സോളമന്റെ ദര്‍ശനങ്ങൾ

fr-solomon-1248
ഫാ. സോളമൻ ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
SHARE

യഹ് ജമീൻ ബംജർ ധീ...

2005.  മധ്യപ്രദേശ്. സാഗർ ജില്ലയിലെ ടെഡ ഗ്രാമം. ആദിവാസികളുടെ വരണ്ടു കിടന്നിരുന്ന കുന്നിൻ ചുവട്ടിൽ നിൽക്കുകയായിരുന്നു ശലമോൻ. കൊമ്പൊടിഞ്ഞാമ്മാക്കൽ കടമ്പാട്ടുപറമ്പിൽ ഫാ. സോളമൻ.

മലമുകളിൽ മഴവെള്ളം തട്ടുതട്ടായി കെട്ടിനിർത്തി അതിലൂടെ നീരുറവകൾ പൊട്ടി താഴേക്ക് കിനിഞ്ഞിറങ്ങി തടാകത്തിലേക്കു ശുദ്ധജലം ഒഴുകിയെത്തിയിരിക്കുന്നു. വെള്ളത്തിനൊപ്പമെത്തിയ മണ്ണിൽ എന്തു നട്ടാലും കിളിർക്കും...

പാഴ്ഭൂമിയിൽ സ്വർഗം സൃഷ്ടിച്ച മണ്ണിൽ ചവിട്ടിനിന്നു ഫാ. സോളമൻ പറഞ്ഞു: യഹ് ജമീൻ ബംജർ ധീ... ഇതൊരു പാഴ്ഭൂമി ആയിരുന്നു... കോടിക്കണക്കിനു വർഷം മുൻപ് ഭൂമി സൃഷ്ടിച്ചശേഷം സ്വർഗത്തിലിരുന്നു ദൈവം പറഞ്ഞു: സബ്കുച്ച് ബഹുത് അച്ചാ ഹൈ! എല്ലാം നന്നായിരിക്കുന്നു. അതുപോലെ.

കുന്നിൻ മുകളിലെ തരിശുഭൂമിയെ ഫലഭൂയിഷ്ഠമാക്കിയ സോളമന്റെ ആ സൃഷ്ടി സ്വർഗത്തിലിരുന്നു ‘കണ്ട്’ ദൈവം വീണ്ടും ചുണ്ടനക്കിയിട്ടുണ്ടാവും: കാഴ്ചയില്ലാത്തവരുടെ ജീവിതം എത്രമേൽ സങ്കടകരമാണെന്ന് സോളമന് അറിയാമോ?

ഏറെക്കുറെ! എന്നു മനസ്സിൽ പറഞ്ഞിട്ടുണ്ടാവും സോളമൻ.കേട്ടപടി ദൈവം ഇങ്ങനെ കൂട്ടിച്ചേർത്തു.ഇനി നിന്റെ ആവശ്യം ഇവിടില്ല. നിന്നെ ആവശ്യം അങ്ങ് കേരളത്തിലുള്ള കാഴ്ചയില്ലാത്ത ജനങ്ങൾക്കാണ്.  

തൃശൂർകാരനായ ആ സിഎംഐ വൈദികൻ തിരികെ തന്റെ പ്രൊവിൻഷ്യൽ ഹൗസിലേക്ക് ബൈക്കിൽ സഞ്ചരിച്ചു. ഇടയ്ക്ക് അവിടെയും ഇവിടെയുമൊക്കെ ബൈക്ക് പോയി മുട്ടുന്നത് സോളമൻ അറിഞ്ഞു. മുന്നിലെ വാഹനങ്ങളും മറ്റുമായുള്ള അകലം അളക്കാൻ കഴിയാത്തതുപോലെ. 

ഭോപാൽ സെന്റ് പോൾസ് പ്രോവിൻസിൽ സുപ്പീരിയർ പദവിയിലാണ് അന്നു ഫാ. സോളമൻ. ഒപ്പിടാൻ മുന്നിലെത്തിയ ഒരു പേപ്പറിൽ നോക്കിയിരിപ്പാണ്. ഒപ്പിടാൻ പറ്റുന്നില്ല. ഒപ്പിടേണ്ട സ്ഥലം രണ്ടായി കാണുന്നു. കാഴ്ചയില്ലാത്തവരുടെ ദുരിതം സോളമന് അറിയാമോ എന്ന് ഉള്ളിലിരുന്നാരോ ചോദിക്കുന്നതുപോലെ.

അടുത്ത ‘കാഴ്ച’യിൽ സോളമൻ ഹൈദരാബാദിലെ എൽവി പ്രസാദ് കണ്ണാശുപത്രിയിൽ. ഒരു പറ്റം ഡോക്ടർമാരുടെ നടുവിൽ ഇരിക്കുകയാണ്. പുകമറയ്ക്കപ്പുറത്തു നിന്ന് അതിലൊരാൾ പറയുന്നു. സോളമൻ, താങ്കളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരിക്കുന്നു. 75% അന്ധനാണിപ്പോൾ. താങ്കൾക്കു താമസിയാതെ കാഴ്ച പൂർണമായും നഷ്ടപ്പെടും.! 

സാഗറിലെ ടെഡയിലെ കുന്നിൽ സോളമൻ സൃഷ്ടിച്ച നീരുറവയിൽ ജലം കിനിഞ്ഞു. അത് സോളമന്റെ കണ്ണിൽ നിന്ന് ഉറവയായി ഇറ്റി വരുന്നുണ്ടായിരുന്നു അപ്പോൾ.

അന്ധതയുടെ സർട്ടിഫിക്കറ്റിന് ഒരപേക്ഷ എഴുതിത്തരൂ. ഡോക്ടർ വീണ്ടും പുകമറയ്ക്കപ്പുറത്തു നിന്നു സംസാരിക്കുന്നു. 

ദേഷ്യപ്പെട്ടു സോളമൻ തപ്പിത്തടഞ്ഞു പുറത്തിറങ്ങി. പിന്നെ മനസ്സ് തണുത്തപ്പോൾ തിരികെക്കയറി. അപേക്ഷയിൽ ഡോക്ടർ വിരൽ മുട്ടിച്ചിടത്ത് സ്വന്തം വിരൽ മുട്ടിച്ചുവച്ച് അവിടെ സോളമൻ ഒപ്പുവച്ചു.അവിടെത്തുടങ്ങുന്നു; സോളമന്റെ ഉത്തമദർശനങ്ങൾ.

ജന്മിമാർ ധാന്യം ‘കാണരുത്’

ഫാ. സോളമൻ കടമ്പാട്ടുപറമ്പിലിന് ഇപ്പോൾ 47 വയസ്സ്. കാഴ്ച ഏതാണ്ട് പൂർണമായി നഷ്ടപ്പെട്ടിട്ട് വർഷം 12. ആ കാലയളവ് സോളമന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു. സന്തോഷിക്കാൻ, സേവനം ചെയ്യാൻ, മറ്റുള്ളവന്റെ മുഖത്തു ചിരി വിരിയുന്നതു കാണാൻ കാഴ്ച ആവശ്യമില്ല എന്ന് ആരുടെയും മുഖത്തു നോക്കി സോളമൻ പറയും ഇപ്പോൾ.

സങ്കടത്തിന്റെ ഒരു വലിയ വ്യാഴവട്ടം കടന്നുപോയത് മറക്കാനാവില്ല. കാഴ്ച പോയില്ലേ, ഇനി ഒന്നിനും കൊള്ളില്ല എന്നു പലരും പറഞ്ഞപ്പോൾ അവർ ഓർത്തില്ല, സോളമന് കാതു കേൾക്കുമെന്ന്. കണ്ണുപോയാൽ കാതിനു കേൾവി കൂടുമെന്നാണല്ലോ.

ആ വാക്കുകൾ കേൾക്കുമ്പോൾ സോളമൻ കണ്ണടയ്ക്കും. ഉള്ളിൽ ആ പഴയകാലം തെളിഞ്ഞു വരും. 

മധ്യപ്രദേശിലെ റൈസൺ ജില്ല. ആദിവാസികൾക്കായി തുടങ്ങിയ മൈത്രി വികാസ് കേന്ദ്രം. റൂറൽ ഡവലപ്മെന്റ് സൊസൈറ്റി. 

മുതലാളിമാർ എപ്പോഴും അടിമകളെ സൃഷ്ടിക്കുന്നു. കർഷകർ ഉണ്ടാക്കുന്ന ധാന്യങ്ങൾ ജന്മിമാർ മോഷ്ടിക്കും.

അവരുടെ കണ്ണിൽ പെടാതെ ധാന്യം സൂക്ഷിക്കാൻ ഗോഡൗൺ നിർമിച്ചു. സീഡ് ബാങ്ക് പ്രോഗ്രാം തുടങ്ങി. കുട്ടികൾക്കു വിദ്യാഭ്യാസം, 10 പാസാകാത്തവർക്ക് അതിനുള്ള പഠനം, കംപ്യൂട്ടർ പരിശീലനം.

MAലേറിയ

ഈ 4 വർഷത്തിനിടെ പത്തിലേറെ തവണ മലേറിയ വന്നു ഫാ. സോളമന്. മലേറിയ എന്ന് ഇംഗ്ലിഷിൽ എഴുതുമ്പോൾ ആദ്യത്തെ 2 അക്ഷരം. എംഎ. അതായിരുന്നു അപ്പോഴും സോളമന്റെ വിഷയം.നാലാമത്തെ എംഎ, സൈക്കോളജിയിൽ. ഹിന്ദി, സോഷ്യോളജി, ക്രിസ്ത്യൻ സ്റ്റഡീസ് എന്നിവയിലാണ് മറ്റ് എംഎകൾ. സൈക്കോളജി പഠിച്ച് സ്കൂളുകളിൽ വിദ്യാർഥികൾക്കു കൗൺസലിങ് തുടങ്ങി.  

ആ ഓർമകളുടെ ഇങ്ങേയറ്റം, കാഴ്ച മങ്ങുന്നു. രാത്രി ഒന്നും കാണാനാവുന്നില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ ബൈക്കോടിച്ചു പോകാൻ ഇഷ്ടപ്പെട്ടിരുന്ന സോളമന് അകലം അളക്കാനാവുന്നില്ല. അപകടം പതിവായതോടെ ബൈക്ക് എടുക്കാതായി. ഭോപ്പാൽ സെന്റ് പോൾസ് പ്രോവിൻസിൽ സുപ്പീരിയർ പദവിയിലിരിക്കെ ഒപ്പിടാൻ പേപ്പർ മുന്നിൽ വരുന്നു... അയ്യോ, ഒപ്പിടാനാവുന്നില്ലല്ലോ..!  

സഭാ അധികൃതരോട് സോളമൻ പറഞ്ഞു. കാഴ്ചയില്ലാതെ ഇവിടെ നിൽക്കാൻ താൽപര്യമില്ല. നാട്ടിൽ ധ്യാനകേന്ദ്രങ്ങളിലോ മറ്റോ പോകാം. കുമ്പസാരം കേട്ടും ആളുകളുടെ സങ്കടങ്ങൾക്കു പരിഹാരം പറഞ്ഞുകൊടുത്തും കഴിയാം. കണ്ണില്ലാത്തതിനാൽ ഇനി എന്നെക്കൊണ്ട് ഉപകാരമില്ലെന്നു പലരും പറയുന്നല്ലോ..!

കാണാപ്പാഠം

2014

തൃശൂർ അമല ആശുപത്രിയിൽ സേവനത്തിനു വിളിക്കപ്പെട്ടു. സ്പിരിച്വൽ ആനിമേറ്റർ എന്ന ബോർഡ് മുന്നിലുണ്ട്. അച്ചൻ ഇതുവരെ കണ്ടിട്ടില്ലാത്ത ബോർഡ്. അച്ചൻ വീണ്ടും കുട്ടിയായി. കാണാപ്പാഠം ചൊല്ലിപ്പഠിക്കുന്ന കുട്ടി. കുർബാന കാണാതെ ചൊല്ലിപ്പഠിച്ചു. ചാപ്പലിൽ കാണാക്കുർബാന ചൊല്ലും. അച്ചന്റെ സ്പെഷൽ ‘ബൈഹാർട്ട് കുർബാന’.

അമലയിൽ മരിക്കാറായി കിടക്കുന്ന രോഗികൾക്കു രോഗീലേപനം കൊടുക്കണം. ആ പ്രാർഥനയും കാണാതെ പഠിച്ചു. എണ്ണിയാലൊടുങ്ങാത്തവിധം നീളൻ വരാന്തകളുള്ള അമല ആശുപത്രിയിലെ വരാന്തകളും കാണാപ്പാഠമായി. അച്ചൻ നടന്നുപോകുന്നതു കാണുമ്പോൾ കാഴ്ചയില്ലെന്ന് ആർക്കുമറിയില്ല. ഒരു നിഴൽപോലെന്തോ ഒന്ന് ഇപ്പോഴും കൺമുന്നിലുണ്ടെന്ന് സോളമൻ പറയുന്നു. അതു ചെറിയൊരു കാഴ്ചയാകാം, ചിലപ്പോൾ ദൈവമാകാം.

‍ഡേ നൈറ്റ് ടെസ്റ്റ് 

ബ്രെയിൽ ലിപി പഠിക്കാൻ സോളമൻ തീരുമാനിച്ചു. അബിൽ എന്നൊരു പയ്യനായിരുന്നു ഗുരു. അച്ചൻ പേടിക്കേണ്ട, ബ്രെയിൽ ലിപി പഠിച്ചാൽ മതി എന്ന ഉപദേശവുമായി.ബ്രെയിൽ പഠിക്കുന്നതിനിടയിലാണ് അബിലിന്റെ കുറച്ചു കൂട്ടുകാർ അച്ചനെ തപ്പി വന്നത്. അവിടെ തുടങ്ങി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സ്... എ ഡേ നൈറ്റ് ടെസ്റ്റ്.  രാവും പകലും ഒരുപോലെ ഇരുട്ടായ സോളമന്റെ പരീക്ഷണം.

വന്ന കൂട്ടുകാരുടെ സംസാരത്തിനിടയിൽ എപ്പോഴോ ക്രിക്കറ്റ് വിഷയമായി... നമ്മളെല്ലാം കാഴ്ചയില്ലാത്തവർ. നമുക്കൊരു ക്രിക്കറ്റ് ടീമില്ല. ഉണ്ടാക്കിയാലോ? ആരോ ചോദിച്ചു.ആ സംഭാഷണം എത്തിച്ചേർന്നത് ദർശന ക്ലബിലാണ്. കാഴ്ചയില്ലാത്തവരുടെ ദർശനങ്ങൾ.ദേവമാതാ സ്കൂൾ മുറ്റത്ത് ഒരുമിച്ചു കൂടി. ക്രിക്കറ്റ് കളി തുടങ്ങി. ദർശന ബ്ലൈൻഡ്സ് ക്രിക്കറ്റ് ക്ലബ്. 2017 ഡിസംബർ പത്തിനായിരുന്നു തുടക്കം. 

ദർശന ടീമിനു സഹ ശാഖകളുണ്ടായത് പെട്ടെന്ന്. ദർശന സ്ട്രൈക്കേഴ്സ്, ദർശന സ്റ്റാർസ് തിരുവനന്തപുരം... ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബ്ലൈൻഡ്സ് കേരളയിൽ അംഗത്വം. 

ഓൾറൗണ്ടർ

ദർശന ക്ലബിന്റെ അംഗത്വം നൂറുകടന്നു മുന്നോട്ടു പോയി. കാഴ്ചയില്ലാത്തവരുടെ കളങ്കമില്ലാത്ത സ്നേഹവും കൂട്ടായ്മയും സോളമനു കരുത്തായി. പിന്നെ പിടിച്ചാൽ കിട്ടാത്ത ഓൾറൗണ്ടർ മികവിലേക്ക് ദർശന ക്ലബും സോളമനും റൺസ് അടിച്ചു കൂട്ടി.

ഇരുളേറ്റം നാടൻപാട്ട് കലാസമിതിയായിരുന്നു അടുത്തത്. അന്ധരുടെ ശിങ്കാരിമേളം ടീം ഉണ്ടാക്കി. അന്ധർക്കുള്ള ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഇതിലേക്കും താരങ്ങളെ കണ്ടെത്തി.   നീന്താനിഷ്ടമാണ് പക്ഷേ, ഒരു മീൻ കണ്ണ് പോലും നമുക്കില്ലല്ലോ എന്നാരോ പറഞ്ഞു. പാംബ്രീസ് കല്ലൂർ എന്ന ക്ലബിൽ കൊണ്ടുപോയി അന്ധരെ നീന്താൻ പഠിപ്പിക്കാൻ മുൻകയ്യെടുത്തതും സോളമനാണ്. റീജൻസി ക്ലബിലെ നീന്തൽകുളത്തിലും പരിശീലനം നൽകി. ആ മുന്നേറ്റം കേരളത്തിന് ഒരു തിളക്കം കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. ഇവർ കാണാത്ത തിളക്കം. നാഷനൽ പാരാ ഒളിംപിക്സിൽ നീന്തലിൽ വെങ്കലമെഡൽ – 70% കാഴ്ചയില്ലാത്ത പാലക്കാട് വടക്കാഞ്ചേരി സ്വദേശി മനോജ്. 

300 നോട്ടൗട്ട്

വീൽചെയറിൽ കഴിയുന്നവരടക്കം മുന്നൂറോളം പേരുണ്ട് ഇപ്പോൾ ദർശന ക്ലബിൽ. വീൽചെയറിൽ കഴിയുന്നവർക്കു ക്രിക്കറ്റിലും നീന്തലിലുമൊന്നും പങ്കെടുക്കാൻ കഴിയുന്നില്ലെന്നതിന്റെ സങ്കടം കാഴ്ചയില്ലെങ്കിലും സോളമൻ കണ്ടറിഞ്ഞു. അങ്ങനെയാണ് വീൽചെയർ ബാസ്കറ്റ്ബോളിലേക്കുള്ള വരവ്. മുണ്ടൂർ നിർമലജ്യോതി സ്കൂൾ മുറ്റത്ത് പരിശീലനം. ഒരു സ്പോർട്സ് വീൽചെയറിന് 38,000 രൂപ വിലവരും. എട്ടുപേർക്ക് വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി. ഇവരും മുന്നേറുകയാണ്. അന്ധരുടെ ഫുട്ബോൾ ടീം, ജീവന്റെ ഉറവ ഓർക്കസ്ട്ര... ദർശനയുടെ ഓൾറൗണ്ട് മികവ് ഇങ്ങനെ മുന്നോട്ട്. എറണാകുളത്തെ മാർഷ്യൽ ക്ലബ്ബുമായി ചേർന്നു ജൂഡോ അഭ്യസിപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു. ദർശന യുട്യൂബ് ചാനലിൽ മാർഗദർശികൾ എന്ന പരിപാടിയിൽ അന്ധരുടെ ജീവിതം പരിചയപ്പെടുത്തുന്നു. ഇത് 370 വിഡിയോ ആയിക്കഴിഞ്ഞു. 100 എപ്പിസോഡ് ചെയ്തത് സോളമൻ.

ലാസ്റ്റ് ഓവർ

ദർശന പകർന്ന ഇത്തിരിവെളിച്ചത്തിന്റെ സന്തോഷത്തിൽ,  കാഴ്ചയില്ലാത്തവൾ സിബില ഒരിക്കൽ ഫാ.സോളമനോടു പറഞ്ഞു:അച്ചന്റെ കണ്ണ് ദൈവം കളഞ്ഞതാണ്, ഞങ്ങൾക്കു വേണ്ടി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA