വേദനയുടെ ഹർഡിലുകൾ കടന്ന് ജീവിതമെന്ന മെഡലിലേക്ക്...

joseph
ജോസഫ് ജി.ഏബ്രഹാം
SHARE

മൂന്നേ മൂന്നു ദിവസങ്ങളുടെ വിലയറിയാൻ ഒരേയൊരാളോടു ചോദിച്ചാൽ മതി: ജോസഫ് ജി. ഏബ്രഹാം. 2010ലെ ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ അഭിമാനതാരം. 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡ് ഒരു വ്യാഴവട്ടക്കാലം കാത്തുസൂക്ഷിച്ചയാൾ. ഒട്ടേറെ രാജ്യാന്തര, ദേശീയ കായികമേളകളിൽ കേരളത്തിന്റെ യശസ്സുയർത്തിയ പോരാളി.

രണ്ടു ദിവസം അബോധാവസ്ഥയിൽ മരണം പ്രതീക്ഷിച്ച് ഡൽഹിയിലെ വഴിവക്കിൽ കിടന്ന ജോസഫ്, വേദനയുടെ ഹർഡിലുകൾ അവിശ്വസനീയമായി ചാടിക്കടന്ന് ജീവിതമെന്ന ഏറ്റവും വലിയ മെഡലിലേക്ക് ഉയിർത്തെഴുന്നേറ്റത് മൂന്നാം ദിനമാണ്. 18 വർഷം മുൻപുണ്ടായ ആ സംഭവം ജോസഫ് ഇതാദ്യമായി വെളിപ്പെടുത്തുന്നു...

പൊടിമീശക്കാരൻ പയ്യൻ

കോട്ടയം മുണ്ടക്കയം 31–ാം മൈൽ ഗണപതിപ്ലാക്കൽ അവറാച്ചന്റെയും (ഏബ്രഹാം) എൽസിയുടെയും ഇളയമകന് ചെറുപ്പംമുതലേ ഓടിച്ചാടി നടക്കുന്നതായിരുന്നു ശീലം. വീട്ടുകാരുടെ പുന്നാര ‘ജൂബി’യായിരുന്നു അക്കാലത്തു ജോസഫ്. 6–ാം ക്ലാസിലെത്തിയപ്പോൾ മകനെയും കൂട്ടി അവറാച്ചൻ കോരുത്തോട് സികെഎം സ്കൂൾ മൈതാനത്തെത്തി.

പട്ടാളത്തിൽനിന്നു പിരിഞ്ഞെത്തിയ ഒരു മീശക്കാരൻ കപ്പയും മുളകുചമ്മന്തിയും കൊടുത്ത് കോരുത്തോട്ടിലെ പൊടിപ്പിള്ളേരെ കായികകേരളത്തിന്റെ നെറുകയിലക്ക് ഓടിച്ചു കയറ്റിക്കൊണ്ടിരുന്ന കാലം. കെ.പി.തോമസിന്റെ ശിക്ഷണത്തിൽ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ജോസഫ് ഓടി. സ്കൂൾ, സർവകലാശാല മീറ്റുകളിലൂടെ മെഡലുകളിലേക്കു പടർന്നുകയറി.

തൃശൂർ സെന്റ് തോമസ് കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ 2002ൽ 21–ാം വയസ്സിൽ സിആർപിഎഫിലേക്കു സിലക്‌ഷൻ കിട്ടി. പപ്പയ്ക്കും അമ്മാമയ്ക്കും മുന്നിൽ ശമ്പളക്കാരനായി നടുനിവർത്തി നിൽക്കണമെന്ന സ്വപ്നം സഫലമാക്കാൻ ജോസഫ് രണ്ടും കൽപിച്ചു ഡൽഹിക്കു ട്രെയിൻ കയറി.

പരിശീലന കാലയളവിൽത്തന്നെ ദേശീയ മീറ്റിൽ പങ്കെടുത്ത് ആദ്യ മെഡൽ. അതിനൊപ്പം ലോക പൊലീസ് മീറ്റിനു യോഗ്യതയും സ്വന്തമാക്കി. 2003ൽ സ്പെയിനിലായിരുന്നു പൊലീസ് മീറ്റ്. ജോസഫിന്റെ ജീവിതത്തിലെ ആദ്യ വിദേശയാത്ര. ബാർസിലോനയിലെ ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടി ജോസഫ് അരങ്ങേറ്റം അതിഗംഭീരമാക്കി.

ഓട്ടോയിലെത്തിയ ദുരന്തം

ആദ്യ രാജ്യാന്തര മെഡലുമായി സ്പെയിനിൽനിന്നു ഡൽഹിയിലെത്തിയ ജോസഫിന്റെ മനസ്സു നിറയെ മുണ്ടക്കയമായിരുന്നു. ഒരുവിധത്തിൽ ലീവ് സംഘടിപ്പിച്ചു. ജോലി കിട്ടിയശേഷം സ്വന്തമാക്കിയ മെഡലുകൾ പൊന്നുപോലെ പൊതിഞ്ഞ് നാട്ടിലേക്കു യാത്ര. വീട്ടിലെത്തി ആദ്യം തുറന്നതും ആ പൊതിയായിരുന്നു. ലോകം വെട്ടിപ്പിടിച്ച രാജാവിനെപ്പോലെ മെഡൽ കഴുത്തിലണിഞ്ഞു വീട്ടുകാരുടെ മുന്നിൽ ജോസഫ് നിവർന്നുനിന്നു.

joseph-family
ജോസഫ് ജി.ഏബ്രഹാം, ഭാര്യ സ്മിത, മക്കളായ ക്രിസ്റ്റ്യാനോ, സെറ എന്നിവർ എറണാകുളം എരൂരിലെ വീട്ടിൽ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

രണ്ടാഴ്ചത്തെ അവധി കഴിഞ്ഞ് എറണാകുളം – ന്യൂഡൽഹി മംഗള എക്സ്പ്രസിൽ തിരിച്ചു ജോലിസ്ഥലത്തേക്ക്. അമ്മാമ്മ തയാറാക്കി കൊടുത്തുവിട്ട അച്ചാറും അവിൽ വിളയിച്ചതും ഭദ്രമായി എടുത്തുവച്ച ബാഗിൽത്തന്നെ മെഡലുകളും പൊതിഞ്ഞുവച്ചു. ട്രാക്ക് സ്യൂട്ടും ഷൂസുമൊക്കെ ബാഗിൽവച്ച് ഷർട്ടും പാന്റ്സുമണിഞ്ഞ് ചെരിപ്പിട്ടായിരുന്നു യാത്ര. ട്രെയിനിലെ ഭക്ഷണവും കഴിച്ച് മൂന്നാം നാൾ ഉച്ചകഴിഞ്ഞ് ഡൽഹി നിസാമുദ്ദീൻ സ്റ്റേഷനിലെത്തി. അവിടെനിന്നു 30 കിലോമീറ്ററിലധികം അകലെയുള്ള നജഫ്ഗഡിലാണു സിആർപിഎഫ് ക്യാംപ്. ഡൽഹിയിലെത്തിയ കാലമായതിനാൽ ഹിന്ദി അത്ര പോരാ. വഴികളും പരിചയമായിട്ടില്ല. കൂട്ടുകാരെ വിളിക്കാനാണെങ്കിൽ മൊബൈൽ ഫോണൊന്നും കയ്യിലുമില്ല. ഏറെനേരം കാത്തുനിന്നശേഷം സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറി‍ൽനിന്ന് ഒരു ഓട്ടോ പിടിച്ചു. ഉച്ചകഴിയുമ്പോഴേക്കും ഡൽഹിയെ മൂടൽമഞ്ഞു പൊതിയുന്ന കാലം.

ഇരുൾമൂടിയ ഓർമകൾ

നജഫ്ഗഡിലേക്ക് ഓട്ടോ കുതിച്ചു. യാത്രയ്ക്കിടെ വണ്ടി കേടായി. ആ വഴിയെത്തിയ മറ്റൊരു ഓട്ടോയിലായി ജോസഫിന്റെയും ബാഗുകളുടെയും പിന്നീടുള്ള യാത്ര. ഡ്രൈവർക്കു പുറമേ ഒരു സഹായികൂടി ഓട്ടോയിലുണ്ടായിരുന്നു. ഇരുൾ പരന്നതോടെ അവർ ‘ജലസേവ’ തുടങ്ങി. ഒരു ഗ്ലാസ് നീട്ടിയെങ്കിലും ആ ശീലമില്ലാതിരുന്ന ജോസഫ് നിരസിച്ചു. കുറെക്കഴിഞ്ഞ്, ജ്യൂസ് പോലെ ഒരു ദ്രാവകം അവർ ജോസഫിനു നീട്ടി. ട്രെയിൻ യാത്രയുടെ മടുപ്പിൽ ക്ഷീണിതനായിരുന്നതിനാൽ അതു വാങ്ങിക്കുടിച്ചു. പുറത്തെ ഇരുട്ടിലേക്കു ജോസഫും പതിയെ വീണു.

പിന്നീട് എന്താണു സംഭവിച്ചതെന്നു ജോസഫിന് അറിയില്ല. സാഹചര്യത്തെളിവുകളിൽനിന്നു ജോസഫും സുഹൃത്തുക്കളും മനസ്സിലാക്കിയെടുത്തത് ഇങ്ങനെ: ബോധരഹിതനായ ജോസഫിനെ അക്രമികൾ ഓട്ടോയിൽനിന്നു പുറത്തേക്കു വലിച്ചെറിഞ്ഞു. ബാഗും പഴ്സുമെല്ലാം കവർന്നു. വിജനമായ പ്രദേശത്ത്, ഓടയോടു ചേർന്ന് ഒന്നുമറിയാതെ ജോസഫ് കിടന്നു. ആരെങ്കിലുമൊക്കെ ജോസഫിനെ കണ്ടുകാണും. ലഹരിയുടെ മയക്കത്തിൽ ഏതെങ്കിലുമൊരു നാടോടി കിടക്കുന്നതായേ അവർക്കു തോന്നിക്കാണൂ. ആരും തിരിഞ്ഞുനോക്കിയില്ല.

ഇടയ്ക്കെപ്പോഴോ ജോസഫിനു ബോധം തെളിഞ്ഞു. കണ്ണു തുറന്നു. ചുറ്റും നോക്കി. ഒന്നും മനസ്സിലാകുന്നില്ല. പരിചയമില്ലാത്ത വഴി; പരിസരം. എഴുന്നേൽക്കാൻ പോലുമാകാതെ നിസ്സഹായനായി കിടന്നകിടപ്പിൽ ഒന്നുരുണ്ടു. വീണ്ടും മയക്കത്തിലേക്ക്.

ഉയിർപ്പിലേക്ക് നടത്തം

ഒരു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണു ജോസഫ് മംഗള എക്സ്പ്രസിൽ ഡൽഹിയിലിറങ്ങുന്നത്. വെള്ളിയും ശനിയും ബോധമില്ലാതെ വഴിയരികിൽ കിടന്നു. ഞായറാഴ്ച രാവിലെ ജീവന്റെ ഉണർവിലേക്ക്.

ഏറെ പാടുപെട്ട് എഴുന്നേറ്റു. ഇടതു കണ്ണ് കഷ്ടിച്ചേ തുറക്കാൻ പറ്റിയുള്ളൂ. ദേഹമാകെ വേദന. ചെരിപ്പ് അഴിഞ്ഞുപോയെങ്കിലും റോഡിലൂടെ നടന്നു. എവിടേക്കെന്നറിയാതെ ആടിയും തൂങ്ങിയും ഒരേ നടപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്കു ട്രെയിനിൽനിന്നു കഴിച്ച ചപ്പാത്തിയാണ് അവസാന ഭക്ഷണം. വീഴുമെന്നു തോന്നിയപ്പോൾ വഴിയരികിൽ നിന്നു. മൈൽക്കുറ്റികൾ താങ്ങുവടികളായി.

സിആർപിഎഫ് ക്യാംപിനു സമീപമെത്താറായപ്പോൾ വഴി തെളിഞ്ഞു. സ്പെയിൻ യാത്രയ്ക്കുള്ള വീസ ശരിയാക്കാൻ യാത്ര ചെയ്ത വഴികൾ ഓർമയിൽനിന്നു കൺമുന്നിലേക്കെത്തി. ക്യാംപ് കവാടം കാണുമ്പോൾ ഇരുട്ടു വീണു തുടങ്ങിയിരുന്നു. ഒരു ദിവസത്തെ നടത്തത്തിനൊടുവിൽ ആശ്വാസതീരത്തേക്ക്. ക്യാംപിനു മുന്നി‍ൽ കട നടത്തുന്ന ‘അച്ചായൻ’ എന്നു വിളിക്കുന്ന മലയാളി, ക്യാംപിലെ ‘പുതിയ പയ്യനെ’ തിരിച്ചറിഞ്ഞു. പലതും ചോദിച്ചെങ്കിലും ഒന്നിനും മറുപടിയില്ല. കഴിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും കൊടുത്തപ്പോൾ ആർത്തിയോടെ എല്ലാം വിഴുങ്ങി.

അദ്ദേഹം കവാടത്തിലെത്തി കാര്യങ്ങൾ പറഞ്ഞതോടെ അകത്തുനിന്ന് ആളുകളെത്തി. അന്നത്തെ അവസ്ഥയെപ്പറ്റി സുഹൃത്തുക്കൾ പറഞ്ഞാണു താൻ പിന്നീടു മനസ്സിലാക്കിയതെന്നു ജോസഫ് പറയുന്നു. ശരീരത്തിന്റെ ഒരു പകുതി നിറയെ, തല മുതൽ പാദംവരെ മുറിവുകളായിരുന്നു. ഓട്ടോയിൽനിന്നുള്ള വീഴ്ചയിൽ സംഭവിച്ചതാകാം. ഷർട്ടും പാന്റ്സും കീറിപ്പറിഞ്ഞ നിലയിൽ. ഷർട്ട് ഇട്ടിരുന്നതു തിരിച്ചായിരുന്നു. ചെരിപ്പില്ലാതെ നടന്നതിനാൽ കാൽപാദമാകെ പൊട്ടിക്കീറി. അങ്ങനെയൊരു കോലത്തിൽ കണ്ടിരുന്നുവെങ്കിൽ ഒരുപക്ഷേ, ജോസഫിനെ ജോസഫ് പോലും തിരിച്ചറിയില്ലായിരുന്നുവെന്നാണു സുഹൃത്തുക്കൾ പിന്നീടു പറഞ്ഞത്.

രണ്ടാഴ്ചയോളം ആശുപത്രിയിൽ. ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഇടയ്ക്കിടെ ജോസഫിന് ഓർമ മങ്ങി. ആശുപത്രിക്കട്ടിലിൽ കിടന്ന് പപ്പയെയും അമ്മാമ്മയെയും ഉച്ചത്തിൽ വിളിക്കും. മരുന്നിന്റെ മയക്കം വിട്ടുണരുമ്പോൾ പിച്ചും പേയും പറയാനും തുടങ്ങി. ഒപ്പമുണ്ടായിരുന്നുവർ പേടിച്ചെങ്കിലും ജോസഫിന്റെ ഭാഷയിൽ ‘ദൈവം ഒപ്പമുണ്ടായിരുന്നു.’ തലയിലും കയ്യിലും കാലിലെ 10 വിരലുകളിലും വച്ചുകെട്ടുമായി ക്യാംപിൽ തിരിച്ചെത്തി. 

എറണാകുളത്തുനിന്നു ട്രെയിൻ കയറി മൂന്നാം ദിനം ഡൽഹിയിലെത്തിയ മകന്റെ വിവരമറിയാൻ അവറാച്ചൻ ദിവസവും സിആർപിഎഫ് ക്യാംപിലേക്കു വിളിക്കുമായിരുന്നു. പരിശീലനത്തിലാണ്, പുറത്തുപോയി എന്നൊക്കെ പറഞ്ഞ് വിദഗ്ധമായി സുഹൃത്തുക്കൾ ഫോൺവിളികൾ കൈകാര്യം ചെയ്തു. ഇന്ന് ഇതു വായിക്കുമ്പോഴാകും അവറാച്ചനും എൽസിയും 18 വർഷം മുൻപു തങ്ങളുടെ മകൻ നേരിട്ട പീഡകളെപ്പറ്റി ആദ്യമായി അറിയുക.

വഴിയരികിലെ ജോസഫുമാർ

‘മിസിങ് കേസ്’ റജിസ്റ്റർ ചെയ്യാൻ അധികൃതർ തീരുമാനിക്കുമ്പോഴാണു ജോസഫ് ക്യാംപിലേക്കു കയറിച്ചെന്നത്. ആശുപത്രി വിട്ടശേഷം പൊലീസിൽ പരാതി നൽകി. രണ്ടാമത്തെ ഓട്ടോക്കാരനെ തിരിച്ചറിയാൻ പറ്റാതിരുന്നതിനാൽ കേസ് മുന്നോട്ടുപോയില്ല. അമൂല്യനിധിയായി താൻ സൂക്ഷിച്ച മെഡലുകൾ എന്നെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

ഈ സംഭവമുണ്ടായി 3 വർഷം കഴിഞ്ഞപ്പോൾ ജോസഫ് 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡ് തിരുത്തി. 7 വർഷത്തിനുശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി, ഈയിനത്തിൽ ഒന്നാമനാകുന്ന ആദ്യ ഇന്ത്യക്കാരനായി. 2007ൽ സിആർപിഎഫ് വിട്ട് റെയിൽവേയിൽ ചേർന്നു. 2015 ദേശീയ ഗെയിംസോടെ ട്രാക്കിൽനിന്നു വിരമിച്ചു. ഇപ്പോൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്നു.

അടുത്ത സുഹൃത്തുക്കൾക്കു മാത്രം അറിയാമായിരുന്ന ‘ഉയിർപ്പു കഥ’ ജോസഫ് പിന്നീടു മറ്റൊരാളോടു മാത്രം പങ്കുവച്ചു; ഭാര്യ സ്മിതയോട്. അന്നത്തെ സംഭവത്തിനുശേഷം യാത്രകളിൽ ജോസഫിന്റെ കണ്ണുകൾ വഴിവക്കുകളിൽ ഉടക്കിനിൽക്കുമായിരുന്നു. പൊടിയിൽ പുതഞ്ഞ്, തിരിഞ്ഞുമറിഞ്ഞു കിടക്കുന്നവരുടെ മുഖങ്ങളിലേക്കു കണ്ണുപായിക്കും. ലഹരിയുടെ പിടിയിലല്ല മയക്കമെന്നു തോന്നിച്ചാൽ സഹായിക്കാൻ ശ്രമിക്കും. ചിലപ്പോഴൊക്കെ പൊതിച്ചോറുമായി കൊച്ചി നഗരത്തിലേക്ക് ഇറങ്ങാറുമുണ്ട്; വിശപ്പിൽ തളർന്ന തെരുവുജീവിതങ്ങളുടെ വയറു നിറയ്ക്കാൻ.

കരിയർ സമ്മറി

ജോസഫ് ജി.ഏബ്രഹാം

സ്വർണം – ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസ് 2010 (400 മീറ്റർ ഹർഡിൽസ്)

വെള്ളി – ദോഹ ഏഷ്യൻ ഗെയിംസ് 2006 (4–400 മീറ്റർ റിലേ)

വെള്ളി – ഏഷ്യൻ ഗ്രാൻപ്രി സർക്യൂട്ട് 2007 (400 മീറ്റർ ഹർഡിൽസ്)

വെള്ളി – ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ് 2009 (400 മീറ്റർ ഹർഡിൽസ്)

വെങ്കലം – ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ് 2007 (400 മീറ്റർ ഹർഡിൽസ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA