ADVERTISEMENT

അഭിനയത്തികവിന്റെ അത്യുന്നതിയിൽ മലയാള സിനിമയിൽനിന്നും ജീവിതത്തിൽനിന്നു തന്നെയും സത്യൻ എന്ന മഹാനടൻ  വിടപറഞ്ഞു പോയിട്ട് ജൂൺ 15ന് അരനൂറ്റാണ്ട്.  ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ച  പ്രിയ സുഹൃത്ത് നടൻ മധുവിന്റെ ഓർമകളിൽ...  

തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിന്റെ മുൻപിലുള്ള റോഡിലൂടെ സൈക്കിൾ ചവിട്ടിപ്പോകുന്ന, പാന്റ്സും ഷർട്ടുമിട്ട അരോഗദൃഢഗാത്രനായ പുരുഷൻ, അലസമായ ചലനങ്ങളും തലയെടുപ്പോടെയുള്ള ഇരിപ്പും... ആരെയും ശ്രദ്ധിക്കാത്ത, എന്നാൽ ആരും ശ്രദ്ധിച്ചു പോകുന്ന ഭാവങ്ങൾ...

സത്യൻ സാറിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും ഓർമയിൽ തെളിഞ്ഞുവരുന്നത് ഈ രൂപമാണ്. അന്നു ഞാൻ സെന്റ് ജോസഫ്സിൽ പഠിക്കുകയാണ്. 

ഒരു ദിവസം സ്കൂൾ വിട്ടു റോഡിൽ എത്തിയതേ ഉള്ളൂ. അപ്പോഴാണ് കണ്ടത്. 

സെന്റ് ജോസഫ്സ് സ്കൂളിൽ മുൻപു പഠിപ്പിച്ചിരുന്ന സത്യനേശൻ എന്ന അധ്യാപകൻ, നാടകങ്ങളിൽ അഭിനയിക്കുന്ന നടൻ, ഇൗ നിലയിലൊക്കെ ഞാൻ അറിഞ്ഞിരുന്ന അദ്ദേഹമാണ് ആരെയും കൂസാതെ ചടുലതയോടെ സൈക്കിൾ ഓടിച്ചു പോകുന്നത്. നാടകവും അഭിനയവുമൊക്കെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഞാൻ അദ്ദേഹത്തെ കൗതുകത്തോടെ നോക്കി.  

വളരെ വൈകാതെ അദ്ദേഹം ചലച്ചിത്രനടനായി. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘ആത്മസഖി’ ഞാൻ കണ്ടു. അക്കാലത്തൊക്കെ കൂടുതലും ഹിന്ദി, തമിഴ് സിനിമകളാണ് ഇവിടെ ഇറങ്ങിയിരുന്നത്. വരുന്ന എല്ലാ സിനിമയും കാണുന്നത് എന്റെ ശീലമായിരുന്നു. ‘ആത്മസഖി’ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ‘യഥാതഥമായ’ അഭിനയശൈലി എനിക്കിഷ്ടപ്പെട്ടു. ഈ നടൻ കൊള്ളാമല്ലോ എന്നു മനസ്സിൽ കുറിക്കുകയും ചെയ്തു. തുടർന്നും അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളും ഞാൻ കാണുമായിരുന്നു. 

രാമു കാര്യാട്ടും പി.ഭാസ്കരനും ചേർന്നു സംവിധാനം ചെയ്ത ‘നീലക്കുയിൽ’ എന്ന സിനിമയാകട്ടെ അദ്ദേഹത്തിനു വലിയ പ്രശസ്തി നൽകി. 

അങ്ങനെ ചലച്ചിത്രരംഗത്ത് പേരെടുത്ത നടനായതിനു ശേഷവും ഞാൻ അദ്ദേഹത്തെ തിരുവനന്തപുരം നഗരത്തിന്റെ പല കോണുകളിലുംവച്ചു കണ്ടു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ യാത്ര കാറിലായിരുന്നു. അതും സ്വയം ഓടിച്ചു പോകുന്ന സന്ദർഭങ്ങൾ. 

ഡൽഹി സ്കൂൾ ഓഫ് ‍ഡ്രാമയിലെ പഠനം തീരാറായ വേളയിലാണ് രാമു കാര്യാട്ട് അദ്ദേഹത്തിന്റെ ‘മൂടുപടം’ എന്ന സിനിമയിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചത്. ആ ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിനുവേണ്ടി മദ്രാസിൽ എത്തിയ എന്നെ ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത് ശോഭനാ പരമേശ്വരൻ നായരും സംവിധായകൻ എൻ.എൻ.പിഷാരടിയുമാണ്. 

നിണമണിഞ്ഞ കാൽപാടുകളിലെ ‘സ്റ്റീഫൻ’ എന്ന കഥാപാത്രം സത്യനു വേണ്ടി നീക്കിവച്ചതായിരുന്നു. എന്നാൽ ആ വേഷത്തിൽ അഭിനയിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെയാണ് ആ റോൾ എനിക്കു ലഭിച്ചത്. 

സത്യത്തിൽ അതു വലിയ അനുഗ്രഹവും ഗുണവുമായി. സത്യൻ ചെയ്യേണ്ടിയിരുന്ന വേഷം ചെയ്യുന്നയാൾ എന്ന ഒരു ‘പ്രീ പബ്ലിസിറ്റി’ എനിക്കു ലഭിച്ചു.  

ഒരു പുതുമുഖത്തെ സംബന്ധിച്ച് കിട്ടാവുന്നതിലേക്കും വലിയ അംഗീകാരമായിരുന്നു അത്.  

പ്രേക്ഷകർക്കും എന്നെക്കുറിച്ചു മതിപ്പോടുകൂടിയ ഒരു മുൻവിധി ഉണ്ടാക്കാൻ ഇതു സഹായിച്ചു എന്നതും സത്യം. ചിത്രം റിലീസായി. സിനിമ വിജയിച്ചു. 

എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അതോടെ ആ വേഷം അഭിനയിക്കാൻ വിസമ്മതിച്ച സത്യൻ സാറിനോടും നിർമാതാവ് ശോഭനാ പരമേശ്വരൻ നായരോടും സംവിധായകൻ എൻ.എൻ.പിഷാരടിയോടും മനസ്സിൽ ആയിരം തവണ നന്ദി പറഞ്ഞു. ആ നന്ദി ഇപ്പോഴും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്നു. 

satyan
ആദ്യകിരണങ്ങൾ എന്ന ചിത്രത്തിൽ മധുവും സത്യനും.

‘മൂടുപട’ത്തിന്റെ സെറ്റിൽവച്ചാണ് ഞാൻ സത്യൻ സാറുമായി നേരിൽ പരിചയപ്പെടുന്നത്. 

പരിചയപ്പെടാൻ ഞാൻ ചെന്നപ്പോഴേ അദ്ദേഹം പറഞ്ഞു, ‘മധുവിന്റെ അച്ഛനെ ഞാനറിയും’ എന്ന്. തിരുവനന്തപുരം മേയറായിരുന്ന അച്ഛനെ (പരമേശ്വരൻപിള്ള) അന്ന് അറിയാത്തവർ ചുരുക്കമായിരുന്നു. അതുകൊണ്ട് അതു വെറും ഭംഗിവാക്ക് പറഞ്ഞതല്ലെന്ന് എനിക്കു മനസ്സിലാവുകയും ചെയ്തു. 

ഞാനദ്ദേഹത്തെ ‘സത്യൻ സാർ’ എന്നാണ് വിളിച്ചത്. എന്നെ ‘മധു’ എന്ന് അദ്ദേഹം വിളിക്കുമ്പോൾ സ്വന്തം മൂത്ത സഹോദരൻ വിളിക്കുന്ന വാത്സല്യം ഞാനതിൽ അനുഭവിച്ചു.   

ആദ്യ പരിചയപ്പെടലിനു ശേഷം പിന്നീടു ഞങ്ങൾ കൂടുതൽ അടുത്തു. അതിനു പ്രധാന കാരണം മദ്രാസിലെ സ്വാമീസ് ലോഡ്ജാണ്. അദ്ദേഹത്തിന് അവിടെ സ്ഥിരമായി ഒരു മുറിയുണ്ടായിരുന്നു. ഭാഗ്യവശാൽ എനിക്കും അവിടെ മുറി കിട്ടി. അങ്ങനെ ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ കൊച്ചുവർത്തമാനം പറഞ്ഞിരിക്കുക മാത്രമല്ല ഞങ്ങൾ ചെയ്തിരുന്നത്. സുന്ദരമായി ചീട്ടുകളിച്ചു. അക്കാലത്തു സ്വാമീസ് ലോഡ്ജ് സിനിമക്കാരുടെ സ്ഥിരം ലാവണമായിരുന്നു. 

ഒരു ദിവസം ഞങ്ങൾ ചീട്ടു കളിച്ചുകൊണ്ടിരിക്കെ എനിക്കൊരു ഫോൺ വന്നു. ഞാൻ കളി നിർത്തി നേരെ റിസപ്ഷനിൽ ചെന്നു. ഫോണെടുത്തു. മറുതലയ്ക്കൽ അച്ഛനായിരുന്നു. എനിക്കൊരു വിവാഹാലോചന വന്നിരിക്കുന്നു. ഞാനുടനെ വീട്ടിലെത്തണം. ഇതാണ് അച്ഛൻ പറഞ്ഞതിന്റെ രത്നച്ചുരുക്കം. എനിക്കു ഷൂട്ടിങ് ഉണ്ടെന്നും ഉടനെ വരാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് ഞാൻ ഫോൺ വച്ചു. 

തിരിച്ച് സത്യൻ സാറിന്റെ അടുത്തെത്തി. ആരായിരുന്നു ഫോണിലെന്നു ചോദിച്ചു. ഞാൻ കാര്യമെല്ലാം പറഞ്ഞു. കൂട്ടത്തിൽ ഇത്രയും കൂടി പറഞ്ഞു, ‘നേരത്തേ നാഗർകോവിലിൽ ലക്ചറർ ആയിരുന്നപ്പോഴാ​ണെങ്കിൽ വിവാഹം കഴിക്കാമായിരുന്നു. ഇതിപ്പോൾ സിനിമയിൽ എന്റെ ഭാവി എന്താണെന്ന് എനിക്കു തന്നെ അറിയാത്ത അവസ്ഥ. ബാങ്ക് ബാലൻസ് ഒന്നും കാര്യമായിട്ടില്ല. ഇൗ സമയത്ത് വിവാഹം കഴിച്ചാൽ ശരിയാകില്ല. അതുകൊണ്ടു ഞാൻ പോകുന്നില്ല.’ എന്റെ മറുപടി കേട്ട് സത്യൻ സാർ ഒരു സഹോദരന്റെ അധികാരത്തോടെ പറഞ്ഞു: ‘മധു പോകണം, എന്തായാലും മധുവിന്റെ വീട്ടിലെ സ്ഥിതി എനിക്കറിയാം. നിങ്ങൾക്കു പട്ടിണി കിടക്കേണ്ടി വരില്ല. പറഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരെയും ഞാനറിയും. അവർക്കും സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ല. അതുകൊണ്ടു ധൈര്യമായി പോകണം...’ 

ആ വാക്കുകളിലെ ആജ്ഞാശക്തിയാണോ അതോ സ്നേഹമാണോ എന്നെ പിന്നീടു നയിച്ചത് എന്നറിയില്ല. ഷൂട്ടിങ് കഴിഞ്ഞ ഉടൻ തന്നെ ഞാൻ പെണ്ണുകാ​ണാൻ പോയി. വൈകാതെ വിവാഹവും നടന്നു. എന്റെ വിവാഹം അത്രയും വേഗം നടന്നതിന്റെ മുഖ്യകാരണം സത്യൻ സാറിന്റെ അന്നത്തെ വാക്കുകളായിരുന്നു. ഉറപ്പ്. 

സെറ്റിൽ സത്യൻ സാർ സ്വതവേ ശാന്തശീലനാണ്. ആരോടും കയർക്കാനും ശാസിക്കാനും പോകുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം സെറ്റിൽ വല്ലാത്ത അച്ചടക്കം കൊണ്ടുവരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം വന്നു കഴിഞ്ഞാൽ പിന്നെ അതുവരെ ഉണ്ടായിരുന്ന മട്ടും മാതിരിയും ആയിരിക്കില്ല സെറ്റിന്. സംവിധായകർ മുതൽ ഇങ്ങേ അറ്റത്തുള്ള ലൈറ്റ്ബോയിയിൽ വരെ അതു പ്രകടമായിരുന്നു. കാര്യമാത്ര പ്രസക്തമായ സംസാരവും ഒച്ചയും മാത്രമേ പിന്നീട് അവിടെ ഉണ്ടാകുമായിരുന്നുള്ളു. അതിന്റെ ‘മാജിക്’ എന്തായിരുന്നുവെന്ന് എനിക്കിന്നും അറിയില്ല. 

മൂടുപടത്തിനു ശേഷം എത്രയോ സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. അപ്പോഴെല്ലാം ക്യാമറയ്ക്കു മുമ്പിലെ എന്റെ പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട നിർദേശങ്ങൾ അദ്ദേഹം തരുമായിരുന്നു. ഒരുമിച്ചുള്ള സീനുകളെടുക്കുമ്പോൾ പ്രത്യേകിച്ചും. അദ്ദേഹം തന്നിട്ടുള്ള ഉപദേശങ്ങൾ എന്റെ അഭിനയത്തെ സ്വാധീനിച്ചിരുന്നു. ആ നിലയ്ക്ക് അദ്ദേഹം എനിക്കു ഗുരു കൂടിയാണ്. 

thiruvananthapuram news
മധു

എന്നോട് എക്കാലത്തും അദ്ദേഹത്തിന് ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. ശശികുമാർ സംവിധാനം ചെയ്ത ‘തൊമ്മന്റെ മക്കൾ’ എന്ന ചിത്രത്തിൽ ഞങ്ങൾ സഹോദരങ്ങളായാണു വേഷമിട്ടത്. സത്യൻ സാറിന്റെ സഹോദരൻ നേശൻ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ചെകുത്താന്റെ കോട്ട’യായിരുന്നു. ഇൗ ചിത്രത്തിൽ നായകൻ സത്യൻ സാർ ആയിരുന്നു. ഉപനായക വേഷത്തിൽ അഭിനയിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് എന്നെയും. നേശൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ‘വെള്ളിയാഴ്ച’യിലും നായകനായി സത്യൻ സാർ അഭിനയിച്ചു. ഉപനായകവേഷം എനിക്കു തന്നെ തന്നു.

രാമു കാര്യാട്ടിന്റെ ചെമ്മീനിൽ പരീക്കുട്ടി എന്ന ദുരന്തകാമുകനായി ഞാനഭിനയിക്കുമ്പോൾ പളനിയുടെ വേഷത്തിലാണ് സത്യൻ സാർ അഭിനയിച്ചത്. ചെമ്മീൻ സിനിമയുടെ ഷൂട്ടിങ് തൃശൂരാണു നടന്നത്. അക്കാലത്ത് ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തെ വീട്ടിലേക്കു ഞാൻ വന്നിരുന്നത് സത്യൻ സാറിന്റെ കാറിലായിരുന്നു. മണിക്കൂറുകൾ നീളുന്ന യാത്ര. അദ്ദേഹം ആസ്വദിച്ച് കാറോടിച്ചു കൊള്ളും. അതിൽ ഒരു മുഷിച്ചിലുമുണ്ടായിരുന്നില്ല. നമ്മൾ വെറുതെ ഇരുന്നാൽ മതി. ഗൗരവമുള്ള വിഷയങ്ങളും തമാശകളുമെല്ലാം ഇൗ യാത്രയ്ക്കിടയിൽ അദ്ദേഹം എന്നോടു പങ്കുവച്ചിരുന്നു.

ചെമ്മീനെന്ന ചിത്രത്തിനു ശേഷം അശ്വമേധം, ഒള്ളതുമതി, മനസ്വിനി, വഴിപിഴച്ച സന്തതി, മൂന്നു പൂക്കൾ, നിലയ്ക്കാത്ത ചലനങ്ങൾ, ഭീകരനിമിഷങ്ങൾ, കരകാണാക്കടൽ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഉള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചു. 

‍ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അവയിൽ ‘ഓടയിൽ നിന്നി’ലെ പപ്പു, ‘കടൽപ്പാല’ത്തിലെ അച്ഛനും മകനുമായുള്ള ഇരട്ടവേഷം, ‘ഉണ്ണിയാർച്ച’യിലെ ആരോമൽചേകവർ, ‘കായംകുളം കൊച്ചുണ്ണി’യിലെ ടൈറ്റിൽ റോൾ, വാഴ്‌വേമായത്തിലെ സുധി, ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ചെല്ലപ്പൻ തുടങ്ങിയ കഥാപാത്രങ്ങൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിനിപ്പുറവും അവ എന്റെ മനസ്സിന്റെ വെള്ളിത്തിരയിൽ തെളിഞ്ഞു തന്നെ നിൽക്കുന്നു.

തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘ശരശയ്യ’ അദ്ദേഹം ഒടുവിൽ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രത്തിലും ഞാൻ ഉപനായകവേഷത്തിൽ അഭിനയിച്ചു. അക്കാലത്തു രോഗം കലശലായിരുന്നിട്ടു പോലും അദ്ദേഹം ആരോടും അതിന്റെ തീവ്രത വെളിപ്പെടുത്തിയിരുന്നില്ല. 

1971 ജൂൺ 15ന് അന്തരിച്ചപ്പോളാണ് ‘ലൂക്കീമിയ’ പോലുള്ള ഗുരുതരമായ രോഗവുമായി അദ്ദേഹം പൊരുതുകയായിരുന്നു ഇത്രയും കാലമെന്നു ഞാൻ അറിഞ്ഞത്. വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം കരുത്തൻ തന്നെ എന്നു തെളിയിച്ചു.

അവസാനമായി മദ്രാസിലെ കെ.ജെ. ഹോസ്പിറ്റലിലേക്ക് അദ്ദേഹം പോയതും സ്വയം കാറോടിച്ചാണ്. ഷൂട്ടിങ് കഴിഞ്ഞ് ഒരു സഹപ്രവർത്തകനെ റെയിൽവേ സ്റ്റേഷനിൽ സ്വന്തം കാറിൽ കൊണ്ടാക്കിയ ശേഷം നേരെ ആശുപത്രിയിലെത്തി. കാർ പാർക്കു ചെയ്തശേഷം താക്കോലും എടുത്തു നടന്ന് ഡോക്ടറുടെ മുറിയിലെത്തി. അവിടെ ഡോക്ടറുമായി സംസാരിച്ചിരിക്കുമ്പോഴാണ് അദ്ദേഹം ബോധരഹിതനായത്.   

അവസാന നിമിഷം വരെയും എന്തു വന്നാലും കൂസലില്ലാതെ നേരിടാൻ കഴിയുമെന്ന അചഞ്ചലമായ വിശ്വാസം അദ്ദേഹം പുലർത്തി എന്നതിന് ഇതിലും വലിയ തെളിവു വേണ്ടല്ലോ. 

അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥ അറിഞ്ഞു ഞാൻ കെ.ജെ. ഹോസ്പിറ്റലിലെത്തി. പിന്നീടു മരണവാർത്തയും അവിടെ നിന്നു തന്നെ അറിഞ്ഞു. 

അദ്ദേഹത്തിന്റെ ഭൗതികദേഹം ഹോസ്പിറ്റലിൽ നിന്നു തിരുവനന്തപുരത്ത് ആറ്റുകാലിലെ ‘സിതാര’ എന്ന സ്വന്തം വീട്ടിലെത്തും വരെയും ആംബുലൻസിലും വിമാനത്തിലും ഞാൻ അനുഗമിച്ചു. പിന്നീട് പാളയം എൽഎംഎസ് പള്ളിയിലേക്കുള്ള വിലാപയാത്രയിലും ഞാൻ പങ്കാളിയായി. 

   അങ്ങനെ ഞാൻ അദ്ദേഹത്തെ ഏറ്റവും ഒടുവിൽ കാണുന്നതും തിരുവനന്തപുരം നഗരത്തിൽ വച്ചുതന്നെയായി. അദ്ദേഹം അപ്പോഴും യാത്രയിലായിരുന്നു. സൈക്കിളിലോ കാറിലോ അല്ല. അതിലും വലിയ ഒരു വണ്ടിയിൽ. ഒരു വ്യത്യാസം മാത്രം – അദ്ദേഹം സഞ്ചരിച്ച വാഹനം അപ്പോൾ ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു. അദ്ദേഹമാകട്ടെ ഉണരാനാകാത്ത ദീർഘനിദ്രയിലും. 

സത്യൻ

ചെറുവിളാകത്ത് വീട്ടിൽ മാനുവലിന്റെയും ലില്ലിയമ്മയുടെയും മൂത്ത മകനായ സത്യനേശൻ നാടാർ ആണ് മലയാള സിനിമയിൽ സത്യൻ എന്ന പേരിൽ പ്രശസ്‌തനായത്.1912 നവംബർ 9ന് ജനിച്ചു. തിരുവനന്തപുരത്തിനടുത്ത് തിരുമലയാണ് സ്വദേശം. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിൽ  അധ്യാപകനായിരുന്നു. പിന്നീട് രണ്ടു വർഷം സെക്രട്ടറിയേറ്റിൽ ക്ലാർക്കായി. തുടർന്നു പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന സത്യൻ പോലീസിൽ ചേർന്നു. പുന്നപ്ര-വയലാർ സമരകാലത്ത് ഇദ്ദേഹമായിരുന്നു ആലപ്പുഴ സബ്‌ഇൻസ്‌പെക്‌ടർ. രക്‌താർബുദം ബാധിച്ച് ദീർഘകാലം ചികിത്സ തേടിയ സത്യൻ 1971 ജൂൺ 15ന് അന്തരിച്ചു. 

1952 ആഗസ്‌റ്റ് 17ന് റിലീസായ ‘ആത്മസഖി’ യാണ് ആദ്യം പുറത്തുവന്ന സത്യൻ ചിത്രം. മികച്ച നടനുള്ള ആദ്യ കേരള സംസ്‌ഥാന അവാർഡ് നേടിയത് സത്യനാണ്. 1969ൽ കടൽപ്പാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സത്യനു സംസ്‌ഥാന അവാർഡു ലഭിച്ചത്.

mani
മണി

സംവിധായകൻ  മണിയെ ക്രോസ്ബെൽറ്റ്  മണിയാക്കിയത് സത്യൻ 

‘അകലെ അകലെ നീലാകാശം

അലതല്ലും മേഘതീർഥം 

അരികിലെന്റെ ഹൃദയാകാശം

അലതല്ലും രാഗതീർഥം’

സത്യൻ അഭിനയിച്ച പ്രണയരംഗങ്ങളിലെ ഏറ്റവും ഹിറ്റായ ഗാനം മിടുമിടുക്കി എന്ന ചിത്രത്തിനു വേണ്ടി യേശുദാസും എസ്.ജാനകിയും ചേർന്ന് ആലപിച്ച ഇൗ പാട്ടു തന്നെയായിരുന്നു. 

ക്രോസ്ബെൽറ്റ് മണി എന്നു പിൽക്കാലത്ത് അറിയപ്പെട്ട മണിയായിരുന്നു ഇൗ ചിത്രത്തിന്റെ സംവിധായകൻ. ശശികുമാറിന്റെ അസോസിയേറ്റായി പ്രവർത്തിക്കുന്ന കാലത്താണ് സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടാകുന്നത്. 

കെ.ജി. സേതുനാഥിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടപ്പോൾ മണി ആദ്യം ചെന്ന് ബുക്ക് ചെയ്തതു സത്യനെയാണ്. ‘സ്വാമീസ് ലോഡ്ജിൽ ചെന്നു സത്യനെ കണ്ടു കാര്യം പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം അഭിനയിക്കാൻ സമ്മതിച്ചു. പിന്നീടാണ് നായികയായ ശാരദയെയും കൊട്ടാരക്കര ശ്രീധരൻനായരെയും മറ്റും സമീപിച്ചത്. ഗാനങ്ങൾ ഒരുക്കാൻ ശ്രീകുമാരൻ തമ്പിയെയും എം.എസ്. ബാബുരാജിനെയുമാണ് ചുമതലപ്പെടുത്തിയത്. ‘അകലെ അകലെ...’ എന്നാരംഭിക്കുന്ന ഗാനം കേട്ടപ്പോൾ ഇതു ഹിറ്റാകുമെന്ന് മനസ്സുപറഞ്ഞു. അതുകൊണ്ടുതന്നെ അതിന്റെ ചിത്രീകരണം ഏറെ ഭംഗിയുള്ളതാകണം എന്ന് മനസ്സിൽ തീരുമാനമെടുക്കുകയും ചെയ്തു.  

പൊൻമുടിയായിരുന്നു ഇൗ ഗാനചിത്രീകരണത്തിനുള്ള ലൊക്കേഷനായി കണ്ടുവച്ചിരുന്നത്. എന്നാൽ, ഷൂട്ടിങ് ദിവസം പൊൻമുടിയിൽ കനത്ത മഴയായി. അപ്പോൾത്തന്നെ ലൊക്കേഷൻ കന്യാകുമാരിയിലേക്കു ഷിഫ്റ്റ് ചെയ്തു’. 

അവിടെ കണ്ടെത്തിയ മനോഹരമായ സ്ഥലത്തായിരുന്നു ഗാനചിത്രീകരണം നടന്നത്. സത്യനും ശാരദയും പരിചയസമ്പന്നരായിരുന്നതിനാൽ ഉദ്ദേശിച്ചതിലും വേഗം ചിത്രീകരണം പൂർത്തിയാക്കാനായെന്നു മണി ഓർക്കുന്നു. 

മിടുമിടുക്കി റിലീസായി. ചിത്രം വിജയിച്ചു. ഗാനം അതിലേറെ വിജയിച്ചു.  

ആ വിജയത്തിന്റെ ബലത്തിലാണു സത്യനും ശാരദയ്ക്കും പ്രധാന വേഷങ്ങൾ നൽകി മണി, എൻ.എൻ.പിള്ളയുടെ പ്രശസ്തനാടകമായ ക്രോസ്ബെൽറ്റ് ഒരുക്കിയത്. അതിന്റെ വിജയം മണിയെ ക്രോസ്ബെൽറ്റ് മണിയുമാക്കി.

രാജീവ് ഗോപാലകൃഷ്ണൻ 

English Summary: Actor Madhu remembering Sathyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com