ADVERTISEMENT

ഒളിംപിക്സ് ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമംഗം പി.ആർ. ശ്രീജേഷിന്റെ ഇതുവരെയുള്ള ജീവിതം ഒരു  തുറന്ന പുസ്തകമാണ്. ഹോക്കി കിറ്റ് വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ വീട്ടിലെ കറവപ്പശുവിനെ വിൽക്കേണ്ടി വന്ന അച്ഛൻ  മുതൽ 12 വർഷക്കാലം ആരുമറിയാതെ പ്രണയിച്ച ജീവിതസഖി വരെ അനേകം കഥാപാത്രങ്ങളുള്ള ഒരു മഹാകാവ്യം

കിഴക്കമ്പലം പള്ളിക്കരയിലെ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന പി.ആർ.ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ വൻമതിലായി വളർന്നതിന് ആദ്യം നന്ദി പറയേണ്ടത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഗ്രേസ് മാർക്ക് സംവിധാനത്തോടാണ്! ഷോട്ട്പുട്ടും ഓട്ടവും ഇഷ്ടപ്പെട്ടു തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെത്തിയ ശ്രീജേഷിനെ ഹോക്കി കളിക്കാരനാക്കിയത് എസ്എസ്എൽസിക്ക് 60 ഗ്രേസ് മാർക്കു ലഭിക്കുമെന്ന പ്രലോഭനമായിരുന്നു. എട്ടാം ക്ലാസുകാരനായ ശ്രീജേഷ് അന്നുവരെ ഹോക്കിയെന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ടിവിയിൽ പോലും കളി കണ്ടിരുന്നില്ല.

ജിവി രാജയിൽ പ്രവേശനം നേടിയത് അത്‌ലറ്റിക്സ് ട്രയൽസിലൂടെയാണെങ്കിലും അത്‌ലറ്റിക്സിൽ പച്ചപിടിക്കില്ലെന്നു പരിശീലകർ വിലയിരുത്തിയതോടെ പിന്നെ ഏതു ഗെയിമിൽ ഉൾപ്പെടുത്താമെന്ന പരീക്ഷണമായി. വോളിബോൾ കളിച്ചുനോക്കിയെങ്കിലും പിടിച്ചുനിൽക്കാനാവില്ലെന്നു ശ്രീജേഷിനു തന്നെ ബോധ്യപ്പെട്ടു. അപ്പോഴാണു ഹോക്കി പരിശീലകരായ ജയകുമാറും രമേശ് കോലപ്പയും ആർക്കും താൽപര്യമില്ലാത്ത ഹോക്കിയിലേക്കു വല വീശുന്നത്. ഹോക്കിയെന്താണ് എന്നറിയാത്ത ശ്രീജേഷിനു മുന്നിൽ അവർ പ്രലോഭനം നിരത്തി.

‘രണ്ടു വർഷത്തിനുള്ളിൽ ദേശീയ ചാംപ്യൻഷിപ്പിൽ കളിക്കാം. അതിലൂടെ എസ്എസ്എൽസിക്ക് 60 ഗ്രേസ് മാർക്കും ലഭിക്കും’

അത്‌ലറ്റിക്സിനോടു വിടപറഞ്ഞ് ശ്രീജേഷ് ഹോക്കി കളത്തിലിറങ്ങിയത് അങ്ങനെ. ആ പ്രലോഭനമില്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും ഗെയിമിലേക്കു വഴിമാറിപ്പോകുമായിരുന്നു. ഹോക്കി പരിശീലനത്തിന്റെ ആദ്യദിനങ്ങളിൽതന്നെ തടുക്കാൻ മിടുക്കനായ കയ്യൂക്കുള്ള പയ്യനു ഗോളിയായിട്ടാവും തിളങ്ങാനാവുകയെന്നു പരിശീലകർ തിരിച്ചറിഞ്ഞു. ഗോളിയായാൽ അധികം ഓടേണ്ടി വരില്ലല്ലോ എന്നതായിരുന്നു ശ്രീജേഷിന്റെ ചിന്ത.

അങ്ങനെ ഗ്രേസ് മാർക്ക് കൊതിച്ചും ഓടാൻ മടിച്ചും ഹോക്കിയിൽ ഗോൾകീപ്പറായ പയ്യൻ ഇന്ത്യൻ ഹോക്കിയുടെ തന്നെ ‘രക്ഷകൻ’ ആയി മാറിയതു ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടം വരെ എത്തി നിൽക്കുന്ന ചരിത്രം. പക്ഷേ അതിനു പിന്നിൽ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥ കൂടിയുണ്ട്.

Tokyo 2020 Olympics - Hockey - Men - Bronze medal match - Germany v India - Oi Hockey Stadium, Tokyo, Japan - August 5, 2021. Sreejesh Parattu Raveendran of India poses for pictures as he celebrates winning the match for bronze. REUTERS/Bernadett Szabo
Tokyo 2020 Olympics - Hockey - Men - Bronze medal match - Germany v India - Oi Hockey Stadium, Tokyo, Japan - August 5, 2021. Sreejesh Parattu Raveendran of India poses for pictures as he celebrates winning the match for bronze. REUTERS/Bernadett Szabo

ഉപ്പുരുചിയുള്ള മെഡൽ

ആറ്റുനോറ്റു കിട്ടിയ ഒളിംപിക്സ് മെഡൽ അഭിമാനത്തോടെ രുചിച്ചു നോക്കി ശ്രീജേഷ് കുറിച്ചു.

‘ഇതിന് ഉപ്പിന്റെ രുചിയാണ്. അതെ, ഞാനോർക്കുന്നു; കഴിഞ്ഞ 21 വർഷമായുള്ള എന്റെ വിയർപ്പാണിത്’ ഈ മെഡൽ വരെയെത്തിയ നാൾവഴികളിൽ ശ്രീജേഷ് ഒഴുക്കിയ വിയർപ്പിനും ഒഴിവാക്കിയ ഇഷ്ടങ്ങൾക്കും കണക്കില്ല. കിഴക്കമ്പലം സെന്റ് ആന്റണീസ് എൽപിഎസിലും സെന്റ് ജോസഫ്സ് സ്കൂളിലുമായുള്ള പഠനകാലത്ത് ഓടാനും ചാടാനും ഏറിയാനുമെല്ലാം മുൻപന്തിയിലായിരുന്നു ശ്രീജേഷ്. കൃഷിക്കാരനായ അച്ഛൻ പി.ആർ.രവീന്ദ്രനൊപ്പം പാടം ഉഴാനും കൊയ്യാനും മെതിക്കാനുമെല്ലാം ഒപ്പം കൂടി കൈവന്ന ‘നാടൻ ഫിറ്റ്നസ്’ ആയിരുന്നു കരുത്ത്. നാലാം വയസ്സിൽ വീടിനു മുന്നിലെ ചിറയിലേക്ക് എടുത്തിട്ടു നീന്തൽ പഠിപ്പിച്ചതും അച്ഛൻ തന്നെ. 

ആ സ്പോർട്സ് പ്രേമമാണ് ജിവി രാജ ട്രയൽസിൽ പങ്കെടുക്കാൻ പ്രേരണയായത്.

2000ൽ ആണ് ശ്രീജേഷ് ജിവി രാജ സ്കൂളിലെത്തുന്നത്. മകനെ ഇത്ര ദൂരേക്കു വിടുന്നതിന്റെ സങ്കടത്തിലായിരുന്നു അമ്മ ഉഷാകുമാരി. പിന്തുണച്ചത് അച്ഛനാണ്. അത്‌ലീറ്റാകാൻ പോയവൻ ‘ഭാവിയില്ലാത്ത’ ഹോക്കിയിലേക്കു മാറിയതും വീട്ടിൽ ആശങ്കയായി. അന്നും തുണച്ചത് അച്ഛൻ.

ഹോക്കി ഗോളിയായി തിളങ്ങിയതോടെ അടുത്തവർഷംതന്നെ ദേശീയതലത്തിൽ കളിക്കാനായി. 2003ൽ തിരുനെൽവേലിയിൽ നടന്ന ദേശീയ ഇൻവിറ്റേഷൻ ടൂർണമെന്റിലെ പ്രകടനമാണു ശ്രീജേഷിനെ ദേശീയ ജൂനിയർ ക്യാംപിലെത്തിച്ചത്.

ജിവി രാജയിലെ മൺട്രാക്കിൽ പൊളിഞ്ഞ പോസ്റ്റിനുകീഴിൽ കളി പഠിച്ച ശ്രീജേഷിനു ദേശീയ ജൂനിയർ ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ സ്വന്തമായി ഒരു കിറ്റ് പോലുമുണ്ടായിരുന്നില്ല. പുതിയ കിറ്റിന് 10,000 രൂപയോളമാണു വില. ക്യാംപിനു പോകുമ്പോൾ ഒരു കിറ്റെങ്കിലും വേണമെന്നു പരിശീലകർ നിർദേശിച്ചു. കഷ്ടപ്പാടുകൾ ഏറെയുള്ള കുടുംബത്തിനു പെട്ടെന്ന് ആ തുക കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. അതോടെ മകന്റെ ആഗ്രഹം സഫലമാക്കാൻ വീട്ടിലെ കറവപ്പശുവിനെ രവീന്ദ്രൻ 7,000 രൂപയ്ക്കു വിറ്റു. കയ്യിലുണ്ടായിരുന്ന 3000 രൂപ കൂടി മുടക്കി അച്ഛൻ വാങ്ങി നൽകിയ കിറ്റുമായാണു ശ്രീജേഷ് ദേശീയ ഹോക്കിയിലേക്കു ചുവടുവയ്ക്കുന്നത്.

അങ്ങനെ എട്ടാം ക്ലാസ് വരെ ഹോക്കിയെന്തെന്നറിയാത്ത പയ്യൻ 12–ാം ക്ലാസിൽ ദേശീയ ജൂനിയർ ഹോക്കി ടീമിൽ അംഗമായി! ശൂന്യതയിൽനിന്നു രാജ്യാന്തര മികവിലേക്കെത്താൻ വേണ്ടിവന്നതു നാലു കൗമാര വർഷങ്ങൾ മാത്രം.

2006ൽ 20–ാം വയസ്സിൽ സീനിയർ ടീമിൽ. പിന്നെ പരുക്കേറ്റപ്പോഴല്ലാതെ ടീമിനു പുറത്തിരിക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ ഹോക്കിക്കു പ്രചോദനവും അഭിമാനവുമായ പല ചരിത്രനേട്ടങ്ങളിലും ഈ മലയാളിയുടെ ഒറ്റയാൻ പ്രകടനം വിജയ ഘടകമായി. രാജ്യാന്തര മത്സരവേദിയിൽ 15 വർഷത്തോളമായി സ്ഥിരതയോടെ ടീമിന്റെ നെടും തൂണായി നിലനിൽക്കുക എന്നതു തന്നെ അസാമാന്യം. പുതുതലമുറയ്ക്കൊപ്പം ഫിറ്റ്നസും കളിമികവും കാത്തുസൂക്ഷിച്ചും പരിചയസമ്പത്തിന്റെ കരുത്തിൽ അവർക്കു വഴികാട്ടിയും ടീമിലെ വല്യേട്ടനാണിപ്പോൾ ശ്രീജേഷ്. രണ്ടുമുറി മാത്രമുള്ള, മതിലുകളില്ലാത്ത കൊച്ചുവീടിന്റെ പരിമിതികളിൽനിന്നാണ് ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ വൻമതിലായി വളർന്നത്.

താൻ ഒരു കളിക്കാരനായി മാറിയതിന്റെ കാരണക്കാരൻ അച്ഛനാണെന്നു പറയുന്ന ശ്രീജേഷ് ഒളിംപിക്സ് മെഡൽ സമർപ്പിച്ചതും ഏറ്റവും നല്ല സുഹൃത്തിനെപ്പോലെ പ്രിയപ്പെട്ട അച്ഛനാണ്.

sreejesh
ടോക്കിയോ ഒളിംപിക് വില്ലേജിലെ ഡൈനിങ് ഹാളിൽ സഹതാരം സിമ്രാൻജീത് സിങ് (വലത്) ശ്രീജേഷിനൊപ്പം പകർത്തിയ സെൽഫി.

വേദന, അപമാനം, തിരിച്ചടി

2006ൽ സീനിയർ ടീമിലെത്തിയ ശ്രീജേഷിന്റെ ആദ്യമത്സരം സാഫ് ഗെയിംസ് ആയിരുന്നു. ഫൈനലിൽ എത്തിയെങ്കിലും ചിരവൈരികളായ പാക്കിസ്ഥാനോടു 3–2നു തോറ്റു സ്വർണം കൈവിട്ടു. കളിജീവിതത്തിലെ ഏറ്റവും  സങ്കടകരമായ മുഹൂർത്തങ്ങളിലൊന്ന് അതായിരുന്നുവെന്നു ശ്രീജേഷ് പറയുന്നു. പക്ഷേ, പിന്നീട് അതിനു മധുരപ്രതികാരം വീട്ടാൻ നേതൃത്വം നൽകിയതും ശ്രീജേഷ് തന്നെ. 2011ൽ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിലും 2014ൽ 16 വർഷത്തെ കാത്തിരിപ്പിനുശേഷം ഏഷ്യൻ ഗെയിംസിലും ഇന്ത്യ ചാംപ്യന്മാരായതു ഫൈനലുകളിൽ പാക്കിസ്ഥാനെ കീഴടക്കിയാണ്. ഷൂട്ടൗട്ടിലേക്കു നീണ്ട രണ്ടു ഫൈനലുകളിലും പാക്കിസ്ഥാൻ തകർന്നതു ശ്രീജേഷ് എന്ന തകരാത്ത കോട്ടയുടെ മുന്നിലും.

‘‘പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ പ്രത്യേക ആവേശവും വാശിയുമാണ്.  2012ൽ ആദ്യമായി പങ്കെടുത്ത ലണ്ടൻ ഒളിംപിക്സിൽ ഒരു മത്സരത്തിൽപോലും ജയിക്കാനാവാത്തതാണു വലിയ നിരാശ.  ജീവിതത്തിലെ ഏറ്റവും വലിയ അപമാനം നേരിടേണ്ടി വന്നതും ആ ഒളിംപിക്സിനെത്തുടർന്നാണ്. അന്ന് ഒളിംപിക്സ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ ഡൽഹിയിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന ചടങ്ങുണ്ടായിരുന്നു. പ്രസംഗത്തിനിടെ അദ്ദേഹം ഹോക്കി ടീമിന്റെ പ്രകടനത്തെ പരസ്യമായി വിമർശിച്ചു. 12 ടീമുകൾ മാത്രം ഒളിംപിക്സിൽ പങ്കെടുക്കുന്നതുകൊണ്ടു നമ്മുടെ ടീം 12–ാം സ്ഥാനം നേടിയെന്നും 20 ടീം ഉണ്ടായിരുന്നെങ്കിൽ നമ്മൾ 20–ാം സ്ഥാനത്ത് ആയേനെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തല ഉയർത്താൻപോലും കഴിയാതെ ഞങ്ങൾ കുമ്പിട്ടിരുന്നു. മനസ്സിൽ ആഴത്തിലുള്ള മുറിവായിരുന്നു ആ അപമാനം. ഒരു ഒളിംപിക്സ് മെഡൽ നേടണമെന്ന ആഗ്രഹം വാശിയായി മാറിയത് അവിടെ നിന്നാണ്. ’’– ശ്രീജേഷിന്റെ വാക്കുകൾ.

2016ൽ ഇംഗ്ലണ്ടിൽ നടന്ന ലോകചാംപ്യൻസ് ട്രോഫിയിലാണു ക്യാപ്റ്റൻ സ്ഥാനം ശ്രീജേഷിലേക്കെത്തുന്നത്. ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകപങ്കു വഹിച്ചതും അരങ്ങേറ്റ നായകൻ. ഫൈനലിൽ തോറ്റെങ്കിലും ഇന്ത്യൻ ഹോക്കിക്കു ലോകവേദിയിലെ ഉത്തേജനമായി ആ വെള്ളി മെഡൽ. പിന്നാലെ ലോക ഹോക്കി ലീഗിലും രണ്ടാം സ്ഥാനത്തെത്തി. ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടവും നേടി. 2016ലെ റിയോ ഒളിംപിക്സിലും ടീമിനെ നയിച്ചതു ശ്രീജേഷ് തന്നെ. ക്വാർട്ടറിൽ അവസാനിച്ചു അന്നത്തെ പോരാട്ടം. അന്നേ മനസ്സിൽ കുറിച്ച മെഡൽ ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു കഴിഞ്ഞ നാലു വർഷങ്ങൾ.

കോവിഡ്കാല ഒരുക്കം

ടോക്കിയോ ഒളിംപിക്സിനായുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു കോവിഡ് വ്യാപനവും ലോക്ഡൗണും. പരിശീലനക്യാംപായ ബെംഗളൂരു സായി സെന്ററിലായി പിന്നെ ശ്രീജേഷ് അടക്കമുള്ള ഹോക്കി ടീമിന്റെയും അത്‌‌ലീറ്റുകളുടെയും ജീവിതം. തുറന്ന ജയിലിലെന്നപോലെയായിരുന്നു അതെന്നു ശ്രീജേഷ് പറയുന്നു. ഒന്നരവർഷത്തോളം ഇഴപിരിയാതെ ഒരു കുടുംബംപോലെ കഴിഞ്ഞുള്ള നിത്യ പരിശീലനം. അതിനിടെ വീട്ടിൽ കഴിഞ്ഞതു രണ്ടുതവണയായി ഏതാനും ദിവസം മാത്രം. ആഘോഷങ്ങളെല്ലാം ക്യാംപിലെ മുറിയിലൊതുക്കി. വിഷുക്കണി കണ്ടതു ലാപ്ടോപ് സ്ക്രീനിൽ. ഓണവും ക്രിസ്മസുമെല്ലാം ക്യാംപിനുള്ളിലൊതുങ്ങി. കോവിഡ് കടുത്തതോടെ ഒളിംപിക്സ്തന്നെ അനിശ്ചിതത്വത്തിലായി. ഒളിംപിക്സ് മെഡലെന്ന സ്വപ്നങ്ങളിലേക്കുള്ള ദൂരം കൂടി വരികയായിരുന്നു. പരിശ്രമമെല്ലാം പാഴായിപ്പോകുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നു.

ഇതോടെ നല്ല ചിന്തകളിലേക്കും ശുഭപ്രതീക്ഷകളിലേക്കും മനസ്സിനെ വഴിനടത്താൻ ശ്രീജേഷ് വായനയുടെ ലോകം തിരഞ്ഞെടുത്തു. പുസ്തകങ്ങൾ ഓൺലൈനായി വരുത്തി. പരിശീലനം കഴിഞ്ഞുള്ള ഇടവേളകളിലെല്ലാം വായനയിൽ മുഴുകി. ഒരേസമയം ഒന്നിലേറെ പുസ്തകങ്ങൾ വായിച്ചു. പ്രചോദനാത്മകമായ പുസ്തകങ്ങളും ആത്മകഥകളും ജീവചരിത്രവുമാണു വായിക്കാൻ ഇഷ്ടമെന്നു ശ്രീജേഷ് പറയുന്നു. ക്യാംപിൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ നൂറോളം പുസ്തകങ്ങളാണു വായിച്ചുതീർത്തത്. വെറുതേ വായിക്കുകയല്ല. അതിന്റെ അടിസ്ഥാനത്തിൽ‌ കുറിപ്പുകൾ എഴുതുന്നതും ശീലമാക്കി. റോബിൻ ശർമയുടെ ‘ദ് 5 എഎം ക്ലബ്’ ആണ് ഈ കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം. കളിക്കിടെയുള്ള സമ്മർദനിമിഷങ്ങളെ അതിജീവിക്കാൻ പരിചയസമ്പത്തിനൊപ്പം വായന സമ്മാനിച്ച ചിന്തകളും സഹായകമാണെന്നാണു ശ്രീജേഷിന്റെ സാക്ഷ്യം.

ഒളിംപിക്സിന്റെ ഒരുക്കമായുള്ള ചാംപ്യൻഷിപ്പുകളും പര്യടനങ്ങളും മുടങ്ങിയെങ്കിലും ഈ വർഷം ആദ്യം ജർമനിയിലും ബൽജിയത്തിലും ടെസ്റ്റുകൾ കളിക്കാനായി. രണ്ടിടത്തും നേടിയ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായാണു ടീം ഒളിംപിക്സിനായി ഇറങ്ങിയത്.

sreejesh-family
പി.ആർ.ശ്രീജേഷ് ഭാര്യ അനീഷ്യ, മക്കളായ അനുശ്രീ, ശ്രീആൻഷ് എന്നിവർക്കൊപ്പം.

ശത്രുതയിൽ നിന്ന് ജീവിതത്തിലേക്ക്

എട്ടാം ക്ലാസിൽ ജിവി രാജ സ്കൂളിലെത്തിയ ശ്രീജേഷ് പഠനത്തിലും ക്ലാസിൽ ഒന്നാമനായിരുന്നു. പക്ഷേ,  ഒൻപതാം ക്ലാസായപ്പോൾ ലോങ്ജംപിലും 100 മീറ്റർ ഓട്ടത്തിലും മികവുതെളിയിച്ച ഇടുക്കി രാജക്കാട്ടുകാരിയായ ഒരു ‘പഠിപ്പിസ്റ്റ്’ പെൺകുട്ടി പ്രവേശനം നേടിയെത്തി; അനീഷ്യ. ഓണപ്പരീക്ഷയിൽ പെൺകുട്ടി മുന്നിലെത്തിയതോടെ വാശിക്കാരനായ ശ്രീജേഷിന്റെ ശത്രുവായി അവൾ. രണ്ടു പേരും കണ്ടാൽ മിണ്ടാത്ത അവസ്ഥ. ശ്രീജേഷ് ദേശീയ ജൂനിയർ ക്യാംപിൽ ഇടം പിടിച്ചതോടെ ക്ലാസിൽ വരാൻ കഴിയാതായി. അതോടെ നോട്ട് എഴുതിക്കൊടുക്കുന്നതടക്കം പഠനത്തിൽ തുണയായത് അതേ പഠിപ്പിസ്റ്റ് പെൺകുട്ടി. ശത്രുത മാറി സൗഹൃദമായി. ആ സൗഹൃദം വൈകാതെ പ്രണയത്തിലേക്കു വഴിമാറി. ജിവി രാജയിലെ പഠനം കഴിഞ്ഞു യാത്രപറയുന്ന ദിനം ശ്രീജേഷ് പ്രണയിനിക്കു രഹസ്യമായി സമ്മാനിച്ചതു പ്രണയസ്മാരകമായ താജ്മഹലിന്റെ മാർബിളിൽ തീർത്ത ചെറിയരൂപം. ഡൽഹിയിൽനിന്നു വാങ്ങി സൂക്ഷിച്ചതായിരുന്നു അത്.

സംസ്ഥാന സ്കൂൾ മീറ്റിലടക്കം മെഡലുകൾ നേടിയ പെൺകുട്ടി സ്കൂൾ കഴിഞ്ഞതോടെ സ്പോർട്സ് വിട്ടു പഠനത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്നു വർഷത്തോളം പരസ്പരം കണ്ടില്ലെങ്കിലും കത്തുകളിലൂടെ പ്രേമം പച്ചപിടിച്ചു. പിന്നീട് അനീഷ്യ തൃശൂരിൽ ആയുർവേദ കോഴ്സിനു പ്രവേശനം നേടി. ഇന്ത്യൻ താരമായി മാറിയ ശ്രീജേഷ് കളികളുടെ ഇടവേളകളിൽ നാട്ടിലെത്തുമ്പോഴെല്ലാം ബൈക്കിൽ തൃശൂരിലേക്കും രാജക്കാട്ടേക്കും അനീഷ്യയെ കാണാൻ ഒറ്റയ്ക്കു യാത്ര ചെയ്തു. 12 വർഷത്തോളം ആരുമറിയാതെ കാത്ത പ്രണയം ഒടുവിൽ രണ്ടുപേരും വീടുകളിൽ അവതരിപ്പിച്ചു. അങ്ങനെ അനീഷ്യ ശ്രീജേഷിന്റെ ജീവിതത്തിലെ നല്ലപാതിയായി. കായികതാരത്തിന്റെ മനസ്സറിയുന്ന ജീവിതപങ്കാളിയെ ലഭിച്ചതും വലിയ കരുത്തായെന്നു ശ്രീജേഷ് പറയും. അനുശ്രീ, ശ്രീആൻഷ് എന്നിങ്ങനെയാണു മക്കളുടെ പേരുകൾ. ശ്രീജേഷിന്റെ മൂത്ത സഹോദരൻ ശ്രീജിത്തും ഭാര്യ ധന്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വർ‌ഷങ്ങളായി കാനഡയിലാണ്.

സ്വപ്നം അവസാനിക്കുന്നില്ല

ഒളിംപിക്സ് മെഡൽകൊണ്ട് സ്വപ്നവും ലക്ഷ്യവും അവസാനിപ്പിക്കുന്നില്ല ശ്രീജേഷ്. കളിയിൽ സജീവമായി തുടരുമെന്നു ശ്രീജേഷ് പറയുന്നു.

‘ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമാണ് ഇനി മുന്നിലുള്ളത്. 2023ൽ ലോകകപ്പുമുണ്ട്. ഇന്ത്യ വേദിയാകുന്ന ആ ലോകകപ്പ് വിജയമാണ് ഇനിയുള്ള വലിയ സ്വപ്നം. ബാക്കിയെല്ലാം അതിനുശേഷം തീരുമാനിക്കാം. ഞങ്ങളുടെ വിജയം പുതിയ കുട്ടികൾക്ക് ഈ കളിയിലേക്കു വരാൻ പ്രചോദനമാകും. പക്ഷേ അവർക്കു കളിച്ചുവളരാൻ നല്ല സൗകര്യങ്ങളും വേണം. ഞാൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോഴും നമ്മുടെ നാട്ടിൽ ഒരു അസ്ട്രോ ടർഫ് ഉണ്ടായിരുന്നില്ല. ദേശീയ ഗെയിംസ് വന്നപ്പോഴാണ് അതുണ്ടായത്. അതിലൊതുങ്ങരുതു സൗകര്യങ്ങൾ. വീട്ടുകാരുടെ ആഗ്രഹം പോലെ 18–ാം വയസ്സിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി കിട്ടി. ആറു വർഷം മുൻപ് വിദ്യാഭ്യാസ വകുപ്പിൽ സർക്കാർ ജോലി തന്നു. ഇപ്പോൾ ഡപ്യൂട്ടി ഡയറക്ടറാണ്. ജോലി കിട്ടിയതുകൊണ്ടു കളി ഉപേക്ഷിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെ ചിന്തിക്കാതെ വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി പരിശ്രമിക്കുകയും ചെയ്യണമെന്നാണു കായികരംഗത്തേക്കു വരുന്ന എല്ലാവരോടും പറയാനുള്ളത്’

പത്മശ്രീയും അർജുന അവാർഡും നൽകി രാജ്യം ആദരിച്ച ശ്രീജേഷ് രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ എട്ടംഗ അത്‌ലീറ്റ് കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English Summary: Life of hockey player PR Sreejesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com