ADVERTISEMENT

പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം നിർമിക്കുകയെന്ന ആശയം മുന്നോട്ടു വച്ചതു കുര്യനായിരുന്നു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) വിമാനത്താവളം. അതുവരെ വ്യോമയാന ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലായിരുന്ന ആശയം! 

മണ്ടൻ ആശയം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുൾപ്പെടെ മുദ്ര കുത്തിയത് അങ്ങനെ. പക്ഷേ, ഒരാൾ‍ ആ ആശയത്തെ പിന്തുണച്ചു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ. അദ്ദേഹം പതിവു ശൈലിയിൽ പറഞ്ഞു: ‘‘ നമുക്കൊന്നു നോക്കാം.’’ ആ വാക്കുകളിൽനിന്നാണ്  കൊച്ചി വിമാനത്താവളത്തിന്റെ പിറവി.

പൊതുജനപങ്കാളിത്തത്തോടെ നിർമിച്ച രാജ്യത്തെ ആദ്യ രാജ്യാന്തര വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു കുര്യൻ കഴിഞ്ഞയാഴ്ച പടിയിറങ്ങി. അസാധ്യമെന്നും മണ്ടത്തരമെന്നും പലരും കരുതിയ ഒരു സ്വപ്നപദ്ധതി ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയതിനു പിന്നിലെ അധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്നു, വി.ജെ. കുര്യൻ. 

29 വർഷം മുൻപ്, വട്ടവയലിൽ ജോസഫ് കുര്യനെന്ന വി.ജെ.കുര്യൻ കൊച്ചി നഗരത്തിൽനിന്ന് ഏകദേശം 29 കിലോമീറ്റർ ദൂരെയുള്ള നെടുമ്പാശേരിയിലെത്തുമ്പോൾ വിശാലമായൊരു സമതല ഭൂമിയായിരുന്നു അവിടം. 29 വർഷത്തിനിപ്പുറം, അവിടെ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്നതു പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന, ലോകത്തെ ആദ്യ ‘സോളർ പവേർഡ്’ എയർപോർട്ട്! 

വി.ജെ.കുര്യനെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ സമർപ്പിത ജീവിതത്തിന്റെകൂടി സാക്ഷ്യമാണു നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളം. 1993 ൽ സൊസൈറ്റിയായി ആരംഭിച്ചതു മുതൽ വിമാനത്താവളത്തിന്റെ 28 വർഷത്തെ ചരിത്രത്തിൽ 20 വർഷവും കോക്പിറ്റിൽ കുര്യനായിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) മാനേജിങ് ഡയറക്ടറുടെ പദവിയിൽനിന്നു പടിയിറങ്ങി; പുതിയ ആകാശങ്ങളിലേക്കു പറന്നുയരാൻ സിയാലിനു ചിറകുകൾ സമ്മാനിച്ച ശേഷം. 

വിമാനം റൺവേയിൽനിന്നു കുതിച്ചുയർന്ന് മേഘവിതാനങ്ങളിലൂടെ പറന്നൊഴുകി ലക്ഷ്യസ്ഥാനത്തിറങ്ങുന്നതിനു പിന്നിൽ ഘട്ടങ്ങൾ പലതുണ്ട്. സമ്മർദങ്ങളുടെ ആകാശച്ചുഴികളിൽപ്പെടാതെ സുരക്ഷിത ലാൻഡിങ്ങാണ് ഏതൊരു പൈലറ്റിന്റെയും ദൗത്യം. പൊതുജനങ്ങളിൽനിന്നു പണം പിരിച്ചു സർക്കാരിന്റെ മേൽനോട്ടത്തിൽ ഒരു വിമാനത്താവളം നിർമിക്കുകയും ലാഭകരമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ‘സിയാൽ മോഡൽ’ അദ്ഭുതത്തിനും ഘട്ടങ്ങൾ പലതാണ്; നേരിട്ട പ്രതിസന്ധികൾ അതിലേറെ. 

വി.ജെ.കുര്യനൊപ്പം ഒരു സംസാര യാത്ര. 

cial-land
വി.ജെ. കുര്യൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ 29 വർഷം മുൻപു നെടുമ്പാശേരിയിൽ എത്തുമ്പോൾ ഇതായിരുന്നു അവിടുത്തെ കാഴ്ച.

പ്രീ ഡിപാർച്ചർ 

വിമാനത്തിന്റെ യാത്രാ മുന്നൊരുക്കമാണു പ്രീ ഡിപാർച്ചർ. നെടുമ്പാശേരിയിൽ വിമാനത്താവളം വരുന്നതിനു മുൻപും വലിയൊരു മുന്നൊരുക്കം നടന്നിരുന്നു. കാലം 1991. അക്കാലത്തു മധ്യ കേരളം പറന്നുയരുകയും ഇറങ്ങുകയും ചെയ്തിരുന്നതു കൊച്ചി വില്ലിങ്ഡൺ ഐലൻഡിലെ നാവിക വിമാനത്താവളത്തിലെ പരിമിത സൗകര്യങ്ങളിലാണ്. പ്രവാസി മലയാളി സമൂഹം വളർന്നതോടെ മധ്യ കേരളം വീർപ്പുമുട്ടലിന്റെ ആകാശ നടുവിലായി. നാവിക വിമാനത്താവളം നവീകരിക്കാനുള്ള ആലോചനകൾ എങ്ങുമെത്താതെ പോയതോടെ വ്യോമയാന ഭൂപടത്തിൽ തന്നെ കൊച്ചിയുടെ ഇടം ചുരുങ്ങിപ്പോകുമെന്ന ഘട്ടം. 

പുതിയ വിമാനത്താവളം നിർമിക്കാനുള്ള ആലോചനകൾക്കു തുടക്കമായി. ഉചിതമായ സ്ഥലം കണ്ടെത്താൻ നിയോഗിക്കപ്പെട്ടത് എറണാകുളം കലക്ടറായിരുന്ന വി.ജെ.കുര്യൻ. അന്വേഷണം അവസാനിച്ചതു നെടുമ്പാശേരിയിൽ. പക്ഷേ, ഭാരിച്ച തുക മുതൽമുടക്കി ഗ്രീൻ ഫീൽഡ് എയർപോർട്ട് നിർമിക്കാൻ രാജ്യത്തെ വിമാനത്താവളങ്ങളുടെ ചുമതല വഹിച്ചിരുന്ന നാഷനൽ എയർപോർട് അതോറിറ്റിക്കു കഴിയുമായിരുന്നില്ല. പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം നിർമിക്കുകയെന്ന ആശയം മുന്നോട്ടു വച്ചതു കുര്യനായിരുന്നു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) വിമാനത്താവളം. അതുവരെ വ്യോമയാന ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലായിരുന്ന ആശയം! 

മണ്ടൻ ആശയം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുൾപ്പെടെ മുദ്ര കുത്തിയത് അങ്ങനെ. പക്ഷേ, ഒരാൾ‍ ആ ആശയത്തെ പിന്തുണച്ചു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ. അദ്ദേഹം പതിവു ശൈലിയിൽ പറഞ്ഞു: ‘‘ നമുക്കൊന്നു നോക്കാം.’’ ആ വാക്കുകളിൽ നിന്നാണു സിയാൽ പിറന്നതെന്നു പറയുന്നു, കുര്യൻ. 

cial-airport-construction
കൊച്ചി വിമാനത്താവളത്തിന്റെ നിർമാണം പുരോഗമിക്കുന്നു

കെ. കരുണാകരന്റെ പിന്തുണ

കരുണാകരൻ സാറിന്റെ ഇനിഷ്യേറ്റീവ് ഇല്ലായിരുന്നെങ്കിൽ വിമാനത്താവള പദ്ധതി നടക്കില്ലായിരുന്നു. അദ്ദേഹം പൂർണമായി പിന്തുണച്ചു. ആദ്യഘട്ടത്തിൽ വിദേശ മലയാളികളിൽ നിന്നു പണം പിരിച്ചു വിമാനത്താവളം നിർമിക്കാനായിരുന്നു ശ്രമം. ‘ഒൗട്ട് ഓഫ് ബോക്സ്’ ഐഡിയ ആയിരുന്നു അത്. ചുരുങ്ങിയതു 4 ലക്ഷം വിദേശ മലയാളികളെങ്കിലും 5000 രൂപ വീതം നൽകിയാൽ 200 കോടി രൂപ ലഭിക്കും. അതുകൊണ്ട് ആദ്യ ഘട്ടം നിർമാണം നടത്താൻ കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. അന്നത്തെ മന്ത്രി ടി.എം.ജേക്കബും കെ.വി.തോമസ് എംപിയുമൊക്കെ ചേർന്നു ഞങ്ങൾ ശ്രമം നടത്തി. പക്ഷേ, 200 കോടി രൂപ വേണ്ട സ്ഥാനത്തു ലഭിച്ചത് അഞ്ചേകാൽ കോടി മാത്രം. ആദ്യ ഘട്ടത്തിൽ ധനസമാഹരണം പാളിപ്പോയിട്ടും അദ്ദേഹം പക്ഷേ, എനിക്കൊപ്പം നിന്നു. 9 വർഷം സർവീസ് മാത്രമേ എനിക്കന്നുള്ളൂ. മുതിർന്ന ഉദ്യോഗസ്ഥരെല്ലാം എതിർത്തിട്ടും അദ്ദേഹം മുന്നോട്ടുപോകാൻ ധൈര്യം കാണിച്ചു. കയ്യിൽ നയാ പൈസയില്ല, ഒരിഞ്ചു സ്ഥലമില്ല, അനുഭവ പരിചയവുമില്ല. കൂടാതെ, നാട്ടുകാരിൽ നിന്നു പണം സമാഹരിച്ച് വിമാനത്താവളം പണിയാമെന്ന ‘മണ്ടൻ ആശയം’ പൊളിയുമെന്ന മുന്നറിയിപ്പുകൾ. എന്നിട്ടും, അദ്ദേഹം എന്നെ വിശ്വസിച്ചു. 

വായ്പ തരാൻ ആരും തയാറാകാത്ത സമയത്തു ഫെഡറൽ ബാങ്ക് ബ്രിജ് ലോണായി 10 കോടി നൽകി. പിന്നെ, ഹഡ്കോയെ സമീപിച്ചു. 100 കോടി തരാൻ അവർ തയാറായി. പക്ഷേ, സർക്കാർ ഗ്യാരന്റി വേണമെന്നു പറഞ്ഞു. കമ്പനി പണം തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ അടയ്ക്കുമെന്ന ഉറപ്പാണ് ആവശ്യപ്പെട്ടത്. ഫിനാൻസ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തു. ഗ്യാരന്റി നൽകുന്നത് അടുത്ത മണ്ടത്തരമാകുമെന്നായിരുന്നു അവരുടെ നിലപാട്. പക്ഷേ, കരുണാകരൻ സാർ പറഞ്ഞു. ‘‘ ഏതായാലും നാം ഇറങ്ങിത്തിരിച്ചു. ഒരവസരം കൂടി കുര്യനു നൽകാം.’’ അങ്ങനെ എല്ലാവരും എതിർത്തിട്ടും അദ്ദേഹം മന്ത്രിസഭയിൽ അവതരിപ്പിച്ചു 100 കോടിയുടെ വായ്പാ ഗ്യാരന്റി ലഭ്യമാക്കി. 

ക്ലിയറൻസ് ടു ടാക്സി 

എയർപോർട്ട് കൺട്രോൾ ടവറിൽ നിന്നു ഗ്രൗണ്ട് ക്ലിയറൻസ് ലഭിച്ചു വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്കു നീങ്ങുന്ന ഘട്ടമാണു ക്ലിയറൻസ് ടു ടാക്സി. സർക്കാരിന്റെ ക്ലിയറൻസോടെ സിയാൽ ടേക്ക് ഓഫിലേക്കു നീങ്ങുകയാണ്. 1993 ലാണു കേരള ഇന്റർനാഷനൽ എയർപോർട്ട് സൊസൈറ്റി (കിയാസ്) കെ.കരുണാകരൻ ചെയർമാനും കുര്യൻ മാനേജിങ് ഡയറക്ടറുമായി രൂപം കൊണ്ടത്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട കിയാസിനു പക്ഷേ, സാമ്പത്തിക സമാഹരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിമിതികൾ നേരിട്ടു. 1994 ൽ സൊസൈറ്റി രൂപം മാറി കമ്പനിയായി റജിസ്റ്റർ ചെയ്തു. അങ്ങനെ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡ് (സിയാൽ) പിറന്നു. കരുണാകരൻ ആദ്യ ചെയർമാനും കുര്യൻ എംഡിയും. 

kochi-airport-first-flight
കൊച്ചി വിമാനത്താവളത്തിൽ ആദ്യയാത്രാവിമാനം ഇറങ്ങിയതു കാണാൻ തടിച്ചുകൂടിയ ജനങ്ങൾ. (ഫയൽ)

പണമില്ലാതെ വിഷമിച്ച  കാലത്തെക്കുറിച്ച് 

കരുണാകരൻ സാർ ചെയ്തതു രണ്ടു വലിയ കാര്യങ്ങളാണ്. ആദ്യത്തേത്, മറ്റെല്ലാവരും തള്ളിക്കളഞ്ഞിട്ടും പിപിപി എയർപോർട്ടെന്ന ആശയത്തെ പിന്തുണച്ചു. ആദ്യ ഘട്ടത്തിൽ ധനസമാഹരണം ചീറ്റിപ്പോയിട്ടും എന്നെ കൈവിട്ടില്ല. രണ്ടാമത്തേത്, ഹഡ്കോ വായ്പയ്ക്കു 100 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി തന്നു. വിമാനത്താവളമെന്ന സ്വപ്ന യാത്രയ്ക്കു തുടക്കമായി. പക്ഷേ, മൂലധന സമാഹരണം വലിയ കടമ്പയായിരുന്നു. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമെന്നു കരുതിയാകണം, പണം മുടക്കാൻ മിക്കവരും ധൈര്യപ്പെട്ടില്ല. എന്നാൽ, ഫെഡറൽ ബാങ്ക് വായ്പ അനുവദിച്ചതിനു പിന്നാലെ, പ്രവാസി വ്യവസായികളായ എം.എ.യൂസഫലി, സി.വി,ജേക്കബ്, പി.മുഹമ്മദാലി, ഇ.എം.ബാബു തുടങ്ങിയവരൊക്കെ നിക്ഷേപത്തിനു തയാറായി.

1994 ഓഗസ്റ്റ് 21 നു കരുണാകരൻ സാർ വിമാനത്താവളത്തിനു തറക്കല്ലിട്ടു. 1995 ന്റെ തുടക്കത്തിൽ ഹഡ്കോ വായ്പയും ലഭ്യമായി. അതേവർഷം അദ്ദേഹം മുഖ്യമന്ത്രി പദമൊഴിഞ്ഞു. പിന്നീടൊരിക്കലും ആ പദവിയിലേക്കു തിരിച്ചു വന്നതുമില്ല. പക്ഷേ, എല്ലായ്പ്പോഴും വിമാനത്താവളത്തെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. ആ പദ്ധതി യാഥാർഥ്യമായതിൽ അദ്ദേഹത്തിനു വലിയ സന്തോഷമായിരുന്നു. അദ്ദേഹമല്ലാതെ ഒരാൾ അത്തരമൊരു ആശയത്തിന് അനുമതി നൽകുമായിരുന്നില്ല! 

kochi-airport
കൊച്ചി വിമാനത്താവളം

േടക്ക് ഓഫ് 

വിമാനം റൺവേയിലൂടെ കുതിച്ചു പാഞ്ഞ് ആകാശത്തേക്കുയരുന്ന സുപ്രധാന ഘട്ടമാണു ടേക്ക് ഓഫ്. ഏറ്റവും കൂടുതൽ ഊർജം ആവശ്യമായ സമയം. പൈലറ്റിന്റെ പ്രാഗത്ഭ്യവും പ്രധാനം. 1995 ൽ കരുണാകരനു ശേഷം മുഖ്യമന്ത്രിയായ എ.കെ.ആന്റണിയാണു സംസ്ഥാന സർക്കാരിന്റെ ആദ്യ നിക്ഷേപമായി ഒരു കോടി രൂപ അനുവദിച്ചത്. വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പും നിർമാണ പ്രവർത്തനങ്ങളുമെല്ലാം നടന്നത് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്; 1996 മുതൽ. വെള്ളക്കെട്ടുള്ള സ്ഥലത്ത് 3400 മീറ്റർ ദൈർഘ്യമുള്ള റൺവേ നിർമാണം അക്ഷരാർഥത്തിൽ വെല്ലുവിളിയായിരുന്നു. 3800 ലേറെ ഉടമകളുടേതായി 1253 ഏക്കർ സ്ഥലമെടുപ്പിന്റെ വേദനകളുടെ കൂടി കാലം. 

സിയാലിന് എതിരെ കേസുകളുടെ പ്രളയമായിരുന്നു

ഉടമകളുമായി ചർച്ച നടത്തിയാണു സ്ഥലം വാങ്ങിയത്. എന്നാൽ, സ്ഥലം വിട്ടുനൽകാൻ വിസമ്മതിച്ച ചിലർ കേസുകളുമായി കോടതിയെ സമീപിച്ചു. നൂറുകണക്കിനു കേസുകൾ. 96ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്ഥലമെടുപ്പു നടപടികൾ മുഴുവൻ അസാധുവാക്കിയതോടെ ആകെ പ്രശ്നമായി. ഞങ്ങൾ കേസുകളുമായി മുന്നോട്ടുപോയി. ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ചില കേസുകൾ സുപ്രീം കോടതിയിലേക്കും നീണ്ടെങ്കിലും തടസങ്ങൾ പരിഹരിച്ചു. എല്ലാ സ്ഥലം ഉടമകളെയും പുനരധിവസിപ്പിച്ചു. വീടു വയ്ക്കാൻ 6 സെന്റ് സ്ഥലവും നൽകി. പലർക്കും വിമാനത്താവളത്തിൽ ജോലി കൊടുത്തു. പ്രീപെയ്ഡ് ടാക്സി പോലെ ഉപജീവന മാർഗങ്ങൾ ലഭ്യമാക്കി. സാധ്യമായതിൽ ഏറ്റവും മികച്ച പുനരധിവാസ പദ്ധതിയെന്നാണു 1999 ൽ ലോക ബാങ്ക് അഭിനന്ദിച്ചത്. 1999 മേയ് 25 ന് അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. 1999 ജൂൺ 10 ന് ആദ്യ വിമാനമിറങ്ങി. ദമാമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം. എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് അപ്പോഴാണ്. മതിലുകളിലും കെട്ടിടങ്ങളുടെ മുകളിലുമൊക്കെ ആയിരക്കണക്കിനാളുകളാണു തിങ്ങിക്കൂടിയത്; വിമാനമിറങ്ങുന്നതു കാണാൻ! 

vj-kurian-cial
വി.ജെ. കുര്യൻ

ലാൻഡിങ് 

ആകാശത്തേക്കു കുതിച്ചുയർന്ന്, കാറ്റിനെയും കാലാവസ്ഥാ വെല്ലുവിളികളെയും മറികടന്നു പല ഘട്ടങ്ങളിലൂടെ യാത്ര പൂർത്തിയാക്കി വിമാനം നിലത്തിറങ്ങുന്നതാണു ലാൻഡിങ് ഘട്ടം. ഇവിടെയും പൈലറ്റിന്റെ മികവു നിർണായകം. സിയാലിനെ സംബന്ധിച്ചിടത്തോളം പറന്നുയർന്ന ശേഷം ആകാശ നടുവിൽ ഒട്ടേറെ വെല്ലുവിളികളാണു നേരിട്ടത്. നഷ്ടങ്ങളിലേക്കു കൂപ്പു കുത്തിയ കാലങ്ങളുമുണ്ട്, സിയാലിന്റെ ചരിത്രത്തിൽ. 

സിയാലിന്റെ അമരത്തു 3തവണ

തുടക്കം മുതൽ 1999 വരെ ആദ്യം. വെറും 20,000 രൂപയായിരുന്നു ആദ്യ മൂലധനം. പ്രവാസി വ്യവസായിയായ ജോസ് മാളിയേക്കലിന്റെ നിക്ഷേപം. മറൈൻ ഡ്രൈവ് ഷോപ്പിങ് കോംപ്ലക്സിലെ ചെറിയൊരു മുറിയായിരുന്നു ആദ്യ ഓഫിസ്. എന്നിട്ടും, പരിമിതികളെല്ലാം മറികടന്നു പദ്ധതി നടപ്പാക്കാൻ സാധിച്ചു. ആദ്യ വിമാനം ഇറങ്ങി 6 മാസം കഴിഞ്ഞു ഡിസംബറിൽ എന്നെ സ്ഥാനത്തു നിന്നു മാറ്റി. സർക്കാരുമായി നേരിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എ.കെ. ആന്റണി വീണ്ടും മുഖ്യമന്ത്രിയായതിനു പിന്നാലെ 2003 ഫെബ്രുവരിയിൽ എന്നെ തിരിച്ചു കൊണ്ടുവന്നു. ആ സമയത്തു സിയാൽ 72 കോടി രൂപ നഷ്ടത്തിലായിരുന്നു. എങ്കിലും പിടിച്ചു കയറി. 2006 ൽ ഞാൻ മാറി സ്പൈസസ് ബോർഡ് ചെയർമാനായി. 2011 ൽ തിരിച്ചു വന്നു. തുടർച്ചയായി 10 വർഷം; ഈ ജൂൺ വരെ. 

പോസ്റ്റ് ഫ്ലൈറ്റ് 

പറക്കൽ ദൗത്യം പൂർത്തിയാക്കി വിമാനം റൺവേയിൽ നിന്നു ടാക്സിവേയിലൂടെ ടെർമിനലിലേക്ക്. ക്രൂ ചേഞ്ചിന്റെ സമയം. അതെ, സാരഥികൾ മാറുന്നു, പുതിയൊരു യാത്രയുടെ തുടക്കം! വ്യോമയാന ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച കേരളത്തിന്റെ സ്വന്തം ‘എയർപോർട്ട് മാൻ’ വി.ജെ.കുര്യനും സുദീർഘമായൊരു യാത്ര അങ്ങേയറ്റം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. ലോകത്തെ ആദ്യ സൗരോർജ വിമാനത്താവളത്തിനുള്ള ചാംപ്യൻ ഓഫ് എർത് പുരസ്കാരം  യുഎൻ സമ്മാനിച്ചത് 2018 ൽ. പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവളം നിർമിച്ചുവെന്നതു മാത്രമല്ല, അതു ലാഭകരമായി പ്രവർത്തിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഓഹരി ഉടമകൾക്ക് 282 % ലാഭവിഹിതം കൊടുക്കാൻ കഴിഞ്ഞതു വലിയ നേട്ടമായി അദ്ദേഹം കരുതുന്നു. 2455.64 കോടി രൂപയുടെ ആസ്തിയാണ് ഇപ്പോൾ സിയാലിനുള്ളത്. എയർപോർട് സിറ്റി പദ്ധതി കൂടി ആവിഷ്കരിച്ചാണ് അദ്ദേഹം പിൻവാങ്ങുന്നത്. 100 ഏക്കറിൽ ഷോപ്പിങ് കോംപ്ലക്സും ഇന്റർനാഷണൽ ഫൂഡ് കോർട്ടും ഉൾപ്പെടുന്ന സിറ്റി. 2030 നകം അതു കൂടി യാഥാർഥ്യമായാൽ വിമാന വരവു കുറഞ്ഞാൽപ്പോലും സിയാലിനു ലാഭത്തിൽ പ്രവർത്തിക്കാനാകും. 

വലിയ എതിർപ്പുകളെ ഒറ്റയ്ക്ക് അതിജീവിച്ചാണു കുര്യൻ സിയാൽ യാഥാർഥ്യമാക്കിയതെന്നും എല്ലാ അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്താവളം കുറഞ്ഞ ചെലവിൽ നിർമിക്കാൻ സാധിച്ചതു വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറിയും എയർ ഇന്ത്യ ചെയർമാനുമായിരുന്ന കെ. റോയ് പോൾ ചൂണ്ടിക്കാട്ടുന്നു. 

മറ്റു പല മേഖലകളിലും സിയാൽ മോഡൽ കമ്പനി വേണമെന്ന ആവശ്യം ഉയരാറുണ്ട്. പക്ഷേ, സിയാൽ മോഡൽ കമ്പനി  വന്നതു കൊണ്ടു മാത്രം കാര്യമില്ല. കുര്യനെപ്പോലെ അർപ്പണബോധമുള്ള  ഉദ്യോഗസ്ഥർ തലപ്പത്തു വന്നാലേ പ്രയോജനമുണ്ടാകൂ– കെ. റോയ് പോൾ പറഞ്ഞു. 

vj-kurian-farm
വി.ജെ. കുര്യന്റെ കുമരകം വെച്ചൂരിലെ കൃഷിയിടം.

എന്താണ് അടുത്ത ദൗത്യം

ഇപ്പോൾ ഞാൻ പൂർണ തൃപ്തനാണ്. ആഗ്രഹിച്ച കാര്യങ്ങളൊക്കെ നടന്നു. സിവിൽ സർവീസിലെ പുതിയ തലമുറയോട് ഇത്രയേ പറയാനുള്ളൂ: ‘റിസ്ക് എടുക്കുക. കഠിനാധ്വാനം ചെയ്യുക. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കിൽ എന്തും സാധ്യമാകും.’ ഞാനൊരു ദൈവവിശ്വാസിയാണ്. നിത്യവും പള്ളിയിൽ പോകുന്നയാൾ. 39 വർഷമായി തുടർച്ചയായി ജോലി ചെയ്യുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡയറക്ടറാണ്. ആ സ്ഥാനത്തു തുടർന്നും പ്രവർത്തിക്കും. കുമരകത്തും ആർ ബ്ലോക്കിലും പാലായിലും മറ്റും സ്ഥലങ്ങളുണ്ട്. കുറച്ചു കൃഷിയുമുണ്ട്. തെങ്ങ്, വാഴ, കൊക്കോ തുടങ്ങിയ കൃഷികളാണു പ്രധാനം. കാർഷിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണു ഞാൻ. സർക്കാരിന്റെ സ്കീം പ്രകാരം എന്റെ പിതാവ് അഡ്വ. വി.ജെ.ജോസഫും 5 പങ്കാളികളും ചേർന്ന് 1955 ൽ കൈപ്പുഴ – വെച്ചൂർ കായൽ അഥവാ പുത്തൻ കായലിൽ 800 ഏക്കർ സ്ഥലം കുത്തിയെടുത്തു. അന്നത്തെക്കാലത്തു കായൽ കുത്തുകയെന്നതു ശ്രമകരമായ ജോലിയായിരുന്നു. ഇപ്പോഴുള്ള സ്ഥലത്ത് ഒരു കിലോമീറ്ററോളം വാട്ടർ ഫ്രണ്ടേജുണ്ടെങ്കിലും റിസോർട്ടൊന്നും പണിയാൻ താൽപര്യമില്ല. 

English Summary: VJ Kurian steps down from CIAL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com