ADVERTISEMENT

ഇപ്പോൾ മഹാരാഷ്ട്രയിലെ നാസിക്കിൽ പൊലീസ് ഐജി ആയ അശ്വതി സ്കൂൾകുട്ടിയായിരുന്നപ്പോൾ അച്ഛൻ അടൂർ ഗോപാലകൃഷ്ണന്റെ അലമാരയിലെ മിക്ക പുസ്തകങ്ങളും എടുത്തു വായിക്കുമായിരുന്നു. ഒരിക്കൽ അശ്വതി അമ്മയോട് ഒരു കമന്റു പറയുന്നത് അടൂർ കേട്ടു. അച്ഛന്റെ രണ്ടു നാടകങ്ങളായ ‘നിന്റെ രാജ്യം വരുന്നു’, ‘വൈകി വന്ന വെളിച്ചം’ എന്നിവയെപ്പറ്റിയാണ്. ‘‘ഈ പുസ്തകങ്ങൾ ഇവിടന്നു മാറ്റിയേക്ക്’’. 

ദിവസം മുഴുവൻ താൻ അതോർത്തു ചിരിക്കുകയായിരുന്നുവെന്ന് അടൂർ. പിന്നെ ആ പുസ്തകങ്ങൾ അദ്ദേഹം പുറത്തെടുത്തിട്ടില്ല! ആ നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അനുവാദം ചോദിച്ചു വിളിച്ചവരോടും അദ്ദേഹം ഇതേ നിലപാടെടുത്തു. എൺപതാം വയസ്സിനെ വരവേൽക്കുന്ന ചലച്ചിത്രകാരനെ ആ നാടകക്കാലം ഓർമിപ്പിക്കാം !

‘‘എട്ടാം വയസ്സിൽ തുടങ്ങിയതാണ് നാടക അഭിനയം. മിഡിൽ സ്കൂളിലെ ഡ്രിൽ–ഡ്രോയിങ് സാർ ഓയൂർ എംവി എഴുതിയ സ്വന്തം നാടകം ഞങ്ങളെക്കൊണ്ട് കളിപ്പിക്കുമായിരുന്നു. എനിക്ക് എല്ലാം നായിക വേഷങ്ങളാണ്. ചിത്രകാരനായ അമ്മാവൻ രാമൻ ഉണ്ണിത്താൻ നാടകമെഴുതും. അതിലും ഞാൻ നായിക. പിന്നെ ‘കപടയോഗി’ എന്നൊരു നാടകം ഞാൻ എഴുതി വീട്ടിലെ വരാന്തയിൽ കളിച്ചു. അക്കാലത്ത് ചില സ്വാമിമാർ ഞങ്ങളുടെ തറവാട്ടു വീട്ടിൽ വന്നു താമസിച്ചിരുന്നു. അതിൽ ഒരാളെപ്പറ്റിയായിരുന്നു ‘കപടയോഗി’.

മി‍ഡിൽ സ്കൂളിൽ ഞങ്ങൾ പിള്ളേർ കൂടി ഒരു ‘നാടകക്കമ്പനി’ ഉണ്ടാക്കി. ആർഎൻജി കമ്പനി എന്നായിരുന്നു പേര്. രവീന്ദ്രൻ, നാരായണൻ, ഗോപാലകൃഷ്ണൻ. അതാണ് ആർഎൻജി. സി.ജെ.തോമസിന്റെ പുതിയ നാടകങ്ങൾ, കൈനിക്കരയുടെ നാടകങ്ങൾ ഒക്കെ ആർത്തിയോടെ വായിച്ചിരുന്നു. കൈനിക്കരയുടെ ‘കാൽവരിയിലെ കൽപ പാദപം’ എന്ന നാടകത്തിൽ യൂദാസിന്റെ വേഷം അഭിനയിച്ചിരുന്നു. അന്ന് എഴുതിയ നാടകങ്ങൾ ഒരുപാടുണ്ട്. അതിൽ രണ്ടെണ്ണം മാത്രമാണ് അച്ചടിച്ചത്. ‘നിന്റെ രാജ്യം വരുന്നു’, ‘വൈകി വന്ന വെളിച്ചം’.

അന്നത്തെ നാടകങ്ങൾ വളരെ രസമാണ്. മുതുകുളം രാഘവൻ പിള്ളയുടെ ‘യാചകി’ നാടകം വൈക്കം വാസുദേവൻ നായരും തങ്കം വാസുദേവൻ നായരും ആറൻമുള പൊന്നമ്മയുമൊക്കെ അവതരിപ്പിക്കും. ‘പാവങ്ങളിൽ പാവങ്ങളാം യാചകർ ഞങ്ങൾ’ എന്നു പാടിക്കൊണ്ടാണ് നായകനും നായികയും രംഗത്തു വരിക. അപ്പോൾ കാണികൾ ‘വൺസ് മോർ’ പറയും. നടൻ വീണ്ടും പാടും. നാടകം നീണ്ടു നീണ്ടു പോകും!’’

ഓർമയിലെ കുട്ടിക്കാലം ?

അമ്മയുടേത് അറിയപ്പെടുന്ന കുടുംബമായിരുന്നു– മൗട്ടത്ത്. അതിന്റെ ബഹുമാനം നാട്ടിൽ ഞങ്ങൾക്കെല്ലാവർക്കും കിട്ടിയിരുന്നു. അച്ഛൻ മാധവൻ ഉണ്ണിത്താൻ ഫോറസ്റ്റ് റേഞ്ചർ ആയിരുന്നു. അദ്ദേഹം സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചു. ഏഴു മക്കളിൽ ആറാമനാണ് ഞാൻ. മൂത്ത മൂന്നു സഹോദരിമാരും അവർക്കിടയിലുള്ള ഒരു സഹോദരനും മരിച്ചു പോയി. 

Adoor-Gopalakrishnan-family-1
കുട്ടിക്കാലചിത്രം‌: നിൽക്കുന്നവർ (ഇടത്തുനിന്ന്) മൂത്ത സഹോദരിയുടെ ഭർത്താവ് കേശവക്കുറുപ്പ്, പിതാവ് മാധവൻ ഉണ്ണിത്താൻ. ഇരിക്കുന്നത്: മൂത്ത സഹോദരി സാവിത്രിക്കുഞ്ഞമ്മ, അമ്മ ഗൗരിക്കുഞ്ഞമ്മ, പിതാവിന്റെ സഹോദരി കൊച്ചുകുട്ടിക്കുഞ്ഞമ്മ, (മടിയിൽ ഇരിക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ). താഴെ: രണ്ടാമത്തെ സഹോദരി സുകുമാരിക്കുഞ്ഞമ്മ, മൂത്ത സഹോദരൻ രാമചന്ദ്രൻ ഉണ്ണിത്താൻ.

അച്ഛനും ഐജി ചന്ദ്രശേഖരൻ നായരും ഒരുമിച്ചാണ് സർവീസിൽ ചേർന്നത്. അതു ചന്ദ്രശേഖരൻ നായർ പറഞ്ഞു കേട്ടതാണ്. അദ്ദേഹം ഐജി ആയപ്പോൾ അച്ഛൻ നിർബന്ധിത പെൻഷൻ വാങ്ങി പുറത്തായി. പക്ഷേ, പിന്നീട് അദ്ദേഹം ചങ്ങനാശേരി എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ് ട്യൂട്ടറായി. അതു കഴിഞ്ഞ് ചാത്തന്നൂരിലെ സ്കൂളിലും. അവിടെ ‘അനന്തര’ത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ പഴയ ആൾക്കാർ വന്ന് അച്ഛന്റെ ഗുണഗണങ്ങൾ വർണിച്ചിട്ടുണ്ട്. ഞാൻ ഒന്നും തിരുത്താൻ പോയില്ല!

അച്ഛൻ മരിക്കും മുൻപേ അമ്മ മരിച്ചു. സമ്പന്നതയുടെ നടുക്കും കഷ്ടപ്പാടിലായിരുന്നു പഠിത്തമൊക്കെ. ഞങ്ങളുടെ പ്രദേശത്തുള്ള 17 പേർ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ ‍ഞാൻ മാത്രമാണ് ജയിച്ചത്. അങ്ങനെ പരോക്ഷമായ ഒരു ബഹുമതിയും കിട്ടി. ഈ സമയത്ത് നാട്ടിൽ ഞങ്ങൾ വായനശാലയും തുടങ്ങിയിരുന്നു. പന്തളം എൻഎസ്എസ് കോളജിൽ മൂത്ത അമ്മാവൻ ഗോപാലൻ ഉണ്ണിത്താനാണ് കൊണ്ടുപോയി ചേർത്തത്. ഞങ്ങൾ മൂന്നു സഹോദരൻമാരുടെയും കോളജ് വിദ്യാഭ്യാസം നടത്തിയത് അമ്മാവനാണ്. 

പ്രിൻസിപ്പൽ രാമയ്യൻ സാർ ഫസ്റ്റ് ഗ്രൂപ്പിന് നിർബന്ധിച്ചു. കണക്ക് ഓർത്ത് ഞാൻ ഞെട്ടി. അമ്മാവനോട് മെഡിസിൻ പഠിക്കാനുള്ള ആഗ്രഹം പറഞ്ഞ് സെക്കൻഡ് ഗ്രൂപ്പിലേക്കു മാറി. പിന്നെ ബിഎസ്‌സി സുവോളജി. അപ്പോഴും നാടകമായിരുന്നു പ്രധാന പരിപാടി.

പഠനം കഴിഞ്ഞിറങ്ങിയത് നേരെ സിനിമയിലേക്ക്?

അമ്മയുടെ കഷ്ടപ്പാടു കണ്ട് വലിയ ഒരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഉടൻ ഒരു ജോലി കിട്ടണം. അപ്പോഴാണ് മധുര ഗാന്ധിഗ്രാമിലെ പരസ്യം കണ്ടത്. ബിഎസ്‌സി പകുതിയാക്കി ഗാന്ധിഗ്രാമിൽ ചേർന്നു. കോഴ്സ് കഴിഞ്ഞാൽ ബിഡിഒ ആയി ജോലി കിട്ടുമെന്നായിരുന്നു ഉറപ്പ്. പിന്നെ ഗാന്ധിജിയോടുള്ള ആദരവും. അവിടെയും നാടകം പിന്നാലെ വന്നു. നാടകാചാര്യൻ ജി.ശങ്കരപ്പിള്ള സാർ മലയാളം പഠിപ്പിക്കുന്നുണ്ടായിരുന്നു. ലൈബ്രറിയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ലോകമെമ്പാടും നിന്നുള്ള നാടകങ്ങളുടെ നല്ലൊരു ശേഖരം അവിടെ ഉണ്ടായിരുന്നു. കിട്ടാവുന്ന നാടകങ്ങൾ വായിച്ചു തീർത്തു.

ഒരു എഴുത്തുകാരന്റെ എല്ലാ കൃതിയും വായിക്കുക എന്നതായിരുന്നു ശീലം. പക്ഷേ, ബിഡിഒ ജോലിയൊന്നും കിട്ടിയില്ല. തിരിച്ചെത്തിയിട്ട് തിരുവനന്തപുരത്തു നിൽക്കാനായി ഭാരത് സേവക് സമാജം ഓർഗനൈസറായി 200 രൂപ ശമ്പളത്തിൽ ചേർന്നു. കുറച്ചു മാസങ്ങൾ അങ്ങനെ പോയി. പിന്നീടാണ് നാഷനൽ സാംപിൾ സർവേയിൽ ജോലി കിട്ടിയത്. അപ്പോഴേക്കും അമ്മയ്ക്ക് അസുഖമായി– കാൻസർ. ശമ്പളം കിട്ടുന്നത് അപ്പടി അമ്മയെ ഏൽപിക്കും. അമ്മയാകട്ടെ, പാടും ദുരിതവും പറഞ്ഞു വരുന്നവർക്ക് ആ പണമെല്ലാം കൊടുത്തു തീർക്കും. അതായിരുന്നു അവരുടെ പ്രകൃതം. 

പഞ്ചവത്സര പദ്ധതിക്കും മറ്റും വിവരങ്ങൾ ശേഖരിക്കുന്ന പണിയാണ്. അങ്ങനെ ഒന്നൊന്നര കൊല്ലം കേരളം മുഴുവൻ നടന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അതിന്റെ എക്സൈറ്റ്മെന്റ് പോയി. നാടകം നമ്മളെ വിളിച്ചുകൊണ്ടിരുന്നു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പോകണം എന്നു വിചാരമുണ്ടായിരുന്നു. എന്നാൽ മീഡിയം ഹിന്ദിയായിരുന്നതു കൊണ്ട് വേണ്ടെന്നു വച്ചു. അപ്പോഴാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിന്റെ പരസ്യം കണ്ടത്. മീഡിയം ഇംഗ്ലിഷും. ഗാന്ധിഗ്രാമിലെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പോരെന്ന് ആദ്യം തടസ്സമുന്നയിച്ചെങ്കിലും പ്രവേശനപ്പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മെറിറ്റ് സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. 

സിനിമ അവിടെ തുടങ്ങി?

ഗാന്ധിഗ്രാമിൽ പഠിക്കുമ്പോൾ കുളത്തൂർ ഭാസ്കരൻ നായർ അവിടെ ഉണ്ടായിരുന്നു. അന്നു ഞങ്ങൾ തമ്മിൽ വലിയ പരിചയം ഒന്നും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തു തിരിച്ചു വന്നപ്പോൾ ബിഎസ്എസിന്റെ കേന്ദ്ര കലാസമിതിയുടെ സോദ്ദേശ്യ നാടകങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾ ഒന്നിച്ചു. കരമന ജനാർദനൻ നായരെയൊക്കെ പരിചയപ്പെടുന്നത് അപ്പോഴാണ്. പുണെയിൽ പഠിക്കാൻ പോയപ്പോൾ ഭാസ്കരൻ നായരും ബോംബെയിൽ വന്നു. പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയെടുക്കാൻ. അദ്ദേഹം ഇടയ്ക്കിടയ്ക്ക് പുണെയ്ക്കു വരും. ആ സമയത്താണ് ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളികളായ ഞാൻ, ശബ്ദലേഖകൻ ദേവദാസ്, മേലാറ്റൂർ രവിവർമ, ലത്തീഫ് എന്നിവരും ഭാസ്കരൻ നായരും ചേർന്ന് ഒരു യൂണിറ്റുണ്ടാക്കിയത്. ഭാസ്കരൻ നായരെ പബ്ലിക് റിലേഷൻസ് ഏൽപിച്ചു.

കേരളത്തിൽ തിരിച്ചു വന്നിട്ട് എന്തുചെയ്യണമെന്ന് ഞങ്ങൾ ഒരു ത്രിമുഖ പരിപാടിയുണ്ടാക്കി. ഒന്ന് ഫിലിം സൊസൈറ്റി പ്രസ്ഥാനം ആരംഭിക്കുക, ഗ്രന്ഥശാലാ പ്രസ്ഥാനമായിരുന്നു മാർഗദർശനം. 1965 ജൂലൈയിൽ കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി ‘ചിത്രലേഖ’ പ്രവർത്തനം ആരംഭിച്ചു. ദേവദാസും കുളത്തൂരും മാത്രമാണ് സംഘത്തിൽ അപ്പോൾ എനിക്കൊപ്പമുണ്ടായിരുന്നത്. പിന്നെ ഒരു നീണ്ടകാലം കേരളം മുഴുവൻ നടന്ന് ഫിലിം സൊസൈറ്റിയിൽ താൽപര്യമുള്ള ആളുകളെ സംഘടിപ്പിച്ചു. രണ്ട്, സിനിമയെപ്പറ്റി നല്ല സാഹിത്യം അന്നില്ലായിരുന്നു. നിലവാരമില്ലാത്ത പ്രസിദ്ധീകരണങ്ങൾ മാത്രം. ചിത്രലേഖ ഫിലിം സുവനീർ ആദ്യം തുടങ്ങി. ഇൻസ്റ്റിറ്റ്യൂട്ടിൽ ഗെസ്റ്റ് ലക്ചറർമാരായി വരുന്ന ബൽരാജ് സാഹ്നിയുടെയും മറ്റും ക്ലാസ് ഞാൻ കുറിച്ചെടുത്ത് അവരുടെ അനുവാദം വാങ്ങി ഇങ്ങോട്ട് അയച്ചു കൊടുക്കും. 65–ൽ ഫിലിം സൊസൈറ്റി ഉദ്ഘാടനത്തിൽ ആദ്യം കാണിച്ചത് ‘ലാൻഡ് ഓഫ് ഏഞ്ചൽസ് ’എന്ന ഹംഗേറിയൻ ചിത്രമാണ്. തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ. ഉദ്ഘാടനം ചെയ്തത് കലയിൽ താൽപര്യമുള്ള ഗവർണർ ഭഗവാൻ സഹായ് ആയിരുന്നു. 

‘സ്വയംവര’ത്തിലേക്ക് വന്നത്?

കുറെക്കാലം അങ്ങനെ വെറുതേ പോയി. ഭാവിയും വർത്തമാനവും ഇല്ലാതെ പോകുന്ന ആ കാലത്താണ് ‘കാമുകി’ എന്ന സിനിമ എടുക്കാൻ പുറപ്പെട്ടത്. സി.എൻ.ശ്രീകണ്ഠൻ നായർ തിരക്കഥയെഴുതി. ഫിലിം ഫിനാൻസ് കോ‍ർപറേഷനിൽ ലോണിന് അപേക്ഷിച്ചു. നിരസിക്കപ്പെട്ടു. അപ്പോഴാണ് കുവൈത്തിലെ ഒരു സുഹൃത്ത് (തിരുവനന്തപുരത്തുകാരനായ മരിയാനോ) കുറച്ചു പണവുമായി വന്നു സിനിമ നിർമിക്കാമെന്ന് താൽപര്യം പറഞ്ഞത്. പക്ഷേ അതുമായി ബന്ധപ്പെട്ടു ഞാൻ ചെയ്തതെല്ലാം അബദ്ധമായിരുന്നു. 

Adoor-and-sound-engineer-Devdas
‘സ്വയംവരം’ സിനിമയ്ക്കായി സൗണ്ട് എൻജിനീയർ ദേവദാസിനൊപ്പം കടലിന്റെ ശബ്ദം റെക്കോർഡ് ചെയ്തപ്പോൾ. (ഫയൽ ചിത്രം)

അഭിനയിക്കാനായി മധു, ഉഷാ നന്ദിനി, പി.ജെ.ആന്റണി, അടൂർ ഭാസി ഒക്കെ ഉണ്ടായിരുന്നു. ഡോക്യുമെന്ററികളൊക്കെ എടുത്തിരുന്നെങ്കിലും ഫീച്ചർ ഫിലിം എടുക്കുന്നതിനുള്ള പ്രായോഗിക പരിജ്ഞാനം കുറവായിരുന്നു. സിനിമ തുടങ്ങിയയിടത്തു തന്നെ നിന്നുപോയി. ഒരു ട്രയൽ ആയി അതിനു ശേഷം ചെയ്തത് കേരള ഗവൺമെന്റിന്റെ കുടുംബാസൂത്രണ പ്രചാരണത്തിനായി തയാറാക്കിയ ‘പ്രതിസന്ധി’ എന്ന ഒരു സോദ്ദേശ്യ സിനിമയായിരുന്നു. ഒരു തമാശപ്പടം. അതിലും ഈ താരങ്ങളൊക്കെ ഉണ്ടായിരുന്നു. ഞാനും ശ്രീവരാഹം ബാലകൃഷ്ണനും ചേർന്നാണ് സ്ക്രിപ്റ്റ് എഴുതിയത്. അതിൽ ആദ്യമായി അഭിനയിച്ച ജനാർദനൻ ഒക്കെ പിന്നെ വലിയ നടൻമാരായി. അതിൽ അഭിനയിച്ച ഒരു നടനുണ്ടായിരുന്നു ബി.െക.നായർ. മരിക്കുന്നതുവരെ അദ്ദേഹം എന്റെ പടങ്ങളിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ! അങ്ങനെ ചില നടൻമാർ അടൂർ സിനിമകളിൽ ഉണ്ട്. അഭിനയിക്കാൻ ആർക്കും പറ്റും എന്നാണോ 

അഭിപ്രായം?

അന്ന് അങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഇന്ന് അതു പറയില്ല. അവരിൽ പ്രതിഭ വേണം. ഹിച്ച്കോക്ക് ഒരു ഇന്റർവ്യുവിൽ പറ‍ഞ്ഞിരുന്നു, നടൻമാർ കന്നുകാലിക്കൂട്ടം പോലെയാണെന്ന്. അതു വലിയ ബഹളമായപ്പോൾ അദ്ദേഹം വിശദീകരിച്ചു– അവരെ കന്നുകാലിക്കൂട്ടം പോലെ കൈകാര്യം ചെയ്യണം എന്നാണ് പറഞ്ഞതെന്ന്. ഞാൻ അങ്ങനെയും പറയില്ല. കഴിവുള്ളവരെക്കൊണ്ടേ എന്തെങ്കിലും ചെയ്യിക്കാൻ പറ്റൂ. 

‘കാമുകി’ പോലെ സാമ്പത്തിക പ്രശ്നങ്ങൾ സ്വയംവരത്തെ ബാധിച്ചില്ലേ?

കുറെ പാഠങ്ങൾ അതു വഴിയും പഠിച്ചു. 1965ൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഇറങ്ങി 72 വരെ ഒന്നും ചെയ്യാനായില്ല. അത്രയും നാൾ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ നടത്തിപ്പും ചെറിയ ചിത്രീകരണങ്ങളുമായി പോയി. രണ്ടര ലക്ഷം രൂപയുടെ ബജറ്റിലാണ് സ്വയംവരം ചെയ്തത്. ഒന്നര ലക്ഷം ലോൺ. ശാരദയ്ക്ക് അന്ന് 25000 രൂപയായിരുന്നു പ്രതിഫലം. സംവിധായകൻ എന്ന നിലയിൽ എന്റെ കൂലിയും അതായിരുന്നു. കാശില്ലാതിരുന്നതിനാൽ എന്റെ വിഹിതമാണ് ശാരദയ്ക്കു കൊടുത്തത്. അവർ‌ക്ക് അന്ന് അത് അറിയില്ലായിരുന്നു. വളരെക്കാലത്തിനു ശേഷം ഇക്കാര്യം അവരോടു പറഞ്ഞപ്പോൾ അങ്ങനെ ചെയ്തതിൽ അവർ പരിഭവിച്ചു. ‘കൊടിയേറ്റം’ സിനിമ കൂടി കഴിഞ്ഞപ്പോൾ ചില അഭിപ്രായവ്യത്യാസങ്ങളുടെ സ്വാഭാവിക പരിണാമമായി​ ​ഞാൻ ചിത്രലേഖയിൽനിന്നു വിടുതൽ നേടി.

സ്വയംവരത്തെ പ്രാദേശിക ജൂറി ദേശീയ അവാർഡിനു ശുപാർശ ചെയ്തി‌ല്ലായിരുന്നു. ഞങ്ങൾ വകുപ്പു മന്ത്രിക്ക് വെറുതേ ഒരു കമ്പിയടിച്ചു. പടം ജൂറി ഒന്നു കാണണം എന്നു മാത്രം. പിന്നെ അത്ഭുതം സംഭവിച്ചു. ​ഞങ്ങൾ അറിയാതെ ഡൽഹിയിൽ ഉണ്ടായിരുന്ന പ്രിന്റ് വരുത്തി അവർ സിനിമ കണ്ടു. പിന്നെ ഒരു ദിവസം തിരുവനന്തപുരത്ത് പിഎംജി ജംക്‌ഷനിൽ ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ േറഡിയോ പറയുന്നതു കേട്ടു: സ്വയംവരത്തിനു നാലു ദേശീയ പുരസ്കാരങ്ങൾ എന്ന്. പ്രാദേശിക കമ്മിറ്റികൾ പിരിച്ചുവിടാൻ ജൂറി ശുപാർശയും ചെയ്തു. അങ്ങനെയും ഒരു ഗുണം സ്വയംവരം കൊണ്ടുണ്ടായി!

അതു കഴിഞ്ഞ് 3 കൊല്ലത്തിനു ശേഷമാണ് കൊടിയേറ്റം എടുത്തത്. ഇലക്ട്രിസിറ്റി ബോർഡിൽ അക്കൗണ്ടന്റായ ഗോപി എല്ലാ ദിവസവും തിരക്കഥ കേട്ടെഴുതിയെടുക്കാൻ വരുമായിരുന്നു. അവസാനം ഞാൻ പറഞ്ഞു, ഗോപിയാണ് ഇതിലെ പ്രധാന നടൻ എന്ന്. ‘‘ഞാനോ’’ എന്ന ഗോപിയുടെ അതിശയ ചോദ്യം ഓർമയുണ്ട്. 

ഈ സിനിമകൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയോ?

സ്വയംവരം നല്ല ലാഭം ഉണ്ടാക്കി. കൊടിയേറ്റം ആദ്യം ഒരു തിയറ്ററും എടുത്തില്ല. പിന്നെ രണ്ടു ചെറിയ തിയറ്ററുകൾ കിട്ടി. ഓരോ ഷോ കഴിഞ്ഞപ്പോഴും ആളുകൾ ഇരട്ടിയായി തുടങ്ങി. കോട്ടയത്തെ ഒരു തിയറ്ററിൽ 145 ദിവസം വരെ ആ സിനിമ ഓടി. എന്റെ ഒരു സിനിമയും നഷ്ടം ഉണ്ടാക്കിയിട്ടില്ല. ഏറ്റവുമവസാനം എടുത്ത ‘പിന്നെയും’ പക്ഷേ വലിയ ആക്രമണത്തിനു വിധേയമായാണ് തിയറ്ററിൽനിന്നു പുറത്തായത്. ദിലീപിന്റെ കണ്ടുശീലിച്ച പടങ്ങളുടെ തരത്തിലുള്ളതായിരുന്നില്ലല്ലോ അത്. സോഷ്യൽ മീഡിയയിലെ അവരുടെ ശ്രമം വിജയിച്ചില്ല എന്നു പറയാൻ പറ്റില്ല. കാവ്യയുടെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല റോളാണ് ഇത്. പക്ഷേ അവർക്ക് അംഗീകാരം കിട്ടാതെ പോയി. ടൊറന്റോ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ എഴുതിയത് കാവ്യയുടെ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് എന്നാണ്. 

Adoor-Gopalakrishnan-family
കുടുംബചിത്രം: അടൂർ ഗോപാലകൃഷ്ണൻ (ഇടത്തുനിന്ന്) മകൾ അശ്വതി, ഭാര്യ സുനന്ദ (2015ൽ അന്തരിച്ചു), മരുമകൻ ഷെറിങ് ദോർജെ, കൊച്ചുമകൻ താഷി എന്നിവർക്കൊപ്പം. (ഫയൽ ചിത്രം)

സംവിധായകന് അഭിനയം അറിയണോ?

നടീനടന്മാരെ അറിയണം. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. അവരെ ആ രീതിയിൽ കൈകാര്യം ചെയ്യണം. ഈ ഡയറക്ടർ ഒരു ആക്ടർ കൂടിയാണെന്ന് മമ്മൂട്ടി പറഞ്ഞതായി കേട്ടിട്ടുണ്ട്. പഴയ നാടകാഭിനയത്തിന്റെ ഫലമായിരിക്കും. സംവിധായകൻ നടനായാൽ, എങ്ങനെ വേണമെന്നു കൃത്യമായി കാണിച്ചു കൊടുക്കാൻ പറ്റും. എത്രവട്ടം വേണമെങ്കിലും തിരുത്തി അഭിനയിക്കാൻ ശാരദ തയാറായിരുന്നു. 

പിന്നെ ഞാൻ സമ്പൂർണമായ തയാറെടുപ്പോടെയുള്ള തിരക്കഥയ്ക്കു ശേഷമേ ഷൂട്ട് ചെയ്യാറുള്ളൂ. ക്യാമറ, ആംഗിൾ, ലെൻസ് ഒക്കെ ഷൂട്ടിങ് സ്ക്രിപ്റ്റിൽ വിവരിച്ചിരിക്കും. ലോകത്തുള്ള നല്ല സിനിമകൾ കുറെ കണ്ട ശേഷമാണ് സിനിമ എടുക്കാൻ ആരംഭിച്ചത്.  അവയോടാണ് താരതമ്യം വരേണ്ടത്.

സംവിധായകൻ അരവിന്ദനുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

ഞങ്ങൾ വളരെ നല്ല ഫ്രണ്ട്സ് ആയിരുന്നു. സിനിമാ പദ്ധതികളെപ്പറ്റി അദ്ദേഹം സ്ഥിരമായി എനിക്ക് കത്തെഴുതിയിരുന്നു. കോഴിക്കോട്ടെ സുഹൃത്തുക്കളുടെ പ്രേരണയിൽ ‘ഉത്തരായനം’ സിനിമ എടുക്കാൻ പോകുമ്പോൾ ഞാനുമായി ചർച്ച ചെയ്തിരുന്നു. അരവിന്ദന് ചിത്രലേഖ മെംബർഷിപ് കൊടുത്തു, 50 ശതമാനം ചെലവിൽ ഷൂട്ടിങ്ങിനുള്ള ഉപകരണങ്ങൾ –ഒരു റഷ്യൻ ക്യാമറ സഹിതം–കൊടുത്തിരുന്നു.

ദേശീയ ജൂറിയിൽ അന്ന് ഭഗവാൻ സഹായ്, ഒ.വി. വിജയൻ, സതീഷ് ബഹാദൂർ ഒക്കെ ആയിരുന്നു അംഗങ്ങൾ. എന്നാൽ ആദ്യത്തെ പത്തു ചിത്രങ്ങളിൽ ‘ഉത്തരായനം’ വന്നില്ല. ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നും പ്രത്യേക പുരസ്കാരം നൽകണമെന്നും ഞാൻ വാദിച്ചു. വിജയൻ ഉൾപ്പെടെ പിന്തുണച്ചു. അങ്ങനെയാണ് പ്രത്യേക പുരസ്കാരം കിട്ടിയത്. തിരിച്ചു ഞാൻ മദ്രാസിലെത്തി എം. ഗോവിന്ദനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇവിടെ ഒരു സംസാരം നടക്കുന്നുണ്ട്, അടൂർ പോയി അരവിന്ദന്റെ ദേശീയ അവാർഡ് തട്ടിക്കളഞ്ഞു എന്ന്. എന്തുചെയ്യും ? അരവിന്ദൻ അങ്ങനെയാണ് പിന്നീട് അകന്നു പോയത്.

റിത്വിക് ഘട്ടക്ക് താങ്കളുടെ ഗുരുവായിരുന്നു. സത്യജിത് റായി വഴികാട്ടിയും. അവർക്കു ശേഷമുണ്ടായ ബംഗാളി സിനിമകൾ കൂടുതലും വ്യക്തമായ രാഷ്ട്രീയ ചിത്രങ്ങളായിരുന്നു. താങ്കൾ അങ്ങനെ ആലോചിച്ചിരുന്നോ ?

എന്റെ എല്ലാ ചിത്രത്തിലും രാഷ്ട്രീയമുണ്ട്. ഒരു ആശയം വല്ലാതെ ബാധിച്ചുവെങ്കിൽ മാത്രമേ ഞാൻ സിനിമ എടുക്കാറുള്ളൂ. കേരളത്തിന്റെ ജീവിതം കാണിക്കുമ്പോൾ അതിൽ രാഷ്ട്രീയം വരാതിരിക്കാൻ ഒക്കില്ല. പൊളിറ്റിക്കൽ ആയിട്ടാണ് നമ്മുടെ പ്രതികരണങ്ങൾ. ‘എലിപ്പത്തായം’ കണ്ടു മൃണാൾ സെൻ ചോദിച്ചത് ഇത്ര ഭയങ്കരമായ അനുഭവത്തിലൂടെ താങ്കൾ കടന്നു പോയിട്ടുണ്ടോ എന്നാണ്. എന്തുകൊണ്ടാണ് ആ ചോദ്യമെന്നു ചോദിച്ചപ്പോൾ, അത് ആ സിനിമയിൽ ഉണ്ട് എന്നാണ് സെൻ പറഞ്ഞത്. 

കേരളത്തിന്റെ ചലച്ചിത്രങ്ങളെ എങ്ങനെയാണ് ലോകസിനിമാ വേദി അക്കാലത്ത് സ്വീകരിച്ചത്?

എന്റെ അനുഭവം പറയാം. ‘എലിപ്പത്തായം’ സിനിമ കേരളീയർക്കു മാത്രമേ കൃത്യമായി മനസ്സിലാകൂ എന്ന ധാരണയായിരുന്നു എനിക്ക്. കാൻ ഫെസ്റ്റിവലിൽ സിനിമ കണ്ട ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ജോൺ ഗില്ലറ്റ് അതു ലണ്ടനിലേക്കു ക്ഷണിച്ചു. അതിന്റെ സാർവദേശീയതയാണ് ജോൺ ഗില്ലറ്റ് അംഗീകരിച്ചത്. മലയാളി ശരിക്കും ആ സിനിമയിൽ ഉണ്ടായിരുന്നു എന്നാണ് അതിനർഥം എന്നു ഞാൻ മനസ്സിലാക്കുന്നു. ‘അത്യന്തം മൗലികവും ഭാവനാത്മകവും ആയ സിനിമ’ എന്ന പുരസ്കാരമാണ് അവർ അതിനു തന്നത്. ഗില്ലറ്റ് എന്റെ ചലച്ചിത്ര ജീവിതത്തിലെ വലിയ സുഹൃത്തായി.

സത്യജിത് റായിയുമായുള്ള ബന്ധം

ഡൽഹിയിൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊടിയേറ്റത്തിന്റെ സ്വകാര്യ പ്രദർശനത്തിന്, പരിചയമില്ലെങ്കിലും റായിയെ പോയി കണ്ടു ക്ഷണിച്ചു. സിനിമ തുടങ്ങി കുറച്ചുനേരത്തിനുള്ളിൽ വലിയ ശബ്ദത്തിൽ തിയറ്റർ മുഴക്കി ചിരിക്കാൻ തുടങ്ങി റായി. പ്രദർശനത്തിനു ശേഷം ഒരുമിച്ചിരിക്കുമ്പോൾ, സിനിമയ്ക്ക് ബാക്ക് ഗ്രൗണ്ട് സ്കോറിനു പ്ലാൻ ഇല്ലേ എന്നു ചോദിച്ചു. പൊങ്ങുതടി പോലെ നടക്കുന്ന ഒരു ജീവിതത്തെ പശ്ചാത്തല സംഗീതം കൊണ്ട് അടിവരയിട്ടു തളച്ചിടാൻ പാടില്ല എന്നു ഞാൻ പറഞ്ഞു.

പടങ്ങൾ കൊൽക്കത്തയിൽ കാണിക്കുമ്പോഴെല്ലാം അദ്ദേഹത്തെ ക്ഷണിക്കുമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോഴും ‘മതിലുകൾ’ കാണാൻ അദ്ദേഹം ഒരുപാടു പടികൾ കയറിവന്നു. മൃണാൾ സെൻ എനിക്ക് ജ്യേഷ്ഠ സഹോദരനാണ്. അദ്ദേഹത്തിന്റെ ആത്മകഥ എഴുതി പൂർത്തിയാക്കിയ സമയത്താണ് സെൻ ‘നിഴൽക്കുത്ത്’ കണ്ടത്. ആമുഖം മാത്രമേ എഴുതാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നെ അതിശയിപ്പിച്ച് ആത്മകഥയുടെ ആമുഖത്തിൽ അദ്ദേഹം നിഴൽക്കുത്തിനെപ്പറ്റി ആസ്വാദനം എഴുതി.

വൈക്കം മുഹമ്മദ് ബഷീറുമായുള്ള അടുപ്പം?

അതു രസമാണ്. ബഷീറിന്റെ അനുഗ്രഹം ആ സിനിമയ്ക്ക് (മതിലുകൾ) ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ട് ചെറിയൊരു പ്രതിഫലം നൽകി അനുഗ്രഹം തേടിയപ്പോൾ അതിൽ നിന്ന് പത്തു രൂപ എനിക്കും അഞ്ചുരൂപ ഭാര്യയ്ക്കും രണ്ടു രൂപ മകൾക്കുമായി തന്നു. ഈ പടം കൊണ്ട് ഗോപാലകൃഷ്ണന് നല്ല പണവും പ്രശസ്തിയും കിട്ടുമെന്ന് അനുഗ്രഹിച്ചു. അതു രണ്ടും സത്യമായി. ആ വർഷം കേരളത്തിലെ പുരസ്കാരസമിതിയുടെ അധ്യക്ഷൻ എം.എസ്.സത്യു ആയിരുന്നു. സിനിമയ്ക്ക് സമ്മാനം ഒന്നും കിട്ടിയില്ല. കഥയ്ക്കുള്ള അവാർഡ് ബഷീറിന്. പത്രക്കാർ ചോദിച്ചപ്പോൾ കഥപോലെ സിനിമ ശരിയായില്ല എന്നാണ് സത്യു പറഞ്ഞത്. താങ്കൾ കഥ വായിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടിയും. അന്നു പത്രങ്ങളിൽ അതു വലിയ തമാശയായി വന്നു.

ഏറ്റവും അടുത്ത്, കവി വൈരമുത്തുവിന് പുരസ്കാരം കൊടുത്തത് വലിയ വിവാദമായി, താങ്കളുടെ അഭിപ്രായവും.

എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. അതു തന്നെയാണ് നിലപാടും. കലാ പുരസ്കാരങ്ങൾ സ്വഭാവ സർട്ടിഫിക്കറ്റല്ല. അങ്ങനെയെങ്കിൽ ലോകോത്തര സാഹിത്യം പലതും വായിക്കാൻ പറ്റില്ല. പക്ഷേ, ഒഴിഞ്ഞുപോയ വിവാദത്തിൽ വീണ്ടും തർക്കം പറയാൻ ഞാനില്ല. 

ഈ എൺപതാം വയസ്സിൽ ഭാര്യ സുനന്ദയുടെ വിയോഗം ഒറ്റപ്പെടൽ ആയി തോന്നുന്നുണ്ടോ ?

‘‘വിയോഗത്തിന്റെ അനുഭവം അങ്ങനെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ലല്ലോ. അതു വിട്ടുപോകുകയുമില്ല. കോവിഡ് കാലമായതിനാൽ മകൾക്കും കുടുംബത്തിനും രണ്ടു വർഷമായി ഇങ്ങോട്ടു വരാനും പറ്റിയിട്ടില്ല. പക്ഷേ, ഞാൻ വളരെ തിരക്കിലാണ്. പുതിയ സിനിമയെപ്പറ്റി ഒന്നും പറയാറായിട്ടില്ല. വായിക്കാനും എഴുതാനും ഇഷ്ടംപോലെയുണ്ട്’’.

എട്ടു പതിറ്റാണ്ടു മുൻപ് അടൂർ ഗോപാലകൃഷ്ണൻ ജനിച്ച ഉടനെ വീട്ടുകാർ ജാതകം എഴുതിച്ചു. ജ്യോൽസ്യൻ ഭാവി പ്രവചിച്ചത് കുതിരപ്പട്ടാളത്തിലെ നായകൻ ആകുമെന്നായിരുന്നു. (അന്ന് തിരുവിതാംകൂറിലെ പട്ടാളത്തിൽ നായൻമാരെയാണ് എടുക്കുക. ക്യാപ്റ്റൻ സ്ഥാനം ഉണ്ണിത്താൻമാർക്കാണ്. ആ വിജ്ഞാനം വച്ച് ജ്യോൽസ്യൻ ഒന്നു നീട്ടിയെറിഞ്ഞതായിരിക്കും ഈ ഭാവി എന്ന് അടൂർ). കുതിരപ്പുറത്ത് ഒരിക്കലും കയറിയിട്ടില്ലെങ്കിലും വിശ്വചലച്ചിത്രലോകത്തേക്കുള്ള അശ്വമേധത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നായകൻ തന്നെയായി പിൽക്കാലം അടൂർ.

Content Highlight: Adoor Gopalakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com