ADVERTISEMENT

പഞ്ചാബിലെ ഭട്ടിൻഡയിലുള്ള മെഹ്മാ സവായ് ഗ്രാമത്തിലെ സിഖ് മതസ്ഥർ കഴിഞ്ഞ മൂന്നു മാസമായി ഒരു ആരാധനാലയം പണിയുകയാണ്. ഗ്രാമത്തിലെ ഏക മുസ്‍ലിം കുടുംബത്തിനായി ഒരു മസ്ജിദ്. രാജ്യത്തിനു കണ്ടു പഠിക്കാൻ സാഹോദര്യത്തിന്റെ മാതൃക പണിതുയർത്തുകയാണ് ഈ പഞ്ചാബി ഗ്രാമം. 

അഞ്ഞൂറോളം സിഖ് കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലുള്ളത് ഒരേയൊരു മുസ്‍ലിം കുടുംബം – മുഹമ്മദ് ആലവും കുടുംബവും. 1947ലെ ഇന്ത്യ – പാക്ക് വിഭജനത്തിൽ ഗ്രാമത്തിലെ മുസ്‍ലിംകൾ പാക്കിസ്ഥാനിലേക്കു കൂട്ടപ്പലായനം ചെയ്തപ്പോൾ, ആലമിന്റെ പൂർവികർ മാത്രം ഇവിടെ തങ്ങി. 

‘വിഭജനത്തിനു മുൻപ് 70 മുസ്‍ലിം കുടുംബങ്ങൾ ഗ്രാമത്തിലുണ്ടായിരുന്നു. വിഭജനവേളയിൽ പാക്കിസ്ഥാനിലേക്കു പോകരുതെന്ന് ഞങ്ങൾ  അഭ്യർഥിച്ചെങ്കിലും കേട്ടില്ല. ഒരു കുടുംബമൊഴികെ എല്ലാവരും പോയി. പാക്കിസ്ഥാനിലേക്കു പലായനം ചെയ്തവരെ അതിർത്തി വരെ അനുഗമിച്ചാണ് അന്നു ഞങ്ങൾ യാത്രയാക്കിയത്’ – സിഖ് നേതാവും ഗ്രാമമുഖ്യനുമായ ജസ്‍വന്ത് സിങ് ബ്രാർ ഓർക്കുന്നു. 

150 വർഷം പഴക്കമുള്ള മസ്ജിദ് കഴിഞ്ഞ വർഷം പൊളിഞ്ഞുവീണപ്പോൾ ഗ്രാമത്തിന്റെ മനസ്സു വേദനിച്ചു. പിന്നാലെ, ജസ്‍വന്ത് നാട്ടുക്കൂട്ടം വിളിച്ചു. ആലമിന്റെ കുടുംബത്തിനു പ്രാർഥിക്കാൻ മസ്ജിദ് വേണമെന്നും അതിന്റെ പുനർനിർമാണം സിഖ് മതസ്ഥർ ഏറ്റെടുക്കണമെന്നും നിർദേശിച്ചു. മുഖ്യന്റെ നിർദേശം ഗ്രാമം കയ്യടിച്ചു പാസാക്കി. നിർമാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന ജസ്‍വന്ത് നൽകി – പതിനായിരം രൂപ. 

ആലമിന്റെയൊഴികെ എല്ലാ വീടുകളിലും പിരിവു നടത്തി. ചിലർ പണമായി സഹായിച്ചു. 

മറ്റു ചിലർ ഇഷ്ടികയും സിമന്റുമെത്തിച്ചു. പണത്തിനു ബുദ്ധിമുട്ടുള്ളവർ നിർമാണത്തിൽ സഹായികളായി. ദുബായിൽ മുൻപ് നിർമാണത്തൊഴിലാളിയായിരുന്ന ഗ്രാമീണൻ ബോലാ സിങ്ങിനെ മസ്ജിദിന്റെ രൂപകൽന ഏൽപിച്ചു. 

ഗ്രാമവാസികൾ ഒത്തുപിടിച്ചപ്പോൾ നിർമാണം അതിവേഗം പുരോഗമിച്ചു. ഇതുവരെ ചെലവായത് 5 ലക്ഷം രൂപ. ഏതാനും മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാകും. ആലമിനും കുടുംബത്തിനുമായി നിർമിക്കുന്ന മസ്ജിദിന്റെ ഓരോ ഇഷ്ടികയ്ക്കിടയിലും സിമന്റിനൊപ്പം ഗ്രാമത്തിലെ സിഖുകാർ ചേർക്കുന്ന മറ്റൊന്നു കൂടിയുണ്ട്; സ്നേഹം. 

Content highlights: Masjid, Sikh, Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com