സംഗീതത്തിന്റെ ക്രിസ്മസ്

italy-1
വെനീസിലെ സെന്റ് മാർക്കോ സ്ക്വയറിലെ ക്രിസ്‌മസ് ട്രീ, പാദുവയിലെ ഒരുപള്ളിയിൽ ഒരുക്കിയ പുൽക്കൂട്.
SHARE

ഇറ്റലിയിലെ ക്രിസ്മസ് ആനന്ദം പൊഴിക്കുന്ന സംഗീതത്തിന്റെ രാവുകളാണ്. വിവാൾഡിയുടെയും മൊസാർട്ടിന്റെയും ബീഥോവന്റെയുമൊക്കെ ശുദ്ധസംഗീതം മുതൽ യുവതലമുറയെ ഹരംപിടിപ്പിക്കുന്ന മോഡേൺ മ്യൂസിക് വരെ പൊഴിയുന്ന മഞ്ഞുകാലം.... 

ഞാൻ ഈ കുറിപ്പെഴുതുന്ന ഇറ്റലിയിലെ പാദുവ നഗരത്തിൽ ക്രിസ്മസ് രാവുകൾ സംഗീതരാവുകളാണ്. വൈവിധ്യമാണ് ഈ സംഗീതപരിപാടികളുടെ മുഖമുദ്ര. ഓരോ ദിവസവും ഓരോ സംഗീതം. ഒരു ദിവസം ഓർഗൻ വായനയെങ്കിൽ അടുത്ത ദിവസം വയലിൻ, പിയാനോ, ഹാർപ് അങ്ങനെ ഓരോന്ന്. പള്ളികളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ചാണ് പരിപാടികൾ. 

ചെറിയ ഹാളുകളോ മുറികളോ കേന്ദ്രീകരിച്ചുള്ള സംഗീത പരിപാടികളാണെങ്കിൽ സംഗീതജ്ഞനും ആസ്വാദനകനുമിടയിൽ  മൈക്കിന്റെ തടസ്സം പോലുമുണ്ടാവില്ല. ചേംബർ മ്യൂസിക് എന്നു വിളിക്കുന്ന ഈ സംഗീതപരിപാടികളിൽ വിവാൾഡിയുടെയും മൊസാർട്ടിന്റെയും ബീഥോവന്റെയുമൊക്കെ ശുദ്ധസംഗീതമാണുയരുക. 

italy-2
പാദുവയിലെ ഭക്ഷണ വിൽപനശാലകളിലൊന്ന്.

പിള്ളേരു സെറ്റിനായി മോഡേൺ മ്യൂസിക്കുമുണ്ട്. ആധുനിക സംഗീതത്തിന്റെ ഉപജ്ഞാതാവായി ഇറ്റലിക്കാർ നെഞ്ചിലേറ്റുന്ന ബ്രൂണോ മഡേണയുടെ സ്മരാണാർഥം നടത്തുന്ന സംഗീതനിശയിലെ ഓളം തന്നെ ഉദാഹരണം. 

പരിപാടികൾക്കു പ്രവേശനം പൊതുവെ സൗജന്യമാണെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യണം. ആളുകളുടെ തള്ളിക്കയറ്റം നിയന്ത്രിക്കുന്നതിനാണിത്. പ്രവേശന കവാടത്തിൽ ഗ്രീൻകാർഡും വാക്സിനേഷൻ സർട്ടിഫിക്കറ്റും കാണിക്കണം. സംഗീതപരിപാടിക്കു പുറമെ മറ്റു സാംസ്കാരിക പരിപാടികളുമുണ്ട്.

ഇറ്റലിയിൽ പഴക്കംകൊണ്ടു രണ്ടാമത്തെ സർവകലാശാല പാദുവയിലാണ്. 1222ൽ സ്ഥാപിച്ചത്. ഇവിടെ 1592 മുതൽ 1610 വരെ ഗലീലിയോ ഗലീലി ഊർജതന്ത്രവും ജ്യോതിശാസ്ത്രവും ഗണിതശാസ്ത്രവും പഠിപ്പിച്ചിരുന്നു. ഇവിടത്തെ വിശുദ്ധ അന്തോനീസിന്റെ ബസിലിക്ക 1310ൽ സ്ഥാപിച്ചതാണ്. 1267 മുതൽ 1337 വരെ ജീവിച്ചിരുന്ന ചിത്രകാരൻ ജോട്ടോയുടെ ത്രിമാന ചുവർചിത്രങ്ങൾ അലങ്കരിക്കുന്നത് പാദുവയിലെ സ്ക്രോവെഞ്ചി ചാപ്പലിന്റെ ചുവരുകളെയാണ്. ഈ ചാപ്പൽ ഇപ്പോൾ യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലുണ്ട്. 

ജീവനുള്ള പുൽക്കൂടുകൾ 

പുൽക്കൂടുകളാണ് ഇറ്റലിയിലെ ഏറ്റവും വലിയ സവിശേഷത. പതിനെട്ടാം നൂറ്റാണ്ടിലെ ശിൽപി ജുസെപ്പി സാൻമാർട്ടിനോ സൃഷ്ടിച്ച ദൃശ്യത്തിന്റെ അടിസ്ഥാന സവിശേഷതകൾ നിലനിർത്തിക്കൊണ്ടുള്ളതാണ് പുൽക്കൂടുകൾ. യഥാർഥ മനുഷ്യരും മൃഗങ്ങളും ചേർന്ന് ഒരു നാടകദൃശ്യം പോലെ മനോഹരവും ജീവനുള്ളതുമാണ് ചില പുൽക്കൂടുകൾ. പള്ളികളിലും നഗരചത്വരങ്ങളിലും വീടുകളിലുമൊക്കെ ഇത്തരം ദൃശ്യങ്ങൾ ഒരുക്കും. 

italy-3
പാദുവ നഗരത്തിലെ കടകളിലൊന്ന്.

വർഷത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ദിവസം ഏതെന്നു ചോദിച്ചാൽ ഇരട്ടകളായ എന്റെ കൊച്ചുമക്കൾ പറയുന്നത് രണ്ടു ജന്മദിനങ്ങളെക്കുറിച്ചാണ്. യേശുവിന്റെ ജന്മദിനമായ ക്രിസ്മസും പിന്നെ അവരുടെ സ്വന്തം ജന്മദിനവും. കാരണം ഈ രണ്ടു ദിവസങ്ങളിലാണ് അവർക്ക് ഏറ്റവും കൂടുതൽ സമ്മാനങ്ങൾ കിട്ടുന്നത്. 

ഇറ്റലിയിൽ ‘നതാലെ’ എന്നാണു ക്രിസ്മസിനു വിളിപ്പേര്. ഡിസംബർ ആറിന് സെന്റ് നിക്കോളാസ് ദിനത്തോടെ ആരംഭിച്ച് ജനുവരി ആറിന് 'എപ്പിഫാനിയ' വരെ ഒരു മാസം നീളുന്നതാണ് ഇറ്റലിയിലെ ക്രിസ്മസ് ആഘോഷം. 

വീടിനു മുൻപിൽ നക്ഷത്രങ്ങൾ തൂക്കിയിടുന്ന പതിവ് ഇവിടെയില്ല.  സമ്മാനങ്ങളുമായെത്തുന്ന വലിയ സാന്താക്ലോസ് രൂപങ്ങളാണ് കൂടുതൽ കാണുന്നത്. 

തെരുവിന്റെ ഓരോ മൂലയിലുമുണ്ട് മധുരപലഹാരങ്ങളുടെയും ഇറ്റാലിയൻ വിഭവങ്ങളുടെയും രുചിമണം. തിരക്കു കാരണം ചില തെരുവുകളൊക്കെ കാൽനടയാത്രക്കാർക്കായി മാറ്റിവയ്ക്കേണ്ട അവസ്ഥ പോലും വരുന്നു. 

English Summary: Christmas celebration in italy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA