ADVERTISEMENT

മലയാള മനോരമ ഞായറാഴ്ചയിലെ (ജൂലൈ 4) കഥയും കഥാപാത്രവും കെസിഎസ് മണി എന്ന എന്റെ സ്വന്തം മണിസ്വാമിയാണ്. എന്തു ചെയ്യാനും മടിക്കാത്ത മണി. എന്റെ ഓർമകൾ ഉണർന്നു ചുരുൾ നിവർന്നു തുടങ്ങിയപ്പോഴേ ഈ അതികായനും അതിൽ ഉണ്ടായിരുന്നു. പക്ഷേ ഞാൻ അയാളുമായി ലോഹ്യത്തിലായിരുന്നില്ല. കാരണം ഒന്നുമില്ല...

എൻ.ശ്രീകണ്ഠൻ നായരുടെ അമ്മ, അമ്പലപ്പുഴ ചിറപ്പറമ്പിൽ ജാനകിയമ്മ സാറിന്റെ എല്ലാ ചുമതലകളും മണിക്കായിരുന്നു. മണിസ്വാമിയുടെ അമ്മയ്ക്കും.

‘‘ശ്രീകണ്ഠന് എപ്പോഴും മീറ്റിങ്ങും സമരവും അറസ്റ്റുമല്ലേ? പിന്നെ ഇവന് വേറെ എന്താ പണി?’’

ഇതാണ് മണിസ്വാമിയുടെ അമ്മയുടെ വിശദീകരണം. ആ മണിയെ എത്രകാലം ഞാൻ കണ്ടു. അറിഞ്ഞു.

മണിസ്വാമിയുടെ ഏറ്റവും ഇളയ അനിയത്തി ബാലാളിനെക്കാൾ രണ്ടു വയസ്സിന് ഇളപ്പമാണ് ഞാൻ. ദിവാൻ സി.പി.രാമസ്വാമി അയ്യരെ വെട്ടി കാലങ്ങൾക്കുശേഷം ഒരിക്കൽ എന്റെ വീട്ടിലെ അടുക്കളത്തളത്തിൽ ഒന്നിച്ചിരുന്നു പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചോദിച്ചു.

‘മണിസ്വാമീ, അന്ന് ആ തിരക്കിൽ സിപിയെ വെട്ടുമ്പോൾ പേടി ഉണ്ടായിരുന്നില്ലേ?’

കുറച്ചുസമയം ആലോചിച്ചിട്ടു പറഞ്ഞു, ഒരു ചിന്ത അലട്ടുന്നുണ്ടായിരുന്നു. എവിടന്നാ ഈ കിലുക്കാംപെട്ടിക്കു യോജിച്ച ഒരു ചെറുക്കനെ കണ്ടുപിടിക്കുക, എന്ന്.

ഹോ, അന്നു മണിസ്വാമിയുടെ മുതുകത്ത് എത്ര തവണ ഇടിച്ചു...  ഓർമയില്ല.

ചേച്ചി വഴക്കു പറഞ്ഞു.

വേറെ ആരാ എന്നെ ഇങ്ങനെ ഇടിക്കാൻ?

അർഹതയ്ക്കുള്ള ഒരംഗീകാരവും ഒരു രാഷ്ട്രീയ പാർട്ടിയും നൽകിയില്ല.

അന്ന് ആ പാട്ടുകച്ചേരി സമയത്ത് ഈ സുബ്രഹ്മണ്യ അയ്യരുടെ കൈയിലെ വെട്ടുകത്തി സിപി രാമസ്വാമി അയ്യരെ  വെട്ടി മുറിവേൽപിച്ചില്ലായിരുന്നെങ്കിൽ, തിരുവിതാംകൂർ ഭാരതമെന്ന രാഷ്ട്രത്തിന്റെ ഒരു ഭാഗമാകുവാൻ രക്തക്കറ പുരണ്ട സമരങ്ങൾ വീണ്ടും നടത്തേണ്ടി വന്നേനെ...

ദിവാൻ ശരിക്കും ഇന്ത്യൻ നാഷനൽ കോൺഗ്രസുകാരനായിരുന്നു. ആനി ബസന്റുമായി ചേർന്ന് ഹോം റൂൾ പ്രസ്ഥാനം നയിച്ച ആളുമാണ്.

പക്ഷേ തിരുവിതാംകൂർ മഹാരാജാവ് ദിവാൻ പദവിയിലേക്കു ക്ഷണിച്ചപ്പോൾ വാങ്ങുന്ന കാശിനോടു നീതി പുലർത്തിയതാണ്.

സി.പി.രാമസ്വാമി അയ്യർ മടങ്ങിയശേഷം അദ്ദേഹത്തിന്റെയുംകൂടി താൽപര്യത്തോടെയാണ് മഹാരാജാവ് സ്വതന്ത്ര തിരുവിതാംകൂർ തീരുമാനം പിൻവലിച്ചത്.  

ഞാൻ കൂടെക്കൂടെ ഓർക്കും, കേരളം ഉണ്ടാകേണ്ടിയിരുന്നില്ല എന്ന്.

മൂന്നു മക്കളുമായി തിരുവനന്തപുരത്ത് താമസമാക്കിയശേഷം ഒരുനാൾ ഭർത്താവു വന്നുപറഞ്ഞു.

മണിസ്വാമി സുഖമില്ലാതെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ അനിയത്തിയുടെ വീട്ടിൽ ഉണ്ട്. നിന്നെ കാണണമെന്നു പറഞ്ഞു. 

അത്ര അവശനാണോ ?‌

നാളെ പോകാം.

പോരാ. ഇന്നു പോണം

എന്താ മണിക്ക് ?

മറുപടി ഇല്ല.

കട്ടിലിൽ തലയണ അടുക്കി ചാരിക്കിടക്കുന്നു.

എന്തിനാ എന്നെ കാണുന്നത്?

അരികിലേക്കു ചെന്നു. വലതുകൈ നീട്ടി പിടിച്ചു. മണിസ്വാമി പൊട്ടിക്കരഞ്ഞു. ഞാനും.

ഇനി സാരമില്ല. നിന്നെ എങ്കിലും കണ്ടല്ലോ ഞാൻ. ഇനി മണിസ്വാമിക്കു പോകാം...

എല്ലാരും ചുറ്റും കൂടി. കുറെ സമയം ആ കൈ പിടിവിട്ടില്ല.

മറ്റന്നാൾ ഞാൻ ആശുപത്രിയിൽ പോകും. അവിടെ നിന്നുമാണ് യാത്ര. ആശുപത്രിയിലേക്കു നീ വരരുത്. ഇനി എന്നെ കാണണ്ടാ.

വീട്ടിൽ പോയി കുമാരപിള്ളയെയും മാച്ചമ്മയെയും ഫോൺ വിളിച്ചു വിവരം പറയണം.

അമ്പലപ്പുഴക്കാർ മറ്റാരും അറിയണ്ടാ. വേറെ ആർക്കും എന്നെ മനസ്സിലാകില്ല.

അവർ ആശുപത്രിയിൽ കൊണ്ടുപോകും. തിരികെ അമ്പലപ്പുഴയ്ക്കും...

മണിസ്വാമിയെ ഭരണക്കാർ അറിഞ്ഞില്ല. മരണത്തിൽ പങ്കു ചേർന്നില്ല. ഒരു മണിക്കൂർ പോലും ആ സ്മരണയ്ക്കായി അവധി പ്രഖ്യാപിച്ചില്ല.

സി.പി രാമസ്വാമി അയ്യരെ വെട്ടി പരുക്കേൽപിച്ച അവകാശ വാദവുമായി ആരും മുന്നോട്ടുവന്നില്ല.  തിരുവനന്തപുരത്തെ രക്തത്തിളപ്പുള്ള ആ കാലത്തെ യുവാക്കളെ പാർട്ടികൾക്കു ഭയമുണ്ടായിരുന്നു. അതുകൊണ്ട് ചരിത്രം മാറ്റി എഴുതിയില്ല...

മുൻമന്ത്രി ബേബി ജോണിന്റെ പുത്രനും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ സ്വന്തം പാർട്ടി ചെലവിൽ നിർമിച്ച പ്രതിമയാണ് അമ്പലപ്പുഴ കോനാട്ടു മഠത്തിനു മുന്നിൽ ഉള്ളത്.

ഇതൊന്നുമല്ല ദിവാൻ സി.പി.രാമസ്വാമി അയ്യരെ തിരുവിതാംകൂറിൽ നിന്നു പറഞ്ഞയച്ചതിന്റെ പാരിതോഷികം, ഓർമ നിലനിർത്തൽ.

കേരള നിയമസഭാ മന്ദിരത്തിനു മുന്നിൽ മനോരമ ദിനപത്രത്തിലെ പൂർണകായ ചിത്രം പ്രതിമയാക്കി സ്ഥാപിക്കുമെന്നു മണിസ്വാമിയുടെ ഈ ജന്മശതാബ്ദി വർഷം കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കട്ടെ.

ആ മുൻഗാമിയെ ഒന്നു സ്മരിക്കൂ. ആ പ്രഖ്യാപനം കേട്ടെങ്കിലും സ്വാതന്ത്ര്യസമര പോരാളിയുടെ മകളായ ഞാൻ ആശ്വസിക്കട്ടെ, നിങ്ങൾ, പിന്നാലെ വന്നവർ ഞങ്ങളെ മറന്നിട്ടില്ലാ എന്ന്.

(സ്വാതന്ത്ര്യസമര സേനാനി കെ.കെ. കുഞ്ചുപിള്ളയുടെ മകളാണ് കൃഷ്ണകുമാരി)

Content Highlight: K.C.S. Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com