ADVERTISEMENT

കുറിഞ്ഞികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചൊരു സാധാരണക്കാരൻ. 8 മുതൽ 12 വർഷത്തിനിടെ ഒരിക്കൽ വിരിയുന്ന വസന്തത്തിനായി ക്ഷമയോടെ കാത്തിരിക്കുന്ന ആ മനുഷ്യന് അഭിമാനമായി ഇതാ പുതിയൊരിനം കുറിഞ്ഞി; സ്ട്രോബിലാന്തസ് പ്രദീപിയാന

പാടിപ്പാടി പാട്ടുകാരൻ പാട്ടായി മാറുന്നതുപോലെ കുറിഞ്ഞി തേടിത്തേടി പ്രദീപ് കുറിഞ്ഞിയായി മാറി. ശരിക്കും പാഷൻ. തീവ്രമായ തേടൽ. കുറിഞ്ഞികൾക്കെല്ലാം പൊതുവായുള്ള നാമം സ്ട്രോബിലാന്തസ് എന്നാണ്. അതിനോടൊപ്പം പ്രദീപിയാന എന്നൊരു ഉപനാമംകൂടി ചേർത്ത് സ്ട്രോബിലാന്തസ് പ്രദീപിയാന എന്ന പുതിയൊരു സ്പീഷീസ് മൂന്നാറിൽ കണ്ടെത്തിയ വിവരം രാജ്യാന്തര ജേണൽ ആയ ഫൈറ്റോ ടാക്സായുടെ പുതിയ ലക്കത്തിലുണ്ട്. പ്രദീപിയാന എന്നാൽ പാലാ രാമപുരം സ്വദേശി എ.കെ.പ്രദീപിന്റെ ബഹുമാനാർഥം എന്നർഥം.

ഐടിഐ കഴിഞ്ഞു ഫൊട്ടോഗ്രഫി പരിശീലിച്ച് ഒന്നു വിടരാൻ വെമ്പിനിന്ന കാലത്താണ് 2004ൽ മൂന്നാറിൽ ‘മിനി’ കുറി‍ഞ്ഞി സീസൺ ഇതൾവിരിയുന്നത്. അന്നു  വന്യജീവി വാർഡനായിരുന്ന റോയി പി.തോമസ് (ഇന്നത്തെ പുതുച്ചേരി ഇലക്‌ഷൻ കമ്മിഷണർ) പ്രദീപിന്റെ ക്യമറാ‘ഭ്രാന്ത്’ തിരിച്ചറിഞ്ഞു. കുറി‍ഞ്ഞിയെപ്പറ്റി വിദേശികൾ നടത്തിയ പഠനങ്ങളല്ലാതെ കാര്യമായൊന്നും ഇല്ല. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെ വരവേൽക്കാൻ വനംവകുപ്പ് ഒരുങ്ങുകയാണ്. ചെടികൾ മുഴുവൻ ഡോക്യുമെന്റ് ചെയ്യാൻ കിട്ടിയ അപൂർവ അവസരം ഡിപ്പാർട്മെന്റിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നായി വാർഡൻ. അതിനുപറ്റിയ ആൾ എന്ന നിലയിൽ പ്രദീപിനായി വനംവകുപ്പ് ചെക്ക് പോസ്റ്റിന്റെ ക്രോസ്ബാർ തുറന്നുകൊടുത്തു. ഇതിനിടെ ചിന്നാറിൽ വെളുത്ത കാട്ടുപോത്ത് ഉണ്ടെന്ന അറിവുകിട്ടി. പക്ഷേ, തെളിവില്ല. വെള്ളപ്പോത്തിനെത്തേടി പ്രദീപ് മാസങ്ങളോളം കാട്ടിൽ അലഞ്ഞു. ഒടുവിൽ പടവുമായി തിരികെയെത്തി. വനംവകുപ്പിന് അഭിമാനനിമിഷം.

അപ്പോഴേക്കും 2006 എത്തി. ആ വർഷം ഓഗസ്റ്റോടെ മൂന്നാർ നീലക്കടലായി. പടം എടുത്തും ‌വനംവകുപ്പിനെ സഹായിച്ചും പ്രദീപ് ക്യാമറയുമായി തലങ്ങും വിലങ്ങും മിന്നി. രണ്ടു മൂന്നു മാസം കൊണ്ട് നീലക്കുറിഞ്ഞി മുഴുവൻ പകർത്തി. ഒറ്റനോട്ടത്തിൽ നീലയാണെങ്കിലും എല്ലാ കുറിഞ്ഞിയും ഒരുപോലെയല്ലെന്നു മനസ്സിലായി. പക്ഷേ, ശാസ്ത്രീയ അടിത്തറയില്ലാതെ എന്തുചെയ്തിട്ടും കാര്യമില്ല.

ഗവേഷകയായ സിസ്റ്റർ സാന്ദ്രയിൽനിന്നു ചെടി സൂക്ഷിക്കാനുള്ള മാർഗം പഠിച്ചു. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ റവ. എസ്.ജോൺ ബ്രിട്ടോയെപ്പറ്റിയും കേട്ടു. കൊടൈക്കനാലിൽ സ്വന്തമായി കുറിഞ്ഞി ഹെർബേറിയം ഉള്ള ഗവേഷകൻ. അങ്ങനെ പലതരം കുറിഞ്ഞി ഫോട്ടോകളും സ്പെസിമെനുകളുമായി തിരുച്ചിറപ്പള്ളിക്കു വണ്ടികയറി.

മൂന്നാറിലെ സീസൺ കഴിഞ്ഞപ്പോഴേ പ്രദീപ് തീരുമാനിച്ചു, പശ്ചിമഘട്ടം അവസാനിക്കുന്ന ഗുജറാത്തിലെ താപ്തി മുതൽ തെക്ക് അഗസ്ത്യമല വരെ സഞ്ചരിച്ചു വിവിധതരം കുറിഞ്ഞികളുടെ ചിത്രം എടുത്ത് ഡോക്യുമെന്റ് ചെയ്യണം.

ലോകത്താകെയുള്ള 450 ഇനത്തിൽ 150 ഇനം കുറിഞ്ഞികളും ഇന്ത്യയിലുണ്ടെന്ന കേട്ടറിവു സത്യമെന്നു തെളിയിക്കുക മാത്രമല്ല, പലതിന്റെയും വേരുമുതൽ പൂമ്പൊടിവരെ ശേഖരിക്കുകയും ചെയ്തു. ഇതിൽ 70 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രമെന്നും ഇതിൽ 37 എണ്ണം കേരളത്തിൽ മാത്രമെന്നും ഇതിൽ 20 എണ്ണം മൂന്നാറിൽ മാത്രമെന്നും മനസ്സിലാക്കി.

പാലാ സെന്റ് തോമസ് കോളജ് ബോട്ടണി അധ്യാപകൻ ഡോ. ബിൻസ് മാണി, മാള കാർമൽ കോളജ് ബോട്ടണി വിഭാഗത്തിലെ സിസ്റ്റർ ഡോ. സിഞ്ചുമോൾ തോമസ് എന്നിവരെ ഇതിനിടെ പരിചയപ്പെട്ടു. പിന്നെ ഇവരോടു ചേർന്നായി പഠനം. ഫീൽഡിൽനിന്നു പ്രദീപ് കൊണ്ടുവരുന്ന ഓരോ സ്പെസിമെനും ഇവർ പഠിച്ചു വർഗീകരിക്കാൻ തുടങ്ങി. കൊച്ചി സർവകലാശാലയിലെ ഇലക്ട്രോണിക് മൈക്രോസ്കോപ്പിലൂടെ പൂവിന്റെ ഇതൾരഹസ്യങ്ങളിലേക്കു കണ്ണോടിച്ചു.

2018 ആയപ്പോഴേക്കും മൂന്നാറിൽ അടുത്ത സീസണായി. ഒരിക്കൽക്കൂടി മൂന്നാർ നീലക്കടലാകുമെന്ന് എല്ലാവരും കരുതി. സഞ്ചാരികൾ ആർത്തലച്ചെത്തി. വനംവകുപ്പിനു വേണ്ടി മൂന്നാറിലെ 20 ഇനം കുറിഞ്ഞികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഫീൽഡ് ഗൈഡും പ്രദീപിന്റേതായി പുറത്തിറങ്ങി. ക്യാമറയും സ്പെസിമെൻ ശേഖരണവുമായി പ്രദീപ് ദൗത്യം തുടർന്നു. എന്നാൽ 2006നെക്കാൾ ആരോഗ്യവും ചൈതന്യവും നഷ്ടപ്പെട്ട ചെടികളായിരുന്നു എവിടെയും. തുടർച്ചയായ 2 സീസണിൽ നീലക്കുറിഞ്ഞിയെ അടുത്തു നിരീക്ഷിച്ച പ്രദീപിനു പന്തികേടു തോന്നി. ഊട്ടി ഡോഡാബേട്ടയിൽ 1000 ചെടിയുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ സീസണിൽ 3 ചെടി മാത്രം അവശേഷിച്ച കാര്യവും ജൈവവൈവിധ്യം തിരികെകൊണ്ടുവന്ന് ഇവയെ വീണ്ടെടുക്കാനുള്ള മാർഗം തമിഴ്നാട് വനംവകുപ്പ് തന്നോടു ചോദിച്ച കാര്യവും പ്രദീപ് ഓർത്തു.

ak-pradeep
ഡബ്ല്യു ഡബ്ല്യു ഐ ഇന്നവേറ്റീവ് സൊലൂഷ്യൻസ് ഇന്ത്യ എന്ന സ്വന്തം എൻജിനീയറിങ് സ്ഥാപനത്തിൽ പ്രദീപ്. ചിത്രം: മനോരമ

നീല(ക്കുറിഞ്ഞി)ഗിരിക്ക് പേരിൽ മാത്രം നീലിമ

17–ാം നൂറ്റാണ്ടുമുതൽ ബ്രിട്ടിഷുകാർ തുടരുന്ന തോട്ടവിളരീതികളും നഗരവൽക്കരണവും ഊട്ടിയെ തകർത്തു. നീലഗിരി എന്ന പേരുവന്നതുതന്നെ നീലക്കുറിഞ്ഞിയിൽ നിന്നാണെന്നത് എല്ലാവരും മറന്നു.

തണുപ്പും കോടയും കുറഞ്ഞ് ചൂടും ഉഷ്ണവും പിടിമുറുക്കുന്ന മൂന്നാറും ഊട്ടിയുടെ വഴിയേ പ്രകൃതിനാശത്തിലേക്കാണോ എന്ന ഗൗരവമുള്ള ചോദ്യം പ്രദീപ് ഉന്നയിച്ചു.

അപ്പോഴേക്കും ശാസ്ത്രലോകം ആ സത്യം കണ്ടെത്തി. കാലാവസ്ഥാ മാറ്റം കുറിഞ്ഞികളെ ബാധിച്ചിരിക്കുന്നു. ഫോട്ടോകളിൽ ആ മാറ്റം പ്രകടമാണ്. 2030ലെ അടുത്ത സീസണിൽ നീലക്കുറിഞ്ഞിയുടെ ഭാവി തീരുമാനിക്കാനാവും. കാലാവസ്ഥാ മാറ്റത്തിന്റെ ഇൻഡിക്കേറ്റർ കൂടിയാണു കുറിഞ്ഞി. വേനൽമഴ അധികമായതുമൂലം പല കുറിഞ്ഞികളും ഇക്കുറി ഓഗസ്റ്റിനു മുൻപേ കാലംതെറ്റി പൂത്തു.

കൊങ്കണി, ബ്രാക്കൺ ഫേൺ തുടങ്ങിയ അധിനിവേശ കളസസ്യങ്ങളും (ഇൻവേസീവ് സ്പീഷീസ്) വാറ്റിൽ, യൂക്കാലി, പൈൻ തുടങ്ങിയ ഏകവിളകളും നിത്യഹരിത വനങ്ങൾക്കെന്നപോലെ കുറിഞ്ഞിക്കും ഭീഷണിയാണ്.

ക്ഷമയുടെ കുറിഞ്ഞിവഴി

ഏറെ ക്ഷമ ആവശ്യമുള്ള രംഗമാണു കുറിഞ്ഞി ഗവേഷണം. 8 മുതൽ 12 വർഷത്തിനിടയിൽ ഒരിക്കലാണു ചെടി പൂക്കുന്നത്; കൂട്ടത്തോടെ. ബോട്ടണിഭാഷയിൽ ഗ്രീഗേറിയസ് ഫ്ലവറിങ്. ഒരു മനുഷ്യായുസ്സിൽ ഒരാൾക്കു ‘കവർ’ ചെയ്യാനാവുന്നതു നാലോ അഞ്ചോ സീസൺ മാത്രം. ഒരു കുറിഞ്ഞി സീസണു സാക്ഷ്യം വഹിക്കാൻ ഏറെ സമർപ്പിതരായ വനം ഉദ്യോഗസ്ഥർക്കുപോലും അവസരം ലഭിക്കണമെന്നില്ല. ഗവേഷകരായെത്തുന്നവർക്കും ഇതു ദുഷ്കരമാണ്. പിഎച്ച്ഡി എടുക്കണമെങ്കിൽ എത്രയോ വർഷങ്ങൾ കഷ്ടപ്പെടണം. പക്ഷേ പ്രദീപ്, ബോട്ടണി പഠിക്കാത്ത സാധാരണക്കാരൻ. കുറിഞ്ഞി ഇനങ്ങളെ തിരിച്ചറിഞ്ഞു കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്നതു തന്റെ നിയോഗമാണെന്ന ബോധ്യം മാത്രം കൈമുതൽ. ശാസ്ത്രജ്ഞനല്ലാത്ത, ഡോക്ടറേറ്റില്ലാത്ത, ഈ ജനകീയ ശാസ്ത്രജ്ഞന്റെ കൂടി പേരുചേർത്ത 9 പ്രബന്ധങ്ങളാണു ഗവേഷകർ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2 എണ്ണം കൂടി ഉടൻ പുറത്തുവരും.

കുറിഞ്ഞി ഭൂപടം നോക്കി യാത്ര; പൂത്താൽ അറിയിക്കാൻ ആദിവാസികൾ

പൂർവഘട്ടത്തിലെ യേർക്കാഡ്, കൊല്ലിമല, ഇളഗിരി പോലെയുള്ള സ്ഥലങ്ങളിലെ അറിയപ്പെടാതെ കിടന്ന പലയിനം കുറിഞ്ഞികളും പ്രദീപ് ലോകത്തിനു പരിചയപ്പെടുത്തി.

ഓരോ സ്ഥലത്തും ആദിവാസികളും കർഷകരുമായി ചങ്ങാത്തം സ്ഥാപിച്ചു കുറിഞ്ഞി പൂക്കുന്ന ഇടങ്ങളെയും കാലങ്ങളെയും കോർത്തിണക്കി ദേശീയ കുറിഞ്ഞി ഭൂപടം തയാറാക്കി. ഇന്നു വാൽപ്പാറയിലും കുടജാദ്രിയിലും ലോണവാലായിലും നീലഗിരിയിലും മാതേരനിലും വിവിധതരം കുറിഞ്ഞികൾ പൂക്കുന്ന സമയം പ്രദീപിനു കൃത്യമായറിയാം. എന്തെങ്കിലും പ്രത്യേക ഇവന്റ് (പൂക്കൽ സംഭവം) ഉണ്ടെങ്കിൽ അവർ വിളിച്ചു പറയും. ചിത്രങ്ങൾ അയയ്ക്കും. ഏതാനും സുഹൃത്തുക്കളെയും കൂട്ടി പ്രദീപ് അവിടെയെത്തും. കാടുകയറി പടമെടുക്കും. ഒരിടത്തുനിന്നും വന്യജീവികളുടെ ആക്രമണമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. 2024 ആകുമ്പോഴേക്കും ഇന്ത്യയിലെ കുറിഞ്ഞികളുടെ ഏകദേശ ഡോക്യുമെന്റേഷൻ പൂർത്തിയാകും.

ഇതിനിടെ ശ്രീലങ്കൻ പ്രസിഡന്റിന്റെ അടുത്ത ബന്ധുവായ ഗവേഷക നിലന്ദി രാജപക്സെയിൽനിന്നു ക്ഷണം ലഭിച്ചിട്ടുണ്ട്. ദ്വീപിലെ കുറിഞ്ഞിവൈവിധ്യവും ഇന്ത്യയിലെ കുറിഞ്ഞിയുമായുള്ള ബന്ധവും പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. സന്തോഷ്കുമാറിന്റെ സഹായവും ഇതിനുണ്ട്.

അണ്ണാവീട്ടിൽ കൃഷ്ണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ പ്രദീപിന് (46) ക്യാമറപോലെ കളരിയും വഴങ്ങും. പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥാമാറ്റത്തെ നേരിടാനുമുള്ള പല കാർഷിക ടൂളുകളും നിർമിക്കുന്ന ഡബ്ല്യു ഡബ്ല്യു ഐ ഇന്നവേറ്റീവ് സൊലൂഷ്യൻസ് ഇന്ത്യ എന്ന എൻജിനീയറിങ് സ്ഥാപനവും പ്രദീപ് നടത്തുന്നു. കാട്ടിലെ കൊങ്കണി വലിച്ചിളക്കി തനതുചെടികൾ വച്ചുപിടിപ്പിക്കാനുള്ള കളവെട്ടി മുതൽ പാമ്പിനെ പിടിക്കാനുള്ള ടോങ്സ്, സുരക്ഷിതമായ കുരുക്കുകൾ വരെ ഇവിടെ യുഎൻഡിപി സഹായത്തോടെ രൂപപ്പെടുന്നു. ഭാര്യ: രമ്യ, മക്കളായ അഭിനവ്, ആദർശ്, ആകർഷ് എന്നിവരടങ്ങുന്ന കുടുംബം പിന്തുണയുടെ പന്തലൊരുക്കുന്നു.

12 വർഷത്തെ കാത്തിരിപ്പ്, 2 ദിവസം പൂത്തുനിൽക്കാൻ

12 വർഷത്തിൽ ഒരിക്കൽ, 10 വർഷത്തിൽ ഒരിക്കൽ, 8 വർഷത്തിൽ ഒരിക്കൽ എന്നിങ്ങനെ പലതരം പീരിയോഡിസിറ്റികൾ (നേരവും കാലവും) നോക്കിയാണു കുറിഞ്ഞി പൂക്കുന്നത്. 14 വർഷം കഴിഞ്ഞിട്ടും പൂക്കാത്ത കുറിഞ്ഞിയുമുണ്ട് പ്രദീപിന്റെ നിരീക്ഷണപ്പട്ടികയിൽ. രാവിലെ ഒൻപതുമണിയോടെ വിടർന്നാൽ പിറ്റേന്നു രാവിലെ ഇതൾ കൊഴിഞ്ഞു പൂ നശിക്കും. മൂന്നുമാസത്തിനകം കുറ്റിച്ചെടിതന്നെ ഇല്ലാതാകും. 12 വർഷമെടുത്തു ചെടി വളരുന്നത് ഈ രണ്ടുദിവസത്തെ പൂക്കലിനു വേണ്ടിയാണ്.

കാൽനൂറ്റാണ്ടിൽ ഒരിക്കൽ പൂക്കുന്ന മുളപോലെയാണു കുറിഞ്ഞിയും. പൂത്താൽ പിന്നെ ചെടിക്ക് ആയുസ്സില്ല. പൂക്കളായി മക്കൾ വിരിഞ്ഞാലുടൻ അമ്മച്ചെടി മരണത്തിനു തയാറെടുക്കും. വിത്തുപാകമാകുമ്പോൾ മാതൃചെടിയെ കൊല്ലാനുള്ള രാസവസ്തുവും (എൻസൈം) കടത്തിവിടുന്നു. വിത്തുകൾ ഉള്ളിൽ സെറ്റാവുന്നതോടെ കായ പൊട്ടിത്തെറിക്കും. 

വിത്ത് ചുറ്റിലേക്കും തെറിച്ചുവീഴുന്നു. വൈകാതെ ചെടി ഉണങ്ങി നശിക്കുന്നു. കുറിഞ്ഞി സീസണു സമാപ്തി. കുറിഞ്ഞി പൂത്താൽ തേനീച്ചയെയും വണ്ടിനെയും വക‍ഞ്ഞുമാറ്റാതെ നടക്കാനാവില്ല. എലി, കാട്ടുകോഴി, കിളി എല്ലാം പെരുകും. വിത്തുതിന്നാനാണു വരവ്. വിത്ത് എത്ര വീണാലും ഒരു ചതുരശ്രമീറ്ററിൽ പരമാവധി രണ്ടു ചെടി. ഇതാണു കുറിഞ്ഞിയുടെ ജനസംഖ്യാനയം.

കുറിഞ്ഞി എന്ന അദ്ഭുതം

∙സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ വരെ ഉയരത്തിൽ ചോലവനങ്ങളും പുൽമേടുകളും ഇടകലർന്ന മിതശീതോഷ്ണ മേഖലയിലാണ് സ്ട്രോബിലാന്തസ് കുന്തിയാനിസ് എന്നു പേരുള്ള നീലക്കുറിഞ്ഞി കാണപ്പെടുക. നിബിഡവനത്തിനുള്ളിൽ വളരില്ല. സ്ട്രൊബിലാന്തസ് ഹോമോട്രോപ്പാ, ഗ്രാസിലിസ്, ആൻഡേഴ്സനെ, നിയോ ആസ്പർ തുടങ്ങി ഓരോ ഇനവും വ്യത്യസ്ത സമൂഹങ്ങളായി അവയുടെ സ്വന്തമായ സൂക്ഷ്മ ആവാസവ്യവസ്ഥ സൃഷ്ടിച്ചാണ് ഓരോ പ്രത്യേക കാലാവസ്ഥയിലും ഈർപ്പത്തിലും മൺഘടനയിലും സമുദ്രനിരപ്പിൽനിന്നു വ്യത്യസ്ത ഉയരങ്ങളിലും (ആൾട്ടിറ്റ്യൂഡ്) വളരുന്നത്.

neelakurinji

∙ബർലിൻ സർവകലാശാലയിലെ പ്രഫസറായിരുന്ന കാൾ കുന്ത്സിന്റെ പേരിലാണ് കുന്തിയാനിസ്. തേക്കടിയിലെ വനം വകുപ്പ് വാച്ചറായിരുന്ന പ്രകൃതി സ്നേഹിയായ കണ്ണന്റെ പേരിലാണ് കണ്ണനി എന്ന കുറിഞ്ഞി അറിയപ്പെടുന്നത്. ബെന്തമി, ലോസോണി, ജോമിയൈ, വീരേന്ദ്രകുമാരാന തുടങ്ങി പല വ്യക്തികളുടെയും പേരിൽ അറിയപ്പെടുന്ന കുറിഞ്ഞി പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണു വാഗവരയിൽ നിന്നു കണ്ടെത്തിയ പ്രദീപിയാനയും അതിനു നിമിത്തമായ പ്രദീപും.

∙എൻഡമിസം എന്ന തനി–തദ്ദേശീയ, തൽസ്ഥാനിക സ്വഭാവം കുറിഞ്ഞിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഒരു പ്രദേശത്തു വളരുന്നവ മറ്റൊരിടത്തും കാണില്ല. ഇതാണു കുറിഞ്ഞിമലകളെ പ്രകൃതിയിലെ അമൂല്യ ജൈവക്കലവറകളാക്കി മാറ്റുന്നത്.

വളരെ പ്രാദേശികമായി കാടിന്റെ ഒരുഭാഗത്ത് 1000 എണ്ണംമാത്രമുള്ള നാരോ എൻ‍ഡമിക് കുറിഞ്ഞികളുമുണ്ട്. എന്നുവച്ചാൽ ലോകത്ത് ആകെയുള്ളത് ഈ 1000 ചെടിമാത്രം.

ഇരവികുളത്തു മാത്രം കാണപ്പെടുന്ന സ്ട്രോബിലാന്തസ് ആൻഡേഴ്സൊണെ ഇത്തരത്തിൽ ഒന്നാണ്. അഗസ്ത്യമലയിൽ മാത്രം കാണുന്ന സ്ട്രോബിലാന്തസ് അഗസ്ത്യമലന മറ്റൊരിനം. പ്രദീപിയാനയും ഇത്തരത്തിൽ നാരോ എൻഡമിക്കാണ്. മിശ്രപരാഗണത്തിലൂടെ പല ചെടികളും ഇനം തിരിയുന്നുണ്ടെന്നും പ്രദീപ് പറയുന്നു. വൈക്കത്തെ പഞ്ചാരമണലിലും തമിഴ്നാട്ടിലെ മുൾവനത്തിലും പ്രദീപ് കുറിഞ്ഞി കണ്ടെത്തിയിട്ടുണ്ട്.

∙ഓരോ സ്പീഷീസിന്റെയും പലതരം വകഭേദങ്ങൾ ബോഡിമെട്ടിലും മതികെട്ടാനിലും പൂപ്പാറയിലും പമ്പയിലും ശബരിമലയിലും മറ്റും കാണാം. മാനോ കാട്ടുപോത്തോ കടിച്ച് മണ്ടപോയാൽ ചെടിക്കു ജീവിതചക്രം പൂർത്തിയാക്കാൻ കഴിയാതെപോകും. ഓരോ വർഷവും തുടർച്ചയായി പൂക്കുന്നത് ഇത്തരം കുറിഞ്ഞികളാണ്. ഉയരം കുറഞ്ഞ സ്ഥലങ്ങളിലും ഇവയിൽ ചിലതു വളരുന്നു. കഷായത്തിനും മറ്റും ഉപയോഗിക്കുന്ന കരിങ്കുറിഞ്ഞി ഇതിനു പുറമേ.

∙സംഘകാല കൃതികളിൽമുതലേ കുറിഞ്ഞിയെപ്പറ്റി പരാമർശമുണ്ട്. നീല, വെള്ള എന്നിവയാണു പശ്ചിമഘട്ടത്തിൽ പ്രധാനം.

ആയിരക്കണക്കിനു കുറിഞ്ഞി ഫോട്ടോകളും ഇലയും പൂവും ഉണക്കി സംസ്കരിച്ചു സൂക്ഷിക്കുന്ന ഹെർബേറിയം സ്പെസിമനുകളും പ്രദീപിന്റെ പക്കലുണ്ട്. പ്രദീപിയാന എന്ന പുതിയചെടി തിരുച്ചിറപ്പള്ളി കോളജിലെ റാപ്പിനാട്ട് ഹെർബേറിയത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. ഈ ഹെർബേറിയത്തിന്റെ സ്ഥാപകനായ ഫാ. ഡോ. കെ. എം മാത്യുവും പാലാ രാമപുരം സ്വദേശി.

∙തേനുണ്ടോയെന്നറിയാൻ പലതരം കുറിഞ്ഞികളുടെ പുഷ്പദളം (കൊറോള) ലാബിൽ കീറിമുറിച്ചിട്ടുണ്ട്. ഒരുതുള്ളിപ്പോലും നമുക്കു കാണാനാവില്ല. പക്ഷേ പരാഗണത്തിന് എത്തുന്ന തേനീച്ചകൾക്കു നുകരാൻ മാത്രം ‘പൊടി’യോളം തേൻ ചെടി ഒളിപ്പിച്ചു വച്ചിരിക്കും. കാലുകൊണ്ട് ഉരുട്ടി ഉരുളകളാക്കിയ പൂമ്പൊടിയുമായി തേനീച്ചകൾ കൂട്ടിലേക്കു പറക്കും. കുറിഞ്ഞി പൂക്കുന്ന വർഷം കാട്ടിൽ തേനുൽപാദനം രണ്ടരമടങ്ങു വർധിക്കുമെന്നാണു മൂന്നാർ ഇടമലക്കുടിയിലെ മുതുവാന്മാരായ ടി.കൊളുന്തപ്പനും ചിന്ന അണ്ണനും പറയുന്നത്. പൂമ്പൊടിയുടെ ഘ്രാണവും കുറിഞ്ഞിയുടെ നീലിമയും കലർന്ന നിലവാരം കൂടിയ തേൻ.

∙പരമാവധി നാലടിയിൽ കൂടുതൽ കുറിഞ്ഞിക്കു പൊക്കം വയ്ക്കാറില്ല. പുൽമേടുകളിലെ ശക്തമായ കാറ്റാണു കാരണം. എന്നാൽ കാറ്റിനെതിർദിശയിലുള്ള മതികെട്ടാൻ പോലെയുള്ള തണൽവനങ്ങളിൽ 7 അടി വരെ വളരാം. തീപിടിച്ചാലും നശിക്കില്ല ഈ ഫയർഹാർഡി ഇനം.

∙ മേഘാലയ, സിക്കിം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കുറിഞ്ഞിയുണ്ട്. ചൈന, ഇന്തൊനീഷ്യ, നേപ്പാൾ, ഭൂട്ടാൻ, വിയറ്റ്നാം തുടങ്ങി ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന ട്രോപ്പിക് – സബ് ട്രോപ്പിക് മേഖലകളിലായി 450 ഇനം കുറിഞ്ഞികൾ ഉണ്ട്. 

English Summary: Neelakurinji conservator AK Pradeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com