാൻ തീരുമാനിച്ചു. ഗോവയിലെ അക്വാറിസ് ഷിപ്‌യാഡ് ഉടമ രത്നാകർ ദണ്ഡേക്കറുമായി അടുത്തു പരിചയമുണ്ട്. ‘സാഗർ പരിക്രമ’യ്ക്ക് ഉപയോഗിച്ച ഐഎൻഎസ്‌വി മാദേയി എന്ന പായ്‌വഞ്ചി നാവികസേനയ്ക്കു വേണ്ടി നിർമിച്ചത് അവിടെയാണ്. രത്നാകറുമായി സംസാരിച്ചു. വഞ്ചി നിർമിക്കാൻ തീരുമാനമായി.

പക്ഷേ, അപ്പോഴും ഞാനിക്കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. ഇത്തരമൊരു ‘കൈവിട്ട’ യാത്രയ്ക്കു വീട്ടുകാർ സമ്മതിക്കണമെന്നില്ല.  അപ്പോഴേക്കും ഞാനാകെ ത്രില്ലടിച്ചു തുടങ്ങിയിരുന്നു. 2017 ജൂലൈയിൽ ഗോൾഡൻ ഗ്ലോബ് മത്സരത്തിന്റെ ഔദ്യോഗിക അറിയിപ്പു വന്നു. അതിൽ മത്സരാർഥികളുടെ കൂട്ടത്തിൽ എന്റെ പേരുമുണ്ട്. പിറ്റേന്നത്തെ ‘മലയാള മനോരമ’യിൽ ആ വാർത്ത വന്നു. ‘പായ്‌വഞ്ചിയിൽ വീണ്ടും ലോകസഞ്ചാരം’– പത്രത്തിൽ എന്റെ ചിത്രവും വാർത്തയും കണ്ട് കൊച്ചിയിലെ വീട്ടിൽനിന്ന് അമ്മ വത്സമ്മ ഫോൺ വിളിച്ചു. ഞാൻ പ്രതീക്ഷിച്ചതുപോലെ എതിർപ്പൊന്നുമുണ്ടായില്ല. അതോടെ, സന്തോഷമായി. 

നക്ഷത്രങ്ങൾ വഴി കാട്ടും!  

ഗോവയിൽ മാണ്ഡവി നദിയുടെ തീരത്തുള്ള രത്നാകർ ദണ്ഡേക്കറിന്റെ ആലയിൽ ‘തുരീയ’യുടെ നിർമാണം തുടങ്ങി. സമാന്തരമായി ഞാൻ മറ്റ് ഒരുക്കങ്ങൾ ആരംഭിച്ചു. എന്റെ മുൻയാത്രകൾ പോലെയല്ല ഇത്. ജിപിഎസ് ഉൾപ്പെടെയുള്ള ആധുനിക നാവിഗേഷൻ സംവിധാനങ്ങളെല്ലാമുള്ള ബോട്ടുകളിലായിരുന്നു മുൻപത്തെ യാത്രകൾ. ഇത്തവണ സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി ദിശ തീരുമാനിക്കണം. കൊളംബസും വാസ്കോ ഡ ഗാമയും മഗല്ലനുമെല്ലാം അവലംബിച്ച പ്രാചീന സംവിധാനങ്ങളിലേക്കൊരു മടക്കയാത്ര. നാവികസേനയിൽ ഇതിനു പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര ദീർഘമായ യാത്രയ്ക്കു വലിയ ഒരുക്കം വേണം. 

സർ റോബിൻ 312 ദിവസങ്ങൾ കൊണ്ടാണു ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കിയത്. 311 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഏകദേശം 10 മാസത്തിലേറെ. നാവിഗേഷൻ പഠനം തുടങ്ങി. സൂര്യന്റെയും ചന്ദ്രന്റെയുമൊക്കെ ഉയരം (ആൾറ്റിറ്റ്യൂഡ്) കണക്കാക്കിയാണ് ഇതു ചെയ്യുന്നത്. ചാർട്ടും ലോഗരിതം ടേബിളും സൈറ്റ് റിഡക്‌ഷൻ ടേബിളും സഹായത്തിനുണ്ടാകും. ആദ്യമൊക്കെ ഒരെണ്ണം കണക്കാക്കിയെടുക്കാൻ തന്നെ അരമണിക്കൂറോളം വേണ്ടിവന്നു. പതിയെപ്പതിയെ ഇതു വഴങ്ങിത്തുടങ്ങി. ഒരു മിനിറ്റിൽ ഒരു കാൽക്കുലേഷൻ പൂർത്തിയാക്കാൻ സാധിക്കുന്ന നിലയിലേക്കായി കാര്യങ്ങൾ. 

അപ്പോഴും പ്രതിസന്ധി തീർന്നില്ല. റേസിൽ പങ്കെടുക്കുന്നവർ ഇലക്ട്രോണിക് വാച്ച് ഉപയോഗിക്കാൻ പാടില്ല. കീ കൊടുത്ത് ഉപയോഗിക്കുന്ന വാച്ചുകളോ കൈയിൽ കെട്ടിയാൽ തനിയെ ചാർജാകുന്ന ഓട്ടമാറ്റിക് വാച്ചുകളോ മാത്രമാണു പറ്റുക. അത്തരം വാച്ച് ഇക്കാലത്തു ജനകീയമല്ല. വൻ ബ്രാൻഡുകൾ ഇപ്പോഴും അവ പുറത്തിറക്കുന്നുണ്ട്. പക്ഷേ, വലിയ വില കൊടുത്തു വാങ്ങാനും കഴിയില്ല. എന്റെ കയ്യിലുണ്ടായിരുന്ന ഒരു ഓട്ടമാറ്റിക് വാച്ചിനു പുറമേ, വലിയ വിലയില്ലാത്ത ഒന്നു വാങ്ങിക്കുകയും ചെയ്തു. ഇത്തരം വാച്ചുകൾക്ക് എപ്പോഴും സമയകൃത്യതയുണ്ടാകില്ല. ഒരോ ആഴ്ചയും ഏതാനും മിനിറ്റുകളുടെ വ്യത്യാസം വരാൻ സാധ്യതയുണ്ട്. കടൽയാത്രയിൽ അത്തരമൊരു സമയവ്യത്യാസം വലിയ ദോഷം ചെയ്യും. 

ഉദാഹരണത്തിന് ഒരു സെക്കൻഡ് തെറ്റിയാൽ കടലിൽ നാവികനു തെറ്റുക ഏതാണ്ട് 2 കിലോമീറ്ററാണ് എന്നു പറയാം. ഒരു മിനിറ്റിന്റെ വ്യത്യാസം കൊണ്ട് ഏകദേശം 100 കിലോമീറ്ററിലേറെ വ്യത്യാസം വരാം! കടൽയാത്രയായതിനാൽ, കരയിലെ 100 കിലോമീറ്ററുമായി ഇതിനെ താരതമ്യം ചെയ്യാൻ സാധിക്കില്ലായിരിക്കാം. എന്നാൽ, വാച്ചിന് 3 മിനിറ്റിന്റെ വ്യത്യാസമുണ്ടെന്നു കരുതുക – എന്തായിരിക്കാം അവസ്ഥ?! 

വാച്ചിന്റെ കൃത്യത പരിശോധിച്ച് ഉറപ്പാക്കിയേ പറ്റൂ. ഇതിനായി യഥാർഥ സമയവും വാച്ചിലെ സമയവും ഒരു മാസമെങ്കിലും നിരീക്ഷിക്കണം. അന്നുമുതൽ 2 കയ്യിലും വാച്ചുകെട്ടിയായി എന്റെ നടപ്പ്! കയ്യി‍ൽ കെട്ടാതെ ഈ വാച്ചുകൾ പ്രവർത്തിക്കില്ലല്ലോ! 2 വാച്ചുകളുടെയും പ്രവർത്തനം വിലയിരുത്തുകയും വേണം. എല്ലാ ദിവസവും ബിബിസി റേഡിയോയിൽ അന്നത്തെ തീയതിയും സമയവും പറയുന്ന പരിപാടിയുണ്ട്. ആ സമയവും എന്റെ വാച്ചിലെ സമയവും കുറിച്ചുവയ്ക്കാൻ തുടങ്ങി. അങ്ങനെ, ഒരു മാസംകൊണ്ട് വാച്ചിന്റെ കൃത്യത മനസ്സിലാക്കാനുള്ള ശ്രമം വിജയിച്ചു. 

പക്ഷേ, രണ്ടും കയ്യിലും വാച്ചും കെട്ടി നടക്കുന്ന എന്റെ വിചിത്രസ്വഭാവം കണ്ട് പലരും അമ്പരന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ചിലരൊക്കെ പരസ്യമായും മറ്റു ചിലർ രഹസ്യമായും ചോദിച്ചു: രണ്ടു കയ്യിലും വാച്ചുകെട്ടാൻ മാത്രം കൈവിട്ടുപോയോ? 

ചിലരൊക്കെ സഹതപിച്ചിട്ടുണ്ടാകും: പാവം നല്ല ചെറുപ്പക്കാരനായിരുന്നു! 

ഒരു നാവികന്റെ ജീവിതത്തിലെ ചെറിയ തമാശകളിലൊന്നാണിത്; ഇനിയും എത്രയെത്ര വരാനിരിക്കുന്നു! 

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com