മക്കളുടെ വിവാഹത്തിനുപോലും ഊണ് കഴിക്കാത്ത വാരിയർ; ശതാഭിഷേക നിറവിൽ ‘കരിയർ ഗുരു’

bs-warrier-1248-19
ബി.എസ്. വാരിയർ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
SHARE

കേരളത്തിന്റെ ‘കരിയർ ഗുരു’ ബി.എസ്.വാരിയർക്ക് 23ന് ശതാഭിഷേകം. ഇപ്പോഴും ദിവസം 16 മണിക്കൂറിലേറെ അദ്ദേഹം ജോലിയിലും വായനയിലും മുഴുകുന്നു!

കുറെക്കാലം മുൻപു മുണ്ടക്കയത്തുനിന്നൊരു കോൾ. വാരിയർ ഫോണെടുത്തു.

‘സാറേ ഇതെന്നാ പണിയാ കാണിച്ചേ?’–വിളിച്ചയാൾ.

‘ആരാ, എന്താ പ്രശ്നം?’–വാരിയർ തിരക്കി.

‘ഇന്നത്തെ മനോരമയിൽ മ്യൂസിയോളജിയെക്കുറിച്ച് എഴുതിയിട്ടില്ലേ?’

‘ഉണ്ട്. അതിലെന്തെങ്കിലും പ്രശ്നമുണ്ടോ?’

‘പ്രശ്നമുണ്ടല്ലോ. ഞാനെന്റെ കൊച്ചിനെ ആരുമറിയാതെ ഈ കോഴ്സിനു ചേർക്കാനിരിക്കുകയായിരുന്നു. ഇതിപ്പം സാറ് മനോരമയിൽ എഴുതി നാട്ടുകാരെ മുഴുവൻ അറിയിച്ചില്ലേ?!!’ ബി.എസ്.വാരിയർ ചിരിയോടെ ഫോൺ വച്ചു.

ഉന്നതപഠനത്തിനു പുതിയ ദിശ നൽകി വാരിയർ പത്രങ്ങളിൽ എഴുതിത്തുടങ്ങിയ കാലം. മസ്കത്തിൽനിന്ന് ഒരു കത്തു വന്നു. എഎംഐഇ കോഴ്സ് കഴി‍ഞ്ഞ് ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ്. എഎംഐഇ കോഴ്സ് മസ്കത്തിൽ ബിടെക്കിനു തത്തുല്യമായി കണക്കാക്കാത്തതിനാൽ ഈ ചെറുപ്പക്കാരനു ജോലിയിൽ ഉയർച്ചയൊന്നും നേടാൻ കഴിയുന്നില്ല എന്നാണു കത്തിലെ ഉള്ളടക്കം.

വാരിയർ മറുപടി അയച്ചു. ആ ജോലി രാജിവച്ച് സൗദി അറേബ്യൻ വീസ എടുത്ത് അവിടെ ഏതെങ്കിലും ജോലി കണ്ടെത്തുക. കാരണം, സൗദിയിൽ എഎംഐഇ കോഴ്സിനു ബിടെക് തുല്യതയുണ്ട്. കുറെക്കാലം കഴിഞ്ഞ് വാരിയരുടെ വീട്ടിലേക്കൊരു കോൾ. ‘സാറിനു ഞാൻ എന്താണു കൊണ്ടുവരേണ്ടത്?’ എന്നാണു ചോദ്യം. മസ്കത്തിൽനിന്നു പണ്ടു കത്തെഴുതിയ ആ ചെറുപ്പക്കാരൻതന്നെ. സൗദിയിലേക്കു ജോലി മാറി അപ്പോഴേക്ക് അദ്ദേഹം പടിപടിയായി ഉയർച്ചയിലെത്തിയിരുന്നു.

നാട്ടിലേക്കു വരാൻ ജിദ്ദ വിമാനത്താവളത്തിൽ നിൽക്കുമ്പോഴാണു വാരിയർസാറിനെ വിളിച്ചത്. ‘ഒന്നും വേണ്ട, താങ്കൾ ഓർത്തു വിളിച്ചല്ലോ. സന്തോഷം’– മനസ്സുഖത്തോടെ വാരിയർ ഫോൺ വച്ചു. ‘വാരിയരുടെ വിളക്കത്ത്’ ജീവിതം തെളിച്ച നൂറുകണക്കിന് അനുഭവങ്ങളിൽ രണ്ടെണ്ണം മാത്രമാണിത്. എഴുതിയെഴുതി ഈ മാസം 23 ന് 84 വയസ്സ് തികയ്ക്കുമ്പോഴും ബി.ശ്രീധരവാരിയർ വിശ്രമിക്കുകയല്ല, തന്റെ പേരക്കുട്ടികളെക്കാൾ ചെറുപ്പമായവർക്കുവേണ്ടി അധ്വാനിച്ചുകൊണ്ടേയിരിക്കുകയാണ്.

സംസ്കൃതചിത്തൻ!

അമരസിംഹൻ, ശ്രീവിശാഖൻ എന്നീ ആഖ്യായികകൾ എഴുതിയ ചുനക്കര രാമവാരിയരുടെ മകന് എട്ടു വയസ്സായപ്പോഴേക്കു സിദ്ധരൂപവും അമരകോശവും മനപ്പാഠമായിരുന്നു. 'The Woman in White' എന്ന പുസ്തകത്തെ ആസ്പദമാക്കി ‘രാധ’ എന്ന രണ്ടു ഭാഗങ്ങൾ എഴുതിയ രാമവാരിയർ, ‘രാമാത്മചരിതം’ എന്ന ആത്മകഥ തയാറാക്കിയെങ്കിലും പ്രസിദ്ധീകരിക്കുംമുൻപ് ഓർമയായി.

അച്ഛൻ മരിക്കുമ്പോൾ ശ്രീധരന് എട്ടു വയസ്സ്. മൂന്നാം വയസ്സിൽത്തന്നെ അമ്മ പാറുക്കുട്ടിയമ്മയും ഓർമയായിരുന്നു. രണ്ട് അമ്മാവൻമാരുടെ തണലിലായി പിന്നെ ജീവിതം. മൂത്ത അമ്മാവൻ ബാലകൃഷ്ണവാരിയരുടെ പേരാണു ബി.എസ്.വാരിയരിലെ ‘ബി’. അച്ഛന്റെ മരണശേഷം മാന്നാർ നായർ സമാജം ഇംഗ്ലിഷ് സ്കൂളിൽനിന്ന് ആലപ്പുഴ സനാതനധർമ വിദ്യാശാലയിലേക്കു പഠനം മാറി. ആലപ്പുഴ എസ്ഡി കോളജിൽനിന്ന് 1954 ൽ ഇന്റർമീഡിയറ്റ് ജയിച്ച്, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് 1958 ൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടി.

1959 മുതൽ ’62 വരെ വൈദ്യുതി ബോർഡിൽ എൻജിനീയർ. ’62 ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചററായി ജോലിയിലെ വഴിമാറ്റം. രണ്ടു വർഷം സർവീസ് ബാക്കിനിൽക്കെ, 1991ൽ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായി സ്വയം വിരമിച്ചു. ഇതിനിടയിൽ 1981 മുതൽ ’85 വരെ അവധിയെടുത്ത് സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് യുഎസ് കമ്പനിയുടെ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറായും ജോലി ചെയ്തു.

എൻജിനീയറുടെ പേന

അച്ഛൻ ബാക്കിവച്ച അക്ഷരമായിരുന്നു ശ്രീധരന്റെ ഉള്ളിലെ ഊർജം. എട്ടാം വയസ്സിനകം ഹൃദിസ്ഥമാക്കിയ സംസ്കൃതപാഠങ്ങളുടെ അടിത്തറ അത്രയേറെ ശക്തമായിരുന്നു. വായനയെന്ന വാസന 75 വർഷത്തിലേറെയായി സഹചാരിയാണ്. പതിനൊന്നാം വയസ്സിൽ ഒരു ഇംഗ്ലിഷ് പത്രത്തിൽ എഴുതിയ കത്തായിരുന്നു ബി.എസ്.വാരിയരുടെ ആദ്യ ‘രചന’. ജോലിയിലിരിക്കെ, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ അറിവുകൾ പലപ്പോഴും കൊച്ചുകൊച്ചു ലേഖനങ്ങളായി തയാറാക്കിയിരുന്നു. ഉപരിപഠന കോഴ്സുകളിലെ പ്രവേശനത്തിന് ഉപദേശം തേടി പലരും ഓഫിസിൽ വന്നതായിരുന്നു അതിനുള്ള പ്രേരണ.

എൻജിനീയറിങ് പ്രവേശനത്തിന്റെ വിവരങ്ങളൊന്നും വെബ്സൈറ്റിൽ കിട്ടാത്ത കാലത്ത്, എൻജിനീയറിങ്ങിനു ചേരുംമുൻപു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായെഴുതി വാരിയർ പത്രം ഓഫിസിലേക്കയച്ചു. ലേഖനം സാങ്കേതികവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടേതായതിനാൽ, എഴുത്തിനു കൂടുതൽ ആധികാരികതയായി. ഒറ്റ ആഴ്ചയ്ക്കകം സംശയങ്ങളുമായി 350 കത്തുകൾ വാരിയരുടെ ഓഫിസിലെത്തി!

എന്നാൽപ്പിന്നെ തനിക്കറിയാവുന്ന പല മേഖലകളെക്കുറിച്ചും എഴുതിക്കൂടേ എന്നു വാരിയർ സ്വയം ചോദിച്ചു. പലരും ചോദിക്കുന്ന സംശയങ്ങളെ സ്വയം ചോദിച്ചുചോദിച്ച് എഴുത്തുവഴി വളർന്നു. പൈലറ്റും വ്യോമസേനാ ഓഫിസറുമൊക്കെ ആകാനുള്ള വഴികൾ എഴുതിയപ്പോൾ, വാരിയരോടു സഹപ്രവർത്തകർ ചോദിച്ചു: ‘സാറിന് ഇതൊക്കെ എഴുതാൻ എന്താണു യോഗ്യത?’ അന്ന് അവിടെവച്ചു നിർത്തിയിരുന്നെങ്കിൽ, ഇന്ന് അങ്ങനെ ചോദിക്കാൻ സാധിക്കാത്തത്ര ഉയരത്തിൽ വാരിയർ എത്തില്ലായിരുന്നു.

കംപ്യൂട്ടറിന്റെ കൈപിടിച്ച്

‘കംപ്യൂട്ടർ രംഗത്ത് കൈനിറയെ ജോലി’ എന്ന് 1991 ഓഗസ്റ്റ് 5നു മലയാള മനോരമയിൽ ബി.എസ്.വാരിയർ എഴുതുമ്പോൾ, കേരളത്തിൽ പലരും കംപ്യൂട്ടറിനെ സംശയത്തോടെ കണ്ടിരുന്ന കാലമായിരുന്നു. അതു മനോരമയിലെ വാരിയരുടെ ആദ്യ ലേഖനമായിരുന്നു. 30 വർഷത്തിനിടെ കാൽ ലക്ഷത്തിലേറെ അറിവെഴുത്തുകളിലൂടെ വാരിയർ കേരളത്തിന്റെ പ്രിയപ്പെട്ട ‘കരിയർ ഗുരു’വായി മാറിയതു ചരിത്രരേഖ.

ആദ്യകാലത്തു പ്രശസ്ത സ്ഥാപനങ്ങളെ അങ്ങോട്ടു ബന്ധപ്പെട്ട് വിവരങ്ങൾ മുൻകൂട്ടി സംഘടിപ്പിച്ച് എഴുതുന്നതായിരുന്നു രീതി. ഇന്റർനെറ്റിന്റെ വിപ്ലവകാലത്തിനു മുൻപ് ഇങ്ങനെ മുൻകൂട്ടി വാരിയർ കൈവശപ്പെടുത്തിയ വിവരങ്ങൾ ലക്ഷക്കണക്കിനു മലയാളികൾക്കു മുന്നിൽ തുറന്നത് പഠനത്തിന്റെ പുതുലോകം. പിൽക്കാലത്ത് മുൻനിര സ്ഥാപനങ്ങൾ വിവരങ്ങളുമായി വാരിയരെ തേടിയെത്തിത്തുടങ്ങി.

കാലവും സാങ്കേതികതയും മാറുമ്പോൾ മാറിനിൽക്കുന്ന ശീലം വാരിയർക്കില്ല. കയ്യെഴുത്ത് കംപ്യൂട്ടറെഴുത്തിനു വഴിമാറിയപ്പോൾ വാരിയർ കീബോർഡിലെ അക്ഷരങ്ങൾക്കൊപ്പം ചേർന്നു. ആദ്യമൊക്കെ ഇംഗ്ലിഷിലായിരുന്നെങ്കിൽ പിന്നീടു മലയാളത്തിലും അത് അനിവാര്യമായി. മലയാളം ടൈപ്പിങ് വശമില്ല. വാരിയർ നേരെ ചെന്ന് ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു മലയാളം ഡിടിപി പഠിച്ചു. അതു പഠിക്കാൻ ചേർന്ന ദിവസം അദ്ദേഹം മറക്കില്ല, അന്നായിരുന്നു ഇഎംഎസിന്റെ മരണം. പത്തു വയസ്സുകാരനായ സഹപാഠിയെ അന്നു ‘ഗുരു’വാക്കിയ വാരിയർ, 23 വർഷത്തോളമായി കംപ്യൂട്ടറിലല്ലാതെ കൈകൊണ്ട് ഒരു ലേഖനംപോലും എഴുതിയിട്ടില്ല.

ഊണില്ലാ വർഷങ്ങൾ

വായിച്ചുവായിച്ച് രാത്രി വൈകിയുറങ്ങുന്ന ശീലം പിൽക്കാലത്തു വാരിയരിലെ കരിയർ പ്രേമിക്കു പിൻബലമായി. പുതിയ പുതിയ വിവരങ്ങൾ അന്വേഷിച്ചന്വേഷിച്ചു പോകുമ്പോൾ ഉറക്കത്തെക്കാൾ വലിയൊരു ഉണർവ് അദ്ദേഹത്തിനു കിട്ടും. ഇപ്പോഴും രാത്രി ഒന്നരയ്ക്കാണു പതിവായി ഉറക്കം. പുലർച്ചെ 4.30 ന് എഴുന്നേറ്റ് പ്രധാന പത്രങ്ങളുടെ ഇന്റർനെറ്റ് എഡിഷൻ വായിച്ചശേഷം വീണ്ടും കുറച്ചു നേരം കിടക്കും.

രാവിലെ ആറിനെഴുന്നേറ്റാൽ പിന്നെ പകലുറക്കമില്ല, ഉച്ചയ്ക്ക് ഊണില്ല. ഉച്ചഭക്ഷണം വേണ്ടെന്നുവച്ചിട്ട് ഇതു നാൽപതാം വർഷം. 1981ൽ ജിദ്ദയിൽ ജോലിക്കു പോയപ്പോൾ, അവിടെ സസ്യേതര ഭക്ഷണം മാത്രമേ കിട്ടൂ എന്ന സാഹചര്യത്തിലായിരുന്നു ഈ ‘കടുത്ത’ തീരുമാനം. അതു പിന്നീടു ജീവിതശൈലിയായി. രണ്ടു മക്കളുടെയും വിവാഹത്തിനുപോലും വാരിയർ ഊണു കഴിച്ചിട്ടില്ല. 40 വർഷത്തിനിടെ ഒരോണത്തിനും സദ്യയുണ്ടിട്ടില്ല!

പകൽവിശ്രമം ഇല്ലായ്മയുടെയോ ഉച്ചയൂണില്ലായ്മയുടെയോ ക്ഷീണലേശമില്ലാതെ അദ്ദേഹം നടത്തിയത് ആയിരത്തിലേറെ കരിയർ പ്രഭാഷണങ്ങളാണ്. ഗൾഫ് രാജ്യങ്ങളിൽ മുഴുവനും പ്രഭാഷണങ്ങളുമായി ചെന്നു. ടിവി ചാനലുകളിൽ നൂറുകണക്കിനു പ്രഭാഷണങ്ങൾ നടത്തി. 40 വർഷമായി റേഡിയോയിൽ ഇംഗ്ലിഷിലും മലയാളത്തിലും പ്രഭാഷകനാണ്. ആയിരത്തിലേറെ ശുഭചിന്താ ലേഖനങ്ങളുടെ രചയിതാവാണ്. എൻജിനീയറിങ്ങും ബാങ്കിങ്ങും മുതൽ ശാസ്ത്രവും ഹാസ്യവും പുരാണവും വരെയുള്ള നൂറുകണക്കിനു ലേഖനങ്ങളുടെ കർത്താവാണ്. കോവിഡ് വരവിനു കുറച്ചു മുൻപുവരെ നൂറുകണക്കിനു കിലോമീറ്റർ കാറോടിച്ചിരുന്നു. ഇപ്പോഴും ചെറിയ ദൂര ഡ്രൈവിങ് മുടക്കാറുമില്ല.

അക്ഷരവിശ്വാസം

അക്ഷരം കയ്യിലുള്ളവന്റെ ആത്മവിശ്വാസമാണു ബി.എസ്.വാരിയരെ വേറിട്ടു നിർത്തുന്നത്. വാരിയരുടെ എഴുത്തുകരിയർ പിന്തുടർന്നു പിന്നോട്ടുപോയാൽ ഈ വിശ്വാസത്തിന്റെ വിശാലമായ ലോകത്തെത്തും. കോട്ടയത്തു ജോലി ചെയ്യുന്ന കാലത്തു സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു, വാരിയർ. ഇംഗ്ലിഷിലും മലയാളത്തിലും മികച്ച സ്പോർട്സ് കമന്റേറ്ററും അനൗൺസറുമെന്ന ബഹുമതി അന്നു കൂടെക്കൂടി. പിൽക്കാലത്ത് തിരുവനന്തപുരത്തുനിന്ന് ആകാശവാണിക്കുവേണ്ടി കേരളത്തിലെ ആദ്യ ബാസ്കറ്റ് ബോൾ റണ്ണിങ് കമന്ററി പറയുമ്പോൾ ഒപ്പമുണ്ടായിരുന്നു, ആകാശവാണിയുടെ സൂപ്പർ കമന്റേറ്റർ നാഗവള്ളി ആർ.എസ്.കുറുപ്പ്.

കായികക്കമ്പമാണു‌ വാരിയരെ ആദ്യമായി ഒരു പുസ്തകമെഴുതിച്ചത്. ‘അത്‌ലറ്റിക്സ് നിയമങ്ങൾ’ എന്നായിരുന്നു 1967 ൽ പുറത്തുവന്ന ആദ്യ പുസ്തകത്തിന്റെ പേര്. സ്വപ്നജോലി നേടിയെടുക്കാനും വിദേശത്തു പഠിക്കാനും സിവിൽ സർവീസ് നേടാനും വിജയത്തിന്റെ ഉൾക്കാഴ്ച നേടാനും പഠിച്ചു മിടുക്കരാകാനും വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറാനും ഉൾക്കരുത്തിന്റെ പാഠങ്ങൾ സ്വായത്തമാക്കാനും വിജയരഹസ്യങ്ങളുടെ ചുരുളഴിക്കാനും ഏതു കോഴ്സിനു ചേർന്ന് എന്തു പഠിച്ച് എന്തെന്തു ജോലികൾ നേടാമെന്ന് അറിയാനുമൊക്കെ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളത്തിലും ഇംഗ്ലിഷിലുമായി വാരിയർ നമുക്കു തന്നത് മുപ്പതോളം പുസ്തകങ്ങളാണ്. ലോക്‌ഡൗൺ കാല വിരസതകളെല്ലാം മനസ്സിൽനിന്നു മാറ്റിവച്ച് ഏറ്റവും ഒടുവിൽ ‘മനോരമ ബുക്സി’ലൂടെ പുറത്തുവന്ന ‘ഏതു കോഴ്സിനു ചേരണം?’ എന്ന പുസ്തകം, ആ ശാഖയിലെ ഏറ്റവും ബൃഹത്തായ ശേഖരങ്ങളിലൊന്നായി.

സ്നേഹാഭിഷേകം മാത്രം

കരിയറുകളുടെ കാരിയറായ വാരിയർ പക്ഷേ, അതിനപ്പുറമുള്ള വായന നിർബന്ധമായി പുലർത്തുന്ന നിഷ്ഠയാണ്. നിത്യവും ‘വാല്മീകിരാമായണ’ത്തിന്റെ ‌ഈരടികൾ കുറച്ചെങ്കിലും വായിക്കാതെ ഉറങ്ങാറില്ല. ഒന്നിലേറെ ഗ്രന്ഥശാലകളിലെ അംഗത്വം എല്ലാക്കാലത്തും വാരിയർ നിലനിർത്തി. തിരുവനന്തപുരത്തു താമസിക്കുന്ന കാലത്തും പിന്നീടു കൊച്ചിയിലേക്കു ജീവിതം മാറിയപ്പോഴും വാരിയരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു, തിരുവനന്തപുരത്തെ ബ്രിട്ടിഷ് ലൈബ്രറി. അത് അടച്ചുപൂട്ടാനുള്ള തീരുമാനം വാരിയരെ ഉലച്ചുകളഞ്ഞെങ്കിലും, ബ്രിട്ടിഷ് ലൈബ്രറി പൂട്ടിയതിന്റെ തൊട്ടടുത്ത ദിവസം ചെന്നൈയിലെ യുഎസ് ലൈബ്രറിയിൽ അംഗത്വമെടുത്താണ് അദ്ദേഹം ആ ക്ഷീണം തീർത്തത്. ഇപ്പോഴും 3 ലൈബ്രറിയിൽ അംഗമാണ്.

ശതാഭിഷേകദിവസവും വാരിയർക്കു പതിവുദിവസംതന്നെ. ഭാര്യ മാധുരിയും (റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥ) മക്കൾ എസ്.ആർ.വാരിയരും (ജനറൽ ഇൻഷുറൻസ് കൺസൽറ്റന്റ്, ബെംഗളൂരു) എസ്.എസ്.വാരിയരും (ട്രാവൽ പ്രഫഷനൽ, തിരുവനന്തപുരം) മരുമക്കളും പേരക്കുട്ടികളുമൊക്കെ നൽകുന്ന സ്നേഹാഭിഷേകത്തിലപ്പുറം മറ്റൊരു ആഘോഷം അദ്ദേഹത്തിനില്ല. കരിയർ ഒരു സർവകലാശാലയാണെങ്കിൽ വാരിയർ അതിന്റെ വൈസ് ചാൻസലറാണ്. പക്ഷേ, ശതാഭിഷേക നിലാവ് ആശീർവദിക്കുമ്പോഴും ഈ വൈസ് ചാൻസലർ ‘സർവീസ്’ തുടരുന്നത് അദ്ദേഹത്തിനുവേണ്ടിയല്ല, അനന്തര തലമുറകൾക്കുവേണ്ടിയാണ്.

English Summary: Career Guru BS Warrier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA