ADVERTISEMENT

വിലയ്ക്കുവാങ്ങിയ വീണ’യുടെ സാമ്പത്തികവിജയം എനിക്കും ഭാസ്കരൻമാസ്റ്റർക്കും ഒരുപോലെ പ്രയോജനകരമായിത്തീർന്നു. എനിക്കു പാട്ടുകളെഴുതാൻ കൂടുതൽ അവസരങ്ങൾ കിട്ടി. ഭാസ്കരൻ മാസ്റ്റർ തുടർച്ചയായി സ്വന്തം ബാനറിൽ സിനിമകൾ നിർമിക്കാൻ തീരുമാനിച്ചു. ‘‘എന്റെ സ്വന്തം കമ്പനികൾ നിർമിക്കുന്ന സിനിമകൾക്കു തമ്പി തന്നെ സ്ക്രിപ്റ്റ് എഴുതിയാൽ മതി’’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഞാൻ വിനയപൂർവം ‘‘മാസ്റ്ററുടെ ഇഷ്ടം പോലെ’’ എന്നു മറുപടി പറഞ്ഞു.

തെന്നിന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോയും സിനിമാനിർമാണക്കമ്പനിയുമായിരുന്ന മദ്രാസിലെ ജമിനി സ്റ്റുഡിയോ 1948ൽ‍ നിർമിച്ച ‘അപൂർവ സഹോദരർകൾ’ ( അപൂർവ സഹോദരന്മാർ ) എന്ന തമിഴ് സിനിമയ്‌ക്കുവേണ്ടി മലയാള ഭാഷയിൽ എട്ടു വരികൾ മാത്രമുള്ള ഒരു മാപ്പിളപ്പാട്ട് എഴുതിക്കൊണ്ടാണ് പി.ഭാസ്കരൻ എന്ന അന്നത്തെ യുവകവി സിനിമാഗാനരചയിതാവായി രംഗത്തുവന്നത്. അഖിലേന്ത്യാപ്രശസ്തനായ ജമിനി എസ്.എസ്.വാസൻ നിർമാണവും സംവിധാനവും നിർവഹിച്ച ആ ചിത്രത്തിൽ നാലു തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും വരികളുള്ള ഒരു വലിയഗാനം നായികയും ഗായികയുമായ പി.ഭാനുമതി പാടി അഭിനയിച്ചു. ‘ലഡ്ഡു മിട്ടായി വേണമാ...’ എന്നു തുടങ്ങുന്ന ആ മിശ്രഭാഷാഗാനത്തിലെ മലയാളം വരികളാണ് പി.ഭാസ്കരൻ എഴുതിയത്.

അതുകഴിഞ്ഞ് രണ്ടു വർഷങ്ങൾക്കു ശേഷമാണ് ‘ചന്ദ്രിക’ എന്ന മലയാളസിനിമയ്ക്കു വേണ്ടി ‘കേഴുക ആത്മസഖീ ..’ എന്ന പൂർണ മലയാളഗാനം അദ്ദേഹം എഴുതിയത്. നാൽപത്തിയെട്ടിൽ സിനിമയ്‌ക്കുവേണ്ടി ആദ്യവരികൾ എഴുതിയ പി.ഭാസ്കരൻ എന്ന കവി അമ്പത്തിനാലിൽ രാമുകാര്യാട്ടുമായി ചേർന്ന് ‘നീലക്കുയിൽ ’ എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് ആയിരക്കണക്കിനു ഗാനങ്ങൾ, ഡസൻ കണക്കിനു സിനിമകൾ. സംവിധാനം ചെയ്ത ചില സിനിമകളുടെ നിർമാണത്തിൽ പങ്കാളിയുമായി. എന്നിട്ടും രണ്ടു ദശാബ്ദങ്ങൾക്കു ശേഷവും അദ്ദേഹത്തിനു സ്വന്തമായി ഒരു വീടു വയ്ക്കാൻ സാധിച്ചില്ല.

മലയാള സിനിമയിലെ അന്നത്തെ കലാകാരന്മാരെയും ഇന്നത്തെ കലാകാരന്മാരെയും ചിലപ്പോൾ ഞാൻ താരതമ്യം ചെയ്തു നോക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ നായകനടന്മാരായ സത്യൻമാസ്റ്ററും നസീർസാറും എത്ര ലളിതമായ ജീവിതമാണു നയിച്ചിരുന്നത്! ഞാൻ സിനിമയിൽ പ്രവേശിക്കുമ്പോൾ സത്യൻ മാസ്റ്റർ താരതമ്യേന വാടക കുറഞ്ഞ ലോഡ്ജുകളിലൊന്നായ സ്വാമീസ് ലോഡ്ജിലെ ഒരു മുറിയിലാണു താമസിച്ചിരുന്നത്. ആറു രൂപ ദിവസവാടകയിൽ !

അതിനു ശേഷമാണ് അദ്ദേഹം രണ്ടുകിടപ്പുമുറികളുള്ള ഫ്ലാറ്റിലേക്കു താമസം മാറ്റിയത്. നായകനായി സിനിമയിൽവന്ന് പതിനഞ്ചു വർഷത്തിനുശേഷവും നസീർസാർ സുഹൃത്തും നടനുമായ ടി.എസ്.മുത്തയ്യയുടെ മൂന്നു മുറികളും ഒരു ഹാളും മാത്രമുള്ള വാടകവീട്ടിലെ ഒരു മുറിയിലാണു താമസിച്ചിരുന്നത്. രണ്ടു നടന്മാരും ഒരു സ്വീകരണമുറി ഷെയർ ചെയ്തു. പി.ഭാസ്കരൻ, എ.വിൻസന്റ്, ശശികുമാർ, എ.ബി.രാജ് തുടങ്ങിയ സംവിധായകരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അവരും വാടകവീടുകളിലാണു താമസിച്ചിരുന്നത് തമ്മിൽ കൂടുതൽ അടുത്തുകഴിഞ്ഞപ്പോൾ ഭാസ്കരൻ മാസ്റ്റർ എന്നോടു പറഞ്ഞു.

‘‘തമ്പി ഇപ്പോൾ മറ്റുള്ളവർക്കു വീടു വച്ചു കൊടുക്കുന്നുണ്ടല്ലോ. എന്റെ പേരു കൂടി ആ ലിസ്റ്റിൽ ചേർക്കണം. എനിക്കും ഒരു വീടു വച്ചുതരണം. എന്റെ കയ്യിൽ ഒരുപാട് പണമൊന്നുമില്ല. പ്രതിഫലം കിട്ടുന്നതനുസരിച്ചു പണം കുറേശ്ശേയായി ഞാൻ തരും’’. ‘‘ തീർച്ചയായും ഞാൻ മാസ്റ്റർക്കു വീടു വച്ചുതരും. ചെറുപ്പത്തിൽതന്നെ സ്വന്തം കമ്പനി തുടങ്ങിയതുകൊണ്ടും വാങ്ങുന്ന കടം കൃത്യമായി തിരിച്ചുകൊടുക്കുന്നതു കൊണ്ടും ഇഷ്ടികയും സിമന്റും കമ്പിയും സാനിറ്ററി സാധനങ്ങളും ഇലക്ട്രിക് സാമഗ്രികളും മറ്റും എനിക്കു കടമായി തരാൻ കച്ചവടക്കാർ തയാറാണ്’’.

ഭാസ്കരൻ മാസ്റ്റർ മദ്രാസ് എഗ്‌മോറിലെ പാന്തിയൻ റോഡിനു സമീപം ഒരു പഴയവീടു വാങ്ങി. കെട്ടിടം പഴയരീതിയിൽ ചുടാത്ത ഇഷ്ടികകൾ ഉപയോഗിച്ചു കെട്ടിയതാണ്. മദ്രാസ് ടെറസ് ശൈലിയിലുള്ള റൂഫ് ആണ്. കഴുക്കോലുകൾ പോലെയുള്ള മരക്കഷണങ്ങൾ തുല്യ അകലങ്ങളിൽ നിരത്തി അവയ്ക്കിടയിൽ ചുണ്ണാമ്പും (കുമ്മായവും) ഇഷ്ടികക്കഷണങ്ങളും ചേർന്ന മിശ്രിതം നിറയ്ക്കുന്നു. അതിനുമേൽ സിമന്റ് പൂശുന്നു. മദ്രാസ് ടെറസ് ദുർബലമാണ്. അതിനൊരിക്കലും കോൺക്രീറ്റ് സ്ലാബിന്റെ ബലം കിട്ടുകയില്ല. പക്ഷേ, മുറികളിൽ ഉഷ്ണം കുറഞ്ഞിരിക്കും.

മൂലകളിലും മധ്യത്തിലും കോൺക്രീറ്റു തൂണുകൾ വാർത്ത് മുകളിൽ ടൈ ബീമുകൾ തീർത്ത് അതിനും മുകളിൽ വാർക്കുന്ന കോൺക്രീറ്റ് സ്ലാബിന്റെ ഭാരം ചുവരുകളെ ബാധിക്കാത്ത തരത്തിൽ ഞാൻ കെട്ടിടം പൂർത്തിയാക്കി. ഭിത്തിയുടെ ബലം അവിടവിടെയായി സിമന്റ് കോൺക്രീറ്റ് ഉപയോഗിച്ചു വർധിപ്പിക്കുകയും ചെയ്തു. മുൻഭാഗത്തെ വാതിലുകളും ജനാലകളും മുഗൾ ആർക്കിടെക്ചർ ശൈലിയിലാക്കി. മാസ്റ്റർക്കു വലിയ സന്തോഷമായി. 1970 -71 കാലത്ത് ഒന്നര ലക്ഷം രൂപയ്ക്കു ഞാൻ പണി പൂർത്തിയാക്കി. ലാഭമായി ഒരു രൂപ പോലും എടുത്തില്ല. മാസ്റ്റർക്കു ഞാൻ നൽകുന്ന ഗുരുദക്ഷിണയായിരുന്നു ആ വീടിന്റെ സാക്ഷാൽക്കാരത്തിനു വേണ്ടിയുള്ള എന്റെ പരിശ്രമം.

വിലയ്ക്കു വാങ്ങിയ വീണയ്ക്കു ശേഷം ഭാസ്കരൻ മാസ്റ്റർ സ്വന്തമായി നിർമിച്ച ചിത്രത്തിന്റെ പേര് ‘ആറടി മണ്ണിന്റെ ജന്മി’ എന്നാണ്. അതു ചുരുങ്ങിയ ചെലവിൽ നിർമിച്ച സിനിമയാണ്. ഒരു ഹോസ്പിറ്റലിലാണു കഥയുടെ മുക്കാൽ ഭാഗവും ചിത്രീകരിക്കേണ്ടത്. വേറെ അധികം സെറ്റുകളില്ല. പുറംവാതിൽകാഴ്ചകളും കുറവാണ്. തമിഴിലെ പ്രശസ്ത സംവിധായകൻ കെ.ബാലചന്ദർ ഹാസ്യനടനായ നാഗേഷിനെ നായകനാക്കി തമിഴിൽ ഒരുക്കിയ ‘നീർക്കുമിഴി’ (നീർക്കുമിള) എന്ന കഥയുടെ അവകാശം വാങ്ങി ചെറിയ മാറ്റങ്ങളോടെ മലയാളത്തിൽ നിർമിച്ചതാണ് ‘ആറടി മണ്ണിന്റെ ജന്മി’.

തമിഴിൽ നാഗേഷ് അഭിനയിച്ച, എപ്പോഴും തികഞ്ഞ പ്രസരിപ്പോടെ ജീവിതം ആഘോഷമാക്കുന്ന കാൻസർ രോഗിയായി മലയാളത്തിൽ പ്രേംനസീർ അഭിനയിച്ചു. സേതു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. എന്റെ അഭിപ്രായത്തിൽ പ്രേംനസീർ നന്നായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ആറടി മണ്ണിന്റെ ജന്മി’. കാലിൽ ഒടിവുകളുമായി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഫുട്ബോൾ കളിക്കാരൻ പ്രസാദിന്റെ വേഷം മധുവാണ് അവതരിപ്പിച്ചത്. ജീവിതത്തിൽ ഇനിയൊരിക്കലും ഫുട്ബോൾ കളിക്കാൻ കഴിയാതെ വരുമോ എന്ന ഭയമാണ് ഓരോ നിമിഷവും അയാളെ അലട്ടുന്നത്. ആശുപത്രിയുടമയായ ഡോക്ടർ മേനോന്റെ മകളും ലേഡിഡോക്ടറുമായ ജയന്തിയായി ഷീല അഭിനയിച്ചു. ജോസ് പ്രകാശ് ആയിരുന്നു ഡോക്ടർ മേനോൻ.

sreekumaran-thampi-interview
ശ്രീകുമാരൻ തമ്പി

ഫുട്ബോൾ ചാംപ്യനോടു ലേഡിഡോക്ടർക്ക് ആദ്യം തോന്നുന്ന കാരുണ്യം ക്രമേണ പ്രണയമായി മാറുന്നു. താൻ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന് ഉത്തമബോധ്യമുണ്ടായിട്ടും സേതു, പ്രസാദിനു പ്രതീക്ഷ നൽകുന്നു. പ്രസാദിന്റെ മനസ്സിൽ ശുഭാപ്തി വിശ്വാസം നിറയ്ക്കുന്നു. പ്രസാദും ഡോക്ടർ ജയന്തിയുമായുള്ള പ്രണയബന്ധത്തെ സേതു പ്രോത്സാഹിപ്പിക്കുന്നു.
എല്ലാ രോഗികൾക്കും ബന്ധുക്കളുണ്ട്. എന്നാൽ കഥാനായകൻ സേതു അനാഥനാണ്, അഥവാ ഒറ്റപ്പെട്ടവനാണ്. അതുകൊണ്ട് ഉള്ളിലുള്ള ദുഃഖം പുറത്തറിയിക്കാതെ അയാൾ എല്ലാവരുടെയും ഉറ്റബന്ധുവായി മാറുന്നു. സ്വയം ചിരിക്കുകയും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്നു. രോഗം അനിയന്ത്രിതമായി പടർന്നു സേതു മരിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
ആറടി മണ്ണിന്റെ ജന്മിക്കു തിരക്കഥയും സംഭാഷണവും രണ്ടു ഗാനങ്ങളും ഞാൻ എഴുതി. ഭാസ്കരൻ മാസ്റ്റർ രണ്ടു പാട്ടുകളെഴുതി. ഭാസ്കരൻ മാസ്റ്റർ എഴുതിയ

‘ആരോരുമില്ലാത്ത തെണ്ടി പക്ഷേ,
ആറടി മണ്ണിന്റെ ജന്മി, ഞാൻ
ആറടി മണ്ണിന്റെ ജന്മി
മണ്ണിൽ വന്നു പിറന്ന നേരം
ഈ മണ്ണിന്റെ പട്ടയം പതിച്ചു കിട്ടി.
എവിടെയെന്നറിയില്ല ,
കണ്ടിട്ടില്ലിതുവരെ’

എങ്കിലും ഞാനതിന്നവകാശി എന്ന ഗാനമാണു കൂടുതൽ ശ്രദ്ധ നേടിയത്. രോഗിയായ സേതുവിനെ, ഒരു പ്രതീക്ഷയുമില്ലാതെ നിശ്ശബ്ദം സ്നേഹിക്കുന്ന പെൺകുട്ടിയാണു സുമതി. ജയഭാരതി സുമതിയായി അഭിനയിച്ചു. ഈ കഥാപാത്രം മൂലകഥയായ ‘നീർക്കുമിഴി’യിൽ ഉണ്ടായിരുന്നില്ല. അത് എന്റെ സൃഷ്ടിയാണ്. ഭാസ്കരൻ മാസ്റ്റർ എഴുതിയ രണ്ടാമത്തെ ഗാനം ഈ കഥാപാത്രം പാടുന്നതാണ്.

ഇന്നലെ രാവിലൊരു കൈരവമലരിനെ
ഇന്ദുകിരണങ്ങൾ വന്നു വിളിച്ചുണർത്തി.
പൂമിഴിയിലുമ്മ വച്ചു നിദ്രയകറ്റി, പിന്നെ
കാമുകന്റെ ചോദ്യമൊന്നു കാതിലുരച്ചു
ഇത്തരിപ്പൂവേ ,നെയ്തലാമ്പൽപ്പൂവേ
ഇത്തറ നാൾ നീയാരെ കിനാവു കണ്ടു..?

എന്നു തുടങ്ങുന്നു ആ ഗാനം.. സേതു പാടുന്ന മറ്റൊരു ഗാനം ഞാനെഴുതി.

‘തുടക്കവും ഒടുക്കവും സത്യങ്ങൾ
ഇടയ്ക്കുള്ളതൊക്കെയും കടങ്കഥകൾ
കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങുപോലെ
വിധിക്കൊത്തു വിളയാടും മനുഷ്യരൂപം’.

ആർ.കെ.ശേഖർ ആയിരുന്നു സംഗീതസംവിധായകൻ. ഗാനങ്ങൾക്കു പ്രാധാന്യമുള്ള ചിത്രമായിരുന്നില്ല ‘ആറടി മണ്ണിന്റെ ജന്മി’. എങ്കിലും ഡോക്ടർ ജയന്തിക്കു പാടാൻ ഒരു ഗാനം ഞാനെഴുതി.

‘പതിനഞ്ചിതളുള്ള പൗർണമിപ്പൂവിന്റെ
പതിനാലാമിതളും വിടർന്നു
അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ
തിരുവാതിരപ്പാട്ടു പാടിപ്പറന്നു’

എന്ന ഗാനം. വിലയ്ക്കുവാങ്ങിയ വീണ നൽകിയ സംഗീതസദ്യ ഭാസ്കരൻ മാസ്റ്ററും ഞാനും ചേരുന്ന അടുത്ത ചിത്രത്തിലും പ്രതീക്ഷിച്ച കേരളത്തിലെ പ്രേക്ഷകരെ ‘ആറടിമണ്ണിന്റെ ജന്മി’ ഒരു പരിധി വരെ നിരാശപ്പെടുത്തിയെന്നതു സത്യമാണ്. എങ്കിലും ചിത്രം പരാജയമായില്ല. നിർമാണച്ചെലവ് താരതമ്യേന കുറവായതിനാൽ മാസ്റ്റർക്കു ലാഭം കിട്ടുകയും ചെയ്തു. സേതുവായുള്ള പ്രേംനസീറിന്റെ പ്രകടനം ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടു.

sreekumaran-thampi-literature
ശ്രീകുമാരൻ തമ്പി

ഇതിനിടയിൽ ഒന്നുരണ്ടു നിർമാതാക്കൾ തിരക്കഥയെഴുതാൻ എന്നെ സമീപിക്കുകയുണ്ടായി. എസ്.എൽ.പുരം സദാനന്ദനും ഞാനും ദിവസങ്ങളോളം ജയ് മാരുതി ഓഫിസിൽ തിരക്കഥാചർച്ചയ്ക്ക് ഒരുമിച്ചു കൂടിയിരുന്നല്ലോ. എസ്.എൽ.പുരവുമായി അങ്ങനെ മാനസികമായ ഒരടുപ്പമുണ്ടായി. അതുകൊണ്ട് അദ്ദേഹം സ്ഥിരമായി തിരക്കഥയും സംഭാഷണവും രചിക്കുന്ന സ്ഥാപനങ്ങളിൽനിന്നു വന്ന ക്ഷണങ്ങളൊന്നും ഞാൻ സ്വീകരിച്ചില്ല. ലങ്കാദഹനത്തിലെ പാട്ടുകൾ ഹിറ്റുകളായതിനെത്തുടർന്ന് മലയാളത്തിൽ എം.എസ്.വിശ്വനാഥനു കൂടുതൽ അവസരങ്ങൾ കിട്ടി.

തമിഴ് നിർമാതാവായ ആർ.എം.വീരപ്പൻ (എം.ജി.ആറിന്റെ മാനേജർ) നിർമിച്ച ‘മന്ത്രകോടി’ എന്ന ചിത്രത്തിനു പാട്ടുകളെഴുതാൻ എനിക്ക് അവസരം കിട്ടിയത് വിശ്വേട്ടന്റെ ശുപാർശ മൂലമാണ്. ശ്രീകുമാരൻ തമ്പി--അർജുനൻ ടീം സൃഷ്ടിച്ചതിൽ റെസ്റ്റ് ഹൗസ് എന്ന ചിത്രത്തിന്റെ സംവിധായകനായ ശശികുമാർ സാറിനും ഒരു പങ്കുണ്ടല്ലോ. അദ്ദേഹം തുടർച്ചയായി ഞങ്ങൾക്ക് അവസരം നൽകുകയും ചെയ്തു. ഭാസ്കരൻ മാസ്റ്ററുടെ ചിത്രങ്ങൾ കണ്ട ശശികുമാർ സാർ എന്നോടു തിരക്കഥയെഴുതാനും ആവശ്യപ്പെട്ടു.

ഇതിനിടയിൽ ഭാസ്കരൻ മാസ്റ്റർ ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായർ എഴുതിയ ‘ഉദയം’ എന്ന നോവൽ എന്റെ കയ്യിൽ തന്നിട്ട് ‘‘ഈ പുസ്തകം തമ്പിയൊന്നു വായിക്കൂ, എന്നിട്ട് എത്രയും പെട്ടെന്ന് സ്ക്രിപ്റ്റ് എഴുതിത്തീർക്കൂ’’ എന്നു പറഞ്ഞു. ‘‘ശാരദയ്ക്ക് പറ്റിയ കഥയാണ്’’ എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

എൻജിനീയർ-കോൺട്രാക്ടർ എന്ന നിലയിലും ഞാൻ സാമാന്യം നല്ല തിരക്കിലായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു ഞാൻ മാസ്റ്ററോടു പറഞ്ഞു. ‘‘ നമ്മൾ ഒരുമിക്കുമ്പോൾ പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കും. അതുകൊണ്ട് കുറെക്കൂടി സാവകാശത്തിൽ സംഗീതപ്രധാനമായ ഒരു പുതിയ കഥ തയാറാക്കി എല്ലാ പാട്ടുകളും ഹിറ്റ് ആകുന്ന തരത്തിൽ അടുത്ത പടമെടുത്താൽ പോരേ...?’’. ഭാസ്കരൻ മാസ്റ്റർ പെട്ടെന്നു നിശ്ശബ്ദനായി. പിന്നെ അൽപം ദേഷ്യത്തോടെ ചോദിച്ചു. ‘‘എന്റെ പടത്തിനു സ്ക്രിപ്റ്റ് എഴുതാൻ തമ്പിക്കു സമയമില്ലേ ...?’’. ആ ചോദ്യം ഉയർന്നപ്പോൾ ഞാൻ കീഴടങ്ങി. ‘‘അങ്ങനെയല്ല സാർ. ...ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ തിരക്കഥയുടെ വൺലൈൻ ഓർഡർ തരാം’’ എന്നു പറഞ്ഞ് ഞാൻ ഉദയം എന്ന നോവൽ വായിക്കാൻ തുടങ്ങി. ഒന്നോ രണ്ടോ ചർച്ചകൾക്കു ശേഷം ഞാൻ ഫുൾ സ്ക്രിപ്റ്റ് എഴുതിത്തീർത്തു. പാട്ടെഴുത്ത്, തിരക്കഥയെഴുത്ത്, പാട്ടുകളുടെ കംപോസിങ്, റിക്കോർഡിങ്. ഇതിനിടയിൽ വർക്ക് സൈറ്റ് സന്ദർശനം. കമ്പി കെട്ടുന്നതും കോൺക്രീറ്റ് മിക്സ് ചെയ്യുന്നതും പരിശോധിക്കുക, വർക്ക് സൈറ്റുകളിൽ തീരുന്ന സിമന്റും മറ്റു സാധനസാമഗ്രികളും ഓർഡർ ചെയ്ത് എത്തിച്ചുകൊടുക്കുക... എല്ലാം നടക്കണം.

‘ഉദയം’ എന്ന ചിത്രത്തിൽ പ്രേംനസീറിനു പറ്റിയ വേഷമില്ല. ശാരദയാണു നായിക. മധുവും രാഘവനുമാണു രണ്ടു നായകന്മാർ. ഞാൻ ആദ്യത്തെ ഗാനം എഴുതി. വീണ്ടും ദക്ഷിണാമൂർത്തിസ്വാമി സംഗീതസംവിധായകനായി. ഞാൻ പാട്ടെഴുതിയ കടലാസ് ഭാസ്കരൻ മാസ്റ്ററുടെ കയ്യിൽ കൊടുത്തു. അപ്പോൾ മാസ്റ്റർ പറഞ്ഞു. ‘‘ തമ്പി അത് എന്റെ കയ്യിൽ തരണമെന്നില്ല. നേരെ സ്വാമിയുടെ കയ്യിൽ കൊടുത്താൽ മതി’’. അപ്പോൾ ഞാൻ പറഞ്ഞു.‘‘ മാസ്റ്റർ ഈ പടത്തിന്റെ സംവിധായകനാണ്. മാസ്റ്റർ വായിച്ച് അംഗീകരിക്കണം. പോരെന്നു തോന്നുന്നെങ്കിൽ ഞാൻ മാറ്റിയെഴുതും ’’. മാസ്റ്റർ ഞാൻ എഴുതിയ വരികൾ വീണ്ടും വീണ്ടും വായിച്ചു. അദ്ദേഹത്തിന്റെ കൺപീലികളിൽ നനവ്. ‘‘ ഇതിലും നന്നായി എങ്ങനെയെഴുതാൻ കഴിയും തമ്പി ? ഐ ഹാവ് നോ വേഡ്സ്. മാസ്റ്റർ കടലാസ് എന്റെ കയ്യിലേക്കു തന്നു. ആ ഗാനമാണ്

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണമി വിടർന്നേനെ.
എൻ സ്വപ്നരേണുക്കൾ
രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനെ
എന്നശ്രുബിന്ദുക്കൾ
പുഷ്പങ്ങളായെങ്കിൽ
എന്നും മാധവമുണർന്നേനെ ....

എന്ന പ്രശസ്ത ഗാനം. ഒരിക്കൽ നമ്മുടെ പ്രിയനടനായ മമ്മൂട്ടി എന്നോടു പറഞ്ഞു. ‘‘ തമ്പിസാറിന്റെ പാട്ടുകളൊക്കെ കൊള്ളാം. പക്ഷേ, മലയാളസിനിമാഗാനങ്ങളിൽ വച്ച് എനിക്കേറ്റവും ഇഷ്ടമുള്ള വരികൾ പി.ഭാസ്കരൻ എഴുതിയതാണ്. അങ്ങനെയൊന്നും തമ്പിസാറിന് ഒരിക്കലും എഴുതാൻ പറ്റില്ല’’. ‘‘ഏതാണ് ആ വരികൾ ?’’ ഞാൻ മമ്മൂട്ടിയോടു ചോദിച്ചു. അപ്പോൾ സാമാന്യം നന്നായി മമ്മൂട്ടി ആ വരികൾ പാടി.

സുന്ദരവാസന്ത മന്ദസമീരനായ്
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
തൂമിഴിത്താമര പൂവിതൾതുമ്പിലെ
തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം.

ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. ‘‘ആ വരികൾ എന്റേതാണു മമ്മൂട്ടി. ഞാൻ ഭാസ്കരൻ മാസ്റ്ററുടെ ഉദയം എന്ന സിനിമയ്ക്കു വേണ്ടിയെഴുതിയ “എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ” എന്ന പാട്ടിലെ രണ്ടാമത്തെ ചരണമാണ്‌ ഇപ്പോൾ മമ്മൂട്ടി പാടിയത്’’. അപ്പോൾ മമ്മൂട്ടിയുടെ മുഖത്തുണ്ടായ മാറ്റം ഒരു ക്ലോസപ് ഷോട്ടായി എന്റെ ഓർമ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. നമുക്ക് 1973ലേക്കു തന്നെ മടങ്ങാം. ‘ക്രോസ് ബെൽറ്റ്’ എന്ന ചിത്രത്തിനുവേണ്ടി 1968ൽ ഞാൻ ഒരു ഗാനമെഴുതി. സൂനാമി ദുരന്തം വന്ന സമയത്ത് പല ബുദ്ധിജീവികളും ഈ പാട്ട് അവരുടെ പ്രഭാഷണങ്ങളിൽ ഉദ്ധരിച്ചു കവിയുടെ ദീർഘദൃഷ്ടിയെയും പ്രവചനചാതുര്യത്തെയും പ്രശംസിക്കുകയുണ്ടായി. ബുദ്ധിജീവിസംഘത്തിൽ ഒരു വിഭാഗം ഈ വരികളുടെ പേരിൽ വയലാറിനെയും മറ്റൊരു വിഭാഗം പി.ഭാസ്കരനെയും ഒരു ചെറിയ വിഭാഗം ഒ.എൻ.വിയെയും പ്രകീർത്തിച്ചു. ഒരാൾ പോലും ആ ഗാനം ശ്രീകുമാരൻ തമ്പി എഴുതിയതാണെന്നു പറഞ്ഞില്ല. ആ ഗാനം ഇതാണ്:

കാലം മാറി വരും
കാറ്റിൻ ഗതി മാറും
കടൽ വറ്റി കരയാകും
കര പിന്നെ കടലാകും
കഥയിതു തുടർന്നുവരും
ജീവിത കഥയിതു തുടർന്നു വരും

പക്ഷേ, ഒരു സുപ്രഭാതത്തിൽ ഞാൻ ഉണരുന്നതിനു മുൻപ്, മഹാസംഗീതജ്ഞനായ പരവൂർ ജി.ദേവരാജൻ മാസ്റ്ററിൽനിന്ന് എനിക്കൊരു ഫോൺകോൾ വന്നപ്പോൾ ഞാൻ തന്നെയെഴുതിയ ആ വരികളുടെ അർഥദീപ്തി എന്റെ മനസ്സിൽ പ്രകാശിച്ചു. ദേവരാജൻ മാസ്റ്റർ മദ്രാസിലെ നുങ്കമ്പാക്കം എന്ന സ്ഥലത്തുള്ള കാംദാർനഗറിൽ പണികഴിപ്പിച്ചുകൊണ്ടിരുന്ന വീടിന്റെ കാര്യം സംസാരിക്കാൻ വേണ്ടിയാണ് എന്നെ വിളിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ യഥാർഥലക്ഷ്യം അതായിരുന്നില്ല. ഒരു കോംപ്രമൈസ് ആണെന്നു മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ‘‘ നമ്മൾ എന്തിനാണ് ഇങ്ങനെ പിണങ്ങിക്കഴിയുന്നെ?’’ എന്നു ദേവരാജൻ മാസ്റ്റർ ചോദിച്ചു. ‘‘ ഇനിയും നമുക്ക് ഒരുമിച്ചു വർക്ക് ചെയ്തു കൂടേ...?’’.

എനിക്കു തെല്ലൊന്നഹങ്കരിക്കാൻ കാലം അനുവദിച്ചു തന്ന സമയമായിരുന്നു അത്. പക്ഷേ, ഞാൻ സ്വയം നിയന്ത്രിച്ചു വിനയപൂർവം പറഞ്ഞു. ‘‘ ആര് ആരെയാണു വേണ്ടെന്നു വച്ചത്? ദേവരാജൻ മാസ്റ്ററെ എനിക്കു വേണ്ട എന്ന് ഞാൻ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. ഞാൻ അന്നും ഇന്നും മാസ്റ്ററുടെ ആരാധകനാണ്. എനിക്കു പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണു ഹരിപ്പാട്ട് എന്റെ വീടിനടുത്തുള്ള കോളോത്ത് ഭഗവതി ക്ഷേത്രത്തിൽ ദേവരാജൻ മാസ്റ്ററുടെ പാട്ടുകച്ചേരി നടന്നത്. പരവൂർ ദേവരാജൻ ബിഎ എന്നാണു നോട്ടിസിൽ പേര് അച്ചടിച്ചിരുന്നത്. കീർത്തനങ്ങൾ പാടിക്കഴിഞ്ഞു മാസ്റ്റർ മനോഹരമായ ഒരു കവിത പാടി.

മഞ്ഞത്തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും
പുലർകാലേ
നിന്നു ലളിതേ നീയെൻ
മുന്നിൽ
നിർവൃതിതൻ പൊൻകതിർ
പോലെ


അതു മഹാകവി ചങ്ങമ്പുഴയുടെ ‘മനസ്വിനി’ എന്ന കവിതയിലെ വരികളാണെന്നൊന്നും അന്നെനിക്കു മനസ്സിലായില്ല. അന്നു തുടങ്ങിയ ആരാധന ഇന്നുമുണ്ട് ...’’. ദേവരാജൻ മാസ്റ്ററുടെ മുഖം മങ്ങി. അദ്ദേഹം പറഞ്ഞു. ‘‘ ഞാൻ ഒരു പുതിയ നിർമാതാവിനോടു തമ്പിയുടെ പേര് ശുപാർശ ചെയ്തിട്ടുണ്ട്. പാട്ടുകൾ മാത്രമല്ല, തിരക്കഥയും സംഭാഷണവും കൂടി എഴുതിക്കൊടുക്കണം. ഒരു ബംഗാളി കഥയാണ്’’. എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അന്ന് ഉച്ചകഴിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്റർ കെ.രഘുനാഥ് (സഞ്ജയ് പ്രൊഡക്‌ഷൻസ്) എന്ന നിർമാതാവിനെയുംകൊണ്ട് എന്റെ വാടകവീട്ടിൽ വന്നു. അങ്ങനെയാണ് ‘കാലചക്രം’ (1973 ) എന്ന സിനിമയുണ്ടായത്. സിനിമയ്ക്ക് അങ്ങനെ പേരിട്ടതിലും നിഗൂഢമായ ഒരു സംതൃപ്തി ഞാൻ അനുഭവിച്ചു. ചിത്രമേള, വെളുത്ത കത്രീന എന്നീ ചിത്രങ്ങളിലെ പാട്ടുകൾപോലെതന്നെ ഞാനും ദേവരാജൻമാസ്റ്ററും ഒരുമിച്ച മൂന്നാമത്തെ സിനിമയായ ‘കാലചക്ര’ത്തിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായി. കാലമാണല്ലോ യാഥാർഥനായകൻ. അതുകൊണ്ടു കാലത്തിനു പുതിയൊരു നിർവചനം നൽകണമെന്ന് എനിക്കു തോന്നി. ഞാൻ ഇങ്ങനെയെഴുതി.

കാലമൊരജ്ഞാതകാമുകൻ ജീവിതമോ പ്രിയകാമുകി
കനവുകൾ നൽകും
കണ്ണീരും നൽകും
വാരിപ്പുണരും;
വലിച്ചെറിയും. ‌
കാലമൊരജ്ഞാത കാമുകൻ.

(തുടരും)

English Summary: Karuppum Veluppum Mayavarnangalum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com