ADVERTISEMENT

എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്ന് എല്ലാ വെള്ളിയാഴ്ചയും തിരുവനന്തപുരത്തുള്ള ബി. വിജയലക്ഷ്മിയെത്തേടി കത്തുകൾ എത്തുമായിരുന്നു. അമ്മയ്ക്കായി മകൻ എഴുതിയിരുന്ന കത്തുകൾ. സൈന്യത്തിൽ ചേരാനിറങ്ങിയപ്പോൾ അച്ഛൻ എം. രാധാകൃഷ്ണൻ നായർ പറഞ്ഞിരുന്നു; എല്ലാ വെള്ളിയാഴ്ചയും ലഭിക്കത്തക്ക വിധം അമ്മയ്ക്കു കത്തെഴുതണം. അന്നു വരെ അമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത മകൻ, വിശേഷങ്ങളെല്ലാം എഴുതി. മകൻ പുണെയിൽ പഠിക്കാൻ പോയപ്പോൾ, വേർപിരിയലിന്റെ വേദനയിൽ കരഞ്ഞ അമ്മ സ്നേഹവാൽസല്യങ്ങൾ നിറച്ച മറുപടിക്കത്തുകൾ തിരിച്ചയച്ചു. ഇടയ്ക്കൊക്കെ അവയ്ക്കൊപ്പം പലഹാരപ്പൊതികളും പുണെയിലെത്തി.

എൻഡിഎയിൽനിന്നു പഠിച്ചിറങ്ങിയ മകൻ പിന്നാലെ സേനയിൽ ചേർന്നു; ഇന്ത്യൻ നാവികസേനയുടെ മേധാവിയായി മറ്റന്നാൾ അദ്ദേഹം സ്ഥാനമേൽക്കുകയാണ്. അതിനു സാക്ഷിയാകാൻ അമ്മ വിജയലക്ഷ്മി നാളെ ഡൽഹിയിലെത്തും. അമ്മയ്ക്കു മാത്രമല്ല, ഇതു കേരളത്തിനാകെ അഭിമാനനിമിഷം. നാവികസേനയുടെ തലപ്പത്തെത്തുന്ന ആദ്യ പൂർണ മലയാളിയെന്ന പെരുമയിലേക്ക് വൈസ് അഡ്മിറൽ ആർ. ഹരികുമാർ ചൊവ്വാഴ്ച തലയെടുപ്പോടെ കയറിനിൽക്കും. അന്ന് അദ്ദേഹം അഡ്മിറൽ ആകും. നാവികസേനയുടെ അധിപൻ!

സേനയുടെ നായകനാകാനൊരുങ്ങുന്ന ഹരികുമാർ, ‘മനോരമ’യോടു സംസാരിക്കുന്നു; പിന്നിട്ട ജീവിതവഴികളെക്കുറിച്ച്.

സ്കൂളിൽ പഠിച്ച ജീവിതപാഠം

മൂന്ന് ആൺമക്കളിൽ മൂത്തയാളാണു ഞാൻ. തഞ്ചാവൂരിലെ സേക്രഡ് ഹാർട്ട് കോൺവന്റിലായിരുന്നു അഞ്ചാം ക്ലാസ് വരെയുള്ള പഠനം. അച്ഛന് അവിടെയായിരുന്നു ജോലി. കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി അമ്മയും ഞങ്ങൾ മക്കളും പിന്നീട് തിരുവനന്തപുരത്തേക്കു താമസം മാറി. ജീവിതത്തിലെ ആദ്യ വെല്ലുവിളി നേരിട്ടത് അക്കാലത്താണ്. അന്നൊക്കെ ഒരു സംസ്ഥാനത്തു നിന്നു മറ്റൊരിടത്തേക്കുള്ള സ്കൂൾ മാറ്റം വളരെ ബുദ്ധിമുട്ടായിരുന്നു. ആറാം ക്ലാസ് പ്രവേശനത്തിനായി തിരുവനന്തപുരത്തെ ഓരോ സ്കൂളിന്റെയും വാതിലിൽ മുട്ടുന്നതും നിരാശനായി മടങ്ങുന്നതും ഇന്നും എന്റെ ഓർമയിലുണ്ട്.

മകന്റെ സ്കൂൾ പ്രവേശനം സാധ്യമാകില്ലെന്നോർത്ത് അച്ഛനും അമ്മയും കരഞ്ഞ നാളുകൾ. ഒടുവിൽ, കോട്ടൺഹിൽ കാർമൽ കോൺവന്റ് സ്കൂളിലെ മാനേജ്മെന്റ് കനിഞ്ഞു. മറ്റു കുട്ടികൾക്കൊപ്പമല്ലാതെ എന്നെ പ്രൈവറ്റ് ആയി പഠിപ്പിക്കാൻ തീരുമാനിച്ചു. ആറു മാസത്തിനകം നടത്തുന്ന പരീക്ഷ പാസായാൽ സ്ഥിരം ക്ലാസിൽ ചേർക്കാമെന്നായിരുന്നു വാഗ്ദാനം.

പരീക്ഷ പാസായി. ആറ്, ഏഴ് ക്ലാസുകൾ അവിടെ നിന്നു പൂർത്തിയാക്കി. സ്കൂൾ മാനേജ്മെന്റ് അന്ന് എന്നോടു കാട്ടിയ കരുണയ്ക്കു ഞാൻ എക്കാലവും കടപ്പെട്ടിരിക്കും. ആ സംഭവം എന്നെ അമൂല്യമായൊരു ജീവിതപാഠം പഠിപ്പിച്ചു – നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യർ സൃഷ്ടിച്ചതാണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിനു വേണ്ടി ആ നിയമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കാൻ നമുക്കു സാധിക്കണം. എന്റെ തൊഴിലിടത്തെ അധികാരപരിധിയിൽ ഈ പാഠം ഞാൻ ഇന്നും പാലിക്കുന്നു; അതു പാലിക്കാൻ സഹപ്രവർത്തകരോടും ആവശ്യപ്പെടുന്നു.

R-Harikumar-Old
ആർ. ഹരികുമാർ (വലത്ത്) അമ്മ വിജയലക്ഷ്മിക്കും സഹോദരങ്ങൾക്കുമൊപ്പം. (പഴയ ചിത്രം)

നല്ല മനുഷ്യനാവാൻ പഠിപ്പിച്ച അധ്യാപകർ

‘ഇന്നു ഞാൻ നിങ്ങൾക്കു രണ്ടു പരീക്ഷകൾ നൽകുന്നു; ഗണിതത്തിലെ ത്രികോണമിതിയിലും (ട്രിഗ്നോമെട്രി) സത്യസന്ധതയിലും. രണ്ടു പരീക്ഷയും നിങ്ങൾ ജയിക്കുമെന്നാണു പ്രതീക്ഷ. പക്ഷേ, അതിൽ ഒരെണ്ണം തോൽക്കണമെങ്കിൽ അതു ട്രിഗ്‌നോമെട്രിയിൽ ആവുക. കാരണം, ഒട്ടേറെ നല്ലയാളുകൾ ഈ ലോകത്ത് ട്രിഗ്‍നോമെട്രി പാസായിട്ടില്ല. എന്നാൽ, ഓരോ നല്ലയാളും സത്യസന്ധതയ്ക്കുള്ള പരീക്ഷ പാസാകാതിരുന്നിട്ടില്ല’ – യുഎസിലെ ടെന്നസിയിലുള്ള വാൻഡർബിൽറ്റ് സർവകലാശാലയിലെ ഡീൻ മാഡിസൻ സാറട്ടിന്റെ ഈ വാക്യങ്ങളാണ് തിരുവനന്തപുരം നീറമൺകരയിലെ മന്നം സ്മാരക റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ പഠനകാലത്തെക്കുറിച്ചോർക്കുമ്പോൾ ഹരികുമാറിന്റെ മനസ്സിലേക്കെത്തുന്നത്.

നല്ല മനുഷ്യനാവാനാണ് അവിടുത്തെ അധ്യാപകർ പഠിപ്പിച്ചത്. ഞങ്ങൾ വിദ്യാർഥികളുടെയുള്ളിൽ അവർ സത്യസന്ധതയും ആത്മാർഥതയും മൂല്യങ്ങളും നിറച്ചു. 1977ൽ ഞങ്ങളുടെ ബാച്ച് എസ്എസ്എൽസി പാസായി. അന്ന് എനിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേർ പിന്നീട് വലിയ പദവികളിലെത്തി.

സേനാജീവിതത്തിലേക്ക്

പഠിക്കുന്ന കാലത്ത് സേനയിൽ ചേരണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു. ഒന്നുകിൽ ഐഐടിയിൽ പ്രവേശനം നേടുക, അല്ലെങ്കിൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ചേരുക. അതായിരുന്നു ലക്ഷ്യം. പക്ഷേ, വിധി ജീവിതത്തെ മറ്റൊരു വഴിയിലേക്കു തിരിച്ചുവിട്ടു. അമ്മയുടെ സഹോദരൻ വ്യോമസേനയിലെ വിങ് കമാൻഡർ എസ്.കെ.ജെ. നായർ, എന്റെ കസിൻ കരസേനാ ക്യാപ്റ്റൻ എച്ച്. മുരളീധരൻ, സുഹൃത്ത് മേജർ ജനറൽ ആർ.പി. ഭദ്രൻ എന്നിവരുടെ പ്രചോദനം വഴിത്തിരിവായി.

നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷയെഴുതാൻ അവർ പ്രേരിപ്പിച്ചു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ പരീക്ഷയെഴുതി; പാസായി. സേനയിൽ ചേരുന്നതിനോട് മാതാപിതാക്കൾക്ക് തുടക്കത്തിൽ താൽപര്യമില്ലായിരുന്നു. പക്ഷേ, സേനയിൽ അനുഭവിക്കുന്ന സാഹസികത എന്നെ പ്രലോഭിപ്പിച്ചു. നാവികസേനയാണു ജീവിതവഴിയെന്നു തീരുമാനിച്ചു. എന്റെ ആഗ്രഹത്തിന് അച്ഛനും അമ്മയും വഴങ്ങി.

പരീക്ഷയ്ക്കു ശേഷമുള്ള അഭിമുഖം ഭോപ്പാലിലായിരുന്നു. മകനെ തിരുവനന്തപുരത്തുനിന്ന് ട്രെയിൻ കയറ്റി വിട്ടതു വിജയലക്ഷ്മി ഓർക്കുന്നു. ‘കുട്ടിക്കാലം മുതൽ ഒറ്റയ്ക്കുള്ള യാത്രകൾ ഹരിക്കു ശീലമായിരുന്നു. വീട്ടിലെ മൂത്ത മകൻ എന്ന സ്ഥാനത്തിനൊപ്പം ചെറുപ്പം മുതൽ കൂട്ടായി ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു. സഹോദരങ്ങളുടെ സംരക്ഷണവും കുടുംബത്തിന്റെ ഭാഗമായുള്ള പറമ്പിലെ കാര്യങ്ങളുടെ മേൽനോട്ടവുമൊക്കെ നിർവഹിച്ചു. അൽപം ദൂരെയുള്ള പറമ്പിലെ കാര്യങ്ങൾ നോക്കാൻ തുടക്കത്തിൽ ഞങ്ങൾ ഒരുമിച്ചാണു ബസിൽ പോയിരുന്നത്. ഒൻപതാം ക്ലാസിലായപ്പോൾ, ഒരു ദിവസം ഹരി എന്നോടു പറഞ്ഞു – ഇനി അമ്മ വിശ്രമിക്കൂ, കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കൊള്ളാം’.

തനിച്ചു പോകാമെന്നു പറഞ്ഞാണു ഭോപ്പാലിലേക്കു ട്രെയിൻ പിടിച്ചത്. അഭിമുഖവും മെഡിക്കൽ ടെസ്റ്റും പാസായാണു മടങ്ങിയെത്തിയത്. യുപിഎസ്‍സി മെറിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച ഹരികുമാർ, 1979ൽ പുണെ എൻഡിഎയിൽ ചേർന്നു. എൻഡിഎയിലെ ആദ്യ വർഷം എനിക്കു ഭയങ്കര ബുദ്ധിമുട്ടായിരുന്നു; ഹരികുമാർ പറയുന്നു. ഒപ്പമുള്ള മറ്റു വിദ്യാർഥികൾ സൈനിക് സ്കൂളിൽ നിന്നെത്തിയവരായിരുന്നു. തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയോ എന്നു സംശയിച്ച നാളുകൾ. പക്ഷേ, അത് അധികനാൾ നീണ്ടില്ല. പതിയെ ഞാൻ സൈനിക ജീവിതത്തിന്റെ ട്രാക്കിലേക്കു കയറി.

മകൾ ജനിക്കുമ്പോൾ ഞാൻ കടലിൽ

1989ലായിരുന്നു വിവാഹം. ഹരിപ്പാട് സ്വദേശി കലാ നായർ ജീവിതസഖിയായി. സൈനികനൊപ്പമുള്ള ജീവിതത്തിലെ വെല്ലുവിളികൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. എനിക്കു വീട്ടിലെ കാര്യങ്ങളെക്കുറിച്ചോർത്ത് ഒരിക്കൽ പോലും ടെൻഷനടിക്കേണ്ടി വന്നിട്ടില്ല. അധ്യാപന ജോലിക്കൊപ്പം വീട്ടിലെ എല്ലാ കാര്യങ്ങളും കല നോക്കി. പൂർണ ശ്രദ്ധയും ഊർജവും സേനയ്ക്കു നൽകാൻ അത് എന്നെ സഹായിച്ചു.

R-Harikumar-Wife
ഭാര്യ കലാ നായർക്കൊപ്പം വൈസ് അഡ്മിറൽ ആർ. ഹരികുമാർ.

1993ൽ സൊമാലിയയിലേക്ക് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) നേതൃത്വത്തിലുള്ള സമാധാന സേനയുടെ ഭാഗമായ നാവികസേനാ സംഘത്തിൽ ഞാനുമുണ്ടായിരുന്നു. 45 ദിവസത്തേക്കെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പുറപ്പെട്ടത്. മടങ്ങിയെത്തിയത് 6 മാസത്തിനു ശേഷം! മകൾ അഞ്ജന ജനിക്കുമ്പോൾ ഞാൻ ദൂരെ, കടലിൽ സേനാ ദൗത്യത്തിലായിരുന്നു. അന്നു കുടുംബത്തിനൊപ്പമുണ്ടാകാൻ സാധിക്കാതിരുന്നത് ഇപ്പോഴും വിഷമമായി ബാക്കിനിൽക്കുന്നു. ഭർത്താവ് ജയ് വിജയ്ക്കൊപ്പം ന്യൂസീലൻഡിലെ ഓക്ക്‌ലൻഡിലാണ് അഞ്ജന താമസിക്കുന്നത്. ഇരുവരും സോഫ്റ്റ്‌വെയർ എൻജിനീയർമാർ.

കഴിഞ്ഞ വർഷം ഹരികുമാർ മുത്തച്ഛനായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം കൊച്ചുമകൾ അക്ഷരയെ ഇനിയും നേരിൽകാണാൻ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ നിയുക്ത നാവികസേനാ മേധാവിയുടെ ആഗ്രഹങ്ങളിലൊന്ന് കൊച്ചുമകൾക്കു കെട്ടിപ്പിടിച്ചു കൊടുക്കാൻ കാത്തുവച്ചിരിക്കുന്ന ഉമ്മയാണ്.

പിന്നിട്ട കടൽവഴികൾ

കടലിൽ ചെലവഴിച്ച ഓരോ ദിവസവും ഞാൻ ആസ്വദിച്ചിട്ടുണ്ട്. സേനയിൽ പിന്നിട്ട ഏകദേശം എല്ലാ റാങ്കുകളിലും, കപ്പലുകൾ നയിക്കുന്ന ക്യാപ്റ്റനാകാനുള്ള ഭാഗ്യം ലഭിച്ചു. നാവികസേനയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതും എല്ലാവരും ആഗ്രഹിക്കുന്നതുമായ പദവികളിലൊന്നാണത്. പടക്കപ്പലിന്റെ പോരാട്ടവീര്യം, ഒപ്പമുള്ള സേനാംഗങ്ങളുടെ ആത്മവീര്യം, സുരക്ഷ തുടങ്ങിയവയുൾപ്പെടെ കപ്പലിലെ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം കമാൻഡിങ് ഓഫിസറായ ക്യാപ്റ്റനാണ്. കപ്പലിൽ ആരെന്തു തെറ്റു ചെയ്താലും അതിനുത്തരം പറയേണ്ടതും ക്യാപ്റ്റനാണ്.

സബ് ലഫ്റ്റനന്റ് റാങ്കിൽ കോസ്റ്റ് ഗാർഡ് കപ്പൽ ആണ് ഞാൻ ആദ്യമായി കമാൻഡ് ചെയ്തത്. പിന്നീട് പടക്കപ്പലുകളായ ഐഎൻഎസ് നിഷാങ്ക്, കോറ, രൺവീർ, സേനയുടെ കരുത്തുറ്റ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് എന്നിവയെ നയിച്ചു. അവയിൽ എനിക്കു പ്രിയപ്പെട്ടത് ഐഎൻഎസ് രൺവീർ ആണ്. അതിൽ ചെലവഴിച്ച നിമിഷങ്ങൾ കുടുംബത്തോടൊപ്പമെന്ന പോലെ പ്രിയങ്കരം.

1986ൽ അന്നത്തെ യുഎസ്എസ്ആറിൽ നിന്നു രൺവീർ ഇന്ത്യൻ നാവികസേനയുടെ ഭാഗമായപ്പോൾ, ആ കപ്പലിൽ സേവനമനുഷ്ഠിച്ച ആദ്യ സേനാംഗങ്ങളിൽ ഏറ്റവും ജൂനിയറായിരുന്നു ഞാൻ. 21 വർഷങ്ങൾക്കു ശേഷം 2007ൽ ഞാൻ രൺവീറിന്റെ ക്യാപ്റ്റനായി. രൺവീറിന്റെ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണു ഞാൻ അതിന്റെ സാരഥ്യം ഏറ്റെടുത്തത്. നവീകരിച്ച രൺവീറിനെ ആദ്യമായി കടലിലിറക്കിയതും വിവിധ പരീക്ഷണങ്ങൾ നടത്തിയതും സേനാഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്തതും ഹൃദയത്തോടു ചേർന്നു കിടക്കുന്ന ഓർമകളാണ്. 2008ൽ ബ്രഹ്മോസ് മിസൈലിന്റെ വിക്ഷേപണം രൺവീറിൽ നിന്നു വിജയകരമായി നടത്തിയപ്പോൾ, ക്യാപ്റ്റന്റെ സീറ്റിൽ ഞാനുണ്ടായിരുന്നു.

വിരാടിന്റെ അമരത്ത്

ഞാൻ കമാൻഡ് ഏറ്റെടുക്കുമ്പോൾ, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിരാട് 55 വർഷത്തെ സേവനകാലഘട്ടം പിന്നിട്ടിരുന്നു. ഞങ്ങൾ ആയിരത്തി ഇരുന്നൂറിലധികം സേനാംഗങ്ങളുണ്ടായിരുന്നു അതിൽ. ഓരോ തവണയും കപ്പലിൽ നിന്നു യുദ്ധവിമാനങ്ങൾ പറന്നുയരുമ്പോൾ അവ വിജയകരമായി ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്താൻ ഞാൻ പ്രാർഥിച്ചു. രാത്രിയുള്ള യുദ്ധവിമാന ദൗത്യങ്ങളായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞത്. രാപകൽ ചലിച്ചുകൊണ്ടേയിരിക്കുന്ന നഗരം പോലെയായിരുന്നു വിരാട്. നാവികസേനയുടെ അഭിമാനമായിരുന്ന വിരാട് സർവീസിൽ നിന്നു വിരമിച്ച ശേഷം പൊളിച്ചുനീക്കിയത് ദുഃഖകരമായ കാഴ്ചയായിരുന്നു. പഴയ നാവികർ മാഞ്ഞുപോകും പോലെ, പുതിയവയ്ക്കായി പഴയ കപ്പലുകളും വഴിമാറും. കൊച്ചി കപ്പൽശാലയിൽ നിർമിച്ച പുതിയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കടൽസഞ്ചാര പരീക്ഷണങ്ങൾ പൂർത്തിയാക്കി അടുത്ത ഓഗസ്റ്റിൽ സേനയുടെ ഭാഗമാകും.

R-Harikumar-Family
ആർ. ഹരികുമാർ ഭാര്യ കല, മരുമകൻ ജയ് വിജയ്, മകൾ അഞ്ജന എന്നിവർക്കൊപ്പം (ഫയൽ ചിത്രം).

പരമവിശിഷ്ടം, ഈ സേവനം

1983 ജനുവരി ഒന്നിനു നാവികസേനയിൽ ചേർന്ന ഹരികുമാർ, അതിന്റെ അമരത്തെത്തുന്ന ആദ്യ പൂർണ മലയാളിയാണ്. കേരളത്തിൽ വേരുകളുള്ള കന്യാകുമാരി സ്വദേശി അഡ്മിറൽ സുശീൽ കുമാർ 1998ൽ സേനാ മേധാവി പദം വഹിച്ചിരുന്നു. നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന കമാൻഡ് ആയ മുംബൈയിലെ പടിഞ്ഞാറൻ കമാൻഡിന്റെ നേതൃത്വം വഹിക്കുമ്പോഴാണ് സേനാ മേധാവിയായി ഹരികുമാർ നിയമിക്കപ്പെട്ടത്. പിന്നാലെ മറ്റൊരു സന്തോഷവും അദ്ദേഹത്തെ തേടിയെത്തി. രാജ്യത്തിന്റെ പരമോന്നത സേനാ പുരസ്കാരമായ പരമവിശിഷ്ട സേവാ മെഡൽ കഴിഞ്ഞ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദ് അദ്ദേഹത്തിനു സമ്മാനിച്ചു. 38 വർഷം നീണ്ട ഒൗദ്യോഗിക ജീവിതത്തിൽ ഹരികുമാർ രാജ്യത്തിനു നൽകിയ സേവനങ്ങൾക്കു കടലോളം ആഴവും പരപ്പുമുണ്ട്. നാവികസേനയുടെ നായകന് ഉശിരനൊരു സല്യൂട്ട്!

English Summary: Life Story of Vice Admiral R Harikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com