ADVERTISEMENT

ഒരു  പാട്ട് എത്ര ദൂരം സഞ്ചരിക്കും. അത് എത്ര വർഷം യാത്ര തുടരും. ലോകഭാഷയായ സംഗീതത്തിന് കാല-ദേശ ഭേദങ്ങളില്ലെന്നതിന്റെ തെളിവാണ് ഈ ചരിത്രം. ഇന്ത്യക്കാരനിൽ തുടങ്ങി റഷ്യയിലൂടെ വളർന്ന് ദുബായിലൂടെ തിരികെ ഇന്ത്യൻ മണ്ണിലെത്തിയ പാട്ടുവഴിയാണത്. ഏഷ്യയിലെ തന്നെ ആദ്യ നൊബേൽ സമ്മാനജേതാവായ, ഇന്ത്യയുടെ അഭിമാനം രവീന്ദ്രനാഥ ടഗോറിന്റെ നോവലിലെ ഒരു കവിതയുടെ യാത്രയാണിത്. യാത്രാമൊഴിയായി കവി കുറിച്ച വരികൾ ദേശങ്ങൾ താണ്ടിയ കഥ. കഥയെക്കാൾ കാൽപനികത നിറഞ്ഞ സത്യം.

റഷ്യൻ സംഗീതസംവിധായകൻ അലക്സി റിബ്നികോവിന്റെ മനസ്സിൽ പൊടുന്നനെ ഒരു ഈണം നിറയുന്നു. പക്ഷേ, അതിനു പറ്റിയ വരികൾ അദ്ദേഹത്തിനു ലഭിച്ചതാകട്ടെ പത്തുവർഷങ്ങൾക്കു ശേഷം 1980ൽ പുസ്തക വായനയ്ക്കിടെ. അതും പുസ്തകത്തിന്റെ അവസാന താളുകളിലുണ്ടായിരുന്ന ഒരു കവിതാശകലത്തിൽ തന്റെ ഈണം അലിഞ്ഞുചേർന്നിരിക്കുന്നതായി അദ്ദേഹം തിരിച്ചറിയുകയായിരുന്നു. അങ്ങനെ പിറന്ന പാട്ട് റഷ്യൻ ചലച്ചിത്രം വാം ഇൻ ഇസ്നിറോസിൽ ഉപയോഗിച്ചതോടെ വൻ ഹിറ്റായി.

ഉസ്ബക്കിസ്ഥാനിലെ ജനപ്രിയ പോപ് താരം ഫറൂഖ് സൊക്കിറോവ് സംഗീത മത്സരത്തിനിടെ ആ പാട്ട് ഇന്ത്യൻ വാദ്യോപകരണമായ സിത്താറും മറ്റും ഉപയോഗിച്ച് അൽപം കൂടി മോടിയാക്കി. 1981ൽ സോങ് ഓഫ് ദി ഇയർ സംഗീത മത്സരത്തിലായിരുന്നു അത്. അദ്ദേഹത്തിന്റെ ബാൻഡ് ട്രൂപ്പായ യല്ലയ്ക്കു തന്നെ മത്സരത്തിൽ അതു പാടാൻ നിയോഗവും കിട്ടി. അതോടെ അത് സൂപ്പർഹിറ്റായി. സോവിയറ്റ് യൂണിയന്റെ സോങ് ഓഫ് ദി ഇയറായും ആ പാട്ട് തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ 40 വർഷങ്ങൾക്കു ശേഷം ആ പാട്ട് അവിചാരിതമായി ഇന്ത്യക്കാരൻ വ്യവസായി കേട്ടതോടെ സംഭവിച്ചത് മറ്റൊരു ചരിത്രം. ഇന്ത്യ-റഷ്യ-ഉസ്ബക്കിസ്ഥാൻ സംയുക്തസംരംഭത്തിൽ അതൊരു ഡോക്യുമെന്ററിയായി. ഇന്ത്യ ലോകത്തിനു മുന്നിൽ വച്ച ഏറ്റവും വലിയ മഹാന്മാരിൽ ഒരാളായ ടഗോറിനുള്ള ആദരം കൂടിയായി അത്.

ദുബായിൽ ചിത്രീകരിച്ച ആ ഹ്രസ്വചിത്രം 92 വർഷം മുൻപു കൊൽക്കത്തയിൽ കുറിച്ച കവിതാശകലം പാട്ടായി ദേശങ്ങൾ താണ്ടി തിരികെ ഇന്ത്യക്കാരിലെത്തിയതിന്റെ നാൾവഴിയാണ്. ഇന്ത്യക്കാരന്റെ വരികൾക്ക് റഷ്യക്കാരൻ സംഗീതം നൽകി ഉസ്ബക്കിസ്ഥാൻ താരം പാടി ഹിറ്റാക്കിയ പാട്ടിന് ദുബായിൽ താമസിക്കുന്ന ഇന്ത്യൻ ബിസിനസുകാരൻ അർപ്പിക്കുന്ന സംഗീത പ്രണാമം. ഒരു കവിതാശകലം ദശാബ്ദങ്ങൾക്കു മുൻപു സഞ്ചരിച്ച അയ്യായിരത്തോളം കിലോമീറ്ററുകളിലേക്കൊരു മടക്കയാത്രയാണത്.

ഉർവശി ശാപം ഉപകാരം എന്ന പോലെ കോവിഡ് മൂലം ലോകത്തിന് ആകാശപ്പൂട്ടുവീണതാണ് ഈ ഡോക്യുമെന്ററി പിറക്കാൻ കാരണമെന്നതും മറ്റൊരു കൗതുകം. സംഗീതജ്ഞനായ അലക്സിയെയും പാടിയ ഫറൂഖിനെയും റഷ്യൻ, ഉസ്ബക്കിസ്ഥാൻ കോൺസുലേറ്റുകളുടെ സഹായത്തോടെ കണ്ടെത്തി തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടന്നു.

∙ പാട്ടൊഴുകി...ഹൃദയത്തിലേക്ക്

1929ൽ രവീന്ദ്രനാഥ ടഗോർ എഴുതിയ ദ് ലാസ്റ്റ് പോയം(ഷെഷെർ കൊബിത) എന്ന നോവലിലെ കവിതാശകലമാണ് കാതങ്ങൾ താണ്ടി വീണ്ടും മധുരതരമായ ചരിത്രമെഴുതുന്നത്. കൊൽക്കത്ത സ്വദേശിയും കംപ്യൂട്ടർ എൻജിനീയറുമായ ദുബായിൽ താമസിക്കുന്ന വ്യവസായി സുവ്ര ചക്രവർത്തി 2017ൽ ഉസ്ബക്കിസ്ഥാനിലെ താഷ്ക്കന്റിൽ കേട്ട പാട്ടിലാണ് തുടക്കം. റഷ്യൻ ഭാഷയിലുള്ള ആ പാട്ട് മുൻപ് എവിടെയോ കേട്ടു പരിചയിച്ച വരികളാണ് സുവ്രയുടെ മനസ്സിലെത്തിച്ചത്. അദ്ദേഹത്തിന് റഷ്യൻ പാട്ട് മനസ്സിലാകാൻ കാരണം മറ്റൊന്നാണ്. അതിന് സുവ്രയുടെ ചരിത്രമറിയണം.

കൊൽക്കത്തയിൽ പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 11 അംഗങ്ങൾ ഒരു കുടുസ്സുമുറിയിൽ കഴിഞ്ഞ ബാല്യം. മുനിസിപ്പൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇംഗ്ലിഷ് കീറാമുട്ടിയായതോടെ റഷ്യൻ ഭാഷ പഠിക്കാൻ ചിലർ ഉപദേശിച്ചു. അധികം ആളുകൾക്ക് അറിയില്ലെന്നതും സൗജന്യമായിരുന്നു കോഴ്സ് എന്നതുമാണ് കാരണം. അതു പിന്നീട് ഗുണമായി. കംപ്യൂട്ടറിൽ മാസ്റ്റർ ബിരുദം നേടിയപ്പോൾ സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി കിട്ടി. അവരാകട്ടെ യുക്രെയ്നിലേക്ക് സുവ്രയെ അയച്ചു. അവിടെ തുടർന്ന സുവ്ര കിവ് ക്ലാസ്സിക് ഓർക്കസ്ട്രയുടെ സഹ സ്ഥാപകനുമായി.

താഷ്ക്കന്റിൽ കേട്ട പാട്ടിലേക്ക് ഇനി വരാം. അവിടെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് സംഭവം. രാത്രിയിൽ മുറിയിലേക്കു പോകാൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു നേർത്ത സംഗീതം റൂഫ്ടോപ്പിൽ നിന്നു കേട്ടു. അവിടേക്ക് ചെല്ലാനായി തുനിഞ്ഞ സുവ്രയെ ഒരു യുവതി ക്ഷണിച്ചു. അവരുടെ പിതാവിന്റെ അറുപതാം ജന്മദിനാഘോഷമായിരുന്നു. ചടങ്ങെല്ലാം അവസാനിച്ചെങ്കിലും തൃപ്തി പോരാഞ്ഞ് ചില പാട്ടുകൾ കൂടി എല്ലാവരും ചേർന്ന് പാടണമെന്നായി ഷഷ്ടിപൂർത്തിക്കാരൻ.
ടഗോർ പാട്ട് പാടിത്തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

ടഗോറിന്റെ പേരു കേട്ടപ്പോൾ സുവ്രയ്ക്ക് അതിശയം. അവർ പാടിയ പാട്ടാകട്ടെ മുൻപ് ഉസ്ബക്കിസ്ഥാനിലും റഷ്യയിലുമെല്ലാം പലപ്രാവശ്യം കേട്ടു പരിചയിച്ചതും. പാട്ട് മൊബൈലിൽ പകർത്തി അവരോടു യാത്ര പറഞ്ഞ് ഹോട്ടലിന്റെ റിസപ്ഷനിലെത്തി. അവിടെയുണ്ടായിരുന്ന പ്രായം ചെന്ന സുരക്ഷാ ജീവനക്കാരനെ ആ പാട്ട് കേൾപ്പിച്ചു. ഇത് അറിയാമോ എന്നു ചോദിച്ചതോടെ അയാൾ അത്യധികം ഉത്സാഹത്തോടെ ഇത് ഇന്ത്യക്കാരനായ രവീന്ദ്രനാഥ ടഗോറിന്റെ പാട്ടാണെന്നും നിങ്ങൾ അദ്ദേഹത്തിന്റെ നാട്ടുകാരനല്ലേ എന്നും ചോദിച്ചു. ഒരു സുരക്ഷാ ജീവനക്കാരൻ പോലും ഇത്ര ആവേശത്തോടെ പറയുന്ന പാട്ടിന്റെ രഹസ്യം കണ്ടെത്തണമെന്ന് ഉറപ്പിച്ചു ദുബായിലേക്കു മടങ്ങി.

tagore-poem-2
അലക്സി റിബ്നികോവ്, സുവ്ര ചക്രവർത്തി

∙ റഷ്യയുടെ ചങ്കുപാട്ട്

1930ൽ ടഗോർ റഷ്യ സന്ദർശിച്ചു. ബോൾഷെവിക് വിപ്ലവം വരുത്തിയ മാറ്റങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി. എന്നാൽ സ്റ്റാലിന്റെ ഏകാധിപത്യ ഭരണത്തെ അദ്ദേഹം വിമർശിച്ചു. ഫലമോ, അദ്ദേഹത്തിന്റെ അഭിമുഖം റഷ്യൻ പത്രമായ ഇസ്‌വെസ്ത്യയിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു. പിന്നീട് 1988ൽ ഗോർബച്ചോവിന്റെ കാലത്താണ് അതു പ്രസിദ്ധീകരിച്ചത്. ടാഗോറിന്റെ ലാസ്റ്റ് പോയം ഒരു പ്രണയ നോവലാണ്. ഇതിൽ അദ്ദേഹം അഞ്ചോ ആറോ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അദലീന അദാലിസ് എന്ന റഷ്യൻ സാഹിത്യകാരി പൊസിലിഡന്യയ എന്ന പേരിൽ ഇതു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഷില്ലോങ്ങിന്റെ പശ്ചാത്തലത്തിൽ പ്രണയബദ്ധരാകുന്ന അമിതും ലാവണ്യയുമാണ് നോവലിലെ കഥാപാത്രങ്ങൾ.

നോവലിന്റെ അവസാനമായി ചേർത്തിരിക്കുന്ന വിടപറയൽ കവിതയാണ് അലക്സി റെബ്നികോവ് സംഗീതം നൽകി ചേതോഹരമാക്കിയത്. 2018ൽ ഈ പാട്ട് ഡാനില കൊസ്ലോവ്സ്കി സംവിധാനം ചെയ്ത ട്രെയിനർ എന്ന ചലച്ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. അന്ന അകതോവ എന്ന റഷ്യൻ സാഹിത്യകാരിയും ഡോക്ടർ ഷിവാഗോയുടെ രചയിതാവ് ബോറിസ് പാസ്റ്റർനക്കുമെല്ലാം ടഗോറിന്റെ രചനകൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തത്യാന മാറസോവ എന്ന സംഗീതജ്ഞ ബംഗാളിൽ താമസിച്ച് ടഗോർ സംഗീതത്തിലെ സ്വര ലിപികൾ പാശ്ചാത്യ സംഗീത നോട്ടുകളാക്കിയിട്ടുണ്ട്.

പാശ്ചാത്യ ലോകത്തിന് രവീന്ദ്ര സംഗീതം കൂടുതൽ ആസ്വാദ്യകരമാകാൻ ഇതും സഹായിച്ചിട്ടുണ്ട്. അങ്ങനെ റഷ്യയിലും ഉസ്ബക്കിസ്ഥാനിലുമെല്ലാം ടഗോർപാട്ട് ഹൃദയം കവർന്ന ചങ്ക്പാട്ടാണ്. റഷ്യ-ഇന്ത്യ സഹകരണത്തിൽ പിറന്ന മറ്റൊരു ചലച്ചിത്രമാണ് 1957ൽ നിർമിച്ച പർദേശി. റഷ്യൻ യാത്രികൻ അഫ്നസി നികിതിന്റെ എ ജേണി ബിയോണ്ട് ത്രീ സീസ് എന്ന സഞ്ചാര സാഹിത്യഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഇരുഭാഷകളിലും നിർമിച്ച ചിത്രത്തിൽ റഷ്യൻ നടൻ ഒലെഗ് സ്ട്രിഷെനോവും ഹിന്ദി നടി നർഗീസുമാണ് അഭിനയിച്ചത്.

∙ കോവിഡ് കാലം പൂട്ടുതുറന്നു

കോവിഡ് കാലത്ത് ലോകം വീടുകളിലായപ്പോഴാണ് പഴയപാട്ടിന്റെ വഴിതേടണമെന്ന് വീണ്ടും തീരുമാനിച്ചതെന്നു സുവ്ര പറഞ്ഞു. ദുബായിലേക്ക് ഉസ്ബക്കിസ്ഥാനിൽ നിന്നും റഷ്യയിൽ നിന്നും മറ്റും ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന ബിസിനസാണ് സുവ്രയുടേത്. സംഗീത പ്രേമി കൂടിയായ സുവ്രയെ യുനെസ്കോ ആർട്ടിസ്റ്റ് ഫോർ പീസ് പട്ടിക 2016ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര സർവകലാശാലകളിൽ പ്രഭാഷണങ്ങളും നടത്താറുണ്ട്. ഡോക്യുമെന്ററി ചെയ്യാൻ ഉസബക്കിസ്ഥാൻ -റഷ്യൻ കോൺസുലേറ്റുകളെയാണ് സുവ്ര ആദ്യം സമീപിച്ചത്.

ഉസ്ബക്കിസ്ഥാൻ കോൺസുലേറ്റ് ജനറൽ അലിഷേർ സൊളമോവിന്റെ സഹായത്തോടെ ഫറൂഖ് സൊക്കീറോവിനെ ബന്ധപ്പെടാനാണ് ശ്രമിച്ചത്. ഇന്ത്യക്കാർക്ക് അമിതാഭ് ബച്ചനെന്ന പോലെയാണ് ഉസ്ബക്കുകാർക്ക് സൊക്കീറോവ്. ഏതായാലും അദ്ദേഹത്തിന്റെ അഭിമുഖം കിട്ടിയതോടെ അലക്സി റെബ്നിക്കോവിനെ കണ്ടെത്താനായി അടുത്ത ശ്രമം. ഏറെ ശ്രമത്തിനൊടുവിൽ അതും സാധിച്ചതോടെ ദുബായിൽ തന്റെ മൊബൈൽ ക്യാമറയിൽത്തന്നെ ചിത്രീകരണവും തുടങ്ങുകയായിരുന്നു. ടഗോർ പാട്ടിന് ആദരം എന്ന നിലയിൽ തന്റെ കുടുംബത്തിലുള്ള പാട്ടുകാരി ലഗ്നഗിതാ ചക്രവർത്തിയെക്കൊണ്ട് അതു പാടിച്ച് ഡോക്യുമെന്ററിയുടെ ഒടുവിൽ സുവ്ര ചേർത്തിട്ടുണ്ട്.

English Summary: Travel of a Poem by Tagore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com