ADVERTISEMENT

കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തം രാജ്യത്തിന്റെ തീരാനൊമ്പരമായി മാറുമ്പോൾ സമാനമായൊരു ഹെലികോപ്റ്റർ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം ഓർത്തെടുക്കുകയാണ് ചാലക്കുടിക്കാരൻ സി.എ.സ്റ്റാൻലി

സ്റ്റാൻലി സാബ്, വേഗം പുറത്തു കടക്ക്..’ പെറ്റി ഓഫിസർ സുർജിത് സിങ്ങിന്റെ ഈ വിളിയാണ് അന്നു സി.എ. സ്റ്റാൻലിയെ മരണത്തിൽനിന്നു പുറത്തെത്തിച്ചത്. എപ്പോൾ വേണമെങ്കിലും തീപിടിക്കാവുന്ന വിധം തകർന്ന ഹെലികോപ്റ്ററിനുള്ളിൽ ബോധമറ്റു കിടക്കുകയായിരുന്നു സ്റ്റാൻലി. മുറിവേറ്റ ശരീരവുമായി ഒരുവിധം ഇഴഞ്ഞു പുറത്തെത്തിയെങ്കിലും ആ നടുക്കത്തിൽ നിന്നു മോചിതനാകാൻ സ്റ്റാൻലിക്കു കഴിഞ്ഞിട്ടില്ല, 44 വർഷത്തിനു ശേഷവും! ‌

ചെന്നൈ മീനമ്പാക്കത്തു നിന്നു കൊച്ചി നേവൽ ബേസിലേക്കു പുറപ്പെട്ട വെസ്റ്റ്ലൻഡ് സീ കിങ് ഹെലികോപ്റ്റർ തൃശൂർ മച്ചാട് വനമേഖലയിൽ തകർന്നുവീണത് 1977 ഓഗസ്റ്റ് 20ന് ആണ്. കോപ്റ്ററിലുണ്ടായിരുന്ന ഏക മലയാളിയായ സ്റ്റാൻലി അടക്കം ഏഴംഗ നാവികസേന സംഘം പരുക്കുകളോടെ രക്ഷപ്പെട്ടു. മുറിവുകൾ സ്വയംവച്ചുകെട്ടി 11 മണിക്കൂർ കാട്ടിലൂടെ നടന്നാണ് അന്നവർ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. 

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന വാർത്ത കേട്ടു സ്റ്റാൻലി നെടുവീർപ്പോടെ പറയുന്നു, ‘ടാങ്ക് നിറയെ ഇന്ധനമുണ്ടായിട്ടും ഞങ്ങളുടെ കോപ്റ്റർ അന്നു തീപിടിക്കാതിരുന്നത് എന്തുകൊണ്ടെന്നത് ഇന്നും എനിക്ക് അദ്ഭുതമാണ്..’

stanley-1

ഓർക്കാൻ ഭയക്കുന്ന രാത്രി

നാവികസേനയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ ഏവിയേഷൻ വിഭാഗം ചീഫ് പെറ്റി ഓഫിസറായിരുന്നു ചാലക്കുടി ചിറയത്ത് സ്റ്റാൻലി (74). വിക്രാന്തിലെ സീ കിങ് ഹെലികോപ്റ്ററുകളുടെ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രമെന്റേഷൻ വിഭാഗത്തിൽ സ്റ്റാൻലി ജോലി ചെയ്യുന്ന കാലം. ഗോവയിൽ നിന്നു കൊച്ചി തുറമുഖത്തേക്കു വിക്രാന്ത് സഞ്ചരിച്ചുകൊണ്ടിരിക്കെ അടിയന്തരമായി മീനമ്പാക്കം എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ സീ കിങ് ഹെലികോപ്റ്റർ ക്രൂവിനു നിർദേശം ലഭിച്ചത് 1977 മാർച്ച് 19ന്. 2 പൈലറ്റുമാരെയും 5 എൻജിനീയറിങ് വിദഗ്ധരെയും കയറ്റി കപ്പലിൽ നിന്നു പറന്നുയർന്ന ഹെലികോപ്റ്റർ മീനമ്പാക്കത്തെത്തി. പിറ്റേന്നു വൈകിട്ടു കൊച്ചിയിലേക്കു തിരിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, കനത്ത കാറ്റും മഴയും മൂലം 2 മണിക്കൂർ വൈകിയാണു കൊച്ചി യാത്ര ആരംഭിക്കാനായത്. 

തമിഴ്നാട് അതിർത്തി കടന്നപ്പോൾ കൊച്ചിയിലെ എയർ ട്രാഫിക് കൺട്രോളുമായി (എടിസി) പൈലറ്റ് ലഫ്. വി.എസ്. മൽഹോത്ര ബന്ധപ്പെട്ടു. യാത്രക്കാരുടെ വിവരങ്ങൾ കൈമാറാൻ എടിസി നിർദേശം നൽകി. ഇതിനിടെ ഹെലികോപ്റ്റർ തൃശൂർ ജില്ലയിലെ മച്ചാട് വനമേഖലയ്ക്കു മുകളിലെത്തിയിരുന്നു. സ്വന്തം നാടിന്റെ രാത്രി കാഴ്ച ആസ്വദിക്കാനായി സ്റ്റാൻലി എഴുന്നേറ്റു ജനലരികിലേക്കു നടന്നു.  സമയം രാത്രി 7.30. വല്ലാത്തൊരു കുലുക്കത്തിൽ ഹെലികോപ്റ്റർ ആടിയുലഞ്ഞു. ‘സ്റ്റാൻലി, പ്ലീസ് സിറ്റ് ഡൗൺ’ എന്നു പൈലറ്റ് പിന്തിരിഞ്ഞു താക്കീതു നൽകി. 

ca-stanley
സി.എ.സ്റ്റാൻ‌ലിയും ഭാര്യ മേരിക്കുട്ടിയും.

ഡോപ്ലർ റഡാർ തകരാറിൽ

സീറ്റിൽ മടങ്ങിയെത്തി സീറ്റ് ബെൽറ്റ് മുറുക്കിയതേ സ്റ്റാൻലിക്ക് ഓർമയുള്ളൂ. ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചു. ഭൂമിയിൽ നിന്നുള്ള ഉയരം വ്യക്തമാക്കുന്ന ഡോപ്ലർ റഡാർ തകരാറിലായതായി പൈലറ്റ് പരിഭ്രാന്തനായി വിളിച്ചു പറയുന്നുണ്ടായിരുന്നു. 

ഹെലികോപ്റ്റർ എവിടെയോ ഇടിച്ചുകയറുന്ന ശബ്ദമാണു പിന്നീടു കേട്ടത്. സീറ്റിനു മുന്നിലെ ഡേറ്റ റിസീവർ ബോക്സിൽ തലയിടിച്ചു സ്റ്റാൻലിക്കു ബോധം നഷ്ടപ്പെട്ടു. പിന്നീട്, പെറ്റി ഓഫിസർ സുർജ‍ിത്തിന്റെ ഉച്ചത്തില‍ുള്ള വിളികേട്ടാണ് ഉണരുന്നത്. ഇതിനിടെ 15 മിനിറ്റ് കടന്നുപോയിരുന്നു. ഹെലികോപ്റ്റർ പൊട്ട‍ിത്തെറിച്ചേക്കുമെന്നു ഭയന്ന് എല്ലാവരും അകന്നു നിൽക്കുകയായിരുന്നു. തലയിൽ നിന്നു രക്തം ഒലിച്ചിറങ്ങുന്നതു വകവയ്ക്കാതെ സ്റ്റാൻലി പുറത്തേക്ക് ഇഴഞ്ഞു. കമാൻഡിങ് ഓഫിസറടക്കം എല്ലാവരും മുറിവുകൾ പരസ്പരം വച്ചുകെട്ടുകയാണ്. സ്റ്റാൻലിയുടെ തലയിലെ മുറിവും ഇവർ വച്ചുകെട്ടി. 

അപകട വിവരം അറിയിക്കാൻ പാകത്തിനുള്ള ആശയവിനിമയ സൗകര്യമെല്ലാം പ്രവർത്തനരഹിതമായി. വാക്കി ടോക്കിയിൽ സിഗ്നൽ ലഭിച്ചതുമില്ല. 

11 മണിക്കൂർ ഒരേ നടപ്പ്

കാട്ടിൽ തങ്ങിയാൽ ജീവൻ അപകടത്തിലാകാം എന്നതിനാൽ ജനവാസ മേഖല തേടി നടക്കാൻ സ്റ്റാൻലിയും സംഘവും തീരുമാനിച്ചു. കാട്ടിൽ കണ്ട അരുവിയുടെ തീരത്തു കൂടിയായിരുന്നു നടപ്പ്. വേദനയും പേടിയും വിശപ്പും ദാഹവുമെല്ലാം നന്നായി വലച്ചു. ഇതിനിടെ ദൂരെ എവിടെയോ ഒരു വിമാനം താഴ്ന്നു പറക്കുന്ന ശബ്ദം പലവട്ടം കേട്ടു. തങ്ങളെ തേടി കൊച്ചിയിൽ നിന്നെത്തിയ തിരച്ചിൽ വിമാനമാണ് അതെന്ന് ഇവർ അറിഞ്ഞില്ല. 

ഇതേസമയം ചേലക്കരയിൽ നിന്നു 2 സംഘങ്ങൾ കാൽനടയായും തിരച്ചിൽ ആരംഭിച്ചിരുന്നു. രാവിലെ 7 മണിയോടെ തടാകം പോലൊരു സ്ഥലത്തെത്തി. മറുകരയിലൊരു മനുഷ്യനെ കണ്ടപ്പോൾ എല്ലാവർക്കും പോയ ജീവൻ തിരിച്ചു കിട്ടി. തങ്ങളെത്തിയതു വാഴാനി ഡാമിനു സമീപത്താണെന്ന് ഇവർ മനസ്സിലാക്കിയതു ഗംഗാധരൻ എന്ന ആ മനുഷ്യനിൽ നിന്നാണ്. അദ്ദേഹത്തിന്റെ സഹായത്തോടെ ഡാമിലെ ലാൻഡ് ഫോണിൽ നിന്നു വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വിവരമറിയിച്ചു. അതുവഴിയെത്തിയ സ്വകാര്യ ബസിലും ഒരു ജീപ്പിലും കയറി വടക്കാഞ്ചേരി സ്റ്റേഷനിലെത്തി. 

helicopter-crash
മച്ചാട് വനമേഖലയിൽ 1977 ഓഗസ്റ്റ് 20നു തകർന്നുവീണ നാവികസേന ഹെലികോപ്റ്റർ (മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രം)

വീടിനു മുന്നിലൂടെ യാത്ര

നാവികസേനയുടെ ആംബുലൻസിലാണ് ഇവരെ കൊച്ച‍ിയിലേക്കു കൊണ്ടുപോയത്. ചാലക്കുടിയിൽ സ്റ്റാൻലിയുടെ വീടിന്റെ ഒന്നരക്കിലോമീറ്റർ അകലെക്കൂടിയാണ് ആംബുലൻസ് പാഞ്ഞത്. ഹെലികോപ്റ്റർ തകർന്നതും 7 നാവികരെ കാണാതായതും ഇതിനകം വലിയ വാർത്തയായിരുന്നു. സ്റ്റാൻലിയുടെ വീടും ഈ സമയത്തു മരണവീടു പോലെയായി. തങ്ങൾ രക്ഷപ്പെട്ടെന്ന വിവരം അറിയിക്കാൻ വേണ്ടി വീട്ടിലൊന്നു വണ്ടി നിർത്തണമെന്ന് അപേക്ഷിക്കാൻ സ്റ്റാൻലിയുടെ ഉള്ളം കൊതിച്ചെങ്കിലും ശാരീരികാവസ്ഥ അനുകൂലമായിരുന്നില്ല. ഒന്നരയാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വന്നു. 

 അപകടം നടന്ന് 6 മാസത്തിനു ശേഷം ജോലിയുടെ ഭാഗമായി വീണ്ടും ഹെലികോപ്റ്ററിൽ യാത്ര ചെയ്യേണ്ടിവന്നു. 1979ൽ സേനയിൽ നിന്നു വിരമിക്കുന്നതു വരെ പിന്നീടു പലവട്ടം കോപ്റ്ററിൽ കയറേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെയും സ്റ്റാൻലിയുടെ ഉള്ളംകൈ വിയർത്തു, ഹൃദയം നിർത്താതെ വിറകൊണ്ടു. വിരമിച്ച ശേഷം സ്റ്റാൻലി ദീർഘകാലം ഖത്തറിൽ ജോലിചെയ്തു. പിന്നീടു ചാലക്കുടിയിലെ വീട്ടിലെത്തി ഭാര്യ മേരിക്കുട്ടിക്കും 3 മക്കൾക്കുമൊപ്പം വിശ്രമ ജീവിതം. 9 വർഷം മുൻപു മേരിക്കുട്ടിയെയും കൂട്ടി സ്റ്റാൻലി പഞ്ചാബിലേക്കൊരു യാത്ര പോയിരുന്നു. അന്നു തന്നെ മരണത്തിൽ നിന്നു തന്നെ വലിച്ചു പുറത്തിറക്കിയ പെറ്റി ഓഫിസർ സുർജിത് സിങ്ങിനെ ഒരിക്കൽക്കൂടി കാണാൻ...

English Summary: CA Stanley who survived helicopter crash landing share experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com