ദിവാനെ വെട്ടിയ ധീരത; കെ.സി.എസ്. മണിയുടെ ജന്മശതാബ്ദിക്കു ജൂലൈ 9നു തുടക്കം

kcs-mani-statue-1248
കെ.സി.എസ്.മണിയുടെ തറവാട്ട് വീടായ അമ്പലപ്പുഴ കോനാട്ട് മഠത്തിനു മുന്നിലെ സ്മാരക ശിൽപം. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ
SHARE

തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപിച്ച സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകൻ കെ.സി.എസ്. മണിയുടെ ജന്മശതാബ്ദിക്കു ജൂലൈ 9നു തുടക്കം.  കെ.സി.എസ്. മണിയുടെ ജന്മദിനം ചരിത്ര ഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്തിയ‍ിട്ടില്ല. ഭാര്യ ലളിതമ്മാളിന്റെ  ഡയറിയിൽ അവരുടെ തമിഴ് കയ്യെഴുത്തിൽ മണിയുടെ പിറന്നാൾ ഇങ്ങനെ കുറിച്ചിരിക്കുന്നു– ‘കെസിഎസ് മണി പിറന്തനാൾ – 9.7.1922

കോട്ടയം ബാറിലെ അഭിഭാഷകനായിരുന്ന കൃഷ്ണവാരിയർ ദേശബന്ധു പത്രത്തിന്റെ ഓഫിസിലേക്കു കയറിച്ചെന്നു. പത്രത്തിൽ അദ്ദേഹത്തെക്കുറിച്ചൊര‍ു വാർത്തയുണ്ട്. അതെപ്പറ്റി സംസാരിക്കണം. എഡിറ്റോറിയൽ ഡെസ്ക്കിൽ മണി എന്നൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാർത്തയെപ്പറ്റിയുള്ള വർത്തമാനം പറഞ്ഞ് അടിയായി. മണി കഴുത്തിനു പിടിച്ചു, തല്ലി എന്നു വാരിയരുടെ അന്യായം കോടതിയിലെത്തി. പ്രതിക്കു വേണ്ടി ഹാജരാകേണ്ടെന്ന് അഭിഭാഷകർ ഒറ്റക്കെട്ടായി തീരുമാനിച്ചു. മണി സഹായത്തിനു കെ.ടി. തോമസ് എന്ന അഭ‍ിഭാഷകനെ കണ്ടു. ബാർ അസോസിയേഷന്റെ വിലക്കു ലംഘിച്ചു പ്രതിക്കു വേണ്ടി കെ.ടി. തോമസ് ഹാജരായി. വാദിയുടെ മൊഴി സ്വീകരിച്ചെങ്കിലും പ്രതിയുടെ പ്രവൃത്തിയിലും ന്യായമുണ്ടെന്നു കണ്ടെത്തി കോടതി മണിയെ വിട്ടയച്ചു. 

1964–65 കാലത്താണ് സംഭവം. അന്നു പ്രതിയായ മണി, അതിന് ഒന്നരപ്പതിറ്റാണ്ടു മുൻപു മറ്റൊരു കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു– തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരെ വെട്ടിയ കേസിൽ; കെ.സി.എസ്. മണി എന്നാൽ അമ്പലപ്പുഴ കോനോത്തു മഠത്തിൽ ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ. മണിയുടെ പഴയ വക്കീൽ പിന്നീടു സുപ്രീം കോടതി ജഡ്ജിയായിത്തീർന്ന ജസ്റ്റിസ് കെ.ടി. തോമസ് 

kcs-mani-house
കെ.സി.എസ്. മണി കോനാട്ട് മഠത്തിനു മുന്നിൽ (ഫയൽ ചിത്രം)

കെ.സി.എസ്. മണി എന്ന വീരന്റെ ജന്മശതാബ്ദിക്കു തുടക്കമാകുകയാണ് ജൂലൈ 9ന്. കഴിഞ്ഞ നൂറ്റാണ്ടിലെ കേരള ചരിത്രത്തെ വഴിതിരിച്ചു വിട്ടിട്ടും ചരിത്രകാരന്മാർ സൗകര്യം പോലെ അവഗണിച്ച ധീരദേശാഭിമാനിയുടെ ജീവിതയാത്രയിലൂടെ...

മരണത്തെ പ്രണയിച്ച മണി

അമ്പലപ്പുഴ കോനാട്ടു മഠത്തിന്റെ വാതിൽക്കൽ കെ.സി.എസ്. മണിയുടെ ഒരു ശിൽപമുണ്ട്. അദ്ദേഹത്തിന്റേതായി അവശേഷിക്കുന്ന ഏക സ്മാരകം! കോനാട്ടു മഠത്തിൽ മണ‍ിയുടെ ഓർമകളിൽ മുഴുകി ജീവിച്ചിരുന്ന ഭാര്യ ലളിതമ്മാൾ നാലു‍ വർഷം മുൻപ് അന്തരിച്ചു. ലളിതമ്മാളിന്റെ സഹോദരിയും കുടുംബവുമാണ് തറവാട്ടിലുള്ളത്.

കെ.സി.എസ്. മണിയുടെ ജന്മദിനം ചരിത്ര ഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്തിയ‍ിട്ടില്ല. ചരിത്രമാകാതെ ശേഷിക്കുന്ന ലളിതമ്മാളിന്റെ ഒരു ഡയറിയിൽ അവരുടെ തമിഴ് കയ്യെഴുത്തിൽ മണിയുടെ പിറന്നാൾ ഇങ്ങനെ കുറിച്ചിരിക്കുന്നു– ‘കെസിഎസ് മണി പിറന്തനാൾ – 9.7.1922

മണിയുടെ അച്ഛൻ കോനാട്ടു മഠത്തിൽ ചിദംബരയ്യരുടെ മനസ്സ് ഇടയ്ക്കിടെ നിയന്ത്രണം വിടും. 1104 ചിങ്ങത്തിലെ അഷ്ടമി രോഹിണി ഉത്സവം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഊട്ടു നടക്കുന്നു. ഏഴു വയസ്സുകാരനായ മണി കുളപ്പുരയ്ക്കടുത്തു കസവു നേരിയത് ഉടുത്തു നിൽക്കുന്നു. പെട്ടെന്ന് അച്ഛൻ അടുത്തേക്കു വന്നു. ഭീകരമായ മുഖഭാവം. അടുത്തെത്തിയ കുട്ടിയെ അച്ഛൻ കാലിൽ തൂക്കി കുളത്തിലേക്കെറിഞ്ഞു. കൈകൾ കുഴഞ്ഞു കരയിലേക്കു നീന്തിയടുത്ത അവൻ അഴിഞ്ഞുപോയ ഉടുതുണിയെക്കുറിച്ചോർക്കാതെ ശീവേലിപ്പുരയുടെ പിന്നിലൂടെ വീട്ടിലേക്കോടി.

ചിദംബരയ്യരെ പേടിച്ച് അമ്പലപ്പുഴയിൽ കടകൾ നേരത്തേ അടച്ചു. വീട്ടിലെത്തിയ ചിദംബരയ്യർ, കിടക്കുകയായിരുന്ന മകനടുത്തേക്കെത്തി. മണി കണ്ണുകൾ പകുതി തുറന്ന് ആ കാഴ്ച കണ്ടു. തൊട്ടടുത്ത് അമ്മയുണ്ടായിര‍ുന്നു.

‘അന്ത കുളന്തയെ കൊല്ലട്ടുമാ?’ അച്ഛൻ അലറി.

‘നമ്മ കുളന്തയല്ലവാ, കൊല്ലുവാളാ?’ അമ്മയുടെ ചോദ്യത്തിനു മുന്നിൽ ചിദംബരയ്യർ അദ്ഭുതകരമായി അടങ്ങി.

ജലം മരണമുഖമായി മുന്നിൽ നിൽക്കുന്നത് മണി പിന്നീടും കണ്ടു. അമ്പലപ്പുഴയിൽ തേഡ് ഫോം പഠിക്കുന്ന കാലം. സ്കൂളിൽനിന്നു കടലിൽ കളിക്കാൻ പോയതാണു മണി. അപ്രതീക്ഷിതമായി തിരയിൽപെട്ടു. മറ്റൊരു തിരയിൽ ആ കുട്ടി തീരത്തു വന്നടിഞ്ഞു. അന്നു മരണത്തെ നേർക്കുനേർ കണ്ട മണിക്കു പിന്നീടൊരിക്കലും മരണഭയമുണ്ടായിട്ടില്ല. സർ സി.പി. രാമസ്വാമി അയ്യരെ വധിക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുമ്പോഴും ആ വധത്തെത്തുടർന്നു തൂക്കിലേറ്റപ്പെടുകയോ വെടിയേറ്റു മരിക്കുകയോ ചെയ്യുമെന്ന ബോധ്യം മണിക്കുണ്ടായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന പലരും എഴുതിയിട്ടുണ്ട്.

ഗുരുവിനെ കണ്ടെത്തുന്നു

ആലപ്പുഴ എസ്ഡിവി സ്കൂളിൽ നിന്നു സ്കൂൾ ഫൈനൽ ജയിച്ച് ടൈപ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിച്ച മണിക്കു വായനയായിരുന്നു ആവേശം. കൊല്ലവർഷം 1115 ൽ മണിയുടെ മൂത്ത സഹോദരി സരസ്വതിയമ്മാളിന്റെ വിവാഹം കഴിഞ്ഞു. തൃപ്പൂണിത്തുറക്കാരനായിരുന്നു വരൻ. 500 രൂപ സ്ത്രീധനം കിട്ടാതെ ഭർത്തൃവീട്ടിൽ കൊടിയ പീഡനം നേരിട്ട അവരെ ചിദംബരയ്യർ വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീട്, സ്ത്രീധനത്തുകയുടെ ബാക്കിയുമായി തൃപ്പൂണിത്തുറയിലെത്തിയപ്പോഴേക്കും ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു. അങ്ങനെ വീട്ടിലെത്തിയ സഹോദരിക്കു തുടർന്നു ജീവിക്കാനുള്ള എല്ലാ പിന്തുണയും നൽകിയതു മണിയാണ്. ലക്ഷ്മി, ബാലാംബാൾ, ശാരദ എന്നിവരാണു മറ്റു സഹോദരിമാർ.

അതിനിടയിലാണു രാഷ്ട്രീയ ഗുരുവായ എൻ. ശ്രീകണ്ഠൻ നായരെ മണി കണ്ടെത്തിയത്. ശ്രീകണ്ഠൻ നായർ ഇല്ലാത്തപ്പോഴും മണി അദ്ദേഹത്തിന്റെ വീടായ ചിറപ്പറമ്പ് വീട്ടിലെ നിത്യസന്ദർശകനായി. ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ ടൈഫോയ്ഡ് ബാധിച്ചു കിടന്ന ശ്രീകണ്ഠൻ നായരെ 105 ദിവസം കൂടെ നിന്നു പരിചര‍ിച്ചതു മണിയാണ്.

മണിയെ കണ്ടെത്തിയതിനെപ്പറ്റി ശ്രീകണ്ഠൻ നായർ ‘കഴിഞ്ഞകാല ചിത്രങ്ങ’ളിൽ പറഞ്ഞു: ‘ഒന്നര വർഷത്തെ ഏകാന്ത തടങ്കലും കഴിഞ്ഞു ഞാൻ വർഗീസ് വൈദ്യന്റെ കൂടെ ആലപ്പുഴയിൽ താമസമാക്കിയിരിക്കുകയാണ്. 1941 ഡിസംബർ ഒന്നാം വാരം ഞാൻ അമ്മയെ കണ്ടശേഷം അമ്പലപ്പുഴയിലെ പി.കെ. മെമ്മോറിയൽ വായനശാലയിൽ ചെന്നു. അവിടെ അനാഗതശ്മശ്രുവായ ഒരു യുവാവിരുന്നു വായിക്കുന്നു. വടിവൊത്ത ശരീരമുള്ള ആ ബലിഷ്ഠൻ എന്നെ കണ്ടപ്പോൾ എഴുന്നേറ്റു വന്ദിച്ചു, കുശലപ്രശ്നങ്ങൾ തുടങ്ങി. അതു രാഷ്ട്രീയ പ്രശ്നങ്ങളിലേക്കു കടന്നപ്പോൾ പരിണതപ്രജ്ഞനായ ഒരു വിപ്ലവകാരിയെ ഞാൻ കണ്ടെത്തി. ഊരും പേരും ആരാഞ്ഞപ്പോൾ ചിദംബരയ്യരുടെ മകൻ കെ.സി.എസ്. മണി. ചിദംബരയ്യർ അമ്പലപ്പുഴയിലെ ഇതിഹാസമായിരുന്നു. വല്ലാടൻ മൈതീൻകുഞ്ഞ് നൂറു ചട്ടമ്പികളുമായി വസ്തുനടത്താൻ വന്നപ്പോൾ രണ്ടു കൈത്തോക്കുകളും ഒരു കുഴൽത്തോക്കുമായി ഒറ്റയ്ക്കവരെ ചെറുത്തു മടക്കിയയച്ച ധീരൻ, രാമയ്യൻ ദളവയ്ക്കു ശേഷം ചങ്കുറപ്പുള്ള രണ്ടാമത്തെ പാണ്ടിപ്പട്ടർ’.

രാഷ്ട്രീയം ജീവിതം

മകൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതറിഞ്ഞു ചിദംബരയ്യർ ഒരിക്കൽ ശ്രീകണ്ഠൻ നായരോടു പറഞ്ഞു– ‘അവനെ കൂടെക്കൊണ്ടു നടക്കുന്നത‍ിനു പകരം ഒരു ജോലി വാങ്ങിക്കൊടുത്തു കൂടേ ?’

കൊല്ലത്തു ഫാക്ടറിയിൽ ടാലി ക്ലാർക്കിന്റെ ജോലി വാങ്ങിക്കൊടുത്തു, ശ്രീകണ്ഠൻ നായർ. ക്വയിലോൺ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫിസ് സെക്രട്ടറി സ്ഥാനവും ഏൽപിച്ചു. 1946 ൽ ശ്രീകണ്ഠൻ നായർ ഒളിവിൽ പോയതോടെ മണി അദ്ദേഹത്തിന്റെ പ്രധാന ദൂതനായി. അവിടെയും രാഷ്ട്രീയ പ്രവർത്തനമാണെന്നു മനസ്സിലാക്കിയ ചിദംബരയ്യരുടെ പ്രേരണയിൽ മണി അമ്പലപ്പുഴയിലേക്കു മടങ്ങി. വൈകാതെ സഹോദരി സരസ്വതിക്കൊപ്പം മദിരാശിയിലേക്കു പോയ മണി, സഹോദരിയുടെ ഫീസിനു വേണ്ടി ആവഡിയിലെ മിലിട്ടറി എൻജിനീയറിങ് സർവീസിൽ 55 രൂപ ശമ്പളത്തിനു സിവിലിയൻ ക്ലാർക്കായി. 3 മാസത്തിനു ശേഷം ഡൽഹിയിലേക്കു സ്ഥലംമാറ്റം. അച്ഛന് അസുഖം ഗുരുതരമാണെന്നറിഞ്ഞ മണി ജോലി കളഞ്ഞു  നാട്ടിലെത്തി. അച്ഛൻ മരിച്ചതോടെ കടവും കേസുകളും മാത്രം ബാക്കിയായി. കുറച്ചുകാലം കൃഷിപ്പണി ചെയ്ത മണി 1946 ൽ കൊല്ലത്തേക്കു തിരിച്ചു. 

kcs-mani-wife-1248
കെ.സി.എസ്. മണിയും ഭാര്യ ലളിതമ്മാളും

സിപിക്കെതിരെ

സോഷ്യലിസ്റ്റ് പാർ‍ട്ടി നേതാക്കളായ കുമ്പളത്തു ശങ്കുപ്പിള്ളയുടെയും എൻ. ശ്രീകണ്ഠൻ നായരുടെയും നേതൃത്വത്തിൽ സർ സി.പി. രാമസ്വാമി അയ്യരെ തുരത്താൻ ആലോചന തുടങ്ങിയ കാലം. തിരുവനന്തപുരം സിപി സത്രത്തിനു മുന്നിൽ സർ സിപിയ‍ുടെ വെണ്ണക്കൽ പ്രതിമ തകർക്കുന്ന ദൗത്യം ഏറ്റെടുത്തു മണി തിരുവനന്തപുരത്തേക്ക്. ആദ്യം പ്രതിമ കണ്ടു. സഹായികളായ ഫാക്ടറി തൊഴിലാളികൾ ചെല്ലപ്പൻ പിള്ളയെയും വേലായുധൻ നായരെയും കൂട്ടി. റോഡിലെ തിരക്കൊഴിയാൻ തിയറ്ററിൽ കയറി ‘ത്യാഗയ്യ’ എന്ന തമിഴ് സിനിമ കണ്ടു. പുറത്തിറങ്ങി തെരുവിലെ തിരക്കൊഴിഞ്ഞ നേരം സഹായികളെ മാറ്റി നിർത്തി മണി സത്രത്തിനു മ‍ുന്നിലെത്തി. ആഞ്ഞാഞ്ഞ് അടിച്ച് പ്രതിമയുടെ മൂക്കു തകർത്തു. പ്രതിമ പൂർണമായി തകർക്കാൻ കഴിഞ്ഞില്ലെങ്കിലും ആ സംഭവം നാട്ടിൽ വലിയ ചർച്ചയായി.

ജയിലിലായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള പരോള‍ിലിറങ്ങിയ ശേഷമാണ് സി.പി. രാമസ്വാമി അയ്യരെ വധിക്കുകയെന്ന ആശയം രൂപപ്പെട്ടത്. ആ കൂടിക്കാഴ്ച അവസാനിച്ചു പിരിയാൻ നേരം കുമ്പളത്തു ശങ്കുപ്പിള്ള പറഞ്ഞു – ‘മണീ, ഇതു ജീവൻ കളഞ്ഞുള്ള കളിയാണ്. എല്ലാം നല്ലവണ്ണം ആലോചിച്ച ശേഷം തീരുമാനിച്ചാൽ മതി’

‘എനിക്കിതിൽ ഭയമില്ല’– മണി മറുപടി നൽകി.

ഒരു അനിയത്തി അവിവാഹിതയായി കഴിയുന്നതിലെ ദുഃഖം മാത്രമേ മണിക്കുണ്ടായിരുന്നുള്ളൂ. 

വധശ്രമങ്ങൾ

തിരുവനന്തപുരത്തു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ വച്ചു സിപിയെ വെട്ടാൻ തീരുമാനിച്ചെങ്കിലും അന്നത്തെ പരിപാടിയിൽ ദിവാൻ പങ്കെടുത്തില്ല. വെടിവച്ചു കൊല്ലാൻ അടുത്ത പ്ലാൻ തയാറാക്കിയെങ്കിലും തോക്കിന്റെ വിലയായ 1500 രൂപ കണ്ടെത്താനാകാത്തതിനാൽ അതും പൊളിഞ്ഞു. കയ്യിലൊതുങ്ങുന്ന കത്താൾ (വെട്ടുകത്തി) തന്നെയാണ് ആത്മവിശ്വാസമെന്നു മണി ഉറപ്പിച്ചു.

കുമ്പളത്തു ശങ്കുപ്പിള്ള കരുനാഗപ്പള്ളിയിലെ ഒരു ഇരുമ്പു പണിക്കാരനെക്കൊണ്ടു കത്താൾ പണിയിച്ചു നൽകി. തുടർന്നു ശ്രീകണ്ഠൻ നായരെ കാണാൻ മണി തൃശൂരിലേക്കു പോയി. 1947 ജൂലൈ 25നു സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിലെ (സ്വാതിതിരുനാൾ സംഗീത കോളജ്) പരിപാടിയിൽ പങ്കെടുക്കുന്ന സിപിയെ അവിടെവച്ചു വധിക്കാൻ തീരുമാനമായി. പക്ഷേ, മണിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തോടു സമാധാനം പറയേണ്ടി വരുമെന്ന ആശങ്കയിൽ ശ്രീകണ്ഠൻ നായർ മണിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. തീരുമാനത്തിനു മാറ്റമില്ലെന്നും സിപിയെ വധിക്കുമെന്നും മണി തറപ്പിച്ചു പറഞ്ഞതോടെ എല്ലാവരും മണിയുടെ വഴിയിലേക്കെത്തി.

ജൂലൈ 15നു മണി അമ്പലപ്പുഴയിലെത്തി ശ്രീകണ്ഠൻ നായരുടെ അമ്മയെ കണ്ടെങ്കിലും തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്കു പോയി അന്ത്യയാത്ര പറയാൻ തയാറായില്ല. കരുനാഗപ്പള്ളിയിലെത്തി കത്താൾ എടുത്തു. ഒരു കാക്കി നിക്കറും ഒരു ജോടി ഖദർ മുണ്ടും ഷർട്ടും സംഘടിപ്പിച്ചു തിരുവനന്തപുരത്തേക്കു പുറപ്പെട്ടു.

വിധിദിനം

ജ‍ൂലൈ 19നു തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപത്തെ ജിബിആർ ബോർഡിങ് ആൻഡ് ലോഡ്ജിങ്ങിൽ രവീന്ദ്രനാഥ മേനോൻ എന്ന പേരിൽ മണി മുറിയെടുത്തു. മാഞ്ഞാലിക്കുളത്തു താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയായ സദാശിവൻ നായർ എന്ന വിദ്യാർഥിയിൽ നിന്നു മ്യൂസിക് അക്കാദമിയിലെ പരിപാടിയുടെ പാസ് സംഘടിപ്പിച്ചു. വിശ്വസ്തരായ വേലായുധൻ നായരെയും  ചെല്ലപ്പൻ പിള്ളയെയും കൂട്ടി മണി മ്യൂസിക് അക്കാദമിയ‍ും പരിസരവും നോക്കി വച്ചു. തമിഴ്നാട്ടുകാരനായ മധുരലാൽ എന്ന തൊഴിലാള‍ിയും ഒപ്പമുണ്ടായിരുന്നു. നാലാമനെ കൂടെക്കൂട്ടാൻ മണിക്കു താൽപര്യമില്ലാത്തതിനാൽ അവസാന ദിവസം അദ്ദേഹത്തെ ഒഴ‍ിവാ‍ക്കി.

1947 ജൂലൈ 25. ഉന്മേഷത്തോടെ ഉറങ്ങിയെണീറ്റ മണി വേലായുധൻ നായരോട് സൈക്കിളുമായി മ്യൂസിക് അക്കാദമിക്കു സമീപം കാത്തു നിൽക്കാനും ചെല്ലപ്പൻ പിള്ളയോടു വീട്ടിൽ കാത്തിരിക്കാനും നിർദേശിച്ചു. കാക്കി നിക്കറിട്ട്, കത്താൾ ഉറപ്പിച്ച്, ഖദർ മുണ്ടുടുത്തു ജൂബ ധരിച്ചു. ജൂബയുടെ പോക്കറ്റിൽ ‘കെ.സി.എസ്. മണി, ട്രാവൻകൂർ സോഷ്യലിസ്റ്റ് പാർട്ടി’ എന്നെഴുതിയ സിഗരറ്റ് കവർ നിക്ഷേപിച്ചു. നാലരയോടെ മ്യൂസിക് അക്കാദമിയിലെത്തി. വലിയ പൊലീസ് സന്നാഹം. നാദസ്വര വായനയ്ക്കെത്തിയ അമ്പലപ്പുഴ സഹോദരന്മാരുടെ കണ്ണിൽപെടാതെ മണി സദസ്സിലിരുന്നു. അതിനിടയിൽ മണിയെ പരിചയമുള്ള ചിലർ അടുത്തു വന്നിര‍ുന്നെങ്കിലും കുറച്ചു കുശലം നടത്തിയ ശേഷം അവരിൽ നിന്നു മണി ഒഴിഞ്ഞുമാറി. മണി ആക്രമണത്തിനൊരുങ്ങിയാണു വന്നതെന്ന് ആ സദസ്സിൽ അറിയാവുന്ന ഏക വ്യക്തി സദാശിവൻ നായരായിരുന്നു.

ആറു മണിയോടെ വേദിക്കരികിലെത്തിയ ദിവാൻ മഹാരാജാവും കുടുംബവും വരുന്നത‍ിനായി പുറത്തു നിന്നു. മഹാരാജാവിനും അമ്മ മഹാറാണിക്കുമൊപ്പം ദിവാൻ വേദിയിലെത്തി. ഉദ്ഘാടനച്ചടങ്ങിനു ശേഷം ലളിതമായി പ്രസംഗിച്ച ദിവാൻ, മഹാരാജ‍ാവും കുടുംബവും മടങ്ങിയ ശേഷവും പ്ലാറ്റ്ഫോമിനു മുന്നിലെ കസേരയിലിരുന്നു ശെമ്മാങ്കുടിയുടെ കച്ചേരി ആസ്വദിച്ചു. ഏഴരയോടെ ദിവാൻ പുറപ്പെടാൻ എണീറ്റതോടെ വഴിയൊരുക്കാൻ പൊലീസിന്റെ ഉന്തുംതള്ളുമായി. ഇതിനിടയിൽ മണി മുന്നിലേക്കു കയറി. മുണ്ടിനടിയിൽ ഒളിച്ചുപിടിച്ച കത്താളുയർത്തി മുണ്ട് ഉരിഞ്ഞെറിഞ്ഞു സിപിയെ ആഞ്ഞുവെട്ടി. സിപിയുടെ കഴുത്തിലെ ഷാളിലാണ് ആദ്യ വെട്ടേറ്റത്. അടുത്ത വെട്ട് ഇടത്തേ കവിളിൽ. കവിളിന്റെ കീഴ്ഭാഗം അറ്റു ത‍ൂങ്ങി. പെട്ടെന്നു പന്തലിലെ വിളക്കുകളണഞ്ഞു. അപ്പോഴും മണി തല ലക്ഷ്യമാക്കി ആഞ്ഞാഞ്ഞു വെട്ടുകയായിരുന്നു. ദിവാൻ വലത്തേക്കു ചാഞ്ഞ് ആരുടെയോ കയ്യിൽ വീണു. വെളിച്ചം വീണു. പൊലീസ് മണിയെ പിടിച്ചെങ്കിലും അവരെ കുടഞ്ഞെറിഞ്ഞ് മണി കുതിച്ചു. വിളക്കുകൾ വീണ്ടും അണഞ്ഞു. ആൾക്കൂട്ടത്തിനിടയിലൂടെ മണി ഓടി പുറത്തെത്തി. പടിഞ്ഞാറു ഭാഗത്തെ കയ്യാലയിലൂടെ താഴേക്കു ചാടി, ജൂബ ഊരിയെറിഞ്ഞ്, കാക്കി നിക്കർ മാത്രം ധരിച്ച് ഓട്ടം തുടങ്ങി. ശരീരം മുഴുവൻ ഉരഞ്ഞു മുറിഞ്ഞിരുന്നു. ഓവർബ്രിഡ്ജിനു സമീപം റെയിൽവേ ലൈനിൽ വച്ചു വേലായുധൻ നായരെയും ചെല്ലപ്പൻ പിള്ളയെയും കണ്ടു. പേട്ടയിൽ ചെല്ലപ്പൻ പിള്ളയുടെ വീട്ടിലെത്തി വസ്ത്രം മാറിയ ശേഷം ലോഡ്ജ് മുറിയൊഴിഞ്ഞു. അടുത്ത പ്രഭാതത്തിൽ ട്രെയിനിൽ കടയ്ക്കാവൂര‍ില‍ിറങ്ങി. തുടർന്നു ഡിണ്ടിഗൽ വഴി പാലക്കാട് എത്തുന്നതുവരെ പട്ടിണിയായിരുന്നു.

ദിവാന്റെ പരുക്ക്

ദിവാന്റെ ആരോഗ്യത്തെപ്പറ്റി സർജൻ ജനറൽ പുറപ്പെടുവിച്ച ബുള്ളറ്റിൻ: ‘ദിവാൻജിക്ക് 7 മുറിവുകൾ പറ്റി. ഇടത്തേ ചെകിട്ടിൽ ഗുരുതരമായ ഒരു പരുക്കേൽക്കുകയാൽ മുറിവു പറ്റിയ 3 രക്തധമനികളിൽ നിന്നു രക്തനഷ്ടമുണ്ടായി. ഇടത്തേ ചെവിക്കു താഴെ ശിരോചർമത്തിനുണ്ടായ പരുക്കുകൊണ്ട് അവിടത്തെ രക്തക്കുഴലുകൾക്കെല്ലാം മുറിവു സംഭവിച്ചു. പിടലിക്കും ഇടതുകൈയുടെ വിരലുകൾക്കും മുറിവേറ്റിട്ടുണ്ട്. ബോധം കെടുത്താനുള്ള മരുന്നുകൾ ഉപയോഗിച്ചു കൊണ്ടു മുറിവുകൾ വൃത്തിയാക്കി, സ്റ്റെറിലൈസ് ചെയ്തു വച്ചുകെട്ടി. പെൻസിലിൻ ഇൻജക്‌ഷൻ കൊടുക്കുന്നുണ്ട്. രാത്രി അദ്ദേഹം ശാന്തമായി കഴിച്ചു. പൊതുവേ അദ്ദേഹത്തിന്റെ സ്ഥിതി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.’

ഈ സംഭവത്തിന്റെ പേരിൽ വേദിയുടെ വൈദ്യുതി ചുമതലയുണ്ടായിരുന്ന ഇലക്ട്രീഷ്യൻമാർക്കു ഭീകരമായ പൊലീസ് മർദനമേറ്റു. രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമായ 44 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്കു 20,000 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ നൽകുന്നവർക്ക് ഇരട്ടിയും.

മണിയുടെ അജ്ഞാതവാസം

കൊല്ലങ്കോട്ടു രാജാവിന്റെ പുത്രന്മാരായ മാധവമേനോന്റെയും ശങ്കരമേനോന്റെയും പാലക്കാട്ടെ വീട്ടിലെത്തിയ മണിയെ ശ്രീകണ്ഠൻ നായരും കെ.എസ്. ജോസഫും ജനാർദനക്കുറുപ്പും ടി.പി. ഗോപാലനും ചേർന്നു കൊല്ലങ്കോട്ട് രാജകുടുംബത്തിന്റെ വകയായി ചിറ്റൂരിലുള്ള പ്ലാന്റേഷനിലേക്കു മാറ്റി. പിന്നെ, പാലക്കാട്ട് വിക്ടോറിയ കോളജിൽ പഠിക്കുകയായിരുന്ന ബേബി ജോണിന്റെ (മുൻ മന്ത്രിയും ആർഎസ്പി നേതാവും) ലോ‍ഡ്ജിലും തൃശൂരിലെ താഴത്തോട് ക്യാംപിലും മദ്രാസിലും ബോംബെയിലുമായി ഒളിവു ജീവിതം.

1947 ഓഗസ്റ്റ് 13ന് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള സംയോജന പ്രമാണത്തിൽ തിരുവിതാംകൂർ മഹാരാജാവ് ഒപ്പുവച്ചു. ഓഗസ്റ്റ് 19നു സിപി ദിവാൻ പദവി രാജിവച്ചു. അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായിരുന്ന പി.ജി. നാരായണനുണ്ണിത്താൻ ഓഗസ്റ്റ് 21ന് ഒഫിഷ്യേറ്റിങ് ദിവാനായി ചാർജെടുത്തു. സെപ്റ്റംബർ 4നു മഹാരാജാവ് തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം ഉറപ്പാക്കി വിളംബരം പ്രസിദ്ധപ്പെടുത്തി. 

1947 സെപ്റ്റംബർ 21നു സഹപ്രവർത്തകർ കെഎസ്പി എന്ന പുതിയ രാഷ്ട്രീയ കക്ഷിക്കു രൂപം നൽകിയെന്നറിഞ്ഞ മണി കേരളത്തിലെത്തി. 1948ൽ ശ്രീകണ്ഠൻ നായരുടെ ഒരു യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴാണ് പൊലീസ് കെ.സി.എസ്. മണിയെ സി.പി. രാമസ്വാമി അയ്യർ വധശ്രമക്കേസിൽ പ്രതിയാക്കിയത്. കേസ് തെളിവില്ലാതെ എഴുതിത്തള്ളി.

പിൽക്കാല ജീവിതം

തന്റെ പരിശ്രമത്തിനു കാര്യമായ പരിഗണനയോ അംഗീകാരമോ ലഭിക്കാത്തതിൽ മണി അസ്വസ്ഥനായിരുന്നു. മദ്യപാനം തുടങ്ങി. അവസ്ഥയറിഞ്ഞ കെ. ബാലകൃഷ്ണൻ കൗമുദിയിൽ സബ് എഡിറ്ററായി ജോലി നൽകി. രണ്ടു കൊല്ലത്തിനു ശേഷം കൗമുദി വിട്ടു. ‘മലയാളി’യിലും ‘ദേശബന്ധു’വിലും ‘പൊത‍ുജന’ത്തിലുമായി പത്രപ്രവർത്തനം തുടർന്നു. ദേശബന്ധുവിലിരിക്കുമ്പോൾ 1963 ൽ ആണ് വിവാഹം. പിന്നീടു പലരും സിപിയെ വെട്ടിയതു മണിയാണെന്നു വിശ്വസിക്കാതായി. പലരും അപമാനിക്കാൻ തുടങ്ങി. മറ്റാരോ ആണ് വെട്ടിയതെന്നു മണിയുടെ മുന്നിൽ വച്ചു പറഞ്ഞവരുണ്ട്.

മണിക്ക് അർഹമായ പരിഗണന കിട്ടാത്തതിൽ ദുഃഖമുണ്ടായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള മുൻകയ്യെടുത്ത് 1966ൽ പുനലൂർ റേഞ്ചിലെ ചിറ്റാറിൽ അഞ്ചേക്കർ വനഭൂമി മണിക്കു പതിച്ചു കൊടുത്തു. കുറെക്കാലം കൃഷി നടത്തിയ ശേഷം ആ ഭൂമി വിറ്റു വീട്ടാവശ്യങ്ങൾ നിർവഹിക്കേണ്ടി വന്നു. 

പതിനഞ്ചു വർഷത്തോളം നീണ്ട പത്രപ്രവർത്തനത്തിനു ശേഷം അമ്പലപ്പുഴയിൽ മടങ്ങിയെത്തി. ഉപജീവനത്തിനു പല ജോലിയും ചെയ്തു. 1964 മുതൽ 79 വരെ അമ്പലപ്പുഴ പഞ്ചായത്തംഗമായിരുന്നു. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്ത‍ിൽ ആർഎസ്പി സ്ഥാനാർഥിയായ അദ്ദേഹത്തിനു 900 വോട്ട് മാത്രമാണു ലഭിച്ചത്.

നരച്ച്, പല്ലു കൊഴിഞ്ഞ വരൻ

തെങ്കാശി വള്ളിയൂരിലെ മോട്ടർ മെക്കാനിക്ക് വെങ്കിട്ടരാമയ്യരുടെ രണ്ടാമത്തെ മകൾ ലളിതയുമായി മണിയുടെ വിവാഹം നടന്നത് 1963 ചിങ്ങത്തിലാണ്. അന്നു വരനു 41 വയസ്സ്, വധുവിന് 23. മണിയുടെ സഹോദരി ലക്ഷ്മി വധുവിനെയും കൂട്ടി അമ്പലപ്പുഴ കോനാട്ടു മഠത്തിലെത്തിയാണു പെണ്ണുകാണൽ നടത്തിയത്. പെണ്ണുകാണലിന്റെ 14–ാം നാളിൽ വള്ളിയൂർ സുബ്രഹ്മണ്യൻ കോവില‍ിൽ വച്ചു വിവാഹം. രോഗം വന്നു മണിയുടെ പല്ലു മുഴുവൻ 30–ാം വയസ്സിൽ എടുത്തു കളഞ്ഞിരുന്നു. വയ്പ് പല്ലും നീരുള്ള കാലും നരച്ച മുടിയുമുള്ള വരനെ കണ്ടു വധുവിന്റെ അനുജത്തി രുക്മിണി കരഞ്ഞത് അവസാനകാലം വരെ മണി സ്വാമിയെ വിഷമിപ്പിച്ചെന്നു ലളിത പിൽക്കാലത്തു പറഞ്ഞു.

ചരിത്രത്തിലില്ലാത്ത മണി

കെ.സി.എസ്. മണിയെക്കുറിച്ച് ഇന്നു വരെ പുറത്തിറങ്ങിയ ആധികാരിക ജീവചരിത്രം ജി. യദുകുല കുമാർ എഴുതിയ ‘സിപിയെ വെട്ടിയ മണി’ ആണ്. അതിനായി വിവരങ്ങളറിയാനെത്തിയ യദുകുല കുമാറിനോടു മണി പറഞ്ഞു – ‘എന്നെ പരസ്യമായി തൂക്കിക്കൊല്ലാനാണു ഞാൻ ആഗ്രഹിച്ചത്. എന്നെ അന്നു വെടിവച്ചു കൊന്നിരുന്നെങ്കിൽ മരണം മാത്രമേ സംഭവിക്കുമായിരുന്നുള്ളൂ. എന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ എനിക്കീ അപമാനം താങ്ങേണ്ടി വരുമായിരുന്നില്ല. രക്ഷപ്പെടാൻ തോന്നിയ മനുഷ്യസഹജമായ ആ ദുർബല നിമിഷങ്ങളിൽ എന്റെ വിധിയെഴുത്തും നടന്നു. കുറ്റം ഏൽക്കണമായിരുന്നു. അതു ചെയ്യരുതെന്ന ഉപദേശം ചെവിക്കൊള്ളരുതായിരുന്നു. ഇനി ആ നിമിഷങ്ങളെ പഴിച്ചിട്ടു കാര്യമില്ല; പശ്ചാത്തപിക്കുന്ന സ്വഭാവവും എനിക്കില്ല.’

കുട്ടനാട്ടിൽ കൃഷിയും മീൻ കച്ചവടവും ചെയ്യേണ്ടി വന്നു മണിക്ക്. വെള്ളം വറ്റിക്കാനുള്ള പമ്പ് കോൺട്രാക്ടിനും മുതിർന്നു. ഒടുവിൽ ചെറുപ്പം മുതലുള്ള പുസ്തക വായനയും പുകവലിയുമായി. രണ്ടു തവണ ഹൃദ്രോഗബാധിതനായി കിടന്നപ്പോഴും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന വലിയ പുസ്തക ശേഖരം മരണത്തിനു ദിവസങ്ങൾക്കു മുൻപ് അമ്പലപ്പുഴയിലെ ഗ്രന്ഥശാലയ്ക്കു സംഭാവന നൽകി. 

1987 സെപ്റ്റംബർ ഒന്നിനു ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു പോകുമ്പോൾ നീണ്ടകരയിൽ വച്ച് ഒരു സൈക്കിൾ യാത്രക്കാരൻ ഇവർ സഞ്ചരിച്ച കാറിലിടിച്ചു. അവശനിലയിലായിരുന്ന മണിയെയും ഭാര്യയെയും പൊലീസുകാർ മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചു നിർത്തിയത് അദ്ദേഹത്തെ വിഷമിപ്പിച്ചു. ശ്വാസകോശാർബുദം മൂർഛിച്ചു പുലയനാർകോട്ട ക്ഷയരോഗാശുപത്രിയുടെ ജനറൽ വാർഡിൽ സെപ്റ്റംബർ 20 ന് ഉച്ചയോടെ അദ്ദേഹം മരിച്ചു. മണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയിൽ രണ്ടു കാറുകൾ മാത്രമാണ് അകമ്പടിയായുണ്ടായിരുന്നത്. മക്കളില്ലാത്ത മണിയുടെ ചിതയ്ക്ക് ഭാര്യ ലളിതയുടെ അനുജൻ വി.എച്ച്.എസ്. മണിയാണ് തീകൊള‍ു‍ത്തിയത്.

English Summary: KCS Mani birth centenary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA