ഇന്ത്യയിൽനിന്നു ജപ്പാനിലേക്ക് നീണ്ട സ്നേഹത്തിന്റെ തുമ്പിക്കൈ: നെഹ്റുവിനെക്കുറിച്ച് ഓർക്കാനൊരു കഥ

HIGHLIGHTS
  • ജവാഹർലാൽ നെഹ്റുവിന്റെ 132–ാം ജന്മദിനം; രാജ്യത്തിന് ഇന്നു ശിശുദിനം
nehru
ജവാഹർലാൽ നെഹ്റു
SHARE

പോക്കറ്റിൽ കുത്തിയ റോസാപ്പൂപോലെ കുട്ടികളെ നെഞ്ചോടു ചേർത്തുപിടിച്ച പ്രധാനമന്ത്രി; ജവാഹർലാൽ നെഹ്റു. ഇന്നു ശിശുദിനം. കുട്ടികളുടെ ചാച്ചാ നെഹ്റുവിന്റെ ജൻമദിനം.  ശിശുക്കൾക്കായി ഒരു ദിനം രാജ്യം ആഘോഷിക്കാൻ തുടങ്ങിയത് 1956ലാണ്; ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച നവംബർ 20 ആയിരുന്നു അക്കാലത്തു ശിശുദിനം. 1964ൽ നെഹ്റുവിന്റെ മരണശേഷം പാർലമെന്റിൽ ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു – കുട്ടികളെ സ്നേഹിച്ച നെഹ്റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജൻമദിനം ശിശുദിനമായി ആചരിക്കണമെന്നതായിരുന്നു വിഷയം. ആ വർഷംമുതൽ, ലോകം ആഘോഷിക്കുന്നതിനെക്കാൾ 6 ദിവസം മുൻപുള്ള നവംബർ 14 ഇന്ത്യയ്ക്കു ശിശുദിനമായി. 

കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ നേതാവ് എന്ന നിലയിലാണു നെഹ്റുവിനെ രാജ്യം സ്മരിക്കുന്നത്. ജപ്പാനിലെ കുട്ടികൾക്കും നെഹ്റുവിനെക്കുറിച്ച് ഓർക്കാനൊരു അനുഭവകഥയുണ്ട് – ഇന്ത്യയിൽനിന്നു നീണ്ട സ്നേഹത്തിന്റെ ഒരു തുമ്പിക്കൈ. 

നെഹ്റുവിനായിരം കത്തുകൾ;  ജപ്പാനിൽനിന്ന്

ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ യേനോ മൃഗശാലയിലേക്ക് ഇന്ത്യയിൽനിന്നുള്ള രണ്ട് ആനകളെ എത്തിക്കുന്നത് 1924ലാണ്. ജോൺ എന്ന കൊമ്പനും ടോങ്കി എന്ന പിടിയാനയ്ക്കുമൊപ്പം ഏതാനും വർഷങ്ങൾക്കു ശേഷം തായ്‌ലൻഡിൽനിന്നു മൂന്നാമതൊരു ആനയുമെത്തി – ഹനാകോ. രണ്ടാം ലോകയുദ്ധം കൊടുമ്പിരികൊണ്ട നാളുകൾ; ശത്രുസേനയുടെ വ്യോമാക്രമണത്തിൽ മൃഗശാല തകർന്ന് ആനകൾ പുറത്തുകടക്കുന്നത് പൊതുജനങ്ങൾക്ക് ആപത്താണെന്നു വിലയിരുത്തിയ സേന ഒരു ഉത്തരവിറക്കി – ആനകളെ കൊല്ലുക. തുടർന്ന് ആനകളെ പട്ടിണിക്കിടാൻ തീരുമാനിച്ചു. 1943ൽ ആനകൾ ചരിഞ്ഞു. ഏറ്റവുമൊടുവിൽ ചരിഞ്ഞ ടോങ്കി, ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിൽ സന്ദർശകർക്കു മുന്നിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ കഥകൾ ജപ്പാനിലെ ചരിത്രരേഖകളിലുണ്ട്. മൂന്ന് ആനകളുടെ കഥ പറഞ്ഞ് ‘വിശ്വസ്തരായ ആനകൾ’ എന്ന പേരിൽ ജപ്പാനിലെ കുട്ടികൾക്കായി 1951ൽ പുറത്തിറക്കിയ ചിത്രകഥാപുസ്തകം ഇന്നും അവിടെ ലഭ്യമാണ്. 

യുദ്ധശേഷം മൃഗശാല വീണ്ടും തുറന്നപ്പോൾ, അവിടെ ആനകളില്ലാത്തതിന്റെ സങ്കടമറിയിച്ച് ഏഴാം ക്ലാസുകാരായ രണ്ടു കുട്ടികൾ ജപ്പാൻ പാർലമെന്റിൽ നിവേദനം നൽകി. ആനകളെ വീണ്ടുമെത്തിക്കാനാകുമോ എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. ദിവസങ്ങൾക്കുള്ളിൽ വിഷയം ടോക്കിയോയിൽ ചർച്ചാവിഷയമായി. ആനകളെയെത്തിക്കണം എന്നാവശ്യപ്പെട്ടുള്ള കുട്ടികളുടെ കത്തുകൾ പാർലമെന്റിലേക്കു പ്രവഹിച്ചു. ആനകൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നതിനാൽ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിനെ അഭിസംബോധന ചെയ്തും കുട്ടികൾ കത്തയച്ചു. നെഹ്റുവിനുള്ള ആയിരത്തിലധികം കത്തുകൾ ശേഖരിച്ച ജപ്പാൻ സർക്കാർ അവ ഡൽഹിയിലേക്കയച്ചു. 

elephant
ജവാഹർലാൽ നെഹ്റു സമ്മാനിച്ച ‘ഇന്ദിര’ എന്ന ആനയ്ക്കൊപ്പം ടോക്കിയോ മൃഗശാലയിൽ കളിക്കുന്ന ജാപ്പനീസ് കുട്ടികൾ (ഫയൽ ചിത്രം– കോൺഗ്രസ് പാർട്ടി ട്വിറ്ററിൽ പങ്കുവച്ചത്)

ജപ്പാന്റെ മനംകവർന്ന ഇന്ദിര

കുട്ടികളുടെ കത്ത് വായിച്ച നെഹ്റു സമ്മതംമൂളി. കർണാടകയിലെ കാട്ടിൽനിന്നു പിടിച്ച ആനയെ ടോക്കിയോയിലേക്ക് അയയ്ക്കാൻ തീരുമാനമായി. പിടിയാനയ്ക്കു നെഹ്റു പേരിട്ടു – ഇന്ദിര. 1949 സെപ്റ്റംബർ 25ന് ആയിരക്കണക്കിനു ടോക്കിയോ നിവാസികൾ യേനോ മൃഗശാലയിൽ ഇന്ദിരയ്ക്കു വൻ വരവേൽപ് നൽകി. ഇന്ദിരയെ വരവേൽക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു യോഷീദ നേരിട്ടെത്തി. ഇന്ദിരയെ സ്വീകരിച്ചതാണു തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്നു മൃഗശാലയുടെ മേധാവിയായിരുന്ന തദമിച്ചി കോഗ പിന്നീട് പറഞ്ഞിട്ടുണ്ട്. 

ഇന്ദിരയെ കൈമാറിയതിനൊപ്പം ജപ്പാനിലെ കുട്ടികളെ അഭിസംബോധന ചെയ്തുള്ള കത്തിൽ നെഹ്റു എഴുതി – വളരെ നന്നായി പെരുമാറുന്ന ആനയാണ് ഇന്ദിര. ഇന്ത്യയിലെയും ജപ്പാനിലെയും കുട്ടികൾ വളർന്നു വലുതാവുമ്പോൾ സ്വന്തം രാജ്യത്തെ സേവിക്കുന്നതിനു പുറമെ ഏഷ്യയുടെയും ലോകത്തിന്റെയും സമാധാനത്തിനു വേണ്ടിയും നിലകൊള്ളുമെന്നാണ് എന്റെ പ്രതീക്ഷ. ഞാൻ നിങ്ങൾക്കു നൽകുന്ന സമ്മാനമല്ല ഇന്ദിര. ഊഷ്മളതയുടെയും സ്നേഹാശംസകളുടെയും സന്ദേശവുമായി ഇന്ത്യയിലെ കുട്ടികളാണ് ഈ സമ്മാനം നിങ്ങൾക്കു നൽകുന്നത്. ബുദ്ധിയും ക്ഷമയും കരുത്തും കരുതലുമുള്ള മൃഗമാണ് ആന. നിങ്ങളിലും ആ കഴിവുകൾ വളരട്ടെ...

news
ജപ്പാൻ സന്ദർശനത്തിനിടെ 1957 ഒക്ടോബർ എട്ടിനു നെഹ്റുവും ഇന്ദിരാ ഗാന്ധിയും ടോക്കിയോ മൃഗശാലയിൽ ‘ഇന്ദിര’ എന്ന ആനയെ കണ്ടതിനെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച വാർത്ത

ആന നയതന്ത്രം

കന്നഡയിലുള്ള നിർദേശങ്ങൾ മാത്രം കേട്ടുശീലിച്ചിരുന്ന ഇന്ദിരയെ മെരുക്കുക ടോക്കിയോ മൃഗശാലയിലെ അധികൃതർക്കു തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. ഇന്ദിരയ്ക്കൊപ്പം മൈസൂരുവിൽ നിന്നെത്തിയ രണ്ടു പാപ്പാൻമാർ ഏതാനും മാസങ്ങൾ മൃഗശാലയിൽ കഴിഞ്ഞു. പതിയെപ്പതിയെ ജാപ്പനീസ് ഭാഷയ്ക്ക് ഇന്ദിര വഴങ്ങി.

8 വർഷങ്ങൾക്കു ശേഷം, 1957ൽ ജപ്പാൻ സന്ദർശിച്ച നെഹ്റു മൃഗശാലയിൽ ഇന്ദിരയെ സന്ദർശിച്ചു. മകൾ ഇന്ദിരാഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ജപ്പാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ദൃഢമാക്കാനുള്ള നെഹ്റുവിന്റെ ശ്രമം കൂടിയായിരുന്നു ഇത്; ആന നയതന്ത്രം! 

1972ൽ ചൈനയിൽനിന്നു രണ്ടു പാണ്ഡകൾ എത്തുംവരെ ഇന്ദിരയായിരുന്നു മൃഗശാലയിലെ താരം. 1983ൽ ഇന്ദിര ചരിഞ്ഞപ്പോൾ, അന്നത്തെ ടോക്കിയോ ഗവർണർ ഷുനിചി സുസുക്കി പറഞ്ഞ വാക്കുകളിങ്ങനെ – ‘ജപ്പാനിലെ കുട്ടികൾക്കു വലിയൊരു സ്വപ്നം സമ്മാനിച്ചവളാണ് ഇന്ദിര. ഇന്ത്യ – ജപ്പാൻ സൗഹൃദത്തിൽ 30 വർഷത്തിലധികം അവൾ നിർണായകപങ്കു വഹിച്ചു’. 

കുട്ടികളുടെ സിനിമ: ആശയം, നിർമാണം: നെഹ്റു

സിനിമകൾ ഇഷ്ടമായിരുന്നു നെഹ്റുവിന്. രാജ്യത്തിന്റെ വളർച്ചയ്ക്കു കരുത്തേകുന്ന ആശയങ്ങൾ പ്രചരിപ്പിക്കാൻ സിനിമയ്ക്കുള്ള സാധ്യത അദ്ദേഹം തിരിച്ചറിഞ്ഞു. സിനിമാ മേഖലയെ പ്രോൽസാഹിപ്പിച്ചതിനൊപ്പം കുട്ടികൾക്കു വേണ്ടിയും സിനിമകളുണ്ടാകണമെന്ന ആശയം അദ്ദേഹം മുന്നോട്ടു വച്ചു. കുട്ടികളുടെ വ്യക്തിത്വത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സിനിമയ്ക്കു കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

തന്റെ ആശയം യാഥാർഥ്യമാക്കാൻ നെഹ്റു തന്നെ മുൻകയ്യെടുത്തു. കുട്ടികൾക്കുവേണ്ടി മാത്രമുള്ള സിനിമകളും ഡോക്യുമെന്ററികളുമെടുക്കാൻ 1955ൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റിക്കു (സിഎഫ്എസ്) രൂപംനൽകി. കുട്ടികൾക്കായി സിനിമകളെടുക്കാൻ സർക്കാർ സ്ഥാപനം രൂപംകൊണ്ടത് രാജ്യത്തിനു പുതിയ അനുഭവമായിരുന്നു. ‘ഉല്ലാസത്തിനായി ഓരോ കുട്ടിക്കുമുള്ള അവകാശത്തെ പ്രോൽസാഹിപ്പിക്കുന്ന സ്ഥാപനം’ എന്നതായിരുന്നു സൊസൈറ്റിയുടെ തലവാചകം. സൊസൈറ്റിയുടെ മേൽവിലാസത്തിൽ 1956ൽ ആദ്യ സിനിമ പുറത്തിറങ്ങി – ജൽദീപ് എന്ന ഹിന്ദി സിനിമ. 

കുട്ടികളുടെ ചാച്ച കുട്ടികൾ പൂമൊട്ടുകൾ പോലെയാണ്. സൂക്ഷ്മതയോടെയും സ്നേഹത്തോടെയും അവരെ പരിപാലിക്കുക. കാരണം, അവരാണു രാജ്യത്തിന്റെ ഭാവി; അവർ നാളെയുടെ പൗരൻമാരാണ്

ജവാഹർലാൽ നെഹ്റു

സൊസൈറ്റിക്കു കീഴിൽ കുട്ടികൾക്കായുള്ള സിനിമാ മേഖല കരുത്തോടെ വളർന്നു. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ സൊസൈറ്റി ഇതുവരെ 114 സിനിമകളും 45 ഷോർട്ട് ഫിലിമുകളും 52 ഡെക്യുമെന്ററികളും നിർമിച്ചു. അവയിൽ ചിലതിനു രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചു. കുട്ടികളുടെ സിനിമകൾക്കായുള്ള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കും സൊസൈറ്റി തുടക്കമിട്ടു.

nehru

ശങ്കറിനുള്ള പാവകൾ

വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ‘ശങ്കേഴ്സ് രാജ്യാന്തര ഡോൾ മ്യൂസിയം’ ഡൽഹിയിൽ സ്ഥാപിക്കാനുള്ള ആശയം നെഹ്റുവിന്റേതായിരുന്നു. വിദേശ യാത്രയ്ക്കിടയിൽ സമ്മാനമായി ലഭിച്ച പാവയോടു തോന്നിയ ഇഷ്ടം, പിന്നീടു പാവകൾ ശേഖരിക്കുന്നതിലേക്കു ശങ്കറിനെ എത്തിച്ചു. അവ രാജ്യത്തുടനീളം അദ്ദേഹം പ്രദർശിപ്പിച്ചു. ഒരു പ്രദർശനവേദിയിൽ നിന്നു മറ്റൊന്നിലേക്കു കൊണ്ടുപോകാൻ നിരന്തരം ആവശ്യമായ പായ്ക്കിങ് പാവകൾക്കു കേടുപാട് വരുത്തുന്നതു ഒരു പ്രശ്നമായി. പ്രദർശനങ്ങളിലൊന്ന് കാണാനെത്തിയ നെഹ്റുവിനോട് ശങ്കർ ഇക്കാര്യം പറഞ്ഞു. എന്തുകൊണ്ട് ഡൽഹിയിൽ സ്ഥിരമായി ഒരു മ്യൂസിയം സ്ഥാപിച്ചുകൂടാ എന്നു നെഹ്റു തിരിച്ചു ചോദിച്ചു. കുട്ടികളുടെ ഇഷ്ട കേന്ദ്രമായ ഡോൾ മ്യൂസിയം അങ്ങനെ ഡൽഹി ബഹാദുർഷാ സഫർ മാർഗിലെ നെഹ്റു ഹൗസിൽ 1965ൽ നിലവിൽ വന്നു. 

കത്തിലെ സ്നേഹം

പ്രധാനമന്ത്രി പദവിയിലെ തിരക്കുകൾക്കിടയിലും കുട്ടികൾക്കു കത്തുകളെഴുതാനും സമ്മാനങ്ങളയയ്ക്കാനും നെഹ്റു സമയം കണ്ടെത്തി. നെഹ്റുവിന്റെ സമ്മാനങ്ങൾ വിദേശ രാജ്യങ്ങളിലെ കുട്ടികളിലേക്കുമെത്തി. തന്നെ തേടിയെത്തുന്ന കുട്ടികളുടെ കത്തുകൾക്കെല്ലാം മറുപടി അയയ്ക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. 

ഒരിക്കൽ രാജ്യത്തെ കുട്ടികളെ അഭിസംബോധന ചെയ്തുള്ള കത്തിൽ നെഹ്റു ഇങ്ങനെ കുറിച്ചു:

പ്രിയപ്പെട്ട കുട്ടികളേ...

കുട്ടികൾക്കൊപ്പം സമയം ചെലവിടാനും അവരോടു സംസാരിക്കാനും അതിനെക്കാളുപരി അവർക്കൊപ്പം കളിക്കാനും എനിക്കു വലിയ ഇഷ്ടമാണ്. എനിക്കു വളരെ പ്രായമായെന്നും കുട്ടിക്കാലം പിന്നിട്ടിട്ട് ഏറെ നാളായെന്നും ഞാൻ ഈ നിമിഷം മറക്കുന്നു...

ചാച്ച എന്ന ഹിന്ദി വാക്കിനർഥം അങ്കിൾ എന്നാണ്. കുട്ടികൾക്കു നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ല, ചാച്ചയായിരുന്നു.

English Summary: Jawaharlal Nehru sent an elephant to the children of Tokyo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA