ADVERTISEMENT

1947 ഓഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യ പൊൻപുലരി നാടാകെ മതിമറന്ന് ആഘോഷിക്കുകയായിരുന്നപ്പോൾ വല്ലാത്തൊരു മ്ലാനതയായിരുന്നു മയ്യഴിക്ക്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടു പോയിക്കഴിഞ്ഞിട്ടും ഫ്രഞ്ച് ആധിപത്യത്തിലുള്ള മാഹിയുടെ മോചനം സാധ്യമാകുന്നില്ലെന്നതായിരുന്നു മാഹിക്കാരെ നിരാശയിലാഴ്ത്തിയത്. എന്നാലും ബ്രിട്ടിഷ് ഇന്ത്യ സ്വതന്ത്രമായതിന്റെ ആഘോഷം ചെറിയ തോതിലെങ്കിലും മാഹിയിലും അലയടിച്ചിരുന്നതായി മാഹിയുടെ വിമോചനത്തിനു പോരാട്ടം നടത്തിയ സ്വാതന്ത്ര്യസമര സേനാനി മംഗലാട്ട് രാഘവൻ ഓർക്കുന്നു. മയ്യഴിഗാന്ധി എന്നറിയപ്പെട്ടിരുന്ന മാഹിയുടെ വിമോചനപോരാളി ഐ.കെ.കുമാരൻ മാസ്റ്ററുമായി ചേർന്നായിരുന്നു മംഗലാട്ടിന്റെ പ്രവർത്തനം. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനഫലം തന്നെയായിരുന്നു മാഹി വിമോചനസമരവും. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരുടെ മുന്നണിയായി 1938ൽ രൂപീകരിക്കപ്പെട്ട മഹാജനസഭയുടെ നേതൃത്വത്തിലാണു മാഹി വിമോചനസമരം നടന്നത്. 

ബ്രിട്ടിഷ് ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ വിജയം ഫ്രഞ്ചുകാരെ ഇന്ത്യയിൽനിന്നു തുരത്താനുള്ള സമരത്തിന് ആവേശം പകർന്നിരുന്നുവെന്നു മംഗലാട്ട് രാഘവൻ പറയുന്നു. 

സെപ്റ്റംബർ 20ന് 100 വയസ്സ് പൂർത്തിയാവുകയാണു മംഗലാട്ടിന്. ഓർമകൾക്ക് അത്ര തെളിച്ചം പോരെങ്കിലും പഴയ പോരാട്ടകഥകൾ മറവി മായ്ച്ചുകളഞ്ഞിട്ടില്ല. മാഹിയുടെ വിമോചനത്തിന് ഐ.െക.കുമാരനൊപ്പം ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടു രാഘവൻ. മാഹി വിമോചനസമരത്തിന്റെ ഭാഗമായി നടന്ന ഒക്ടോബർ വിപ്ലവമാണ് അതിൽ പ്രധാനം. ആ സംഭവത്തിനും ബ്രിട്ടിഷ് ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യസമരത്തിനും പരസ്പരബന്ധമുണ്ടെന്നു മംഗലാട്ട് പറയുന്നു. 

മാഹിക്കു പുറത്തുള്ള പ്രദേശങ്ങളിൽ 1947 ഓഗസ്റ്റ് 15ന് വലിയ സ്വാതന്ത്ര്യദിന ഘോഷയാത്രകൾ നടന്നു. ഇന്ത്യൻ ദേശീയപതാക വിവിധ സ്ഥലങ്ങളിൽ ഉയർത്തി. ഘോഷയാത്രകളിൽ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തു. പക്ഷേ, മാഹിയിൽ ഇന്ത്യ സ്വതന്ത്രയായതിന്റെ വലിയ ആഘോഷമൊന്നുമുണ്ടായില്ല; പകരം ചില പ്രതിഷേധങ്ങൾ ഫ്രഞ്ചുകാർക്കെതിരെ നടന്നു. എല്ലാവരുടെയും മനസ്സിൽ ഫ്രഞ്ചുകാരെക്കൂടി കെട്ടുകെട്ടിക്കണമെന്ന ചിന്ത തിളച്ചുമറിയുകയായിരുന്നു. എങ്കിലും ചെറിയരീതിയിലുള്ള ആഘോഷങ്ങൾ മാഹിയിലുമുണ്ടായിരുന്നതായി മംഗലാട്ട് ഓർക്കുന്നു. കേരളക്കരയിൽ ഉണ്ടായിരുന്നതുപോലെ ഇല്ലെങ്കിലും ചില സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തി. പള്ളി മൈതാനത്തു പൊതുയോഗവും നടത്തിയിരുന്നു. 

ഫ്രഞ്ച് പതാക അഴിച്ചെടുത്തു 

മാഹിയിലെ വിദ്യാർഥികളായിരുന്ന ചിലർ ഫ്രഞ്ചുകാരോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ ആ സന്ദർഭം ഉപയോഗിച്ചു. മാഹി ഫ്ര‍ഞ്ച് സ്കൂളിനു മുന്നിൽ ഉയർത്തിയിരുന്ന ഫ്രഞ്ച് പതാക അഴിച്ചു മാറ്റാൻ വിദ്യാർഥികൾ തീരുമാനിച്ചു. എടുത്തുമാറ്റിയ പതാകയുമായി അവർ മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവിലേക്കു ജാഥ നയിച്ചു. പതാക അവർ മാഹിയുടെ അധിപനായിരുന്ന മൂപ്പൻ സായ്‌വിനെ ഏൽപിച്ചു. ആ സമയത്തെ മാഹി ജനതയുടെ വികാരം മൂപ്പൻ സായ്‌വ് ഉൾക്കൊണ്ടിരുന്നതായി മയ്യഴിയുടെ ചരിത്രകാരൻ സി.എച്ച്.ഗംഗാധരൻ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒക്ടോബർ വിപ്ലവം 

മാഹി വിമോചന സമരം ശക്തിപ്പെടാൻ ബ്രിട്ടിഷ് ഇന്ത്യ നേടിയ സ്വാതന്ത്ര്യം സഹായിച്ചതായി മംഗലാട്ട് രാഘവൻ പറയുന്നു. മാഹിയിലെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ടു നടന്ന ഒക്ടോബർ വിപ്ലവത്തിന് ആവേശം പകർന്നതും ബ്രിട്ടിഷ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങളാണ്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോയതിന്റെ പിറ്റേവർഷം ഒക്ടോബറിലാണു മാഹിയിൽ പ്രക്ഷോഭം കനപ്പെട്ടത്. 

ജനഹിത പരിശോധനയ്ക്കു വോട്ടവകാശം നിശ്ചയിച്ചുള്ള കാർഡ് നൽകിയതു ഫ്രഞ്ച് അനുകൂലികൾക്കു മാത്രമാണെന്നു വന്നതോടെ പ്രതിഷേധം ആളിപ്പടർന്നു. ജനഹിത പരിശോധനയിലൂടെ ഫ്രഞ്ച് ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയായിരുന്നു ലക്ഷ്യം. ജനഹിതം അട്ടിമറിക്കാനുള്ള എല്ലാ നടപടികളും ഭരണകൂടം ചെയ്തിരുന്നതായി മാഹി വിമോചനത്തിനായി മുൻനിര പോരാട്ടം നടത്തിയ മാഹിജനസഭയ്ക്കു മനസ്സിലായി. വോട്ടവകാശത്തിനായി ഫ്രഞ്ച് അനുകൂലികൾക്കു നൽകിയ വ്യാജരേഖകൾ തിരുത്തണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഇതോടെ മഹാജനസഭ പ്രവർത്തകർ മുനിസിപ്പൽ ആസ്ഥാനത്തു കയറി രേഖകൾ പിടിച്ചെടുത്തു തീയിട്ടു. ആ സംഭവത്തിലെ പ്രധാന നായകനായിരുന്നു മംഗലാട്ട് രാഘവൻ. ഗാന്ധിയനായിരുന്ന ഐ.കെ.കുമാരൻ അക്രമത്തെ അനുകൂലിക്കില്ലെന്ന് അറിയാമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ അവിടെനിന്നു മാറ്റിയിരുന്നതായി സോഷ്യലിസ്റ്റായിരുന്ന രാഘവൻ ഓർക്കുന്നു. 

1948 ഒക്ടോബർ 10ന് ആയിരുന്നു ജനഹിത പരിശോധന തീരുമാനിച്ചിരുന്നതെങ്കിലും സമരഭടന്മാരുടെ ഇടപെടൽ കാരണം അതു നടന്നില്ല. പ്രക്ഷോഭകാരികൾ ഒക്ടോബർ 21ന് മഹാജനസഭയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനും മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവും പിടിച്ചടക്കി. ഒരാഴ്ച മാഹിയുടെ ഭരണം സമരഭടന്മാരുടെ കൈകളിലായി. ഒക്ടോബർ 22ന് ഫ്രഞ്ച്പതാക താഴ്ത്തി സമരഭടന്മാർ ഇന്ത്യൻ പതാക ഉയർത്തി. 

പ്രക്ഷോഭകാരികളെ നേരിടാൻ ഫ്രഞ്ച് കപ്പൽ 26നു മാഹിയിൽ നങ്കൂരമിട്ടു. ഇതോടെ സമരഭടന്മാരും അനുകൂലികളും മയ്യഴിയിൽനിന്ന് ഒഴിഞ്ഞുപോയി. പിടിക്കപ്പെട്ടാൽ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷ കിട്ടുമെന്നുള്ളതിനാൽ അവർ മാഹിയിൽനിന്നു മാറിനിൽക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ആ സമയത്ത് ഇന്ത്യൻ യൂണിയനിൽ അഭയം തേടിയിരുന്നത്. വീണ്ടും ആറു കൊല്ലത്തോളം നീണ്ട വിവിധങ്ങളായ പോരാട്ടത്തിനൊടുവിലാണു ഫ്രഞ്ചുകാർ ഇന്ത്യവിട്ടത്. 1954 ജൂലൈ 16ന് ആയിരുന്നു മാഹിയുടെ മോചനം. ഫ്രഞ്ചുകാർ കൈവശം വച്ചിരുന്ന കാരയ്ക്കൽ, പുതുച്ചേരി, യാനം, ചന്ദ്രനാഗോർ എന്നീ പ്രദേശങ്ങളും സ്വാതന്ത്ര്യം നേടി.

മാഹിയിലെ ഒക്ടോബർ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന മംഗലാട്ട് രാഘവന് 20 വർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണു ഫ്രഞ്ചുകാർ ചുമത്തിയിരുന്നത്. പിടികൊടുക്കാതിരുന്നതിനാൽ അദ്ദേഹം ശിക്ഷയിൽനിന്നു രക്ഷപ്പെടുകയായിരുന്നു. മാഹി മോചനത്തിനുശേഷം പത്രപ്രവർത്തകനായും ഫ്രഞ്ച് കവിതകളുടെ വിവർത്തകനായുമാണു മംഗലാട്ട് പ്രവർത്തിച്ചത്. തലശേരിയിലാണ് ഇപ്പോൾ താമസം.  

English Summary: Liberation of Mahe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com