ADVERTISEMENT

ടാക്സി ന്യൂവുഡ്‌ലാൻഡ് ഹോട്ടലിലെത്തി. ദേവരാജൻമാസ്റ്റർ താമസിക്കുന്ന റൂം എനിക്കറിയാം. പ്രധാനഹോട്ടലിനു പിന്നിലുള്ള ഒരു പ്രത്യേക ബ്ലോക്ക് ആണത്. അതിനടുത്തു ടാക്സി നിർത്തി. പടികൾ കയറി മുകളിലേക്ക് പോകണം. അർജുനൻ ടാക്സിയിൽ നിന്നിറങ്ങി എന്നോടു ചോദിച്ചു.

മാസ്റ്ററെ കാണാൻ വരുന്നില്ലേ...?

ഇല്ല, ഞാൻ വരുന്നില്ല. അർജുനൻ പോയിട്ടു വരൂ. അതിനു മുൻപ് എനിക്കു നിങ്ങളോടൊരു കാര്യം പറയാനൊണ്ട്. കെ.പി.കൊട്ടാരക്കരയ്ക്കും സംവിധായകൻ ശശികുമാർസാറിനും നിങ്ങൾ ആരാണെന്ന് അറിഞ്ഞുകൂടാ. എന്റെ താൽപര്യപ്രകാരമാണ് നിങ്ങളെ വരുത്തിയത്, നാളെ പടത്തിന്റെ പൂജയാണ്. നാളെ രാവിലെ പതിനൊന്നുമണിക്ക് ആദ്യത്തെ പാട്ടെടുക്കണം. ഈയൊരു പകൽ മാത്രമേ നമ്മുടെ മുമ്പിലുള്ളു.

ഞാൻ പറഞ്ഞല്ലോ. ദേവരാജൻ മാസ്റ്റർ എന്റെ ഗുരുനാഥനാ. മൂപ്പരടെ സ്വഭാവമറിയാമല്ലോ. അനിഷ്ടം തോന്നിക്കഴിഞ്ഞാ പിന്നെ നമ്മളെ അടുപ്പിക്കത്തില്ല. കറുത്ത പൗർണമിക്കു പാട്ടു ചെയ്യുന്നതിനു മുൻപും ഞാൻ പോയി ചോദിച്ചു. സമ്മതിച്ചൂന്നു മാത്രമല്ല ഓർക്കസ്‌ട്രേഷൻ ചെയ്യാൻ ശേഖറെ ഏർപ്പാട് ചെയ്തു തരികേം ചെയ്തു. തമ്പിസാറു മറ്റൊന്നും വിചാരിക്കരുത്.

അങ്ങനെ പറഞ്ഞ് അർജുനൻ പടികൾ കയറി മുകളിലേക്കു പോയി. ഞാൻ ആകെ തളർന്ന മനസ്സുമായി കാറിലിരുന്നു.

എനിക്കയാളെ ഇഷ്ടമല്ല. അയാളുടെ കൂടെ നീ വർക്ക് ചെയ്യേണ്ട "എന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞാൽ അർജുനൻ മടങ്ങിപ്പോകും. ഒരു ദിവസം കൊണ്ട് പുതിയ മ്യൂസിക് ഡയറക്ടറെ എങ്ങനെ കണ്ടുപിടിക്കും.? ബാബുക്കയെ കോഴിക്കോട്ടുനിന്നു വരുത്താം. കൊട്ടാരക്കരയുടെ 'ലവ് ഇൻ കേരള'എന്ന ചിത്രത്തിൽ ബാബുരാജാണ് എന്റെ പാട്ടുകൾ ചിട്ടപ്പെടുത്തിയത്. .പക്ഷേ പ്രതിഫലക്കാര്യത്തിൽ ബാബുക്ക പിണങ്ങി. അത് അദ്ദേഹത്തിന്റെ കുറ്റമല്ല. പ്രതിഫലം 1500 എന്നു നിശ്ചയിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ നല്ലയാളുകളെ കിട്ടാൻ ബുദ്ധിമുട്ടുക തന്നെ ചെയ്യും.

പെട്ടെന്ന് എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് മുണ്ടു മാത്രമുടുത്ത ദേവരാജൻമാസ്റ്റർ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ടാക്സിയിൽ നിന്നിറങ്ങി.

താനെന്താടോ ടാക്സിയിൽ തന്നെയിരുന്നു കളഞ്ഞേ. കേറി വാ. ഒരു ചായ കുടിച്ചിട്ടു പോവാം .

ഞങ്ങൾ രണ്ടുപേർക്കുമിടയിൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിലാണ് മാസ്റ്ററുടെ പെരുമാറ്റം. ഞാൻ പടി കയറി ചെല്ലുന്നതുവരെ അദ്ദേഹം ബാൽക്കണിയിൽ തന്നെ നിന്നു. ഞങ്ങൾ ഒരുമിച്ചു മുറിയിൽ കയറി. ഞാൻ സെറ്റിയിൽ ഇരുന്നു. നമ്മൾ ഒരുമിച്ചു വർക്ക് ചെയ്യുന്നില്ല. എന്നുവച്ച് കണ്ടാൽ മിണ്ടരുതെന്നോ ശത്രുക്കളെ പോലെ കഴിയണമെന്നോ ഒണ്ടോ ? നമ്മള് രണ്ടുപേരും ചേർന്നപ്പോ പാട്ടെല്ലാം നന്നായി. നന്നായതാ കൊഴപ്പമായേ. അതിന്റെ കാര്യം എനിക്കിപ്പഴാ പിടി കിട്ടിയേ. താൻ രോഹിണി ,ഞാൻ അത്തം. അത്തം രോഹിണി തിരുവോണം-മൂന്നും അനുജന്മനക്ഷത്രങ്ങളാ..

ഞാൻ അദ്‌ഭുതത്തോടെ കേട്ടിരുന്നു. നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുമായ പരവൂർ ജി.ദേവരാജൻ കടുത്ത ജ്യോതിഷവിശ്വാസിയാണ് എന്ന് ഒരിക്കൽ കൂടി ബോധ്യമായി. ഞാൻ ആദ്യമായി കടലാസിൽ "അപസ്വരങ്ങൾ " എന്ന് എഴുതികൊടുത്തപ്പോൾ അദ്ദേഹം അതു വലിച്ചെറിഞ്ഞത് വെറുതെയല്ല.

ഞാനും അർജുനനും ചായ കഴിച്ചു. ദേവരാജൻ മാസ്റ്റർ ചായയും കാപ്പിയും കഴിക്കാറില്ല.പുക വലിക്കില്ല.മദ്യപിക്കില്ല. എന്നു മാത്രമല്ല മദ്യപിച്ചുകൊണ്ട് ആരും അദ്ദേഹത്തിന്റെ മുമ്പിൽ ചെല്ലാറില്ല: ഉറ്റ മിത്രമായ വയലാർ പോലും! 

എന്നെയും അർജുനനെയും മാറിമാറി നോക്കിയിട്ട് ദേവരാജൻ മാസ്റ്റർ അർജുനനോടു പറഞ്ഞു.

തമ്പി തരക്കേടില്ലാതെഴുതും. നിങ്ങളൊരുമിച്ച് വർക്ക് ചെയ്യ്. തമ്പീ, പിന്നൊരു കാര്യം. കൊട്ടാരക്കരേടെ കയ്യീന്ന് ഇവന് ആയിരത്തിയഞ്ഞൂറു രൂപയെങ്കിലും മേടിച്ചു കൊടുക്കണം

ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു, ദേവരാജൻമാസ്റ്റർ രണ്ടായിരം എന്നു പറഞ്ഞിരുന്നെങ്കിലോ ...?

ഞാൻ ദേവരാജൻ മാസ്റ്ററോടു യാത്ര പറഞ്ഞിറങ്ങി. എന്റെ മനസ്സിൽ കുടുങ്ങിയ ഇരുട്ടിന്റെ വ്യാപ്തി കുറഞ്ഞു. "തമ്പി തരക്കേടില്ലാതെ എഴുതും" എന്ന് ദേവരാജൻമാസ്റ്റർ പറഞ്ഞത് എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഞങ്ങൾ കെ.പി.കൊട്ടാരക്കരയുടെ വീട്ടിലെത്തി.. ഞാൻ അർജ്ജുനനോടു പറഞ്ഞു." കുളിച്ചു റെഡി ആകണമെങ്കിൽ ഹോട്ടലിൽ പോകണം. സമയം പോവും. തൽക്കാലം ഇവിടെ കുളിക്കാം. ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ജോലി തുടങ്ങാം”. 

sreekumaran
ശ്രീകുമാരൻ തമ്പിയും എം.കെ. അർജുനനും (ഫയൽ ചിത്രം)

അർജുനൻ വിനീതഭാവത്തിൽ തല കുലുക്കി. അദ്ദേഹത്തിന്റെ കയ്യിൽ സ്യൂട്ട്കേസും ബ്രീഫ് കേസുമൊന്നുമില്ല. ഒരു വലിയ സഞ്ചി മാത്രമേയുള്ളു.അതിൽ രണ്ടുമൂന്നു ഷർട്ടുകളും മുണ്ടുകളും മറ്റ് അത്യാവശ്യവസ്തുക്കളുമുണ്ട്. അർജുനൻ കുളിക്കുന്ന സമയത്തിനിടയിൽ സംവിധായകൻ ശശികുമാറും ആർ.കെ.ശേഖറും തബലിസ്റ്റ് മണിയും വന്നു. അർജുനനെ കണ്ടുകഴിഞ്ഞപ്പോൾ കെ.പി.ചേട്ടനും ശശികുമാർ സാറും പരസ്പരം നോക്കി. കെ.പി.ചേട്ടൻ എന്നെ അടുത്തു വിളിച്ചു.

തമ്പീ, ഇയാളെക്കൊണ്ട് പറ്റുമോ...? കണ്ടിട്ട് ഒരു സന്യാസീടെ ലക്ഷണം." ശശികുമാർ സാർ ചോദിച്ചു.

കുഞ്ഞേ...ഇങ്ങേരു ചെയ്ത പാട്ടുകൾ ശരിക്കും കേട്ടിട്ടാണോ ശുപാർശ ചെയ്തേ....ഇതു സാധാരണ പടമല്ലെന്നോർക്കണം ,ഒരു ചെറിയ കഥയേയൊള്ളു. പാട്ടുകൾ വേണം ആ കഥയെ പിടിച്ചു നിർത്താൻ. തമ്പിസാറിനെ എനിക്ക് വിശ്വാസമാ. പക്ഷേ വരികൾ മാത്രം നന്നായാൽ മതിയോ...?

ഞാൻ അവരെ രണ്ടുപേരെയും സമാധാനിപ്പിച്ചു.

സംഗീതസംവിധായകന് ആറടി പൊക്കം വേണോ.? എം.എസ്.വിശ്വനാഥന് എത്ര പൊക്കമുണ്ട് ? നല്ല സംഗീതം വരുന്നത് ആത്മാവിൽ നിന്നാ. നിങ്ങൾ സമാധാനമായിരിക്ക്.

ഞങ്ങൾ എല്ലാവരും ഇഡ്ഡലിയും സാമ്പാറും കഴിച്ചതിനു ശേഷം ജോലി തുടങ്ങി. ഞാൻ ആദ്യത്തെ പാട്ട് എഴുതിയ കടലാസ് അർജുനന്റെ കയ്യിൽ കൊടുത്തു. അർജുനൻ അതു വായിച്ചു. എന്നിട്ട്‌ എന്നോട് ചോദിച്ചു. 

ഇതെഴുതുമ്പം നമ്മടെ മനസ്സില് എന്തായിരുന്നു താളം ? ഒന്ന് പറയാമോ.?  

ഞാൻ എഴുതുന്ന ഏതു പാട്ടിനും എന്റേതായ ഒരു ഈണമുണ്ടാവും. അത് ഞാൻ പാടാം. ഞാൻ എന്റെ ഈണത്തിൽ ആ വരികൾ പാടി. അർജുനന്റെ വിരലുകൾ ഹാർമോണിയത്തിൽ അമർന്നു. ശേഖറും തന്റെ ഹാർമോണിയത്തിൽ ആ ശ്രുതി പിടിച്ചു.

അർജുനൻ എന്നോടു ചോദിച്ചു.

ഞാൻ മോഹനത്തിൽ ഒന്നു പിടിച്ചു നോക്കട്ടെ ?

ഞാൻ തല കുലുക്കി. അർജുനൻ മോഹനരാഗത്തിൽ എന്റെ വരികൾ പാടി. ആർ.കെ.ശേഖർ ബുക്കിൽ നൊട്ടേഷൻ (സ്വരങ്ങൾ) എഴുതി.

പൗർണമിച്ചന്ദ്രിക തൊട്ടു വിളിച്ചു

പത്മരാഗം പുഞ്ചിരിച്ചു

അഴകേ ,നിൻ ചിരി തൊട്ടു വിളിച്ചു

ആശാലതികകൾ പുഞ്ചിരിച്ചു -എൻ

ആശാലതികകൾ പുഞ്ചിരിച്ചു

പല്ലവി അർജുനൻ രണ്ടുമൂന്നു പ്രാവശ്യം പാടി .എനിക്ക് ഈണം ഇഷ്ടമായി ഞാൻ പ്രതീക്ഷയോടെ നിർമ്മാതാവിന്റെയും സംവിധായകന്റെയും മുഖങ്ങളിലേക്കു നോക്കി. കെ..പി.ചേട്ടനും ശശികുമാർ സാറും ഒന്നും പറയാതെ പെട്ടെന്ന് എഴുന്നേറ്റു പുറത്തേക്കു പോയി. അതു കണ്ടപ്പോൾ അർജുനന്റെ മുഖം മങ്ങി. ഞാൻ അർജുനനോടു പറഞ്ഞു.

എനിക്ക് ഇഷ്ടപ്പെട്ടു. മോഹനം മലയാളികൾക്ക് ഇഷ്ടപ്പെട്ട രാഗമാണ്. എന്റെ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം മോഹനമല്ലേ? എത്ര വലിയ ഹിറ്റ് ആയി...ഈ പാട്ടും ഹിറ്റ് ആകും. ഒറപ്പ്

അതു പിന്നെ സ്വാമിയുടെ പാട്ടല്ലേ? സ്വാമിയാര് ...ഞാനാര് ? പ്രൊഡ്യൂസർക്കും ഡയറക്ടർക്കും പിടിച്ചില്ലെന്ന്‌ തോന്നുന്നു. അവർ എണീറ്റു പോയത് കണ്ടില്ലേ...? എന്റെ പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനങ്ങു പോയേക്കാം.," അർജുനൻ പറഞ്ഞു. പാട്ട് കേട്ടിട്ട് കെ.പി.ചേട്ടനും ശശികുമാർ സാറും ഒന്നും പറയാതെ ഇറങ്ങിപ്പോയത് എനിക്കും ഇഷ്ടപ്പെട്ടില്ല. അൽപ്പം കഴിഞ്ഞപ്പോൾ കൊട്ടാരക്കര വെളിയിൽ നിന്ന്‌ എന്നെ കൈകാട്ടിവിളിച്ചു. ഞാൻ പുറത്തേക്കു ചെന്നു. എന്റെ തോളത്തു പിടിച്ച് തന്റെ ദേഹത്തോടടുപ്പിച്ച് കെ.പി.ചേട്ടൻ പറഞ്ഞു.

തമ്പി കണ്ടുപിടിച്ചത് നമുക്കു പറ്റിയ ആളെത്തന്നെ. ആദ്യം ചെയ്ത ട്യൂൺ തന്നെ ഉഗ്രൻ...ആളു മിടുക്കനാ..സംശയമില്ല . എന്റെ അടുത്ത പത്ത് പടം ഞാൻ ഇങ്ങേർക്കു കൊടുത്തേക്കാം.

ശശികുമാർ സാർ അതിനോടു യോജിച്ചു.

ഇനി ഞാൻ ഡയറക്ട് ചെയ്യുന്ന പടങ്ങൾക്ക് നിങ്ങളെ രണ്ടുപേരെയും  റെക്കമെൻഡ് ചെയ്യും.

ഈ അഭിനന്ദനം അർജുനൻ നേടിയത് വെറും അര മണിക്കൂറിനുള്ളിൽ! അന്ന് എനിക്ക് പ്രായം ഇരുപത്തത്തൊമ്പത്; അർജുനന് മുപ്പത്തിമൂന്ന്.

അടുത്ത ദിവസം ഭരണി സ്റുഡിയോയിലായിരുന്നു പൂജയും റിക്കോർഡിങ്ങും . എന്നെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് ദേവരാജൻ മാസ്റ്റർ റിക്കോർഡിങ്ങിനു വന്നു. മാസ്റ്ററെ കണ്ടതും അർജുനൻ തന്റെ കസേരയിൽ നിന്ന്‌ എഴുന്നേറ്റു. മാസ്റ്റർ ആ കസേരയിൽ ഇരുന്നു. യേശുദാസിന്‌ അന്നു നല്ല ജലദോഷമായിരുന്നു. എങ്കിലും അദ്ദേഹം വന്നു. യേശുദാസ് പല്ലവി പാടി. പൗർണ്ണമി ച്ചന്ദ്രിക തൊട്ടുവിളിച്ചു എന്ന ആദ്യവരി കഴിഞ്ഞ് രണ്ടാം വരിയും അർജുനൻ സമത്തിൽ തന്നെയാണ് തുടങ്ങുന്നത്. അവിടെ എന്തോ ഒരു പ്രയാസം പോലെ. അപ്പോൾ ദേവരാജൻ മാസ്റ്റർ അർജുനനോട് "എന്തിനാടാ ഇങ്ങനെ പ്രയാസപ്പെടുന്നെ. പത്മരാഗം എന്ന വാക്കു സമത്തിലെടുക്കാതെ 'തള്ളി 'എടുത്തു കൂടെ ? " എന്നു ചോദിച്ചു. അങ്ങനെ മാറ്റം വരുത്തിയതാണ് ഇപ്പോൾ നിങ്ങൾ കേൾക്കുന്നത്. ഇതാണ് ഗുരുവിന്റെ മേന്മ..

റസ്റ്റ് ഹൗസ് എന്ന സിനിമയിലെ എല്ലാ പാട്ടുകളും റിക്കോർഡിങ് സമയത്തു തന്നെ എല്ലാവർക്കും ഇഷ്ടമായി .. അങ്ങനെ കാലത്തിന്റെ തീരുമാനം പോലെ അതുവരെ തികച്ചും അപരിചിതരായിരുന്ന പള്ളുരുത്തിക്കാരൻ എം.കെ.അർജുനനും ഹരിപ്പാട്ടുകാരൻ പി.ശ്രീകുമാരൻതമ്പിയും ഉറ്റ മിത്രങ്ങളായിമാറി. സംഗീതത്തിന്റെ ഇന്ദ്രജാലം! "ദേവരാജൻമാസ്റ്ററുടെ ഹാർമോണിസ്റ്റ് ട്യൂൺ ചെയ്താലും എന്റെ പാട്ട് ഹിറ്റ് ആയേക്കും "എന്ന് ഒരിക്കൽ എന്നെക്കൊണ്ട് പറയിച്ചത് തീർച്ചയായും എന്റെ അഹങ്കാരമായിരുന്നില്ല; ആത്മവേദനയായിരുന്നു. അങ്ങനെ പറയുമ്പോൾ ദേവരാജൻ മാസ്റ്റർക്ക് അർജുനൻ എന്നൊരു ഹാർമോണിസ്റ്റ് ഉണ്ടെന്നോ അദ്ദേഹം സംഗീതസംവിധാനം ചെയ്യുമെന്നോ എനിക്ക് അറിയില്ലായിരുന്നു. 

വയലാറിനെപ്പോലെയും ഒഎൻവിയെപ്പോലെയും ധാരാളം നാടകങ്ങൾക്കൊന്നും ഞാൻ പാട്ടുകൾ എഴുതിയിട്ടില്ല. മദ്രാസിൽ സ്ഥിരതാമസമാക്കിയതു കൊണ്ടും എപ്പോഴും എന്തെങ്കിലും ജോലിയിൽ വ്യാപൃതനാകുന്നതു കൊണ്ടും അന്ന് എനിക്കു കേരളത്തിലുള്ള കെ.പി.എ.സി.യുടെയും കാളിദാസകലാകേന്ദ്രത്തിന്റെയും മറ്റു പ്രധാന സമിതികളുടെയും നാടകങ്ങൾ കാണാനും കഴിയുമായിരുന്നില്ല. ഞാൻ കെ.പി.എ.സി.യിലെ മുപ്പത് അംഗങ്ങളിൽ ഒരാളാണെന്നു തിരിച്ചറിയുന്നതുപോലും അടുത്തകാലത്തു മാത്രമാണ്. പൗർണമിച്ചന്ദ്രിക തൊട്ടു വിളിച്ചു, പാടാത്ത വീണയും പാടും, യമുനേ യമുനേ യദുകുലരതിദേവനെവിടെ, മുത്തിലും മുത്തായ മണിമുത്തു കിട്ടി .എന്നീ പാട്ടുകൾ മാത്രമല്ല കലാലയ വിദ്യാർഥികൾ കളിയാക്കി പാടുന്ന "മാനക്കേടായല്ലോ നാണക്കേടായല്ലോ മാളികപ്പുറത്തമ്മമാരെ...." എന്ന ഗാനം പോലും ജനപ്രീതി നേടി. റസ്റ്റ്ഹൗസ് എന്ന സിനിമ വമ്പിച്ച സാമ്പത്തികവിജയം നേടി. സംഗീതവിജയ ത്തിൽ നിന്നാണ് ആ സാമ്പത്തികവിജയമുണ്ടായതെന്ന് എല്ലാവരും സമ്മതിച്ചു. ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു സ്വീകരിക്കാൻ ചില പഴയ നിർമ്മാതാക്കളും തയ്യാറായി. അങ്ങനെ പി.ഭാസ്കരൻ --ബാബുരാജ് ടീമിനും വയലാർ--ദേവരാജൻ ടീമിനും സമാന്തരമായി മലയാളചലച്ചിത്ര സംഗീതത്തിൽ ഒരു ജൂനിയർ ടീം ഉണ്ടായി. ശ്രീകുമാരൻ തമ്പി---അർജുനൻ ടീം.

‘കാക്കത്തമ്പുരാട്ടി’ എന്ന നോവലിൽ നിന്നായിരുന്നല്ലോ എല്ലാം തുടങ്ങിയത്. സിനിമയിൽ എനിക്കു പ്രവേശനം കിട്ടാൻ സഹായിച്ചത് ആ നോവൽ തന്നെയാണ്. മനസ്സു കൊണ്ട് ഞാൻ എന്റെ കൗമാരകാലം മുതൽ ഗാനരചനയിൽ എന്റെ ഗുരുവായി അംഗീകരിച്ചിരുന്ന പി.ഭാസ്കരന് ആ നോവൽ ഇഷ്ടപ്പെട്ടത് എന്റെ സിനിമാജീവിതത്തിൽ പുതിയൊരു വഴി തുറന്നു. മികച്ച സംവിധായകർ എല്ലാവരും സാഹിത്യകൃതികൾ സിനിമയാക്കാൻ ആഗ്രഹിക്കുന്ന കാലഘട്ടമായിരുന്നു അത്‌. സാഹിത്യപ്രവർത്തക സഹകരണസംഘം മാത്രമായിരുന്നുഅന്ന് കേരളത്തിലുണ്ടായിരുന്ന മികച്ച പുസ്തക പ്രസാധകർ. ഭാസ്കരൻ മാസ്റ്റർ കേരളത്തിൽ വരുമ്പോൾ നാഷണൽ ബുക്സ്റ്റാളിൽ കയറി പുതിയ നോവലുകൾ വാങ്ങും. കാക്കത്തമ്പുരാട്ടിയുടെ ആദ്യ പതിപ്പ് 1965 -ൽ തന്നെ എസ്.പി.സി.എസ്.വഴി പുറത്തു വന്നിരുന്നു. 1969 ആയപ്പോഴേക്കും അതിന്റെ പുതിയ പതിപ്പും ഇറങ്ങി. 

ഞാൻ എന്റെ കൗമാരകാലത്ത് കെ.ബാലകൃഷ്ണന്റെ കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന "പി.ഭാസ്കരൻ എന്ന കവി" എന്ന ലേഖനം വായിച്ചതു മുതൽ ഭാസ്കരൻ മാസ്റ്റർ എന്നെ ശ്രദ്ധിച്ചു വരികയായിരുന്നു. ആ ലേഖനത്തിൽ അദ്ദേഹത്തെ ഗാനരചയിതാവ് എന്ന നിലയിലല്ല ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ വില്ലാളി, വയലാർ ഗർജ്ജിക്കുന്നു, ഓർക്കുക വല്ലപ്പോഴും, സത്രത്തിലെ ഒരു രാത്രി തുടങ്ങിയ കവിതകളുടെ ആസ്വാദനമായിരുന്നു ആ ലേഖനം. അതു പക്വമതിയായ നിരൂപകന്റെ വിലയിരുത്തലൊന്നുമായിരുന്നില്ല .ഒരു കലാലയ വിദ്യാർഥിയുടെ ആരാധനയുടെ അക്ഷരമാല്യം മാത്രം. അതെഴുതുമ്പോൾ പി.ഭാസ്കരൻ അതു വായിക്കുമെന്നു പോലും ഞാൻ പ്രതീക്ഷിച്ചിരുന്നുമില്ല എന്നാൽ എന്റെ സാഹിത്യപ്രവർത്തനങ്ങളും സിനിമാപ്രവേശവും ക്രമാനുഗതമായ എന്റെ വളർച്ചയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഏതു പ്രവർത്തനത്തിനും തുല്യമായ ഒരു പ്രതിപ്രവർത്തനമുണ്ട് എന്നതു ശാസ്ത്ര നിയമമാണല്ലോ. എന്റെ കാക്കത്തമ്പുരാട്ടി എന്ന നോവലിൽ സിനിമയ്ക്ക് പറ്റിയ ഒരു കഥയും പ്രാദേശിക പശ്ചാത്തലവുമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. 

അങ്ങനെയിരിക്കെ കുന്നംകുളം സ്വദേശികളായ രണ്ടു ചെറുപ്പക്കാർ കാക്കത്തമ്പുരാട്ടി എന്ന പുസ്തകവുമായി പി.ഭാസ്കരന്റെ വീട്ടിലെത്തി. ആ നോവൽ സിനിമയാക്കണമെന്നും അതു ഭാസ്കരൻ മാസ്റ്റർ തന്നെ സംവിധാനം ചെയ്യണമെന്നും പറഞ്ഞു. സി.ജെ.ബേബി , പി.സി.ഇട്ടൂപ്പ് എന്നിവരാണ് അന്നത്തെ ആ യുവനിർമാതാക്കൾ. ഭാസ്കരൻ മാസ്റ്റർക്കു  സന്തോഷമായി.

എനിക്കും ആ കഥ ഇഷ്ടമാണ്. നിങ്ങൾ ആദ്യം തമ്പിയെ കണ്ടിട്ടു വരൂ. അതിന്റെ അവകാശം തമ്പി മറ്റാർക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ലല്ലോ. " 

അങ്ങനെ അവർ രണ്ടുപേരും കൂടി ഒരു സുഹൃത്തിനോടൊപ്പം ഞാൻ താമസിക്കുന്ന വാടകവീട്ടിലെത്തി. അപ്പോൾ എന്റെ ഭാര്യ രാജി ഗർഭിണിയാണ്. അവളുടെ ഉദരത്തിൽ എന്റെ മകൾ പുറത്തേക്കു വരാൻ തയാറെടുക്കുന്നതിന്റെ ചലനങ്ങൾ തുടങ്ങിയിരിക്കുന്നു. എന്റെ കെട്ടിടനിർമാണക്കമ്പനി തുടങ്ങിയെങ്കിലും അതിനു പ്രത്യേകം ഓഫിസ് ഒന്നുമായിട്ടില്ല. പാട്ടെഴുതുന്ന ബുക്കുകളും വായിക്കുന്ന പുസ്തകങ്ങളും കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റുകളും ഡ്രോയിങ് ബോർഡും ടി-സ്ക്വയറും ബില്ലുകളും വൗച്ചറുകളുമെല്ലാം സ്ഥലപരിമിതിയിൽ പരസ്പരം മത്സരിക്കാതെ കഴിഞ്ഞുകൂടുന്നു. ഉള്ള സ്ഥലത്ത് ഞാൻ പുതിയ നിർമ്മാതാക്കളെ സ്വീകരിച്ചിരുത്തി.എന്നെ കാണാൻ അവരെ അയച്ചത് ഭാസ്കരൻമാസ്റ്റർ ആണെന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. "ഞങ്ങൾക്ക് കാക്കത്തമ്പുരാട്ടി സിനിമയാക്കണം. ഭാസ്കരൻ മാസ്റ്ററാണ് സംവിധാനം. തമ്പിക്ക് സമ്മതമാണെങ്കിൽ കൂട്ടികൊണ്ടു ചെല്ലാൻ പറഞ്ഞാ മാസ്റ്റർ ഞങ്ങളെ അയച്ചത്.

"കൊള്ളാം.എന്റെ നോവൽ ഭാസ്കരൻ മാസ്റ്റർ സിനിമയാക്കുന്നു. എനിക്ക് ഇതിൽ കൂടുതൽ എന്തു വേണം...?"

അങ്ങനെ ചോദിച്ചുകൊണ്ട് സന്തോഷത്താൽ കൺപീലികൾ നനഞ്ഞ ഭാര്യയോടു യാത്ര പറഞ്ഞ് ഞാൻ അവരോടൊപ്പം കാറിൽ കയറി. മദാസ്‌ ത്യാഗരാജനഗറിൽ തോമസ് റോഡിലുള്ള വാടകവീട്ടിലാണ് അന്നു ഭാസ്കരൻ മാസ്റ്ററുടെ താമസം. അതുവരെ അദ്ദേഹത്തെ അകലെ നിന്ന് കണ്ടിട്ടേയുള്ളു. അടുത്തുപോയി സ്വയം പരിചയപ്പെടുത്താൻ അന്നോളം എനിക്കു ധൈര്യമുണ്ടായിട്ടില്ല.( എന്റെയീ അന്തർമുഖത്വത്തെയാണ് പലരും അഹങ്കാരമായി വ്യാഖ്യാനിച്ചിട്ടുള്ളത്.) ഭാസ്കരൻ മാസ്റ്റർ ചിരപരിചിതനായ ഒരു സുഹൃത്തിനെയെന്നവണ്ണം എന്നെ സ്വീകരിച്ചു. പ്രതിഫലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. വിനയപൂർവം ഞാൻ പറഞ്ഞു.

ഭാസ്കരൻ മാസ്റ്ററുടെ നവലോകത്തിലെ പാട്ടുകൾ ഞാൻ കേട്ടത് എന്റെ പതിനൊന്നാം വയസ്സിലാണ്. "തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ...?" അന്ന് തുടങ്ങിയ ആരാധനയ്ക്ക് ഇന്നും മാറ്റമില്ല. അതുകൊണ്ട് എല്ലാം മാസ്റ്റർ തന്നെ തീരുമാനിച്ചാൽ മതി

അദ്ദേഹം എനിക്കു തരേണ്ട തുകയെപ്പറ്റി നിർമാതാക്കളോടു പറഞ്ഞു. അപ്പോൾ മടിച്ചു മടിച്ച് ഞാൻ ഭാസ്കരൻ മാസ്റ്ററോട് എന്റെ ആഗ്രഹം വെളിപ്പെടുത്തി.

എനിക്കു മാസ്റ്ററോട് ഒരപേക്ഷയൊണ്ട് . മാസ്റ്റർ ഡയറക്റ്റ് ചെയ്യുന്ന പടങ്ങൾക്കെല്ലാം മാസ്റ്റർ തന്നെയാണ് പാട്ടെഴുതുന്നത്. കാക്കത്തമ്പുരാട്ടി എന്റെ കഥയായതുകൊണ്ട് ഒരു പാട്ട് എഴുതാൻ മാസ്റ്റർ എനിക്ക് അവസരം തരണം. ഭാസ്കരൻ മാസ്റ്റർ നന്നായി ചിരിച്ചു. എന്നിട്ടു പറഞ്ഞു.

എന്തിന് ഒരു പാട്ടിലൊതുക്കണം? പകുതി പാട്ടുകൾ ഞാനെഴുതാം. പകുതി പാട്ടുകൾ തമ്പിയും. എനിക്കു തമ്പിയുടെ പാട്ടുകൾ ഇഷ്ടമാണ്. " ആ മഹാമനസ്കതയെ ഹൃദയത്തിലേറ്റി നിറഞ്ഞ സംതൃപ്തിയോടെ ഞാൻ വീട്ടിലേക്കു മടങ്ങി.

ആ സമാഗമം തീർച്ചയായും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. എന്റെ ആദ്യത്തെ തിരക്കഥ "അപസ്വരങ്ങൾ " എം.കൃഷ്ണൻ നായർ സംവിധാനം ചെയ്തു. രണ്ടാമത്തെ തിരക്കഥയ്ക്ക് എന്റെ നോവൽ തന്നെ അവലംബം. അതു പി.ഭാസ്കരൻ സംവിധാനം ചെയ്യാൻ പോകുന്നു..

അപ്പോഴേക്കും മാസ്റ്ററുടെ പ്രശസ്ത സിനിമകളായ അമ്മയെ കാണാൻ ,പരീക്ഷ, തറവാട്ടമ്മ, മനസ്വിനി, കാട്ടുകുരങ്ങ് , മൂലധനം അന്വേഷിച്ചു,കണ്ടെത്തിയില്ല, ആദ്യകിരണങ്ങൾ, വിത്തുകൾ , ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയവയെല്ലാം വന്നു കഴിഞ്ഞു. എന്റെ നോവൽ സിനിമയാക്കുമെങ്കിലും തിരക്കഥാരചന അദ്ദേഹം മറ്റാരെയെങ്കിലും ഏൽപ്പിക്കുമെന്നായിരുന്നു എന്റെ ധാരണ..പക്ഷേ അങ്ങനെയുണ്ടായില്ല. അദ്ദേഹം എന്നോടു പറഞ്ഞു.

എനിക്കു നോവലിലെ ചടുലമായ സംഭാഷണശൈലി ഇഷ്ടപ്പെട്ടു. അതുകൊണ്ട് സംഭാഷണം തമ്പി തന്നെ എഴുതൂ. മധ്യതിരുവിതാംകൂറിലെ സാധാരണക്കാരുടെ ഭാഷ തമ്പിക്കു നന്നായി എഴുതാൻ പറ്റും. ക്ലൈമാക്സിനെക്കുറിച്ച് നമുക്കൊന്നു ചർച്ച ചെയ്യണം.

രണ്ടുമൂന്നു ദിവസം കൊണ്ട് ഞാൻ തിരനാടകത്തിന്റെ പ്രാഥമിക രൂപം തയാറാക്കി. നോവലിൽ നിന്ന് അല്പം വ്യത്യസ്തമായ ക്ളൈമാക്സ് ഞങ്ങളുടെ ചർച്ചയിലൂടെ രൂപം കൊണ്ടു. കെട്ടിടം പണിയുടെയും പാട്ടെഴുത്തിന്റെയും തിരക്കുകൾക്കിടയിൽ അധികം വൈകാതെ ഞാൻ തിരക്കഥയും സംഭാഷണവും എഴുതി പൂർത്തിയാക്കി. ഭാസ്കരൻ മാസ്റ്ററും നിർമ്മാതാക്കളായ ഇട്ടൂപ്പും ബേബിയും ഞാനും ഭാസ്കരൻമാസ്റ്ററുടെ ഒരു സുഹൃത്തിന്റെ ഗെസ്റ്റ് ഹൗസിൽ ഇരുന്നാണ് സ്ക്രിപ്റ്റ് വായിച്ചത്. ഞാൻ മുഴുവൻ വായിച്ചു തീരുന്നതുവരെ ഭാസ്കരൻ മാസ്റ്റർ ഒന്നും സംസാരിച്ചില്ല. വായിച്ചു തീർന്നപ്പോൾ അദ്ദേഹം പറഞ്ഞു.

"ഭംഗിയായി തമ്പീ ...അടുത്ത കാലത്ത് എനിക്കു കിട്ടിയ ഏറ്റവും നല്ല സ്ക്രിപ്റ്റ്” ഞാൻ തിരക്കഥയുടെ ഫയൽ ഭാസ്കരൻ മാസ്റ്ററുടെ കയ്യിൽ കൊടുത്തിട്ട് ആ പാദങ്ങളിൽ തൊട്ടു തൊഴുതു.

മാസ്റ്റർ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് നൂറു രൂപയുടെ ഒരു നോട്ടെടുത്ത് എന്റെ കയ്യിൽ തന്നു.

ഇതു തമ്പി കയ്യിൽ വയ്ക്കൂ. ഇപ്പോൾ ഇതേ എന്റെ പോക്കറ്റിലുള്ളു.

എന്തിനാണ് മാസ്റ്റർ ഈ പണം.

അത്ഭുതത്തോടെ ഞാൻ ചോദിച്ചു.

എനിക്കു വേണ്ടി അടുത്ത കഥയെഴുതാൻ ഞാൻ തരുന്ന അഡ്വാൻസ് .ഞാൻ സ്വന്തമായി ഒരു പടം തുടങ്ങുന്നു. അതിനു തമ്പി കഥയും സംഭാഷണവും എഴുതണം. കഥ സംഗീതപ്രധാനമാകണം. നമ്മൾ രണ്ടുപേരും പാട്ടുകളെഴുതും. ആ പടം നമുക്ക് ഒരു വൻ വിജയമാക്കണം. ഞാൻ പറയുന്നത് തമ്പിക്കു മനസ്സിലാകും. തമ്പി പറയുന്നത് എനിക്കും മനസ്സിലാകും

എന്റെ മനസ്സും കണ്ണുകളും നിറഞ്ഞു.ആ നൂറു രൂപയുടെ നോട്ട് ചെലവാക്കാതെ ഏറെക്കാലം ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചിരുന്നു..

Content highlights Karuppum veluppum mayavarnangalum, Sreekumaran Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com