ADVERTISEMENT

അവിചാരിതമായി കയ്യിലെത്തിയ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ്. പൊലീസ് കേസായതോടെ 2 ദിവസത്തിനകം ആ ഓമനക്കു‍ഞ്ഞിനെ തിരികെ നൽകേണ്ടി വന്ന മൈതീൻകുട്ടി 51 വർഷങ്ങൾക്കിപ്പുറം മരണക്കിടക്കയിലായിരിക്കെ മക്കളോടു പറഞ്ഞു: അവനെ എനിക്കൊന്നു കാണണം. ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിയാതെപോയ കുടുംബം, ഇപ്പോൾ 52 വയസ്സുള്ള ആ ‘കുട്ടി’യെ തിരയുന്നു; കണ്ടെത്താമെന്ന പ്രതീക്ഷയോടെ...

1969 ഡിസംബർ 25 

സായംസന്ധ്യ. നാടെങ്ങും തിരുപ്പിറവി ആഘോഷം. വർണക്കടലാസിൽ ഒരുക്കിയ നക്ഷത്രങ്ങൾ മെഴുകുതിരി വെട്ടത്തിൽ തിളങ്ങുന്നു. ആലുവ മത്സ്യമാർക്കറ്റിനോടു ചേർന്നു പുഴയോരത്ത് മീൻവണ്ടി കഴുകുകയായിരുന്നു ഡ്രൈവറായ എം.എ. മൈതീൻകുട്ടി. ഒരു സ്ത്രീയും പുരുഷനും കൈക്കുഞ്ഞിനെയുംകൊണ്ട് പുഴയോരത്തുകൂടി നടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. നിലാവു പോലെ സൗന്ദര്യമുള്ള കുഞ്ഞ്. കുഞ്ഞിനെ പുഴയിൽ എറിയാനാണ് ആ പോക്കെന്നു ഭയപ്പെട്ട മൈതീൻകുട്ടി അവരുടെ സമീപത്തെത്തി കുട്ടിയെ ഉപേക്ഷിക്കുന്നതു തടഞ്ഞു. കുഞ്ഞിനെ ആർക്കെങ്കിലും കൊടുക്കാൻ തയാറാണെന്നു പറഞ്ഞപ്പോൾ 15 രൂപ കൊടുത്തു വാങ്ങി. ക്രിസ്മസ് ദിനത്തിൽ പ്രകാശം പരത്തി ചിരിച്ച, അന്ന് 8 മാസം പ്രായമുണ്ടായിരുന്ന ആ കുട്ടിയുടെ പേര് പ്രകാശ് മണികണ്ഠൻ. 

2021 ഫെബ്രുവരി

ജീവിതത്തിന്റെ പ്രകാശം മങ്ങി കാൻസർ ബാധിതനായ മൈതീൻകുട്ടി മക്കളോടു പറഞ്ഞു: പ്രകാശ് മണികണ്ഠനെ എനിക്കൊന്നു കാണണം. ചെറുപ്പംമുതൽ ഈ കഥ കേട്ടിട്ടുള്ള മക്കൾക്ക് ആരാണതെന്നു ചോദിക്കേണ്ടി വന്നില്ല. അന്നു കുട്ടിയെ കാണാതായതു പൊലീസ് കേസായതോടെ മൈതീൻകുട്ടിക്കു 2 ദിവസത്തിനകം ആ ഓമനക്കു‍ഞ്ഞിനെ തിരികെ നൽകേണ്ടി വന്നിരുന്നു. 

പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല. വിവാഹവും മക്കളുടെ വളർച്ചയും പഠനവും ജീവിതപ്രാരാബ്ധങ്ങളുമൊക്കെയായപ്പോൾ ഇടയ്ക്ക് ഓർക്കുകയും പറയുകയും ചെയ്യുന്ന സംഭവമായി മാത്രം അതു മാറി. രോഗക്കിടക്കയിലായതോടെ മൈതീൻകുട്ടിയുടെ മനസ്സിൽ ഓമനത്തമുള്ള ആ കുട്ടിയുടെ മുഖം വീണ്ടും തെളിഞ്ഞു. അവൻ എവിടെയായിരിക്കും? എന്തു ചെയ്യുകയായിരിക്കും? മൈതീൻകുട്ടി സ്വയവും മക്കളോടും  ചോദിച്ചു. 

maitheen
എം.എ. മൈതീൻകുട്ടി

2021 മേയ്

കോവിഡ് പോസിറ്റീവായി അവശനിലയിലായ മൈതീൻകുട്ടി ഒരിക്കൽകൂടി മക്കളോടും ബന്ധുക്കളോടും പറ‍ഞ്ഞു: എനിക്കാ മോനെ എങ്ങനെയും ഒന്നു കാണണം. പാലക്കാട് കോങ്ങാടാണു സ്വദേശം. ഇപ്പോൾ 52–53 വയസ്സു കാണും. 

1969 ഡിസംബർ 31ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പൊലീസ് ‘ കസ്റ്റഡിയിലായ’ പിഞ്ചുകുഞ്ഞ് എന്ന തലക്കെട്ടിലായിരുന്നു വാർത്ത. 52 വർഷം മുൻപു നടന്ന സംഭവത്തിൽ ഇടപെട്ടയാളാണു മൈതീൻകുട്ടിയുടെ മാതൃസഹോദരൻ കാസിം. കാസിമിന്റെ ഇളയമകൻ റിട്ട.എക്സൈസ് ഉദ്യോഗസ്ഥൻ എ.കെ.ഇബ്രാഹിംകുട്ടി മൈതീൻകുട്ടിയെ കാണാൻ ഒരു ദിവസം വന്നു. അദ്ദേഹത്തോടും മൈതീൻകുട്ടി ആഗ്രഹം പറഞ്ഞു. ഇതോടെയാണു പ്രകാശ് മണികണ്ഠനെ തേടിയുള്ള അന്വേഷണം ഊർജിതമായത്. മൈതീൻകുട്ടി പറഞ്ഞ വാർത്ത പ്രസിദ്ധീകരിച്ച മനോരമ പത്രം ഇബ്രാഹിംകുട്ടി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പിതാവ് കാസിമിൽനിന്നു കൈമാറിക്കിട്ടിയതാണത്. പലഭാഗവും ദ്രവിച്ച നിലയിലായിരുന്നു. ഇബ്രാഹിംകുട്ടിയുടെ ശ്രമഫലമായി മലയാള മനോരമ കോട്ടയം ഓഫിസിൽനിന്നു പത്രത്തിന്റെ പകർപ്പു സംഘടിപ്പിച്ചു. 

1969 ഡിസംബർ 24

ജോലിയന്വേഷിച്ചു കോഴിക്കോട് നഗരത്തിലെത്തിയതാണു പാലക്കാട് കോങ്ങാട് സ്വദേശിനിയായ ജാനകിയമ്മ. മരിച്ചുപോയ സഹോദരിയുടെ കുട്ടി പ്രകാശ് മണികണ്ഠനും ഒപ്പമുണ്ടായിരുന്നു. സഹോദരിയുടെ മരണശേഷം ജാനകിയമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. കോർപറേഷൻ ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ മൂലയിൽ കുട്ടിയെ കിടത്തി പാൽ വാങ്ങാൻ അവർ കടയിലേക്കു പോയി. തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാനില്ല. പരിഭ്രാന്തയായ അവർ പരിസരത്താകെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. കരഞ്ഞുകൊണ്ട് അവർ കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പൊലീസ് ഉടൻ അന്വേഷണം തുടങ്ങി.

paper
കാണാതായ കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മലയാള മനോരമ 1969 ഡിസംബർ 31ന് പ്രസിദ്ധീകരിച്ച വാർത്ത.

കുട്ടിയെ തട്ടിക്കൊണ്ടു പോയവരിൽനിന്നു വാങ്ങിയ പ്രകാശ് മണികണ്ഠനെയുംകൊണ്ടു രാത്രി മീൻവണ്ടിയിൽ മൈതീൻകുട്ടി പെരുമ്പാവൂരിലെത്തി. 23 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. അവിവാഹിതൻ. പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ പള്ളിക്കവല മൗലൂദ്പുര മുണ്ടയ്ക്കൽ കുടുംബാംഗം. കല്യാണം കഴിക്കാത്ത താൻ ഒരു കുട്ടിയെയെും കൊണ്ടു വീട്ടിലേക്കു ചെന്നാലുള്ള അപവാദങ്ങൾ ഓർത്ത് അദ്ദേഹം ഭയപ്പെട്ടു. പള്ളിക്കവലയിൽ  താമസിക്കുന്ന മാതൃസഹോദരൻ കാസിമിനെ വിവരം അറിയിച്ചു. പ്രദേശത്തെ പൗരപ്രമുഖനായിരുന്നു അദ്ദേഹം. കുഞ്ഞിനെ തൽക്കാലം അദ്ദേഹത്തിന്റെ വീട്ടിലാക്കി. 

1969 ഡിസംബർ 26

കോഴിക്കോട് കോർപറേഷൻ ബസ് സ്റ്റാൻഡിൽനിന്നു കുട്ടിയെ കാണാതായെന്ന വാർത്തയുമായിട്ടാണു അടുത്ത ദിവസങ്ങളിൽ പത്രങ്ങൾ പുറത്തിറങ്ങിയത്. കാസിമിന്റെ ഭാര്യാസഹോദരൻ വാരിക്കാടൻ ഉമ്മർ ഈ സമയം വീട്ടിലെത്തി. കുട്ടിയെ കാണാതായതു സംബന്ധിച്ച പത്രവാർത്ത അദ്ദേഹം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി. മൈതീൻകുട്ടി വാങ്ങിയ കുട്ടിയാണോ കോഴിക്കോട് നിന്നു കാണാതായതെന്ന് ഉറപ്പില്ലെങ്കിലും പൊലീസിൽ ഏൽപിക്കുകയായിരിക്കും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് മണികണ്ഠനാണോ തങ്ങളുടെ പക്കലെന്ന സംശയം മൈതീൻകുട്ടിയെയും കാസിമിനെയും അലട്ടി. കുട്ടിയെ പൊലീസിൽ ഏൽപിക്കാനായിരുന്നു കാസിമിന്റെ നിർദേശം. അന്നു സ്റ്റേഷനിലുണ്ടായ സംഭവങ്ങൾക്കു ദൃക്സാക്ഷിയായവരിൽ ജീവിച്ചിരിക്കുന്നവരിൽ ഒരാൾ മൈതീൻകുട്ടിയുടെ ഇളയസഹോദരൻ എം.എ.മുഹമ്മദാണ്. ഇപ്പോൾ 66 വയസ്സുള്ള അദ്ദേഹം കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്നു. വിരമിച്ചശേഷം ഓട്ടോറിക്ഷ ഓടിക്കുകയാണ്. സംഭവം അദ്ദേഹം ഓർത്തെടുക്കുന്നു. ‘‘എനിക്കന്ന് 14–15 വയസ്സാണ്. ഇക്ക ഒരു കുട്ടിയെ കൊണ്ടുവന്നതു നാട്ടിൽ ചർച്ചയായി. ഊഹാപോഹങ്ങൾ പ്രചരിച്ചു. ഉമ്മയും ഞാനും അമ്മാവന്റെ വീട്ടിലെത്തി കുട്ടിയെ കണ്ടു. അതീവസുന്ദരനായിരുന്നു. ആ സൗന്ദര്യത്തിൽ ആകൃഷ്ടരായവരാണു തട്ടിക്കൊണ്ടു പോയതെന്ന കഥ പിന്നീടു കേട്ടു. അമ്മാവന്റെ ഭാര്യ ഷെരീഫ കുട്ടിയെ കുളിപ്പിച്ചു പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. അവരുടെ ആൺകുട്ടി അകാലത്തിൽ മരിച്ചു പോയിരുന്നു. ഇക്ക കൊണ്ടുവന്ന കുട്ടിക്കും അതേ മുഖഛായയാണെന്നു പറഞ്ഞ് അമ്മായിക്കു വലിയ സ്നേഹമായിരുന്നു ആ കു‍ഞ്ഞിനോട്. വിട്ടു കൊടുക്കാൻ അവർക്കു താൽപര്യമുണ്ടായിരുന്നില്ല. ഉമ്മർ വന്നു പത്രത്തിലെ വാർത്ത കാണിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകൽ അറിയുന്നത്. എല്ലാവരും ഭയന്നു. അന്നു വൈകിട്ട് ഞങ്ങൾ സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. പത്രത്തിലെ വാർത്തയും കാണിച്ചു. മനുഷ്യസ്നേഹിയായ എസ്ഐ ആയിരുന്നു അന്നുണ്ടായിരുന്നത്. കോഴിക്കോട് സ്റ്റേഷനിൽ വിവരങ്ങൾ അന്വേഷിക്കട്ടെയെന്നും തൽക്കാലം കുട്ടിയെ വീട്ടിൽ താമസിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആ രാത്രി കൂടി കുട്ടിയെ അമ്മാവന്റെ വീട്ടിൽ താമസിപ്പിച്ചു’’ .

പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽനിന്നു കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചു. ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടെന്നായിരുന്നു അത്. കോർപറേഷൻ സ്റ്റാൻഡിൽ നിന്നു കുട്ടിയെ കാണാതായ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടാതെ വലയുകയായിരുന്നു പൊലീസ്. പെരുമ്പാവൂരിൽനിന്നുള്ള സന്ദേശം പിടിവള്ളിയായി. കസബ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ശങ്കരക്കുറുപ്പ് ഉടൻ ജാനകിയമ്മയെയും കൂട്ടി പെരുമ്പാവൂർ സ്റ്റേഷനിലെത്തി. കോർപറേഷൻ സ്റ്റാൻഡിൽനിന്നു കാണാതായ കുട്ടിയാണെന്ന്  ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. മുഹമ്മദ് തുടരുന്നു: ‘‘ഞങ്ങൾ കുട്ടിയെയുംകൊണ്ടു സ്റ്റേഷനിലെത്തി. ഇക്കയും അമ്മാവനും അമ്മായിയും ഞാനും ഉണ്ടായിരുന്നു. പൊലീസുകാരുടെ നിർദേശപ്രകാരം മേശപ്പുറത്തു തുണി വിരിച്ചു കുട്ടിയെ കിടത്തി. ക്ഷീണിച്ച് അവശയായ നിലയിലായിരുന്നു ജാനകിയമ്മ. നിരാലംബയും ആരോഗ്യക്കുറവുമുള്ള നിങ്ങൾ എങ്ങനെ കുട്ടിയെ വളർത്തുമെന്നായി എസ്ഐ. കുട്ടിയെ മൈതീൻകുട്ടിക്കു നൽകിയാൽ നല്ലപോലെ വളർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജാനകിയമ്മ ഒന്നും  മിണ്ടിയില്ല. ഇതു നിങ്ങളുടെ കുട്ടിയെന്ന് എങ്ങനെ ഉറപ്പിക്കുമെന്നായിരുന്നു അടുത്ത ചോദ്യം. അവർ മേശപ്പുറത്തു കിടക്കുന്ന കുട്ടിയെ നോക്കി പ്രകാശ് മണികണ്ഠായെന്നു സ്നേഹപൂർവം വിളിച്ചു. വിളികേട്ട കുഞ്ഞ് ജാനകിയമ്മയെ നോക്കി ചിരിച്ച് കൈകകൾ നീട്ടി. ഇതോടെ കുഞ്ഞ് ജാനകിയമ്മയുടെ സഹോദരിയുടേതു തന്നെയെന്ന് എസ്ഐ ഉറപ്പിച്ചു’’. 

aluva
കുട്ടിയുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ച 1969ലെ മലയാള മനോരമ പത്രവുമായി എം.എ.മൈതീൻകുട്ടിയുടെ മകൻ എം.എം.റഹിം.

കുട്ടിയെയുംകൊണ്ടു നാട്ടിൽ തിരിച്ചെത്തിയപ്പോൾ കടുത്ത പനിപിടിച്ച ജാനകിയമ്മയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കസബ സ്റ്റേഷനിലെ പൊലീസുകാരുടെ പരിലാളനയിലായി കുട്ടി. സ്റ്റേഷനിലെ തൂപ്പുകാരി കുഞ്ഞിന്റെ സംരക്ഷണം തൽക്കാലം  ഏറ്റെടുത്തു. കുട്ടിയെ ജാനകിയമ്മയ്ക്കു വിട്ടുകൊടുക്കാൻ ഡിസംബർ 30ന് കോഴിക്കോട് ജില്ലാ മജിസ്ട്രേട്ട് കെ.രാമകൃഷ്ണൻ നായർ ഉത്തരവിട്ടു. 

കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടു മൈതീൻകുട്ടിയെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആലുവയിലുണ്ടായ സംഭവം അദ്ദേഹം വിശദീകരിച്ചു. വണ്ടിക്കൂലിയെന്ന നിലയിലാണ് 15 രൂപ നൽകിയത്. ആ സ്ത്രീയെയും പുരുഷനെയും കണ്ടാൽ തിരിച്ചറിയാൻ കഴിയും. അവർ നൽകിയ മേൽവിലാസവും പൊലീസിനു കൈമാറി. കുട്ടിയെ മോഷ്ടിച്ചവരെ കണ്ടെത്തുകയോ തുടർന‌ടപടികൾ ഉണ്ടാകുകയോ ചെയ്തോയെന്ന് മൈതീൻകുട്ടി പിന്നീട് അന്വേഷിച്ചില്ല. മൈതീൻകുട്ടിക്കൊപ്പം അന്നു കോഴിക്കോട് പോയത് കാസിമിന്റെ മൂത്ത മകൻ കെ.എം.മുഹമ്മദാണ് (മമ്മി). 70 വയസ്സുള്ള അദ്ദേഹം കെടിഡിസിയിൽ നിന്നു ഡ്രൈവറായി വിരമിച്ചു.  ‘‘ അന്നെനിക്ക് 18 വയസ്സു കാണും. കസബ സ്റ്റേഷനിലെത്തിയപ്പോൾ പ്രതിയോടെന്ന നിലയിലാണ് പൊലീസ് മൈതീൻകുട്ടിയോടു പെരുമാറിയത്. ആടിനെയും മാടിനെയും വാങ്ങുന്നതു പോലെയാണോടാ മനുഷ്യനെ വാങ്ങുന്നതെന്നു ചോദിച്ച് പൊലീസ് കസ്റ്റഡിയിൽ വച്ചു. ഞാൻ ഉടനെ കോഴിക്കോട്ട് മീൻ മൊത്തക്കച്ചവടക്കാരനായ സി.വി.സി മുഹമ്മദ്കുട്ടിയെ കണ്ടു കാര്യം പറഞ്ഞു. പെരുമ്പാവൂരിൽ മീൻ കച്ചവടത്തിനു വന്നു പരിചയമുണ്ട്. അദ്ദേഹം എന്നെയും കൂട്ടി അന്നത്തെ മുസ്‌ലിം ലീഗ് നേതാവും പിന്നീട് രണ്ടു വട്ടം മന്ത്രിയുമായ യു.എ.ബീരാനെ കണ്ടു. അദ്ദേഹം കസബ സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഞാൻ സ്റ്റേഷനിൽ ചെല്ലുമ്പോഴേക്കും  മൈതീൻകുട്ടിയെ വിട്ടയച്ചിരുന്നു.’’– മുഹമ്മദ് അന്നു നടന്ന സംഭവം വിവരിച്ചു. കേസുകളിൽ നിന്നൊക്കെ ഒഴിവായ മൈതീൻകുട്ടി തന്റെ തൊഴിലായ ഡ്രൈവിങ് തുടർന്നു. 2 വർഷത്തിനകം ഖദീജയെ വിവാഹം ചെയ്തു. സുബൈദ, റഹിം, റഫീഖ് എന്നിങ്ങനെ 3 മക്കളുണ്ടായി. ആദ്യം ലോറി ഓടിച്ചാണു കുടുംബം പുലർത്തിയത്. പിന്നീടു ലോറി വാങ്ങി. തൊഴിലാളി എന്നായിരുന്നു പേര്. അതിനാൽ തൊഴിലാളി മൈതീൻകുട്ടിയെന്നാണു നാട്ടിൽ അറിയപ്പെട്ടിരുന്നത്. 

muhammad
എ.എ.മുഹമ്മദും കെ.എം.മുഹമ്മദും

2021 ജൂൺ 1

കോവിഡ് പോസിറ്റീവായി ചികിത്സയിലിരിക്കെ 75-ാം വയസ്സിൽ മൈതീൻകുട്ടി മരിക്കുമ്പോൾ പ്രകാശ് മണികണ്ഠനെ കാണണമെന്ന ആഗ്രഹം സഫലമായില്ല. ‘‘ബാപ്പയുടെ ആഗ്രഹം സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്. അദ്ദേഹം കാൻസർ ബാധിതനായപ്പോഴാണ് ആഗ്രഹം തീവ്രമായത്. അന്നു പാലക്കാട് കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. കോവിഡ് വ്യാപനം രൂക്ഷമായതോടെ അന്വേഷണം മുന്നോട്ടുപോയില്ല’’–  മൈതീൻകുട്ടിയുടെ രണ്ടാമത്തെ മകൻ എം.എം.റഹിം പറ‍ഞ്ഞു. 

കുടുംബം കാത്തിരിക്കുന്നു

രണ്ടു ദിവസംകൊണ്ടു കുടുംബത്തിലെ എല്ലാവരുടെയും ഓമനയായി മാറിയ പ്രകാശ് മണികണ്ഠനെ കാണാൻ മൈതീൻകുട്ടിയുടെ ഭാര്യ ഖദീജയടക്കം കാത്തിരിക്കുകയാണ്. സംഭവത്തിന്റെ പൂർണ വിവരങ്ങളോടെ മനോരമ പ്രസിദ്ധീകരിച്ച വാർത്ത മാത്രമാണു കൈവശമുള്ളത്. മൈതീൻകുട്ടി മക്കളോടും ബന്ധുക്കളോടും പങ്കുവച്ച വിവരങ്ങളും കൂട്ടിച്ചേർത്ത് പ്രകാശ് മണികണ്ഠനായുള്ള അന്വേഷണം തുടരുകയാണ് ഇവർ. മണികണ്ഠനെ കണ്ടെത്താമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് അന്വേഷണത്തിനു സഹായം നൽകുന്ന തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് അധ്യാപകൻ കെ.എ.നൗഷാദ് പറയുന്നു. 

English Summary: Aluva native seeks abandoned child after 52 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com