ADVERTISEMENT

സാമൂഹിക ന്യൂനപക്ഷങ്ങളിൽ ഏറ്റവും അവഗണന നേരിടുന്ന എൽജിബിറ്റിക്യുഐ വിഭാഗങ്ങളുടെ അതിജീവന പോരാട്ടം കൂടിയാണ്, ചിഞ്ചു അശ്വതി രാജപ്പന്റെ ജീവിതം.  മിശ്രലിംഗ വ്യക്തിത്വം തുറന്നു പറഞ്ഞു പോരാടുന്ന ചിഞ്ചുവിന്റെ, കേരളമറിയേണ്ട സഹനസമരങ്ങൾ... 

എല്ലാവർക്കും ലഭിക്കുന്ന അവകാശങ്ങൾക്കും പരിഗണനകൾക്കും സ്വാതന്ത്ര്യത്തിനുമായി ഓരോ നിമിഷവും വ്യവസ്ഥിതിയോടു പോരാടേണ്ടി വരുന്നു എൽജിബിറ്റിക്യുഐ (LGBTQI) സമൂഹത്തിന്. ഇത്തരമൊരു സാമൂഹിക ചുറ്റുപാടിൽ എൽജിബിറ്റിക്യുഐ വ്യക്തികൾക്ക് ഏറെ പ്രചോദനവും ആത്മവിശ്വാസവും പകരുകയാണു ചിഞ്ചു അശ്വതി രാജപ്പൻ എന്ന മിശ്രലിംഗ (intersex) വ്യക്തി.

ഇന്ത്യയെ പുനർനിർമിക്കുന്ന 50 പ്രമുഖ ദലിത് വ്യക്തിത്വങ്ങളെ ഒരു ദേശീയ പ്രസിദ്ധീകരണം തിരഞ്ഞെടുത്തപ്പോൾ അതിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ഏകയാളായി ചിഞ്ചു. പാ. രഞ്ജിത്, കാഞ്ച എലൈയ്യ, ഹിമ ദാസ് തുടങ്ങിയവരായിരുന്നു മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആ പട്ടികയിൽ ഉൾപ്പെട്ട പ്രമുഖർ. ജെൻഡർ വൈവിധ്യങ്ങളിൽ ഉൾക്കൊള്ളൽ മനോഭാവം പൊതുവേ പ്രദർശിപ്പിക്കാത്ത കേരള സമൂഹത്തെ എൽജിബിറ്റിക്യുഐ വിഭാഗങ്ങൾ കൂടി പരിഗണിക്കപ്പെടുന്ന, ഇൻക്ലൂസീവ് ആയ സമൂഹമാക്കി മാറ്റിയെടുക്കുകയാണു തന്റെ ലക്ഷ്യമെന്നു ദലിത് ക്വീർ ആക്റ്റിവിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കാനിഷ്ടപ്പെടുന്ന ചിഞ്ചു പറയുന്നു.

തിരിച്ചറിയൽ

മിശ്രലിംഗ അവസ്ഥയിലുള്ള ഒരു കുട്ടിയായാണു ഞാൻ ജനിച്ചത്. കാര്യമായ ശ്രദ്ധയും സ്നേഹവും പരിചരണവും ആവശ്യമുള്ള മനുഷ്യരാണു മിശ്രലിംഗ മനുഷ്യർ. എന്നാൽ ഇതേപ്പറ്റിയുള്ള അവബോധം മലയാളി സമൂഹത്തിൽ വളരെ കുറവാണ്. ഗർഭാവസ്ഥയിൽ മിശ്രലിംഗമാണെന്നു തിരിച്ചറിഞ്ഞാൽ ഗർഭഛിദ്രം നടത്താനുള്ള പ്രവണത ഇവിടെയുണ്ട്. കുട്ടി ഇന്റർസെക്സ് ആയി ജനിച്ചാലുടൻ ശസ്ത്രക്രിയ നടത്തി ആണായോ പെണ്ണായോ മാറ്റുന്ന രീതിയുമുണ്ട്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങൾക്ക് ഇത്തരം ശസ്ത്രക്രിയകൾ വഴിവച്ചേക്കാം. എന്റെ മാതാപിതാക്കൾ രണ്ടു രീതിയിലും ചിന്തിക്കാത്തതിനാൽ എനിക്കു ഞാനായിത്തന്നെ വളർന്നുവരാൻ സാധിച്ചു. സ്കൂൾപഠനകാലത്തു പെൺകുട്ടിയായാണു വളർന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ശസ്ത്രക്രിയ ചെയ്താലോ എന്നാലോചിച്ചെങ്കിലും ഞാൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ബിഎസ്‌സി ഇലക്ട്രോണിക്സിന് തൊടുപുഴ ഐഎച്ച്ആർഡിയിൽ ഹോസ്റ്റലിൽ നിന്നാണു പഠിച്ചത്. പെൺകുട്ടികളൊക്കെ നല്ല പിന്തുണയായിരുന്നെങ്കിലും ആൺകുട്ടികളിൽ കുറച്ചു പേർ എന്റെ രൂപവും ശബ്ദവുമൊക്കെ എടുത്തുകാട്ടി പ്രയാസം സൃഷ്ടിച്ചിരുന്നു.

LGBT-Pic

കൊച്ചി ഇടപ്പള്ളിയിലെ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ എംഎസ്‌സി ഇലക്ട്രോണിക്സിനു ചേർന്നകാലമാണ് ജീവിതത്തിൽ നിർണായകമായി മാറിയത്. മിശ്ര ലൈംഗിക വ്യക്തിത്വത്തിലേക്കുള്ള എന്റെ തിരിച്ചറിയൽ നടന്നത് അവിടെ വച്ചാണ്. അതുവരെ മനസ്സിലുണ്ടായിരുന്ന പലതരം സംശയങ്ങളിൽ നിന്നുമുള്ള പുറത്തുകടക്കലായിരുന്നു അത്. അത്രയെങ്കിലും വിദ്യാഭ്യാസമുള്ളതു കൊണ്ടാണ് എനിക്കതു സാധിച്ചത്. പക്ഷേ, അവിടുത്തെ എന്റെ ചില സഹപാഠികളിൽ നിന്നുണ്ടായ മോശം പെരുമാറ്റങ്ങളെത്തുടർന്ന് ബിരുദാനന്തരബിരുദ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടൊരു ദിവസം യാത്രയ്ക്കിടയിൽ ഞാൻ ഒരു അപരിചിതന്റെ ക്രൂരമായ ആക്രമണത്തിനിരയായി. ബ്ലേഡ് കൊണ്ടയാൾ എന്റെ മുഖം വരഞ്ഞുകീറി. അതിന്റെ അടയാളം ലൈംഗിക ന്യൂനപക്ഷങ്ങൾ ഈ സമൂഹത്തിൽ നേരിടുന്ന അവസ്ഥയുടെ ഓർമപ്പെടുത്തലായി ഇന്നും എന്റെ മുഖത്തുണ്ട്.

പിന്നീടു ഞാൻ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തിയറ്റർ പഠനത്തിൽ എംഎയ്ക്കു ചേർന്നു. പിജി എൻട്രൻസിന് എന്താണു നിങ്ങളുടെ തിയറ്റർ അനുഭവം എന്നൊരു ചോദ്യം ഉണ്ടായിരുന്നു. എന്റെ ജീവിതം തന്നെയാണ് എന്റെ തിയറ്റർ അനുഭവം എന്നു ഞാനെഴുതി.

വ്യക്തിജീവിതം

കാലടി നടുവട്ടം പള്ളിയാന ഹൗസിൽ രാജപ്പനും രാധയുമാണ് എന്റെ മാതാപിതാക്കൾ. ഒരു സഹോദരനും സഹോദരിയുമാണുള്ളത്. സ്ത്രീയും പുരുഷനും ഇന്റർസെക്സ് വ്യക്തിയുമടങ്ങിയ കുടുംബമാണു ഞങ്ങളുടേത്. അമ്മ ഒരു ദലിത് സംഘടനാ പ്രവർത്തകയായിരുന്നു. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരോടു ചേർന്നു നിന്നുള്ള ആ പ്രവർത്തനത്തിനിടെ അമ്മ ട്രാൻസ് വ്യക്തികളെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. ഞാൻ ജനിച്ചപ്പോൾ തന്നെ പ്രത്യേകതയുള്ളൊരു കുട്ടിയാണെന്ന് അമ്മയ്ക്കും അച്ഛനും മനസിലായിരുന്നു. എന്നാൽ എന്നെ ഒരു സ്പെഷൽ കിഡ് ആയി കാണാതെ അമ്മയും അച്ഛനും സ്പെഷൽ പേരന്റ്സ് ആയി മാറുകയായിരുന്നു. അമ്മ ഞങ്ങളെ മൂന്നു പേരെയും വീട്ടിൽ മോനേ എന്നാണു വിളിക്കുന്നത്. എന്താണു വിളിക്കുന്നത് എന്നതിനപ്പുറം ആ വിളിയിലെ സ്നേഹവും ആത്മാർഥതയുമാണല്ലോ പ്രധാനം. സഹോദരിയുടെ കുട്ടി എന്നെ ചിറ്റ എന്നും ചിറ്റപ്പൻ എന്നും വിളിക്കും. ഇഷ്ടം കൊണ്ടുള്ള വിളികളാണ് അത്. എൽജിബിറ്റിക്യു സമൂഹത്തിലെ ഏറെപ്പേർക്കും ലഭിക്കാത്ത ഒരു ഭാഗ്യം അങ്ങനെ എനിക്കു ലഭിച്ചിരുന്നു. 

lgbt

പോരാട്ടം

ചിഞ്ചു കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർക്കായി മുന്നൂറിലേറെ ബോധവൽക്കരണ ക്ലാസുകൾ എടുത്തുകഴിഞ്ഞു. കോവിഡ് ലോക്ഡൗണിൽ വീട്ടിൽ അടച്ചിരിപ്പായപ്പോഴും ഓൺലൈനിലൂടെ മലയാളികൾക്കു ട്രാൻസ്ജെൻഡർ സമൂഹത്തെ പരിചിതമാക്കാനുള്ള ദൗത്യവുമായി മുന്നോട്ടുപോകുകയാണു ചിഞ്ചു. ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾ, അഭിഭാഷകർ, പൊലീസുകാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജയിൽ ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്കായി ചിഞ്ചു സെൻസിറ്റൈസേഷൻ പരിപാടികൾ നടത്തുന്നു. തനിക്കു ലഭ്യമായ ഏതവസരവും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്താനായി ഉപയോഗിക്കുന്ന ചിഞ്ചു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നു മൽസരിച്ചതും ആ ഉദ്ദേശ്യത്തിൽ തന്നെ. 2017 മുതൽ കേരള ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം കൂടിയാണു ചിഞ്ചു.

എൽജിബിടിക്യുഐഎ – പ്ലസ്

ട്രാൻസ്ജെൻഡർ എന്നു കേട്ടിട്ടുണ്ടാകുമെങ്കിലും എൽജിബിറ്റിക്യുഐഎ – പ്ലസ് (LGBTQIA +) എന്ന മഴവിൽ കുടുംബത്തെക്കുറിച്ചു പലർക്കും കാര്യമായ ധാരണയില്ല എന്നതാണു യാഥാർഥ്യം. ഇതിൽ ആദ്യത്തെ ‘എൽ’ സൂചിപ്പിക്കുന്നത് ‘ലെസ്ബിയൻ’ എന്നതിനെയാണ്. പെണ്ണിനു പെണ്ണിനോടു തോന്നുന്ന ആകർഷണം ആണത്. ‘ജി’ എന്ന ‘ഗേ’  ആണിന് ആണിനോടു തോന്നുന്ന ആകർഷണത്തെ സൂചിപ്പിക്കുന്നു. ‘ബി’ എന്നാൽ ‘ബൈ സെക്‌ഷ്വൽ’. ഒരാൾക്ക് ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്ന അവസ്ഥയാണത്. ‘റ്റി’ എന്നതു ‘ട്രാൻസ്ജെൻഡർ’ എന്നതിനെ സൂചിപ്പിക്കുന്നു. 

ഒരാൾ ജനിക്കുമ്പോൾ ആ വ്യക്തിയുടെ ലിംഗം നോക്കിയാണു ജെൻഡർ തീരുമാനിക്കുന്നത്. പക്ഷേ, പിന്നീടു വളർന്നു വരുമ്പോൾ വ്യക്തി സ്വയം എങ്ങനെ കാണുന്നു എന്നതനുസരിച്ച് സിസ് എന്നും ട്രാൻസ് എന്നും വിളിക്കും. ആണായി ജനിച്ച ശേഷം വളരുമ്പോഴും ആണായിട്ടു തന്നെ സ്വയം തിരിച്ചറിയുന്നയാൾ സിസ് മെയിൽ. പെണ്ണായി ജനിച്ച ശേഷം വളരുമ്പോഴും പെണ്ണായി തന്നെ സ്വയം തിരിച്ചറിയുന്നയാൾ സിസ് ഫീമെയിൽ. ഒരാളുടെ ജനന സമയത്തെ ജെൻഡറിന് എതിരെയുള്ളതാണ് ആ വ്യക്തി വളർന്നു വരുമ്പോൾ സ്വയം തിരിച്ചറിയുന്നതെങ്കിൽ അവരെയാണ് ട്രാൻസ്ജെൻഡർ എന്നു വിളിക്കുന്നത്. 

ആണായി ജനിച്ചയാൾ വളർന്നു വരുമ്പോൾ പെണ്ണായാണു സ്വയം തിരിച്ചറിയുന്നതെങ്കിൽ അവർ ട്രാൻസ്‌വിമൻ. പെണ്ണായി ജനിച്ചയാൾ വളർന്നു വരുമ്പോൾ ആണായാണു സ്വയം തിരിച്ചറിയുന്നതെങ്കിൽ അവർ ട്രാൻസ്മെൻ. ‘ക്യു’ എന്നതു ‘ക്വീർ’. ലൈംഗിക ആകർഷണം ആരോടാണ് എന്നു വെളിപ്പെടുത്താൻ താൽപര്യമില്ലാത്തവരെയും ജെൻഡർ വ്യക്തിത്വം പരസ്യപ്പെടുത്താൻ താൽപര്യമില്ലാത്തവരെയും ഒരു കുടക്കീഴിലാക്കുന്ന പദമാണിത്. ‘ഐ’ എന്നാൽ ‘ഇന്റർസെക്സ്’ അഥവാ ‘മിശ്രലിംഗം’. ശാരീരികാവസ്ഥ കൊണ്ട് ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാൻ പ്രയാസമുള്ളവരാണ് ഇവർ. 

ആണിന്റെയും പെണ്ണിന്റെയും ചില ശാരീരിക അവസ്ഥകൾ ഇവരിലുണ്ടാകാം. ‘എ’ എന്നാൽ ‘എസെക്‌ഷ്വൽ’. ശാരീരികമായും ലൈംഗികമായും ആരോടും ആകർഷണം തോന്നാത്തവർ. പ്ലസ് ചിഹ്നം ഈ കൂട്ടായ്മയിൽ ഉൾച്ചേർത്തിരിക്കുന്നത് ഈ പറഞ്ഞതിലൊന്നും       ഉൾപ്പെടാത്തവർക്കായാണ്.

സെക്സ് എന്നതു ജീവശാസ്ത്രപരമായൊരു അവസ്ഥയും ജെൻഡർ എന്നതു വൈകാരികവും മാനസികവും സാമൂഹികവുമായ അവസ്ഥയുമാണ്. ജെൻഡർ ഒരു സാമൂഹിക നിർമിതിയാണ് . ഒരു വ്യക്തി അയാളെ എങ്ങനെയാണോ തിരിച്ചറിയുന്നത്, അതാണു ജെൻഡർ.   വിവിധ പഠന ഗവേഷണങ്ങളിലൂടെ നൂറിലേറെ ജെൻഡർ അവസ്ഥകളുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു വൈകല്യമോ രോഗമോ ഒന്നുമല്ലെന്നും തികച്ചും സ്വാഭാവികമായ അവസ്ഥയാണെന്നും സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

English Summary: LGBT activist Chinju Aswathi Rajappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com