ADVERTISEMENT

തുമ്പിയെപ്പോലൊരു തുള്ളിച്ചാട്ടമാണ് കെ.ജി.ബാബുവിന്റെ ജീവിതം. ബാബുവിന്റെ ‘ജേണി ഓഫ് ദ് ഡ്രാഗൺഫ്ലൈ’ (തുമ്പിയുടെ യാത്ര) എന്ന കലാപ്രദർശനത്തിന് സ്വീഡനിൽ ലഭിക്കുന്നത് അംഗീകാരങ്ങളുടെ പെരുമഴ. കേരളത്തിൽ ആർക്കും വേണ്ടാതെ പോയ 5 ചിത്രങ്ങൾ സ്വീഡനിൽ വിറ്റു കിട്ടിയ തുക കൊണ്ടു ബാബു നാട്ടിൽ വാങ്ങിയത് 60 സെന്റ് സ്ഥലം.

 

കേരളത്തിലെ തുമ്പി വിദേശത്തെത്തുമ്പോൾ പേരിന്റെ മട്ടും ഭാവവും മാറും: ‘ഡ്രാഗൺഫ്ലൈ’ എന്നാണു തുമ്പിയുടെ ഇംഗ്ലിഷ് പേര്. എന്നാൽ, കേരളത്തിൽ നിന്നു വിദേശത്തെത്തുമ്പോൾ പേരും വിലയും മാറുന്നതു തുമ്പിയുടെ മാത്രമല്ല. 

മലയാളികളാൽ പറ്റിക്കപ്പെട്ടും അർഹിച്ച രീതിയിൽ അംഗീകരിക്കപ്പെടാതെയും പോയ തൃശൂർ വേലൂപ്പാടം പുലിക്കണ്ണി സ്വദേശി കമ്മൻകുഴയ്ക്കൽ ഗോപാലൻ മകൻ ബാബു എന്ന കെ.ജി.ബാബുവിന്റെ ‘ജേണി ഓഫ് ദ് ഡ്രാഗൺഫ്ലൈ’ (തുമ്പിയുടെ യാത്ര) എന്ന കലാപ്രദർശനത്തിന് സ്വീഡനിൽ ലഭിക്കുന്നത് അംഗീകാരങ്ങളുടെ പെരുമഴയാണ്. സ്വീഡനിലെ ഇന്ത്യൻ അംബാസഡർ തൻമയ ലാൽ അടക്കമുള്ള പ്രമുഖർ സന്ദർശിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്ത പ്രദർശനം വരും നാളുകളിലേക്കായി മറ്റു ഗാലറികൾ ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിൽ ആർക്കും വേണ്ടാതെ, വിൽക്കപ്പെടാതെ പോയ 5 ചിത്രങ്ങൾ സ്വീഡനിലെത്തിയപ്പോൾ, അതു വിറ്റു കിട്ടിയ തുക കൊണ്ടു ബാബു നാട്ടിൽ വാങ്ങിയത് 60 സെന്റ് സ്ഥലമാണ്! 

വേലൂപ്പാടം പുലിക്കണ്ണിയിൽ മുളംകാടുകളോടു ചേർന്നായിരുന്നു ബാബുവിന്റെ ചെറുപ്പത്തിൽ കുടുംബം താമസിച്ചിരുന്നത്. സഹോദരിയും 6 സഹോദരന്മാരും. ഇക്കൂട്ടത്തിൽ ഏറ്റവും വികൃതിയായിരുന്ന ബാബു അടങ്ങിയിരിക്കണമെങ്കിൽ ചേട്ടൻ കെ.ജി.ശശി ചിത്രം വരയ്ക്കണമായിരുന്നു. ഇപ്പോൾ ലീഗൽ മെട്രോളജിയിൽ ഉദ്യോഗസ്ഥനായ ചേട്ടൻ ശശി പത്താം ക്ലാസിനു ശേഷം ചിത്രം വരച്ചിട്ടില്ല. എന്നാൽ, വര തന്നെയായിരുന്നു ബാബുവിന്റെ ‘തലവര’.

dragon-fly-kg-babu
കെ.ജി. ബാബു വരച്ച ചിത്രം, മിസ്റ്റിക്

കുടുംബപ്രശ്നങ്ങൾ മൂലം പത്താം ക്ലാസിനു തൊട്ടുമുൻപു രണ്ടു വർഷത്തേക്കു നാടുവിട്ട ചരിത്രമുണ്ട് ബാബുവിന്.  കേരളത്തിന്റെ വിവിധ ജില്ലകളിൽ ബാനറെഴുതിയും പോസ്റ്ററുകൾ വരച്ചും ഹോട്ടലുകളിൽ പാത്രം കഴുകിയുമാണ് ആ നാളുകളിൽ ജീവിച്ചത്. അങ്ങനെയാണു തിരുവല്ല കുമ്പനാട് കിങ്സ് റസ്റ്ററന്റിൽ പാത്രം കഴുകുന്ന ജോലി കിട്ടുന്നത്. ജോലിക്കിടെ വരച്ചുകൂട്ടുന്ന ചിത്രങ്ങൾ ആദ്യമായി ശ്രദ്ധിച്ചതു സമീപം തയ്യൽക്കട നടത്തിയിരുന്ന ‘ജോർജച്ചായൻ’ ആയിരുന്നു. പാത്രം കഴുകി തീരാനുള്ളതല്ല പയ്യന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞ അദ്ദേഹം അവനെ അവിടെയുള്ളവർക്കെല്ലാം പരിചയപ്പെടുത്തി. ഒരു അഡ്വർടൈസിങ് കമ്പനിയിൽ ജോലിയും ശരിയാക്കിക്കൊടുത്തു.

അങ്ങനെ ചെറിയ വരുമാനമൊക്കെ ആയിത്തുടങ്ങിയതോടെ ബാബു നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു.  വഴിയരികിൽ ചുവരെഴുതുന്നതു കണ്ട, ദേശീയ അവാർഡ് ജേതാവായ ഹൈസ്കൂൾ അധ്യാപകൻ എൻ.ഡി.പൈലോത് മാഷാണു ബാബുവിനെ വീണ്ടും കൊണ്ടുപോയി സ്കൂളിൽ ചേർത്തതും പത്താം ക്ലാസ് പാസാകാൻ പ്രചോദനമായതും. സ്കൂളിലെ ചിത്രകലാ അധ്യാപകനായ ടോണി ആൽബർട്ടാണ് ബാബുവിനെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്. താൻ പഠിച്ചിറങ്ങി 30 വർഷങ്ങൾക്കു ശേഷം വിരമിച്ച ടോണി മാഷ്, വിരമിക്കൽ ചടങ്ങിനൊപ്പം ബാബുവിനെയും ആദരിക്കണം എന്നു ശഠിച്ച കാര്യവും ബാബു നിറകണ്ണുകളോടെ ഓർക്കുന്നു.

കേരള സാഹിത്യ അക്കാദമിയുടെ മുൻപിലുള്ള ‘ഹീറോ ഹോട്ടലിൽ’ തൂക്കിയിട്ടുള്ള, ബാബു വരച്ച ചിത്രങ്ങൾ അക്കാദമിയിൽ വരുന്നവരുടെയെല്ലാം ശ്രദ്ധയാകർഷിച്ചിരുന്നു. അങ്ങനെ, കമേഴ്സ്യൽ വർക്കു മാത്രം ചെയ്തിരുന്ന ബാബുവിനെ അക്കാദമിയിലേക്കുള്ള ഛായാചിത്രങ്ങൾ വരയ്ക്കാൻ അധികൃതർ ക്ഷണിച്ചു. അക്കാദമിക്കായി വരച്ച ഒരു ലാൻഡ്സ്കേപ് ചിത്രത്തിനു ലളിതകലാ അക്കാദമി പുരസ്കാരവും ലഭിച്ചു.

ഈ സമയത്താണു ഒരു പ്രശസ്ത ഇറ്റാലിയൻ കലാകാരനു വേണ്ടി ദുബായിൽ ജോലി ചെയ്യാൻ ബാബുവിനു ക്ഷണം ലഭിക്കുന്നത്. കമേഴ്സ്യൽ ജോലികൾ മടുത്തു തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ മൂലം ജോലിവാഗ്ദാനം വേണ്ടെന്നു വയ്ക്കാൻ ബാബുവിനു സാധിച്ചില്ല. ദുബായ് രാജകുടുംബം, ഫെറാറി കമ്പനിയുടെ ഉടമ, മൈക്കൽ ഷൂമാക്കർ തുടങ്ങിയ വമ്പൻമാർക്കു വേണ്ടി ചിത്രം വരച്ചു നൽകുന്നതായിരുന്നു ജോലി. എന്നാൽ നിശ്ചിത ശമ്പളത്തിനു വേണ്ടി മറ്റൊരാൾക്കായി ചിത്രം വരച്ചു കൊടുക്കുന്നതു മടുത്തു തുടങ്ങിയതിനാൽ വൈകാതെ തിരിച്ചുപോന്നു. കേരളത്തിലെത്തിയിട്ടും ബാബു സംതൃപ്തനായില്ല. 

 അക്കാലത്താണ് ഇളയ സഹോദരന്റെ വിവാഹം. അതിരപ്പള്ളിക്കടുത്ത് വാഴച്ചാൽ പൊകലപ്പാറ എന്ന ഊരിൽ നിന്നുള്ള കാടർ വിഭാഗത്തിലുള്ള യുവതിയായിരുന്നു വധു. അങ്ങനെ ആ നാട്ടിൽ പോകാനിടയായ ബാബു, അതൊരു സങ്കേതമാക്കി മാറ്റി. ഇടയ്ക്കിടെ അവിടെപ്പോയി താമസിക്കാൻ തുടങ്ങിയതോടെ തന്റെ നഷ്ടബോധത്തിന്റെ മൂലകാരണം ബാബുവിനു വ്യക്തമായിത്തുടങ്ങി. താൻ ജനിച്ചു വീണ മണ്ണിലേക്ക്, തന്റെ സ്വത്വത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു ബാബുവിനു കാട്. വർഷങ്ങൾക്കു ശേഷം സമാധാനമായി ഉറങ്ങാൻ ബാബുവിനു സാധിച്ചു. 

അവിടെ സ്വസ്ഥമായി ചെലവഴിച്ച നാളുകളിൽ നിന്നാണു ബാബുവിനെ ബാബുവാക്കി മാറ്റിയ ചിത്രങ്ങളുടെ ഉദ്ഭവം. അതിലൊരു ചിത്രമായ ‘ശ്യാമ’യാണു ഒരു കലാകാരനെന്ന നിലയിൽ തന്റെ അസ്തിത്വം ഉറപ്പിച്ചതെന്നു ബാബു പറയുന്നു. കേന്ദ്ര ലളിതകലാ അക്കാദമിയിലുൾപ്പെടെ ആ ചിത്രം വളരെയധികം അംഗീകാരങ്ങൾ നേടി. പിന്നീട്, കൾച്ചറൽ മിനിസ്ട്രി ഓഫ് ചൈനയുടെ ഔദ്യോഗിക ക്ഷണപ്രകാരം ചൈനയിലേക്കു പോകാൻ തിരഞ്ഞെടുക്കപ്പെട്ട, രാജ്യത്തെ അഞ്ചു കലാകാരൻമാരിൽ ഒരാൾ ബാബുവായിരുന്നു. തുടർന്നു കൊറിയയിലെ ബുസാൻ ആർട് ഫെയർ, അമേരിക്കയിലെ ചില പ്രദർശനങ്ങൾ തുടങ്ങി രാജ്യാന്തര തലത്തിലും അംഗീകാരം ലഭിച്ചു തുടങ്ങിയിരുന്നു.

painting-kg-babu
കെ.ജി. ബാബു വരച്ച ചിത്രം, ശ്യാമ

ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിൽ നിന്നു ദുരനുഭവങ്ങളാണു ബാബുവിന് അധികവും. ചിത്രങ്ങൾ കണ്ട്, ഇഷ്ടപ്പെട്ട്, ആവശ്യപ്രകാരം വരപ്പിച്ചെടുത്തവർ ധാരാളമാണ്. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇവരിൽ പലരും പിന്നോട്ടു വലിഞ്ഞു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇക്കാര്യത്തിൽ തനിക്കു സംഭവിച്ചിട്ടുള്ളതെന്നു ബാബു പറയുന്നു. 

 

സ്വീഡനിലേക്ക്...

ചിത്രരചനയിൽ താൽപര്യമുള്ള സുഹൃത്തുക്കളും അവരുടെ മക്കളും സംശയനിവാരണത്തിനും മറ്റുമായി ബാബുവിനെ സമീപിക്കാറുണ്ട്. കൂടുതൽ പഠിക്കാൻ താൽപര്യമുള്ളവർക്കു വർഷങ്ങളായി പറഞ്ഞുകൊടുക്കുന്ന പേരാണ് റുമാനിയൻ വേരുകളുള്ള, സ്വീഡിഷ് ചിത്രകാരിയായ ‘ഡൊറീന മുക്കാൻ’. തന്റെ ചിത്രങ്ങളുമായി വളരെയധികം ചേർന്നുനിൽക്കുന്ന ചിത്രരചനാ രീതി ഇന്റർനെറ്റിൽ കാണാനിടയായപ്പോഴാണു ബാബു ഡൊറീനയെപ്പറ്റി അറിയുന്നത്. ഫെയ്സ്ബുക്കിൽ ബാബു വരച്ച ചിത്രങ്ങൾ കണ്ട ഡൊറീന വൈകാതെ ബാബുവിനെ പരിചയപ്പെട്ടു.  ഡൊറീന ബാബുവിനെ സ്വീഡനിലേക്കു ക്ഷണിച്ചു.  എന്നാൽ കോവിഡ് മഹാമാരി വില്ലനായതോടെ ബാബുവിനു വീസ നിഷേധിക്കപ്പെട്ടു.

കലാകാരനു സാധിക്കാതെ പോയതു കലയ്ക്കു സാധിക്കുമെന്നു മനസ്സിലാക്കിയ ഇരുവരും പുതിയ പദ്ധതിയൊരുക്കി: ബാബു വരച്ച ചിത്രങ്ങൾ പാഴ്സലാക്കി അയയ്ക്കുക. അതുവരെ വിൽക്കപ്പെടാതെ പോയ 5 ചിത്രങ്ങൾ മാത്രമാണ് ബാബുവിന്റെ പക്കലുണ്ടായിരുന്നത്. എന്നാൽ, ആ ചിത്രങ്ങൾ ഓൺലൈനായി കണ്ട്, ഇഷ്ടപ്പെട്ട വാസ്ബി കോൺസ്താൾ എന്ന ഗാലറിയുടെ ക്യുറേറ്റർ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ ആവശ്യപ്പെട്ടു. കണ്ട 5 ചിത്രങ്ങൾക്കു പ്രതിഫലമായി, നാട്ടിൽ ലഭിക്കുന്നതിന്റെ പത്തിരട്ടിയോളം തുക അപ്പോൾ തന്നെ ബാബുവിനു അയച്ചുകിട്ടുകയും ചെയ്തു.  2018ലെ പ്രളയത്തെ തുടർന്നു ചിമ്മിണി ഡാമിനടുത്തുണ്ടായ ഉരുൾപ്പൊട്ടലിൽ, വേലൂപ്പാടത്തു ബാബുവും ചേട്ടൻമാരും താമസിച്ചിരുന്ന സ്ഥലവും 3 വീടുകളും വിണ്ടുകീറി വാസയോഗ്യമല്ലാതായി മാറിയ സമയത്താണു പ്രതിഫലം ലഭിക്കുന്നത്.

ആ പണം ഉപയോഗിച്ചു ബാബു വരന്തരപ്പിള്ളിയിൽ രണ്ടിടത്തായി 60 സെന്റോളം സ്ഥലം വാങ്ങി. ബാബു അയച്ചുകൊടുത്ത 28 ചിത്രങ്ങളുടെ പ്രദർശനം സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 10 വരെ സ്വീഡനിലെ വാസ്ബി കോൺസ്താൾ ഗാലറിയിൽ ‘ജേണി ഓഫ് ദ് ഡ്രാഗൺഫ്ലൈ’ എന്ന പേരിൽ സോളോ ഷോ ആയി നടന്നു. ആദ്യദിനം തന്നെ ഇരുനൂറിലധികം പേരാണു പ്രദർശനം കാണാനെത്തിയത്. തുടർന്നുള്ള ദിവസങ്ങളിലെല്ലാം സ്വപ്നതുല്യമായ പ്രതികരണം ലഭിച്ചതോടെ ഇതിനു ശേഷം അടുത്ത പ്രദർശനത്തിനായി മറ്റു ഗാലറികളുമായി ധാരണയിലെത്തിക്കഴിഞ്ഞു.  

‘തുമ്പിയുടെ യാത്ര’ അങ്ങനെ മനോഹരമായൊരു പര്യവസാനത്തിലേക്ക് എത്തിക്കഴിഞ്ഞു. കലയാണ് ബാബുവിന്റെ ചിറകുകൾ. ഭാര്യ അനിതയും ചിത്രകാരിയാണ്. കലാഭവൻ ആർട്സ് കോളജിൽ വച്ചാണു പരിചയപ്പെട്ടതും. മക്കൾ നീലും നോയലും.  സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടാതെ പോയ കലാകാരനെ വേണ്ടവിധം സ്വീകരിച്ചത് കടലുകൾക്കപ്പുറമുള്ള ഒരു നാടാണെന്നത് യാദൃച്ഛികമാകാനിടയില്ല. ‘ജേണി ഓഫ് ദ് ഡ്രാഗൺഫ്ലൈ’ എന്ന പേരിൽ മുതൽ വരയ്ക്കുന്ന ചിത്രങ്ങളിൽ വരെയുള്ള തുമ്പിയുടെ സ്വാധീനം യാദൃച്ഛികമല്ലാത്തതു പോലെ തന്നെ.

 

English Summary: Life of artist KG Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com