ADVERTISEMENT

വിക്ടേഴ്സ് ചാനലിൽ ‘ഫസ്റ്റ് ബെൽ’ മുഴങ്ങുമ്പോൾ ‘ഹലോ മൈ ഡിയർ സ്വീറ്റീസ്’ എന്ന വിളിയോടെ നിഷ ടീച്ചർ കുഞ്ഞുകുട്ടികളെ കാണാൻ വരുന്നത് ഒരുനാൾ കരഞ്ഞുതീർത്ത കണ്ണീരിന്റെകൂടി ബലത്തിലാണ്. ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച ഒരു കുടുംബത്തെ  മലയാള മനോരമ ‘ഞായറാഴ്ച’യിലെ ‘ഇന്നത്തെ ചിന്താവിഷയം’ പംക്തിയിലെ പ്രതീക്ഷാഭരിതമായ വരികൾ തിരികെക്കൊണ്ടുവന്നു ജീവിതത്തിൽ ജേതാക്കളാക്കിയ കഥ...

അധ്യാപകനാകാൻ കൊതിച്ചിട്ടും അതിനാകാതെ പോയ അച്ഛൻ, ആ സ്വപ്നത്തെ ജീവിതവഴിയാക്കിയ മൂന്നു പെൺമക്കൾ. പരണിയം സനിഷ ഭവനിൽ വർഗീസ് – ലൂസി ദമ്പതികളുടെ നാലുമക്കളിൽ മൂന്നു പെൺകുട്ടികളും ഇന്ന് ഇംഗ്ലിഷ് അധ്യാപകർ. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും ബിരുദാനന്തര ബിരുദവും പഠിച്ചതും ഇവർ ഒരുമിച്ച്. ഇളയ മകൻ ബാങ്ക് ഉദ്യോഗസ്ഥനും.

ഇവരിൽ മൂത്തയാളെ ഇന്ന് കേരളം അറിയും – കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെൽ ഇംഗ്ലിഷ് ക്ലാസിലൂടെ കുഞ്ഞുകുട്ടികളുടെയും കുടുംബങ്ങളുടെയും മനസ്സുകവർന്ന നിഷ ടീച്ചർ. തിരുവനന്തപുരം ലൂർദുപുരം സെന്റ് ഹെലൻസ് ഗേൾസ് ഹൈസ്കൂളിലെ എൽപി അധ്യാപികയാണ് വി.എൽ.നിഷ. രണ്ടാമത്തെ മകൾ വി.എൽ. സവിത ഭരതന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി അധ്യാപിക. മൂന്നാമത്തെ മകൾ വി.എൽ. സനിഷ പൂവാർ ഗവൺമെന്റ് വിആൻഡ്എച്ച്എസ്എസിൽ ഹയർ സെക്കൻഡറി അധ്യാപിക. ഇളയ മകൻ വി.എൽ.സനിഷ് തിരുപുറം സർവീസ് സഹകരണ ബാങ്കിൽ. പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷയുടെ തിരിനാളം തെളിയിച്ചു മുന്നോട്ടുപോയ മൂന്ന് അധ്യാപികമാരുടെ കഥയാണിത്.

 ജീവിതം വഴിതിരിച്ച ‘ചിന്താവിഷയം’

അധ്യാപകനാകാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി ഡിഗ്രി പഠനത്തിനു ശേഷം ട്യൂട്ടോറിയൽ കോളജിൽ പഠിപ്പിച്ചുവന്ന കാലത്താണ് വർഗീസിന് ഫിഷറീസ് വകുപ്പിൽ സർക്കാർ ഉദ്യോഗം ലഭിക്കുന്നത്. ഗായികയും നർത്തകിയുമായ ഭാര്യ ലൂസി വിവിധ സ്കൂളുകളിൽ പാട്ടും നൃത്തവും പഠിപ്പിച്ചിരുന്നു. എന്നാൽ മൂന്നു പെൺകുട്ടികൾ ജനിച്ചതോടെ  സർക്കാർ ശമ്പളത്തിൽ പിള്ളേരെ എങ്ങനെ കെട്ടിച്ചുവിടും എന്ന ചിന്തയിൽ വർഗീസ് ഒരു ബിസിനസ് തുടങ്ങി. സ്വന്തമായി ഉണ്ടായിരുന്ന 45 സെന്റ് സ്ഥലം വിറ്റാണു തുണിക്കടയ്ക്കു തുടക്കമിട്ടത്. കച്ചവടതന്ത്രങ്ങൾ അറിയാത്തതിനാൽ ബിസിനസിൽ വലിയ നഷ്ടമുണ്ടായി. 

വീടും വസ്തുവുമൊക്കെ വിറ്റിട്ടും നിലനിൽപില്ലാതായപ്പോൾ ആത്മഹത്യ എന്ന പരിഹാരം മാത്രമായിരുന്നു മുന്നിൽ. ഒരു കുപ്പി വിഷത്തിൽ എല്ലാം അവസാനിപ്പിക്കാനിരിക്കെ മലയാള മനോരമ ‘ഞായറാഴ്ച’യിലെ ‘ഇന്നത്തെ ചിന്താവിഷയം’ എന്ന പംക്തിയാണു വഴിത്തിരിവായത്. ചില വാക്കുകൾക്കു ജീവമന്ത്രമാകാൻ കഴിയുമെന്നു തെളിഞ്ഞ നിമിഷം. ചിന്താവിഷയത്തിലെ പ്രതീക്ഷാഭരിതമായ വരികൾ ഇവരുടെ ജീവിതവും വഴിതിരിച്ചുവിട്ടു. സകല കഷ്ടനഷ്ടങ്ങളും സഹിക്കാനുള്ള തയാറെടുപ്പോടെയാണ് കുടുംബം പിന്നീടു മുന്നോട്ടുപോയത്.

nisha-teacher
മുൻനിര (ഇടത്തുനിന്ന്): വി.എൽ. നിഷയുടെ മകൻ ആദിഷ്, നിഷ, സവിതയുടെ മകൾ ജ്യുവൽ, അമ്മ ലൂസി, അനുജത്തിമാരായ സനിഷ, സവിത. പിൻനിര (ഇടത്തുനിന്ന്): നിഷയുടെ ഭർത്താവ് സജിത്, അച്ഛൻ വർഗീസ്, അനുജൻ സനിഷ്, സവിതയുടെ ഭർത്താവ് ജെറി ജോൺ.

ടീച്ചറാകാൻ കൊതിക്കാത്ത ‘നിഷ ടീച്ചർ’

ലൂർദുപുരം സെന്റ് ഹെലൻസ് ഹൈസ്കൂളിൽ മലയാളം മീഡിയത്തിലായിരുന്നു നാലുപേരുടെയും പഠനം. നല്ല മാർക്കോടെ സ്കൂൾ പഠനം പൂർത്തിയാക്കി. അമ്മയുടെയും അച്ഛന്റെയും കലാവാസനയും നാലുപേർക്കും കിട്ടിയിരുന്നു. ഗിറ്റാറിസ്റ്റും നാടകനടനും നല്ലൊരു കലാകാരനുമാണ് അച്ഛൻ. ഗായികയും നർത്തകിയുമായ അമ്മ ലൂസിയും കലാപരിപാടികളിൽ സജീവം.

മാതാപിതാക്കൾ പ്രോഗ്രാമുകൾക്കു പോയി വരുന്നതു വരെ വീടിന്റെ ഭരണവും, അനിയത്തിമാരെയും അനിയനെയും പഠിപ്പിക്കലുമൊക്കെ നിഷയുടെ ഉത്തരവാദിത്തമായി. നിഷയുടെ ‘ടീച്ചിങ് പ്രാക്ടീസി’നു തുടക്കം വീട്ടിൽ നിന്നുതന്നെയെന്നു പറയാം. ഇങ്ങനെയാണെങ്കിലും നിഷയ്ക്ക് ടീച്ചറാകാൻ ഇഷ്ടമായിരുന്നില്ല. ഡോക്ടർ ആകണം എന്നായിരുന്നു മോഹം.

സെക്കൻഡ് ഗ്രൂപ്പ് എടുത്താണ് നിഷ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ ചേർന്നത്. ആ സമയത്താണ് വീട്ടിൽ സാമ്പത്തികപ്രശ്നങ്ങൾ രൂക്ഷമായതും.

കടം നൽകിയവർ പണം തിരിച്ചുകിട്ടാതായതോടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതും മറ്റും പഠനാന്തരീക്ഷത്തെ ബാധിച്ചു. എൻട്രൻസ് റിപ്പീറ്റ് ചെയ്യാൻ ലക്ഷ്യമിട്ട് കെമിസ്ട്രി മെയിൻ എടുത്തു ഡിഗ്രിക്കു ചേർന്നെങ്കിലും സാമ്പത്തിക ബാധ്യത കാരണം പഠനം നിർത്തേണ്ടി വന്നു. ആ സമയത്താണ് ടിടിസി പഠിക്കാൻ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയത്. എറണാകുളത്തു ടിടിസിക്കു ചേർന്നു. 

ടിടിസി ഇന്റർവ്യൂവിന്  ആദ്യത്തെ ചോദ്യം... 

Why do you choose this profession?

I don't like this profession. 

ഈ ഉത്തരം കേട്ടു ഞെട്ടിയവരോടു വീട്ടുകാരുടെ ഇഷ്ടപ്രകാരം വന്നതാണെന്ന സത്യം പറഞ്ഞു. ടിടിസി പഠനത്തിലെ രണ്ടു വർഷങ്ങൾ നിഷയെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചു.  ടിടിസി കലോത്സവത്തിൽ പങ്കെടുത്തു കലാതിലകമാകാനും ഇതിനിടെ നിഷയ്ക്കു സാധിച്ചു. പഠനം കഴിഞ്ഞയുടനെ വിവാഹം, ഒപ്പം പഠിച്ച സ്കൂളിൽ തന്നെ ജോലിയും.

നഴ്സറി സ്കൂളിൽ നൃത്താധ്യാപികയായാണ് ആദ്യം ജോലി കിട്ടിയത്. മാസം 500 രൂപ ശമ്പളം. തുടർന്നും പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാഹചര്യം അനുകൂലമായില്ല. നിഷയുടെ വിവാഹസമയത്താണു വീടു വിൽക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ വാടകവീടുകളിലും ചായ്പ്പിലുമൊക്കെയായി നിഷയുടെ അനിയത്തിമാരുടെയും അനിയന്റെയും പഠനം. സാമ്പത്തിക ബുദ്ധിമുട്ടിലും മാതാപിതാക്കൾ മക്കളെ പഠിപ്പിക്കാൻ മറന്നില്ല.

ഇതിനിടെയാണ് രണ്ടാമത്തെയാൾ സവിത പ്ലസ് ടു കഴിഞ്ഞു ടിടിസി പഠിച്ചത്. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായിരുന്നു. പഠിക്കാൻ പുസ്തകങ്ങൾ വാങ്ങാൻ സാധിക്കാതെ കൂട്ടുകാരുടെ വീട്ടിൽ എത്തിയായിരുന്നു പഠനം. വീടുകളിൽ പോയി ട്യൂഷൻ പഠിപ്പിച്ചാണ് പഠനത്തിനുള്ള വരുമാനം കണ്ടെത്തിയത്. 

nisha
അധ്യാപികസഹോദരിമാരായ സനിഷ (ഇടത്), സവിത (നടുവിൽ), നിഷ എന്നിവർ.

 ‘ചാർട്ടു തൂക്കാൻ ആരോഗ്യമുണ്ടോ?’

ഇളയയാൾ സനിഷ പ്ലസ് ടു കഴിഞ്ഞു ടിടിസി പഠിക്കാൻ പോയപ്പോൾ മെറിറ്റിൽ കിട്ടിയിട്ടും പൊക്കവും വണ്ണവും ഇല്ലാത്തതായി ചർച്ച. ‘ചാർട്ട് തൂക്കാനുള്ള ആരോഗ്യമുണ്ടോ?’, ‘ടീച്ചിങ് പ്രാക്ടീസിന് ബസിൽ കയറി പോകാനുള്ള കഴിവുണ്ടോ?’ ഇങ്ങനെയൊക്കെ ചോദിച്ച ഇന്റർവ്യൂ പാനലിനു മുന്നിൽ വേദനയോടെ മടങ്ങി. അന്നു കെട്ടിപ്പിടിച്ചു കരയാനും ആശ്വസിപ്പിക്കാനും സഹോദരിമാർ മാത്രമാണുണ്ടായിരുന്നത്.

സനിഷയുടെ ദൃഢനിശ്ചയമായിരുന്നു മുതിർന്ന ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപികയാവുക എന്നത്. പരിഹസിച്ചവർക്കു മുന്നിൽ ഒരു വലിയ അധ്യാപികയാവുക എന്ന ലക്ഷ്യവുമായി ഓൾ സെയിന്റ്സ് കോളജിൽ ഇഷ്ടവിഷയമായ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിക്കു ചേർന്നു. രണ്ടാമത്തെയാൾ സവിതയും ടിടിസി കഴിഞ്ഞുനിൽക്കുന്ന സമയം. സവിതയ്ക്കും തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ട്. ഇംഗ്ലിഷ് സാഹിത്യം തന്നെയാണ് ഇഷ്ടം. എല്ലാവരെയും ഒന്നിച്ചു പഠിപ്പിക്കാൻ കുടുംബത്തിൽ സാഹചര്യം ഇല്ലെന്നു മനസ്സിലാക്കിയ സവിത പ്രൈവറ്റായും ചേർന്നു. ഇവർക്കൊപ്പം നിഷയും പ്രൈവറ്റ് ആയി ഇംഗ്ലിഷ് ബിരുദപഠനത്തിനെത്തി.

സനിഷയുടെ കോളജ് നോട്സ് റഫർ ചെയ്തു പഠിച്ച മൂവരും പരീക്ഷ എഴുതി പാസായി. പിന്നാലെ ഡിസ്റ്റൻസ് എജ്യുക്കേഷനിൽ കേരള സർവകലാശാലയിൽ പിജിക്കും ചേർന്നു. ശനി, ഞായർ ദിവസങ്ങളിൽ മൂവരും ഒരുമിച്ചു കാര്യവട്ടം ക്യാംപസിൽ ഒരേ ബെഞ്ചിൽ ഇരുന്നായിരുന്നു പഠനം. സവിത അതിനു ശേഷം അധ്യാപികയാവാനുള്ള പരീക്ഷയ്ക്കും നന്നായി പഠിച്ചു. ജോലിസാധ്യത നേടിയ ശേഷമായിരുന്നു വിവാഹം. എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ ലാബ് ഇൻസ്‌ട്രക്ടറാണ് സവിതയുടെ ഭർത്താവ് ജെറി ജോൺ. മകൾ ജ്യൂവൽ ഇപ്പോൾ മൂന്നാം ക്ലാസിൽ.

സനിഷ പിജി കഴിഞ്ഞു ബിഎഡിനും ചേർന്നു. ‘എന്തിനാണ് പെൺകുട്ടികളെ പഠിപ്പിക്കുന്നത്?’ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമായി എത്രത്തോളം പഠിക്കുന്നോ അത്രയും പഠിപ്പിക്കാൻ തയാറായി മാതാപിതാക്കൾ. ബിഎഡിനു ശേഷം സനിഷ എംഎഡ് എൻട്രൻസും പാസായി. അതും പഠിച്ചു. പിഎസ്‌സി ടെസ്റ്റ് എഴുതി കാട്ടാക്കട കുളത്തുമ്മൽ സ്കൂളിൽ യുപി അധ്യാപികയായി. കഴിഞ്ഞ ജൂലൈ 15നു ഹയർ സെക്കൻഡറി ഇംഗ്ലിഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 

ചാർട്ട് തൂക്കാൻ കഴിയുമോയെന്നു ചോദിച്ചവർക്കു മുന്നിൽ സാരി ഉടുത്തു മിടുക്കിയായ ഒരു പ്ലസ്‌ടു അധ്യാപികയായി സനിഷ നിൽക്കുമ്പോൾ വീട്ടുകാർക്കും അഭിമാനം. വർഗീസ് സാറിന്റെ മക്കളെ കണ്ടു പഠിക്കണം. മൂന്ന് ഇംഗ്ലിഷ് അധ്യാപകർ എന്നായി നാട്ടുകാരുടെ ചൊല്ല്. ചേച്ചിമാർ ഇംഗ്ലിഷ് പഠനത്തിൽ മുന്നോട്ടുപോയപ്പോൾ ഇളയ ആൺതരി എൻജിനീയറിങ് പഠന ശേഷം ജെഡിസി പഠിച്ചു. സഹകരണബാങ്കിൽ കലക്‌ഷൻ ഏജന്റായി ജോലി നേടി.

വീടൊക്കെ നഷ്ടമായപ്പോൾ ചായ്പ്പിൽ ഉറങ്ങിയവർക്കു സന്മനസ്സുള്ളവരുടെ സഹായത്തോടെ രണ്ടു മുറി വച്ചു കൊടുത്തത് രണ്ടു നിലയുള്ള വീടാക്കാനും മക്കൾക്കു കഴിഞ്ഞു. 

വിക്ടേഴ്സ് ചാനലിൽ ‘ഫസ്റ്റ് ബെൽ’ മുഴങ്ങുമ്പോൾ ‘ഹലോ മൈ ഡിയർ സ്വീറ്റീസ്’ എന്ന വിളിയോടെ പുഞ്ചിരിയുമായി നിഷ ടീച്ചർ കുഞ്ഞുകുട്ടികളെ കാണാൻ വരുന്നത് ഒരുനാൾ കരഞ്ഞുതീർത്ത കണ്ണീരിന്റെ കൂടി ബലത്തിലാണ്. അധ്യാപികയായ ശേഷം പ്രതികൂല സാഹചര്യത്തിലും ഉറച്ച തീരുമാനത്തിലൂടെ ഇംഗ്ലിഷ് ഇഷ്ട വിഷയമാക്കി ഡിഗ്രിയും പിജിയും ബി‌എഡും പഠിച്ചു. അധ്യാപന ജീവിതത്തിൽ 16 വർഷം പിന്നിട്ടു.

മഹാമാരിയുടെ കാലത്ത് ഓൺലൈൻ ക്ലാസിലൂടെ ലോകത്തെ പലഭാഗങ്ങളിലുള്ള കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ടീച്ചറാകാനും കലാകാരൻ കൂടിയായ ഭർത്താവ് സജിത്ത് റോബിൻസന്റെ പിന്തുണയോടെ സംഗീതം കൂടി ഉൾപ്പെടുത്തി ഇംഗ്ലിഷ് പഠനം കൂടുതൽ രസകരമാക്കാനും നിഷയ്ക്കു സാധിച്ചു. മകൻ ആദിഷ് ഇനി പ്ലസ് വണ്ണിലേക്ക്. ഫസ്റ്റ് ബെൽ ക്ലാസുകളിലൂടെ അധ്യാപികയെന്നതിനെക്കാൾ നാടെമ്പാടുമുള്ള കുട്ടികളുടെ കൂട്ടുകാരിയാവാൻ കഴിഞ്ഞ സന്തോഷത്തിലാണ് നിഷ ടീച്ചർ. ആ സന്തോഷത്തിനൊപ്പം അധ്യാപനരംഗത്ത് മൂന്നു വഴിവിളക്കുകൾ തെളിയിച്ച കുടുംബവും.

English Summary: Story of Kite victers channel teacher Nisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com