തീരത്തേക്ക്

Abhilash Tomy with his father
വൈസ് അഡ്മിറൽ (ഇപ്പോൾ നാവികസേനാ മേധാവി) കരംബിർ സിങ്, അഭിലാഷിന്റെ പിതാവ് ലഫ്. കമാൻഡർ വി.സി.ടോമി (റിട്ട.) എന്നിവർ വിശാഖപട്ടണത്ത് നാവികസേനയുടെ ഐഎൻഎസ് സത്പുര കപ്പലിൽ അഭിലാഷ് ടോമിക്ക് ഒപ്പം. (ഫയൽ ചിത്രം)
SHARE

ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിൽ ജനിച്ച് നാട്ടിൻപുറത്തു ജീവിതം തുടങ്ങിയ ഒരാൾക്ക് ഇത്തരം സ്വപ്നങ്ങളൊക്കെ കാണാൻ കഴിയുന്നത് എങ്ങനെയാണ്?

കുട്ടനാട്ടിലും കോട്ടയം ജില്ലയിലെ നെടുംകുന്നത്തും കൊച്ചിയിലുമൊക്കെയായി വളർന്ന ഒരാൾക്ക് യൂറോപ്യൻ നാവികരുടേതു പോലുള്ള ഏകാന്ത കടൽയാത്രയും മറ്റും എങ്ങനെ മനസ്സിലൊരു സ്വപ്നമായി കടന്നുകൂടിയെന്നു പലരും എന്നോടു ചോദിച്ചിട്ടുണ്ട്. ഒരിക്കൽ എറണാകുളം കണ്ടനാട്ടെ വീട്ടിൽ അവധിക്കു വന്ന നേരത്തു മുടിവെട്ടാൻ പോയപ്പോൾ അവിടെ കണ്ടയൊരാളും ചോദിച്ചു: കടലിൽ ഇങ്ങനെ ഒറ്റയ്ക്കു പോകാൻ പേടിയൊന്നുമില്ലേ?

എന്റെ മറുപടി ഇതാണ്: നമുക്കെല്ലാം ഒരു ജീവിതമേയുള്ളൂ. സ്വപ്നങ്ങൾ നമ്മെ തേടിവരുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കുന്നവരാണ് ചിലർ. മറ്റു ചിലരാകട്ടെ, സ്വപ്നങ്ങളെ അങ്ങോട്ടു ചെന്നു കീഴടക്കുന്നു!

ഇളകുന്ന കടൽക്കിടക്കയിൽ, വലിയൊരു സ്വപ്നത്തിലേക്കു വഴുതിവീണ നേരത്താണ് ഫ്രഞ്ച് മീൻപിടിത്തക്കപ്പൽ ഒസിരിസിലെ നാവികർ എന്നെത്തേടി വന്നത്. നടുവിന്റെ വേദനയും ആവർത്തിച്ചുള്ള ഛർദിയും നിർത്താതെ തുടരുന്ന എക്കിളും മൂലം അവശനായിരുന്നു അപ്പോൾ ഞാൻ.

അവർ മൂന്നു പേരുണ്ടായിരുന്നു. എന്റെ അവസ്ഥയെന്താകുമെന്ന ആശങ്ക അവരുടെ കണ്ണുകളിലുണ്ടായിരുന്നു. ആദ്യം അവർ എന്നെ ഒരു സ്ട്രെച്ചറിലേക്കു മാറ്റി. അവിടെനിന്നു ചെറിയൊരു ബോട്ടിലേക്ക്. ആ ബോട്ടിൽ നേരെ കപ്പലിലേക്ക്.

അതൊരു യാത്രപറച്ചിൽ നിമിഷമായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയോ ഒരിടത്തു ഞാനെന്റെ പായ്‌വഞ്ചി ‘തുരീയ’യെ ഉപേക്ഷിക്കുകയാണ്. എന്റെ ജീവിതവും സ്വപ്നവുമായിരുന്നു തുരീയ. നിർമാണത്തിന്റെ ആദ്യനിമിഷം മുതൽ ഞാൻ തുരീയയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതുവരെ കൂടെയുണ്ടായിരുന്ന നാവികൻ അടർത്തിമാറ്റപ്പെടുന്നതറിയാതെ തിരകളിൽ പിടയുന്ന തുരീയ. ഇനിയൊരിക്കലും കടലിലോ കരയിലോ ഒരുമിക്കാനാവില്ലെന്നുറപ്പിച്ചുള്ള വിടവാങ്ങൽ. എന്റെ ഭാര്യ ഉർമിമാലയാണ് ബോട്ടിനു തുരീയ എന്നു പേരിട്ടത്. ഉപനിഷത്തിൽനിന്നാണ് ഉർമി ആ പേരു കണ്ടെടുത്തത്.

പ്രധാനമന്ത്രി വിളിക്കുന്നു...

കപ്പൽ പിറ്റേന്നു ഫ്രഞ്ച് അധീനതയിലുള്ള ഇലേ ആംസ്റ്റർഡാം ദ്വീപിലെത്തി. വെറും 55 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ആ ദ്വീപിൽ ആകെ 21 പേരാണു താമസക്കാരായുള്ളത്. അവിടത്തെ ചെറിയൊരു മെഡിക്കൽ റൂമിലേക്കാണ് എന്നെ കൊണ്ടുപോയത്. എക്സ്റേ എടുക്കാനായി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. ഇടതടവില്ലാതെ എക്കിളെടുക്കുന്നതിന്റെ പ്രശ്നം വേറെയും.

ഒടുവിൽ, ആ ദ്വീപിലെ കുറെപ്പേരെ വിളിച്ചുവരുത്തി. എല്ലാവരും ചേർന്നു ബെഡ്ഷീറ്റ് സഹിതം എന്നെ പൊക്കിയെടുത്ത് എക്സ്റേ മെഷീനിലേക്കു കിടത്തി. എക്സ്റേയിൽ ഒരു പ്രശ്നവും കാണാനില്ലായിരുന്നു. നടുവു വെട്ടിയതാവും, നാട്ടിലെത്തിയിട്ട് നന്നായിട്ടൊന്നു തിരുമ്മിയാൽ തീരുന്ന പ്രശ്നമേ കാണൂ എന്നു ഞാനും കരുതി. ഇതിനിടെ, എനിക്കൊപ്പം അപകടത്തിൽപെട്ട അയർലൻഡ് നാവികൻ ഗ്രിഗർ മക്ഗുഗിനെയും ഒസിരിസ് രക്ഷപ്പെടുത്തിയിരുന്നു. ഗ്രിഗറിനു കാര്യമായ പരുക്കുകളില്ല. ഗ്രിഗർ കൂടി വന്നതോടെ ദ്വീപിൽ ആൾപ്പെരുമാറ്റം കൂടി.

അപ്രതീക്ഷിതമായി ദ്വീപിലെ ഡോക്ടർ എന്നെ കാണാൻ വീണ്ടും വന്നു. നിങ്ങളുടെ രാജ്യത്തെ പ്രധാനമന്ത്രി വലിയ ആളാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രധാന്യം ഞാൻ പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോഴാണ് അദ്ദേഹം അങ്ങനെ ചോദിക്കാനുള്ള കാരണം പറയുന്നത്:

‘ഇന്ത്യയുടെ പ്രധാനമന്ത്രിക്കു താങ്കളോടു സംസാരിക്കണം. അരമണിക്കൂർ കഴിയുമ്പോൾ അദ്ദേഹം വിളിക്കും!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളിയെത്തിയതോടെയാണ് ഏകാന്തതയിൽ അത്രയും മണിക്കൂറുകൾ ഞാൻ കിടന്ന കിടപ്പിന്റെ ഗൗരവം എനിക്കു തന്നെ ബോധ്യമായത്. അദ്ദേഹം എന്നോടു പരുക്കിനെക്കുറിച്ചു ചോദിച്ചു. 2017ൽ അദ്ദേഹത്തെ ഞാൻ വസതിയിൽ സന്ദർശിച്ചിരുന്നു. അക്കാര്യമൊക്കെ ഇപ്പോഴും ഓർമയുണ്ടോ എന്നദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടിൽപോയി സന്ദർശിക്കാൻ കിട്ടിയ അവസരം ഒരാൾ മറക്കുന്നതെങ്ങനെയാണ്!

സൗഹാർദ സംഭാഷണത്തിനൊടുവിൽ അദ്ദേഹം ചോദിച്ചു: ഇനി അഭിലാഷിന്റെ പ്ലാനെന്താണ്? എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു: പരുക്കു ഭേദമായാലുടൻ എനിക്കു വീണ്ടും കടലിൽ പോകണം!

പ്രധാനമന്ത്രിയുടെ അടുത്ത തവണത്തെ ‘മൻ കി ബാത്’ പ്രഭാഷണത്തിൽ അദ്ദേഹം വീണ്ടും കടലിൽ പോകാനുള്ള എന്റെ സ്വപ്നങ്ങളെക്കുറിച്ചാണു സംസാരിച്ചത്. ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നിയ മറ്റൊരു നിമിഷം കൂടി.

കാലും തലയും പുറത്തിടാതെ വയ്യ!

ഇന്ത്യൻ നാവികസേന ഐഎ‍ൻഎസ് സത്‌പുര എന്ന കപ്പൽ എന്നെ രക്ഷപ്പെടുത്താനായി അയച്ചെന്ന വിവരം ലഭിച്ചു. ഓസ്ട്രേലിയൻ നാവികസേന എച്ച്എംഎഎസ് ബലാററ്റ് എന്ന കപ്പലും അയച്ചിരുന്നു. ആദ്യമെത്തുക ഓസ്ട്രേലിയൻ കപ്പലാണെങ്കിലും സത്പുര വരുംവരെ കാത്തിരിക്കാൻ നിർദേശം ലഭിച്ചു. ഗ്രിഗറിനെയും കൊണ്ട് ബലാററ്റ് മടങ്ങി. സത്പുരയ്ക്ക് ആംസ്റ്റർഡാം ദ്വീപിൽ അടുക്കാൻ ജെട്ടിയുണ്ടായിരുന്നില്ല. അതിനാൽ എന്നെ കപ്പലിലെത്തിക്കാനായി അവർ ഒരു ഹെലികോപ്റ്റർ അയച്ചു.

ദ്വീപിൽനിന്നു യാത്ര പറയുന്ന നേരത്ത് അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ കാണാൻ വന്നു. എന്നെ അവിടെയെത്തിച്ചതു മുതൽ ദ്വീപിലെ ഓരോയാൾക്കും കൃത്യമായി ഓരോ ഡ്യൂട്ടി വീതംവച്ചു നൽകിയിരുന്നു. അവരെല്ലാവരും ഒരുമിച്ചുനിന്നതു കൊണ്ടാണ്, വളരെക്കുറച്ചു ജനങ്ങൾ മാത്രമുള്ള ആ കൊച്ചുദ്വീപിൽ ഒരു കുറവുമറിയാതെ മൂന്നു ദിവസം കഴിഞ്ഞതെന്ന് അറിഞ്ഞപ്പോൾ എനിക്കാകെ അദ്ഭുതമായി.

സത്പുരയി‍ൽനിന്ന് അയച്ച ഹെലികോപ്റ്ററിൽ ഇരുന്നു യാത്ര ചെയ്യാൻ എനിക്കാവുമായിരുന്നില്ല. സ്ട്രെച്ചറിൽ ഹെലികോപ്റ്ററിൽ വിലങ്ങനെ കിടത്തിക്കൊണ്ടുപോകാൻ അവർ തീരുമാനിച്ചു. അതോടെ എന്റെ തലയും കാലുകളും ഹെലികോപ്റ്ററിനു പുറത്തായി. 10 ഡിഗ്രിയായിരുന്നു ആ സമയത്തെ കാലാവസ്ഥ. ഹെലികോപ്റ്ററിന്റെ വേഗത്തിനൊപ്പം വീശുന്ന കാറ്റ് (വിൻഡ് ചിൽ) കൂടിയായപ്പോൾ തണുപ്പ് മൈനസ് 10 ഡിഗ്രിയോളം താഴ്ന്നു. കയ്യും തലയും പുറത്തിടരുതെന്ന് നമ്മുടെ നാട്ടിലെ ബസുകളിലൊക്കെ എഴുതിവയ്ക്കാറില്ലേ? ഇതിപ്പോൾ കാലും തലയും പുറത്തുതന്നെ!

കപ്പലിലെത്തിച്ച് മെഡിക്കൽ റൂമിൽ നേവിയുടെ ഡോക്ടർ പരിശോധിച്ചപ്പോഴും കുഴപ്പമൊന്നും കാണാനില്ല. എക്കിൾ നിൽക്കാനായി ഡോക്ടർ എനിക്കൊരു ഗുളിക തന്നു. അദ്ഭുതം! 7 ദിവസമായി നിർത്താതെ തുടരുന്ന എക്കിൾ നിലച്ചു.

സത്പുര എന്നെയും കൊണ്ട് വിശാഖപട്ടണത്തേക്കാണു പോകുന്നതെന്ന് കപ്പലിന്റെ കമാൻഡിങ് ഓഫിസർ കാണാൻ വന്നപ്പോൾ പറഞ്ഞു. ബിഹാറിലെ മുസഫർപുരിൽനിന്നുള്ള ക്യാപ്റ്റൻ അലോക് ആനന്ദ് ആയിരുന്നു കമാൻഡിങ് ഓഫിസർ. അദ്ദേഹത്തിന്റെ പിതാവു മരിച്ച വാർത്ത അറിഞ്ഞ ദിവസം തന്നെയാണ് എന്നെ രക്ഷപ്പെടുത്താനുള്ള ചുമതലയും നാവികസേന നൽകിയത്. അലോകിനു നാട്ടിലേക്കു മടങ്ങാൻ സൗകര്യമൊരുക്കാമെന്നും സേന അറിയിച്ചു. പക്ഷേ, ആ ഓഫിസർ പിതാവിന്റെ അന്ത്യകർമങ്ങൾക്കു പോകാതെ എന്നെ രക്ഷപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തു. അപ്പോഴേക്കും മനസ്സുകൊണ്ട് ആയിരംതവണ ‍ഞാനദ്ദേഹത്തിനു സല്യൂട്ട് നൽകിക്കഴിഞ്ഞിരുന്നു. 

പിതാവിന്റെ അടുത്തേക്ക്

വിശാഖപട്ടണത്ത് എന്റെ പിതാവും നാവികസേനയിലെ മുൻ ലഫ്. കമാൻഡറുമായ വി.സി.ടോമിയും എന്റെ ബന്ധു ജോണിയങ്കിളും കാത്തുനിൽപുണ്ടായിരുന്നു. ഓരോ കടൽയാത്രയ്ക്കും പിന്നിലെ യഥാർഥ പ്രേരകശക്തിയായ പിതാവിനെ കണ്ടപ്പോൾത്തന്നെ എന്റെ ധൈര്യം ഇരട്ടിച്ചു. വൈസ് അഡ്മിറൽ (ഇപ്പോൾ നാവികസേനാ മേധാവി) കരംബിർ സിങ് കാണാനെത്തിയപ്പോഴും പിതാവ് അടുത്തുണ്ടായിരുന്നു. കപ്പലിൽനിന്നു നാവികസേനാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ എത്തിച്ച ആംബുലൻസിലേക്കു നടന്നുപോകാമെന്നു ഞാൻ തീരുമാനിച്ചതും അദൃശ്യമായി എപ്പോഴും കൂടെയുള്ള ആ ധൈര്യംകൊണ്ടായിരുന്നു.

ആശുപത്രിയിലെ ആദ്യവട്ട പരിശോധനകൾക്കു ശേഷം അവർ ഒരു എംആർഐ സ്കാനിങ് കൂടി നിർദേശിച്ചു. അപ്രതീക്ഷിതമായി ഒന്നുമുണ്ടാവില്ലെന്ന ഉറപ്പോടെ സ്കാനിങ് മെഷീന് അടുത്തേക്കും ഞാൻ നടന്നാണു പോയത്. പക്ഷേ, സ്കാനിങ് നടത്തിയ ടെക്നിഷ്യന്റെ മുഖത്ത് എന്തോ പന്തികേട്. അവരാരും ഒന്നും വിട്ടുപറയുന്നുമില്ല.

അൽപനേരം കഴിഞ്ഞ് ഡോക്ടർ എത്തി. സ്കാൻ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു:

ഇനി ഈ കിടപ്പിൽനിന്ന് എഴുന്നേൽക്കരുത്. ഇനി എഴുന്നേറ്റാൽ, എപ്പോഴെങ്കിലും ഒന്നുകൂടി വീണാൽ പിന്നെ അഭിലാഷിനു ജീവിതത്തിലൊരിക്കലും എഴുന്നേറ്റു നടക്കാൻ കഴിഞ്ഞെന്നു വരില്ല....!

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA