ADVERTISEMENT

ഇടയ്ക്കിടെ ഞാൻ ആ ഉണ്ണിക്കുട്ടനെ ഓർക്കും. ഇപ്പോൾ 47 വയസ്സുണ്ടാകും. വിലാസമോ മറ്റു വിവരങ്ങളോ അറിയില്ല. എങ്കിലും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു; റോസമ്മാമ്മയ്ക്കു കാണാനായി അവൻ വരുമെന്ന്....

അന്നൊരു ഞായറാഴ്ചയായിരുന്നു...

അന്നാണ് ഒരു പിഞ്ചുജീവനെ ദൈവം വിശ്വാസപൂർവം എന്റെ കൈകളിലേക്കു കൈമാറിയത്. പ്രസവിച്ചു 34–ാം ദിവസം സ്വന്തം കുഞ്ഞിനെ ദൈവത്തിങ്കലേക്കു യാത്രയാക്കേണ്ടി വന്ന നിർഭാഗ്യവതിയായ ഈ അമ്മയുടെ കൈകളിലേക്ക്...

നീലിച്ച ആ കുഞ്ഞുടലിനു ഞാൻ ജീവശ്വാസമായി. എന്റെ കുഞ്ഞിന്റെ അതേ പ്രായത്തിലുള്ള ആ ഓമനക്കുഞ്ഞ് ജീവിതത്തിലേക്കു കണ്ണുകൾ തുറന്നപ്പോൾ എനിക്കു മനസ്സിലായി, ബെംഗളൂരുവിലെ മിലിറ്ററി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യേണ്ടിയിരുന്ന ഞാൻ കേരളത്തിൽ എരുമേലിയിലെ കുരിശുംമൂട്ടിൽ എന്ന ചെറിയ സ്വകാര്യ ആശുപത്രിയിൽ എത്തിപ്പെട്ടത് അവനു വേണ്ടിക്കൂടിയായിരുന്നു. 47 വർഷം കഴിഞ്ഞെങ്കിലും ആ കുഞ്ഞ് മായാതെ എന്റെ മനസ്സിലുണ്ട്. ഒരിക്കൽകൂടി അവനെ കാണാൻ ഞാൻ കൊതിക്കുന്നു.

പത്തനംതിട്ട– കോട്ടയം ജില്ലകളുടെ അതിർത്തിയിൽ ചെറുവള്ളി എസ്റ്റേറ്റിനു സമീപം മുക്കടയാണ് എന്റെ സ്വദേശം. ഒൻപതു മക്കളുള്ള വീട്ടിൽ ആദ്യമുണ്ടായ 4 പെൺമക്കളിൽ നാലാമത്തെയാൾ. പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുമ്പോഴാണ് ആർമി നഴ്സിങ് കോഴ്സിന്റെ പത്രപ്പരസ്യം മലയാള മനോരമയിൽ കാണുന്നത്. ജലന്ധറിലെ കോളജിൽ പ്രവേശനം കിട്ടി. പഠന ശേഷം ബെംഗളൂരു മിലിറ്ററി ആശുപത്രിയിൽ ഓഫിസർ ഗ്രേഡിൽ നിയമിതയായി.

പക്ഷേ, അതിനിടെ സംഭവിച്ച പ്രണയ വിവാഹം ദുരന്തമായി കലാശിച്ചതോടെ ജോലി രാജിവച്ചു നാട്ടിലേക്കു മടങ്ങേണ്ടി വന്നു. ഗർഭിണിയായിരുന്നു. ചികിത്സയ്ക്കായാണു വീടിനു സമീപത്തെ കുരിശുംമൂട്ടിൽ ആശുപത്രിയിൽ പോയത്. ആശുപത്രി ഉടമ ഡോ.സെബാസ്റ്റ്യൻ സാർ എന്നെ അവിടെ സ്റ്റാഫ് നഴ്സ് ആയി നിയമിച്ചു.

മാസം തികയും മുൻപായിരുന്നു പ്രസവം. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഒരു മാസമായപ്പോൾ പെട്ടെന്നൊരു ദിവസം കുഞ്ഞിനു ഫിറ്റ്സ് വന്നു. സെബാസ്റ്റ്യൻ സാർ നിർദേശിച്ചതനുസരിച്ചു കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. മെനിഞ്ജൈറ്റിസ് ആണെന്നു കണ്ടുപിടിച്ചു. അണുബാധ കടുത്തു പോയിരുന്നു. അന്ന് ഇത്രയും ചികിത്സകളുമില്ലല്ലോ. നാലഞ്ചു ദിവസത്തിനു ശേഷം എന്റെ മകൻ യാത്രയായി –1974 ഓഗസ്റ്റ് 13ന്.

ഞാൻ ഒരു നഴ്സാണ്. കുഞ്ഞിന്റെ അവസ്ഥ എത്ര ഗുരുതരമാണെന്ന് എനിക്കറിയാം. ഏതു നിമിഷവും പ്രാണൻ പോകാവുന്ന ആ പിഞ്ചുടലിൽ വീണ്ടും വീണ്ടും മരുന്നുകൾ കുത്തിവയ്ക്കുമ്പോൾ, നഴ്സ് ആണെന്നതു മറന്ന് ഒരുവേള ഞാൻ അലമുറയിട്ടു കരഞ്ഞു: ഇനിയും എന്റെ കുഞ്ഞിനെ കുത്തല്ലേ.. എന്ന്. കന്യാസ്ത്രീ ആയ നഴ്സ് അപ്പോൾ എനിക്കൊപ്പം കരഞ്ഞു.

24–ാം വയസ്സിൽ ഒന്നിനു പിറകെ മറ്റൊന്നായി ദുരന്തങ്ങൾ. ആകെ തകർന്നു പോയ ആ അവസ്ഥയിൽ, വീട്ടിലിരുന്നു കരഞ്ഞു കൊണ്ടിരിക്കാതെ ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാൻ സെബാസ്റ്റ്യൻ സാർ സ്നേഹപൂർവം നിർബന്ധിച്ചു. അങ്ങനെ രണ്ടാഴ്ച ആയപ്പോൾ ഞാൻ തിരിച്ചെത്തി.

rosamma-2
കെ.വി.റോസമ്മ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ആ ഞായറാഴ്ചയിലേക്ക്

ഡ്യൂട്ടിയിൽ തിരികെയെത്തി ഒന്നുരണ്ടാഴ്ചയ്ക്കകമാണ് ആ സംഭവം. കുരിശുംമൂട്ടിൽ ആശുപത്രിയിൽ ഡോ. സെബാസ്റ്റ്യനും നഴ്സുമാരായി ഞാനും സിസ്റ്റർ ഡിഗ്നയും മാത്രം. അവിടെ നിന്നു നഴ്സിങ് പഠിക്കുന്ന ശാന്തമ്മ ഉൾപ്പെടെ പെൺകുട്ടികളും സോമൻ എന്ന വാച്ചറും കൂടിയായാൽ സ്റ്റാഫ് പൂർണമായി. ഞായറാഴ്ച ദിവസങ്ങളിൽ ഡോക്ടർ അവധിയാണ്. കുടുംബവുമൊത്തു യാത്രകളിലായിരിക്കും. ആശുപത്രിയുടെ എതിർവശത്താണു വീട്. രാത്രി വൈകിയേ തിരിച്ചെത്താറുള്ളൂ. ഡോക്ടർ ഇല്ലാത്തതിനാൽ ഞായറാഴ്ചകളിൽ പുതിയ അഡ്മിഷൻ എടുക്കില്ല.

ആ ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കു ഞാൻ ചെന്നപ്പോൾ സിസ്റ്റർ ഡിഗ്ന എന്നെ നേരേ ജനറൽ വാർഡിലേക്കു കൊണ്ടുപോയി. അവിടെ കഷ്ടിച്ച് ഒന്നര മാസം പ്രായമുള്ള ഒരു കുഞ്ഞ് ശ്വാസമെടുക്കാൻ വല്ലാതെ ബദ്ധപ്പെട്ടു കിടക്കുന്നു. ഞാൻ പേടിച്ചു പോയി. ഡോക്ടർ ഇല്ലാത്തപ്പോൾ ഇത്രയും ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ അഡ്മിറ്റ് ചെയ്തത് എന്തിനാണെന്നു ഞാൻ വേവലാതിയോടെ ചോദിച്ചു.

ആ കുഞ്ഞിന്റെ അമ്മ അവളുടെ നിവൃത്തികേടു പറഞ്ഞു കരഞ്ഞുവിളിച്ച് അവിടെ അഡ്മിഷൻ എടുക്കുകയായിരുന്നു. ഏതോ വലിയ വീട്ടിലെ ജോലിക്കാരിയാണ് ആ യുവതി. ബധിരനും മൂകനുമായ ടാപ്പിങ് തൊഴിലാളിയെക്കൊണ്ട് അവർ അവളുടെ വിവാഹം നടത്തി ഒരു കൊച്ചു വീടു കൊടുത്ത് അവിടെ താമസിപ്പിച്ചിരിക്കുകയാണ്. വലിയ ആശുപത്രികളിൽ കൊണ്ടുപോകാൻ അവർക്കു നിവ‍ൃത്തിയില്ല. മറ്റു വേണ്ടപ്പെട്ടവരാരുമില്ല.

എല്ലാം ദൈവത്തിൽ അർപ്പിച്ച് ഞാനും ശാന്തമ്മയും ഡ്യൂട്ടി തുടങ്ങി. രാത്രിയിൽ ഞങ്ങൾ ലേബർ റൂമിൽ നിൽക്കുമ്പോൾ പുറത്തെ കോറിഡോറിലൂടെ ആരൊക്കെയോ ഓടുന്നു, കരച്ചിലും ബഹളവും കേൾക്കാം. ഞാൻ ചെന്നു നോക്കുമ്പോൾ, ആ യുവതി കുഞ്ഞിനെയുമെടുത്തു നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടുകയാണ്. അതു കണ്ടവർ കണ്ടവർ പിറകെ ഓടുന്നു. കുട്ടി മരിച്ചു പോയെന്നാണ് എല്ലാവരും പറയുന്നത്.

ആരെങ്കിലും അവരെ പിടിച്ചുനിർത്തൂ– വിളിച്ചു പറഞ്ഞു കൊണ്ട് ഞാനും പിന്നാലെ ഓടി. അവളെ തടഞ്ഞു നിർത്തി കുഞ്ഞിനെ ബലമായി ഞാൻ പിടിച്ചുവാങ്ങി. കുഞ്ഞ് നീല നിറമായിക്കഴിഞ്ഞിരുന്നു. പക്ഷേ മരിച്ചിട്ടില്ല. അവനെയുമെടുത്തു ഞാൻ ലേബർ റൂമിലേക്ക് ഓടി. ഉടനെ ഓക്സിജൻ എടുക്കാൻ ശാന്തമ്മയെ ഏൽപിച്ചിട്ട് കുഞ്ഞിനു മൗത്ത് ടു മൗത്ത് ശ്വാസം നൽകാൻ തുടങ്ങി. ഒപ്പം മൃദുവായി ആ നെഞ്ചിൽ തടവി. ശ്വാസതടസ്സം മാറാൻ സൂക്ഷിച്ചിരുന്ന എമർജൻസി മരുന്നുകൾ വളരെ ചെറിയ തോതിൽ കൊടുത്തു. ഓക്സിജൻ നൽകാനും തുടങ്ങി. കുഞ്ഞിനു ന്യൂമോണിയ ആണെന്ന് എനിക്കു മനസ്സിലായി. ക്രിസ്റ്റലൈൻ പെനിസിലിൻ കലക്കി ചെറിയ ഡോസിൽ അതും കുത്തിവച്ചു.

ഈ പരാക്രമങ്ങളെല്ലാം നിറകണ്ണുകളോടെ കണ്ടു നിന്ന ആ അമ്മ, കരഞ്ഞു കൊണ്ട് എന്നോടു കേണു–‘‘ സിസ്റ്ററേ ഇനീം അവനെ കുത്തല്ലേ...’’

ഞാൻ കേട്ടത് എന്നെത്തന്നെയാണ്. കൺമുന്നിൽ കണ്ടത്, പ്രാണനോടു മല്ലിട്ടു കിടന്ന എന്റെ കുഞ്ഞിനെത്തന്നെയാണ്. എന്റെ നെ‍ഞ്ചു വിങ്ങിപ്പൊട്ടി. എനിക്ക് ഉറക്കെ കരയണം. ‘‘എനിക്കു വയ്യ, കുഞ്ഞിനെ പൊതിഞ്ഞു കൊടുത്തിട്ട് ഇനി എന്നെ വിളിച്ചാൽ മതി’’–ശാന്തമ്മയുടെ ചെവിയിൽ പറഞ്ഞിട്ട് ഞാൻ തൊട്ടുചേർന്നുള്ള നഴ്സസ് റൂമിലേക്കു കയറി. ടാപ്പ് തുറന്നിട്ട് പൊട്ടിക്കരഞ്ഞു. കുറെ കരഞ്ഞപ്പോൾ വിങ്ങലൊന്നടങ്ങി. ടാപ്പ് അടച്ചു മുഖം തുടയ്ക്കുമ്പോൾ പൂച്ചക്കുഞ്ഞിന്റേതു പോലൊരു ഞരക്കം. ഓടിച്ചെന്നു നോക്കുമ്പോൾ, അവൻ പിങ്ക് നിറം വീണ്ടെടുത്ത്, കൈകാലുകൾ ഇളക്കി കരയുന്നു. വിശ്വസിക്കാനായില്ല. അവൻ ജീവിതത്തിലേക്കു മടങ്ങി വരികയാണ്. ആനന്ദക്കണ്ണീരോടെ ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. ആ രാത്രി കണ്ണിമ ചിമ്മാതെ അവനെ ഞങ്ങൾ ശുശ്രൂഷിച്ചു. പുലർച്ചെ ഡോക്ടർ വന്നപ്പോൾ, വിവരങ്ങളെല്ലാം അറിഞ്ഞു. ‘‘വേണ്ടതെല്ലാം ചെയ്തിട്ടല്ലേ കരയാൻ പോയത്’’ എന്ന അദ്ദേഹത്തിന്റെ സാന്ത്വനത്തിൽ അഭിനന്ദനവും ഉണ്ടായിരുന്നു.

നാലഞ്ചു മാസം കഴിഞ്ഞു ഞാൻ ഡ്യൂട്ടി ചെയ്യുമ്പോൾ പിറകി‍ൽ ഒരു ശബ്ദം–‘‘ദേടാ നിന്റെ റോസമ്മാമ്മ’’.

ഇതാരാണെന്നു ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, ഒരു പിടിയും കിട്ടിയില്ല. ഒരു മിടുക്കിപ്പെണ്ണ്, ഒക്കത്ത് ആരോഗ്യവാനായ ഒരു ഉണ്ണിക്കുട്ടൻ.

ജീവൻ രക്ഷിച്ചു തന്നിട്ട് ഇപ്പോൾ കണ്ടാൽ അറിയില്ല അല്ലേ എന്ന് അവൾ പരിഭവിച്ചു. ഹോ! എന്തൊരു ആനന്ദം.. ദൈവമേ!

അതായിരുന്നു ആ കുഞ്ഞുമായുള്ള എന്റെ അവസാനത്തെ കൂടിക്കാഴ്ച.

ജീവിതം എന്നെ അവിടെ നിന്ന് ഏറെ ദൂരം കൊണ്ടുപോയി. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നു ഹെഡ് നഴ്സ് ആയി 2009ൽ വിരമിച്ച് ഇപ്പോൾ തിരുവനന്തപുരത്ത് മണ്ണന്തലയിൽ വിശ്രമജീവിതം നയിക്കുന്നു. വയസ്സ് 72 ആയി.

ഇടയ്ക്കിടെ ഞാൻ ആ ഉണ്ണിക്കുട്ടനെ ഓർക്കും. ഇപ്പോൾ 47 വയസ്സുണ്ടാകും. വിലാസമോ മറ്റു വിവരങ്ങളോ ഒന്നും അറിയില്ല. എങ്കിലും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു; റോസമ്മാമ്മയ്ക്കു കാണാനായി അവൻ തേടി വരുമെന്ന്.

English Summary:Rosamma remembers Unnikuttan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com