ADVERTISEMENT

ഇംഗ്ലണ്ടിലെ ഫാൽമത്തിൽ, അനേകം പായ്‌വഞ്ചികളുടെ കൂട്ടത്തിലൊന്നായി തുരീയയും നങ്കൂരമിട്ടതിനു പിറ്റേന്നാണ് ഒരാൾ എന്നെ കാണാൻ വന്നത്. 

നരച്ച മുടിയും വെളുത്ത കുറ്റിത്താടിയുമുള്ള ഒരു ബ്രിട്ടിഷുകാരൻ. സർ റോബിൻ നോക്സ് ജോൺസ്റ്റൻ. 

ലോകചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ, ഒരാളോടും സഹായം ചോദിക്കാതെ കടലിലൂടെ പായ്‌വഞ്ചിയിൽ ലോകം ചുറ്റിവന്ന നാവികനെന്ന ഒരിക്കലും മായാത്ത റെക്കോർഡ് ഇപ്പോൾ 81 വയസ്സുള്ള സർ റോബിന് അവകാശപ്പെട്ടതാണ്. 1968ലെ ഗോൾഡൻ ഗ്ലോബ് റേസിലായിരുന്നു ഈ ചരിത്രനേട്ടം. അതേ ഗോൾഡൻ ഗ്ലോബ് റേസിന്റെ 50–ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഞാൻ പങ്കെടുക്കേണ്ട ഗോൾഡൻ ഗ്ലോബ് റേസ് നടക്കുന്നത്. 

അദ്ദേഹത്തിന്റെ പ്രിയ നൗക ‘സുഹൈലി’ യിലായിരുന്നു ആ വരവ്. ഫാൽമത്തിലെ നിലയ്ക്കാത്ത ഓളങ്ങളിൽ തുള്ളിച്ചാടുന്ന സുഹൈലിയും തുരീയയും കാഴ്ചയിൽ ഒരുപോലെയായിരുന്നു. കാരണം, സുഹൈലിയുടെ അതേ മാതൃകയിലാണ് തുരീയയും നിർമിച്ചത്. 

റോബിനുമായി മുൻപേപരിചയമുണ്ടായിരുന്നു. നാവികസേനയുടെ ‘സാഗർ പരിക്രമ–2’ പ്രയാണത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാൾ റോബിനായിരുന്നു. 

സൺഡേ ടൈംസ് പത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിൽ പങ്കെടുത്ത 9 ബോട്ടുകളിൽ ഏറ്റവും ചെറുതായിരുന്നു 32 അടി മാത്രം നീളമുള്ള സുഹൈലി. മുംബൈയിൽ നിർമിച്ച സുഹൈലിയുടെ ചട്ടക്കൂടിന് ഉപയോഗിച്ചിരിക്കുന്നതു കേരളത്തിൽനിന്നുള്ള തേക്കുതടിയാണ്. ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കിയ ബോട്ടുമായി രണ്ടു സുഹൃത്തുക്കൾക്കൊപ്പം  ദക്ഷിണാഫ്രിക്കയിലേക്കാണു റോബിൻ ആദ്യം പോയത്. അവിടെനിന്ന് ഒറ്റയ്ക്ക് 18,500 കിലോമീറ്റർ പായ്‌വഞ്ചിയോടിച്ച് നേരെ ഫാൽമത്തിലെത്തി. 

ഇരുപത്തിയെട്ടാം വയസ്സിൽ ഒരു മർച്ചന്റ് മറൈൻ ഓഫിസറുടെ തന്റേടം എന്നല്ലാതെ എന്തുപറയാൻ! കാരണം, ദക്ഷിണാഫ്രിക്കയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ഒറ്റയ്ക്കു പായ്‌വഞ്ചിയോടിച്ചതല്ലാതെ മറ്റൊരു സെയ്‌ലിങ് പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 

പിൻവാങ്ങൽ, ആത്മഹത്യ 

312–ാം ദിവസം, 1969 ഏപ്രിൽ 22ന് റോബിനും സുഹൈലിയും തിരികെ ഫാൽമത്ത് തീരമണഞ്ഞ് ജേതാക്കളായി. ഒപ്പം, മത്സരത്തിൽ പങ്കെടുത്ത ബാക്കി 8 പേർക്ക് എന്തു സംഭവിച്ചുവെന്നു കൂടി പറയാതെ വയ്യ. പസിഫിക് തീരത്തുനിന്ന് അറ്റ്ലാന്റിക് മഹാസമുദ്രം എത്തും മുൻപേ 4 പേർ മത്സരത്തിൽനിന്നു പിൻവാങ്ങി. സ്കോട്‌ലൻഡുകാരൻ സർ ചാൾസ് ബ്ലിത്ത് ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും കൂടിച്ചേരുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് മുനമ്പ് കടന്നപ്പോൾ മത്സരം അവസാനിപ്പിച്ചു. മുൻപ് ഒരുവിധ സെയ്‌ലിങ് പരിചയവുമില്ലായിരുന്നു അദ്ദേഹത്തിന്. മത്സരം പൂ ർത്തിയാക്കാൻ 2000 കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ ബ്രിട്ടിഷ് നാവികൻ നൈജൽ ടെറ്റ്‌ലിയുടെ ബോട്ട് മുങ്ങിപ്പോയി. കടക്കെണിയിൽ മുങ്ങി വിഷാദരോഗിയായ ബ്രിട്ടിഷ് ബിസിനസുകാരൻ ഡോണൾഡ് ക്രൗഹഴ്സ്റ്റും മത്സരത്തിനുണ്ടായിരുന്നു. മത്സരം തുടങ്ങി അധികം വൈകാതെ തന്നെ അദ്ദേഹം അതീവ രഹസ്യമായി യാത്ര നിർത്തി. വഞ്ചിയുടെ പൊസിഷനെക്കുറിച്ചു തെറ്റായ വിവരങ്ങൾ നൽകി സംഘാടകരെ കബളിപ്പിച്ച അദ്ദേഹം ഒടുവിൽ വിഷാദരോഗത്തിന്റെ മൂർധന്യത്തിൽ ജീവനൊടുക്കി. 

കൂട്ടത്തിലെ ഏറ്റവും രസമുള്ള കഥ ഫ്രഞ്ച് നാവികൻ ബർണാഡ് മോയിറ്റെസ്സിയറിന്റേതായിരുന്നു. കടലിലെ ഏകാന്തയാത്രയിൽ അദ്ദേഹത്തിന്റെ ചിന്താപദ്ധതികളാകെ മാറിപ്പോയി. ഒറ്റയ്ക്കു ലോകം ചുറ്റിവരികയെന്ന മത്സരത്തിന്റെ ഫിലോസഫി തന്നെ ഇഷ്ടപ്പെടാതെ അദ്ദേഹം ഒരുവട്ടം പ്രയാണം പൂർത്തിയാക്കിയിട്ടും യാത്ര അവസാനിപ്പിച്ചില്ല. ഫാൽമത്തിൽ ബോട്ട് അടുപ്പിക്കാതെ മോയിറ്റെസ്സിയർ പസിഫിക് സമുദ്രത്തിലെ ദ്വീപായ തഹിതിയിലെത്തിയാണു നങ്കൂരമിട്ടത്. ഫാൽമത്തിൽനിന്നു തുടങ്ങി ഫാൽമത്തിൽ തന്നെ തിരികെയെത്തിയ ഏക നാവികൻ റോബിനായിരുന്നു. മത്സരത്തിന്റെ സമ്മാനത്തുകയായ 5000 പൗണ്ട് അദ്ദേഹം സ്വീകരിച്ചില്ല. അതു കടലിൽ ജീവനൊടുക്കിയ ഡോണൾഡ് ക്രൗഹഴ്സ്റ്റിന്റെ കുടുംബത്തിനു സംഭാവന ചെയ്താണ് റോബിൻ തിരികെപ്പോയത്. 

ഇന്ത്യ സിന്ദാബാദ് ! 

ഫാൽമത്തിൽ, തുരീയ സന്ദർശിക്കാനെത്തിയ റോബിൻ നോക്സ് ജോൺസ്റ്റനു നേർക്ക് ഞാൻ വഞ്ചിയിലെ ലോഗ്ബുക്ക് നീട്ടി. അതിൽ പേരെഴുതി ഒപ്പിടുന്നതിനിടെ അദ്ദേഹം എന്നോടു ചോദിച്ചു: 

എത്ര ദിവസംകൊണ്ട് യാത്ര പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്? 

311 ദിവസമെന്നായിരുന്നു എന്റെ മറുപടി. റോബിന്റെ യാത്രയ്ക്കു വേണ്ടിവന്നതു 312 ദിവസം. ഞാൻ ഒരു ദിവസം കുറച്ചു പറഞ്ഞു. 

നീ ചെറുപ്പവും വളരെയേറെ അഭിലാഷങ്ങളുള്ളയാളുമാണ്– അദ്ദേഹം പറഞ്ഞു. 

നിങ്ങൾ വയസ്സനും അസൂയക്കാരനുമാണ് – ഞാൻ തമാശരൂപേണ തിരിച്ചടിച്ചു. 

റോബിൻ പൊട്ടിച്ചിരിച്ചു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. 313 ദിവസം കൊണ്ടു യാത്ര പൂ ർത്തിയാക്കുകയായിരുന്നു എന്റെ ലക്ഷ്യം. 

വഞ്ചിയിൽനിന്നു മടങ്ങും മുൻപ്, പഴയ ബോംബെക്കാലത്ത് മനസ്സിൽ കയറിക്കൂടിയ ഹിന്ദിപ്പാട്ടുകളിലൊന്ന് റോബിൻ ഉച്ചത്തിൽ പാടി. 

‘സിന്ദാബാദ് യേ മൊഹബത് സിന്ദാബാദ്... 

‘അനാർക്കലി’യിൽ മുഹമ്മദ് റഫി പാടിയ ആ പാട്ടിനോട് റോബിന്റെ വക ഒരു കൂട്ടിച്ചേർക്കൽ കൂടിയുണ്ടായിരുന്നു: ‘യേ മൊഹബത് സിന്ദാബാദ് ഇന്ത്യ, സിന്ദാബാദ്..! 

ഞങ്ങളൊന്നിച്ച് പിറ്റേന്ന് ഫാൽമത്തിലെ ഒരു പബ്ബിലേക്കാണു പോയത്. 1968 ജൂൺ ഒന്നിനാണ് ഗോൾഡൻ ഗ്ലോബ് മത്സരം തുടങ്ങിയതെങ്കിലും റോബിൻ മത്സരത്തിനു കടലിലിറങ്ങിയത് ജൂൺ 14ന് ആയിരുന്നു. ആ 14 ദിവസവും അദ്ദേഹം ഏറെ നേരവും ചെലവഴിച്ചത് ഈ പബ്ബിലായിരുന്നു. 

യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നെങ്കിലും അന്തരീക്ഷ മർദം അളക്കുന്നതിനുള്ള ബാരോമീറ്റർ തന്റെ വഞ്ചിയിൽ ഇല്ലെന്നു റോബിൻ തിരിച്ചറിഞ്ഞത് ഈ പബ്ബിൽവച്ചായിരുന്നു. അവസാന ദിവസം പബ്ബിൽനിന്ന് ഇറങ്ങുമ്പോൾ രഹസ്യമായി അദ്ദേഹം അവിടെക്കണ്ട ബാരോമീറ്റർ തട്ടിയെടുത്തു. ‘സുഹൈലി’യിൽ ആ ബാരോമീറ്റർ ഞാനും ശ്രദ്ധിച്ചിരുന്നു. 

അന്ന് ഞങ്ങളൊരുമിച്ച് പബ്ബിൽ നിൽക്കുമ്പോൾ തികച്ചും നാടകീയമായി റോബിൻ ആ ബാരോമീറ്റർ അവിടെ തിരിച്ചേൽപിച്ചു. 50 വർഷം മുൻപു നഷ്ടപ്പെട്ട ‘മുതൽ’ കണ്ട് അവിടെയുണ്ടായിരുന്നവർ വണ്ടറടിച്ചു; എല്ലാവരും ഉച്ചത്തിൽ കയ്യടിച്ചു. 

സർ റോബിനുമായുള്ള കൂടിക്കാഴ്ചകൾ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദേശങ്ങളുമെല്ലാമായി മത്സരത്തിനു മുൻപുള്ള അവസാന സെയ്‌‌ലിങ്ങിനു ഞാനൊരുങ്ങി. ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിൽ എത്തണം. അവിടെനിന്നാണ് ഗോൾഡൻ ഗ്ലോബ് റേസിന്റെ തുടക്കം. 

ഫാൽമത്ത് വിടാനൊരുങ്ങുമ്പോൾ ഒരാൾ എന്റെ അരികിൽ വന്ന് ഒരു പൊതിയേൽപിച്ചു. ഉൾക്കടലിൽ എത്തിയ ശേഷമേ തുറന്നു നോക്കാവൂ എന്നും നിർദേശിച്ചു. സെയ്‌ലിങ്ങിൽ ഇങ്ങനെയുള്ള സർപ്രൈസ് രീതികൾ പതിവുള്ളതിനാൽ ഞാൻ സമ്മതിച്ചു. 

യാത്ര പുറപ്പെട്ട ശേഷം ഞാനാ പൊതി തുറന്നു. ശരിക്കും ഞെട്ടിപ്പോയി! സർ റോബിൻ നോക്സ് ജോൺസ്റ്റൻ തിരികെയേൽപിച്ച അതേ ബാരോമീറ്റർ എന്റെ കയ്യിൽ! 

റോബിൻ തിരിച്ചേൽപിച്ചതിന്റെ പിറ്റേന്ന് ആ ബാരോമീറ്റർ വീണ്ടും കാണാതെ പോയിരുന്നു. അജ്ഞാതനായിരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ വീണ്ടും കൈവശപ്പെടുത്തിയ ആ ബാരോമീറ്റർ ഇപ്പോഴിതാ എന്റെ കയ്യിൽ! 

(തുടരും) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com