ADVERTISEMENT

40 വർഷത്തെ സർവീസും ലക്ഷക്കണക്കിനു രോഗികളെ ചികിൽസിച്ചു സുഖപ്പെടുത്തിയ അനുഭവ സമ്പത്തുമായാണ് ഡോ. അലക്സാണ്ടർ കേരളത്തിലെത്തിയത്. കേരളത്തിൽ പ്രാക്ടീസ് തുടങ്ങുന്നതിനെക്കുറിച്ച് പരിചയക്കാരനായ ഒരു ഡോക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘നിങ്ങൾ വലിയ ചികിൽസകനൊക്കെ ആയിരിക്കും. പക്ഷേ, ദയവു ചെയ്തു കുഷ്ഠ രോഗത്തിനു ചികിൽസിച്ച കാര്യം മിണ്ടരുത്. മിണ്ടിയാൽഒരാളും നിങ്ങളുടെ അടുക്കൽ വരില്ല’’. – കുഷ്ഠരോഗം വെറുക്കപ്പെടേണ്ടതല്ലെന്നും ചികിൽസിച്ചാൽ പൂർണമായും ഭേദമാക്കാവുന്നതാതെന്നും രാജ്യത്തെ പഠിപ്പിച്ചവരിൽ ഒരാളായ ഡോ. അലക്സാണ്ടർ തോമസിന്റെ ജീവിതം. 

ചങ്ങനാശേരി എസ്ബി കോളജിൽ പഠനത്തോടൊപ്പം ചില്ലറ സാമൂഹിക പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവുമൊക്കെയായി നടന്ന ഒരു ബിരുദ വിദ്യാർഥിക്കു മുന്നിൽ കാലത്തിന്റെ വിളി ഒരു പത്രപ്പരസ്യ രൂപത്തിലാണു വന്നത്. മധുര മിഷൻ ഹോസ്പിറ്റലിൽ അക്കൗണ്ടന്റ് ക്ലാർക്കിന്റെ ഒഴിവുണ്ട്, താൽപര്യമുള്ളവർ അപേക്ഷിക്കുക.

ബിഎസ്‌സി സുവോളജിക്കാരന് എന്ത് അക്കൗണ്ടിങ് എന്നു ചിന്തിക്കാതെ ആ പരസ്യത്തിലെ വിലാസത്തിലേക്ക് കത്തയച്ചു. ഒരു ജോലി മാത്രമായിരുന്നു ലക്ഷ്യം. ഒപ്പമയച്ച വ്യക്തി വിവരണം ആശുപത്രി അധികൃതർക്കു നന്നായി ബോധിച്ചു. താങ്കളുടെ കഴിവും യോഗ്യതയും വച്ച് കണക്കപ്പിള്ളയുടെ കസേരയല്ല, കുഷ്ഠരോഗാശുപത്രിയുടെ െവൽഫെയർ ഓഫിസർ തസ്തികയാണു നൽകുന്നത്. വന്നു ചേർന്നാലും...

കുഷ്ഠ രോഗത്തെയും രോഗികളെയും അങ്ങേയറ്റം ഭയന്നിരുന്ന കാലമാണ്, രോഗം ഭേദമായവരെപ്പോലും വീട്ടിൽ കയറ്റിയിരുന്നില്ല. അവരുടെ വെൽഫെയർ ഓഫിസർ എന്നു പറഞ്ഞാൽ എന്താണെന്നു പോലും അറിയാതെ ആ ചെറുപ്പക്കാരൻ വണ്ടി കയറി. രാജ്യത്തു കുഷ്ഠരോഗം തുടച്ചുനീക്കുന്ന മഹായജ്ഞത്തിന്റെ തുടക്കമായിരുന്നു ആ യാത്രയെന്ന് അലക്സാണ്ടർ തോമസ് എന്ന ചെറുപ്പക്കാരൻ അറിഞ്ഞിരുന്നേയില്ല.

നാലു പതിറ്റാണ്ടു പിന്നിട്ട സേവനം, ചികിൽസിച്ചു ഭേദമാക്കിയതു രണ്ടു ലക്ഷത്തോളം കുഷ്ഠരോഗികളെ. രാജ്യത്തെ ലെപ്രസി മിഷന്റെ മുൻനിരയിൽ കുഷ്ഠരോഗ നിവാരണ യജ്ഞത്തെ ഡോ. അലക്സാണ്ടർ നയിച്ചപ്പോൾ ഭാര്യ ഡോ. റബേക്കയും ഉണ്ടായിരുന്നു മുന്നണിപ്പോരാളിയായി. 

മാനാമധുരയിലെ സാനിറ്റോറിയം

12 അടി ഉയരമുള്ള കോട്ടയ്ക്കുള്ളിലായിരുന്നു മാനാമധുരയിലെ കുഷ്ഠരോഗ ചികിൽസാലയം. രോഗികളെ ശുശ്രൂഷിക്കണം, പശുവിനെ നോക്കണം, ആടിനെ തീറ്റണം– ഇതെല്ലാമാണ് വെൽഫെയർ ഓഫിസറുടെ ജോലി. എന്താണ് ഭാവി എന്നറിയാതെ 21–ാം വയസ്സിൽ അലക്സാണ്ടർ പകച്ചുനിന്നു. പതിയെ ജോലിയോടു പഴകി വന്നപ്പോൾ കുഷ്ഠരോഗ ചികിൽസയിൽ ആകർഷണം തോന്നി. 1961ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. സിഎസ്ഐ സഭയാണ് അലക്സാണ്ടറിനെ സ്പോൺസർ െചയ്തത്. കുഷ്ഠരോഗ ചികിൽസയിലെ അതികായൻ ഡോ. പോൾ ബ്രാൻഡ് ആയിരുന്നു അന്നു പ്രിൻസിപ്പൽ.  

പഠനം പൂർത്തിയാക്കി മുഴുവൻ സമയവും കുഷ്ഠരോഗ ചികിൽസാ രംഗത്തു തുടരാനാണ് താൽപര്യമെന്നു ഡോ. അലക്സാണ്ടർ, പോൾ ബ്രാൻഡിനോടു പറഞ്ഞു. സ്പോൺസർമാരായ സിഎസ്ഐ സഭ അലക്സാണ്ടറിനു വിടുതൽ നൽകി. അങ്ങനെ ജീവിത നിയോഗമായ ലെപ്രസി മിഷനിൽ അലക്സാണ്ടർ അംഗമായി. തമിഴ്നാട്ടിലെ കരിഗിരി ഷെഫ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത് റിസർച് ആൻഡ് ലെപ്രസി സെന്ററിൽ കുഷ്ഠരോഗ ചികിൽസയിൽ വൈദഗ്ധ്യം നേടി. ഇവിടെനിന്ന് ആദ്യ നിയമനം കോഴിക്കോട് ചേവായൂർ കുഷ്ഠരോഗാശുപത്രിയിൽ. 

ചേവായൂരിൽ നിന്നു തമിഴ്നാട്ടിലേക്കു മടങ്ങി. ഡോ. ഏണസ്റ്റ് ഫ്രിച്ചിയുടെ കീഴിൽ സർജറി പഠിച്ചു. രണ്ടു ദിവസം ശസ്ത്രക്രിയ, രണ്ടു ദിവസം ഒപി, രണ്ടു ദിവസം ഗ്രാമസേവനം.  ഇതിനിടെ വെല്ലൂർ സിഎംസിയിൽ നിന്നു ജനറൽ മെഡിസിനിൽ എംഡി പൂർത്തിയാക്കി. നേത്രരോഗ വിദഗ്ധയായ ഡോ. റബേക്കയെ ജീവിത സഖിയാക്കി. ഇരുവരും ചേർന്നുള്ളതായിരുന്നു പിന്നീടുള്ള സേവനം.

alexander
ഭാര്യ ഡോ. റബേക്കയ്ക്ക് ഒപ്പം ഡോ. അലക്സാണ്ടർ

വിജയനഗരത്തിലെ 12 വർഷം

ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ കുഷ്ഠരോഗ ചികിൽസയ്ക്കായി എത്തുമ്പോൾ ആ ഗ്രാമം സാക്ഷരതയിൽ വളരെ പിന്നിലായിരുന്നു. അവിടെ ആദിവാസി വിഭാഗത്തിനിടയിൽ വർഷങ്ങൾ പ്രവർത്തിച്ചു. അവർക്ക് ഹോസ്റ്റലുകൾ നിർമിച്ചു, രോഗം ചികിൽസിച്ചു ഭേദമാക്കി.

കുവി വിഭാഗക്കാർ നിബിഡ വനത്തിനുള്ളിൽ കഴിയുന്നവരാണ്. വിദ്യാഭ്യാസമില്ല, ലിപിയുള്ള ഭാഷയില്ല. അവരുടെ വീടുകളിൽ പോയാണ് ചികിൽസിച്ചത്. വീടുകൾ എന്നു പറഞ്ഞാൽ, കമ്പും ഇലകളുമൊക്കെ ഉപയോഗിച്ചുള്ള മാടങ്ങൾ. കൊതുകു കടി എന്താണെന്ന് അറിഞ്ഞത് അവിടെ വച്ചാണെന്നു ഡോ. അലക്സാണ്ടർ പറയുന്നു. അവിടെ സേവനം ചെയ്യുന്നതിനിടെ ഒരു ദിവസം നേപ്പാളിൽ ഡോക്ടർമാർക്കു പരിശീലനം നൽകുന്നതിനു ക്ഷണം ലഭിച്ചു.

അവിടേക്കുള്ള യാത്രയിൽ പനി ബാധിച്ചു. ഏറ്റവും മാരകമായ മലേറിയ ബാധിച്ചിരിക്കുന്നു. സാലൂരിലെ കൊതുകു കടിയുടെ ശക്തി മനസ്സിലായത് അപ്പോഴാണ്. മരണത്തോളം എത്തിയെങ്കിലും െവല്ലൂരിലെ ചികിൽസയിലൂടെ ജീവിതം തിരികെപ്പിടിച്ചു.

അവിടെ തളർന്നില്ല, വീണ്ടും സാലൂരിലേക്കു തന്നെ പോയി. ആ പ്രദേശത്തെ കുട്ടികൾക്കായി ഹോസ്റ്റൽ തുടങ്ങി, കുഷ്ഠരോഗികൾക്കു പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങി. നാലിടങ്ങളിൽ വൈഎംസിഎ തുടങ്ങി.  രോഗം ഭേദമായവരെ വിവിധ ജോലികൾക്കു നിയോഗിച്ചു. വളരെ വേഗം അവർ സാധാരണ ജീവിതത്തിലേക്കു മടങ്ങി. ഡോ. റബേക്ക വർഷം 1000 തിമിര ശസ്ത്രക്രിയകളാണു ചെയ്തിരുന്നത്. 6 വർഷം അവിടെയുണ്ടായിരുന്ന റബേക്ക 6000 പേരെ കാഴ്ചയുടെ ലോകത്തേക്കു തിരികെക്കൊണ്ടുവന്നു.

വീണ്ടും കേരളത്തിലേക്ക്

അച്ചൻകോവിൽ പ്രദേശത്ത് കുഷ്ഠരോഗം പടരുന്നുവെന്ന വാർത്തയെ തുടർന്നാണ് അലക്സാണ്ടറും റബേക്കയും രണ്ടാം തവണ കേരളത്തിലെത്തിയത്. കൊല്ലത്തും മഞ്ചേരിയിലും ലെപ്രസി മിഷൻ സ്ഥാപനങ്ങൾ തുടങ്ങി. 120 പേരിൽ ബയോപ്സി നടത്തിയതിൽ നിന്നു മനസ്സിലായി, പലർക്കും കുഷ്ഠ രോഗമല്ല, കാലാഅസാർ എന്ന അസുഖമാണെന്ന്. 400 പേരിൽ കുഷ്ഠരോഗം കണ്ടെത്തി. ഒരു വർഷത്തെ ചികിൽസയിലൂടെ രോഗികളുടെ എണ്ണം 18 ആയി കുറച്ചു. 

കുഷ്ഠരോഗ ചികിൽസാ രംഗത്ത് ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സിനു തുടക്കം കുറിച്ചത് ഡോ.അലക്സാണ്ടറാണ്.  2002ൽ ലെപ്രസി മിഷനിൽ നിന്നു വിരമിച്ചു.  2017ൽ കേരളത്തിലേക്കു മടങ്ങി.

സാമൂഹിക സേവനം പാരമ്പര്യ സ്വത്ത്

1874ൽ കൊല്ലം കല്ലടയിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി കുഴിക്കാലയിൽ എത്തിയതാണ് ഡോ. അലക്സാണ്ടറിന്റെ കുടുംബം. വല്യപ്പൻ റവ. സി.തോമസ് സിഎസ്ഐ സഭയിലെ വൈദികനായിരുന്നു. കുഴിക്കാലയിലെ ആദ്യത്തെ ഇംഗ്ലിഷ് സ്കൂളും മലയാളം സ്കൂളും തുടങ്ങിയത് തോമസ് അച്ചനാണ്. ഡോ. അലക്സാണ്ടറിന്റെ പിതാവ് സി. തോമസ് ഈ സ്കൂളിൽ അധ്യാപകനായിരുന്നു.  

 കേരളത്തിൽ പ്രാക്ടീസ് തുടങ്ങുന്നതിനെക്കുറിച്ച് പരിചയക്കാരനായ ഒരു ഡോക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘നിങ്ങൾ വലിയ ചികിൽസകനും നാലു പതിറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള ആളുമൊക്കെയായിരിക്കും. പക്ഷേ, ദയവു ചെയ്തു കുഷ്ഠ രോഗത്തിനു ചികിൽസിച്ച കാര്യം മിണ്ടരുത്. ഒരാളും നിങ്ങളുടെ അടുക്കൽ വരില്ല’’. ‘‘എനിക്ക് ഒരുകാര്യം ഉറപ്പായി, ഒരു ഡോക്ടറുടെ മനോഭാവം ഇതാണെങ്കിൽ, സാധാരണക്കാരെ എന്തു പറഞ്ഞു ബോധവൽക്കരിക്കും? ശരീരത്തെ ബാധിച്ച രോഗം നമുക്കു ചികിൽസിക്കാം, മനസ്സിലേത്, അതിനു മരുന്നു കണ്ടുപിടിക്കണം’’ – ഡോ. അലക്സാണ്ടർ പറയുന്നു.

81–ാം വയസ്സിൽ കുഴിക്കാലായിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് ഡോ. അലക്സാണ്ടറും ഭാര്യ റബേക്കയും. പൂർവ വിദ്യാർഥികളുടെ ആതുര സേവന രംഗത്തെ മികവിനു വെല്ലൂർ സിഎംസി ഏർപ്പെടുത്തിയ ഡോ. പോൾ ഹാരിസ് അവാർഡിന് 2020ൽ തിരഞ്ഞെടുക്കപ്പെട്ടത് ഡോ. അലക്സാണ്ടറാണ്. മക്കൾ: സുനിത, ഡോ. സുശീൽ, സ്നേഹ. മരുമക്കൾ: പാർഥിവൻ, ഡോ. അഞ്ജു, അരുൺ.

English Summary: Life of leprosy specialist Dr. Alexander

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com