‘ചെറുപ്പത്തില് വികൃതിയായിരുന്നു, മരംകേറി പെണ്ണ്’; മാസ് ലെവൽ ചിത്രകാരി അൻപു

anpu-varkey-1248-1
അൻപു വർക്കി തിരുവനന്തപുരം പാളയം അടിപ്പാതയിലെ ചുവർ ചിത്രരചനയിൽ. ചിത്രം: ആർ.എസ്. ഗോപൻ ∙ മനോരമ
SHARE

ചട്ടേം മുണ്ടും, കവണീം, മേയ്ക്കാമോതിരവും ചട്ടത്തുമ്പത്ത് സ്വർണബ്രോച്ചുമൊക്ക അണിഞ്ഞ് സ്റ്റൈലായി നടക്കുന്ന വല്യമ്മച്ചിമാർ ഭരണങ്ങാനത്തെ കുളത്തിനാൽ കുടുംബത്തിൽ ഇപ്പോഴുമുണ്ട്. അവരോടു തങ്ങളുടെ പിൻമുറക്കാരിയായ പെൺതരി അൻപുവിനെപ്പറ്റി ചോദിച്ചാൽ വാൽസല്യവും ഇഷ്ടവുമൊക്കെ കലർന്ന ഒരു ചിരിയോടെ പറയും: ‘അയ്യോ നമ്മുടെ ഏലിക്കുട്ടീടേ കൊച്ചുമോളല്ലേ? ബെംഗളൂരുവിലുള്ള അമ്മിണിയുടെ മോള്! മിടുക്കിയാ അവള്. ചെറുപ്പത്തില് എന്നാ വികൃതിയായിരുന്നു. ഒരു മരംകേറിപ്പെണ്ണ്. കുസൃതിയും കുരുത്തക്കേടുമൊക്കെ ചില്ലറയായിരുന്നോ? എന്നാലെന്നാ, മിടുക്കിയായില്ലേ, വലിയ ചിത്രകാരിയൊക്കെ ആയില്ലേ...!’

അൻപുവിന് അഞ്ചുവയസ്സുള്ള കാലത്തെ കാര്യമാണ് വല്യമ്മച്ചിമാര് പറയുന്നത്. അൻപു അത് ഒത്തിരിവട്ടം കേട്ടിട്ടുണ്ട്. ‘ശരിക്കും അവരു പറയുന്നതാ സത്യം. ഞാനൊരു മരംകേറിക്കൊച്ച് ആയിരുന്നു. തറവാട്ടുമുറ്റത്ത് ചെറിയൊരു മൂവാണ്ടൻ മാവുണ്ടായിരുന്നു. അതിന്മേലും അടുത്തുള്ള പേരയിലുമൊക്കെ അള്ളിപ്പിടിച്ചു കയറുമായിരുന്നു. ഒരു മുളയേണി ഉണ്ടായിരുന്നു. അതു ചാരിവച്ച് പ്ലാവിൽ കേറി ചക്കയിടണമെന്നായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്നം. ഇന്ന് ഓർക്കുമ്പോൾ അതൊരു വല്ലാത്ത മോഹംതന്നെ! എങ്ങനെ നടക്കാനാണ്? എങ്കിലും ഒരു കൈ നോക്കുമായിരുന്നു. വലിഞ്ഞുകേറും. നീറും ഉറുമ്പുമൊക്കെ കടിക്കുമ്പോൾ താഴെയിറങ്ങും. എന്നാലും പിന്തിരിയുകേല. ‘ചക്കയിടെടീ’ എന്നുപറഞ്ഞ് ചേട്ടൻ അനൂപ് താഴെനിന്നു പ്രോത്സാഹിപ്പിക്കും. അഞ്ചു വയസ്സാണെന്നോർക്കണം. ചേട്ടൻ തരുന്ന ധൈര്യത്തിൽ പിന്നേം തത്രപ്പെട്ടു കേറും. ചക്ക പിന്നെയും ഒത്തിരി മുകളിലാണ്. കേറിയിടത്തുനിന്ന് ഒരു പ്ലാവിലയെങ്കിലും അടർത്തി താഴെയിട്ടാലേ സമാധാനമാകുമായിരുന്നുള്ളൂ.’

വളർന്നു വലുതായിട്ടും ‘മരംകയറ്റം’ ഉപേക്ഷിച്ചില്ല എന്നതാണ് അൻപുവിന്റെ ജീവിതകഥയുടെ ഹൈലൈറ്റ്. ഇപ്പോഴും ‘മുകളിൽ’ തന്നെയാണ് ജീവിതം. മരമല്ലെന്നു മാത്രം. സ്കൈ ലിഫ്റ്റുകളിലും കൂറ്റൻ ക്രെയിനുകളുടെ തുഞ്ചത്തുമാണ് നിൽപ്. ഭീമാകാരൻ കെട്ടിടങ്ങളിലും ആകാശം മുട്ടുന്ന മതിലുകളിലും കൂറ്റൻ ചിത്രങ്ങൾ വരയ്ക്കുന്ന ഇന്ത്യയിലെ വിലയേറിയ ചിത്രകാരിയായി അന്നത്തെ ആ അഞ്ചു വയസ്സുകാരി മാറിയിരിക്കുന്നു.

‘എന്റെ ഓർമകളെല്ലാം വിഷ്വൽ ആയിട്ടാണ് മനസ്സിൽ സൂക്ഷിച്ചിരിക്കുന്നത്. എല്ലാവരും അങ്ങനെയായിരിക്കും അല്ലേ? ഭരണങ്ങാനത്തെ കുട്ടിക്കാലമാണ് ജീവിതത്തിലെ രസമുള്ള കാലങ്ങളിലൊന്ന്. എന്നെ രൂപപ്പെടുത്തിയത് ആ ഗ്രാമമാണ്. പക്ഷേ, അത് എപ്രകാരമായിരുന്നു എന്നു ചോദിച്ചാൽ എനിക്കു പറയാൻ അറിയാന്മേല. പക്ഷേ, വരച്ചു കാണിക്കാൻ പറ്റും. അന്നു ഞാൻ വരയ്ക്കുന്ന ആളല്ല. നീ എന്നാണു വര തുടങ്ങിയതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഉള്ളിൽ കിടന്നത് എപ്പോഴോ പുറത്തു വരികയായിരുന്നു. വരയ്ക്കുന്ന ആരുംതന്നെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. വല്യമ്മച്ചി ഇച്ചിരി കവിതയൊക്കെ എഴുതുമായിരുന്നു. ഹോബിയായിട്ട്. ഞാൻ മലയാളം പഠിക്കണമെന്ന് വല്യമ്മച്ചിക്കു നിർബന്ധമായിരുന്നു. അച്ഛനും അമ്മയും കണക്കിന്റെ ലോകത്തു ജീവിച്ചവരാണ്. ഭരണങ്ങാനത്ത് വല്യപ്പച്ചനും വല്യമ്മച്ചിക്കും പ്ലാന്റേഷൻ ഉണ്ടായിരുന്നു. നല്ല മിടുക്കൻ കർഷകനായിരുന്നു. റബറാണ്. പ്ലാന്റേഷനു പുറമെ വിശാലമായ തൊടിയുള്ള സുന്ദരമായ ഒരു വീടും. വല്യപ്പച്ചനും വല്യമ്മച്ചിയുമാണ് എന്നെ വളർത്തിയത്. ഒരു പള്ളിയുടെ അടുത്തായിരുന്നു വീട്. പള്ളിയിലും പ്ലാന്റേഷനുമായിട്ടാണ് വല്യപ്പച്ചന്റെ ജീവിതം.’

അമ്മയുടെ മാതാപിതാക്കളായിരുന്ന കെ.കെ. ജോസഫിനും ഭാര്യ ഏലിക്കുട്ടിക്കുമൊപ്പമായിരുന്നു അൻപുവിന്റെ കുട്ടിക്കാലം. പിതാവ് കെ.വി. വർക്കി ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു. അമ്മ അമ്മിണി ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ഫിനാ‍ൻസ് ഓഫിസറും. അഞ്ചു വയസ്സു പൂർത്തിയായപ്പോൾ അവർ മകളെ ബെംഗളൂരുവിലേക്കു കൂട്ടി. പിന്നെ വേനലവധിക്കാലത്തു മാത്രമാണ് അൻപു ഭരണങ്ങാനത്തേക്കു വന്നിട്ടുള്ളത്. പഠനവും വരയുമായി തിരക്കായതോടെ വരവുകൾ കുറഞ്ഞതായി അൻപു പറയുന്നു. 20 വർഷം മുൻപ് ആ വീടു വിറ്റു.

‘എന്റെ ഓർമകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരിടമായിരുന്നു അത്. അതു വിറ്റപ്പോഴാണ് അതിന്റെ വിലയെന്തെന്നു ബോധ്യപ്പെട്ടത്. പിന്നീടു കേരളത്തിലേക്കു വരുന്നത് അപൂർവമായി. ബെംഗളൂരുവിലിരുന്ന് ഭരണങ്ങാനത്തെ എന്റെ ജീവിതം ഞാൻ സ്കെച്ചുകളാക്കി. ‘സമ്മേഴ്സ് ചിൽഡ്രൻ’ എന്നപേരിൽ അതു പുസ്തകമായി പ്രസിദ്ധീകരിച്ചു. അതിൽ ഒരുവരി പോലും എഴുതിയിട്ടില്ല. മുഴുവൻ ചിത്രങ്ങളാണ്. ഏതെങ്കിലുമൊരു കാഴ്ചയെ വിഭിന്നമായി കാണാൻ പഠിപ്പിച്ചത് ആ വീടും ചുറ്റുപാടുകളുമാണ്. ഉയരത്തിലിരുന്നു നോക്കുമ്പോൾ താഴെക്കാണുന്ന പരിസരം വേറെയാണ്. കൺമുമ്പിൽ നേരെകണ്ടതെല്ലാം മുകളിൽനിന്നു നോക്കുമ്പോൾ വിശാലമായൊരു സ്പെയ്സിലാണ്. സ്പെയ്സ് എന്നു ഞാൻ പറയുന്നതു പ്രധാനമായും വലുപ്പമാണ്.

anpu-varkey-1248-3

മുറ്റത്തു പനമ്പിൽ ഉണക്കാനിട്ട നെല്ല് കോഴി ചിക്കിത്തിന്നുന്നതും പ്ലാവിനു കീഴെ അടർന്നു കിടക്കുന്ന ചക്കപ്പഴവും വേലിപ്പടർപ്പിലെ ശുക്രമണിച്ചെടിയും വൈകുന്നേരത്തു കൂട്ടിൽ കേറ്റാനായി കോഴിയുടെ പുറകെ ഓടുന്നതും തോട്ടിൽ തോർത്തുമുണ്ട് വിരിച്ചു പിടിക്കുന്ന ‌‌‌‌പരൽമീൻ കാഴ്ചയുമൊക്കെ എനിക്കു വേറെ തലത്തിൽനിന്നുള്ള കാഴ്ചകളായിരുന്നു. അതു കാണാനാണ് അബോധപൂർവമായെങ്കിലും ഞാനെപ്പോഴും മുകളിൽ കയറി എത്തിനോക്കിയിരുന്നതെന്നു തോന്നുന്നു.
ബെംഗളൂരുവിലെ വാലി സ്കൂളിൽ 12–ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് അൻപു കലാപഠനത്തിലേക്കു തിരിഞ്ഞത്. ബറോഡയിലെ സയ്യാജിറാവു കോളജിൽനിന്നു ബിഎഫ്എ. തുടർന്ന് ലണ്ടൻ സെന്റ് മേരീസ് ബയാം ഷോ സ്കൂളിൽനിന്നു ഫൈനാർട്സിൽ ഡിപ്ലോമ. ലണ്ടൻ ഫിലിം അക്കാദമിയിൽനിന്നു ഫിലിം മേക്കിങ് ബിരുദം. തുടർന്ന് ജർമനിയിലേക്കു പോയി. അവിടെവച്ചാണ് ഗ്രഫിറ്റിയിലും വോൾ പെയിന്റിങ്ങിലും ശ്രദ്ധ പതിയുന്നത്.

മാസ് ലെവലിലാണ് അൻപുവിന്റെ വര. സ്പെയ്സ് (ഇടം) തന്നെ കാൻവാസ്. സാധാരണ ചിത്രകാരന്മാരെപ്പോലെ ബ്രഷ് ഉപയോഗിക്കാറില്ല. വീടിനു പെയിന്റടിക്കുന്നവർ ഉപയോഗിക്കുന്ന റോളറുകൾ ഉപയോഗിച്ചാണ് അൻപു വരയ്ക്കുന്നത്. അതുപയോഗിച്ച് മില്ലീമീറ്റർ കനമുള്ള ചെറിയ വരകൾ ഇടാൻപോലും മിടുക്കി. സഹായികളില്ലാതെ ഒറ്റയ്ക്കാണ് രചന.

എങ്ങനെയാണ് വലിയ ചിത്രങ്ങളുടെ ലോകത്തേക്കു കടന്നു ചെന്നത് ?

‘ഞാനതു തേടിപ്പിടിച്ചതൊന്നുമല്ല. സാന്ദർഭികമായി വന്നുചേർന്നതാണ്. വലുപ്പത്തിൽ പെയിന്റ് ചെയ്യാൻ ജർമനിയിൽവച്ച് അവസരം കിട്ടി. അവിടെ ഒട്ടേറെ ഗ്രഫിറ്റി പെയിന്റേഴ്സ് ഉണ്ട്. പഠിക്കുന്ന സമയത്ത് ഇത്തരം വർക്കുകൾ കണ്ടിട്ടില്ല. പക്ഷേ, ജർമനിയിൽ അതു കാണാനും പഠിക്കാനും പറ്റി. കാറിൽ സഞ്ചരിക്കുമ്പോൾ മതിലുകളിലും വലിയ കെട്ടിടങ്ങളിലുമൊക്ക കൂറ്റൻ ചിത്രങ്ങൾ കണ്ടു. അതിൽ കണ്ണും മനസ്സും ഉടക്കി. ആ ആശയം എങ്ങനെ രൂപപ്പെട്ടു, അതു വരയ്ക്കാൻ എത്ര സമയമെടുത്തു, എത്ര നിറങ്ങൾ ചാലിച്ചു, എത്ര പെയിന്റ് വേണ്ടിവന്നു എന്നൊക്കെ ചിന്തിച്ചു. അങ്ങനെയാണ് ആ പുതിയ ലോകത്ത് ഞാനെത്തുന്നത്. തിരിച്ച് ഡൽഹിയിൽ വന്ന് ഏഴുവർഷം പരീക്ഷണ ചിത്രങ്ങൾ ചെയ്തു. ‌‍2012ൽ ‍ഡൽഹിയിൽ ആദ്യത്തെ പ്രഫഷനൽ വർക്കു ചെയ്തു. 25 അടി ഉയരമുള്ള ചിത്രമായിരുന്നു.
ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള വലിയൊരു മതിലായിരുന്നു അത്. ഉടമയുടെ അടുത്തുചെന്ന് വരയ്ക്കാൻ നൽകുമോ എന്നു ചോദിച്ചു. മതിലിൽ ചിത്രമോ എന്നയാൾ ആശ്ചര്യപ്പെട്ടു.

ഗോവണിയിൽ ഇരുപത്തഞ്ചടി ഉയരത്തിൽ കയറിനിന്ന് വരച്ചു. നല്ല വെയിലും ചൂടുമൊക്കെ അടിച്ചു. ഇവിടെ അത്തരത്തിലുള്ള വർക്ക് ആദ്യമായി ചെയ്യുകയാണ്. സന്തോഷം വളരെ വലുതായിരുന്നു. താമസിയാതെ ഡൽഹി പൊലീസ് ആസ്ഥാനത്ത് 158 അടി ഉയരമുള്ള ഗാന്ധിചിത്രം വരച്ചു. കേരളത്തിൽ അൻപു ആദ്യമായി വരയ്ക്കുന്നത് 2012ൽ കൊച്ചി മുസിരിസ് ബിനാലെയിലാണ്. ഈ വർഷം ആലപ്പുഴയിൽ ‘ലോകമേ തറവാടി’ലും ഇപ്പോൾ തിരുവനന്തപുരത്തു ആർട്ടീരിയ പ്രോജക്ടിലും ചിത്രങ്ങൾ പൂർത്തിയാക്കി. ചുറ്റുപാടുകളോടു സംവദിച്ചുകൊണ്ടാണ് അൻപു വർക്കി വരയ്ക്കുന്നത്.

സൈറ്റിൽ ചെന്നാൽ ഒരു പെൺകുട്ടി ക്രെയിനിൽ കയറിനിന്നു ഗൗരവത്തോടെ പണിയെടുക്കുന്നതു കാണാം. ഇടയ്ക്ക് ഒറ്റയ്ക്കു സംസാരിക്കുന്നതായും തോന്നും.
വൻമരങ്ങളിൽ കയറിനിന്നു വരയ്ക്കുന്നത് അൻപുവിനു ത്രില്ലാണ്. ഉയരത്തിൽനിന്നുള്ള ഈ വര ആദ്യകാഴ്ചയിൽ ശ്രമകരമാണെന്നു തോന്നാം. എന്നാൽ അൻപുവിന് ഇത് ഉപാസനയാണ്. ചുറ്റുപാടും നടക്കുന്നത് അറിഞ്ഞുതന്നെയാണു ജോലി പൂർത്തിയാക്കുന്നത്. ഇടയ്ക്കു താഴെയിറങ്ങി പല ദിക്കുകളിൽനിന്നു ചിത്രത്തിന്റെ പൂർണത വിലയിരുത്തും.

anpu-varkey-1248-2

വര കാണാൻ എത്തുന്നവരോടു നിരന്തരം സംസാരിക്കുന്നതും പ്രത്യേകതയാണ്. അതു ചിത്രത്തെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സഹായിക്കും എന്നതാണ് അനുഭവം. പുതിയ തലമുറയിലെ ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ വന്നുവെന്നിരിക്കട്ടെ, അവരോടു താൻ കടന്നുവന്ന വഴികളെപ്പറ്റിയാകും അൻപു സംസാരിക്കുന്നത്. മുതിർന്ന തലമുറയിൽപ്പെട്ട ഒരാളാണെങ്കിൽ അവരോടു രാഷ്ട്രീയമോ ജീവിതത്തിൽ തരണംചെയ്ത വെല്ലുവിളികളോ ഒക്കെയാകും മിണ്ടുക.
ചെറിയ കുട്ടികളും വരാറുണ്ട്. അവരോടുംകൊച്ചുകൊച്ചു കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും.

‘ആർട്ടിസ്റ്റ് ഒരു സോഷ്യൽ പെർഫോമർ ആണ്. ആ റോൾ എന്റെ ജോലിയിൽ ഏറെക്കാലം മുന്നേറിയപ്പോഴാണ് എനിക്കു പിടികിട്ടിയത്’ തുടക്കത്തിൽ വലിയ ചിത്രങ്ങൾ വരച്ച് അംഗീകാരം നേടുക ഇന്ത്യയിൽ എളുപ്പമായിരുന്നില്ല. കൂറ്റൻ ഗ്രഫിറ്റികൾ ഇന്ത്യൻ ചിത്രകലയുടെ ഭാഗമായിരുന്നില്ല. ഇത്തരം ചിത്രങ്ങൾ കണ്ടുള്ള പരിചയമോ, സംസ്കാരമോ ആസ്വാദകർക്കുമില്ല. കൊച്ചിയിൽ ബിനാലെ വന്നപ്പോൾ അൻപു അതിന്റെ മുഖ്യസംഘാടകരായ ബോസ് കൃഷ്ണമാചാരിയോടും റിയാസ് കോമുവിനോടും ഗ്രഫിറ്റിയെപ്പറ്റി സംസാരിച്ചു. പണമോ, പ്രശസ്തിയോ അല്ലായിരുന്നു ലക്ഷ്യം. ജോലി ചെയ്യണമെന്ന അദമ്യമായ ആഗ്രഹം മാത്രമായിരുന്നു പിന്നിലുണ്ടായിരുന്നത്. ആ ബിനാലെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് അൻപുവിന്റെ ഗ്രഫിറ്റി വർക്കുകളായിരുന്നു.

‘എന്റെ പശ്ചാത്തലം ഓയിൽ പെയിന്റിങ് ആണ്. പക്ഷേ, ഈ മീഡിയം വ്യത്യസ്തമാണ്. മതിലിലോ, കെട്ടിടത്തിലോ വരയ്ക്കുമ്പോൾ ഓരോ തവണയും സ്റ്റൈലും ടെക്നിക്കുകളും മാറ്റിക്കൊണ്ടിരിക്കണം. ഓർക്കണം, ഗാലറിയിലല്ല തെരുവിലാണ് വരയ്ക്കുന്നത്. ഇതൊരു ‘സ്ട്രീറ്റ്’ അല്ലെങ്കിൽ ‘പബ്ലിക് ആർട്ട്’ ആണ്. ആർട്ടിസ്റ്റ് എന്ന നിലയിൽ സ്ട്രീറ്റ് ആർട്ട് ചെയ്യുന്നതിന് ഏറെ സ്വാതന്ത്ര്യമുണ്ട്. അതു മനസ്സിലായപ്പോൾ ഞാൻ ജോലി കൂടുതൽ ആസ്വദിക്കാൻ തുടങ്ങി. അങ്ങനെ ലാർജ് സ്കെയിൽ ചിത്രങ്ങളിലേക്കു മാറി. മുറിയിലിരുന്നു വരയ്ക്കുന്നതു പോലെയല്ല സ്ട്രീറ്റ് ആർട്ട്. നല്ല ബുദ്ധിമുട്ടുണ്ട്. ദിവസങ്ങളോളം വെയിലത്തും ചൂടത്തും നിന്നു പണിയെടുക്കണം. നല്ല സ്റ്റാമിന വേണം. നല്ല വിശ്രമം വേണം. സൈറ്റിൽ പോയി മണിക്കൂറുകളോളം ഹോംവർക്കു ചെയ്യണം. പക്ഷേ, അതെല്ലാം സന്തോഷമാണ്. ഒരുദിവസത്തെ കാഴ്ചയിലോ, തീരുമാനത്തിലോ ഒന്നുമല്ല ഒരു ചിത്രം പൂർത്തിയാകുന്നത്. ആത്മവിശ്വാസവും താൽപര്യവും വർഷങ്ങളായി എന്നിലുണ്ടാക്കിയ ഒരു കുതിപ്പുണ്ട്.

anpu-varkey-1248-4

ഇതുപോലെയൊരു സ്ട്രീറ്റ് ആർട്ടിസ്റ്റ് ആയിത്തീരുമോയെന്ന് നിങ്ങൾ എന്നോടു 10 വർഷം മുൻപു ചോദിച്ചിരുന്നെങ്കിൽ എനിക്കു മറുപടി ഉണ്ടാകുമായിരുന്നില്ല. ഈയൊരു സങ്കൽപംപോലും മനസ്സിലില്ലായിരുന്നു’. ഇന്ത്യയിലെ വൻ നഗരങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സ്മാർട്ട് സിറ്റി പ്രോജക്ടുകളിലും അൻപുവിന്റെ ചിത്രങ്ങൾ കാണാം.

? കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വലിയ മതിലുകൾ ഒരുക്കുമ്പോഴൊക്കെ ഇത്തരം ആർട്ട് വർക്കുകൾ മുൻകൂട്ടി പ്ലാൻ ചെയ്യാവുന്നതല്ലേ?

വിദേശത്ത് ഒരു കെട്ടിടം പ്ലാൻ ചെയ്യുമ്പോൾ അതിനു മുന്നിലുള്ള കലാസൃഷ്ടിയെ കൂടി പരിഗണിച്ചാണ് നിർമിതി. ഇവിടെ ഞാൻ കുറേ ബിൽഡേഴ്സുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിക്കുക അത്ര എളുപ്പമല്ല എന്നാണനുഭവം. പക്ഷേ, എനിക്കു കൂടുതലിഷ്ടം ഈ അഴുക്കുപിടിച്ച മതിലുകളിൽ വർക്കു ചെയ്യുന്നതാണ്! ഇന്ത്യയിലെ എണ്ണംപറഞ്ഞ ചിത്രകാരിയെക്കൊണ്ട് തന്റെ ചെറിയ ചായപ്പീടികയുടെ ഭിത്തിയിൽ ചിത്രം വരപ്പിച്ച ഒരു ചായപ്പീടികക്കാരനുണ്ട് ആലപ്പുഴയിൽ. ‘ലോകമേ തറവാടിനു’ വേണ്ടി വരയ്ക്കുമ്പോൾ അൻപു എന്നും പോയിരിക്കുമായിരുന്ന ചെറിയൊരു ചായപ്പീടികയാണത്.

‘ഒരു പാവം ചേട്ടനാണ്. കടയ്ക്കു മുന്നിൽ ഒരു ഓട്ടോസ്റ്റാൻഡ് ഉണ്ട്. ഡ്രൈവേഴ്സെല്ലാം അതിനകത്തിരുന്നു പത്രം വായിക്കും. ലോട്ടറി നോക്കും. തമാശകൾ പറഞ്ഞിരിക്കും. ഞാൻ അവരുമായി സംസാരിച്ചിരിക്കും. ഒപ്പം കുറേ ചായയും കുടിക്കും. പണി ചെയ്തു കഴിഞ്ഞാൽ അവിടെ പോയിരിക്കുന്നതു പതിവായി. ഒരുദിവസം ചായ നിറച്ച ഒരു ഗ്ലാസ് മുന്നിൽ കൊണ്ടുവന്ന് ഭിത്തിയിൽ അതു വരയ്ക്കാമോ എന്നു ചോദിച്ചു. വളരെ നിഷ്കളങ്കമായ ചോദ്യം. എനിക്കതു രസമായി തോന്നി. ‘ഫങ്ഷനൽ ആർട്’ ചെയ്യാനും താൽപര്യമാണ്.

ഞാൻ വരച്ചു. ചുറ്റും ആളുവന്നു കൂടി. ആദ്യമായി എന്റെ കൈ വിറച്ചു. അവർ അത്ര ഇഷ്ടമായിട്ട് അടത്തുവന്നു നോക്കിനിൽക്കുകയാണ്. അവരുടെ ഉള്ള് എനിക്കു പിടികിട്ടിയിട്ടുണ്ട്. ഇതു കൊള്ളാമല്ലോ, ഈ കമ്യൂണിക്കേഷൻ എത്ര കൃത്യമാണ് എന്നു ബോധ്യപ്പെട്ടു. ‘ജോലി ചെയ്യുന്ന ഇടത്തിൽ ഞാൻ ആളുകളുമായി ഏറെ സംസാരിക്കും. നമുക്ക് അറിയില്ലാത്ത കാര്യങ്ങൾ അവർ വന്നു പറയും. പൊളിറ്റിക്സ്, ഗോസിപ്പ്, ലൈഫ് എന്തും എനിക്കു സ്വീകാര്യമാണ്. ഐ ലവ് ദാറ്റ്. ഞാൻ ഒരു ആർട്ടിസ്റ്റ് മാത്രമല്ല. ഒരു പെണ്ണ് സ്ട്രീറ്റിൽനിന്നു വരയ്ക്കുമ്പോൾ ആളുകൾ വന്ന് അവരുടെ ജീവിതത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചൊക്ക പറയുകയാണ്. ‘ഒരിക്കൽ ഞാൻ വരച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ വന്ന് ഞാൻ ആണാണോ പെണ്ണാണോ എന്നു സംശയിച്ചു. തെരുവിൽ വെയിലത്തുനിന്ന് ചിത്രം വരയ്ക്കുന്ന ഒരു പെണ്ണിനെ മുൻപു കണ്ടിട്ടുണ്ടാവില്ല.

ആർട്ടുമായി ബന്ധമില്ലെന്നു കരുതുന്ന ആളുകൾപോലും അടുത്തെത്തി വളരെ സ്വതന്ത്രമായി സ്വയം സംസാരിക്കുകയാണ്. ഇത് ആർട്ടിന്റെ ഒരു അനുഗ്രഹമാണ്. തെരുവിൽ നിൽക്കുന്നതുകൊണ്ടാണ് എനിക്ക് അത്തരത്തിലൊരു ‘പ്രിവിലേജ്ഡ് പൊസിഷനി’ൽ എത്തിച്ചേരാൻ കഴിയുന്നത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ ഞാൻ സ്ട്രീറ്റിൽനിന്നു പണിയെടുക്കുന്നുണ്ട്. അതിന്റെ റെസ്പെക്ടും സ്ട്രീറ്റിൽനിന്ന് എനിക്കു കിട്ടുന്നുണ്ട്. പണി തീർത്ത് വൈകിട്ട് ഹോട്ടലിലേക്ക് ഓട്ടോയിലൊക്കെ പോകുമ്പോൾ വണ്ടിക്കാശ് അധികമൊന്നും വേണ്ട, മോളു പണിചെയ്തു വരുന്നതല്ലേ എന്ന് ആലപ്പുഴയിലെ ഒരു ഓട്ടോ ഡ്രൈവർ എന്നോടു പറഞ്ഞിട്ടുണ്ട്.
കേരളത്തിൽ ബിനാലെ സൃഷ്ടിച്ച അവസരം വലുതാണെന്ന് അൻപു വർക്കി പറയുന്നു.

‘ബിനാലെയുടെ പ്രധാന സംഭാവന ‘സ്റ്റുഡന്റ്സ് ബിനാലെ’യാണെന്നാണ് എന്റെ വിശ്വാസം. ബറോഡ, ശാന്തിനികേതൻ, ജെജെ സ്കൂൾ തുടങ്ങി നമുക്ക് എത്രയോ ആർട്ട് സ്കൂളുകളുണ്ട്. അത്തരം സ്ഥാപനങ്ങളിൽനിന്നെല്ലാം മാറി മുഖ്യധാരയിൽ വരാത്ത എത്രയോ കുട്ടികളുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വരയ്ക്കുന്ന കുട്ടികളുണ്ട്; കശ്മീരിൽപോലും. അവരെ തേടിപ്പിടിച്ചു കൊണ്ടുവന്ന് ബിനാലെയുടെ ഭാഗമാക്കുന്നതു വലിയ സംഭവമാണ്. അനിത ദുബെ ക്യുറേറ്റു ചെയ്ത ബിനാലെയിൽ സ്റ്റുഡന്റ്സ് ബിനാലെ വളരെ പവർഫുൾ ആയിരുന്നു. ബിനാലെ നമുക്കു രാജ്യത്തിനു വെളിയിൽ പോയി കാണേണ്ട ഒന്നായിരുന്നു. ഇപ്പോൾ ലോകം കൊച്ചിയിലേക്കു വന്നു.

? ആരെല്ലാമാണ് അൻപുവിന്റെ പ്രിയപ്പെട്ട ചിത്രകാരന്മാർ? (നീണ്ട മൗനം. അങ്ങനെയുണ്ടെങ്കിലും ഞാൻ പറയില്ലെന്നു മറുപടി.)

? എങ്കിൽ ആരുടെയൊക്കെ വർക്കുകളാണ് ആവർത്തിച്ചു കാണുന്നത്?

എസെഫ് എന്നും ഹ്യൂറോ എന്നും രണ്ടുപേരുണ്ട്. അവരുടെ വർക്കുകൾ പറയും അവർ ആരാണെന്ന്. ഏറ്റവും ലളിതമായ വരകൾ സ്ട്രീറ്റിനെ പ്രകമ്പനം കൊള്ളിക്കുന്നതു കാണാം. എസെഫ് തെരുവിൽ ഒരു പൊളിറ്റിക്കൽ ചെയർ വരച്ചിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് കസേരയുടെ ചിത്രം. നമുക്കു സങ്കൽപിക്കാൻ പറ്റാത്ത തലത്തിൽ ആർട്ട് എത്തി നിൽക്കുന്നതു കാണാം. ഇവിടെ തെരുവ് മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു പരിധിവരെ സ്ട്രീറ്റ് ആർട്ടിനെ കരുതുന്നത്. അതു തെറ്റല്ല. പക്ഷേ, അതിനകത്തും കുറേ ആശയങ്ങളും നിലപാടുകളും ഉറപ്പിക്കണം. അത്തരം നിലപാടുകളില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ ഇതു നിന്നുപോകും. ഇന്ത്യയിലെ സ്മാർട് സിറ്റി പദ്ധതികളിൽ കുറേ മ്യൂറൽ വർക്കുകൾ കാണാം. കാണാൻ ഭംഗിയുള്ള ഭിത്തികൾ. ഭംഗിക്കു കുറേ വോൾ പേപ്പേഴ്സ് പതിച്ചാലും മതി. പക്ഷേ, നമുക്കു ചിന്തിക്കാനും ആ ചിന്തകൾ പ്രതിഫലിപ്പിക്കാനും പറ്റിയ ആർട്ട് വർക്കുകളാണ് വേണ്ടത്.

തിരുവനന്തപുരത്തു പാളയം അടിപ്പാതയുടെ രണ്ടു വൻ ചുമരുകളിലായി ടേബിൾ ടെന്നിസ് ചിത്രമാണ് അൻപു വരച്ചിരിക്കുന്നത്. തൊട്ടരികിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമുണ്ട്. സ്പോട്ടിനരികിലെത്തി വളരെനേരം ആലോചിച്ചുറപ്പിച്ചാണ് ഈ ചിത്രം ചെയ്യാൻ തുടങ്ങിയത്. രണ്ടു മതിലുകളിലെയും ചിത്രങ്ങൾ ഒന്നിന്റെ തുടർച്ചയായല്ല ഒന്നായിത്തന്നെ ആസ്വദിക്കാനാകുമെന്നതാണ് അൻപു തീർത്ത കാഴ്ചയുടെ ഈ അത്ഭുതം. ‘കാഴ്ചക്കാർ ബുദ്ധിയുള്ളവരാണ്. അവരെ നമുക്കു താഴെ നിർത്തി കാണാനാകില്ല. മുംബൈയിലെ മാഹീമിൽ ഒരു പെൺകുട്ടി തലകീഴായി തൂങ്ങിക്കിടക്കുന്ന ചിത്രം വരച്ചിരുന്നു. ആൺകുട്ടികൾക്ക് അതു കാണുമ്പോൾ പെൺകുട്ടിയായും പെൺകുട്ടികൾക്ക് ആൺകുട്ടിയായും തോന്നും. ഒരാൾ വന്നു പറഞ്ഞു: ‘താങ്ക് യു വെരി മച്ച് ഫോർ പെയിന്റ്ിങ് ദിസ്’

അയാൾ തന്റെ കുട്ടിക്കാലത്ത് ഇങ്ങനെ തൂങ്ങിക്കിടക്കുന്നതിൽ രസംപിടിച്ച ആളായിരുന്നുവത്രെ. ചിത്രത്തെക്കുറിച്ച് അയാൾ ഒരു കവിതകൂടി എഴുതി. ആർട്ട് വർക്കുകൾ അതു കാണുന്നവരെ എങ്ങനെ ബാധിക്കുന്നു എന്ന് ഒരിക്കലും പറയാനാകില്ല. അതാണ് ഈ ജോലിയുടെ സൗന്ദര്യം. തിരുവനന്തപുരത്തു വരയ്ക്കുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ അമ്മവന്നു പറഞ്ഞു, ‘എന്റെ മോൾക്കു നിങ്ങളെ കാണണം. വരയ്ക്കുന്നതു കാണിക്കാൻ കൊണ്ടുവരട്ടെ’ എന്ന്. ഒന്നാം ക്ലാസുകാരി വന്നു. ഞാൻ അവളോടു സംസാരിച്ചു. അവൾക്കു ചിന്തകൾ രൂപപ്പെടുന്ന കാലമാണ്. ഈ ആശയവിനിമയം പ്രധാനമാണ്.

anpu-varkey-1248-5

പുണെയിലെ ഒരു മതിലിലെ ചിത്രംകണ്ട് വളരെ പ്രായംചെന്ന ഒരു മനുഷ്യൻവന്നു പറഞ്ഞു. ‘ഞാൻ എന്റെ കടയിലേക്കു സ്ഥിരമായി പോകുന്നത് ഇതുവഴിയാണ്. പക്ഷേ, ഒരിക്കൽപോലും ഈ മതിൽ ശ്രദ്ധിച്ചിട്ടില്ല. ഈ ചിത്രം ഇവിടെ വന്നപ്പോഴാണ് ഇവിടെ ഒരു മതിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നത്’ എന്ന്. ഒന്നുമില്ലാത്ത ഒരു സ്ട്രക്ചറിൽ ചിത്രം വരയ്ക്കുമ്പോൾ അതു കാണുന്ന ആളുകൾ സന്തോഷത്തിലാവുകയാണ്. ഇതു സ്റ്റുഡിയോയിൽ ഇരുന്നു വരച്ചാൽ അനുഭവിക്കാനാകില്ല.

? അൻപു എന്ന മനോഹരമായ േപര് ആരാണ് ഇട്ടത്?

അത് അച്ഛനോ, അമ്മയോ ആകണം. ചെറുപ്പത്തിൽ ഈ പേര് എനിക്കിഷ്ടമല്ലായിരുന്നു. എല്ലാവർക്കുമുള്ളതുപോലെ ഒരു കോമൺ നെയിം വേണമെന്നായിരുന്നു ആഗ്രഹം. കുഞ്ഞു കുട്ടിയാകുമ്പോൾ കോമൺ പേരുകളോടാണല്ലോ താൽപര്യം. ‘അൻപു’ എന്നു കേൾക്കുമ്പോൾ ആളുകൾ എടുത്തുചോദിക്കും, ‘അന്നപൂർണ’ ആണോ അതോ ‘അന്നപൂ’ ആണോ എന്നൊക്കെ. കേട്ടുകേട്ട് ഇപ്പോൾ ഈ പേര് എനിക്ക് ഇഷ്ടമാണ്. അൻപു ഒരു ജെൻഡർ ന്യൂട്രൽ പേരായി മാറിയിരിക്കുന്നു.

? അടുത്ത സ്വപ്നം, ഡ്രീം പ്രോജക്ട് എന്താണ്?

‘എനിക്കു ശരിക്കും കടലിൽ പോയി നീന്തണമെന്നുണ്ട്. തിരുവനന്തപുരത്തു വന്നിട്ട് ചെയ്തിട്ടില്ലാത്ത ഒരു സംഭവം ആണത്. ഞാൻ വന്നതിൽപ്പിന്നെ കടൽ കണ്ടിട്ടേയില്ല. കൂടെ ഹേമന്ത് ഉണ്ടായാൽ കൂടുതൽ ഭംഗി.’ (അൻപുവിന്റെ ഭർത്താവ് ഹേമന്ത് ശ്രീകുമാർ എക്സ്പരിമെന്റൽ സൗണ്ട് ആർട്ടിസ്റ്റ് ആണ്.)

English Summary: Life Story of Anpu Varkey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA