ADVERTISEMENT

ദേവരാജൻമാസ്റ്റർക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യം തീരുമാനിച്ചത് എന്നിലൂടെ അർജുനൻ മാസ്റ്റർക്കു കിട്ടിക്കൊണ്ടിരിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടാൻ പാടില്ല എന്നാണ്. അങ്ങനെ സംഭവിച്ചാൽ എന്നെ വിശ്വസിച്ച് എന്നോടൊപ്പം നിന്ന അർജുനൻ മാസ്റ്റർക്ക് അവസരങ്ങൾ കുറയും. 

‘രക്തപുഷ്പം’ എന്ന ചിത്രത്തിന്റെ കംപോസിങ്ങിനിടയിലാണല്ലോ എന്റെ അസാന്നിധ്യത്തിൽ അർജുനൻ മാസ്റ്റർ ഹാർമോണിയവുമെടുത്ത് എഴുന്നേറ്റതും അതിനെത്തുടർന്ന് കെ.പി.കൊട്ടാരക്കര അടുത്ത ചിത്രത്തിൽ എം.എസ്.വിശ്വനാഥനെ കൊണ്ടുവന്നതും. 

ഒരു കൊല്ലം കുറഞ്ഞത് രണ്ടു സിനിമയെങ്കിലും നിർമിക്കുന്നയാളാണു കെ.പി.കൊട്ടാരക്കര. അതുകൊണ്ട് അവിടെ അർജുനൻമാസ്റ്ററെ തിരിച്ചുകൊണ്ടുവരണം. അത് അർജ്ജുനന് ഒരു സ്ഥിരവരുമാനവുമാകും. രണ്ടുപേരോടും തുടർച്ചയായി സംസാരിച്ച് ഞാൻ കെ.പി.ചേട്ടനെയും അർജുനനെയും വീണ്ടും ഒരു വഴിയിൽ കൊണ്ടുവന്നു.

വിനീതനായി പെരുമാറുമെങ്കിലും അർജുനൻ മാസ്റ്ററും തികഞ്ഞ അഭിമാനിയാണ്. ആരോടും അധികം സംസാരിക്കാത്തതുകൊണ്ട് ആ അഭിമാനം മറ്റുള്ളവർ അഹങ്കാരമായി കാണുകയില്ല എന്നുമാത്രം. ഞാൻ കൂടുതൽ സംസാരിക്കുന്നതുകൊണ്ട് എന്റെ അഭിമാനം പോലും അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടും. കെ.പി.ചേട്ടനാണെങ്കിൽ താനാണ് നിർമ്മാതാവ് എന്ന അഹംബോധമുള്ള വ്യക്തിയാണ്. ഒപ്പം അദ്ദേഹം തമിഴിൽ  അനേകം സിനിമകൾക്കു കഥയെഴുതിയിട്ടുള്ള എഴുത്തുകാരനുമാണ്. എന്നോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് അവർ രണ്ടുപേരും വിട്ടുവീഴ്ചയ്ക്കു തയാറായത്. അങ്ങനെ ഗണേഷ് പിക്ചേഴ്സിന്റെ ചിത്രങ്ങളിൽ വീണ്ടും ഞാനും അർജുനൻ മാസ്റ്ററും ചേർന്നു തുടർച്ചയായി പാട്ടുകളൊരുക്കി.

വേണു സംവിധാനം ചെയ്ത സി.ഐ.ഡി. നസീറിലെ ‘നിന്മണിയറയിലെ നിർമ്മലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ’ ( ജയചന്ദ്രൻ) എന്ന ഗാനവും ‘നീലനിശീഥിനീ നിൻ മണിമേടയിൽ നിദ്രാവിഹീനയായ് നിന്നു’ (ബ്രഹ്മാനന്ദൻ), ‘ചന്ദ്രലേഖക്കിന്നരി തുന്നിയ നിൻ പുഞ്ചിരി ചങ്ങമ്പുഴക്കവിത പോലെ’ (യേശുദാസ്) എന്നീ ഗാനങ്ങളും പി.വി.സത്യം നിർമിച്ച് ശശികുമാർ സംവിധാനം ചെയ്ത അന്വേഷണം എന്ന സിനിമയിലെ ‘ചന്ദ്രരശ്മി തൻ ചന്ദന നദിയിൽ സുന്ദരിയാമൊരു  മാൻപേട’ (പി.സുശീല) എന്ന ഗാനവും ‘പഞ്ചമിച്ചന്ദ്രിക പൂപ്പന്തൽ കെട്ടി പാലൂറും മേഘങ്ങൾ തോരണംകെട്ടി..’ (യേശുദാസ്) എന്ന താരാട്ടുമൊക്കെ അർജുനസംഗീതത്തിൽ ഹിറ്റുകളായിക്കഴിഞ്ഞിരുന്നു. 

കെ.പി.കൊട്ടാരക്കരയുടെ  ‘അജ്ഞാതവാസം’ എന്ന ചിത്രത്തിൽ വീണ്ടും ഞങ്ങൾ പാട്ടുകളൊരുക്കി. ജയചന്ദ്രൻ പാടിയ ‘മുത്തു കിലുങ്ങി മണിമുത്തു കിലുങ്ങി മുത്തമൊളിക്കും ചുണ്ടിൽ ചിരി കിലുങ്ങി...’ എന്ന ഗാനം ഈ ചിത്രത്തിലേതാണ്‌. അതിൽ അർജുനന്റെ മനോഹരമായ ഈണങ്ങൾ വേറെയുമുണ്ട്. 

ഇതിനിടയിൽ ശശികുമാർസാറിന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സംവിധാനം ചെയ്ത ‘പുഷ്‌പാഞ്‌ജലി’ എന്ന ചിത്രത്തിനു പാട്ടുകളോടൊപ്പം ഞാൻ സ്ക്രിപ്റ്റും എഴുതി. അതിലെ  ‘ദുഃഖമേ, നിനക്കു പുലർകാലവന്ദനം’ എന്ന ഗാനവും ‘പ്രിയതമേ, പ്രഭാതമേ’ എന്ന ഗാനവും സൂപ്പർഹിറ്റുകളായിക്കഴിഞ്ഞിരുന്നു. പല ചിത്രങ്ങളിൽ ഞങ്ങളൊരുമിച്ചു പാട്ടുകളൊരുക്കി. സമാന്തരമായി ദക്ഷിണാമൂർത്തി സ്വാമിയോടൊപ്പവും ആർ.കെ.ശേഖറിനോടൊപ്പവും ഞാൻ നല്ല പാട്ടുകൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. 

എന്റെ മികച്ച പാട്ടുകളെന്നു സർവാത്മനാ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ‘പൊൻവെയിൽമണിക്കച്ചയഴിഞ്ഞുവീണു..’, ‘ദേവവാഹിനീ തീരഭൂമിയിൽ’(നൃത്തശാല / ദക്ഷിണാമൂർത്തി ) ‘ഉഷസ്സോ സന്ധ്യയോ സുന്ദരി..’, ‘സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു’( സുമംഗലി /ആർ.കെ.ശേഖർ )  തുടങ്ങിയവ അവയിൽ ചിലതു മാത്രം. 

റെസ്റ്റ്ഹൗസ് എന്ന ചിത്രത്തിൽ എന്നോടൊപ്പം പ്രവർത്തിക്കാൻ ദേവരാജൻ മാസ്റ്ററുടെ അനുവാദം തേടി വന്ന എം.കെ അർജുനൻ തിരക്കുള്ള സംഗീതസംവിധായകനായി മാറിക്കഴിഞ്ഞു. വയലാറിന്റെ പാട്ടുകളും നവാഗതരുടെ രചനകളും അർജുനൻ മാസ്റ്ററെ തേടി വന്നു. കൂടുതൽ പാട്ടുകൾ എന്റേതാണെന്നു മാത്രം. റെസ്റ്റ്ഹൗസ് കഴിഞ്ഞ് 3 വർഷങ്ങൾക്കുള്ളിൽ അദ്ദേഹം നല്ല തിരക്കിലായി. ഒരു വർഷം ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും ശിഷ്യൻ ഗുരുവിൽനിന്ന് അധികം താഴെയല്ല എന്ന അവസ്ഥയും വന്നിരിക്കുന്നു. 

sreekumaran-thampy2
ശ്രീകുമാരൻ തമ്പി

ഈ അവസരത്തിലാണ് എന്റെ ഗാനരചനാവേദിയിലേക്കുള്ള ദേവരാജൻ മാസ്റ്ററുടെ തിരിച്ചുവരവ്. അതിനാൽ ഞാൻ പരാജയപ്പെട്ടപ്പോൾ ദേവരാജൻ മാസ്റ്റർ അദ്ദേഹത്തിന്റെ മഹാമനസ്കത കൊണ്ട് എന്നെ സഹായിക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതു ശരിയാവില്ല.  ശ്രീകുമാരൻ തമ്പി- അർജുനൻ കൂട്ടുകെട്ട് വിജയിച്ചുകഴിഞ്ഞു എന്ന്‌ ഉത്തമബോധ്യം വന്നതിനു ശേഷമാണ് അദ്ദേഹം അഞ്ചു വർഷത്തെ  ഇടവേളയ്ക്കുശേഷം എന്നോടൊപ്പം ചേരാൻ തയാറായത്. 

ദേവരാജൻ മാസ്റ്ററും അർജുനനും  ഗുരുവും ശിഷ്യനുമാണ്. അപ്പോഴും കാളിദാസകലാകേന്ദ്രത്തിൽ അവർ ഒരുമിച്ചു പ്രവർത്തിക്കുന്നു. ഞാനും ദേവരാജൻ മാസ്റ്ററും തമ്മിൽ സംസാരിക്കുമ്പോൾ അർജുനൻ എന്ന പേര് വരാതിരിക്കാൻ ഞങ്ങൾ രണ്ടു പേരും ശ്രദ്ധിച്ചു. അതേസമയം ‘കാലചക്രം’ എന്ന ചിത്രത്തിലെ ‘കാലമൊരജ്ഞാതകാമുകൻ....’ എന്ന ഗാനത്തോടൊപ്പം തന്നെ ‘രാക്കുയിലിൻ രാജസദസ്സിൽ രാഗമാലികാമാധുരി രാഗിണീ എൻ മാനസത്തിൽ രാഗവേദനാമഞ്ജരി’  എന്ന ഗാനവും ‘ഓർമകൾ തൻ താമരമലരുകൾ ഓരോന്നായ് വിടരുന്നു’

എന്ന ഗാനവും ‘രൂപവതീ നിൻ രുചിരാധരമൊരു രാഗപുഷ്പമായ് വിടർന്നു’ എന്ന ഗാനവും  ‘രാജ്യം പോയൊരു രാജകുമാരൻ...’ എന്നു  തുടങ്ങുന്ന ഗാനവുമൊക്കെ കേരളം മുഴുവൻ അലയടിച്ചപ്പോൾ എന്നെയും ദേവരാജൻമാസ്റ്ററെയും വീണ്ടും ഒരുമിപ്പിക്കാൻ പല നിർമാതാക്കളും തയാറായി. 

എന്നോടൊന്നിച്ചു പ്രവർത്തിക്കുകയില്ലെന്നു പറഞ്ഞ് എന്നെ വിലക്കുമ്പോൾ അദ്ദേഹം എന്നിൽക്കണ്ട കുറവ് എന്റെ ‘ധിക്കാരം’ ആയിരുന്നല്ലോ. ദേവരാജൻ മാസ്റ്ററുടെ മുന്നിൽ നിൽക്കുമ്പോൾ മനസ്സാവാചാ കർമണാ ധിക്കാരത്തിന്റെ ഒരംശം പോലും എന്നിൽ ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. അദ്ദേഹവും പഴയതെല്ലാം മറന്ന് നിറഞ്ഞ സ്നേഹത്തോടെയാണ് എന്നോടു പെരുമാറിയത്. അങ്ങനെ തുടർച്ചയായി ഞങ്ങൾ വിവിധചിത്രങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി.

തമ്പി വേണ്ട എന്നു ദേവരാജൻ മാസ്റ്റർ പറഞ്ഞപ്പോൾ എന്റെ ഗുരുനാഥനായ സുബ്രഹ്‍മണ്യം മുതലാളി എന്നെ പാടേ ഒഴിവാക്കാൻ തയാറായില്ല. എന്റെ പാട്ടുകൾക്ക് ഈണം പകരാൻ പുകഴേന്തി എന്ന തമിഴ് പേരിൽ അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി ആർ. വേലപ്പൻനായരെയും (ചിത്രം: കൊച്ചനിയത്തി) എം.ബി.ശ്രീനിവാസനെയും (ചിത്രങ്ങൾ: നഴ്സ്, പ്രതികാരം)  ബോംബയിൽനിന്ന് വേദ്പാൽ വർമയെയും കൊണ്ടുവന്നു (ചിത്രം: കാട് ). എന്റെ ‘സുന്ദരരാവിൽ ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ... (എസ്.ജാനകി ) എന്ന ഗാനത്തിനു പുകഴേന്തി നൽകിയ ഈണം അവിസ്മരണീയമാണ്. ‘നഴ്സ്’എന്ന ചിത്രത്തിനു വേണ്ടി എം.ബി.ശ്രീനിവാസൻ ഒരുക്കിയ ‘ഹരിനാമകീർത്തനം പാടാനുണരൂ...’ (യേശുദാസ്, എസ്.ജാനകി ) എന്ന ഗാനം മികച്ചതായി. വേദ്പാൽവർമ നൽകിയ ഈണമനുസരിച്ച് ഞാനെഴുതിയ  ‘ഏഴിലംപാല പൂത്തു ;പൂമരങ്ങൾ കുട പിടിച്ചു വെള്ളിമലയിൽ,വേളിമലയിൽ’ എന്ന പാട്ടും (ചിത്രം:കാട്–യേശുദാസ്,പി.സുശീല ) വളരെയേറെ ജനകീയമായി.     ഈ മാറ്റങ്ങൾ എല്ലാം എനിക്കു ഞാൻ പ്രതീക്ഷിക്കാതെ കിട്ടിയ അനുഗ്രഹങ്ങളായിത്തീർന്നു എന്നു പറയാം. ഏതു സംഗീതസംവിധായകനോടു ചേർന്നു പ്രവർത്തിച്ചാലും എനിക്കു ഹിറ്റുകൾ സൃഷ്ടിക്കാൻ കഴിയുമെന്നു കാലം തെളിയിക്കുകയായിരുന്നു. ഈ ഭൂമിയിൽ ഒഴിവാക്കാൻ പറ്റാത്തവനായി ഒരു മനുഷ്യനുമില്ല. 

ഞാൻ മരിച്ചു കഴിഞ്ഞാൽ എന്നെക്കാൾ വലിയ പ്രതിഭകൾ വരും. പ്രഭാത വെളിച്ചത്തിൽ വലുതായി തുടങ്ങി നട്ടുച്ചയാകുമ്പോൾ തീരെ ചെറുതായി സായാന്ഹത്തിൽ വീണ്ടും വലുതാകുന്നു എന്ന തോന്നലുണ്ടാക്കി അസ്തമയത്തിൽ അപ്രത്യക്ഷമാകുന്ന ഒരു നിഴൽ മാത്രമാണ് ഞാൻ എന്ന് അതിനോടകം തന്നെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. ഈ അറിവ് പിൽക്കാലത്ത് എന്റെ ‘ഗാനം’ എന്ന ചിത്രത്തിലെ ‘ആലാപനം...ആലാപനം...’എന്ന ഗാനത്തിൽ ഞാൻ പ്രയോഗിച്ചിട്ടുണ്ട്. ‘ആരു  വലിയവൻ, ആരു ചെറിയവൻ ഈ സച്ചിദാനന്ദ സംഗീതമേളയിൽ ?’ എന്ന ചോദ്യത്തിലാണ് ആ രാഗമാലിക അവസാനിക്കുന്നത്.  

ഇനിയും തമ്പിയാവാം എന്നു ദേവരാജൻമാസ്റ്റർ പറഞ്ഞപ്പോൾ സുബ്രഹ്മണ്യം മുതലാളി ‘സ്വർഗപുത്രി’ എന്ന ചിത്രത്തിൽ പാട്ടെഴുതാൻ എന്നോടു പറഞ്ഞു. അങ്ങനെ എന്റെ ചലച്ചിത്രപാഠശാലയായ മെറിലാൻഡിന്റെ ചിത്രത്തിൽ (നീലാ പ്രൊഡക്‌ഷൻസ്) ആദ്യമായി ഞാനും ദേവരാജൻ മാസ്റ്ററും ഒരുമിച്ചു പ്രവർത്തിച്ചു. ജയചന്ദ്രൻ  ഭാവമധുരമായി പാടിയ 

‘സ്വർണമുഖീ നിൻ സ്വപ്നസദസ്സിൽ 

സ്വരമഞ്ജരി തൻ ശ്രുതിമണ്ഡപത്തിൽ

തീർഥാടകനാം എന്നുടെ മോഹം

കീർത്തനമായ് ഒഴുകി –

ഹൃദയം  പ്രാർത്ഥനയിൽ മുഴുകി’ എന്ന ഗാനം പോലെ ചില മികച്ച പാട്ടുകൾ  ആ സിനിമയിൽ ഉണ്ടായിരുന്നു. 

സിനിമാഗാനരചനയും കെട്ടിടനിർമാണവും ഒരുമിച്ചു കൊണ്ടുപോകുമ്പോഴും സ്വന്തമായി ഒരു സിനിമ നിർമിക്കണമെന്ന മോഹം എന്റെ മനസ്സിലുണ്ടായിരുന്നു. ഈ ആഗ്രഹം നന്നേ കുട്ടിയായിരിക്കുമ്പോൾത്തന്നെ എന്റെ മനസ്സിൽ കടന്നു കൂടിയതാണ്. മിഡിൽ സ്കൂൾ മുതൽ ഫീസുള്ള കാലമായിരുന്നു അത്. ഫീസ് കൊടുക്കാത്തതിന് ക്ലാസിൽനിന്നു പുറത്താക്കപ്പെടുന്ന ദിവസങ്ങളിൽ പോലും എന്റെ ആ സ്വപ്നം പൊലിഞ്ഞുപോയിരുന്നില്ല. ‘ജീവിതം ഒരു പെൻഡുലം’എന്ന ആത്മകഥയിൽ ഇതെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്. സ്വന്തമായി കൺസ്ട്രക്‌ഷൻസ് ബിസിനസ് തുടങ്ങുമ്പോഴും ആ നിഗൂഢസ്വപ്നത്തിന്റെ സാഫല്യം എന്റെ ചിന്തകളെ പ്രകാശിപ്പിച്ചിരുന്നു. എങ്കിലും, സിനിമാനിർമാണത്തെപ്പറ്റി ഞാൻ ഗൗരവമായി ചിന്തിച്ചത് യാദൃച്ഛികമായി ആ വിഷയം ഒരു ദിവസം യേശുദാസുമായി സംസാരിച്ചപ്പോഴാണ്. സംഗീതപ്രധാനമായ ഒരു സിനിമയെക്കുറിച്ചു ചർച്ച ചെയ്യുമ്പോഴാണ് ഈ ആശയം എന്റെയും യേശുദാസിന്റെയും സംസാരത്തിൽ പെട്ടെന്നുയർന്നത്. 

ഗ്രാമഫോൺ കമ്പനി പുറത്തിറക്കിയ യേശുദാസിന്റെ രണ്ടു ലോങ് പ്ലേ ഡിസ്കുകളിലെ ഗാനങ്ങൾക്കു ലോകമലയാളികൾക്കിടയിൽ ലഭിച്ച അംഗീകാരവും പ്രശസ്തിയുമാണ് ഒരു സംഗീതചിത്രത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ആദ്യഡിസ്കിലെ പന്ത്രണ്ടുഗാനങ്ങളും രണ്ടാമത്തെ ഡിസ്കിലെ ആറു ഗാനങ്ങളും ഞാനാണ് എഴുതിയത്. ‘തുയിലുണരൂ തുയിലുണരൂ തുമ്പികളെ... ’,  ‘ഒരു കരിമൊട്ടിന്റെ  കഥയാണ് നീ..’, ‘കരിനീലക്കണ്ണുള്ള പെണ്ണേ..’, ‘ഒരു മോഹലതികയിൽ വിരിഞ്ഞ പൂവേ ...’, ‘കളിയാക്കുമ്പോൾ കരയും പെണ്ണിൻ’, ‘മാലേയമണിയും മാറിൽ രാവിൽ’, ‘പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ’, ‘ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടു..’, ‘കദനത്തിൻ കാട്ടിലെങ്ങോ, കരിയിലക്കൂട്ടിലെങ്ങോ..’ തുടങ്ങിയ പാട്ടുകൾ ആ 18 പാട്ടുകളിൽ ചിലതാണ്. മലയാളത്തിലെ ആദ്യത്തെ സ്റ്റീരിയോ റിക്കോർഡുകളായിരുന്നു ഇവ. 

ഈ ഗ്രാമഫോൺ റിക്കോർഡുകൾ ഇറങ്ങുന്ന കാലത്ത് യേശുദാസ് ഒരു എച്ച്.എം. വി. ആർടിസ്റ്റ് ആയിരുന്നു. പി.ലീലയും പി.സുശീലയുമൊക്കെ ‘കൊളംബിയ’ ആർടിസ്റ്റുകളും. എച്ച്.എം.വി.യുമായുള്ള കരാർ ഉപേക്ഷിച്ചതിനു ശേഷമാണ് യേശുദാസ് സ്വന്തം ഓഡിയോ കമ്പനിയായ തരംഗിണി തുടങ്ങിയത്.  

ഞാൻ സ്ക്രിപ്റ്റും പാട്ടുകളുമെഴുതി സിനിമ സംവിധാനം ചെയ്യും; യേശുദാസ് സംഗീതസംവിധാനം നിർവഹിക്കും, പ്രധാന ഗാനങ്ങൾ പാടുകയും ചെയ്യും. എനിക്കും യേശുദാസിനും അന്നു പ്രായം മുപ്പത്തിരണ്ട്‌. വിമാനം വൈകിയപ്പോൾ എയർപോർട്ടിൽ ഇരുന്നു കുശലം പറയുന്നതിനിടയിലാണ് ഈ വിഷയം ഉയർന്നു വന്നത്. നിർഭാഗ്യവശാൽ മാധ്യമരംഗത്ത് സാമാന്യം അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ശ്രീകുമാരൻതമ്പിയും യേശുദാസും ചലച്ചിത്രനിർമാണത്തിലേക്ക്.. എന്ന വാർത്ത പ്രാധാന്യത്തോടെ അടുത്ത ദിവസത്തെ പത്രങ്ങളിൽ വന്നു. പിന്നീട് അഭിനന്ദനങ്ങളുടെ പ്രവാഹമായി, അഭ്യുദയകാംക്ഷികളുടെ അതിപ്രസരമായി. യേശുദാസ് അതു ലഘുവായി കണ്ടു. എനിക്ക് ആ വിഷയത്തെ അങ്ങനെ ലളിതവൽക്കരിക്കാൻ സാധിച്ചില്ല. 

പ്രശസ്ത സംവിധായകനായ ഹരിഹരൻ ഞാൻ ഗാനരചയിതാവായി സിനിമയിൽ പ്രവേശിച്ച കാലം മുതൽ എന്റെ സുഹൃത്ത് ആയിരുന്നു. സിനിമയെക്കുറിച്ച് ഒരുപാടു സ്വപ്‌നങ്ങൾ കൊണ്ടുനടക്കുന്ന രണ്ടു ചെറുപ്പക്കാർ ആയിരുന്നു ഞങ്ങൾ. താമരശേരി സ്വദേശിയായ ഹരിഹരൻ കോഴിക്കോട്ടുകാരനായ ബാബുരാജിനെയും നടൻ ബഹദൂറിനെയും കാണാൻ സ്വാമീസ് ലോഡ്ജിൽ വരുമായിരുന്നു. ബഹദൂറിന്റെ സ്വന്തം നാടകക്കമ്പനിയുമായി ചെറുപ്രായത്തിൽ ഹരിഹരൻ സഹകരിച്ചിട്ടുണ്ട്. എന്റെ ആദ്യചിത്രമായ ‘കാട്ടുമല്ലിക’ യിലെ പാട്ടുകൾ ബാബുക്ക ട്യൂൺ ചെയ്യുമ്പോൾ ഹരിഹരൻ അടുത്തിരിക്കും. അപ്പോൾ ഡോ. ബാലകൃഷ്ണൻ ആദ്യമായി നിർമിക്കുന്ന ‘തളിരുകൾ’ എന്ന സിനിമയിൽ എഡിറ്ററും സംവിധായകനുമായ എം.എസ്. മണിയുടെ കീഴിൽ സംവിധാനസഹായിയായി പ്രവർത്തിക്കുകയായിരുന്നു ഹരിഹരൻ. ആറേഴു വർഷത്തിനു ശേഷം ഡോ. ബാലകൃഷ്ണന്റെ ‘ലേഡീസ് ഹോസ്റ്റൽ’ എന്ന സിനിമയുടെ സംവിധായകനായി. തന്റെ പ്രഥമചിത്രത്തിന്റെ കഥാചർച്ചയിൽ സുഹൃത്തായ ഞാനും കൂടിയുണ്ടാവണമെന്നു ഹരിഹരൻ പറഞ്ഞു. തിരക്കുള്ള ആ സമയത്തും ഏതാനും സായാഹ്നങ്ങൾ ഞാൻ ഹരിഹരനായി മാറ്റിവച്ചു. ചർച്ചയ്ക്കിടയിൽ ഞാൻ പറയുന്ന ചില നിർദേശങ്ങൾ കേട്ടപ്പോൾ നിർമാതാവായ ഡോ. ബാലകൃഷ്ണൻ 

എന്തുകൊണ്ടു തമ്പിക്ക് ഒരു ചിത്രം സംവിധാനം ചെയ്തുകൂടാ എന്ന് എന്നോടു ചോദിച്ചു.ഞാൻ ആ ചോദ്യത്തിനു മറുപടി പറയാതെ ഒന്ന് മന്ദഹസിക്കുക മാത്രം ചെയ്തു. ലേഡീസ് ഹോസ്റ്റലിനു ഞാനാണ് പാട്ടുകൾ എഴുതിയത്. എം.എസ്.ബാബുരാജ് സംഗീതം പകർന്ന 

‘ജീവിതേശ്വരിക്കേകുവാനൊരു  പ്രേമലേഖനമെഴുതി..’ എന്ന അതിലെ ഗാനം  പ്രസിദ്ധമാണ്. എന്റെ സ്നേഹിതന്റെ  പ്രഥമചിത്രം വിജയമാകും എന്ന് ഉറപ്പിക്കുന്ന ഒരു ഗാനവും ഈ ചിത്രത്തിനുവേണ്ടി ഞാൻ എഴുതി – ‘ചിത്രവർണ്ണക്കൊടികളുയർത്തി ചിത്രശലഭം വന്നല്ലോ.. ചിത്തിരപ്പൊന്മലരേ നിന്റെ ശുക്രദശയുമുദിച്ചല്ലോ...’ 

എന്റെ പ്രവചനം ഫലിച്ചു. ലേഡീസ് ഹോസ്റ്റൽ എന്ന സിനിമ വൻ വിജയമായി. വിജയാഘോഷത്തിന്റെ ഭാഗമായി ഡോ. ബാലകൃഷ്ണന്റെ ഒരു വാർത്ത പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ഒരേ സമയം രണ്ടുപടങ്ങൾ നിർമിക്കുന്നു. ആദ്യ ചിത്രത്തിന്റെ പേര് – കോളജ് ഗേൾ. സംവിധാനം: ഹരിഹരൻ. രണ്ടാമത്തെ ചിത്രം. സിന്ദൂരം- സംവിധാനം: ശ്രീകുമാരൻതമ്പി...

പുതുമുഖങ്ങളെ കണ്ടുപിടിക്കുന്നതിനായി ഡോ. ബാലകൃഷ്ണൻ കോഴിക്കോട്ടും എറണാകുളത്തും അഭിമുഖങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട്ടു നടന്ന ചടങ്ങിൽ മാത്രമേ ഞാൻ പങ്കെടുത്തുള്ളൂ. അവിടെ അവസരം തേടി വന്ന ഒരു യുവാവിനെ ഡോ. ബാലകൃഷ്ണന് ഇഷ്ടമായി. നടനാകാനുള്ളവരുടെ കൂട്ടത്തിലല്ല, ഭാവിയിൽ ഗാനരചന, സംവിധാനം തുടങ്ങിയ വഴികളിൽ വരാൻ സാധ്യതയുള്ള ഒരു പയ്യൻ എന്ന നിലയിൽ. ആ പയ്യനാണ് ഇന്നത്തെ പ്രശസ്ത സംവിധായകനായ സത്യൻ അന്തിക്കാട്.  ഇതിനിടെ നടൻ ബഹദൂർ എന്നോടു ചോദിച്ചു.

തമ്പിയെന്തിനാ കൂട്ടുകാരനായ ഹരിഹരന്റെ പാത്രത്തിൽ കയ്യിട്ടു വാരുന്നത്?

ഞാൻ കാര്യമറിയാതെ അന്ധാളിച്ചിരുന്നപ്പോൾ ബഹദൂർ തുടർന്നു. നിങ്ങൾ സിന്ദൂരം  ഡയറക്ട് ചെയ്യരുത്. നിങ്ങൾ ചെയ്തില്ലെങ്കിൽ ആ പടവും ഹരിഹരനു തന്നെ കിട്ടും.

അതുവരെ അങ്ങനെയൊരു ദുഷിച്ച ചിന്ത എന്റെ മനസ്സിനെ തീണ്ടിയിരുന്നില്ല. ഹരിഹരൻ എന്റെ ചങ്ങാതിയാണ്. ഞാൻ കാരണം അയാൾക്കു ദോഷം വരാൻപാടില്ല... മദ്രാസിൽ മടങ്ങിവന്നപ്പോൾ തന്നെ ഞാൻ ഡോ. ബാലകൃഷ്ണനെ ഫോണിൽ വിളിച്ചുപറഞ്ഞു.

‘ഞാൻ സിന്ദൂരം ഡയറക്ട് ചെയ്യുന്നില്ല. ആ പടവും ഹരിഹരനുതന്നെ കൊടുക്കണം." 

അദ്ദേഹം എന്നെക്കൊണ്ടു സമ്മതിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഡോക്ടർ എന്നോടു പിണങ്ങിയെന്നു  മാത്രമല്ല, എന്റെ ശത്രുവായി മാറുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ മരണംവരെ എന്നെക്കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് പാട്ടുകൾ പോലും എഴുതിച്ചില്ല. അദ്ദേഹം സ്വയം പാട്ടുകളെഴുതി. ശ്രീകുമാരൻതമ്പിയെ ഗാനരചനാരംഗത്തുനിന്നു തുടച്ചു നീക്കാൻ അനേകം പുതിയ പാട്ടെഴുത്തുകാരെ സിനിമയിൽ കൊണ്ടുവന്നു. 

 

‘പുഷ്‌പാഞ്‌ജലി’ എന്ന ചിത്രം നിർമിച്ച  പി.വി.സത്യം എന്ന തമിഴ് നിർമാതാവ് ആ ചിത്രത്തിന്റെ സ്ക്രിപ്റ്റും പാട്ടുകളും എഴുതിയ എന്നോട് ഒരു പുതിയ കഥ ആവശ്യപ്പെട്ടു. എന്നെങ്കിലും സ്വന്തമായി സംവിധാനം ചെയ്യാൻ ഞാൻ ചില കഥകൾ എന്റെ മനസ്സിൽ സൂക്ഷിച്ചിരുന്നു. മൂന്നു  കഥകൾ പറഞ്ഞപ്പോൾ എന്റെ ‘ചന്ദ്രകാന്തം’  എന്ന കഥയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത്. കവികളായ രണ്ടു സഹോദരന്മാരായി പ്രേംനസീർ ഇരട്ടവേഷത്തിൽ അഭിനയിക്കും. വിജയശ്രീ നായികയാകും. ചിത്രത്തിന്റെ പ്രവർത്തനം തുടങ്ങി അധികം കഴിയും മുൻപുതന്നെ ഹിന്ദിക്കാരനായ ഫിനാൻസിയർ പിൻവാങ്ങി. അയാൾക്കു വേണ്ടതു സംഘട്ടനങ്ങളും കുറ്റാന്വേഷണങ്ങളുമൊക്കെയുള്ള പടമാണ്. കവികളെ ആർക്കു വേണം? ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം അയ്യായിരം രൂപ പലിശ വാങ്ങുന്ന സിന്ധിക്ക് (വർഷത്തിൽ അറുപതു ശതമാനം പലിശ ) കവിഹൃദയം എങ്ങനെ മനസ്സിലാകും? 

യേശുദാസുമായി ചേർന്നു സിനിമ നിർമിക്കുന്ന സ്വപ്നം തുടക്കത്തിൽത്തന്നെ പൊലിഞ്ഞു. ‘സിന്ദൂരം’ എന്ന പടം ഞാൻ തന്നെ നിരസിച്ചു. ഞാൻ തിരക്കഥയെഴുതിയ ഒരു സിനിമയും ജനനത്തിൽ തന്നെ മരിച്ചിട്ടില്ല. ഇവിടെ എനിക്കു ജയിച്ചേ മതിയാകൂ. അതുകൊണ്ട് ‘ചന്ദ്രകാന്തം’ എന്ന സിനിമ സ്വന്തമായി നിർമിക്കാനും സംവിധാനം ചെയ്യാനും ഞാൻ തീരുമാനിച്ചു. മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത യജമാനന്മാർ സംഘടിച്ചു. 26–ാം വയസ്സിൽ പാട്ടെഴുതാൻ  വന്ന പയ്യൻ ഏഴു വർഷം കഴിഞ്ഞപ്പോൾ അവന്റെ 33–ാം വയസ്സിൽ നിർമാണവും സംവിധാനവും തുടങ്ങുന്നു. ഇങ്ങനെ വളരാൻ അവനെ അനുവദിച്ചു കൂടാ. ഞാൻ എല്ലാം കണ്ടു, കേട്ടു ആസ്വദിച്ചു. എന്റെ പുതിയ സംരംഭത്തിനു ബന്ധുക്കളും ശത്രുക്കളും സുഹൃത്തുക്കളും ചേർന്ന് ഒരുനല്ല പേരിട്ടു. മുപ്പത്തിമൂന്നാം വയസ്സിലെ എടുത്തുചാട്ടം!  

ഹരിപ്പാട്ടുനിന്നു മദ്രാസിലേക്കു പുറപ്പെടുമ്പോൾ കൊച്ചേട്ടൻ അഡ്വ. പി.ജി.തമ്പിയുടെ മാനേജരുടെ കയ്യിൽനിന്നു വാങ്ങിയ  നൂറുരൂപയുടെ രണ്ടു നോട്ടുകൾ എന്റെ ഓർമ്മയിൽ തിളങ്ങി. ആ നോട്ടുകൾ എന്നോടു സംസാരിച്ചു. ‘സിനിമാനിർമാണത്തിൽ നിനക്കു നഷ്ടം വന്നാൽ ഞങ്ങൾക്കു ദുഃഖമില്ല. ഞങ്ങൾ രണ്ടുപേർ എന്നും നിന്റെ കൂടെയുണ്ടാവും. ചന്ദ്രകാന്തം എന്ന സിനിമയിൽ നിനക്ക് ഏന്തു നഷ്ടം വന്നാലും അത് നിന്റെ ഭാവനയും കെട്ടിടനിർമാണ വൈഭവവും നേടിയ പണമാണ്. നിന്റെ സ്വന്തം വീട്ടിൽനിന്നോ ഭാര്യവീട്ടിൽ നിന്നോ കൊണ്ടുവന്ന പണമല്ല. ധൈര്യമായി പോകൂ.. മുന്നോട്ട്.  

 

English Summary: Karuppum veluppum mayavarnangalum Column

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com