ADVERTISEMENT

പാചകം ചതുരംഗം കളി ആണെങ്കിൽ സുരേഷ് പിള്ള ഗ്രാന്റ് മാസ്റ്ററാണ്. നാട്ടിൻ പുറത്തെ ചെറു പാചകക്കാരൻ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച് സമർഥമായ കരുനീക്കങ്ങളിലൂടെ രുചിലോകം കീഴടക്കിയ കഥയാണിത്. ഹോട്ടലിലെ വെയ്റ്റർ ജോലിയിൽനിന്ന് ബിബിസി മാസ്റ്റർ ഷെഫ് വേദിയിലെത്തിയ, ബഹാമസ് സർവകലാശാലയിൽ കേരള രുചികൾ പഠിപ്പിക്കാൻ പോയ പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള സുരേഷ് പിള്ളയുടെ ജീവിതം പ്രതിസന്ധിയിൽ തളരാതെ പോരാടുന്നവർക്കുള്ള ഉൗർജമാണ്.

ലോക്ഡൗൺ കാല യാത്രാവിലക്കിൽ ലണ്ടനിൽ 6 മാസത്തോളം കുടുങ്ങി മനസ്സ് മടുത്തപ്പോഴും സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ച പാചക വിഡിയോകൾ വഴി രുചി ലോകത്തെ താരമായി സുരേഷ് പിള്ള. പൊരിച്ച കാടയും ചക്കയും പുളിശേരിയും ഉണ്ടാക്കിയ വിഡിയോ ഒന്നരക്കോടി പേരാണ് (15 മില്യൻ) ഫെയ്സ്ബുക്കിൽ കണ്ട് സൂപ്പർ ഹിറ്റാക്കിയത്. റാവിസ് ഹോട്ടലിലെ കൾനറി ഡയറക്ടർ സ്ഥാനത്തുനിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത സുരേഷ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ കേരള വിഭവങ്ങളെ കടലുകൾ കടത്തി പെരുമയുള്ളതാക്കുകയാണു ചെയ്യുന്നത്.

കൊല്ലം ചവറ തെക്കും ഭാഗം ദ്വീപിലാണ് ഷെഫ് സുരേഷ് പിള്ളയുടെ ജനനം. എസ്എൻ കോളജിൽ പ്രീഡിഗ്രി പഠിക്കാൻ ആഗ്രഹിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല . വീട്ടിലെ സാഹചര്യങ്ങൾ കാരണം പാരലൽ കോളജിലെ പഠനവും പാതിവഴിയിലായി. 500 രൂപ ശമ്പളത്തിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലിക്കു പോയത് 17ാം വയസ്സിൽ. ഒറ്റപ്പെട്ട രാത്രിജോലി പേടിപ്പെടുത്തുന്നതായി. ഇതിനിടയിൽ ചെസ് കളിയിലെ കമ്പം തലയ്ക്കു പിടിച്ചു. ചെസ് കളിക്കാരനാവണം എന്നതായിരുന്നു വലിയ ആഗ്രഹം.

Virat-Kohli-and-Suresh-Pillai
വിരാട് കോലിക്കൊപ്പം

∙ആദ്യ കരു നീക്കം

സെക്യൂരിറ്റി ജോലിയിൽ നിന്നു മാറ്റം വേണമെന്ന തോന്നൽ എത്തിച്ചത് കൊല്ലത്തുള്ള ഹോട്ടലിലാണ്. 1993ൽ വെയ്റ്റർ ആയി ജോലി. 450 രൂപ ശമ്പളം. ഇടവേളകളിൽ ചെസ് കളിക്കും. മത്സരത്തിനു പോകാൻ വണ്ടിക്കൂലി ഇല്ലാതെ വിഷമിച്ച മകന് കയർ തൊഴിലാളിയായ അമ്മ കമ്മൽ പണയം വച്ച് 300 രൂപ കൊടുത്തു. ആ മകൻ സംസ്ഥാന ചാംപ്യനായി. അണ്ടർ 18 ദേശീയ ചാംപ്യൻഷിപ് വരെയെത്തി. ആഴ്ചയിൽ 90 മണിക്കൂർ കഠിന ജോലിക്കു ശേഷമാണു മത്സരങ്ങൾക്ക് പോയിരുന്നത്. പ്രഫഷണലായി കളിയെ സമീപിക്കാൻ ആഗ്രഹിച്ചെങ്കിലും പരിശീലനത്തിലൂടെ കരുക്കൾ നീക്കാനായില്ല.

കോഴിക്കോട് നടന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനായാണ് ജില്ല വിട്ടുള്ള ആദ്യയാത്ര. മലബാർ പാലസ് ഹോട്ടലിൽ 5 ദിവസം താമസം. അവിടെ നിന്ന് ആദ്യമായി കഴിച്ച ബിരിയാണിയും രാവിലെ 10 മണിക്ക് മുന്നേയുള്ള മീൻ മുളകിട്ടതും പൊറോട്ടയുടെ മാർദവവും ചെസ് ബോർഡിനൊപ്പം കൂടെ മടങ്ങി.

വെയ്റ്റർ പയ്യൻ നല്ല വൃത്തിയായി പാചകം ചെയ്യാനും തുടങ്ങി. വൈകിയില്ല, കോഴിക്കോട്ടേക്കു വണ്ടി കയറി. അന്ന് കേരള ചെസിന്റെ തലസ്ഥാനമാണ് കോഴിക്കോട്. ജോലിയും മുടങ്ങാതെ ചെസ് പരിശീലനവും. കാസിനോ ഹോട്ടലിൽ 3 വർഷം. ചെസും പാചകവും ഒരേ മേശയിൽ വിളമ്പാനാകില്ല എന്നറിഞ്ഞപ്പോൾ, രാജാവിനെയും പടയാളികളെയും തീൻമേശയിൽ ഉപേക്ഷിച്ചത് വഴിത്തിരിവായ ആദ്യ കരുനീക്കം. ചെസിലെ നഷ്ടം കേരള രുചിക്കൊരു ഗ്ലോബൽ അംബാസഡറെ കണ്ടെത്തിയ കഥ ഇവിടെ തുടങ്ങുന്നു.

∙ദൗർബല്യവും കഴിവും

ആഗ്രഹിച്ചത് പോലെ ഷെഫ് ആകണമെങ്കിൽ കൈപ്പുണ്യം മാത്രം പോരാ. ഹോട്ടൽ മാനേജ്മെന്റ് ബിരുദം വേണം. ഇംഗ്ലിഷ് അറിയണം. ജോലി കളഞ്ഞ് ഇനി പഠിക്കാൻ പറ്റിയ സാഹചര്യവുമല്ല. ചവറയിലെ പത്താം ക്ലാസുകാരൻ ഇവിടെ പകച്ചു നിന്നില്ല, കേരള രുചികൾക്കൊപ്പം തെന്നിന്ത്യൻ രുചികളുടെ വകഭേദങ്ങൾ പഠിച്ചു. കൂർഗ്, ചെട്ടിനാട്, മലബാറി, ഹൈദരാബാദി, കൊങ്കൺ ഇതെല്ലാം മനസ്സിലാക്കി, വിദഗ്ധനായി. അപ്പോഴും വലിയ വലിയ സ്വപ്നങ്ങളായിരുന്നു നയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്യണമെന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ താമസിക്കണമെന്നുമുള്ള സ്വപ്നം കണ്ടാണ് ഉറങ്ങിയത്.

ഇന്റർനെറ്റിൽ പരതി വലിയ ഷെഫുമാരുടെ ലേഖനങ്ങൾ വായിച്ചു. ഷാപ്പുകറി വയ്പ്പുകാർക്കും കല്യാണ സദ്യക്കാർക്കും ഒപ്പം രുചിവൈവിധ്യം തേടി യാത്ര ചെയ്തു. അക്കാദമിക് പിൻബലക്കുറവിനെ അടുക്കളയിലെ ചേരുവകൾ കൊണ്ടു മറികടക്കാനുള്ള ശ്രമമായി. കുക്കിൽനിന്നു ഷെഫിലേക്കുള്ള സുരേഷിന്റെ രുചിസഞ്ചാരം തുടങ്ങുകയായി.

Suresh-Pillai-6
ധോണി, ആമിർ ഖാൻ എന്നിവർക്കൊപ്പം

∙ആദ്യ മഹാ നഗരത്തിലേക്ക്

കൈപ്പുണ്യം കൊണ്ടു മാത്രം രുചിലോകം കീഴടക്കിയ കഥയുടെ രണ്ടാം ഭാഗം ഇവിടെ തുടങ്ങുന്നു. ബെംഗളൂരു എംജി റോഡ് ചർച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രൂ ഹോട്ടലിൽ 1998ൽ ജോലി കിട്ടി. 6 വർഷം കൊണ്ട് ഹെഡ് ഷെഫായി. പുഞ്ചിരിയിൽ ആതിഥേയ ഭാവം നിറച്ച സുരേഷിന് മികച്ച ജീവനക്കാരനുള്ള അവാർഡ് പലവട്ടം കിട്ടി. രുചിയറിഞ്ഞ പൗരപ്രമുഖർ ഷെഫിനെ അന്വേഷിച്ചെത്തുന്നു. സുരേഷിന്റെ തന്നെ വാക്കുകളിൽ, ‘‘വളരെ കംഫർട്ട് സോണിൽ ജോലി ചെയ്യുന്നു. പതിനയ്യായിരം രൂപ ശമ്പളവും എണ്ണായിരം രൂപ ടിപ്പും കിട്ടുന്ന അവിവാഹിതൻ. മനസ്സ് അപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലിലെ അടുപ്പിലെ ചൂടിനു ചുറ്റുമായിരുന്നു.’’

∙പടവിറങ്ങിയത് കയറ്റത്തിലേക്ക്

ഇതിനിടെ നക്ഷത്ര ഹോട്ടലുകളിലേക്കുള്ള ട്രയലും അഭിമുഖവും കഴിഞ്ഞു, പലവട്ടം. അവിടെയെല്ലാം പത്താം ക്ലാസുകാരന്റെ കൈപ്പുണ്യത്തിന് കയ്പുനീർ രുചിക്കാനായിരുന്നു വിധി. ഫുഡ് ട്രയൽ പാസാകും. ഹോട്ടൽ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ എച്ച്ആർ (ഹ്യൂമൻ റിസോഴ്സസ്) വിഭാഗം തള്ളും. ഇത് ആവർത്തിച്ചു കൊണ്ടിരുന്നു.

ഒടുവിൽ ഹോട്ടൽ ലീലാ പാലസിലേക്ക്. 6 മാസം തുടർച്ചായായി എച്ച്ആർ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്നതിനു ശേഷമാണ്. 12 വർഷത്തെ പാചക പരിചയമുള്ള സീനിയർ ഷെഫ്, തുടക്കക്കാരന്റെ ശമ്പളത്തിലേക്ക് ഇറങ്ങിവന്നു. ഹോട്ടൽ മാനേജ്മെന്റ് ട്രെയിനികളെ എടുക്കുന്നുന്നതിന്റെ തൊട്ടുമുകളിലെ തസ്തികയായ ‘കോമി 2’ വിലേക്ക്. അതും അയ്യായിരം രൂപ ശമ്പളത്തിൽ!! സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരുത്സാഹപ്പെടുത്തി. പക്ഷേ നിശ്ചയദാർഢ്യം കൈമുതലാക്കിയ രുചിയുടെ ഈ കാവൽക്കാരന് അതായിരുന്നു ശരി.

മൈസൂർ കൊട്ടാര മാതൃകയിലെ തലയെടുപ്പുള്ള ഹോട്ടൽ ലീലാ പാലസിലെ എഴുന്നൂറോളം ജീവനക്കാരുടെ മെസിലായിരുന്നു നിയമനം. പക്ഷേ രണ്ട് വർഷം കൊണ്ട് അവിടുത്തെ എല്ലാ അടുക്കളകളിലും സുരേഷ് അവിഭാജ്യ ചേരുവയായി. ഒഴിവു നേരങ്ങളിൽ ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നളനായി. ആഗ്രഹിച്ച ജോലിയായി, ആത്മവിശ്വാസമായി.

∙തിരികെ കേരളത്തിലേക്ക്

ഇക്കാലത്ത് വിവാഹം. കുമരകം ലേക്ക് റിസോർട്ടിലെ ചീഫ് ഷെഫായി എത്തുന്നു. ഇതിനിടെ അടുത്ത വഴിത്തിരിവ്. ബെംഗളൂരുവിൽനിന്ന് മടങ്ങുമ്പോൾ വളരെ ഇഷ്ടപ്പെട്ട ഫാൻസി മൊബൈൽ ഫോൺ നമ്പർ ഉപേക്ഷിച്ച് പോരുന്നതായിരുന്നു സങ്കടം. രുചി ആസ്വദിച്ച ചിലർക്കൊക്കെ അതു കൈമാറിയിരുന്നു. പുതിയൊരു ഫോൺ വാങ്ങി ആ സിം കാർഡും ഇട്ട് ഒരു സുഹൃത്തിനെ ഏൽപ്പിച്ചു. കുമരകത്ത് ജോലിയുമായി കഴിയുമ്പോഴാണ് ലണ്ടനിൽ നിന്ന് ഒരു അന്വേഷണം ബെംഗളൂരുവിലെ നമ്പറിൽ എത്തുന്നത്.

Suresh-Pillai-3
സുരേഷ് പിള്ള

∙പച്ചമാങ്ങയും കുടംപുളിയുമായി മുംബൈയിലേക്ക്

അപ്പത്തിനുള്ള മാവ് അരച്ചതും പച്ചമാങ്ങയും കുടംപുളിയുമായി മുംബൈയിൽ രണ്ട് ദിവസത്തിനകം എത്തണം. ട്രെയിനിൽ മാത്രം കയറിയിട്ടുള്ള സുരേഷിനു വിമാന ടിക്കറ്റ് അടുത്ത ദിവസം വീട്ടിലെത്തി. അവർ പറയുന്ന വിഭവങ്ങളൊക്കെ ഉണ്ടാക്കി. പ്രാതലും ഊണും അത്താഴവും പല ശൈലിയിൽ. നാലു ദിവസം കഴിഞ്ഞിട്ടും തീരുമാനമൊന്നുമില്ല. ആകെ പിരിമുറുക്കത്തിലായി.

എന്നാൽ ലണ്ടനിലെ പിക്കാഡ‍്‍ലി സർക്കസിൽ 1927ൽ സ്ഥാപിതമായ വീരസ്വാമി റസ്റ്ററന്റിലേക്കുള്ള നിയമന ഉത്തരവാണ് അഞ്ചാം ദിനം രാവിലെ കയ്യിൽ കിട്ടിയത്. അതും എല്ലാം ചെലവുകളും വഹിച്ചു കൊണ്ടുള്ള യാത്ര. ലണ്ടനിൽ ചെന്നിറങ്ങിയത് ഫ്രെബ്രുവരിയിലെ ശൈത്യത്തിലേക്ക് ആയതിനാൽ ധരിക്കാനുള്ള സ്വെറ്ററും ഉൾപ്പെടെയായിരുന്നു ടിക്കറ്റ്.

പേര് വീരസ്വാമി എന്നാണങ്കിലും സ്ഥാപിച്ചത് ഇന്ത്യക്കാരിയെ വിവാഹം ചെയ്ത ബ്രിട്ടിഷുകാരനാണ്. വിദേശത്തെ ആദ്യ ഇന്ത്യൻ റസ്റ്ററന്റ്. നൂറോളം ഉത്തരേന്ത്യൻ ഷെഫുമാർ ജോലി ചെയ്യുന്ന ഗ്രൂപ്പിന്റെ 8 റസ്റ്ററന്റുകളിൽ ഇവിടെ മാത്രമാണു കേരള ഫുഡ് ഉള്ളത്. ഗാന്ധിജിയും ചാർളി ചാപ്ലിനും വിൻസ്റ്റൺ ചർച്ചിലും വരെ ഭക്ഷണം കഴിക്കാനെത്തിയ ഇടം. അവിടെ ജോലി കിട്ടുക തന്നെ വലിയൊരു അംഗീകാരമാണ്– സുരേഷ് പറയുന്നു.

പിന്നാലെ കുടുംബമെത്തി. എല്ലാവരും ബ്രിട്ടിഷ് പൗരന്മാരായി. അന്നും സമൂഹമാധ്യമങ്ങളിലെ ആദ്യകാല രൂപമായ ഓർക്കുട്ടിൽ പാചക വിശേഷങ്ങൾ പങ്കു വയ്ക്കുമായിരുന്നു.

∙അയലക്കറിയുമായി ബിബിസിയിൽ

അപേക്ഷിച്ച 1200 പേരിൽ നിന്ന് 48 പേരെയാണ് ബിബിസി മാസ്റ്റർ ഷെഫ് വേദിയിലേക്ക് തിരഞ്ഞെടുത്തത്. ലോകത്തെ മികച്ച ഷെഫുകൾ മാറ്റുരയ്ക്കുന്ന പരിപാടിയിൽ അപൂർവമായാണ് ഇന്ത്യക്കാരെത്തുന്നത്. പങ്കെടുക്കുന്നവരുടെ കർശന പശ്ചാത്തല പരിശോധനയ്ക്കും ഇന്റർവ്യൂവിനു ശേഷം ഒരു മെനു ഉണ്ടാക്കി അയച്ചു കൊടുക്കണം. ലോക്കൽ – സീസണൽ – ഹെൽത്തി എന്ന തീമിലാണു പരിപാടി.

നമ്മുടെ നാടൻ അയലക്കറിയാണ് ബിബിസിയുടെ അടുക്കളയിൽ തേങ്ങാപ്പാലിൽ തിളച്ചത്. അതോടെ രുചിലോകം സുരേഷിനെ ആദരിച്ചു തുടങ്ങി. പക്ഷേ അതിനെക്കാളൊക്കെ സുരേഷ് വിലമതിക്കുന്നത് കരിബീയൻ ദ്വീപിലെ ബഹമാസ് സർവകലാശാലയിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികളെ കേരള വിഭവങ്ങൾ പഠിപ്പിക്കാൻ അതിഥിയായി പോയതും അവരുടെ ഉപരിപഠന ധനശേഖരണാർഥം ചാരിറ്റി ഡിന്നർ ഒരുക്കിയതുമാണ്. കോളജിൽ പഠിക്കാൻ കഴിയാതെ കരഞ്ഞ് സ്വപ്നം കണ്ടുറങ്ങിയ ഒരു പത്താം ക്ലാസുകാരനു രുചിലോകം സമ്മാനിച്ച മധുരമായത്.

∙നാട്ടിലേക്ക് 2018

വീരസ്വാമിയിൽനിന്ന് മാറി മറ്റൊരു മികച്ച റസ്റ്ററന്റ് ആയ ഹൂപ്പേഴ്സിലെ സീനിയർ ഷെഫായി. ഒരു ഷെഫിന്റെ വളർച്ച തുടങ്ങുന്ന 39ാം വയസ്സിൽ ലണ്ടനിൽ വീട്, ഭാര്യയ്ക്ക് ജോലി, മക്കൾ അവിടെ പഠിക്കുന്നു. 5 ലക്ഷത്തോളം രൂപ മാസ വരുമാനം. കേരള രുചിയുടെ അംബാസഡറായി ലോകമെങ്ങും പ്രചരിപ്പിക്കണമെന്ന ആഗ്രഹം കലശലായ സമയം. ഇതൊടെ ലണ്ടനിലെ സൗഭാഗ്യങ്ങൾ ഉപേക്ഷിച്ച് നാട്ടിലേക്ക്. ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയുടെ ക്ഷണപ്രകാരം കൊല്ലം റാവീസിൽ കോർപറേറ്റ് ഷെഫായി .

#കുക്ക്ഫോർകേരള

2018ലെ പ്രളയം. അപ്രതീക്ഷിത ദുരന്തത്തിൽ പകച്ചു പോയ ജനതയ്ക്ക് താങ്ങായി വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് സഹായം എത്തി തുടങ്ങുന്നു. #കുക്ക്ഫോർകേരള ( #cookforkerala ) ഹാഷ് ടാഗ് ചെയ്ത് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി അത് വിറ്റ് ലാഭവിഹിതം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാനുള്ള അഭ്യർഥനയാണ് സുരേഷ് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.

നേരത്തേ സറിയയിലെ കുരുന്നുകൾക്കായി യൂറോപ്പിൽ നടത്തിയ കുക്ക് ഫോർ സിറിയ മാതൃകയിൽ. ഗൾഫ് രാജ്യങ്ങൾ, യുകെ, കാനഡ, ഓസ്ട്രേലിയ, യുഎസ്, ഹോങ്കോങ്, മൊറോക്ക, ബഹമാസ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നൊക്കെ സഹായം എത്തി. വെസ്റ്റ് ഇൻഡീസ് പ്രധാനമന്ത്രി ഹാഷ്ടാഗ് ചെയ്ത് പാചകം ചെയ്തു. ലണ്ടനിലെ റസ്റ്ററന്റ് കുക്ക് ഫോർ കേരള എന്ന പേരിൽ ഒരു ദിവസം കിട്ടിയ പണം, ഓസ്ട്രേലിയയിൽ ഒരു ഷെഫ് ഒരു ദിവസം ഭക്ഷണം വിറ്റുകിട്ടിയ പണം മുഴുവൻ 7000 ഡോളർ (ഏഴര ലക്ഷം രൂപ) എന്നിങ്ങനെ അയച്ചു. 30 ലക്ഷം രൂപയിലധികം ഇങ്ങനെ വന്നതായി സുരേഷിന് അറിയാം.

Suresh-Pillai-5
ക്രിസ് ഗെയ്‌ലിനൊപ്പം

റാവിസിലെ ജോലി തിരക്കുള്ളതായി. കേരളത്തിലുള്ള 4 ഹോട്ടലുകളിലും എത്തണം. കഴിഞ്ഞ വർഷം ലോക് ഡൗണിനു മുൻപ് വരെ ഇൻസ്റ്റഗ്രാമിൽ എഴുപതിനായിരവും എഫ്ബിയിൽ പതിനായിരവും പേരാണ് സുരേഷിനെ പിന്തുടർന്നിരുന്നത്.

∙കോവിഡ് പടരുന്നു, വിമാനത്താവളം അടച്ചു

ലണ്ടനിൽ ജോലി ചെയ്തിരുന്ന റസ്റ്ററന്റിലെ ‘സപ്പർ ക്ലബ് ഡിന്നറി’ നായി 10 ദിവസത്തേയ്ക്ക് 2020 മാർച്ച് 1ന് പോയി. 17 ന് നാട്ടിലേക്ക് മടങ്ങാൻ എയർ പോർട്ടിൽ ചെക്കിൻ ചെയ്ത് 10 മിനിറ്റ് കഴിഞ്ഞാണ് ഇന്ത്യൻ വിമാനത്താവളങ്ങൾ വിദേശ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു കൊണ്ടുള്ള ലോക്ഡൗൺ അറിയിപ്പ് എത്തിയത്. ബ്രിട്ടിഷ് പൗരനായതു കൊണ്ട് ഇന്ത്യയിലേക്ക് യാത്രാനുമതിയുമില്ല.

അവിടെ സുഹൃത്തായ ഷെഫിന്റെ വീട്ടിലാണ് താമസം. ഒരു ദിവസം രാവിലെ ചായ ഉണ്ടാക്കി ഗ്ലാസിലേക്ക് ഒഴിക്കുന്ന വിഡിയോ എടുത്തത് ഇൻസ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും പോസ്റ്റ് ചെയ്തത് കണ്ടവരുടെ എണ്ണത്തിൽ വലിയ വർധന. ഇഡ്ഡലിയും ദോശയും ഉണ്ടാക്കിയ വിഡിയോകൾ സാധാരണ പതിനായിരം പേർ കണ്ടിരുന്നത് ഇരുപത്തയ്യായിരം മുപ്പതിനായിരം പേർ കാണുന്നു. ഉച്ചഭക്ഷണം ഉണ്ടാക്കുന്നത് അൻപതിനായിരം പേരിലേക്കെത്തി. ദിവസവും കാണികൾ പതിനായിരം വീതം കൂടിക്കൊണ്ടിരുന്നു. ലോകം വീട്ടിലിരുന്ന് തുടങ്ങിയ ആദ്യ പത്തു ദിവസം ഒരു ലക്ഷം േപരാണ് സുരേഷിന്റെ രുചി ലോകത്തിന്റെ ആതിഥ്യം സ്വീകരിച്ചത്.

ശ്രമകരമായ എഡിറ്റിങ്ങും മറ്റും ഫോണിൽ തന്നെ ചെയ്യാൻ തനിയെ പഠിച്ചു. വിവരണങ്ങളോടൊപ്പം പഴയ പാട്ടുകളും ഇടകലർത്തി. വിഡിയോയുടെ ചിത്രീകരണ രീതി മാറ്റിയപ്പോൾ കാഴ്ചക്കാർ കൂടി. കാണികളുടെ പ്രതികരണം പ്രോത്സാഹനമായി. നമസ്കാരം കൂട്ടുകാരെ എന്നുള്ള തുടക്കവും... സ്നേഹങ്ങൾ വാരിവിതറിക്കൊണ്ട് എന്നുള്ള സൈൻ ഓഫും കൂടിയായപ്പോൾ സംഗതി കൈവിട്ടു പോയി എന്നു പറഞ്ഞാൽ മതി.

∙എട്ടു ലക്ഷം ചില്ലി ചിക്കൻ

ഒരു സാധാരണ റസ്റ്ററന്റിൽ കഴിക്കുന്ന വിഭവം. ഒരു മിനിറ്റ് കൊണ്ട് പാചകരീതി വിവരിച്ച വിഡിയോ ഇൻസ്റ്റഗ്രാമിൽ 8 ലക്ഷം പേരും ഫെയ്സ്ബുക്കിൽ 5 ലക്ഷം പേരും കണ്ടു. സാധാരണ ഒരു ലക്ഷം പേർ കാണുന്ന സ്ഥാനത്താണ് ചില്ലി ചിക്കൻ 8 ലക്ഷത്തിലേക്ക് എത്തിയത്. 10 ദിവസം കൊണ്ട് 2 ലക്ഷം, അടുത്ത 10 ദിവസം കൊണ്ട് 3 ലക്ഷം, 2020 മേയ് 1 മുതൽ ഇൗ മേയ് 1 വരെ പന്ത്രണ്ടര ലക്ഷം ഫോളേവേഴ്സായി. ഒരു വിഡിയോക്ക് ശരാശരി 600, 700 ഡോളർ പ്രതിഫലമായി കിട്ടുന്നുണ്ട്. മത്തിക്കറി ഉണ്ടാക്കിയ വിഡിയോക്ക് 1400 ഡോളർ കിട്ടി.

6 മാസത്തിനു ശേഷമാണ് ലണ്ടനിൽനിന്ന് നാട്ടിലേക്കു മടങ്ങിയത്. നാട്ടിലെത്തിയ ഒരു മാസ ക്വാറന്റീൻ കാലത്ത് ചെയ്ത കാട ഫ്രൈയും ചക്കയും പുളിശേരിയും ചേർന്ന 3 കോംപിനേഷൻ വിഡിയോ ചെയ്തത് ഒന്നരക്കോടി പേരാണ് (15 മില്യൻ) ഫെയ്സ് ബുക്കിൽ കണ്ട് സൂപ്പർ ഹിറ്റാക്കിയത്.

Suresh-Pillai-4
സുരേഷ് പിള്ള

∙ചെറുതു മനോഹരവും

കുക്കിങിൽ ആളുകൾക്ക് പറയാൻ താൽപര്യമുള്ള ഭാഗങ്ങൾ മാത്രം കാണിക്കുന്നു. കാണികളിൽ ഒരിക്കലെങ്കിലും മെസേജ് ചെയ്തവരാണ് കൂടുതൽ പേരും. അടുക്കളയിൽ കയറാത്തവർ വരെ പ്രചോദിതരായി പാചകം തുടങ്ങി. അടുത്തൊരു കൂട്ടുകാരൻ പറയുന്ന പോലുള്ള വിഡിയോ അവതരണം മികച്ചതാക്കാൻ ഫെയ്സ്ബുക്ക് സംഘം പരിശീലനം നൽകി.

പതിനായിരക്കണക്കിന് പേർ പിന്തുടരുന്ന ഷെഫുമാർ ആണെങ്കിലും അവർ സിഗ്നേച്ചർ റെസിപ്പികൾ ഷെയർ ചെയ്യാറില്ല. എന്നാൽ സുരേഷ് ഫിഷ് നിർവാണയുടെ റെസിപ്പി പരസ്യമാക്കി. മലയാളികൾ അല്ലാത്തവർ വരെ പരീക്ഷിച്ചു വിജയിച്ച വിഭവമായി. എല്ലാ വൻകരകളിലുംനിന്ന് നൂറുകണക്കിന് പേരാണ് നിർവാണ ഉണ്ടാക്കിയതും അത് സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിച്ചതും. ലോകം വീടുകളിലേക്കു ചുരുങ്ങിയ ലോക്ഡൗൺ കാലത്തിന്റെ അടുക്കളകളിലെ താരമായി ഷെഫ് പിള്ളയും വിഭവങ്ങളും.

തുടർന്ന് നിരവധി അന്വേഷണങ്ങളാണ് എത്തിയത്. കുടുതലും തുടക്കക്കാരിൽ നിന്ന്. എന്താണ് ഇത്രയും മലയാളികളിലേക്കു പെട്ടെന്ന് എത്തിയ രുചിക്കൂട്ടിന്റെ വിജയ രഹസ്യം ? അതൊരു നേരത്തെ ഫുഡ് വിഡിയോ ഷൂട്ടോ, ഫിഷ് നിർവാണയുടെ രുചിക്കൂട്ട് പങ്കിടലോ അല്ല. 24 വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും സ്വപ്നങ്ങൾക്കു പിന്നാലെ കൊതിയോടെയും അടക്കത്തോടെയും സഞ്ചരിച്ചതിന്റെയും ഫലമാണ്. ഒരാളുടെ വിജയരഹസ്യം അറിയണമെങ്കിൽ 10 വർഷം മുൻപ് ആരായിരുന്നു അയാൾ എന്നു മനസ്സിലാക്കണം, സുരേഷ് പറയുന്നു.

കോവിഡ് പലർക്കും വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയപ്പോൾ അത് അവസരമാക്കി മാറ്റി എങ്ങനെ വിനിയോഗിക്കാം എന്നു തിരിച്ചറിഞ്ഞതും മറ്റുള്ളവർക്ക് പ്രചോദനവും നൽകുകയുമാണ് സുരേഷ് ചെയ്തത്. ഇന്ന് ‘ഫിഷ് നിർവാണ’ എന്ന മത്സ്യവിഭവത്തിലൂടെ ലക്ഷക്കണക്കിന് ആരാധകർ ഉള്ളയാൾ. വിരാട് കോലി, ക്രിസ് ഗെയ്ൽ മുതൽ ബോളിവുഡ് താരങ്ങൾ വരെ ഇഷ്ടപ്പെട്ട വിഭവമാണിത്.

ഫിഷ് നിർവാണ
പോർച്ചുഗീസ് – സിറിയൻ കാത്തലിക് വീടുകളിൽ നിന്നാണു പിറവി. മലയാളീകരിച്ച് എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സൃഷ്ടിപരമായ ഒരു വിഭവം ആക്കി അവതരിപ്പിച്ചു. ചെയ്യുന്ന ജോലിയിലെ പാഷൻ വച്ച് ഉണ്ടാക്കി കൊടുക്കുന്ന ആഹാരം ഒരാളെ തൃപ്തമാക്കുന്നു എന്നത് വലിയ കാര്യമായി കരുതുന്നു. അഷ്ടമുടിയിലെ മീനുകൾ കൊതിക്കുന്നുണ്ടാവാം ഷെഫ് പിള്ളയുടെ കരങ്ങളിലുടെ നിർവാണമടയാൻ.

Suresh-Pillai-2
ഫിഷ് നിർവാണയുമായി സുരേഷ് പിള്ള

∙∙∙

പാചകക്കുറിപ്പ്

നെയ് മീൻ നിർവാണ
മീൻ – 200
മുളക്പൊടി–10 ഗ്രാം
മഞ്ഞൾപ്പൊടി–5 ഗ്രാം
കുരുമുളക്പൊടി–5 ഗ്രാം
ഉപ്പ് പാകത്തിന്
നാരങ്ങനീര്–ഒരുമുറി

ഈ ചേരുവകളെല്ലാം ലേശംവെള്ളം ചേർത്ത് മീനിൽ നന്നായി പുരട്ടി 10 മിനിറ്റ് വയ്ക്കണം 

തേങ്ങാപ്പാൽ–100 മില്ലി
ഇഞ്ചിഅരിഞ്ഞത്–20 ഗ്രാം
പച്ചമുളക്പിളർന്നത്–2
കറിവേപ്പില–ഒരുതണ്ട്
കുരുമുളക്പൊടി–5 ഗ്രാം
വെളിച്ചെണ്ണ–50 മില്ലി

ഫ്രയിങ്പാനിൽ എണ്ണഒഴിച്ച് മീൻ ഇരുവശവും പൊരിച്ചെടുക്കണം.

ശേഷം കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വാഴയിലവച്ച് അൽപം എണ്ണ ഒഴിച്ച് കറിവേപ്പില തൂകിയശേഷം പൊരിച്ചെടുത്ത മീൻ അതിലേക്ക് വയ്ക്കണം. വശങ്ങളിലായി തേങ്ങാപ്പാൽ ഒഴിച്ച്കൊടുത്ത് ഉപ്പും കുരുമുളക്പൊടിയും ഇഞ്ചിയും പച്ചമുളകും വേപ്പിലയും ചേർക്കണം. ഇളംതീയിൽ തേങ്ങാപ്പാൽ വെണ്ണപോലെ കുറുകിവരുമ്പോൾ ലേശം വെളിച്ചെണ്ണ ഒഴിച്ച് ചൂടോടെ വിളമ്പാം.  

Content Highlight: Sunday special story about Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com