‘പൊളിയാണ്’ ലിബി!

liby
ലിബി സോണി
SHARE

ഹലോ എപികെ ഡിമോളിഷിങ് അല്ലേ?

അതെ(മറുവശത്ത് ഒരു സ്ത്രീ ശബ്ദം)

ചേട്ടൻ ഇല്ലേ അവിടെ? ഒന്നു ഫോൺ കൊടുക്കുമോ? 

കാര്യമെന്താണെന്നു പറഞ്ഞോളൂ. എവിടെയാണ് പൊളിക്കാനുള്ളത്?

ചേട്ടനോടു പറയാം, ഫോൺ കൊടുക്കൂ..

‘ഞാൻ തന്നെയാണ് ആ പൊളിക്കുന്ന ‘ചേട്ടൻ’. – ഒടുവിൽ ലിബി അതു പറയും. അങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്; പലവട്ടം.

കെട്ടിടം പൊളിക്കാനായി  കരാർ ഏറ്റെടുക്കുന്നവരിൽ ഒരു സ്ത്രീശബ്ദം പ്രതീക്ഷിക്കാൻ മാത്രം നമ്മുടെ സമൂഹം ഇപ്പോഴും വളർന്നിട്ടില്ല. പക്ഷേ, ആ സമൂഹത്തെ പൊളിച്ചെടുക്കുകയാണ് ഈ പെൺകുട്ടി. കൂർക്കഞ്ചേരി എരുകുളത്ത്  ലിബി സോണി.

എട്ടു വർഷത്തിനിടെ ലിബി പൊളിക്കൽ ജോലി ഏറ്റെടുത്തു ചെയ്ത കൂട്ടത്തിൽ ചെറു വീടുകൾ മുതൽ കലൂർ ഇൻഡോർ സ്റ്റേഡിയവും നെടുമ്പാശേരി വിമാനത്താവളവും വരെയുണ്ട്.  

ലിബിയുടെ ടൂൾ കിറ്റ്

മലയാളത്തിൽ ബിരുദമെടുത്ത ശേഷം അത്താണി തൈക്കാട്ടിൽ ലിബി ഫ്രാൻസിസ് വിവാഹം കഴിച്ചെത്തിയതാണ് കൂർക്കഞ്ചേരി എരുകുളത്തു വീട്ടിൽ. ഭർത്താവ് സോണിയുടെ കുടുംബത്തിന് കെട്ടിടം പണി സംബന്ധിച്ച ഉപകരണങ്ങൾ (ടൂൾസ്) വാടകയ്ക്കു കൊടുക്കുന്ന ബിസിനസും ഉണ്ടായിരുന്നു. ടൂൾസ് ധാരാളം, പണിക്കാരോ  കുറവ്. എന്ന സ്ഥിതി.

ടൂൾ ചോദിച്ചെത്തുന്ന വിളികളിൽ ഇടയ്ക്കിടെ ചിലർ കെട്ടിടങ്ങൾ പൊളിക്കാൻ ആളെ കിട്ടുമോയെന്ന ചോദ്യവും ചോദിക്കുമായിരുന്നു. അതിൽ ഒരു ബിസിനസ് സാധ്യത തിരിച്ചറിഞ്ഞതു ലിബിയാണ്. 

കെട്ടിടം പണിയുന്ന ആർക്കിടെക്ചറൽ എൻജിനീയറിങ് ഒന്നും പഠിച്ചിട്ടില്ലാത്തതിനാൽ  കെട്ടിടം പൊളിക്കുന്ന ജോലിയിലേക്ക് ഇറങ്ങിയാലോ എന്ന ചിന്ത ലിബിയെ ഇന്നത്തെ നിലയിലെത്തിച്ചു. നാട്ടിലും പുറം നാട്ടിലും നിന്നു മികച്ച പണിയായുധങ്ങൾ സംഘടിപ്പിച്ചു. നാട്ടിലെ പണിക്കാരെയും കൂടെക്കൂട്ടി. അതായിരുന്നു തുടക്കം.  

ലിബിയുടെ കിറ്റിലുള്ള വസ്തുക്കളുടെ പേരുകളിങ്ങനെ: ബ്രേക്കർ, കട്ടർ, കോർ കട്ടിങ് മെഷീൻ, ഡ്രിൽ, ഗ്രൈൻഡർ...

ആദ്യം ലോക്കർ

എന്തായാലും പൊളിക്കാനിറങ്ങുകയാണ്. അപ്പോൾ തുടക്കം മോശം വരാൻ പാടില്ലല്ലോ. 10 വർഷം മുൻപ് ആദ്യം പൊളിച്ചത് ഒരു സ്വർണക്കടയുടെ ലോക്കർ. തൃശൂർ പുത്തൻ പള്ളിക്കരികിലെ കെ.ടി. ജ്വല്ലറി. ഇതോടെ ആത്മവിശ്വാസമായി. ചെറുതും വലുതുമായ ജോലികൾ കിട്ടിത്തുടങ്ങി.

വൻകിട പൈലിങ് ചെയ്യുന്ന കെട്ടിടങ്ങളുടെ പൈൽ ക്യാപ് ബ്രേക്കിങ് (പൈലിങ് പൂർത്തിയാകുമ്പോൾ കോൺക്രീറ്റ് അധികമായി ഒഴുകിയതും രൂപമാറ്റം സംഭവിച്ചതുമൊക്കെ പൊളിച്ച് തൂണുകൾ ഒരേ ലെവലിൽ ആക്കുന്ന ജോലി) ചെയ്യാൻ ആളുകൾ കുറവാണെന്നറിഞ്ഞതോടെ ലിബി ഈ മേഖലയിൽ ശ്രദ്ധചെലുത്തി. തൃശൂരിലെ ശോഭാ സിറ്റിയിലും ഉപകരാറെടുത്ത് പൈൽ ക്യാപ് ബ്രേക്കിങ് ചെയ്തിട്ടുണ്ട്.

ഏതു സൈറ്റും ആദ്യം സന്ദർശിക്കുന്നതും എങ്ങനെ പൊളിക്കണമെന്നു പ്ലാൻ ചെയ്യുന്നതും ലിബി തന്നെ.

ആദ്യം ഞങ്ങളിതൊന്നു പണിതോട്ടെ! 

എന്തായാലും ഇറങ്ങി. എന്നാൽ, പൊളിച്ചു കയറാം എന്നായി ലിബി. പരമാവധി ജോലികൾ പിടിക്കണം. എപികെ ഡിമോളിഷിങ് എന്ന കാർഡ് അടിച്ച് വർക്ക് സൈറ്റുകളിലൂടെ ലിബി നടന്നു തുടങ്ങി.

അതിനായി കെട്ടിടം പണി നടക്കുന്ന സ്ഥലത്തു ചെന്നു കാർഡ് കൊടുക്കും. കാർഡിലേക്കും ലിബിയുടെ മുഖത്തേക്കും സൂക്ഷിച്ചു നോക്കിയിട്ട് ചിലർ ചോദിക്കും: ആദ്യം ഞങ്ങളിതൊന്നു പണിതോട്ടെ ചേച്ചീ, എന്നിട്ടു പൊളിച്ചാൽ പോരേ? 

പൊളിക്കൽ എന്നു പറയുമെങ്കിലും കെട്ടിടങ്ങൾ പണിയുമ്പോൾ പൈപ്പിടുന്നതിനും മറ്റുമായി ദ്വാരം ഡ്രിൽ ചെയ്തെടുക്കുന്ന ജോലിയും ചെയ്യും. ഏതു വീടുപണി സ്ഥലത്തും കുറച്ചു പൊളിക്കലുകൾ ഉണ്ടാവുമെന്നു ലിബിയുടെ തിയറി. 

തിരുവനന്തപുരത്ത് ഒരു കെട്ടിടത്തിനകത്ത് രാത്രി മാത്രം പൊളിക്കേണ്ടി വന്ന ജോലിയും ലിബി ചെയ്തിട്ടുണ്ട്. പൊളിക്കേണ്ട മുറിയുടെ അടിഭാഗത്ത് ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ്.   നിറയെ ആളുണ്ടാകുമെന്നതിനാൽ പകൽ പൊളി നടക്കില്ല. ടൂൾകിറ്റുമായി ട്രെയിനിൽ വൈകിട്ട് ലിബി തിരുവനന്തപുരത്തേക്കു പോകും. രാത്രി ജോലി. പണിക്കാരെ അവിടെ താമസിപ്പിച്ചു. ലിബി ദിവസവും ജോലി കഴിഞ്ഞു പുലർച്ചെ തിരിച്ചെത്തും.  പലപ്പോഴും വലിയ ഉപകരണങ്ങൾ റെയിൽവേ സ്റ്റേഷനിൽ ഇറക്കുമ്പോൾ ടിടിഇമാർ വരെ സഹായിച്ചിട്ടുണ്ടെന്ന് ലിബി. 

കലൂർ സ്റ്റേഡിയത്തിലെ കെട്ടിടം സെൻട്രലൈസ്ഡ് എസിയാക്കാൻ വേണ്ടി ചുമർ പൊളിക്കുന്ന ജോലിയും നെടുമ്പാശേരി വിമാനത്താവളത്തിലെ പൈലിങ്ങിന്റെ ക്യാപ് കട്ടിങ്ങുമൊക്കെ ഏറ്റെടുത്ത പ്രധാന ജോലികളിൽ പെടും. 

ഇല്ല എന്നു പറയുമോ? ഇല്ല!

10 വർഷത്തിനിടെ പൊളിക്കൽ ചെയ്ത സൈറ്റുകളുടെ എണ്ണം 500 കടക്കും. കിണറിനടിയിലെ മട്ടിപ്പാറ പൊട്ടിക്കലും റോഡ് പണിയും വരെ ഇതിൽ പെടും. ജോലി വലുതോ ചെറുതോ, രാത്രിയോ പകലോ എന്നൊന്നും നോക്കാറില്ല. കേരളത്തിൽ എവിടെ ആയാലും ഒരുപോലെ – ലിബി പറയുന്നു. 

കഠിനമായി ചെയ്ത പൊളിക്കൽ ഏതെന്നു ചോദിച്ചാൽ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഗെസ്റ്റ് ഹൗസ് പൊളിക്കൽ എന്നു പറയും. പഴയ നിർമിതിയെന്ന നിലയിൽ അത്രയേറെ ബലമുള്ളതായിരുന്നു ഇതിന്റെ കോൺക്രീറ്റിങ്. ഭാരതപ്പുഴയിലെ മണൽ ഉപയോഗിച്ചു നിർമിച്ച വീടുകളുടെ പൊളിക്കലും കഠിനമാണ്.

ഒറ്റയ്ക്കൊരു പെൺകുട്ടി

കോൺക്രീറ്റ് കട്ടിങ് എന്നൊരു വാട്സാപ് ഗ്രൂപ്പുണ്ട്. നിലവിൽ 114 അംഗങ്ങൾ. അതിലെ ഏക വനിതയാണ് ലിബി. 

ടൂൾസ് എല്ലാം ഉപയോഗിച്ചു നോക്കിയിട്ടുണ്ടെങ്കിലും തൊഴിലാളികളാണ് ലിബിയുടെ കരുത്ത്. ഭർത്താവ് സോണി അടക്കം വീട്ടുകാരുടെ കട്ട സപ്പോർട്ടും.

പൊളിക്കൽ ജോലിയിൽ ഒരു വനിതയെ പ്രതീക്ഷിക്കാത്തതിനാൽ ചിലപ്പോഴൊക്കെ അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട്. ജോലി കരാർ നൽകാനായി വിളിച്ച ശേഷം പെണ്ണാണെന്നറിയുമ്പോൾ മുങ്ങിയവർ  ധാരാളം. അവർ‍ക്കിടയിലൂടെ തലയുയർത്തി നടക്കുകയാണ് ഈ അടിച്ചുപൊളിപ്പെണ്ണ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA