ഒറ്റച്ചിപ്പിയിലെ നക്ഷത്രജാലം

niranjana
നിരഞ്ജന ചിത്രം: നിഖിൽരാജ് ∙ മനോരമ
SHARE

അച്ഛനായിരുന്നു ആകാശം; അറിവിന്റെ നക്ഷത്രങ്ങൾ ചൂടി, പ്രപഞ്ചസീമയോളം കരുതലിന്റെ നിലാക്കുട നിവർത്തിയ പ്രകാശവർഷം. അമ്മയായിരുന്നു സാഗരം; നിലയ്ക്കാത്ത സ്നേഹത്തിന്റെ ക്ഷീരാമൃതം, നിസ്സാര സങ്കടങ്ങളെയും തഴുകിയകറ്റിയ സാന്ത്വനത്തിന്റെ എണ്ണിയാലൊടുങ്ങാത്ത വാത്സല്യത്തിരമാല.

അധ്യാപകനായിരുന്നു അച്ഛൻ; ചങ്ങനാശേരി സെന്റ് ബർക്മാൻസ് കോളജ് ഫിസിക്സ് ഡിപ്പാർട്മെന്റിൽ അഞ്ചെട്ടു വർഷം കൊണ്ട് താരസാന്നിധ്യമായ ബി. അമ്പാടി; ഹരിപ്പാട് എരുമക്കാട്ടു കൊട്ടാരത്തിൽ പരേതനായ അധ്യാപകൻ കെ.ജി. ഭാസ്കരൻ പിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകൻ, 1984ൽ കേരള സർവകലാശാല എംഎസ്‌സി ഫിസിക്സ് ഒന്നാം റാങ്ക് ജേതാവ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഗോൾഡ് മെഡലിസ്റ്റ്.

അധ്യാപികയായിരുന്നു അമ്മ; ഓഷ്യനോഗ്രഫിയിൽ എംഎസ്‌സിയും ബിഎഡും നേടിയ ശേഷം കോട്ടയം കിളിരൂർ എസ്‌വിജിവിപി ഹൈസ്കൂളിലെത്തി കുട്ടികളുടെ പ്രിയങ്കരിയായിത്തീർന്ന എസ്.മഞ്ജു. മാവേലിക്കര വെട്ടിയാർ ശാന്തിനികേതിൽ കെഎസ്ഇബി എൻജിനീയർ പി. എൻ.ജനാർദനൻ പിള്ളയുടെയും കെഎസ്ഇബി സീനിയർ സൂപ്രണ്ട് ജെ.ശാന്തകുമാരിയമ്മയുടെയും മകൾ.

പെട്ടെന്നൊരുനാൾ ആകാശം അസ്തമിച്ചും ആഴക്കടൽ അപ്രത്യക്ഷമായും തന്റെ ലോകത്തെയാകെ ഏകാന്തമൗനത്തിന്റെ ഇരുൾവന്നു പൊതിയുമ്പോൾ അഞ്ചു വയസ്സേയുള്ളൂ നിരഞ്ജനയ്ക്ക്.

അച്ഛനമ്മമാരുടെ അസാന്നിധ്യം അറിയിക്കാതിരിക്കാൻ പിന്നീട് എന്നും തന്നെ മാത്രം കേന്ദ്രീകരിച്ചു ജീവിച്ച മുത്തച്ഛനെയോർത്ത് മുതിർന്നപ്പോൾ സങ്കടം തോന്നിയിട്ടുണ്ട് നിരഞ്ജനയ്ക്ക്.

മാവേലിക്കരയിലെ വീട്ടിൽ മകളെയേൽപിച്ച് ബൈക്കിൽ ചങ്ങനാശേരിക്കു പുറപ്പെട്ടതായിരുന്നു അമ്പാടിയും മഞ്ജുവും. എംസി റോഡിൽ ചങ്ങനാശേരിയുടെ അതിർത്തിയിലെ ളായിക്കാട് പാലത്തിൽ വച്ച് ഒരു വാൻ അവരെ മകളുടെ ലോകത്തുനിന്ന് എന്നേക്കുമായി തട്ടിയകറ്റി; 1997 ഓഗസ്റ്റ് 5ന്.

niranjana-family
ബി.അമ്പാടിയും എസ്.മഞ്ജുവും (ഫയൽ ചിത്രം)

തങ്ങളുടെ പ്രപഞ്ചം മുഴുവൻ ഏതു ചിമിഴിലേക്കൊതുങ്ങുന്നുവോ, ആ മകളെ ചിപ്പി എന്നാണ് അവർ വിളിച്ചിരുന്നത്.

പഠനം, ലോകവേദികൾ  

ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ മലയാള മനോരമയുടെ വിദ്യാഭ്യാസ സ്കോളർഷിപ് മേഴ്സി രവി എംഎൽഎയിൽനിന്നു വാങ്ങുന്നൊരു ചിത്രമുണ്ട് ഇപ്പോഴും നിരഞ്ജനയുടെ മുറിയുടെ ചുമരിൽ. അറിവിന്റെ വഴിയിൽ തേടിയെത്തിയ അംഗീകാരങ്ങളിൽ ഒന്നുമാത്രമാണിത്. പരീക്ഷകളിൽ 95% എന്നു കണക്കാക്കാം ശരാശരി. അസ്ട്രോഫിസിക്സ് ആയിരുന്നു സ്വപ്നം. ഐഐടി ഖരഗ്പുരിൽ അനായാസേന പ്രവേശനവും കിട്ടി. 

അച്ഛന്റെ അസാന്നിധ്യം ഏറ്റവുമറിഞ്ഞ അവസരങ്ങളിലൊന്നായി ഇത്. 2009ലെ ഐഐടി – ജെഇഇയിൽ 4054 ആയിരുന്നു നിരഞ്ജനയുടെ റാങ്ക്. എ ട്രിപ്പിളിൽ സംസ്ഥാനത്ത് 77–ാം റാങ്ക്, കേരള എൻട്രൻസിൽ 84–ാം റാങ്ക്, അമൃതയിൽ 19–ാം റാങ്ക് എന്നിങ്ങനെ ചെന്നൈ വിഐടി വരെ ഏഴു സാധ്യതകൾ ഒരുമിച്ചു വന്നപ്പോൾ അച്ഛൻ വേണമായിരുന്നു, അസ്ട്രോഫിസിക്സിന്റെ ആകാശലോകം അവൾക്കായി തുറക്കാനും ഖരഗ്പുരിലേക്കു വഴി നടത്താനും. അകലേക്കു വിടാൻ മടിച്ചവരുടെ സ്നേഹത്തിനു മുന്നിൽ തോറ്റ്, കോഴിക്കോട് എൻഐടിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക്കിനു ചേരാൻ തീരുമാനിച്ചത് ഒരുപാട് ആന്തരികസംഘർഷങ്ങൾക്കൊടുവിലാണ്. അപ്പോഴും അസ്ട്രോഫിസിക്സ് എന്ന സ്വപ്നം അവശേഷിച്ചു.

പാർഥനും സാരഥിയും തമ്മിലുള്ള സംഭാഷണം പണ്ടേ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു നിരഞ്ജന. ഈ അവസരത്തിലും ഭഗവദ്ഗീതയിൽ ഉത്തരം കണ്ടെത്തി അവൾ സ്വസ്ഥയായി.

എങ്കിലും, വീട്ടിലെ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തിലും ഇതാണവസ്ഥയെങ്കിൽ മിടുക്കരായ എത്ര അനാഥരായിരിക്കും ആഗ്രഹിക്കുന്ന രംഗത്ത് എത്താനാവാതെ, ആരുമാകാതെ പോകുന്നതെന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. 2018 ഫെബ്രുവരിയിൽ യുഎൻ ജനറൽ അസംബ്ലി ഹാളിലേക്ക് നിരഞ്ജനയ്ക്കു വഴിതുറന്നത് ഈ ചിന്തയാണ്.

പഠിക്കാൻ മിടുക്കരായ അനാഥർക്കു താൽപര്യമുള്ള വഴി തിരഞ്ഞെടുക്കാൻ സർക്കാർതന്നെ അച്ഛനും അമ്മയുമാകുന്ന സാഹചര്യം വേണമെന്നായിരുന്നു നിരഞ്ജനയുടെ ലേഖനത്തിലെ നിർദേശം. 90 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ യുഎൻ വിന്റർ യൂത്ത് അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരഞ്ജനയും.

വേദികൾ ശീലമായിക്കഴിഞ്ഞിരുന്നു ഇതിനോടകം. റഷ്യ, ഫ്രാൻസ്, മൊറോക്കോ, ഖത്തർ തുടങ്ങി ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള പ്രബന്ധാവതരണം. പാട്ടും പ്രസംഗവും കവിതാലാപനവുമായി പള്ളിക്കൂടക്കാലം മുതൽ എത്രയോ വേദികൾ.

രാജ്യാന്തര സെമിനാറിനായി 2017ലെ ഒരു അമേരിക്കൻ യാത്രയുടെ തലേന്നാൾ മുത്തച്ഛനെ വിളിച്ചപ്പോൾ പതിവിലുമേറെ നേരം സംസാരിച്ചു. അദ്ദേഹം ഈ ലോകത്തുനിന്നു യാത്രയാകാൻ ഒരു മണിക്കൂറേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഹൃദയാഘാതത്താലുള്ള മരണം നിരഞ്ജനയെ അറിയിക്കാതെ ഒരാഴ്ചയോളം അവളുടെ മടങ്ങിവരവിനായി കാത്തു, ബന്ധുക്കൾ.

നിമിത്തങ്ങൾ, സ്വപ്നങ്ങൾ 

പഠനശേഷം ബെംഗളൂരു ഒറാക്കിളിലെ ഒരു വർഷത്തെ സേവനം മതിയാക്കി അവിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ പിഎച്ച്ഡിക്കു ചേർന്നു നിരഞ്ജന. അച്ഛന്റെ കയ്യകലത്തെത്തിയ പിഎച്ച്ഡി ബിരുദമാണ് ഇപ്പോൾ നിരഞ്ജനയുടെ കയ്യിൽ. 1985ൽ കൊച്ചി സർവകലാശാലയിൽനിന്ന് എംഫിൽ നേടിയ അമ്പാടി അവിടെത്തന്നെ ഡോ. വി.പി.എൻ.നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ലേസർ ഓപ്റ്റിക്സിൽ ഗവേഷണം പൂർത്തിയാക്കി. പ്രബന്ധം അവതരിപ്പിച്ച് പിഎച്ച്ഡി കാത്തിരിക്കുമ്പോഴായിരുന്നു അപകടം.

അതിശയകരമായ നിമിത്തങ്ങളാണ് ഇപ്പോൾ നിരഞ്ജനയുടെ ജീവിതത്തിൽ. തിരുപ്പതിയിൽനിന്നു വിവാഹാലോചനയെത്തിയത് മറ്റൊരു ശാസ്ത്രാധ്യാപകന്റെ വീട്ടിൽനിന്ന്. തിരുപ്പതി ഐഐഎസ്‌സിആർ അധ്യാപകൻ ഡോ. കെ.വിജയമോഹനൻ, അമ്പാടി പഠിച്ച അതേ കോളജിൽനിന്നുള്ള എംഎസ്‌സി കെമിസ്ട്രി രണ്ടാം റാങ്ക് ജേതാവ്. മകൻ ഡോ. ഹരികൃഷ്ണൻ ബോസ്റ്റൺ സർവകലാശാലയിൽ കെമിസ്ട്രിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ. വിവാഹം ഏപ്രിൽ 17ന് ചങ്ങനാശേരിയിൽ. നിരഞ്ജനയ്ക്കു വരാൻ പോകുന്ന അമ്മയുടെ പേരും മഞ്ജു. ബോസ്റ്റണിൽ മാസ്റ്റേഴ്സിന് ഓൺലൈൻ പഠനത്തിലാണ് നിരഞ്ജന. വിവാഹശേഷം അവിടേക്ക്.

ഭൗതികശാസ്ത്ര പാഠങ്ങൾക്കുമപ്പുറത്തെ ഏതോ ജന്മാന്തര കർമബന്ധങ്ങളുടെ താളം കടന്നുവരുന്നുണ്ട് ഈ ജീവിതത്തിൽ. സമസ്തപ്രപഞ്ചത്തിന്റെയും മഞ്ജുത അതിൽ പ്രഭചൊരിയും. ആകാശവും ആഴിയും ചൂഴ്ന്നുനിൽക്കുന്ന അനശ്വര സ്നേഹസാന്നിധ്യത്താൽ അത് അമ്പാടിയായിത്തീരും. എന്തെന്നാൽ, പരശതം പ്രാർഥനകളുടെ പെരുങ്കടലും അനന്തകോടി ആശീർവാദത്തിന്റെ ആകാശവും അച്ഛനമ്മമാരായി ചൂഴുന്നല്ലോ ഈ ചിപ്പിയെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA