മാതാവിനെ കണ്ടെടുത്ത പുത്രൻ; ആ രൂപത്തിനു പിന്നീട് സംഭവിച്ചത് ‘അത്ഭുത’ പരിവർത്തനം

sudeesh-1
സുധീഷ് അഞ്ചേരി
SHARE

നടനും മിമിക്രി താരവുമായ സുധീഷ് അഞ്ചേരിക്ക് 10 വർഷം മുൻപ് ഓടയിൽ  നിന്നൊരു ശിൽപം കിട്ടി. ആരോ ഉപേക്ഷിച്ചുപോയ, വേളാങ്കണ്ണി മാതാവിന്റെ തകർന്ന രൂപമായിരുന്നു അത്. ക്രിസ്മസിനു പുൽക്കൂട്ടിൽ വയ്ക്കാൻ സുധീഷ് പുതുക്കിപ്പണിത ആ രൂപത്തിനു പിന്നീട് സംഭവിച്ചത് ‘അത്ഭുത’ പരിവർത്തനം..

മണ്ഡലകാലമായിരുന്നു. ശബരിമലയ്ക്കു പോകാനായി സുധീഷ് മാലയിട്ടിരുന്നു. ക്രിസ്മസിന്റെ വരവറിയിച്ച് മഞ്ഞണിഞ്ഞു നിന്ന ആ പുലരികളിലൊന്നിൽ റോഡരികിലെ കാനയിലൊരു ശിൽപം ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നതു സുധീഷ് കണ്ടു. വേളാങ്കണ്ണി മാതാവിന്റേതായിരുന്നു ശിൽപം. തലയിലെ കിരീടം തകർന്ന നിലയിലാണ്. രൂപത്തിന്റെ കയ്യും കാലും മുഖവും അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലും. ഓട്ടോറിക്ഷയിൽ കയറ്റി മാതാവിന്റെ രൂപം വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ സുധീഷ് തിരിച്ചറിഞ്ഞിരുന്നില്ല, ജീവിതകാലമത്രയും തന്റെ ഹൃദയത്തിൽ മഞ്ഞുപൊഴിക്കാൻ പോകുന്നൊരു സംഭവത്തിന്റെ തുടക്കമാണതെന്ന്. മലയ്ക്കു പോയി മടങ്ങിയെത്തിയ ശേഷം വീടിനു സമീപത്തെ ക്ലബ്ബിനു വേണ്ടി താൻ തയാറാക്കുന്ന പുൽക്കൂട്ടിൽ വയ്ക്കാമല്ലോ എന്നുകരുതി സുധീഷ് ആ രൂപം പുതുക്കിപ്പണിതെടുത്തു. 11 വർഷം പിന്നിട്ടു മറ്റൊരു ക്രിസ്മസ് എത്തുമ്പോൾ സുധീഷ് വീണ്ടെടുത്ത ആ മാതാവിന്റെ രൂപത്തിന് ഒരു ചാപ്പലിലാണു സ്ഥാനം. തൃശൂർ തലോറിലെ ജറുസലം ധ്യാനകേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിന്റെ പ്രാർഥനാലയത്തിലെ പ്രതിഷ്ഠയായി ആ രൂപം പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. 

അനുകരിക്കാനാകാത്ത ജീവിതം

നടനും മിമിക്രി താരവുമായ സുധീഷ് അഞ്ചേരി സിനിമ, ടിവി പ്രേക്ഷകർക്കു സുപരിചിതനാണ്. തമിഴിലും മലയാളത്തിലുമായി പതിനഞ്ചോളം സിനിമകളിൽ അഭിനയിക്കുകയും ടിവി സ്റ്റേജ് ഷോകളിൽ മിമിക്രിയിലൂടെ കയ്യടി നേടുകയും ചെയ്ത സുധീഷ്, ഒല്ലൂർ പെരുവാൻകുളങ്ങര തെക്കൂട്ട് വേലായുധന്റെയും മണിയുടെയും മകനാണ്. അനുകരണകലയിൽ മിടുക്കനെങ്കിലും സുധീഷിന്റെ കലയും ജീവിതവും അത്ര എളുപ്പത്തിൽ അനുകരിക്കാനാകില്ല. പത്താം ക്ലാസ് വരെ ഒരുവട്ടം പോലും സ്റ്റേജിൽ കയറാത്ത, ആരെയും അനുകരിക്കാത്തയാളായിരുന്നു സുധീഷ്. ചിത്രകലയോടു മാത്രമായിരുന്നു അഭിനിവേശം. സുഹൃത്തുക്കൾക്കൊപ്പം കൂടിയാണു മിമിക്രി ചെയ്തു തുടങ്ങിയത്. കലാഭവൻ വഴി ടിവി ചാനലുകളിലേക്കു മിമിക്രി മികവു വളർന്നു.

ജീവിതം മുന്നോട്ടുനീക്കാനായി 20 വർഷം മുൻപു തൃശൂർ ശക്തൻ മാർക്കറ്റിൽ മീൻവെട്ടുന്ന ജോലി തുടങ്ങിയത് ഇപ്പോഴും തുടരുന്നു. മിഷൻ ക്വാർട്ടേഴ്സിലെ സെന്റ് ജോസഫ്സ് സ്കൂളിൽ ചിത്രകലാധ്യാപകന്റെ ജോലി വേറെ. ഈ നിലയിലേക്കൊക്കെ സുധീഷ് വളരുന്നതിനു മുൻപായിരുന്നു ആ സംഭവം; 2010 നവംബർ ഏഴിന്. 

നിയോഗം കാത്തുവച്ചത്

തൃശൂർ ഒല്ലൂർ പടവരാട്ടെ റോഡരികിൽ കാനയിലൊരു രൂപം കണ്ടു വണ്ടിനിർത്തി. 5 അടിയോളം ഉയരമുള്ള മാതാവിന്റെ രൂപമാണെന്നു കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല. സിമന്റിലും പ്ലാസ്റ്റർ ഓഫ് പാരീസിലുമായി നിർമിച്ച രൂപം എങ്ങനെ നന്നാക്കിയെടുക്കുമെന്ന് ആലോചിച്ചപ്പോൾ സുധീഷിന് ഒരെത്തുംപിടിയും കിട്ടിയില്ല. കുറച്ചകലെയുള്ള ഒരു മിഷൻ കേന്ദ്രത്തിൽ എത്തിച്ചശേഷം സഹായം അഭ്യർഥിച്ചു. ‘വഴിയിലുപേക്ഷിക്കാതെ എടുത്തുകൊണ്ടു വരാൻ നിനക്കു തോന്നിയില്ലേ. നന്നാക്കിയെടുക്കാനും നിനക്കു തന്നെ കഴിയും..’– മിഷൻ കേന്ദ്രത്തിലെ ബ്രദറിന്റെ വാക്കുകൾ സുധീഷിന് ആത്മവിശ്വാസമേകി. സ്റ്റേഷനറിക്കടയിൽ നിന്നു വാങ്ങിയ പ്ലാസ്റ്റിക് ബോളിൽ പ്ലാസ്റ്റർ ഓഫ് പാരീസ് പൊതിഞ്ഞു കിരീടം തയാറാക്കി. രൂപത്തിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളെല്ലാം ഇതേ രീതിയിൽ തന്നെ നവീകരിച്ചു. നിറങ്ങൾ പൂർണമായി മായ്ച്ചശേഷം വീണ്ടും പെയിന്റ് പൂശി. നാട്ടിലെ ക്ലബ്ബിനു വേണ്ടി താൻ തന്നെ നിർമിച്ച പുൽക്കൂട്ടിലേക്കു സുധീഷ് മാതാവിന്റെ രൂപം എടുത്തുവച്ചു. ഡിസംബർ 23ന് ആയിരുന്നു അത്. ക്രിസ്മസുമായി ബന്ധപ്പെട്ട സ്റ്റേജ് ഷോയിൽ മിമിക്രി അവതരിപ്പിക്കാൻ കൊച്ചിയിലേക്കു പോയ സുധീഷ് തിരികെ എത്തിയത് ക്രിസ്മസിന്റെ പിറ്റേന്നാണ്.  

ധ്യാനകേന്ദ്രത്തിലേക്ക് യാത്ര

ക്ലബ്ബിന്റെ പുൽക്കൂട്ടിൽ വച്ച വേളാങ്കണ്ണി മാതാവിന്റെ രൂപം കാണാൻ നാട്ടുകാർ കൂട്ടമായി എത്തി. വിവരം പല ചെവി കടന്ന് തലോരിലെ ജറുസലം ധ്യാനകേന്ദ്രത്തിലെത്തി. ഡയറക്ടർ ഫാ. ഡേവിസ് പട്ടത്ത് നേരിട്ടെത്തി സുധീഷിനെ കണ്ടു, മാതാവിന്റെ രൂപത്തെയും. പുൽക്കൂട് അഴിച്ചുകഴിഞ്ഞാൽ രൂപം എന്തുചെയ്യും എന്ന അച്ചന്റെ ചോദ്യത്തിനു സുധീഷ് സംശയമെന്യേ പറഞ്ഞു, ‘എന്റെ വീട്ടിൽ വയ്ക്കും.’  അച്ചൻ തന്നെ വഴിപറഞ്ഞു കൊടുത്തു: ധ്യാനകേന്ദ്രത്തിലൊരു ചാപ്പൽ നിർമിച്ച ശേഷം അവിടെ പ്രതിഷ്ഠിക്കാം. സുധീഷ് സമ്മതം മൂളിയതോടെ 3 മാസത്തിനകം 700 ചതുരശ്രയടിയിൽ ചാപ്പൽ യാഥാർഥ്യമായി. ആദ്യത്തെ 2 വരി കല്ലിട്ടതു സുധീഷും കൂടിച്ചേർന്നാണ്. അഞ്ചേരിയിൽ നിന്നു നാട്ടുകാർ ഘോഷയാത്രയായാണു മാതാവിന്റെ രൂപം ധ്യാനകേന്ദ്രത്തിലെത്തിച്ചത്. 2011 മാർച്ച് 25ന് നിത്യാരാധനയ്ക്കായി പള്ളി വെഞ്ചരിച്ചശേഷം ഉള്ളിൽക്കയറാൻ തിക്കിത്തിരക്കിയ വിശ്വാസികളോടായി അച്ചൻ പറഞ്ഞു, ‘ആദ്യം സുധീഷ് തന്നെ അവന്റെ അമ്മയെ കാണട്ടെ..’ മാതാവിനെ വീണ്ടെടുത്ത പുത്രന് അർഹിച്ച ആദരം. 

sudeesh
സുധീഷ് അഞ്ചേരിയും ഫാ. ഡേവിസ് പട്ടത്തും തലോർ ജറുസലം ധ്യാനകേന്ദ്രത്തിൽ.

അനുവാദമില്ലാതെ കയറാം

പള്ളി യാഥാർഥ്യമായിട്ട് 10 വർഷം കഴിഞ്ഞു. പള്ളിക്കുള്ളിൽ പ്രവേശിക്കാൻ സുധീഷിനു സമയ നിയന്ത്രണങ്ങളില്ല, എപ്പോൾ ആഗ്രഹിക്കുന്നുവോ, അപ്പോൾ വരാം. പള്ളിയുമായി സുധീഷിന്റെ ബന്ധം കേട്ടറിഞ്ഞ പലരും ഇപ്പോൾ സമ്മാനമായി നൽകുന്നതു വേളാങ്കണ്ണി മാതാവിന്റെ ശിൽപങ്ങളാണ്. ചെറുതും വലുതുമായി 21 ശിൽപങ്ങൾ സുധീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു. അൽപം കൂടി വലിയൊരു രൂപം ഹൃദയത്തിലും.

English Summary: Special story about Sudeesh Anchery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA