ഒഎൻവി @ 90; ‘ഇപ്പോഴും അച്ഛൻ ഇവിടെ നിറഞ്ഞു നിൽപുണ്ട്’

ONV-Kurup
ഒഎൻവി കുറുപ്പ്
SHARE

ഇന്ദീവരത്തിൽ അദൃശ്യമായൊരു സാന്നിധ്യമായി അച്ഛൻ ഇപ്പോഴും കൂടെയുണ്ടെന്നാണു വിശ്വാസം. അച്ഛന്റെ വലിയ സന്തോഷവും ആഘോഷവും പ്രിയപ്പെട്ടവർക്കൊപ്പം ഇവിടെ കഴിയുന്നതായിരുന്നു. പിറന്നാളിനും അതിനപ്പുറം ഒരു ആഘോഷമുണ്ടായിരുന്നില്ല. 80 വയസ്സിലും 84 വയസ്സിലും പ്രിയപ്പെട്ടവരുടെ നിർബന്ധങ്ങൾക്കു വഴങ്ങി ജൻമദിനം പൊതു ചടങ്ങായതൊഴിച്ചാൽ മറ്റെല്ലാ പിറന്നാളുകളും അങ്ങനെ തന്നെയായിരുന്നു. അഗതി മന്ദിരത്തിലുള്ളവർക്ക് ഊണ് നൽകുന്നതിലൊതുങ്ങും ആഘോഷം. 

ഈ 27ന് അച്ഛന്റെ നവതിയാണ്. അന്നും ആഘോഷങ്ങളൊന്നുമില്ല. അച്ഛനുണ്ടായിരുന്നെങ്കിലും ഇതുപോലൊരു സാഹചര്യത്തിൽ ഒരു ആഘോഷത്തിനും വഴങ്ങില്ലെന്ന് ഉറപ്പാണ്.

എത്രയോ വാടക വീടുകളിലെ താമസത്തിനൊടുവിൽ 1968ലാണ് വഴുതക്കാട്ട് സ്വന്തമായി വാങ്ങിയ എട്ടു സെന്റ് ഭൂമിയിൽ അച്ഛൻ ഈ വീടു പണിയുന്നത്. താമരയിൽ വസിക്കുന്നവൾ എന്നർഥം വരുന്ന സരോജിനി എന്നാണ് അമ്മയുടെ പേരെന്നതിനാൽ സരോജിനി വസിക്കുന്നിടം എന്ന അർഥത്തിലാണു വീടിന് താമര എന്നർഥം വരുന്ന ‘ഇന്ദീവരം’ എന്ന പേര് അച്ഛൻ നൽകിയത്. 

ഇപ്പോഴും അച്ഛൻ ഇവിടെ നിറഞ്ഞു നിൽപുണ്ട്. പൂമുഖത്തേക്കു കയറുമ്പോൾത്തന്നെ അകത്ത് അച്ഛന്റെ വലിയ ചിത്രം കാണാം. അച്ഛൻ ഇഷ്ടത്തോടെ വളർത്തിയ പവിഴമല്ലിയുടെയും മുല്ലയുടെയും പൂക്കൾ രാവിലെയും വൈകിട്ടും അതിനു മുന്നിൽ അർപ്പിക്കണമെന്നത് അമ്മയുടെ നിർബന്ധമാണ്. രോഗബാധിതനായിരുന്നെങ്കിലും അച്ഛന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. നിഴൽ പോലെ കൂടെയുണ്ടായിരുന്ന അമ്മയെ ആ ആഘാതം ഇപ്പോഴും വിട്ടുപോയിട്ടില്ല. 

ONV-Kurup-family
ഒഎൻവി കുറുപ്പ് മകൻ രാജീവ് ഒഎൻവി, രാജീവിന്റെ മകൾ അപർണ, ഭാര്യ സരോജനി എന്നിവർക്കൊപ്പം. ഒഎൻവിയുടെ വരികൾക്കു രാജീവ് സംഗീതം നൽകി കൊച്ചുമകൾ അപർണ ആലപിച്ച ഗാനത്തിന്റെ റെക്കോർഡിങ് വേളയിൽ എടുത്ത ചിത്രം. (ഫയൽ)

ഈ വീട്ടിൽ അച്ഛന്റേതായിരുന്ന ഒന്നിനും മാറ്റം വരുത്തിയിട്ടില്ല. താഴത്തെ നിലയിലാണ് എഴുത്തുമുറി. ആ മുറിയിൽ അച്ഛനു കൂട്ടായിരുന്നത് 5 പേരാണ്; കുമാരനാശാൻ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, രവീന്ദ്രനാഥ ടഗോർ, പിന്നെ ക്രിസ്തു! ക്രിസ്തുവിന്റെ ചിത്രം ആരോ സമ്മാനിച്ചതാണ്. ഈ ചിത്രങ്ങൾ ഇപ്പോഴും ആ ചുമരുകളിലുണ്ട്. എനിക്ക് ഓർമയുള്ള കാലം മുതൽ അച്ഛന്റെ എഴുത്തും വായനയും പഴയൊരു ചാരുകസേരയിലാണ്. അതിൽ ഇരുന്നു പലകപ്പടിയിൽ പേപ്പർ വച്ചാണ് ഒട്ടുമിക്ക കൃതികളും എഴുതിയത്. അവസാന കാലത്തു വീഴ്ചയെ തുടർന്നു ചാഞ്ഞുള്ള ഇരിപ്പിനു ബുദ്ധിമുട്ടു വന്നപ്പോൾ മാത്രമാണ് അതിനു മാറ്റം വന്നത്. 

ആ ചാരുകസേരയും അച്ഛന്റെ പേനകളും വട്ടക്കണ്ണടയുമൊക്കെ ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അച്ഛനുള്ളപ്പോൾ ഒട്ടേറെ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും തപാലിൽ വന്നിരുന്നു. എല്ലാം വായിക്കാനായില്ലെങ്കിലും ഒന്നുപോലും കളയുന്നത് ഇഷ്ടമല്ലായിരുന്നു. ആ ശേഖരവും അതുപോലുണ്ടിവിടെ. 

കൃഷ്ണ ഭക്തൻ

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആളായതിനാൽ‌ അച്ഛൻ നാസ്തികനാണെന്നു ചിന്തിക്കുന്നവരേറെയുണ്ട്. എന്നാൽ, അച്ഛൻ നല്ല വിശ്വാസിയായിരുന്നു; കൃഷ്ണ ഭക്തൻ. 

പക്ഷേ, ആചാരങ്ങളിലൊന്നും താൽപര്യമുണ്ടായിരുന്നില്ല.  ഗുരുവായൂരും മൂകാംബികയിലുമൊക്കെ  പോയിട്ടുണ്ടെങ്കിലും സ്ഥിരം ക്ഷേത്ര ദർശനവുമില്ല. വീടിന്റെ മുകൾ നിലയിലെ പൂജാമുറിയിൽ രാവിലെയും വൈകിട്ടും കുളിച്ചെത്തി വിളക്കു തെളിച്ചിരുന്നത് അച്ഛനാണ്. പണ്ടു മുതലേയുള്ള ഗുരുവായൂരപ്പന്റെ ചിത്രവും ചെറിയൊരു കൃഷ്ണ വിഗ്രഹവുമായിരുന്നു അച്ഛനു പ്രിയപ്പെട്ടത്. അച്ഛന്റെ മുറിയിലെ ഡ്രോയ്ക്കുള്ളിലും ഗുരുവായൂരപ്പന്റെ ചെറിയൊരു ചിത്രമുണ്ട്. 

എന്തു കാര്യത്തിന് ഇറങ്ങുമ്പോഴും ഡ്രോ തുറന്ന് ആ ചിത്രം നോക്കി ഒന്നു കണ്ണടച്ചു പ്രാർഥിക്കുന്നതും പതിവായിരുന്നു. പൂജാമുറിക്കൊപ്പം അച്ഛൻ ഒരുക്കിയ ലൈബ്രറിയുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ ലൈബ്രറികൾക്ക് സംഭാവന ചെയ്തെങ്കിലും ഇപ്പോഴും വലിയ ശേഖരം തന്നെയുണ്ടിവിടെ. 

എഴുത്തിലെ ചിട്ടകൾ

ചിട്ടകൾ ഏറെയുണ്ടായിരുന്നു അച്ഛന്. പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും. എഴുതാൻ കൂടുതൽ ഇഷ്ടവും ആ സമയത്തായിരുന്നു. ചിലപ്പോൾ ഞങ്ങൾക്കിടയിൽ ഇരുന്നു സംസാരിക്കുന്നതിനിടെയാവും എഴുന്നേറ്റ് എഴുത്തുമുറിയിലേക്കു പോവുക. അതോടെ ഞങ്ങളുടെ സംസാരത്തിന്റെയും ടിവിയുടേയുമെല്ലാം ശബ്ദം കുറയ്ക്കും. ചിത്രഭംഗിയുള്ള കയ്യക്ഷരമായിരുന്നു അച്ഛന്റേത്. വരയും വഴങ്ങിയിരുന്നു. പലപ്പോഴും പേപ്പറിൽ എഴുതുന്നതിന്റെ വശങ്ങളിൽ സ്കെച്ചുകൾ വരച്ചിടും.  

ONV-Kurup-room
ഇന്ദീവരത്തിലെ ഒഎൻവിയുടെ എഴുത്തുമുറി. ചിത്രം: ബി. ജയചന്ദ്രൻ

വിലകൂടിയ പേനകളൊക്കെ പലരും സമ്മാനിച്ചാലും വില കുറഞ്ഞ സാധാ പേന കൊണ്ടായിരുന്നു എഴുത്ത്. അതു തന്നെ റീഫി‍ൽ മാറ്റി ഉപയോഗിക്കും. പണ്ട് എഴുതിയിരുന്ന ഒരു പാർക്കർ പേനയും സ്റ്റീൽ വാച്ചും എസ്എസ്എൽസി പരീക്ഷയുടെ സമയത്ത് അച്ഛൻ എനിക്കു സമ്മാനമായി തന്നിട്ടുണ്ട്. 

എഴുതിക്കഴിഞ്ഞാൽ ആദ്യ വായനക്കാരി അമ്മയാണ്. തിരുത്തുകൾ ഒഴിവാക്കി പകർത്തിയെഴുതുന്നതും അമ്മ തന്നെ. എനിക്കും സഹോദരി മായാദേവിക്കുമെല്ലാം വായിക്കാൻ തരുമായിരുന്നു. എഴുതുമ്പോൾ തന്നെ അതിന്റെ സംഗീതവും അച്ഛന്റെ മനസ്സിലുണ്ടാവും. രാവിലെ എഴുതിയ കവിതയുമായി വൈകിട്ടു കവിയരങ്ങുകൾക്കു പോകുമ്പോഴും കവിത റെക്കോർഡിങ്ങിലാണെങ്കിലും ഒരു ഒരുക്കവും ഇല്ലാതെ ആ സമയത്തു കൈവരുന്ന ഈണത്തിൽ ചൊല്ലുകയാണു പതിവ്. ഇടയ്ക്ക് ‘ബലി’ എന്ന പേരിൽ ഒരു കഥയെഴുതിയെങ്കിലും അതല്ല തന്റെ തട്ടകമെന്നു തിരിച്ചറിഞ്ഞാവണം കഥയെഴുത്ത് അവസാനിപ്പിച്ചു. 

എഴുത്തും വായനയും കഴിഞ്ഞാൽ സംഗീതമായിരുന്നു മറ്റൊരു ഹരം. വേൾക്കാൻ കഴിയാത്ത കാമുകിയാണു സംഗീതമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. എല്ലാത്തരം സംഗീതവും കേൾക്കും. എന്റെ കുട്ടിക്കാലത്താണു മദ്രാസിൽനിന്നു ഗ്രാമഫോണും എച്ച്എംവിയുടെ റെക്കോർഡ്സും അച്ഛൻ കൊണ്ടുവരുന്നത്. സോജാ രാജകുമാരി... എന്ന പാട്ടിനോടായിരുന്നു അന്നു പ്രിയമേറെ. 

ബാലമുരളി

അച്ഛൻ ഏറെ സ്നേഹിച്ചത് അധ്യാപന ജോലിയെയാണ്. എഴുത്തിനു വേണ്ടിയായാലും അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. അധ്യാപകനായി ജോലികിട്ടിയ കാലത്തൊക്കെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെ കാര്യങ്ങൾ കൂടി നോക്കേണ്ട ബാധ്യത അദ്ദേഹത്തിനായിരുന്നു. ആ സമയത്ത് ഒരു അധിക വരുമാനം എന്നതു മാത്രമായിരുന്നു അച്ഛനെ സിനിമാ ഗാന രചനയിലേക്ക് അടുപ്പിച്ചത്. പക്ഷേ, അക്കാലത്തു സർക്കാർ അധ്യാപകർക്കു സിനിമക്കായി പാട്ടെഴുതുന്നതിനു വിലക്കുണ്ടായിരുന്നു. അതോടെ ‘ബാലമുരളി’ എന്ന തൂലിക നാമത്തിലായി എഴുത്ത്.

അക്കാലത്ത് എഴുതിയ ‘പൊൽത്തിങ്കൾ കല പൊട്ടുകുത്തിയ...’ എന്ന ഗാനം സംസ്ഥാന സർക്കാർ അവാർഡിനു പരിഗണിച്ചെങ്കിലും കൊടുക്കാതിരുന്നതും ഈ ആൾമാറാട്ടം പ്രശ്നമാകുമെന്നതിനാലാണ്. 1955ൽ ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കു പാട്ടെഴുതിയ ശേഷം പിന്നീട് 1971ൽ ആണ് ഒഎൻവി എന്ന പേരിൽ പാട്ടെഴുതുന്നത്. ‘സ്വപ്നം’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോൾ പ്രതിഫലം വാങ്ങാതെയും ജോലിക്കു തടസ്സമില്ലാതെയും അധ്യാപകർക്ക് പാട്ടെഴുതാം എന്ന ഇളവ് അനുവദിച്ചതിനെ തുടർന്നാണിത്. 

സലിൽ ചൗധരി മലയാളത്തിലേക്കു വന്നപ്പോഴാണു സംഗീതത്തിനനുസരിച്ചു വരികൾ എഴുതാൻ അച്ഛനും തയാറായത്. എന്നാൽ കവി കൂടിയായിരുന്ന  അദ്ദേഹത്തെക്കൊണ്ട് എഴുതി നൽകിയ വരികൾക്കു സംഗീതം ചെയ്യിപ്പിച്ചിട്ടുമുണ്ട്... പിന്നീട് ഇക്കാര്യത്തിൽ അച്ഛൻ വാശിപിടിച്ചിട്ടില്ല...

ദേവരാജൻ മാഷായിരുന്നു അടുത്ത സുഹൃത്തുക്കളിലൊരാൾ... അവർ തമ്മിൽ സൗന്ദര്യപ്പിണക്കവും പതിവായിരുന്നു. കാരണങ്ങൾ പലതാണ്. സിനിമാസംഗീതത്തിൽ ഇരുവരുടെയും കൂട്ട് വൻ ഹിറ്റായതോടെ അധ്യാപനം ഉപേക്ഷിച്ചിട്ടായാലും മദ്രാസിലേക്കു വരാൻ മാഷ് നിർബന്ധിച്ചിരുന്നു. അതിന് അച്ഛൻ വഴങ്ങാത്തതിൽ മാഷിനു പരിഭവമുണ്ടായിരുന്നു. ഇത്തരം പരിഭവങ്ങൾക്കിടെ പരസ്പരം കാണാതെയും സംസാരിക്കാതെയും ഇരുവരും പാട്ടൊരുക്കിയിട്ടുമുണ്ട്. അതായിരുന്നു അവരുടെ മനപ്പൊരുത്തം. ലളിതാംബിക അന്തർജനത്തിന്റെ മകൻ എൻ. മോഹനൻ ആയിരുന്നു മറ്റൊരു അടുത്ത സുഹൃത്ത്. സുഹൃത്തുക്കൾക്കിടയിലാവുമ്പോൾ കളിയും ചിരിയുമായി അച്ഛൻ മറ്റൊരാളാണ്.  

കത്തെഴുത്തും ആരാധകരും

കവിതകൾ കഴിഞ്ഞാൽ‌ അച്ഛൻ ഏറ്റവും കൂടുതൽ എഴുതിയിരിക്കുന്നതു കത്തുകളാവും. കുട്ടികളുടെയടക്കം കത്തുകൾക്ക് അച്ഛൻ മറുപടി എഴുതും. ഇൻലൻഡും പോസ്റ്റ് കാർഡും എപ്പോഴും ശേഖരമുണ്ടാവും. എഴുതിക്കഴിഞ്ഞാൽ അത് ഉടൻ പോസ്റ്റ് ചെയ്യണം എന്നതു നിർബന്ധമായിരുന്നു. ഒരു ദിവസത്തെ കത്തുകൾ ഒരുമിച്ചു പോസ്റ്റ് ചെയ്താലും പോരാ. ആ കത്തുകൾ കിട്ടിയ പലരും അത് എത്രത്തോളം പ്രിയപ്പെട്ട അനുഭവമായിരുന്നെന്ന് അച്ഛന്റെ മരണശേഷം എന്നോടു പറ‍ഞ്ഞിട്ടുണ്ട്. 

സ്വന്തം കവിതയുമായി പലരും ഇവിടെ അച്ഛന്റെ അഭിപ്രായം തേടി വരുമായിരുന്നു. ആദ്യ വായനയിൽ തന്നെ അച്ഛൻ കവിതയെയും ആളിനെയും അളക്കും. നല്ലതാണെന്നു തോന്നിയാൽ വലിയ പ്രോൽസാഹനമാണ്. പോരെങ്കിൽ ആശാന്റെയും വൈലോപ്പിള്ളിയുടെയുമെല്ലാം കവിതകൾ വായിച്ച് പദസമ്പത്ത് കൂട്ടണമെന്നൊക്കെയാവും ഉപദേശം. ആരാധനയോടെ വരുന്നവർക്കു മുന്നിൽ നിന്നു കൊടുക്കാൻ അച്ഛന് ഇഷ്ടമല്ലായിരുന്നു. അവരെ പെട്ടെന്ന് ഒഴിവാക്കാൻ ശ്രമിക്കും. അത് അച്ഛനെക്കുറിച്ചു മോശം അഭിപ്രായം സൃഷ്ടിക്കാനും ഇടയാക്കിയിട്ടുമുണ്ട്.

തോൽവിയുടെ അനുഗ്രഹം

തിരുവനന്തപുരത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ഛൻ മത്സരിക്കാൻ ഇറങ്ങിയത് ഏറെ പ്രിയപ്പെട്ടവരായ ഇ.കെ.നായനാരും പി.കെ.വിയും ഒരുമിച്ചു വീട്ടിലെത്തി ക്ഷണിച്ചപ്പോഴാണ്. ഞാൻ റെയിൽവേയിൽ ജോലിക്കു കയറിയ സമയമായിരുന്നു. ബറോഡയിൽ റെയിൽവേ സ്റ്റാഫ് കോളജിൽ ട്രെയിനിങ്ങിലായിരിക്കെ ട്രങ്ക്കോൾ വിളിച്ചാണ് അച്ഛൻ ഈ കാര്യം പറയുന്നത്.

രണ്ടു കമ്മ്യൂണിസ്റ്റു പാർട്ടികളിലെ പ്രിയപ്പെട്ട നേതാക്കൾ പറയുമ്പോൾ നിരസിക്കാനാവുന്നില്ലെന്നും ആ പാർട്ടികളുടെ യോജിപ്പിന് ഇതൊരു നിമിത്തമാകുമെങ്കിൽ ആകട്ടെയെന്നുമായിരുന്നു നിലപാട്. ഇഷ്ടമില്ലായിരുന്നെങ്കിലും അച്ഛനെ ധർമസങ്കടത്തിലാക്കേണ്ടെന്നു കരുതി ഞങ്ങളും സമ്മതം മൂളി. 

ONV Kurup

പക്ഷേ, തിരഞ്ഞെടുപ്പു രാഷ്ട്രീയം അച്ഛന്റെ  രീതികൾക്ക് ഒട്ടും ചേരുന്നതായിരുന്നില്ല. ജയിച്ചിരുന്നെങ്കിലും ജനപ്രതിനിധി എന്ന നിലയിൽ അച്ഛൻ ശോഭിക്കുമായിരുന്നെന്നു തോന്നുന്നില്ല. ആ തോൽവി ഒരു കണക്കിന് അനുഗ്രഹമായി. അച്ഛനിലെ എഴുത്തുകാരന് അദ്ദേഹത്തെ വീണ്ടുകിട്ടി. പക്ഷേ, തോൽവിയേക്കാൾ അച്ഛനെ വിഷമിപ്പിച്ചത് എതിർ പാർട്ടിക്കാരിൽ നിന്നുണ്ടായ ചില മോശം അനുഭവങ്ങളായിരുന്നു. ജീവിതത്തിൽ അന്നുവരെ അച്ഛൻ നേരിടാത്തതായിരുന്നു അത്. 

ശാന്തി കവാടം കടന്ന്

യാത്രകളും നല്ല ഭക്ഷണവുമായിരുന്നു അച്ഛന് ആനന്ദകരമായ കാര്യങ്ങൾ. യാത്രകളിൽ നിന്നാണ് എഴുത്തിനു വേണ്ട വിഷയങ്ങളിലേറെയും കണ്ടെത്തിയിരുന്നത്. ഭക്ഷണം ഇത്രയും ആസ്വദിച്ചു കഴിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം അവസാന കാലത്ത് ഇതു രണ്ടും അച്ഛന് അന്യമായി. അവസാനം വരെ കവിയായി തുടരണമെന്നും സ്വന്തമായി തന്നെ എഴുതാനാവണമെന്നതും അച്ഛന്റെ ആഗ്രഹങ്ങളായിരുന്നു. അതു സഫലമായി. മരിക്കുന്നതിനു മൂന്നു ദിവസം മുൻപ് ആശുപത്രിക്കിടക്കയിൽ അവസാന വരികൾ എഴുതിയതും സ്വന്തം കൈപ്പടയിലാണ്. 

അവസാനകാലത്ത് അച്ഛൻ എഴുതിയ പുസ്തകങ്ങളുടെ പേരുകൾ സൂര്യന്റെ മരണം, പോക്കുവെയിൽ, ദിനാന്തം എന്നിങ്ങനെ അന്ത്യത്തെക്കുറിക്കുന്നതായിരുന്നു. പക്ഷേ തിരുവനന്തപുരം നഗരസഭയുടെ തൈക്കാട് ശ്മശാനത്തിനു ‘ശാന്തി കവാടം’ എന്ന എത്രയോ ശുഭ സൂചകമായ പേരിട്ടതും അച്ഛനായിരുന്നു. ഒടുവിൽ അച്ഛൻ നിത്യജ്വാലയായി മാറിയതും ഇതേ ശാന്തി കവാടം കടന്നാണ്.

Content Highlight: ONV Kurup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA