ADVERTISEMENT

‘എനിക്ക് ഇനി ഏതാനും നാളുകൾ മാത്രമേ ബാക്കിയുള്ളൂ. ഒരുപക്ഷേ, ഏതാനും മണിക്കൂറുകൾ മാത്രം. ഞാൻ മരിക്കുകയാണ്. ഈ ഓക്സിജൻ മാസ്ക് എന്റെ മുഖത്തു നിന്നു മാറ്റിയാൽ ഈ നിമിഷം എന്റെ കണ്ണുകൾ അടയും...’

ഡൽഹിയിൽ, മരണം കാത്ത് ആശുപത്രിക്കിടക്കയിൽ കിടക്കുന്ന സത്യശരണിന്റെ അവസ്ഥ എം.മുകുന്ദൻ എഴുതുന്നു. മുക‌ുന്ദന്റെ പുതിയ കഥാസമാഹാരമായ ‘ഒരു പുഴയുടെ ഓർമ’യിലെ അതേ പേരുള്ള കഥയ‍ുടെ അവസാനഭാഗമാണ്. കഥാസമാഹാരം പുറത്തിറങ്ങിയിട്ടില്ല. കഥ പുതിയ സാഹചര്യത്തിൽ എഴുതിയതെന്നു തോന്നും. എന്നാൽ, 23 വർഷം മുൻപ് അച്ചടി മഷി പുരണ്ട ശേഷം കഥാകാരനിൽ നിന്നു നഷ്ടമായിപ്പോയ കഥയ‍ാണത്. കണ്ടെത്താനാകില്ലെന്നു കരുതിയ ആ കഥ, ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുന്ന ഇക്കാലത്ത് യാദൃച്ഛികമായി എം.മുകുന്ദനെത്തേടിയെത്തി.

പുഴയുടെ ഓർമയ്ക്ക്

ഡൽഹിയിൽ ജീവിച്ച കാലത്താണ് അവിടെയുണ്ടായ ചില അനുഭവങ്ങളുടെകൂടി പശ്ചാത്തലത്തിൽ മുകുന്ദൻ ‘ഒരു പുഴയുടെ ഓർമ’ എന്ന കഥയെഴുതിയത്. കഥാകാരൻ സക്കറിയ പരിചയപ്പെടുത്തിയ സത്യശരൺ എന്ന പ്രഫസറുടെ അനുഭവമാണതെന്നു മുകുന്ദൻ കഥയിൽ പറയുന്നു.

‘ഏകദേശം ആറു കൊല്ലം മുൻപാണ് ഞാൻ സത്യശരണിനെ പരിചയപ്പെടുന്നത്. (ആറു വർഷം മുൻപാണ് ഞാൻ മുക‍ുന്ദനെ ആദ്യമായി കാണുന്നത് എന്നു സത്യശരൺ എന്നെക്കുറിച്ചും പറയുന്നുണ്ടാകുമോ?)...’ എന്ന‍ു തുടങ്ങുന്ന കഥ മുകുന്ദൻ ഒരു പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തു. കഥ പ്രസിദ്ധീകരിച്ചു. പിന്നീട്, ഒരു സർവകലാശാലയുടെ പാഠപുസ്തകത്തിലും ആ കഥ ഉൾപ്പെട്ടിരുന്നതായി മുകുന്ദൻ ഓർക്കുന്നു. എന്നാൽ, ഒരു സമാഹാരത്തിൽ ഉൾപ്പെടുത്തുന്നതിനായി അന്വേഷിച്ചപ്പോഴാണ് കഥ കാണ്മ‍ാനില്ലെന്ന സത്യം ബോധ്യപ്പെട്ടത്. ഏതു കാലത്താണ് കഥ എഴുതിയതെന്ന് ഓർമയില്ലാത്തതിനാൽ കഥ വന്ന പ്രസിദ്ധീകരണം തിരഞ്ഞ‍ു കണ്ടെത്താനും കഴിഞ്ഞില്ല.

കഥാകാരനെത്തേടി കഥയെത്തിയ കഥ

2021 മേയ് ഒന്നിനു ഫെയ്സ്ബുക്കിലെ റീഡേഴ്സ് സർക്കിൾ എന്ന ഗ്രൂപ്പിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ എം. ലുക്മാൻ ഒരു പോസ്റ്റിട്ടു. ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന വാരികയുടെ പഴയ കോപ്പികൾ പരിശോധിക്കുന്നതിനിടയിൽ എം.മുകുന്ദന്റെ കഥ കണ്ണിലുടക്കിയെന്നും ‘ഒരു പുഴയുടെ ഓർമ’ എന്ന കഥയാണതെന്നും ആ പോസ്റ്റിൽ ലുക്മാൻ പറ‍ഞ്ഞിരുന്നു. ഒപ്പം ആ കഥ പ്രസിദ്ധീകരിച്ച പേജിന്റെ ചിത്രവും. പതിവായി പുസ്തകങ്ങളെക്കുറിച്ച് എഴുതാറുള്ള ലുക്മാൻ അതിൽക്കവിഞ്ഞൊരു പ്രാധാന്യം ആ പോസ്റ്റിനുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷേ, ആ പോസ്റ്റ് എം.മുകുന്ദന് കാത്തു കാത്തിരുന്ന സ്വന്തം കഥയിലേക്കുള്ള വഴിയായി. ആ പോസ്റ്റിനു താഴെ മുകുന്ദൻ കമന്റിട്ടു– ‘നഷ്ടപ്പെട്ടുപോയ ഒരു കഥയാണിത്. കുറെക്കാലമായി ഞാനിത് അന്വേഷിക്കുന്നു. ഒരു സമാഹാരത്തിലും ചേർക്കാൻ കഴിഞ്ഞില്ല. അപ്പോഴിതാ താങ്കൾ... ഒരുപാടു നന്ദി’.

കോഴിക്കോട് മർകസിന്റെ ലൈബ്രറിയിൽ നിന്നാണ് കഥ കണ്ടെടുത്തതെന്ന് ലുക്മാൻ. 1998 നവംബറിലാണ് കഥ അച്ചടിച്ചുവന്നത്.

കഥയുടെ വീണ്ടെടുപ്പിനെക്കുറിച്ചു മുകുന്ദൻ പറയുന്നു :

‘ഒരു യൂണിവേഴ്സിറ്റിയുടെ പാഠ്യവിഷയത്തിൽ ഈ കഥ ഉൾപ്പെടുത്തിയിരുന്നു. അതും എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. അംബികാസുതൻ മാങ്ങാടും ഈ കഥ കണ്ടെത്താൻ കുറെ ശ്രമിച്ചിരുന്നു. കാലികപ്രസക്തിയുള്ള കഥയാണ്. വായുമലിനീകരണവും പുഴ മലിനീകരണവുമാണ് അതിന്റെ പ്രമേയം. ഡൽഹി ജീവിതത്തിനിടയിൽ കണ്ടെത്തിയ കഥയാണ്. അന്നേ വായുമലിനീകരണം വലിയ പ്രശ്നമാണവിടെ.

‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ എഴുതുന്ന കാലത്ത് ഞാൻ സരസ്വതീ നദി കാണാതായ പ്രദേശത്തു പോയിരുന്നു. അവിടെവച്ച് ഒരു സന്യാസിയോടു ഞാൻ ചോദിച്ചു, ‘സരസ്വതീ നദി എവിടെയാണ്?’ നിങ്ങളുടെ കാലിന്റെ ചുവട്ടിലാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അമ്പരന്നു. മാഞ്ഞുപോയ ഒരു നദിയുടെ മുകള‍ിലാണ് ഞാൻ നിൽക്കുന്നത്. 

ഇപ്പോൾ പല നദികളും യഥാർഥത്തിൽ അപ്രത്യക്ഷമാകുകയാണ്. ആ പശ്ചാത്തലത്തിൽ എഴുതിയ കഥയാണത്’– മുകുന്ദൻ പറഞ്ഞു. ആ പുഴകളെപ്പോലെ കഥയും നഷ്ടമായെന്നോർത്തിരിക്കുമ്പോഴാണ് കഥാകാരനെത്തേടി കഥ വീണ്ടുമെത്തിയത്. പുതിയ സമാഹാരത്തിൽ ഈ കഥ ഉൾപ്പെടുത്തുമെന്നും സമാഹാരത്തിന് ‘ഒരു പുഴയുടെ ഓർമ’ എന്നു പേരു നൽകുമെന്നും മുകുന്ദൻ പറഞ്ഞു.

നഷ്ടമായ കഥകളും വീണ്ടെടുത്ത കഥകളും

എഴുതിയ കഥകളിൽ പതിനഞ്ചെണ്ണമെങ്കിലും ഇനിയും കണ്ടെടുക്കാനാകാതെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന് മുകുന്ദൻ പറയുന്നു.

‘എന്റെ 12 കഥകൾ ഒന്നിച്ചു നഷ്ടമായിട്ടുണ്ട്. കോഴിക്കോട്ട് പുതിയതായി തുടങ്ങിയ ഒരു പ്രസാധകർ കഥാസമാഹാരം പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞ് എന്റെ 12 കഥകൾ ഒന്നിച്ചു വാങ്ങിക്കൊണ്ടുപോയി. ആ സമാഹാരം ഇറങ്ങിയതുമില്ല, 

കഥകൾ തിരിച്ചു തന്നതുമില്ല. ഫോട്ടോകോപ്പി എടുക്കുന്ന പതിവ് പണ്ടില്ലാത്തതിനാൽ കഥകൾ സൂക്ഷിക്കാൻ വഴിയില്ല. അയാൾ കൊണ്ടുപോയത് ഏതൊക്കെ കഥകളാണെന്നുപോലും ഇപ്പോൾ ഓർമയില്ല. അങ്ങനെ പതിനഞ്ചു കഥകളെങ്കിലും പലവഴിക്കു നഷ്ടമായിട്ടുണ്ട്. 

പണ്ടു കഥകൾ നഷ്ടമായാൽ കിട്ടാൻ പ്രയാസമായിരുന്നു. ഇപ്പോൾ കുറെക്കൂടി എളുപ്പമാണ് കിട്ടാൻ. സമൂഹമാധ്യമങ്ങൾ വളരെ സഹായമാകുന്നുണ്ട്’– മുകുന്ദൻ പുതിയ കാലത്തിനു നന്ദി പറയുന്നു.

നഷ്ടമായെന്നു കരുതിയ തന്റെ ആദ്യത്തെ കഥ കണ്ടെത്തിയതിനെക്കുറിച്ചും മുകുന്ദൻ ഓർമിച്ചു– ‘മനോരമ ആഴ്ചപ്പതിപ്പിലാണ് എന്റെ ആദ്യത്തെ കഥ ‘നിരത്തുകൾ’ പ്രസിദ്ധീകരിച്ചത്. ആ കഥ എന്റെ കയ്യിൽ നിന്നു നഷ്ടമാകുകയും ചെയ്തു. മനോരമയിലെ ഇ.കെ.പ്രേംകുമാറാണ് പിൽക്കാലത്ത് അതു കണ്ടെത്തിത്തന്നത്.’

തിരുവനന്തപുരത്തെ ഒരു ലൈബ്രറിയിൽ നിന്നാണ് ആ കഥ കണ്ടെത്തിയതെന്ന് പ്രേംകുമാർ പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിലാണ് ‘നിരത്തുകൾ’ എന്ന ആദ്യ കഥ പ്രസിദ്ധീകരിച്ചതെന്നു മുകുന്ദൻ മനോരമയിലെഴുതിയ ഒരു കുറിപ്പിൽ പറഞ്ഞിരുന്നു. 

അങ്ങനെ 1960 കാലഘട്ടത്തിലെ മനോരമ ആഴ്ചപ്പതിപ്പുകൾ പരിശോധിച്ച് കണ്ടെത്തിയ കഥ മനോരമ ഞായറാഴ്ചയിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.

Content Highlight: M Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com