ADVERTISEMENT

ബോണിഫസ്‌ മരിച്ചിട്ടു മൂന്നു പതിറ്റാണ്ടു കഴിഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയതിനു ബ്രിട്ടിഷുകാർ വധശിക്ഷയ്ക്കു വിധിച്ച മലയാളിയാണദ്ദേഹം. ഐഎൻഎയുടെ ആത്മഹത്യാസ്ക്വാഡ്‌ അംഗമായിരുന്ന സാഹസികനായ പോരാളി. തുക്കുമരത്തിൽനിന്ന്‌ ഇറങ്ങിവന്ന അദ്ദേഹം മറവിയുടെ അടരുകളിലേക്കു മാഞ്ഞുപോയതെന്തുകൊണ്ട്‌ ?

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻപോലും ബലിയർപ്പിക്കാൻ തയാറായി ഇന്ത്യൻ നാഷനൽ ആർമി(ഐഎൻഎ)യുടെ ആത്മഹത്യാ സ്ക്വാഡിൽ അംഗമായ ബോണിഫസ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും തൂക്കുകയറിൽനിന്നു രക്ഷപ്പെടുകയായിരുന്നു. മൂന്നു പതിറ്റാണ്ടു മുൻപു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി.

1943 ഏപ്രിൽ ഒന്ന്‌, മദിരാശി സെൻട്രൽ ജയിലിൽ ഒരുക്കിയ കോടതിമുറി. ജഡ്ജി ഇ.ഇ.മാക്കും പബ്ലിക്‌ പ്രോസിക്യൂട്ടർ വി.എൻ.എത്തിരാജും ഐഎൻഎക്കാരായ 20 പ്രതികളും അവരുടെ വക്കീലന്മാരും മാത്രമുള്ള കോടതിമുറിയിൽ അതീവരഹസ്യമായി പൂർത്തിയാക്കിയ വിചാരണയുടെ വിധി പറയുകയാണ്‌. ജഡ്ജി പ്രതിക്കൂട്ടിലേക്കു കണ്ണോടിച്ച്‌ വിധിന്യായം വായിച്ചുതുടങ്ങി. വക്കം ഖാദർ, അനന്തൻ നായർ, ബർദാൻ, ബോണിഫസ്‌, ഫൗജാസിങ്‌ എന്നിവർ കുറ്റക്കാരാണെന്ന്‌ കോടതി വിലയിരുത്തി. എനിമി ഏജന്റ്‌സ്‌ ഓർഡിനൻസ്‌ നമ്പർ വൺ ഓഫ്‌ 1943ന്റെ 31-ാം വകുപ്പുനുസരിച്ച്‌ ഇവർക്കു വധശിക്ഷ വിധിച്ചു. ഐപിസി 121 എ അനുസരിച്ച്‌ അഞ്ചുവർഷം കഠിനതടവും തുടർന്നു തൂക്കിക്കൊല്ലാനുമായിരുന്നു വിധി.

വിധി പ്രസ്താവം കേട്ടതോടെ പ്രതികൾ ഒന്നടങ്കം ‘സാമ്രാജ്യത്വം തുലയട്ടെ’ എന്നു മുദ്രാവാക്യം മുഴക്കി. ഐഎൻഎയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഇരുപതംഗ ആത്മഹത്യാ സ്ക്വാഡിന്റെ ദുരന്തപൂർണമായ പര്യവസാനമായിരുന്നു അത്‌.

തൂക്കിലേറ്റാൻ വിധിക്കപ്പെട്ട അഞ്ചുപേരിൽ ഒരാൾ ബോണിഫസ്‌ പെരേര. തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തിനടുത്തുള്ള സെന്റ്‌ ആൻഡ്രൂസ്‌ ഗ്രാമത്തിൽ 1916 ജൂൺ അഞ്ചിനു ബാസ്റ്റിൻ പെരേര- റോസമ്മ ദമ്പതിമാരുടെ മൂന്നു മക്കളിൽ ഒരാളായി ജനിച്ചു. ഡ്രാഫ്റ്റ്സ്മാൻ പരീക്ഷ പാസായിട്ടും തൊഴിൽരഹിതനായിരുന്ന ബോണി, ദേശീയപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട നാളുകളിൽ സ്വാതന്ത്ര്യസമരപാതയിലെത്തുകയായിരുന്നു. എന്നാൽ, ബന്ധുക്കൾ ബോണിയെ തൊഴിൽതേടി മലയയിലേക്കു നാടുകടത്തി. അവിടെയെത്തിയിട്ടും പിറന്നനാട്‌ നടത്തുന്ന സ്വാതന്ത്ര്യപ്പോരാട്ടത്തിൽ അണിചേരാതിരിക്കാൻ ആ യുവാവിനു കഴിഞ്ഞില്ല. ഇന്ത്യൻ ഇൻഡിപെന്റൻസ്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഐഎൻഎയിൽ ബോണി ചേരുന്നത്‌ അങ്ങനെയാണ്‌. ഐഎൻഎ ആത്മഹത്യാ സ്ക്വാഡിൽ അംഗമാകാൻ തയാറായ ആയിരക്കണക്കിനു യുവാക്കളിൽനിന്ന്‌ 33 പേരാണു തിരഞ്ഞെടുക്കപ്പെട്ടത്‌. ഇവരിൽ 13 പേർ മലയാളികളായിരുന്നു. അതിലൊരാൾ ബോണിയും. 

പെനാങ്ങിലെ സ്വരാജ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം കഴിഞ്ഞശേഷം തിരഞ്ഞെടുക്കപ്പെട്ട 20 പേർ നാലു സംഘങ്ങളായി 1942 സെപ്റ്റംബറിൽ ഇന്ത്യയിലേക്കു പുറപ്പെട്ടു. സെപ്റ്റംബർ 16ന്‌ ബോണിഫസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജാപ്പനീസ്‌ അന്തർവാഹിനിയിൽ ഇന്ത്യയിലേക്കു യാത്രതിരിച്ചു. അവർക്കു പുറമേ 85 സൈനികരും കപ്പൽ ജീവനക്കാരും അതിലുണ്ടായിരുന്നു. 12 വെടിയുതിർക്കാവുന്ന ഓരോ തോക്കുവീതം സംഘാംഗങ്ങൾക്കു നൽകിയിരുന്നു. സെപ്റ്റംബർ 29ന്‌ ബറോഡയിലെ ദ്വാരകയ്ക്കു സമീപമുള്ള ഒക്കമാഡിയിലെ ഉൾക്കടലിൽ അന്തർവാഹിനി നിന്നു. റബർ ട്യൂബിൽ വല ഘടിപ്പിച്ച‘ഡിഞ്ചി’യിലായിരുന്നു കരയിലേക്കുള്ള യാത്ര.

വിശന്നുതളർന്ന്‌ അവശരായ അവർ കരയിലെത്തിയപ്പോൾ ഹസൻ മാക്ക എന്നൊരു ഫാക്ടറിത്തൊഴിലാളിയുടെ മുന്നിൽപ്പെട്ടു. ഭക്ഷണം വാങ്ങാൻ അയാൾ സഹായിച്ചു. രാത്രി വിശ്രമിക്കാൻ ഒരിടവും സംഘടിപ്പിച്ചു നൽകി. എന്നാൽ, ഗ്രാമത്തിലെത്തിയ അപരിചിതരെക്കുറിച്ചു ഗ്രാമത്തലവനെ ധരിപ്പിക്കാൻ ഹസൻ മാക്ക മറന്നില്ല. രാത്രി രണ്ടു മണിയോടെ നായിക്‌ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസെത്തി. അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തു ദ്വാരകയിലെ ജില്ലാ മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാ‌ജരാക്കി. തങ്ങൾ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ വൊളന്റിയർമാരാണെന്നും മദ്രാസിൽനിന്നു കറാച്ചിയിലേക്കു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പോകുംവഴി ഇവിടെ ഇറങ്ങിയതാണെന്നും അഞ്ചുപേരും മൊഴി നൽകി. അവരെ ജയിലിലടയ്ക്കാൻ ഒക്ടോബർ ആദ്യം തന്നെ മജിസ്ട്രേട്ട് ഉത്തരവിട്ടു. കൈകാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ച്‌ കണ്ണുകൾ മൂടിക്കെട്ടിയാണ്‌ അവരെ തീവണ്ടിയിലെ പ്രത്യേക ബോഗിയിൽ മദ്രാസ് സെന്റ്‌ ജോർജ് കോട്ടയിലെത്തിച്ചത്‌. ഏഷ്യയിലെ ഏറ്റവും വലിയ തടവറയായ സെന്റ്‌ ജോർജ്‌ കോട്ടയിലെ ഇരുട്ടറയിൽ അവരെ അടച്ചു. 

ജീവൻ നിലനിർത്താൻ മാത്രം വേണ്ട ഭക്ഷണം. വെള്ളം ചോദിച്ചാൽ കിളിവാതിലിലൂടെ കൈക്കുമ്പിളിൽ ഒഴിച്ചുകൊടുക്കും. ഇരുട്ടറയുടെ മൂലയിലുള്ള ദ്വാരത്തിലൂടെയാണു മൂത്രമൊഴിച്ചിരുന്നത്‌. രാവിലെ ഒരു തവണ വാതിൽ തുറക്കും. അപ്പോൾ വേണമെങ്കിൽ പുറത്തെ ശുചിമുറിയിൽ പോകാം. അങ്ങനെ മൂന്നര മാസം കോട്ടയിലെ ഇരുട്ടറയിൽ തള്ളിനീക്കേണ്ടിവന്നു.

പ്രത്യേക കോടതി മുൻപാകെ 1943 ഫെബ്രുവരി 15നു സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ ഇങ്ങനെ പറഞ്ഞു: ഇന്ത്യയുടെ ഭരണവ്യവസ്ഥയെ അട്ടിമറിക്കുന്നതിനു ജപ്പാന്റെ പ്രതിഫലം പറ്റുന്ന ഏജന്റുമാരായി ഇവർ ഇന്ത്യയിൽ പ്രവേശിച്ചു. ഇന്ത്യയിലെ ബ്രിട്ടിഷ്‌ ഗവൺമെന്റിന്റെ രഹസ്യങ്ങൾ ചോർത്തി ജപ്പാനു നൽകുകയും ബ്രിട്ടിഷ്‌ രാജാധികാരത്തെ അപമാനിക്കുകയുമായിരുന്നു ലക്ഷ്യം. ആകെ 19 പ്രതികൾ. ബാലകൃഷ്ണൻ നായർ അതിനകം മാപ്പുസാക്ഷിയായിക്കഴിഞ്ഞിരുന്നു. ഒന്നാംപ്രതി വക്കം ഖാദറായിരുന്നു.

സ്വരാജ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടിയവരാണെന്നും ജപ്പാന്റെ നിർദേശാനുസരണം 500 രൂപ വാങ്ങി ചാരപ്രവർത്തനം നടത്താമെന്നു സമ്മതിച്ചു വന്നവരാണെന്നും പ്രതികൾ മൊഴിനൽകി. എന്നാൽ, ഇന്ത്യയിലെത്തി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും ജപ്പാന്റെ മലയൻ അധിനിവേശത്തിൽനിന്നു രക്ഷനേടാനാണു സ്വരാജ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ നിർബന്ധിതരായതെന്നും അവർ അറിയിച്ചു.

ഏപ്രിൽ 26നു ഹൈക്കോടതി അന്തിമവിധി പറഞ്ഞു. പ്രതികൾ ചെയ്തതു ഗൗരവമേറിയ രാജ്യദ്രോഹമായതിനാൽ കഠിനതടവ്‌ ഒഴിവാക്കി ഉടൻ തൂക്കിക്കൊല്ലാനായിരുന്നു വിധി. എന്നാൽ സാങ്കേതിക കാരണത്താൽ ബോണിഫസ്‌ വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു. തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ പ്രജയായ ബോണിഫസിനെ മറ്റൊരു നാട്ടുരാജ്യമായ ബറോഡയിൽവച്ചാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ആ നിലയിൽ ബ്രിട്ടിഷ് ഇന്ത്യ ഗവൺമെന്റിന്‌ അദ്ദേഹത്തെ ശിക്ഷിക്കാൻ അധികാരമില്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജനനവും അറസ്റ്റും ബ്രിട്ടിഷ്‌ അധീന പ്രദേശത്തായിരുന്നെങ്കിൽ ഈ ആനുകൂല്യം ലഭിക്കുമായിരുന്നില്ല.

ജയിലിൽ വക്കം ഖാദറും ബോണിഫസും അടുത്തടുത്ത സെല്ലുകളിലാണു കിടന്നിരുന്നത്‌. വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവരെ വൈസ്രോയി ദയാഹർജി തള്ളിയതിനെത്തുടർന്നു 1943 സെപ്റ്റംബർ 10ന്‌ രാവിലെ തൂക്കിലേറ്റി. അതിന്റെ തലേന്നു രാത്രി ബോണിഫസിനു വക്കം ഖാദർ ഒരു കത്തെഴുതി. ജയിലറയ്‌ക്കുള്ളിൽ മലിനജലമൊഴുകാൻ ചെറിയ ചാലുണ്ടായിരുന്നു. അതിലൂടെയാണു കത്ത്‌ കൈമാറിയത്‌.

വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടെങ്കിലും 1946 ജനുവരിയിലാണു ബോണിഫസ്‌ ജയിൽമോചിതനായത്‌. ജയിലിൽനിന്നു മടങ്ങി നാട്ടിലെത്തിയ ബോണിയുടെ വിവാഹം ആ വർഷം തന്നെ നടന്നു. കഠിനംകുളത്തിനു സമീപമുള്ള പുതുക്കുറിച്ചി സ്വദേശി മിൽഡ്രഡായിരുന്നു വധു. തുടർന്ന്‌ അദ്ദേഹം പുതുക്കുറിച്ചിയിൽ സ്ഥിരതാമസമാക്കി. കുടുംബപ്രാരാബ്ധങ്ങളും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയവും സജീവരാഷ്ട്രീയത്തിൽനിന്നു പിൻവലിയാൻ ബോണിയെ പ്രേരിപ്പിച്ചു. ബോണി- മിൽഡ്രഡ്‌ ദമ്പതിമാർക്ക്‌ ഏഴു കുട്ടികൾ. 1990 ജൂൺ 25ന്‌ ബോണിഫസ്‌ അന്തരിച്ചു. ഭാര്യ മിൽഡ്രഡ്‌ അടുത്ത കാലത്താണു മരിച്ചത്. 

രക്തസാക്ഷി വക്കം ഖാദർ ബോണിക്കെഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: ‘നമ്മുടെ ലക്ഷ്യത്തിൽ പുറപ്പാടിലേ തന്നെ നാം പരാജയപ്പെട്ടു. നമുക്കൊന്നും ചെയ്യാൻ കഴിയാതെ പോയതുംവെറും ദൗർബല്യമായിപ്പോയി. നിങ്ങളുടെ യാതനകളും നമ്മുടെ മരണവും കൊണ്ട്‌ എന്തെങ്കിലും നല്ലതു ചെയ്യാനാകും മുൻപേ, കൈവന്ന അവസരവും നല്ല സമയവും നഷ്ടപ്പെട്ടുപോയതിൽ നമ്മുടെ കാലക്കേടിനെ ശപിക്കാനേ എനിക്കുകഴിയൂ. സ്വാർഥത ലേശമില്ലാതെ ആത്മാർഥമായിത്തന്നെ ചിലതുചെയ്യാൻ നാം തീരുമാനിച്ചിരുന്നു. പക്ഷേ, ആദ്യപടി ചിന്തിക്കുംമുൻപേ നാം പരാജയത്തിലേക്ക്‌എറിയപ്പെട്ടുപോയി’.

ബ്രിട്ടനെ പരാജയപ്പെടുത്താൻ ഫാഷിസ്റ്റുകളുമായിപ്പോലും സന്ധിചെയ്യാൻ തയാറായ ഐഎൻഎ പോരാളികളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളെ സ്വാതന്ത്ര്യാനന്തര ഭാരതം വേണ്ടവിധംപരിഗണിച്ചെന്നു പറയാൻ കഴിയില്ല. ബോണിഫസിന്റെ ജീവിതത്തിനുമുണ്ടായി ആ തമസ്കരണം.

English Summary: Story of Indian National Army squad members Bonifas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com