ADVERTISEMENT

പ്രതിസന്ധികളിലും പരിഹാസങ്ങളിലും പതറാതിരുന്ന മാതാപിതാക്കൾക്ക് കരുത്തായി ബിസിനസിലേക്കെത്തിയ പെൺകുട്ടികളുടെ കഥ 

രാംരത്തൻ കാക്കാനി മഹേശ്വരിയോടു വീട്ടുകാർ ചോദിച്ചു: നീയെന്തിനാ ഈ ബിസിനസെല്ലാം ചെയ്യുന്നത്? നിനക്കുള്ളത് അഞ്ചും പെൺകുട്ടികളല്ലേ? 

കൂട്ടുകാരും നാട്ടുകാരും ചോദ്യം ആവർത്തിച്ചു: ആൺകുട്ടിയില്ലല്ലോ നിനക്ക്? ഈ കണ്ട സ്വത്തെല്ലാം എന്തിനാണ്? ഈ പെൺകുട്ടികളുമായി നീയെന്തിനു കേരളത്തിൽ ജീവിക്കണം? നാട്ടിലേക്കു പോന്നുകൂടേ? 

രാജസ്ഥാൻ സ്വദേശികളായ രാംരത്തൻ കാക്കാനി മഹേശ്വരിയെയും ഭാര്യ പ്രമീള കാക്കാനിയെയും ചോദ്യങ്ങൾ തളർത്തിയില്ല. തലയുയർത്തി രാംരത്തനും പ്രമീളയും പറഞ്ഞു, ഇവരുമായി ഞങ്ങൾ ജീവിച്ചുകാണിക്കും. അവർ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസമേകി. അഞ്ചുപേരും ഉയർന്ന ജോലികളിലെത്തി.

ഒരാൾ രാജസ്ഥാൻ പൊലീസിൽ അഡീഷനൽ എസ്പി, 3 പേർ സിഎ ബിരുദധാരികൾ, ഒരാൾക്കു ബിടെക്കിനൊപ്പം എംബിഎ. കാലക്രമത്തിൽ അഡീ.എസ്പിയൊഴികെയുള്ളവർ കൊച്ചിയിൽ പിതാവിന്റെ ബിസിനസ് ഏറ്റെടുത്തു. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ മാതാപിതാക്കളുടെ അഭിമാനങ്ങളായി. 

അഞ്ചാണവർ, കരളുറപ്പുള്ളവർ 

കൊച്ചി വൈറ്റില ജംക്‌ഷനിൽ സഹോദരൻ അയ്യപ്പൻ റോഡിലെ പ്രമുഖ മാർബിൾ, ഗ്രാനൈറ്റ് വ്യാപാര സ്ഥാപനമാണു ഫാഷൻ ഗ്രാനൈറ്റ്സ് ആൻഡ് സെറാമിക് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ്. 5ൽ 3 പേരാണു സ്ഥാപനത്തിന്റെ പതിവു നടത്തിപ്പുകാർ. ഒരാൾ ഡയറക്ടറെങ്കിലും മഹാരാഷ്ട്രയിലെ സോലാപ്പൂരിലാണു താമസിക്കുന്നത്. 

അഞ്ചിൽ ആദ്യത്തെയാൾ പ്രീതി കാക്കാനി. പൊലീസ് ഉദ്യോഗസ്ഥ. 3 വർഷമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡപ്യൂട്ടേഷനിൽ കൊച്ചിയിലുണ്ടായിരുന്നു. ഇനി രാജസ്ഥാൻ പൊലീസിൽ അഡീഷനൽ എസ്പി പദവിയിലേക്കു വീണ്ടും. കൊച്ചി രാജഗിരി കോളജിൽനിന്നു സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം, സെന്റ് തെരേസാസ് കോളജിൽനിന്നു സോഷ്യോളജിയിൽ ബിരുദം. രണ്ടിലും വിജയം റാങ്കോടെ. 

രണ്ടാമത്തെയാൾ വർഷ കാക്കാനി. ആദ്യം പിതാവിനെ സഹായിക്കാൻ ബിസിനസിലേക്കു വന്നയാൾ. വർഷയില്ലായിരുന്നെങ്കിൽ തന്റെ ബിസിനസും ജീവിതവുമെല്ലാം മറ്റൊന്നാകുമായിരുന്നെന്നു രാംരത്തൻ കാക്കാനി പറയും. 2004ൽ ചാർട്ടേർഡ് അക്കൗണ്ടന്റ് യോഗ്യത നേടി. യോഗ്യത: സിഎയ്ക്കു പുറമേ ഐഎസ്എ (ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ്). 

രാംരത്തന്റെ ആദ്യ സ്ഥാപനത്തിൽ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു. നിലവിൽ സ്ഥാപക ഡയറക്ടർ. ബിസിനസിൽ ചേരും മുൻപു കൊച്ചി എസ്എസ് കൺസൽറ്റിങ്ങിൽ പ്രിൻസിപ്പൽ കൺസൽറ്റന്റ്, മുംബൈയിൽ കാർവാലെയുടെ അസോഷ്യേറ്റ് വൈസ് പ്രസിഡന്റ്–ഫിനാൻസ്, ആർബിട്രോൺ ഇന്ത്യ ഫിനാൻസ് മാനേജർ, വോഡഫോൺ എസ്സാർ സെല്ലുലർ ലിമിറ്റഡ് അസി.മാനേജർ, ചെന്നൈയിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് അസോഷ്യേറ്റ് തുടങ്ങി വിവിധ പദവികളിൽ വർഷങ്ങളോളം. 

മൂന്നാമത് അർച്ചന കാക്കാനി: യോഗ്യത: ബിടെക്, എംബിഎ. ഊബർ, ഭാരതി അക്സ, ഗോൾഡ്മാൻ സാഷ് എന്നിവയിൽ ജോലി ചെയ്തു. 

നാലാമത്തെയാൾ വിനീത കാക്കാനി: ചാർട്ടേഡ് അക്കൗണ്ടന്റ്. 2012ൽ സിഎ പൂർത്തിയാക്കിയ ശേഷം സൂപ്പർ റെലിഗർ ലിമിറ്റഡിൽ ഫിനാൻസ് മാനേജരായി. സിഎ ഫൗണ്ടേഷനിൽ ക്ലാസുകളെടുക്കുന്നു. സിഎ ഐപിസിസി, സിഎ ഫൈനൽ എന്നിവയ്ക്കുതകുന്ന പുസ്തകങ്ങളുടെ രചനയിൽ പങ്കാളിത്തം. 

അഞ്ചാമത് അങ്കിത കാക്കാനി. യോഗ്യത: സിഎ, സിഎസ്. യുഎസ് സ്ഥാപനമായ ക്ലേസീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൽ കൊച്ചി ഇൻഫോ പാർക്കിൽ ഫിനാൻസ് മാനേജരായിരുന്നു. 2019 നവംബറിൽ ജോലി വിട്ടു. ബിസിനസിൽ ചേർന്നു. 

അവഗണനയുടെ വഴിയിൽ 

അവഗണനയുടെ അങ്ങേയറ്റം അനുഭവിച്ചിട്ടുണ്ട് 5 പേരുമെന്ന് അർച്ചനയും വിനീതയും അങ്കിതയും പറയുന്നു. രാജസ്ഥാനിൽ ഗ്രാമീണ സമൂഹത്തിൽനിന്നും കുടുംബവീട്ടിൽനിന്നുമെല്ലാം അതുണ്ടായി. ആൺകുട്ടികളെ പരിഗണിക്കുന്നതു രാജാക്കന്മാരെപ്പോലെയായിരുന്നു. ബിസ്കറ്റും മിഠായികളും മറ്റ് ആഹാരവും നൽകുന്നതിൽപോലും വേർതിരിവ്. പെൺകുട്ടികൾ പഠിക്കരുത്! കേരളത്തിലായതുകൊണ്ടു മാത്രമാണു ഞങ്ങൾ ഇങ്ങനെയായത്. നാട്ടിലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഓർക്കാനേ വയ്യ. 

വർഷ ബിസിനസിലേക്ക് എത്തിയതോടെ കല്ലിന്റെ ബിസിനസിൽ ഈ പെൺകുട്ടിക്കെന്തു ചെയ്യാനാകുമെന്നായിരുന്നു ചോദ്യങ്ങൾ. ഒരു കല്ലെടുത്തു മാറ്റാൻപോലും അവൾക്കാകുമോ? അവൾ പ്രവർത്തിക്കേണ്ടതു പുരുഷന്മാർ നിറഞ്ഞ തൊഴിൽമേഖലയിലാണ്. കല്ലു ലോഡ് ചെയ്യിക്കണം, സൈറ്റുകളിൽ ഏറെ ദൂരം നടക്കണം. ചോദ്യങ്ങൾക്കെല്ലാം പ്രവൃത്തികൊണ്ടു മറുപടി പറഞ്ഞു വർഷ. അവൾക്കു ശേഷം അനുജത്തിമാരും. 

കരുത്തിന്റെ പ്രതീകങ്ങൾ 

ഇന്നു കരുത്തിന്റെ പ്രതീകങ്ങളാണു കാക്കാനിയുടെ ചുണക്കുട്ടികൾ. കല്ലിന്റെ ബിസിനസ് അവരുടെ മനസ്സിനു കാരിരുമ്പിന്റെ ശക്തിയേകി. ഇതൊരു സാധാരണ ബിസിനസല്ലെന്ന് അങ്കിത പറയുന്നു. നിർമാണ രംഗത്തെയും റിയൽ എസ്റ്റേറ്റ് മേഖലയെയുംകുറിച്ച് എല്ലാം അറിയണം. നിർമിക്കാൻ പോകുന്ന സ്ഥലത്തിന്റെ അളവു ചതുരശ്ര അടിയിൽ അറിയണം, കല്ലിലും പൊടിയിലും മണലിലും നിൽക്കണം, കരാറുകാർ, മേസൺമാർ, മറ്റു നിർമാണ ജോലിക്കാർ, ആർക്കിടെക്ടുമാർ, ചുമട്ടുതൊഴിലാളികൾ തുടങ്ങി എല്ലാവരുമായും ഇടപെടണം. ഈ മേഖലയിലെങ്ങും അത്രകണ്ടു പെൺസാന്നിധ്യമില്ല. ഞങ്ങൾ ചെയ്തുതുടങ്ങിയതോടെ കേരളത്തിൽ മാർബിൾ, ഗ്രാനൈറ്റ് ബിസിനസ് നടത്തുന്ന ഒട്ടേറെ അച്ഛന്മാരെ സഹായിക്കാൻ പെൺകുട്ടികൾ എത്തിത്തുടങ്ങി. 

രാംരത്തൻ കാക്കാനിയുടെ കഥ 

രാജസ്ഥാനിലെ അജ്മേർ ജില്ലയിലെ വിദൂര ഗ്രാമമായ മക്രേറയിൽ ദരിദ്ര കാർഷിക കുടുംബത്തിലായിരുന്നു രാംരത്തന്റെ  ജനനം. പത്താംക്ലാസിൽ തോറ്റു. രണ്ടാം ശ്രമത്തിൽ ജയം. പ്രീ യൂണിവേഴ്സിറ്റികൂടി ചേർന്നുള്ള 4 വർഷ ബിരുദ പഠനം. ഏകവർഷ പ്രീ യൂണിവേഴ്സിറ്റി കോഴ്സിൽ തോറ്റു. വിട്ടില്ല. ജയംനേടി പഠനം തുടർന്നു. അഗ്രിക്കൾച്ചർ സയൻസിൽ ബിരുദം പൂർത്തിയാക്കിയതു രാജസ്ഥാൻ സർവകലാശാലയുടെ സ്വർണമെഡലോടെ. ദാരിദ്യംകാരണം ഉപരിപഠനത്തിനു പോയില്ല. പിതാവിന്റെ പരിചയക്കാരൻവഴി ബിർള ഗ്രൂപ്പിന്റെ ഭാഗമായ ജയശ്രീ ടീ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ തമിഴ്നാട്ടിലെ ആനമല തേയിലത്തോട്ടത്തിൽ 1976 മാർച്ചിൽ ജോലിക്കെത്തി. 1977നവംബറിൽ കേരളത്തിൽ പൊന്മുടി മർക്കിസ്റ്റൻ എസ്റ്റേറ്റിലേക്കു സ്ഥലം മാറ്റമായി. 77ൽ പ്രമീളയുമായുള്ള വിവാഹം. 

വഴിത്തിരിവ് 

കേരളത്തിലെ നിർമാണ മേഖലയിൽ മൊസേക്ക് തറകളായിരുന്നു അക്കാലത്തേറെയും. മാർബിൾ, ഗ്രാനൈറ്റ് ബിസിനസിനു സാധ്യത തിരിച്ചറിഞ്ഞ രാംരത്തൻ കാക്കാനി 1991ൽ വിരമിച്ചു ബിസിനസിലേക്കു തിരിഞ്ഞു. കൊച്ചിയിലെത്തി ഏതാനും പേർക്കൊപ്പം ചേർന്നു ബിസിനസ് തുടങ്ങി. 91ലാണ് അഞ്ചാമത്തെ പെൺകുട്ടിയായി അങ്കിത കൊച്ചിയിൽ ജനിച്ചത്.  

ബിസിനസ് നല്ല രീതിയിലല്ല പുരോഗമിച്ചത്. തുടർന്ന് 1998ൽ രാംരത്തൻ വൈറ്റിലയിൽ പങ്കാളികൾക്കൊപ്പം സ്വന്തമായൊരു കമ്പനി തുടങ്ങി. 7 വർഷത്തിനു ശേഷം രണ്ടാമത്തെ യൂണിറ്റ് തുടങ്ങി. ആ സമയത്തു മൂത്തമകൾ പ്രീതി രാജസ്ഥാൻ പൊലീസിൽ ചേർന്നിരുന്നു. 2015ൽ വർഷയോടു ബിസിനസിൽ ചേരാൻ നിർദേശിച്ചു. ഇതിനെ ബിസിനസ് പങ്കാളികൾ ശക്തമായി എതിർത്തു. അപ്പോൾ മുതൽ ബിസിനസിൽ പ്രശ്നങ്ങളായി. അതോടെ മാനേജിങ് ഡയറക്ടറെന്ന നിലയിൽ ഞാൻ 2017ൽ കമ്പനിയിൽനിന്നു പിന്മാറാൻ തീരുമാനിച്ചു. പിന്നീടു പോരാട്ടമായിരുന്നു. ഒടുവിൽ പിരിഞ്ഞു. 2020 ജനുവരിയിൽ ഞാനും മക്കളും ചേർന്നു ഫാഷൻ ഗ്രാനൈറ്റ്സ് ആൻഡ് സെറാമിക് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡിനു വൈറ്റിലയിൽ തുടക്കമിട്ടു. വൈകാതെ കൂനമ്മാവിലും യൂണിറ്റ് തുടങ്ങി. 

അച്ഛന് ഒരാൺകുട്ടിയില്ല എന്നതു ബന്ധുക്കളും അച്ഛന്റെ കൂട്ടുകാരിൽ ചിലരും മുതലെടുക്കാൻ ശ്രമിച്ചെന്നു വിനീത പറയുന്നു. ബിസിനസിൽ ചേർന്ന ആദ്യ ദിനങ്ങളിൽ വർഷ ഏറെ ബുദ്ധിമുട്ടി. കമ്പനി പിരിയുമ്പോൾ എല്ലാവരും നിർദേശങ്ങൾ മുന്നോട്ടുവച്ചതുപോലും അച്ഛന് ആരുമില്ലെന്ന തരത്തിലായിരുന്നെന്ന് അർച്ചന പറഞ്ഞു. ആൺമക്കളില്ലല്ലോ, അവർ പറയുന്നത് അച്ഛൻ കേൾക്കണം എന്ന നില. 

പരിഹാസത്തിൽനിന്നു കരുത്ത് 

5 പെൺകുട്ടികളാണെന്നതിനാൽ നേരിട്ട പരിഹാസങ്ങളിൽനിന്നു കരുത്താർജി ക്കുകയാണു കാക്കാനി ദമ്പതികൾ ചെയ്തത്.  അമ്മയോടും അച്ഛനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നു മക്കൾ പറയുന്നു. ഞങ്ങളെ പഠിപ്പിച്ചു. സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തരാക്കി. 

‘അവർ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ചാണു ഞങ്ങളെ നോക്കിയത്. അച്ഛൻ പണം സമ്പാദിച്ചു. അമ്മ പൂർണമായും ഞങ്ങളെ പരിപാലിച്ചു. എനിക്കൊരു മകനുണ്ട്. അവനെ നോക്കാൻതന്നെ എനിക്കാകുന്നില്ല. അപ്പോൾ ഞങ്ങൾ 5 പേരെയും എത്ര കഷ്ടപ്പെട്ടാവും അമ്മ വളർത്തിയിട്ടുണ്ടാകുക?  വിനീത ചോദിക്കുന്നു. 

അങ്കിതയുടെ ചങ്കുറപ്പ് 

എതിർപ്പുകൾക്കിടയിൽ വർഷ കഷ്ടപ്പെടുന്ന കാലത്താണു പിന്തുണയുമായി  അങ്കിത ബിസിനസിലേക്കു വന്നത്. യുഎസ് കമ്പനിയായ ക്ലേസീസിലെ ഫിനാൻസ് മാനേജർ പദവി വിട്ട്  വർഷയ്ക്കൊപ്പമെത്തി.  കമ്പനി പൂർണമായും പിരിയുന്നതിനു തൊട്ടുമുൻപുള്ള കാലം. വൈറ്റില യൂണിറ്റ് രാംരത്തനും രണ്ടാമത്തെ യൂണിറ്റ് പങ്കാളികളും നോക്കിനടത്തുന്നു. രണ്ടിടത്തും കമ്പനിയുടെ മാർബിളും ഗ്രാനൈറ്റും സ്റ്റോക്കുണ്ട്. ആ സമയത്തു വൈറ്റില ശാഖയിൽ ഒരു ഓർഡറെടുത്തു. സാധനങ്ങൾ മറ്റേ ശാഖയിലായിരുന്നു. അതു വാങ്ങാൻ ചെന്നപ്പോൾ ആകെ പുകിലായി. സംഘർഷഭരിതം. അവിടെയുള്ള ഉൽപന്നങ്ങൾ കയറ്റാൻ  ബിസിനസ് പങ്കാളികൾ സമ്മതിച്ചില്ല. പ്രശ്നമായി.

ടൈലുകളുടെ പെട്ടികൾ കയറ്റിവിടാൻ വർഷ വൈറ്റില ഓഫിസിൽനിന്നു തുടർച്ചയായി അഭ്യർഥിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല. അവസാനം അങ്കിത നേരിട്ട് ചെന്നു. വൈകിട്ട് 6 ആയിരുന്നു അപ്പോൾ. ടൈൽ ബോക്സുകൾക്കു മുകളിൽ കയറിയിരുന്ന അങ്കിത ടൈൽ ബോക്സുകൾ വിട്ടുകിട്ടാതെ അനങ്ങില്ലെന്നു പറഞ്ഞു. അന്നു രാംരത്തനും പ്രമീളയും രാജസ്ഥാനിലായിരുന്നു. അച്ഛൻ വിളിച്ചുപറഞ്ഞിട്ടും അവർ വഴങ്ങിയില്ല. മാർബിൾ വ്യാപാരി സംഘടനാ പ്രതിനിധികളുമായി വർഷയെത്തി. ഒടുവിൽ സാധനങ്ങൾ വിട്ടുകിട്ടിയപ്പോൾ രാത്രി എട്ടുമണിയായി. 

നിയമങ്ങളെക്കുറിച്ച് അറിയാമെന്നത് അന്നു ഞങ്ങൾക്കു കരുത്തായി. ജീവിതമുന്നേറ്റത്തിന് ഊർജമേകുന്ന ഓരോ അനുഭവങ്ങൾ. തീയിൽ കുരുത്തവർ വെയിലത്തു വാടില്ലെന്നത് അന്വർഥമാക്കി ബിസിനസ് രംഗത്തു മുന്നേറാൻ അവരെ പ്രാപ്തരാക്കിയ അഗ്നിപരീക്ഷണങ്ങൾ. 

English Summary: Ram Rattan Kakkani and daughters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com